Asianet News MalayalamAsianet News Malayalam

Malayalam Short Story : ടൈപ്പിങ്..., സൈനബ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സൈനബ എഴുതിയ ചെറുകഥ

chilla malayalam short story by Sainaba
Author
First Published Nov 17, 2022, 5:31 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Sainaba

 

ഇരുട്ട് കുത്തിപ്പരന്ന മുറിക്കകത്ത് ഒരു മൂലയ്ക്ക് മൊബൈലും പിടിച്ചുകൊണ്ട് പുതപ്പുവിരിയില്‍ ശരീരത്തെ പൊതിഞ്ഞുകെട്ടി കിടന്നിട്ടും സ്‌ക്രീന്‍ വെളിച്ചത്തില്‍ എന്റെ മെല്ലിച്ച ശരീരത്തിന്റെ രൂപരേഖ പുറത്തേക്കെടുത്ത് കണ്ടു. ഇന്‍സ്റ്റഗ്രാമിന്റെ സെര്‍ച്ച് ബാറിലേക്ക് നീണ്ട വിരല്‍ത്തുമ്പത്ത് ചുവന്ന നൈല്‍പോളിഷിന്റെ അടര്‍ന്ന പാടുകള്‍ കാണാം. 

സെര്‍ച്ച് ബാറില്‍ ഒരു ക്ലിക്കില്‍ പ്രത്യക്ഷപ്പെട്ട കഴ്‌സറില്‍ നിന്നും ടൈപ്പ് ചെയ്തു വന്നത് _black_lover_7 എന്ന പേര്. കടിച്ചു തുപ്പിയ നഖം കിടക്കവിരിയിലേക്ക് തുരത്തപ്പെട്ടു. പുറത്തേക്കുന്തി നിന്ന കണ്ണുകള്‍ക്ക് വല്ലാത്ത പാച്ചല്‍. അത് വലത്തോട്ടും ഇടത്തോട്ടുമായി നെട്ടോട്ടമോടി. ഒരു നഗ്‌ന സുന്ദരിയുടെ ബ്ലാക് ആന്‍ഡ് വൈറ്റ് പ്രൊഫൈല്‍ ചിത്രത്തിനു താഴെ ഫോളോ ക്ലിക്ക് ചെയ്തുകൊണ്ട് വീണ്ടും നഖം കടിച്ചു തുപ്പി.

എന്തോ അബദ്ധം കാണിച്ചവളുടെ ജീവിതത്തിലേക്ക് ഏതാനും നിമിഷനേരം നുഴഞ്ഞുകയറിയതുപോലെ, എനിക്ക് വിയര്‍ത്തു വന്നു. മൊബൈല്‍ സ്‌ക്രീന്‍ ഓഫാക്കി തലയിണയ്ക്കിടയില്‍ കമിഴ്ത്തി വച്ച് പുതപ്പുവിരി തലയോടെ മൂടിക്കിടന്നു. എന്നിട്ടും ചിന്തകള്‍ പലമാതിരി പലവഴിക്ക് ചിതറിത്തെറിച്ച് ചുമരിലെ പെയിന്റ് അടര്‍ത്തിമാറ്റി.

'ഇങ്ങനെ കൊത്തിത്തിന്നാട്ട് വേഗം കഴിക്ക് കൊച്ചേ...'

പാത്രത്തിലെ അപ്പത്തുണ്ട് പെറുക്കിക്കഴിക്കുന്നതിനിടയ്ക്ക് അമ്മയുടെ പിറുപിറുക്കലുകളെ ചെവിക്കുഴിയിലോട്ട് കുത്തിയിറക്കും മുന്നേ നോട്ടിഫിക്കേഷന്റെ ശബ്ദം ഒരു മാത്ര മുഴങ്ങിക്കേട്ടു. പ്രതീക്ഷ കെട്ടണയും മുന്‍പേ ഇന്‍സ്റ്റാഗ്രാം നോട്ടിഫിക്കേഷനുകളൊക്കെ ചികഞ്ഞു തപ്പി. മനം മടുത്ത് തുടങ്ങുമ്പോഴേക്കും ബാക്കിയുള്ള ഫോളോ റിക്വസ്റ്റുകളൊക്കെ അക്‌സെപ്റ്റ് ചെയ്തുകൊണ്ട് ഒരു കവിള്‍ വെള്ളമിറക്കി. പെറുക്കി മാറ്റിവച്ച അപ്പത്തുണ്ടുകള്‍ക്ക് മീതെയിരുന്ന് ഒരു കൂട്ടം ഈച്ചകള്‍ അപ്പോഴേക്കും അപ്പിയിട്ടു തുടങ്ങിയിരുന്നു.

17 തികഞ്ഞതിന്റെ പിറന്നാള്‍ സമ്മാനം അച്ഛന്‍ പാതിരാനേരത്ത് മുറിക്കതക് തുറന്നു തരുമ്പോള്‍ മാറത്ത് പുസ്തകച്ചട്ട ഒരു മറയായിരുന്നു. പിറന്നാള്‍ സമ്മാനം പൊതിഞ്ഞുകെട്ടി കൈത്തലത്തില്‍ വച്ച് തന്നു. വര്‍ണക്കടലാസ് പൊളിച്ചു മാറ്റി നോക്കി. സാംസങിന്റെ ചതുരപ്പെട്ടിക്കുള്ളില്‍ മൊബൈല്‍ ഓഫ് സ്‌ക്രീനില്‍ എന്റെ ചതുര്‍മുഖം. വൈകാതെ തന്നെ രാപകലുകള്‍ ഒരു സൂചനയുമില്ലാതെ കടന്നു പോയി. കാലത്തേ എണീറ്റ് പല്ലുതേയ്പ്പ് കഴിഞ്ഞുള്ള ചായ കുടിക്ക് പിന്നീടുള്ള ദിവസങ്ങളിലൊക്കെ മുറ തെറ്റി. വെന്ത ചുടുചോറ് ഉച്ചകഴിഞ്ഞ് കഴിക്കുമ്പോഴേക്കും ആറിത്തണുത്തതിന്റെ കെട്ട നാറ്റം സഹിക്കവയ്യാതെ പുറത്തെ തെങ്ങിന്‍ ചോട്ടില്‍ അമ്മ അറിയാതെ വലിച്ചെറിയുന്നതും പതിവായി. പുസ്തകങ്ങളൊക്കെ ഷെല്‍ഫിലേക്ക് കയറ്റി വച്ചിട്ടുണ്ട്. പൊടിപിടിച്ച് കിടക്കുന്ന പുസ്തകപ്പുറം ചട്ടകളില്‍ എട്ടുകാലിയുടെ സഞ്ചാരപാത തെളിഞ്ഞു കാണാം.

മുഷിഞ്ഞു നാറിയ യൂണിഫോം ഷര്‍ട്ടിന്റെ ആദ്യ ബട്ടണ്‍ അഴിച്ചു മാറ്റുമ്പോഴായിരുന്നു പുതിയ നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ടത്. അപ്പോഴേക്കും അടുത്ത നോട്ടിഫിക്കേഷന്റെ മുഴക്കം ഒരു നിമിഷത്തേക്കുള്ളില്‍ മൂലയ്ക്ക് ഒതുങ്ങി. മൊബൈലെടുത്ത് പരിശോധന നടത്തുന്നതിനിടയില്‍ എന്റെ കണ്ണുരളയ്ക്ക് വല്ലാത്ത പായ്ച്ചല്‍!

_black_lover_7 എന്ന അക്കൗണ്ട് ഫോളോയിംഗ് ചെയ്തുകൊണ്ടുള്ളതാണ് ആദ്യ നോട്ടിഫിക്കേഷന്‍. അതിനു താഴെ കണ്ടു.

              ഹായ്.

സ്‌ക്രീന്‍ കീബോര്‍ഡിലേക്ക് എന്റെ ചൂണ്ടുവിരല്‍ നിരങ്ങി നീങ്ങിക്കൊണ്ട് ടൈപ്പ് ചെയ്തു തുടങ്ങി.

                ഹായ്.

അത്രമാത്രം.

ഒരു നിമിഷം കണ്ണ് ചിമ്മിത്തുറക്കുമ്പോഴേക്കും സ്‌ക്രീനില്‍,

                 Typing...

നെഞ്ചിനകത്ത് പകച്ചില്‍ പുകഞ്ഞ് വന്നതും, കണ്ണുരുള സ്‌ക്രീനില്‍ തറഞ്ഞ് പോയതും ഒരേ സമയത്തായിരുന്നു.

               എന്താ പേര്?

               ആതിര.

വീണ്ടും,

                Typing...

              തന്റെ പോസ്റ്റുകളൊക്കെ കണ്ടു. തന്നെ കാണാന്‍ നല്ല ഭംഗിയുണ്ട്.

               താങ്ക്‌സ്.

എനിക്ക് സൗന്ദര്യബോധം കൂടി വന്നത് ആ ടൈപ്പിംഗ് മെസേജ് വായിച്ചതിന് ശേഷമായിരുന്നു. കണ്ണ് കറുപ്പിക്കാനും മുഖത്ത് പൗഡറ് പൂശാനും മണിക്കൂറുകളോളം ശരീരത്തെ കണ്ണാടിക്കു മുന്നില്‍ കുത്തി നിര്‍ത്തി. മുഖത്ത് വിയര്‍പ്പൊലിച്ചിറങ്ങുമ്പോള്‍ അപകര്‍ഷതാബോധം തുള്ളിയിട്ട് പൊന്തും. പൗഡര്‍ ഒലിച്ചിറങ്ങിയ മുഖത്ത് പരുക്കള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. ചീര്‍ത്തു പൊങ്ങിയ സ്‌കൂള്‍ ബാഗില്‍ പ്ലസ് ടു പാഠപുസ്തകങ്ങളോടൊപ്പം പിങ്ക് ലിപ്സ്റ്റിക്കിന്റെ രൂപപഘടനയും പുറത്തേക്ക് തെളിഞ്ഞു നില്‍ക്കും.

ആകാശത്ത് നക്ഷത്രങ്ങളുടെ കുഞ്ഞു പൊട്ടുകള്‍. മുറിക്കകത്ത് മൊബൈല്‍ സ്‌ക്രീനിന്റെ വെളിച്ചം മുഖത്തേക്കടിച്ചപ്പോള്‍ ഞാന്‍ വിളറിവെളുത്തു.

സ്‌ക്രീനില്‍,

                   Typing...

എന്നു കാണാം.

വികസിച്ചു വന്ന കണ്ണിലെ കൃഷ്ണമണിയില്‍ അതിന്റെ പ്രതിഛായ.

                   ഹായ്. കിടന്നോ?

എനിക്ക് കൈ വിറച്ചു. നഖം കടിച്ചു തുപ്പി. അത് സ്‌ക്രീനില്‍ ഒട്ടി നിന്നു.

                ഇല്ല.

                എപ്പഴാ കിടക്കാ.
    
                വൈകും.

               എന്നാല്‍ നമുക്ക് വല്ലതും പറഞ്ഞുകൊണ്ടിരിക്കാം..?   
      
പ്രായത്തിനുതകുന്ന പക്വതയില്ലാത്തതുകൊണ്ട് ഞാനതങ്ങ് സമ്മതിച്ചു. പാതിരാസമയത്ത് അയാളുടെ പേരു പോലും തിരക്കാതെ കണ്ണ് കനത്ത് തൂങ്ങും വരെ ചാറ്റ് ചെയ്തു. പിറ്റേന്ന് രാവിലെ വൈകിയാണ് എണീറ്റത്. അന്ന് സ്‌കൂള്‍ അവധിയായിരുന്നു. കുളിയും കഴിഞ്ഞ് കുറിയും തൊട്ട് നേരെ മൊബൈലെടുത്ത് കുത്തിക്കൊണ്ടിരുന്നു.

ഇന്‍സ്റ്റാഗ്രാമിന്റെ ഹോംപേജ് തുറന്ന് നോട്ടിഫിക്കേഷനുകളില്‍ക്കൂടി ഒന്ന് കറങ്ങിത്തിരിഞ്ഞു. അയാളുടേതായി പുതിയതൊന്നും വന്നിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ മുഖത്ത് നിരാശ കൂടുകെട്ടി നിഴലിച്ചു. അതില്‍ നിന്നുമിറങ്ങി വാട്‌സാപ്പ് ചാറ്റുകളിലൂടെയും കണ്ണോടിച്ചു. പ്ലസ് ടു ക്ലാസ്സുകളുടെ പി.ഡി.എഫ് ഫൈലുകളൈക്കെ കിടക്കുന്നത് കാണാം. അങ്ങനെ ഒരു ലക്ഷ്യവുമില്ലാതെ പല ആപ്പുകളില്‍ക്കൂടി കയറിയിറങ്ങി.

എല്ലാ രാത്രികളിലും പോലെ കതകടച്ചു പൂട്ടി ലൈറ്റ് ഓഫാക്കിയതും മുറിക്കകം ഇരുട്ടിന്റെ നുഴഞ്ഞു കയറ്റം വളരെ പെട്ടെന്ന് തന്നെ സംഭവിച്ചു. എന്തിന്റെയൊ നോട്ടിഫിക്കേഷന്‍ മുഴങ്ങിക്കേട്ടതിന്റെ ഞെട്ടലില്‍ മുട്ടുകാല് ചെന്ന് കട്ടിലില്‍ ചെന്നിടിച്ചു. പുതഞ്ഞ് മൂടിക്കിടന്ന എന്റെ മുഖത്തേക്ക് സ്‌ക്രീന്‍ വെളിച്ചം ശക്താമായി വന്നടിച്ചു. അതിന്റെ ആഘാതത്തില്‍ കണ്ണ് ഒരു നിമിഷം അടഞ്ഞ് തന്നെ നിന്നു.

           ഹായ്. കഴിച്ചോ?

അത് അയാളുടെ മെസ്സേജായിരുന്നു. കണ്ണ് പരമാവധി മിഴിച്ചു നോക്കി, ഉറപ്പു വരുത്തി.

         കഴിച്ചു.

         കിടന്നോ?

         കിടക്കാന്‍ പോകുന്നു.

         എന്നാ നമുക്ക് കുറച്ചു നേരം      സംസാരിച്ചാലോ?

         ശരി.

        ഞാനെന്ത് വേണമെങ്കിലും ചോദിക്കാമോ?

        ഹാ...

        എന്നാ നമുക്കൊരു ഹോട്ട് ചാറ്റ് ആയാലോ?

മുഖത്തേക്ക് അഴിഞ്ഞു വീണ മുടിനാരുകള്‍ ഒതുക്കി കെട്ടി വച്ചു.  വീണ്ടും മുടിക്കെട്ട് അഴിച്ചെടുത്ത് അതില്‍ വിരലിട്ട് ചികയാന്‍ തോന്നി.

           ഹോട്ട് ചാറ്റോ?!

തല്‍ക്ഷണം കൊണ്ട് തന്നെ അയാളുടെ വീഡിയോ കോള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.

എനിക്കെന്റെ മുഖം സ്‌ക്രീനില്‍ വ്യക്തമല്ലായിരുന്നു. ഇരുട്ട് പുകഞ്ഞ് ഞാനതില്‍ മറഞ്ഞു. നഗ്‌ന സുന്ദരിയുടെ പടം സ്‌ക്രീനിന്റെ മുകളില്‍ ഒരു വൃത്തത്തില്‍ കുരുങ്ങിക്കിടക്കുന്നത് കാണാം. അതിനു താഴെ കോള്‍ ബട്ടണ്‍ വല്ലാതെ പൊങ്ങിത്താഴുന്നുണ്ട്. അതിന്റെ പൊങ്ങിത്താഴ്ച നിര്‍ത്താനെന്ന ശ്രമമെന്നോണം പെരുവിരല്‍ അതിനെ കുത്തിപ്പൊക്കി. പിന്നീട് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞത് ഒരു പുരുഷന്റെ അരക്കെട്ട് വരെയുള്ള നഗ്‌നത. ശരീരം വല്ലാതെ വിയര്‍ത്തു വരുന്നതായി തോന്നി.

അപ്പോഴേക്കും കോള്‍ കട്ടായി.

സ്‌ക്രീനില്‍ വീണ്ടും,

          Typing...

         എന്നെ ഇഷ്ടായോ?

         ഹാ.

         എന്നാ നിന്റെയൊരു ഫോട്ടോ അയച്ചു താ.

        അത് വേണോ.

        അല്ലെങ്കില്‍ വീഡിയോ കോള്‍ ചെയ്യാമോ?

        അത് പറ്റില്ല.

        എന്നാ നീയിപ്പൊ ഏത് ഡ്രസ്സാ ഇട്ടിരിക്കുന്നെ. പറയാമോ?

പുതപ്പുവിരികൊണ്ട് ശരീരത്തെ ഒന്നുകൂടെ പുതഞ്ഞുമൂടി. വീണ്ടും,

             Typing...

            പോയോ.

           ഇല്ല. പറയൂ...

          ഞാന്‍ നേരത്തെ ചോദിച്ചില്ലേ... ആതിര ഏത് ഡ്രസ്സാ ഇട്ടിരിക്കുന്നേ...

        നൈറ്റ് ഡ്രസ്സ്.

        സ്ലീവ്‌ലെസ് ആണോ?

        അതെ.

       എന്നാലതൊന്ന് കാണിച്ചൂടെ.

       ഇപ്പൊ പറ്റില്ല.

       പിന്നെ എപ്പോ പറ്റും. പറയ്.

മൊബൈല്‍ സ്‌ക്രീന്‍ ഓഫാക്കി തലയിണയ്ക്കടിയില്‍ കയറ്റി വച്ച് ഇരുട്ടിലേക്ക് മുഖം തുറന്നപ്പോള്‍ മുന്നില്‍ കണ്ടതൊക്കെ കറുത്ത പുകമഞ്ഞ് മൂടിക്കിടന്നു. 

ഞാനോര്‍ക്കുന്നു... ആ നഗ്‌ന സുന്ദരിയുടെ പടത്തില്‍ അവള്‍ക്ക് പിന്നില്‍ ചില നിഴല്‍ രൂപങ്ങളെ കാണാമായിരുന്നു. പുറത്ത് നിലാവിന്റെ നീല വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന മരങ്ങള്‍ വീഴ്ത്തിയിട്ട നിഴലുകളെ ജനാലയുടെ ചെറിയ വിടവിലൂടെ കണ്ടു. 

പെട്ടെന്ന് വാതില്‍ മുട്ടുന്ന ശബ്ദം കേട്ടു. ഒരുപക്ഷെ, അച്ഛനായിരിക്കാം...

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios