Asianet News MalayalamAsianet News Malayalam

Malayalam Short Story : ചുണ്ടുകൊരുത്ത ഒറ്റമീശ, സബ്‌ന നിച്ചു എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സബ്‌ന നിച്ചു എഴുതിയ ചെറുകഥ

chilla malayalam short story by Sabna Nichu
Author
First Published Sep 29, 2022, 4:29 PM IST

കൂമം കുളത്തില്‍ കുളിക്കാനിറങ്ങിയ ആത്തോല്‍ ശിവന്റമ്പലത്തിലെ കിണറ്റില്‍  മൂന്നാംപക്കം പൊങ്ങികിടക്കണത് കണ്ട് വെള്ളംമുക്കാന്‍ തൊട്ടിയിട്ടോന്‍ കൂവി വിളിച്ചു.

കെട്ടു കഴിഞ്ഞ് ഇമ്മിണിനാളെത്താത്ത പെണ്ണ് ചത്ത് മലച്ചതില്‍ ഏനക്കേടുണ്ടെന്നും പറഞ്ഞ്  പൊലീസ് ഏമാന്‍മാര്‍ അമ്പലത്തൊടീല്‍ തമ്പടിച്ച്, പാമ്പിരി കണക്ക് തോനെയുള്ള കിണറ്റില്‍ തീണ്ടാപ്പാടകലെ നിര്‍ത്തിപ്പോന്ന പേങ്ങനെ കയറു കെട്ടിയിറക്കി.

പാതളത്താഴ്ച്ചയുള്ള കിണറ്റീന്ന് പായലില്‍ കുളിച്ച ആത്തോലെ പേങ്ങന്‍ വാരിപ്പിടിച്ച് പുറലോകം കാട്ടി. 

പണികഴിഞ്ഞ പാടെ കൂലി കൊടുക്കാതെ പേങ്ങനെ ആട്ടിപ്പായിച്ച് നീതികാക്കണ്ട ഏമാന്മാര്‍ മേലാളത്തം കാട്ടി. 

മേല്‍തുണിയില്ലാത്ത ആത്തോല്‍, തീര്‍ന്നിട്ടും വെണ്ണക്കല്ല് കണക്ക് ഇരിക്കണത് കണ്ട് തലനരച്ചോരും താടിമുളക്കണോരും വരെ ഓളെ കെട്ടിയോന്‍ ദാസന്റെ ഭാഗ്യക്കേട് നിരീച്ച് നെടുവീര്‍പ്പിട്ടു..

അന്നാട്ടില്‍ ഇന്നേവരെ ഇത്തറകൂട്ട് ശേലുള്ളൊരുത്തി കെട്ടിക്കേറി വന്നിട്ടില്ലെന്നും പറഞ്ഞ്, താമരക്കണ്ണുള്ള ഓളെകണ്ട് ഉറക്കംകിട്ടാതെ വിയര്‍ത്തുകിടന്ന ചങ്ങായിമാരെല്ലാം, ആല്‍ത്തറയില്‍ കൊമ്പന്‍മീശയുള്ള സേതൂന്റെ മടിയില്‍ ചാഞ്ഞുകിടക്കണ കുറ്റിമീശയുള്ള ദാസനെ അടിമുടി നോക്കി ദെണ്ണപ്പെട്ടു..

നല്ലതുങ്ങളൊന്നും നല്ലോണംവാണ ചരിത്രമില്ലെന്നും അടിയന്തരം കഴിഞ്ഞാല്‍ തീരാത്ത നോവും നീറ്റലുമില്ലെന്നും പറഞ്ഞ് ഓരെല്ലാം വിറച്ചു തുള്ളണ ദാസനെ തണുപ്പിച്ചുനിര്‍ത്തി.

അന്തിക്കണക്ക് കൂട്ടിയാലും കവലയിലിറങ്ങി നടക്കാതെ, കാടും തോടുംകേറി കവിതയെഴുതണ ദാസന്, തന്തപ്പടി കണ്ടെത്തിയ പെണ്ണൊരുത്തി, ചേനക്കുഴി എടുക്കണോന് നിധി കിട്ടണമാതിരി  കിട്ടിയ ഭാഗ്യമാണന്നും ഓളെ ഒന്ന് പറ്റികിടക്കണത് തന്നെ സുകൃതമാണെന്നും, കിട്ടിയ ദിനമത്രയും ലാഭമെന്ന് വകമാറ്റി പറഞ്ഞ് വര്‍ത്താന കമ്മിറ്റി കുശുകുശുത്തു.

തുണക്കാരന്‍ സേതൂന്റെ തോളില്‍പിടിച്ച്, ദാസന്‍ വെള്ളക്കീറില്‍  കിടത്തിയ ഓളെ തുറിച്ചു നോക്കി..

തെറിച്ചുനിക്കണ മുലകള്‍ക്ക് നാടിക്കുന്നിന്റെ  എടുപ്പാണെന്നും, വാണ്ട്‌പൊട്ടിയ പള്ളക്ക് തെക്കേപറമ്പിന്റെ അളവാണെന്നും പൊക്കിള്‍ചുഴി കൂമംകുളത്തിന്റെകൂട്ട്  ആഴം കാണാന്‍ പറ്റാത്ത കടലു പോലാണെന്നും ഓനു തോന്നി.

മെല്ലിച്ചു നീണ്ട ദാസന്റെ കൈ ചത്ത് കിടക്കണോളെ വട്ടംപിടിച്ചു. ചെമ്പകത്തൈലത്തിന്റെ മണംകിട്ടാതെ ഓന്‍ ആര്‍ത്തുവിളിച്ചു. വെട്ടിക്കീറാന്‍ ആസ്പത്രിക്കാര്‍ക്ക് തരൂല്ലാന്നും പറഞ്ഞ് ഒറ്റതുള്ളി കണ്ണീരു ചാടിക്കാതെ നെഞ്ഞത്തടിച്ചു...

തണുത്ത പൂച്ചന്റെ കൂട്ടിരിക്കണ ദാസന്‍  പെമ്പറന്നോത്തിക്്ക വേണ്ടി പുലീന്റെ കൂട്ട് ചീറി വിളിക്കണത് കണ്ട് പെണ്ണുങ്ങള്‍ ഓന്റെ  പ്രേമത്തിന്റെ ചൂടളന്നു, കണ്ട് നിക്കാന്‍ പറ്റാതെ തേങ്ങി കരഞ്ഞു.

നിന്നനിപ്പില്‍ തെക്കേ തൊടിയില്‍ ചിതയൊരുക്കി  ചോദിക്കാന്‍ ചെന്നോരെ  നോക്കുകുത്തിയാക്കി, ദാസന്റെ സ്‌നേഹത്തിന് നാട്ടാര് ചൂട്ടുപിടിച്ചു.

ദാസാന്‍ ഓളെ കല്യാണപുടവ നെഞ്ഞത്തു പിടിച്ച്  ഭൂമികുലുക്കി, കാലവും ലോകവും തീര്‍ന്ന മട്ടില്‍ പുതുക്കം മാറാത്ത അറയടച്ചു. കൂട്ടം കൂടിയോരെല്ലാം ഓള മറന്ന് ദാസനെ ഓര്‍ത്ത് നെഞ്ഞുരുക്കി, അന്തിമൂത്തപ്പോള്‍ സേതു ദാസനേം കൊണ്ട്  തെക്കതൊടി താണ്ടി നടന്നു. 

കൂമംകുളത്തിലെ കുടപാറയിലിരുന്ന് ചുണ്ടുകൊരുത്ത് ഒറ്റ മീശയാക്കി.

സേതൂന്റെ കാടുപിടിച്ച നെഞ്ചിന്നാടിക്കുന്നിനെക്കാള്‍ ശേലുണ്ടെന്ന് ദാസന്‍ അടക്കംപറഞ്ഞു.

ഉള്ളംകാലിന്റടിയില്‍ ചെമ്പകത്തൈലം മണക്കണന്നും പറഞ്ഞ് സേതു ദാസനെ ചുറ്റിവരിഞ്ഞു, വള്ളി കെട്ടുപോലെ പിണഞ്ഞുരുണ്ട് തളര്‍ന്നു കിടന്നു. കുളത്തീന്ന് കിണറ്റില്‍ പൊങ്ങണ വഴിയോര്‍ത്ത്  മാത്രം നക്ഷത്രമെണ്ണി.

തെക്കേ തൊടിയില്‍ ചിത നീറിക്കത്തി. 

തീച്ചൂടില്‍ ആത്തോല്‍ ഉരുകിയൊലിച്ചു.

ഒറ്റമീശയായി നിക്കണ ഇരട്ടയുടല്‍ കണ്ട നട്ടുച്ചച്ചൂട് ജീവനുരുക്കി, കണ്ണ് തുറക്കാന്‍ വെറുക്കനെ നോക്കി അനങ്ങാക്കല്ലായി തോറ്റു കിടന്നു. 

Follow Us:
Download App:
  • android
  • ios