Asianet News MalayalamAsianet News Malayalam

മണ്‍പുഴു, സൈനബ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സൈനബ എഴുതിയ ചെറുകഥ

chilla malayalam  short story by Sainaba
Author
First Published May 25, 2023, 4:56 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 


സൂര്യന്‍ ചത്ത് താഴാന്‍ പോകുകയാണ്. ഇഫ്താറിന്റെ സമയം അടുത്തുകൊണ്ടിരുന്നു. അടുക്കളയില്‍ സ്റ്റീല്‍ പാത്രങ്ങളുടെ ചര്‍ച്ച. പതിനെട്ട് തികഞ്ഞ എനിക്കന്ന് അടുക്കളയില്‍ കയറി പെരുമാറാനുള്ള അനുവാദം തന്നില്ല. മാസമുറയുടെ സമയത്ത് 'അശുദ്ധിപ്പെണ്ണിനെ' കയറ്റരുതെന്നാണ് ഉമ്മുമ്മയുടെ ശാസനം. ഉമ്മ അത് മുറ തെറ്റാതെ ചെയ്തു. 

ഉമ്മറത്തിണ്ണയില്‍ നാട്ടിയ കസേരയിലിരുന്ന് ഹദീസിന്റെ ഏടുകള്‍ മറിക്കുകയായിരുന്നു ഉമ്മുമ്മ. പ്രായം അറുപത്തിയൊന്‍പത് തികഞ്ഞ ആ വയസ്സത്തിയെ മറികടന്നു വേണം അടുക്കളയിലെത്താന്‍.

'സൈനു നിന്നോട് മുറിക്കകത്ത് പോയിരിക്കാനല്ലെ പറഞ്ഞത്.'

പാരായണത്തില്‍ മുങ്ങിത്താഴ്ന്ന അവര്‍ കഴുത്ത് വെട്ടാന്‍ കൂട്ടാക്കാത്ത ബലിയാടിനെപ്പോലെ പൊടുന്നനെ തലപൊക്കിയെടുത്ത് കൂര്‍പ്പിച്ച കണ്ണുരുള എന്റെ നേര്‍ക്ക് ഉരുട്ടി വിട്ടു.

ഈ റമദാനിലെ ഇരുപതാമത്തെ നോമ്പാണ് ഇന്ന്. പുലര്‍ച്ചയ്ക്ക് എണീറ്റ് രണ്ട് ഈന്തപ്പഴവും ഒരു മൊന്ത പാലും കുടിച്ചാണ് സഹര്‍ ചെയ്ത് കിടന്നത്. എണീറ്റ് നോക്കുമ്പോള്‍ തിന്നതും കുടിച്ചതും അടിവസ്ത്രത്തില്‍ ഇരുണ്ട് കൊഴുത്ത് കടുംകാപ്പിനിറത്തില്‍ അവശേഷിച്ച് കിടക്കുന്നു. എന്റെ നോമ്പ് പോയത് ഉമ്മയോട് മാത്രം പറഞ്ഞു. അവര്‍ വീട്ടിലെല്ലാവരെയും  അറിയിച്ചു കൊണ്ട് ഒരു അപായ സൂചന മുഴക്കി.

'ഈ പെണ്ണിന് നാള്‍ക്കണക്കെണ്ണി വെക്കാനൊന്നും നിയ്യ് പഠിപ്പിച്ചു കൊടുത്തിട്ടില്ലെ?' അവര്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു: 'ഇനി അവളെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കണ്ട. നേരത്തിന് തിന്നാന്‍ കൊടുത്ത് ആ മൂലയിലെങ്ങാനും പോയി  ഇരിക്കാന്‍ പറ.'

പന്ത്രണ്ടാമത്തെ വയസ്സിലാണ് ഞാന്‍ ഋതുമതിയാകുന്നത്. ആര്‍ത്തവചക്രം നിലച്ച രണ്ടു സ്ത്രീകള്‍ എന്നെ മുറിയുടെ മൂലയിലേക്ക് തള്ളി പച്ചമുട്ട രണ്ടെണ്ണം വായിലുടച്ചു തന്നു. വല്ലാത്തൊരു രുചിയായിരുന്നു അതിന്. അതിലേറെ അസഹനീയമായിരുന്നു അടിവസ്ത്രത്തില്‍ ആദ്യമായി തുണിയുപയോഗിച്ചപ്പോള്‍! അന്നുമുതല്‍ വയസ്സത്തിയുടെ നോട്ടം കൊണ്ട് ശരീരത്തിലെ പല ഭാഗങ്ങളും വാ പൊത്തി നിന്നിട്ടുണ്ട്. അവരുടെ തുരുമ്പിച്ച ചിന്താചീളുകള്‍ കൊണ്ട് പലപ്പോഴും നോവാറുണ്ട്.

'ആബിദേ.. ദാ ആ ചെറുക്കന്‍ ഇറച്ചിപ്പൊതി കൊണ്ടു വന്നിട്ടുണ്ട്. വന്ന് വാങ്ങിക്ക്.'

ഉമ്മറത്തിണ്ണയില്‍ ആ പരിചിത മുഖം കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ചെന്ന് ഉമ്മറ വാതില്‍പ്പടി പാതി മറഞ്ഞ് നിന്നു. ഉമ്മാന്റെ കയ്യില്‍ നിന്നും പണം വാങ്ങിയ ആ പരിചിത മുഖം എന്നിലേക്ക് അരുതാത്തൊരു നോട്ടം എറിഞ്ഞു തന്നിട്ട് കടന്നു കളഞ്ഞു. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, പിടക്കോഴികളുടെ ഒരു സംഘം ചേര്‍ന്ന് തല കുമ്പിട്ട് മണ്ണ് ചികഞ്ഞ് വേണ്ടുന്നതും വേണ്ടാത്തതും കൊത്തിക്കൊണ്ടിരിക്കുന്നു. അതിലൊരെണ്ണം എന്റെ നേര്‍ക്ക് തിരിഞ്ഞ് ആവേശത്തോടെ മണ്ണ് ചികഞ്ഞുകൊണ്ടിരുന്നു.

'സൈനു നിന്റടുത്തല്ലെ അകത്ത് പോയിരിക്കാന്‍ പറഞ്ഞത്. ഈ സമയത്ത് പച്ചയിറച്ചി തൊടരുത്. സെയ്ത്താന്‍ കൂടും.'

ഉമ്മുമ്മയുടെ വിരല്‍ ചൂണ്ടി നിന്നത് എന്റെ കാഴ്ചയ്ക്ക് എതിര്‍ ദിശയിലായിരുന്നു. അവരെന്നെ അകത്തേക്ക് ഉന്തിത്തള്ളി. ഉമ്മ ഇറച്ചിപ്പൊതിയുമായി അടുക്കളയിലേക്ക് ഒരു പാവയെപ്പോലെ നേരെ നടന്ന് വലതു വശം തിരിഞ്ഞു.

കുഞ്ഞു നാളില്‍ വാപ്പ വാങ്ങിക്കൊണ്ടു വരുന്ന തൊലിയുരിച്ച കോഴിയിറച്ചിയെ ഞാനും ഉമ്മയും ചേര്‍ന്നാണ് കണ്ടം തുണ്ടമായി വെട്ടിനുറുക്കിയിരുന്നത്. ആദ്യത്തെ ഒരു വെട്ടിന് അത് രണ്ട് കഷണങ്ങളായി മുറിയുന്നതിനോടൊപ്പം ചോരയും ചീറ്റിത്തെറിക്കും. പല വെട്ടുകള്‍  മാംസത്തില്‍ വീഴ്ത്തും. എല്ലും കൊഴുപ്പും നീക്കി വീണ്ടും അതിനെ നുറുങ്ങു കഷണങ്ങളാക്കും. അതിനോടൊപ്പം വെട്ടുകത്തിക്ക് വഴങ്ങാതെ മാംസത്തില്‍ നിന്നും ഇരച്ചിറങ്ങിയ രക്തം നേര്‍വഴി നടക്കാതെ ഒഴുകിപ്പരക്കും. ജോലിക്കു കൂലിയായി ഒരു കോഴിക്കാല്‍ എനിക്കായി പ്രത്യേകം മാറ്റി വയ്ക്കുന്നത് ഒരു പതിവായിരുന്നു.

ഇഫ്താറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബാങ്കു വിളി കേട്ടു. വെള്ളം കുടിച്ചുകൊണ്ട് സത്യവിശ്വാസികളായ രണ്ടു സ്ത്രീകള്‍ നോമ്പ് തുറന്നു. മുറിക്കകത്തിരുന്ന എനിക്ക് ഉമ്മുമ്മയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു കോഴിക്കാല് പൊരിച്ചതും മൂന്ന് പത്തിരിയും ഉമ്മ കൊണ്ട് തന്നു. 

ഒരു കഷണം ഇറച്ചിത്തുണ്ട് അരച്ചകത്താക്കി. തൊണ്ടക്കുഴിയിലൂടെയിറങ്ങി അത് ഉദരത്തില്‍ ചെന്നെത്തി. അന്നേരം പൊക്കിള്‍ച്ചുഴി കുഴിഞ്ഞ ഭാഗത്ത് വേദനയുടെ ഒരു കുമിള പൊട്ടി. കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് ചികയുമ്പോഴുണ്ടാകുന്ന വേദന! ഒരു ചത്ത കോഴിയുടെ പ്രേതം ഉദരത്തില്‍ ചികഞ്ഞുകൊത്തിയെറിഞ്ഞ ഒരു മണ്‍പുഴു തുടയിടുക്കിലൂടെ അരിച്ചിറങ്ങി കിടക്കവിരിയിലേക്ക് തലതല്ലി വീണ് ഒരു ചോരത്തുള്ളി സൃഷ്ടിച്ചിരിക്കുന്നു..!

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios