Asianet News MalayalamAsianet News Malayalam

Malayalam Short Story : അവളിടങ്ങള്‍, രതി രമേഷ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  രതി രമേഷ് എഴുതിയ ചെറുകഥ 

chilla malayalam short story by Rathi ramesh
Author
First Published Sep 10, 2022, 5:11 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Rathi ramesh


മരണത്തിനപ്പുറം നിശ്ചലമാകുന്ന അവളിടങ്ങളെയോര്‍ക്കുമ്പോള്‍ അറിയാതെയെന്റെ ഉള്ളം പിടഞ്ഞിടുന്നു... 
ദേവൂട്ടി

'എന്തിനാ ഉണ്ണ്യേട്ടാ, ഞാനെഴുതി വെച്ചത് വായിച്ചേ? ഞാന്‍ തുടങ്ങിയതല്ലേ ഉള്ളൂ, എഴുതി തീരുമ്പോള്‍ ഞാന്‍ തന്നെ വായിച്ചു തരില്ലേ?' അവളുടെ ഡയറിയിലെ ഏറ്റവുമൊടുവിലെ താളില്‍ മുഴുമിപ്പിക്കാതെ കുറിച്ചിട്ട അക്ഷരങ്ങളിലൂടെ വിരലോടിച്ചപ്പോള്‍ കള്ള ദേഷ്യം നടിച്ച് പരിഭവമോതിക്കൊണ്ട് അവള്‍ അരികിലേക്ക് നടന്നു വരുന്നതു പോലെ തോന്നി. 

വീടിനകവും പുറവും അവളിടങ്ങള്‍ മുഴുവന്‍ പരതി നോക്കി. അല്ല, അവളിടങ്ങളല്ലാത്ത ഒരിടവും ഈ വീട്ടില്‍ ഇല്ലെന്ന് മനസ്സിലാക്കാന്‍ അവള്‍ ഒഴിവാകേണ്ടതായി വന്നോ? താന്‍ അത്രയും ദുഷ്ടനായിരുന്നോ?

കൈപിടിച്ച് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം ഇത്രയും ദൈര്‍ഘ്യമേറിയ മിണ്ടാതിരിക്കലുകള്‍ ആദ്യമായിട്ടായിരുന്നു. ഒരു തരത്തിലുളള വാക് തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഒരു പകലിനപ്പുറം നീണ്ടു നില്‍ക്കാറില്ലായിരുന്നു. പക്ഷെ അന്ന്...

കഴിഞ്ഞ മാസം മുപ്പതാം തീയ്യതിയായിരുന്നു അത്, അവള്‍ക്ക് വയ്യാതെ ഇരിക്കുന്ന ദിവസം.

'വയ്യാണ്ടിരിക്കുമ്പോള്‍ ഇതാ ഇങ്ങനെ കെട്ടിപ്പിടിച്ചാല്‍ വേദനയൊക്കെ പുഷ്പം പോലെ മാറിക്കിട്ടും'- എന്നും പറഞ്ഞ് അവളുടെ പിറകിലൂടെ ചെന്ന് ചേര്‍ത്തു പിടിച്ചതായിരുന്നു.

പെട്ടെന്നായിരുന്നു അതുവരെ കാണാത്ത രൗദ്രഭാവത്തില്‍ തന്നെ ശക്തിയോടെ പിടിച്ചു തള്ളിയതും 'ഇനി എന്നെ തൊട്ടാല്‍ ഞാന്‍ ഇവിടുന്ന് ഇറങ്ങിപ്പോകും' എന്ന് അട്ടഹസിച്ചതും.

വീഴാന്‍ പോയ തന്നെ കണ്ട് അന്ന് തന്നെപ്പോലെ മക്കളും ഒരുപാട് സങ്കടപ്പെട്ടു. പിറ്റേന്ന് നോര്‍മല്‍ ആയപ്പോള്‍ സ്‌നേഹത്തോടെ അരികില്‍ വന്നെങ്കിലും അതിനു ശേഷം താന്‍ അവളോട് സംസാരിച്ചില്ല. അന്നത്തെ തന്റെ സങ്കടം കണ്ടിട്ടായിരിക്കണം മക്കളും ഒരു അകലമിട്ടായിരുന്നു അമ്മയോട് ഇടപെട്ടത്.

അവള്‍ കരയുന്നത് കണ്ടിട്ടും കാണാത്ത ഭാവം നടിച്ചു. -'ഇവള്‍ മാത്രമല്ലേ ഭൂമിയില്‍ പെണ്ണായിട്ട്, ഇവള്‍ക്ക് മാത്രമാണല്ലോ ഇങ്ങനെയൊക്കെ വരുന്നത്' എന്ന് പുച്ഛത്തോടെ മനസ്സിലോര്‍ത്തു.

ഭക്ഷണം കഴിക്കാന്‍ എല്ലാവരും ഒരുമിച്ച് ഇരിക്കുമെങ്കിലും യാന്ത്രികമായിട്ടായിരുന്നു എല്ലാം. മക്കളും താനും അവരുടെ മുറിയില്‍ കിടന്നുറങ്ങി. അവള്‍ തീര്‍ത്തും ഒറ്റപ്പെട്ടു, അല്ല, താന്‍ അവളെ അവഗണിച്ചു. ഒറ്റപ്പെടുത്തി. 

ഒന്നുമറിയാത്ത മക്കളെ ഉപദേശിച്ച് അമ്മയ്ക്കരികില്‍ ചേര്‍ത്തു നിര്‍ത്തേണ്ടതിനു പകരം അവരുടെ തെറ്റ് കണ്ടില്ലെന്ന് നടിച്ചു.

അവള്‍ പോയന്ന് രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പ് കരഞ്ഞു കൊണ്ട് പറഞ്ഞതായിരുന്നു,

'എന്നെ ഇങ്ങനെ ഒറ്റപ്പെടുത്തല്ലേ ഉണ്ണ്യേട്ടാ, എനിക്ക് എന്നെ തന്നെ കൈമോശം വരുന്ന രണ്ടോ മൂന്നോ ദിവസം മാത്രമല്ലേ ഞാന്‍ ചീത്ത സ്വഭാവമുള്ള പെണ്ണാകുന്നുള്ളൂ. ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ലല്ലോ, എത്ര മാത്രം നിയന്ത്രിച്ചാലും അറിയാതെ ഞാന്‍ വയലന്റായി പോകുന്നതാണ്. ഒറ്റക്ക് കിടക്കാന്‍ എനിക്ക് പേടിയാണ്, നിങ്ങള്‍ അരികില്‍ ഇല്ലാത്തതിനാല്‍ എത്രനാളായെന്നറിയോ ഞാന്‍ ശരിക്കൊന്ന് ഉറങ്ങിയിട്ട്.' 

അവള്‍ പറഞ്ഞതൊന്നും തന്റെ വാശി കെട്ടടക്കാന്‍ പര്യാപ്തമായില്ല.

'ഞാന്‍ ഉറങ്ങികിടക്കുമ്പോള്‍ നീ എന്നെ കൊല്ലില്ല എന്ന് ആരു കണ്ടു?'

അതും പറഞ്ഞ് മക്കളെയും കൂട്ടി അകത്ത് കയറി കതകടച്ച് കിടന്നതായിരുന്നു.

അവളെ മുറിയില്‍ തനിച്ചാക്കി തനിക്കും ഉറക്കം കുറവായിരുന്നു എങ്കിലും അവളെ ഒരു പാഠം പഠിപ്പിക്കണം എന്ന വാശിയായിരുന്നു. പക്ഷേ, എന്തോ അതിരാവിലെ നാലു മണിയോടടുത്തപ്പോള്‍ ദു:സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് അവളുടെ റൂമിലേക്ക് എത്തിയതായിരുന്നു.

പതിവില്ലാതെ കതക് അകത്ത് നിന്നും കുറ്റിയിട്ടതു കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നി. പല പ്രാവശ്യം മുട്ടിവിളിച്ചിട്ടും കതക് തുറക്കാതായപ്പോഴാണ് രണ്ട് കിടപ്പുമുറികള്‍ക്കും കൂടിയുള്ള കോമണ്‍ ബാത്‌റൂം വഴി അകത്തു കയറിയത്. ഭാഗ്യത്തിന് ആ ഇടവാതില്‍ ചാരിയതേ ഉണ്ടായിരുന്നുള്ളൂ.

പക്ഷെ അകത്ത് കയറി സ്വിച്ചില്‍ വിരലമര്‍ത്തി പ്രകാശം പതിഞ്ഞപ്പോള്‍ താന്‍ ഒരൊറ്റ നോക്ക് മാത്രമേ നോക്കിയുള്ളൂ, ഏറെ ഇഷ്ടപ്പെട്ട ആകാശനീല ഷാളിന്റെ അറ്റത്ത് സീലിംഗ് ഫാനില്‍ തൂങ്ങിയാടുന്ന തന്റെ പാതി. തളര്‍ന്നു വീഴുമെന്ന് തോന്നിയപ്പോഴാണ് അവളില്‍ ഒരു ചെറുചലനം പോലെ കണ്ടത്.

കുരുക്ക് മുറുക്കിയതിനു ശേഷം അവള്‍ തള്ളി താഴെയിട്ട സ്റ്റൂളില്‍ കയറി ഒരു വിറയലോടെ അവളെ അഴിച്ച് താഴെ കിടത്തി പ്രഥമ ശുശ്രൂഷയായി സി പി ആര്‍ നല്‍കുമ്പോള്‍ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു.

ഒരു നിമിഷത്തേക്ക് ജീവന്റെ തുടിപ്പറിഞ്ഞ താന്‍ അവളെയും ചുമലില്‍ കിടത്തി പോര്‍ച്ചില്‍ വണ്ടിയ്ക്കരികിലേക്ക് ഓടുമ്പോള്‍ 'ഞാന്‍ സ്‌നേഹിച്ചിട്ടേയുള്ളൂ ന്റുണ്ണ്യേട്ടനേം മക്കളേം' എന്ന് അവ്യക്തമായി പറയുന്നത് കേട്ടു. 

അന്ന് വരെ ഇല്ലാത്ത വേഗതയില്‍ കാറോടിച്ച് അരമണിക്കൂറിനകം സിറ്റിയിലെ ഏറ്റവും അത്യാധുനിക സംവിധാനമുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിനു മുന്‍പ് തന്നെ എല്ലാം കഴിഞ്ഞിരുന്നു. ദൈവം ശിക്ഷിച്ചത് തന്നെയായിരുന്നു, അവളെ തന്നില്‍ നിന്നും തട്ടിയെടുത്തുകൊണ്ട്.


രണ്ട്

ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ബന്ധുജനങ്ങള്‍ ഓരോരുത്തരായി പിരിഞ്ഞു പോയി തുടങ്ങി. അല്ലെങ്കിലും എത്ര നാളെന്ന് വെച്ചാണ് അവരൊക്കെ തനിക്കും മക്കള്‍ക്കും താങ്ങായി നില്‍ക്കുന്നത്?

'ഒറ്റപ്പെടുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ മറ്റാരെങ്കിലും തുണയ്‌ക്കെത്തുമെന്ന് ചിന്തിക്കുക പോലും അരുത്. സ്വന്തം മക്കള്‍ പോലും...പറക്കമുറ്റാറായാല്‍ അവരും അവരുടേതായ മേച്ചില്‍പുറങ്ങള്‍ തേടി പോകും.'

'എല്ലാറ്റിനും ഒടുവില്‍ നമ്മള്‍ രണ്ടു പേരും മാത്രമേ കാണൂ, പരസ്പരം താങ്ങും തണലുമായി. അതുകൊണ്ട് മരിക്കുന്നത് പോലും നമ്മള്‍ ഒരുമിച്ചായിരിക്കും, അതിനു വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.'

അവള്‍ ഇടക്കിടെ ആവര്‍ത്തിക്കാറുണ്ടായിരുന്ന വാക്കുകള്‍. ചില നേരത്ത് തത്വജ്ഞാനികളെ പോലെയായിരുന്നു സംസാരം. അവള്‍ക്ക് വലിയ ആഗ്രഹങ്ങളൊന്നും ഇല്ലായിരുന്നു. 

'സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ മക്കളെ അവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാന്‍ വിടണം, മക്കള്‍ക്ക് വേണ്ടി സ്വാര്‍ത്ഥരാകരുത്, അവര്‍ തങ്ങളുടെ ജീവിതം മതിയാവോളം ആസ്വദിക്കട്ടെ, അതിനു ശേഷം നമുക്കും ആഘോഷിക്കണം നമ്മുടെ രണ്ടാം യൗവ്വനം. ബാധ്യതകളൊക്കെ തീര്‍ന്നതിന്റെ ആശ്വാസത്തില്‍ ആസ്വദിച്ചൊരു ജീവിതം...'

അവള്‍ എന്നും പറഞ്ഞിരുന്നത്. 

പക്ഷെ അവള്‍ വാക്ക് തെറ്റിച്ചു. ഒരുമിച്ചേ പോകാന്‍ പാടുള്ളൂ എന്ന് പറഞ്ഞ് ഒടുവില്‍ തന്നെ പറ്റിച്ചു.

മൂന്ന്

'ചില നേരത്തെ എന്റെ സ്വഭാവം എനിക്ക് തന്നെ ഇഷ്ടമല്ലാന്ന് ഉണ്ണ്യേട്ടനോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്നെയെന്തിനാ വെറുതെ ദേഷ്യം പിടിപ്പിക്കുന്നെ?'

അവള്‍ക്ക് ദേഷ്യപ്പെടാന്‍ കാരണമൊന്നും വേണ്ടായിരുന്നു. രാവിലെ വളരെ സന്തോഷത്തോടെ ഓഫീസിലേക്ക് യാത്രയാക്കിയിട്ട് വൈകുന്നേരം തിരിച്ചു വന്ന് എന്തെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ കടിച്ചു കീറാന്‍ വരുന്നതു പോലെയായിരിക്കും. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഒരു പാട് പണിപ്പെട്ടു.

ആ മാറ്റം വളരെ കുറച്ച് ദിവസത്തേക്ക് മാത്രമേ നീണ്ടു നില്‍ക്കുന്നുള്ളൂവെന്നും അത് കഴിയുമ്പോള്‍ അവള്‍ നോര്‍മല്‍ ആകാറുണ്ടായിരുന്നു എന്നും കണ്ടപ്പോള്‍ അവളുടെ അഭിനയമാണോ എന്നു പോലും സംശയിച്ചു.

പിന്നീട് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാസം തോറും ഉണ്ടാകുന്ന ആര്‍ത്തവത്തിന് മുന്നോടിയായി ഉണ്ടാകുന്ന മൂഡ് സ്വിംഗ്‌സ് അല്ലെങ്കില്‍ പ്രീമെന്‍സ്ട്രല്‍ സിന്‍ട്രോം എന്ന അവസ്ഥയെക്കുറിച്ച് അവള്‍ വിശദീകരിച്ചപ്പോഴാണ് അവളുടെ തെറ്റായിരുന്നില്ല, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമായാണ് എല്ലാ പൊട്ടിത്തെറികളും എന്ന് മനസ്സിലായത്.

അതിനു ശേഷം ഒരു പാട് വിട്ടുവീഴ്ച ചെയ്തു ആ ദിവസങ്ങളില്‍. കാരണം, ഓരോ മാസവും വ്യത്യസ്തമായ സ്വഭാവമായിരുന്നു. 

ചിലപ്പോള്‍ തന്നോടായിരുന്നു ദേഷ്യമെങ്കില്‍, മറ്റു ചിലപ്പോള്‍ മക്കളെയും കണ്ണിന് മുന്നില്‍ കണ്ടുകൂടായിരുന്നു.

പിന്നീട് ഓരോ മാസവും ആവര്‍ത്തിച്ചപ്പോള്‍ താന്‍ ദേഷ്യപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഒരു ദിവസം അവള്‍ ചോദിച്ചത്,

'ഉണ്ണ്യേട്ടന്റെ അമ്മയ്ക്ക് വയ്യാതാവുമ്പോള്‍ നിങ്ങള്‍ മക്കള്‍ക്ക് ഒന്നും മനസ്സിലാക്കാന്‍ കഴിയാറില്ലേ?'
അന്ന് അവളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലായിരുന്നു.

ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്, തന്റെ ബാല്യത്തിലും കൗമാരത്തിലും ഒരു ശത്രുവിനെ പോലെ തങ്ങളോടും അച്ഛനോടും കയര്‍ത്തിരുന്ന, 'ഞാന്‍ ചത്താലും നിങ്ങള്‍ക്കൊന്നും അറിയേണ്ടല്ലോ' എന്ന് സങ്കടപ്പെട്ടിരുന്ന അമ്മയെ. വയ്യാതെ കിടന്നാലും എല്ലാവര്‍ക്കും വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ഒരു മുടക്കവും കൂടാതെ ചെയ്തു തന്നിരുന്ന അമ്മ.

വയ്യാതിരിക്കുമ്പോള്‍ ദേവൂട്ടിയെ താന്‍ സഹായിക്കാറുണ്ടായിരുന്നു എങ്കിലും അന്നത്തെ കാലത്ത് അങ്ങനെയൊരു സംഭവം കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു. തന്റെ അമ്മ എല്ലാം അതിജീവിച്ചുവെങ്കില്‍ ദേവൂട്ടി, തന്റെ എല്ലാമായിരുന്നവള്‍...

'ഉണ്ണ്യേട്ടനറിയോ, അങ്ങനെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് കരച്ചിലും സങ്കടവും ദേഷ്യവും വാശിയും എല്ലാം വരും. എല്ലാവര്‍ക്കും ഒരേ പോലെ ആകണം എന്നൊന്നും നിര്‍ബ്ബന്ധമില്ല. പലര്‍ക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും. ഒരു തരത്തിലുള്ള പ്രയാസവും ഇല്ലാത്ത സ്ത്രീകളും ഉണ്ട്. പക്ഷെ, എനിക്ക് പ്രാരംഭ കാലം തൊട്ടേ ഇങ്ങനെയൊക്കെ തന്നെയാണ്. മരിച്ചു കളയാനൊക്കെ തോന്നുമായിരുന്നു അന്നൊക്കെ.' ഒരു പ്രാവശ്യം തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ച് അവള്‍ പറഞ്ഞതായിരുന്നു.

എല്ലാം പറഞ്ഞിട്ടും അറിഞ്ഞിട്ടും താന്‍ അവളെ ഒരു നിമിഷത്തേക്ക് അവഗണിച്ചു, പരിഗണന അത്യാവശ്യമുള്ളപ്പോള്‍ അത് നിഷേധിച്ചു. 

അന്നു വരെ ചെയ്ത തന്റെ ശരികളെല്ലാം ഒറ്റ നിമിഷം കൊണ്ട് തിരുത്താന്‍ പറ്റാത്ത തെറ്റായി തീര്‍ന്നു.

നാല്
മക്കളെ നോക്കാനായി അവളുടെ അച്ഛനും അമ്മയും കൂടെയുണ്ട്. മകളെ നഷ്ടപ്പെട്ട അവരുടെ കണ്ണീരിനു മുന്‍പിലാണ് താന്‍ ശരിക്കും തളര്‍ന്നു പോകുന്നത്. തങ്ങളുടെ ജീവിതത്തില്‍ പ്രത്യക്ഷത്തില്‍ ഒരു തരത്തിലുള്ള അസ്വാരസ്യവും ഇല്ലാതിരുന്നത് കൊണ്ട് തന്നെ അവര്‍ക്ക് തന്നോട് ഒരു തരത്തിലുള്ള പരാതിയും ഇല്ലായിരുന്നു.

മാത്രമല്ല, അവര്‍ക്കായി എഴുതി വെച്ച കത്തില്‍ 'അച്ഛാ, എന്റെ ഉണ്ണ്യേട്ടനെ മകനെ പോലെ തന്നെ കരുതി നോക്കിക്കോണേ, പാവമാണ്. ഒറ്റയ്ക്കാക്കി പോകരുതേ അമ്മേ...' എന്ന് എഴുതി വെച്ചിരുന്നു.

അഞ്ച്

ഒറ്റയ്ക്ക് എനിക്ക് വയ്യെന്ന് അറിയാമായിരുന്നിട്ടും അവള്‍ തനിച്ചാക്കി പോയി. വീണ്ടും അവളുടെ വരികളിലൂടെ കണ്ണോടിച്ചപ്പോള്‍ മറ്റേതോ ലോകത്ത് നിന്ന് അവളുടെ അരികിലേക്ക് തന്നെ വിളിക്കുന്നത് പോലെ തോന്നി.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios