Asianet News MalayalamAsianet News Malayalam

ചിതലുകള്‍ ഈയാംപാറ്റകളാണ്, റോസിലി ജോയ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. റോസിലി ജോയ് എഴുതിയ ചെറുകഥ

chilla malayalam  short story by Rosili Joy
Author
First Published Jul 15, 2023, 3:22 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam  short story by Rosili Joy

 

ഇന്ത്യന്‍ പീനല്‍ കോഡ് 306 -ാം വകുപ്പു പ്രകാരം ഞാന്‍ എന്നെ ശിക്ഷിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ പതിനഞ്ചു വര്‍ഷമാകുന്നു. എവിടെയെങ്കിലും വെങ്കിടേഷ്,  ശ്രുതിക, മലര്‍ക്കൊടി എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥയാകും. ഒരു രാത്രി മുഴുവനും ഉറക്കമറ്റു കേട്ട നിര്‍ത്താതുള്ള വലിയ നിലവിളി ചെവിയില്‍ വന്നലയ്ക്കും. പിന്നീടുള്ള ദിവസങ്ങള്‍ കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തും. വീടിനുള്ളില്‍ മൗനം മാറാല കെട്ടും. ഉള്ളില്‍ കുറ്റബോധത്തിന്റെ ചിതല്‍പ്പുറ്റുകള്‍ വാഴ്ച്ച നടത്തും. അതോടെ സാങ്കല്പിക ശാരീരിക അസ്വസ്ഥതകള്‍ എനിക്ക് കൂട്ടായെത്തും. അവയെ താലോലിച്ച് സ്‌കൂളില്‍ നിന്ന ലീവെടുത്ത് മുറിയില്‍ ചുരുണ്ടു കൂടും. ഇത്രയുമാകുമ്പോള്‍ 'എന്തു പറ്റി' എന്നൊരു ചോദ്യം പോലുമില്ലാതെ സിനിമ, ഷോപ്പിംങ്ങ് എന്നൊക്കെ  പറഞ്ഞു രഞ്ജന്‍ എന്നെ വീട്ടില്‍ നിന്നിറക്കി, കറക്കമെല്ലാം കഴിഞ്ഞു നേരത്തെ ബുക്ക് ചെയ്തതിന്‍ പ്രകാരം ഡോ. സലിലയുടെ ക്ലിനിക്കില്‍ പോയി കൗണ്‍സിലിങ്ങും പുതിയ മരുന്നുകളുമായി പഴയ എന്നെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കും.

കൊല്ലങ്ങളായി ഡോ. സലിലക്ക് എന്നെ അറിയാം. അത് കൊണ്ട് കാണുമ്പോഴേ  'ഇപ്പോള്‍ എന്താ പുതുതായി ഉണ്ടായത്..?' എന്ന് സ്‌നേഹത്തോടെ ചോദിച്ച് എന്റെ കൈ എടുത്തു കൈയ്യിലേക്ക് ചേര്‍ത്തു പിടിച്ച് വിരലുകള്‍ കോര്‍ക്കും. 

'ഉറങ്ങാന്‍ പറ്റുന്നില്ല, ചെല്ലക്കായുടെ കരച്ചില്‍ കേള്‍ക്കുന്നു.'

എന്ന എന്റെ ആവലാതി ഡോക്ടര്‍ അലിവോടെ കേള്‍ക്കും. ഏറെ നേരമെടുത്ത് ഡോ സലില എന്നോട് സംസാരിക്കും. പുതിയ ഉദാഹരണങ്ങളുമായി ചെയ്യാത്ത കുറ്റത്തിന് സ്വയം ശിക്ഷിക്കുന്ന എന്റെ വിഡ്ഢിത്തം പതിവ് പോലെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കും. പതിനഞ്ചു വര്‍ഷമെന്നത് വലിയൊരു കാലയളവാണെന്നും സന്തോഷങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഏത് ചിന്തയെയും സാഹചര്യങ്ങളെയും നിഷ്‌കരുണം ദൂരെ എറിഞ്ഞു കളയേണ്ട ഉത്തരവാദിത്വം എനിക്ക് തന്നെയാണെന്നും ഓര്‍മ്മിപ്പിക്കും. മനസ്സിന് തെല്ലെങ്കിലും ശാന്തതയില്ലാതെ ഒരിക്കലും ഞാന്‍ സലിലയുടെ മുറിയില്‍ നിന്നിറങ്ങി വന്നിട്ടില്ല.


2

മലര്‍ക്കൊടി അക്കായെ ചെല്ലക്കായാക്കിയത് സെന്റ് ആന്‍സ് സ്‌കൂള്‍ തെരുവിലെ കുട്ടികളാണ്. 

'എന്‍ ചെല്ലം....' എന്ന് പറഞ്ഞു കുട്ടികളുടെ കവിളില്‍ നുള്ളി ചെല്ലാക്കാ സ്വന്തം ചുണ്ടിലേക്ക് എടുത്തു വെക്കുന്ന മുത്തങ്ങളെ ആസ്വദിച്ച  കുട്ടികളെല്ലാം വളര്‍ന്ന് ഉദ്യോഗസ്ഥരായെങ്കിലും നഴ്സറി കുട്ടികളടക്കമുള്ള രണ്ടാം തലമുറയ്ക്ക് മലര്‍ക്കൊടി ആന്റി ചെല്ലാന്റിയാണ്. ഞങ്ങള്‍ക്ക് ചെല്ലക്കായും. ഏറ്റവും രസമെന്തെന്നു വെച്ചാല്‍ വെങ്കടേഷിനും കാശിനാഥിനും അമ്മ ചെല്ലമ്മയാണെന്നുള്ളതാണ്. മലര്‍ക്കൊടി എന്ന പേര് ഉപയോഗിക്കുന്നത് ആ തെരുവില്‍ ഒരേ ഒരാള്‍ മാത്രം. ആ ഒരാളാണ്  ചെല്ലാക്കാവുടെ പുരുഷന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ആദികേശവന്‍. 

രഞ്ജന്‍ അങ്ങോട്ട് സ്ഥലം മാറിയെത്തി ഞങ്ങളുടെ ഗസ്റ്റ് ഹൗസിലെ താല്‍ക്കാലിക താമസം തീരാറായ  സമയം.

'ഇനി കാണുന്ന ആദ്യത്തെ വീട്. മതിയായി. ഇതെത്ര ദിവസമായി നമ്മളിങ്ങനെ ബ്രോക്കറുമാരുടെ പിന്നാലെനടക്കാന്‍ തുടങ്ങിയിട്ട്. അവരുടെ  താളത്തിന് തുള്ളി ഒരു വഴിക്കായി'

രഞ്ജന്റെ വീടന്വേഷണത്തിനായി വെച്ചിരിക്കുന്ന ക്ഷമയുടെ സ്റ്റോക്ക് തീര്‍ന്നു തുടങ്ങി

'അതേ, ഞാനും മടുത്തു. ഇനി ഒരു സൗകര്യവും നോക്കുന്നില്ല. കിട്ടുന്നതിന് അഡ്വാന്‍സ്.'

അങ്ങനെ ഞങ്ങള്‍ രണ്ടു പേരും വിഷണ്ണരായ ദിവസമാണ്  സെന്റ് ആന്‍സ് റോഡിലെ ചെല്ലാക്കായുടെ വീടിന്റെ തൊട്ടടുത്ത വീട് ഞങ്ങള്‍ക്ക് തരപ്പെട്ടത്. രഞ്ജന് ഇടക്കിടെ വരുന്ന സ്ഥലം മാറ്റത്തെ അതിജീവിക്കാന്‍ പറ്റുന്ന ഒരേയൊരു പ്രതിവിധി, ചെല്ലുന്നിടത്തെ ഏതെങ്കിലും  സ്‌കൂളില്‍ കിട്ടുന്ന ശമ്പളത്തിന് അദ്ധ്യാപികയാവുക എന്ന  എന്റെ പോളിസിയും ഇവിടെ പ്രയോജനപ്പെട്ടു. സെന്റ് ആന്‍സ് സ്‌കൂളില്‍ നിന്ന് അഞ്ചു മിനിറ്റ് നടന്നാല്‍ മതി, ഉച്ചയ്ക്കുണ്ണാന്‍ വീട്ടില്‍ വരാം. 

എല്ലാ വീടുകള്‍ക്കും പൊതുവായി ഒരു പ്രത്യേകതയുണ്ട്. കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടില്ലെങ്കില്‍ പെട്ടെന്ന് ബോറടിക്കും. ആ തെരുവിലെ വീടുകളുടെയും പകലുകള്‍ ബോറടിയുടെ മയക്കത്തിലെങ്കിലും വൈകിട്ട് കുഞ്ഞുങ്ങള്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ ഉഷാറാകും. എന്റെ വീടൊഴികെ. അതു കൊണ്ട് ഈ പുതിയ വീടിനേയും ബോറടിപ്പിക്കാതെ ഞങ്ങള്‍ ശ്രദ്ധിച്ചു. ഞാനും രഞ്ജനും ഇവിടെയും ഒരിക്കലും വളരാത്ത കുഞ്ഞുങ്ങളായി. 

എന്നും വൈകുന്നേരം സ്‌കൂള്‍ വിട്ടു വന്ന് ഡ്രസ്സ് മാറേണ്ട താമസം ചെല്ലാക്കായുടെ കിടക്ക മുറി ജനാലയില്‍ നിന്നും എന്റെ വീട്ടിലേക്ക് നീട്ടിയുള്ള വിളി വരും. 

മിസ്സ്...വങ്കോ...കോഫി റെഡിയായാച്ച്. മുറുക്ക് നല്ല മൊരു മുരാ..'

അതാണ് ചെല്ലാക്കാ. സന്ധ്യക്ക് രഞ്ജനെത്തുന്നത് വരെ ഞാന്‍ ചെല്ലാക്കാക്കും അക്കായുടെ പ്രിയ പൂച്ച സില്‍ക്കിക്കുമൊപ്പമാണ്. 

ചൂട് ഫില്‍റ്റര്‍ കാപ്പിക്കൊപ്പം അപ്പോഴുണ്ടാക്കിയ മുറുക്കോ മിക്ച്ചറോ പക്കോഡയോ കൊറിച്ച്, സില്‍ക്കിയോടുള്ള അക്കാവുടെ പേച്ച് കേട്ട്...കൂടാതെ, സന്ധ്യവരെ സെന്റ് ആന്‍സ് സ്‌കൂള്‍ തെരുവ് ഫുട് ബോള്‍ ഗ്രൗണ്ടോ ക്രിക്കറ്റ് ഗ്രൗണ്ടോ ആകുന്നത്  കൊണ്ട് ആ നേരവും ചെല്ലാക്കാക്ക് തിരക്ക് തന്നെ. ഇടക്ക് റോഡിലേക്ക് ഓടിച്ചെന്ന് അമ്പയറോ റഫറിയോ ആകേണ്ടതുണ്ട്. അവരുടെ വാക്കേറ്റങ്ങളെ തണുപ്പിക്കാന്‍ ഫ്രിഡ്ജില്‍ നിന്നും ചോക്ലേറ്റുകളുമായി പോകേണ്ടതുണ്ട്.

നാലഞ്ചു മാസം എത്ര നന്നായാണ് പോയത്. ഇത് വരെ പാര്‍ത്ത ഏതൊരിടത്തേക്കാളും ഈ നഗരത്തെ ഞാന്‍ സ്‌നേഹിച്ചു തുടങ്ങി.  ചെല്ലാക്കാ, ആഴ്ചാവസാനം വീട്ടില്‍ വരുന്ന വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന മൂത്ത മകന്‍ കാശിനാഥ്, പ്ലസ് ടൂവിന് പഠിക്കുന്ന വെങ്കിടേഷ്, അധികം  മിണ്ടാട്ടമില്ലാതെ എന്നെ നോക്കി ഹൃദ്യമായി ചിരിക്കുന്ന അവരുടെ അപ്പാ, സില്‍ക്കി  ഇവരെല്ലാം ചേര്‍ന്ന് എന്റെ ജീവിത വിടവിനെ പൂരിപ്പിച്ചു.

'രഞ്ജന്‍, നമുക്കൊരു കാലത്തും ഇവിടെ നിന്നും സ്ഥലം മാറ്റം വരല്ലേ എന്നാണ് ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥന. ഈ സെന്റ് ആന്‍സും ചെല്ലാക്കായുടെ വീടും സൃഷ്ടിക്കപ്പെട്ടതേ ഏതെങ്കിലും കാലത്ത് ഇവിടെ താമസിക്കാന്‍ വരുന്ന നമുക്ക് വേണ്ടിത്തന്നെയാണ്.'

'എങ്കില്‍ നമുക്കിവിടെ സ്ഥിര താമസമാക്കാം. സ്ഥലം മാറ്റത്തോട് പോയി പണി നോക്കാന്‍ പറയാം. എന്തേ...'

രഞ്ജനിലെ കുട്ടി ഉണര്‍ന്നു.

എന്നുമുള്ള കോഫീ നേരം സ്‌കൂള്‍ വിശേഷങ്ങള്‍ പറയുമ്പഴേ ചെല്ലാക്കാ ചോദിച്ചു തുടങ്ങും. 

'നമ്മ വെങ്കി സ്‌കൂളില്‍ എപ്പടി...?'

ഞാന്‍ ഹൈസ്‌കൂള്‍ കുട്ടികളേയേ പഠിപ്പിക്കുന്നുന്നുള്ളൂ എന്നും പ്ലസ് വണ്‍ വേറെ സെക്ഷന്‍ എന്നെത്ര മനസ്സിലാക്കിയാലും ചെല്ലാക്കാ ഇടക്കിടെ ചോദ്യം ആവര്‍ത്തിക്കും. വെങ്കിടേഷ്  കേട്ടാല്‍ ഉടനെ അവന്റെ ശാസന എത്തും.

'എന്ന ചെല്ലമ്മാ ഇത്...എന്നും ഒരേ കേള്‍വി....? മിസ്സ്,  നീങ്ക റിപ്ലൈ സൊല്ല വേണ്ട, ചെല്ലമ്മാവുക്ക് എപ്പോതും ടെന്‍ഷന്‍. എനക്ക്  അണ്ണന്‍ മാതിരി മെഡിക്കല്‍ കിടയ്ക്കുമോ  എന്ന ഒരേ കവല...'

'പോടെയ്.. ഉനക്കു മെഡിക്കലോ കിഡിക്കലോ കിടച്ചാല്‍ എനക്ക് എന്നാ...'

വരാന്തയില്‍  അവനൊപ്പം കമ്പയിന്‍ സ്റ്റഡിക്ക് വന്നിരിക്കുന്ന ശ്രുതിക ഇത് കേള്‍ക്കുമ്പോഴേ ചിരി തുടങ്ങും.

അവള്‍ മിക്കവാറും വൈകുന്നേരങ്ങളില്‍ അവിടെക്കാണും. വെങ്കിയും ശ്രുതിയും കുഞ്ഞുങ്ങളായിരുന്നപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന വീടായിരുന്നത്രെ അവളുടെ വീട്. അവര്‍ അഞ്ചാം ക്ലാസ്സിലെത്തിയ കാലം തൊട്ടടുത്ത തെരുവില്‍ പുതിയ പുതിയ വീട് കെട്ടി മാറാന്‍ തുടങ്ങിയപ്പോള്‍. 'ഞാന്‍ ചെല്ലാന്റി വീട്ടില്‍ ഇരിക്കാലാം..' എന്നു പറഞ്ഞവളാ ഇവള്‍ എന്ന് ചെല്ലാക്കാ കൂടെക്കൂടെ അവളെ കളിയാക്കും. 'ശ്രുതി ഏന്‍ വെങ്കിയുടെ ഇരട്ട തങ്കച്ചി' എന്ന്  പറഞ്ഞുള്ള  ചെല്ലാക്കായുടെ കവിളില്‍ നുള്ള് മുത്തം വളര്‍ന്നിട്ടും അവള്‍ക്കെപ്പോഴും കിട്ടി.  

അക്കൊല്ലം തൊട്ടാണ്  ക്രിസ്തുമസ് കാലത്തെ എനിക്കിഷ്ടമില്ലാതായത്. അന്ന് സന്ധ്യയ്ക്ക് ഇരുട്ടില്‍ അണച്ചുപേക്ഷിച്ചു കളഞ്ഞ നക്ഷത്രവും ക്രിസ്തുമസ് ട്രീയും പിന്നെ ഒരിക്കലും ഞാന്‍ തെളിച്ചിട്ടില്ല. 

ഉച്ചവരെയുള്ള ക്രിസ്തുമസ്പരീക്ഷ ഡ്യുട്ടി കഴിഞ്ഞു, ഒരു ചെറുമയക്ക ശേഷം  ചെല്ലക്കായുടെ വീട്ടില്‍ ചെന്നതായിരുന്നു ഞാന്‍. രണ്ട് പ്രാവശ്യം കോളിംഗ് ബെല്ലടിച്ചിട്ടും ഉള്ളില്‍ അനക്കമൊന്നുമില്ല. ഉച്ചയുറക്കം പതിവില്ലാത്ത ചെല്ലാക്കാ ഇതെന്ത് ചെയ്യുന്നു...? രാവിലെ പരീക്ഷ കഴിഞ്ഞു വന്ന വെങ്കിടേഷും ഉറങ്ങിപ്പോയോ എന്ന് വിചാരിച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു കുട്ടിക്ക് ഒളിപ്പിക്കാനാവാത്ത പരിഭ്രമ ഭാവങ്ങളുമായി വെങ്കിടേഷ് വാതില്‍ തുറന്നത്.

'അമ്മാ ഇങ്കെ ഇല്ലെയ്...'

അവനില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ഭാവമാറ്റം എനിക്കത്ഭുതമായി. എന്നിട്ടും അതിനെ ലഘൂകരിക്കാനെന്നവണ്ണം ഞാന്‍ ചോദിച്ചു.

'എന്ത് പറ്റി വെങ്കിടേഷ്..? പരീക്ഷ നന്നായ് എഴുതിയോ..?'

അതിന് മറുപടി കിട്ടുന്നതിന് മുമ്പേ അവന് പിന്നില്‍ അതിലേറെ പരിഭ്രമിച്ച  ശ്രുതികയും പ്രത്യക്ഷപ്പെട്ടു. 

എന്റെ മുഖത്തു നിന്നും ഞാനറിയാതെ  പറന്ന ചോദ്യചിഹ്നങ്ങളില്‍ തട്ടി രണ്ടു പേരും നിശ്ശബ്ദരായി തല കുനിച്ചു നിന്നു. ഈ നേരം കൊണ്ട് ശ്രുതിക കരച്ചിലെത്തിക്കഴിഞ്ഞു. ഒടുവില്‍

'മിസ്സ്, യാരിട്ടും സൊല്ലാതിങ്കേ ..പ്ലീസ്..' എന്ന് പറഞ്ഞു എന്നെ മറികടന്ന അവള്‍ ധൃതിയില്‍ പുറത്തേക്ക് പോയി.

സ്തബധത കെട്ടിയിട്ട നാവുമായി തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് നടന്ന എന്റെ മുന്നിലേക്ക്  നാല് മണി വെയിലില്‍ ഷോപ്പിംഗ് ബാഗുമായി ദൂരെനിന്നും ചെല്ലാക്കാ നടന്നു  വരുന്നുണ്ടായിരുന്നു.

അന്ന് സന്ധ്യയ്ക്ക് രഞ്ജനെത്തി ചായയുണ്ടാക്കുന്ന നേരമാണ് ചെല്ലാക്കായുടെ വീട്ടില്‍ നിന്നും വലിയൊരു കരച്ചില്‍ കേട്ടത്. സ്റ്റൗ ഓഫ് ചെയ്ത് ഓടിയ എന്നെ മറികടന്ന് രഞ്ജന്‍ അവിടെ ആദ്യമെത്തിയിരുന്നു. ഹാളില്‍ നിലത്തു കമിഴ്ന്നു കിടക്കുന്നു ഉറക്കെ നിലവിളിക്കുന്ന ചെല്ലാക്കായുടെ കൂടെ മിണ്ടാതെ, വിഷണ്ണയായിരിപ്പുണ്ട് സില്‍ക്കി.  ക്രിസ്തുമസ് അവധിക്ക് വീട്ടില്‍ വന്നു കയറിയ കാശിനാഥാണ് വെങ്കിടേഷിന്റെ മുറി ചവുട്ടിത്തുറന്ന് കഴുത്തിലെ കുരുക്കഴിച്ചത്. മുറിയില്‍ നിന്നും രഞ്ജനും കാശിയും ചേര്‍ന്ന് അവനെ കുലുക്കി ഉണര്‍ത്താന്‍ ശ്രമിക്കുന്ന ബഹളം. വളരെ കുറഞ്ഞ നേരം കൊണ്ട് സെന്റ് ആന്‍സ് തെരുവ് ചെല്ലാക്കായുടെ മുറ്റമായി. കാശിക്കൊപ്പം രഞ്ജന്‍ വെങ്കിടേഷിനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞ നേരം ആള്‍ക്കൂട്ടത്തിനു നടുവില്‍ ചെല്ലാക്കായെ ഉപേക്ഷിച്ച ഞാന്‍ സന്ധ്യയുടെ ഇരുട്ടിലൂടെ തൊട്ടടുത്ത തെരുവിലെ ശ്രുതികയുടെ വീട്ടിലേക്കോടി. ശ്രുതികക്ക് കൂട്ടിന് എന്നെ കണ്ട ആശ്വാസത്തില്‍ അവളുടെ അമ്മ ചെല്ലാക്കായുടെ വീട്ടിലേക്കും.

'ഇല്ല, പേടിക്കാതെ. ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, പറയുകയുമില്ല.'

അവളുടെ ചെവിയില്‍ ഒരേ വാചകം ഞാന്‍ നിര്‍ത്താതെ ആവര്‍ത്തിച്ചു. പ്രാണന്‍ പിടിച്ചു നിറുത്താണെന്ന വണ്ണം അവളുടെ വിറക്കുന്ന ശരീരം എന്നെ ബലമായി അള്ളിപ്പിടിച്ചു.

എന്റെ ജീവിതം രണ്ടായി പകുക്കപ്പെട്ട നാളായിരുന്നു അത്. അന്നേയ്ക്ക് പിന്‍പും എന്ന് എന്റെ ജീവിതം അന്ന് തൊട്ട് രണ്ടായി അടയാളപ്പെട്ടു. ഒരിക്കലും കരകയറി രക്ഷപ്പെടാനാവാത്ത കടുത്ത വിഷാദത്തിലേക്ക് ഞാന്‍ കൂപ്പുകുത്തി. എന്റെ നോട്ടത്തില്‍, ഭാവത്തില്‍ തീര്‍ന്നില്ലാതെയായിപ്പോയ ഒരു ജീവന്‍ പിന്നീടുള്ള  ജീവിതം മുഴുവനും  എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. രഞ്ജനും കാശിയും ചേര്‍ന്ന് മിന്നല്‍ വേഗത്തില്‍ എടുത്തു കൊണ്ടു പോകുമ്പോഴല്ലാതെ പിന്നെ ഞാനവനെ കണ്ടതേയില്ല. ശ്രുതിയുടെ വീട്ടിലേക്ക് പാഞ്ഞോടിയ ശേഷം ചെല്ലാക്കായുടെ വീട്ടിലേക്കും ഞാന്‍ പോയില്ല. അന്നും പിറ്റേന്നും ചെല്ലാക്കായുടെ വീട്ടില്‍ നിന്നുള്ള  ശബ്ദങ്ങള്‍ക്ക് തടയിടാന്‍ കിടക്കയില്‍ കിടന്ന് ചെവികള്‍ മുറുക്കെ അടച്ച് വിഫലശ്രമം നടത്തി. ദിവസങ്ങള്‍ക്ക് ശേഷം രഞ്ജനോട് മനസ്സു തുറക്കുന്നത് വരെ ഭ്രാന്തിന്റെ വക്കിലായിരുന്നു ഞാന്‍. 

ആഴ്ചകള്‍ കഴിഞ്ഞ്,  സില്‍ക്കിയെ കയ്യിലെടുത്തു കൊണ്ട്  പിന്നീടുള്ള സായാഹ്നങ്ങള്‍ ചെല്ലാക്കാ എന്റെ വരാന്തയിലാക്കി. 

'അങ്ങോട്ട് വരൂ, എന്റെ വീട്ടില്‍ വരാന്‍ പേടിച്ചാണോ വരാത്തത്...?'

അയ്യോ..അക്കാ... അങ്ങനെ പറയാതെ, ആകെ ഒരു മന:പ്രയാസം. അതൊരിക്കലും പേടിച്ചിട്ടല്ല.'

'പേടിക്കണ്ട,  എന്റെ വെങ്കി പാവമല്ലേ,  ആത്മാവായാലും അവന് നമ്മളോട് സ്‌നേഹമായിരിക്കും. എന്നാലും, എന്തായിരിക്കും  കാരണം....? സ്‌കൂളില്‍ പോയി ഒന്നന്വേഷിക്കണം. നാളെ ഞാന്‍ കൂടെ വരട്ടെ..? അവരെന്തെങ്കിലും പറഞ്ഞോ..?'

'ഇല്ല അക്കാ... അവരൊന്നും പറഞ്ഞില്ല. ഞാന്‍ കുറച്ചു നാളായി സ്‌കൂളില്‍ പോയിട്ട്. ലീവിലാണ്.'

സെന്റ് ആന്‍സില്‍ റെസിഗ്‌നേഷന്‍ കൊടുത്തു എന്നും എത്ര കഷ്ടപ്പെട്ടും എന്നെയോര്‍ത്ത് രഞ്ജന്‍ സ്ഥലം മാറ്റത്തിനുള്ള ശ്രമമാണെന്നുമുള്ള വിവരങ്ങള്‍  അക്കയോട് ഞാന്‍ മറച്ചു വെച്ചു.

ആ നഗരത്തോട് യാത്ര പറഞ്ഞ ദിവസം ശ്രുതിയെ കാണാനായി ഞാന്‍ അവളുടെ വീട്ടില്‍ വീണ്ടും പോയി. വര്‍ഷാവസാനപ്പരീക്ഷ അടുത്തു വരുന്നത് തിരിച്ചറിഞ്ഞ പോലെ അവള്‍ വീണ്ടും പഠിപ്പില്‍ മുഴുകിയിരിക്കുന്നു. കുറച്ചു നേരം ഞങ്ങള്‍ പേരും മൗനമായിരുന്നു. യാത്ര പറയാന്‍ നേരം അവള്‍ ചോദിച്ചു.

'മിസ്സ് തെറ്റൊന്നും ചെയ്തില്ലല്ലോ. ആരോടും പറഞ്ഞിട്ടുമില്ല. പിന്നെയെന്തിനാണ് ഇവിടെ നിന്നും പോകുന്നത്..?'

'ഞാന്‍ പോകുന്നതല്ലല്ലോ, അങ്കിളിന് പെട്ടെന്ന് ട്രാന്‍സഫര്‍....'

എന്റെ കള്ളം തിരിച്ചറിഞ്ഞ അവളുടെ മുഖഭാവം ഞാന്‍ സാരമാക്കിയില്ല.  ഒരിക്കല്‍ കൂടി ഞാനവളെ ചേര്‍ത്തു പിടിച്ചു.

'ശ്രുതി, എന്റെ ആ നേരത്തെ മൗനമാണ് വെങ്കിടേഷിനെ ഭയപ്പെടുത്തിക്കളഞ്ഞത്. നീയെന്നോട് ക്ഷമിക്ക്. ഇത്രയെങ്കിലും നിന്നോട് പറഞ്ഞില്ലെങ്കില്‍ ജീവിതത്തില്‍ എനിക്ക് സമാധാനം കിട്ടില്ല.'


3

ഡോ. സലിലയുടെ മരുന്നു കൃത്യമായി കഴിക്കാന്‍ എനിക്കൊരു ടെക്നിക്കുണ്ട്. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം ഗുളികയും  മേശമേല്‍ വെക്കുക. ചായ കുടിച്ചു കൊണ്ട് അലസമായി ഫേസ്ബുക്ക് നോക്കുന്നതിനിടെ ഓമനത്തമുള്ള ഒരാണ്‍കുട്ടിയുടെ ചിത്രവുമായി ഒരു ഡോ.ശ്രുതിക നാഥിന്റെ റിക്വസ്റ്റ്. ശ്രുതിക. ആ പേര് സൃഷ്ടിച്ച അസ്വസ്ഥതയുടെ അകമ്പടിയോടെ  ആ കുഞ്ഞുമുഖത്തെ ക്ലിക്ക് ചെയ്ത ഞാന്‍ ആ ചിത്രം കുറച്ചു നേരം നോക്കിയിരുന്നു. മന:ധൈര്യം, അത് ഞാന്‍ തനിയെ സംഭരിക്കേണ്ടതാണെന്ന സ്വയം ചികില്‍സയുടെ ചിന്തയില്‍ സൗഹൃദം സ്വീകരിക്കാനാണ്  അപ്പോള്‍ തോന്നിയത്. ഉടന്‍ തന്നെ  മെസ്സഞ്ചറില്‍ ആള്‍സഞ്ചാരം അറിയിച്ചു കൊണ്ട് ഫോണ്‍ ചെറുതായി വിറച്ചു കാണിച്ചു.

ഇപ്പോള്‍ സുഹൃത്തായ കുട്ടിമുഖം, ശ്രുതികയാണ്.

'മിസ്സ്, ഞാന്‍ പഴയ ശ്രുതിക. ചെന്നെയില്‍ സെന്റ് ആന്‍സിലെ...നമ്പര്‍ തരൂ.'

ശ്രുതിക... ഇവള്‍ എങ്ങനെ എന്നെ കണ്ടു പിടിച്ചു? ഒരു പൊതു സുഹൃത്ത് പോലുമില്ല ഞങ്ങള്‍ക്കിടയില്‍. ഞാന്‍ പെട്ടെന്ന് ജാഗരൂകയായി. അനാവശ്യ ചിന്തകളുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്ന ഡോ സലിലയുടെ മുന്നറിയിപ്പ് എന്നെ ചെറുതായി ഭയപ്പെടുത്തിത്തുടങ്ങി. റിക്വസ്റ്റ് സ്വീകരിക്കുമ്പോഴുണ്ടായ  ധൈര്യം ഇപ്പോഴെനിക്ക് തീരെയില്ല. ഈ നേരത്തിനുള്ളിലെ എന്റെ മൗനം കൊണ്ടോ എന്തോ അവളുടെ നമ്പര്‍ വന്നു കഴിഞ്ഞു. ഞാന്‍ വല്ലാത്തൊരു വിഷമവൃത്തത്തില്‍ പെട്ടു.  ശ്രുതിക അയച്ച നമ്പറില്‍ വിളിക്കാനുള്ള ധൈര്യം കിട്ടുന്നില്ല.  പെട്ടെന്നൊരു നിമിഷം, ഞാന്‍ എന്നെ മറന്നു, ഡോ സലിലയുടെ ക്ലിനിക്കിലെ വരാന്തയിലെ പേര് വിളിക്കായുള്ള എന്റെ കാത്തിരിപ്പുകളെ മറന്നു, എന്റെ ആകുലതകളെ മറന്നു. ഫേസ്ബുക്കിന്റെ സന്ദേശ വാഹകന്‍ എന്റെ നമ്പര്‍ ശ്രുതികക്ക് കൊണ്ടുപോയി കൊടുത്തു കഴിഞ്ഞു. എന്നെ ഭയപ്പെടുത്തിക്കൊണ്ട് അടുത്ത നിമിഷം എന്റെ ഫോണ്‍ ശ്രുതികയുടെ വിളി അറിയിച്ചു പാടിത്തുടങ്ങി. വീണ്ടുവിചാരമില്ലായ്മയില്‍ ഖേദിച്ച് അതിവേഗമിടിക്കുന്ന ഹൃദയത്തോടെ ആന്‍സര്‍ എന്നെഴുതിയ ഇടത്തേക്ക് എന്റെ തണുത്ത ചൂണ്ടുവിരല്‍ നീങ്ങി. 

ഫോണിന്റെ സ്‌ക്രീനില്‍ അവള്‍ക്കൊപ്പം  ചിത്രത്തിലെ കുട്ടിയെ മടിയില്‍ വെച്ചു ചിരിക്കുന്ന ചെല്ലാക്കാ. കൊല്ലങ്ങള്‍ക്ക് ശേഷവും ചെല്ലാക്കാക്ക് വലിയ മാറ്റമൊന്നുമില്ല. മുടി കുറച്ചു കൂടെ നരച്ചിട്ടുണ്ട് എന്നതൊഴികെ. ശ്രുതിക പാടേ മാറിയിരിക്കുന്നു. പഴയ ശ്രുതികയുടെ വിദൂര ഛായയുള്ള ഒരു ഇരുത്തം വന്ന സ്ത്രീ. ചെല്ലാക്കായുടെ മടിയിലിരുന്ന കുഞ്ഞ് എന്നെ നോക്കി ചിരിച്ചപ്പോള്‍ വെങ്കിടേഷിന്റെ അതേ ചിരി ഓര്‍ത്തു. പഴയ ഓര്‍മ്മകളില്‍ തളര്‍ന്ന എന്നെ വെട്ടി വിയര്‍ത്തു. ഫോണ്‍ കട്ടു ചെയ്ത് നമ്പര്‍ ബ്ലോക്ക് ചെയ്താലോ എന്നൊരുചിന്ത സെക്കന്റുകള്‍ക്കുള്ളില്‍ മിന്നിമറഞ്ഞു. എന്ത് പറയണം എന്നറിയാതെ കുഴങ്ങിയ എനിക്ക് ചിത്രങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കുശലാന്വേഷണത്തിന് ശേഷം ചെല്ലാക്കാ സംസാരിച്ചു തുടങ്ങി. ശ്രുതിയും കാശിയും വിവാഹിതരായപ്പോള്‍ എന്റെ അഡ്രസ്സോ ഫോണ്‍ നമ്പറോ  കയ്യിയിലില്ലാതിരുന്നത് പറഞ്ഞു സങ്കടപ്പെട്ടു.

വര്‍ഷങ്ങളോളം ഉറക്കത്തില്‍ ചെവിയില്‍ വന്നലച്ചിരുന്ന കരച്ചില്‍ പൊട്ടിച്ചിരിയായി  ഞാന്‍ കേട്ടു. പാതിയുറക്കത്തില്‍ പലവട്ടം ഞെട്ടി ഉണര്‍ത്തിയ നീരൊഴുകിയിരുന്ന കണ്ണുകള്‍ സന്തോഷത്തില്‍ സൂര്യനെപ്പോലെ തിളങ്ങുന്നു. ആ തെളിച്ചത്തില്‍ പെട്ടെന്നെന്റെ കണ്ണ്  മഞ്ഞളിച്ചു, ചെവി കൊട്ടിയടക്കപ്പെട്ടു,  നാവ് കെട്ടപ്പെട്ടു. സങ്കല്‍പ്പത്തില്‍ നിന്നുമുള്ള  യാഥാര്‍ഥ്യത്തിന്റെ ആ വലിയ ദൂരം താണ്ടുവാനാകാതെ ഞാനാകെ ഉലഞ്ഞു. ചിന്തകളേതുമില്ലാതെ ഉള്ളം ശൂന്യമായി.

'ഇവന്‍ എന്‍ വെങ്കി, വെങ്കിടേഷ് നാഥ്. ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ്. ദോ...മൂഞ്ചിയെ  പാര്...ഇവനുക്ക് വെങ്കി ചിത്തപ്പാവുടെ  സിരിപ്പ് താനേ...?'

ഇപ്പോള്‍ ഞാന്‍ ചെല്ലാക്കായുടെ ശബ്ദം വീണ്ടും കേട്ടു. പണ്ടത്തെ പ്ലസ്ടൂക്കാരന്‍ വെങ്കിടേഷ് ഒന്നാം ക്ലാസ്സുകാരനായി എന്റെ ഫോണിന്റെ സ്‌ക്രീന്‍ നിറഞ്ഞു  ചിരിക്കുന്നത് കണ്ടു.

'മിസ്സിന് അത്ഭുതം തോന്നുണ്ടാകുമല്ലേ.  ജീവിതം സങ്കടങ്ങള്‍ക്ക് ചിതലരിക്കാന്‍ കൊടുക്കരുത് എന്നെനിക്ക് മനസ്സിലാക്കിത്തന്നത് കാശി അണ്ണനാണ്. അവരെ എത്രയും  വേഗം ഈയാംപാറ്റകളായി പറത്തി തീര്‍ത്തു കളയണം. ' 

ചെല്ലാക്കാക്ക് മനസ്സിലാകാതിരിക്കാനായി ഇംഗ്ലീഷിലാണ് ശ്രുതിക സംസാരിക്കുന്നത്. 

' ശ്രുതിക, നീ എന്തിനെക്കുറിച്ചാണ് പറയുന്നത്..?'

എനിക്ക് ചോദിക്കാതിരിക്കാനായില്ല.'

'അതേ മിസ്സ്. ചിതലുകളെപ്പറ്റിത്തന്നെ. അവ ഈയാംപാറ്റകളാണ്. സ്‌കാവഞ്ചേര്‍സ് തിന്നു തീര്‍ക്കേണ്ട ഈയാംപാറ്റകള്‍'

'എന്നാച്ച്...? സര്‍പ്രൈസ് ഇനിയും മുടിയില്ലയാ...?'

അമ്പരപ്പ് നിശബ്ദയാക്കിയ എന്നെ തട്ടിയുണര്‍ത്തി ചെല്ലാക്കാ വീണ്ടും വീണ്ടും ചോദിക്കുന്നു..

'സര്‍പ്രൈസ് അല്ലാക്കാ..ഉയിരു തിരുമ്പി വന്ത സന്തോഷം, വെങ്കിയെ പാത്ത സന്തോഷം..'

'എന്‍ ചെല്ലം..എന്‍ വെങ്കി..അവനുക്ക് എന്നെ വിട്ടു പോഹ മുടിയാത്.' 

ചെല്ലക്കാ അരുമയോടെ അവന്റെ കവിളില്‍ അമര്‍ത്തി നുള്ളി സ്വന്തം ചുണ്ടോടു ചേര്‍ത്തു.ചെല്ലാക്കായോട് ചേര്‍ന്ന് ചിരിച്ചു കൊണ്ട്  കഴിക്കാന്‍ എടുത്തു വെച്ച ഗുളികകള്‍ എടുത്ത്  ഡസ്റ്റ്ബിന്നിലരികിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴാണ് നീങ്ങിക്കിടന്ന ജനാലവിരി ആ കാഴ്ച്ച എന്നെ കാണിച്ചു തന്നത്. ഗേറ്റിലെ രാത്രിവെളിച്ചത്തിന്  കീഴേ തലേ രാത്രിയിലെ വേനല്‍ മഴയില്‍ കുമിഞ്ഞു കൂടിക്കിടക്കുന്ന ഈയാംപാറ്റകള്‍. അതിനടുത്തേക്ക് രണ്ട് മൈനകള്‍ താഴ്ന്നു പറന്നെത്തിയപ്പോള്‍ അവയ്ക്ക് ചുറ്റും  കൊഴിഞ്ഞ ഈയാംപാറ്റ ചിറകുകള്‍  പറന്നു.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios