ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  സജില വികാസ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


ഏതോ മരുന്ന് കഴിച്ചുറങ്ങിയ നിശ്ശബ്ദതയെ അലോസരപ്പെടുത്തിക്കൊണ്ട് ഘടികാര സൂചികള്‍ സമയം തെറ്റാതെ ശബ്ദിച്ചുകൊണ്ടിരുന്നു. 

നീണ്ട ഇടനാഴിക്കിരുവശവും ക്രമം തെറ്റാതെ നിരത്തിയ കസേരകളില്‍ ആളുകള്‍ വന്നിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിന്റെ അനിഷ്ടം കണ്ണുകളില്‍ നിറച്ച് നോക്കിയതുകൊണ്ടാവാം ഘടികാരം തന്നെ പരിഹസിക്കുന്നതായി അയാള്‍ക്ക് തോന്നിയത്. വന്നിട്ട് അരമണിക്കൂര്‍ ആയി; ഇതുവരെ ഡോക്ടര്‍ എത്തിയിട്ടില്ല. മനസ്സിലെ അമര്‍ഷം വാക്കുകളായി പുറത്ത് വന്നപ്പോള്‍ ഭാര്യയും മകനും അയാളെ പുച്ഛത്തോടെ നോക്കി.

'ഡോക്ടര്‍ അച്ഛനെ പോലെ അല്ല, ഒരുപാട് തിരക്കുള്ളയാളാണ്, കുറച്ച് സമയം കാത്തിരുന്നാല്‍ എന്താണ്, പോയിട്ട് മലമറിക്കാനുണ്ടോ...?'

മകന്റെ ദേഷ്യത്തോടെയുള്ള മറുപടി അയാളെ നിശ്ശബ്ദനാക്കി. കാത്തിരിപ്പിന്റെ മുഷിപ്പില്ലാതെ മകന്‍ ഫോണിലേക്ക് മുഖം താഴ്ത്തിയപ്പോള്‍ ദീര്‍ഘനിശ്വാസതോടെ അയാള്‍ കണ്ണുകളടച്ച് കസേരയില്‍ ചാരിയിരുന്നു. അടഞ്ഞ കണ്‍പോളകള്‍ കാഴ്ചകളെ മറച്ചപ്പോള്‍ അകക്കാഴ്ചകള്‍ക്ക് തെളിമ കൂടി വന്നു.

'നേരമിത്രയായിട്ടും നീ എഴുന്നേറ്റില്ലേ..?' 

അമ്മ വിളിച്ചപ്പോള്‍ ഒന്നുകൂടി പുതച്ചു കിടക്കാനാണ് തോന്നിയത്. അരിച്ചിറങ്ങുന്ന തണുപ്പിനെ വകഞ്ഞുമാറ്റിക്കൊണ്ട് നിറച്ച പാല്‍ക്കുപ്പികളുമായി ഇടവഴിയിലേക്കുള്ള പടികളിറങ്ങുമ്പോള്‍ പലചരക്കു കടക്കാരന്‍ ഗോവിന്ദേട്ടന്‍ അമ്മയോടു പറയാനായി പറഞ്ഞ പറ്റുബുക്കിലെ വലിയ അക്കങ്ങള്‍ മനസിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.

പാടവരമ്പിലെ തൊട്ടാവാടികള്‍ കാലില്‍ കൊണ്ടപ്പോള്‍ ചെറുതായി വേദനിച്ചു. സമയം തെറ്റി സ്‌കൂളിലെത്തിയാല്‍ സമ്മാനമായി കിട്ടിയിരുന്ന ചൂരല്‍ കഷായത്തിന്റെ ഓര്‍മയില്‍ അതെല്ലാം മറന്നു. കാലുകളുടെ വേഗത കൂടി.

ഇരുട്ടിന്റെ കനത്ത കുപ്പായം കീറി മുറിക്കാന്‍ മാത്രം കരുത്ത് മണ്ണെണ്ണ വിളക്കിന്റെ ശുഷ്‌കിച്ച തിരിനാളങ്ങള്‍ക്ക് ഇല്ലാത്തതു കൊണ്ട്, സന്ധ്യയ്ക്ക് മുന്നേ പണികളൊക്കെ തീര്‍ക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു.

അങ്ങനെ എന്തൊക്കെ, സ്വന്തമായി ഒരു ഘടികാരമില്ലാത്ത കാലത്ത് ഘടികാര സൂചികളെ ഓടിയും നടന്നും കിതച്ചും തോല്‍പിച്ച ഓര്‍മകള്‍. സമയത്തെ ഓടിപ്പിടിക്കാന്‍ ശ്രമിക്കുന്ന വാശിക്കാരനാക്കി മാറ്റിയ ജീവിതാനുഭവങ്ങള്‍. എവിടെയൊക്കെയോ ഒറ്റപ്പെട്ടു പോയതും ഇതേ കാരണം കൊണ്ടായിരുന്നു. 

ഓര്‍മകളില്‍ നിന്ന് വിളിച്ചുണര്‍ത്തിയ പല്ലിയെ അന്വേഷിച്ച അയാളുടെ കണ്ണുകള്‍ ഉടക്കിനിന്നത് 'പരിശോധന സമയം 4 മണി മുതല്‍' എന്നെഴുതിയ ബോര്‍ഡിലായിരുന്നു. അലസമായി ഫോണില്‍ സംസാരിച്ചുകൊണ്ട് ഡോക്ടര്‍ മുറിയിലേക്ക് കയറുമ്പോള്‍ പുറത്തെ ഓട്ടുകമ്പനിയില്‍ നിന്ന് അഞ്ച് മണിക്കുള്ള അലാറം മുഴങ്ങിത്തുടങ്ങിയിരുന്നു.

അല്‍പസമയം കഴിഞ്ഞപ്പോള്‍ തോടിനുള്ളില്‍ നിന്നും ഒച്ച് തലനീട്ടുന്നതു പോലെ, വാതിലിനിടയില്‍ കൂടി നഴ്‌സ് തല പുറത്തേക്കിട്ട് നീട്ടി വിളിച്ചു,- 'നാരായണന്‍.'

ഭാര്യയും മകനും ചാടി എഴുന്നേറ്റ് ഉള്ളിലേക്ക് കയറി. ഏറെ നേരം ഇരുന്നതില്‍ പ്രതിഷേധിച്ചു പണി മുടക്കിയ മുട്ടുകളെ തടവി അനുനയിപ്പിച്ചു കൊണ്ട് അയാള്‍ മെല്ലെ എഴുന്നേറ്റു നടന്നു. വാതില്‍ വീണ്ടും ശക്തിയോടെ തുറന്ന് നഴ്‌സ് പറഞ്ഞു.

'വേഗമാവട്ടെ ഡോക്ടറിന് തിരക്കുണ്ട് '

ഒരു മണിക്കൂര്‍ കാത്ത് നിന്നവനോട് ഒരു മിനിറ്റിന്റെ കണക്ക് പറയുന്ന വിരോധാഭാസം. അയാള്‍ മുറിയിലേക്ക് കയറി. സുമുഖനായ ഡോക്ടര്‍ കണ്ണട ശരിയാക്കികൊണ്ട് അയാളോട് ഇരിക്കാന്‍ പറഞ്ഞു. 

'എന്താണ് പ്രശ്‌നം?'

ഡോക്ടര്‍ ചോദ്യം മുഴുമിപ്പിക്കും മുന്‍പേ ഭാര്യയും മകനും പ്രശ്‌നങ്ങളുടെ ഭണ്ഡാരം തുറന്നു. ആ പഴയ ഭണ്ഡാരത്തില്‍ നിന്നും പുറത്തേക്ക് ചാടിയ കുറ്റങ്ങള്‍ ഇരിക്കാന്‍ സ്ഥലമില്ലാതെ മേശയില്‍ തിക്കും തിരക്കും കൂട്ടി. ആദ്യം അലസതയോടെയും പിന്നീട് അതീവശ്രദ്ധയോടെയും എല്ലാം കേട്ട ഡോക്ടര്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു.

തന്റെ മുഖത്തേക്ക് നോക്കുന്ന കണ്ണുകളുടെ കൂട്ടത്തില്‍ രോഗിയുടെ കണ്ണുകളില്ല എന്ന തിരിച്ചറിവ് മുഖത്ത് നിരാശയുടെ നിഴല്‍ വീഴ്ത്തിയെങ്കിലും അതു മറച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു തുടങ്ങി.

'നിങ്ങള്‍ കുറച്ച് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്, ഇത് ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. എന്നാല്‍ ഇതില്‍ കാര്യമായ ഒരു മാറ്റം വരുത്താനും സാധ്യമല്ല. ഒരുകാലത്ത് വ്യാപകമായി കണ്ടിരുന്ന ഈ ഒരു പ്രശ്‌നം ഇന്ന് വളരെ അപൂര്‍വമാണ്. ഇത്തരക്കാരുടെ വീട്ടുകാര്‍ക്കാണ് ഇതുകൊണ്ട് കൂടുതല്‍ ബുദ്ധിമുട്ട്. എല്ലാം കൃത്യസമയത്തു നടക്കണം എന്ന നിര്‍ബന്ധബുദ്ധിയാണ് ഇവരുടെ പ്രധാന പ്രശ്‌നം പ്രത്യേകിച്ചു മരുന്നോ ചികിത്സയോ ഇല്ലാത്ത ഈ അവസ്ഥയ്ക്കുള്ള പരിഹാരം, ഇവരോട് ഇടപഴകുന്നവര്‍ കുറച്ച് അഡ്ജസ്‌റ് ചെയ്യുക എന്നത് മാത്രമാണ്. അതാണ് ആകെ ചെയ്യാവുന്നത്.'

ഡോക്ടര്‍ വിശദീകരണം അവസാനിപ്പിക്കുമ്പോള്‍ അയാള്‍ നിര്‍വികാരതയോടെ മകന്റെ സ്മാര്‍ട്ട് വാച്ചില്‍ സമയം തിരയുന്നുണ്ടായിരുന്നു. അവിടുന്നു പുറത്തേക്കിറങ്ങുമ്പോള്‍ മകന്‍ പതിയെ അമ്മയോടു പറഞ്ഞു 'വെറുതെ സമയം പോയി.. സഹിക്കുക തന്നെ'

കൃത്യനിഷ്ഠ തെറ്റാണെന്ന് തോന്നിപ്പിക്കുന്ന കാലം. കൊടും കുറ്റവാളിയെ പോലെ അയാള്‍ തല താഴ്ത്തി അവരുടെ പിന്നാലെ നടന്നു. നേരം തെറ്റാതെ സ്‌കൂളിലെത്താന്‍ ഓടുന്ന ഒരു കുട്ടി അപ്പോഴും മനസ്സിന്റെ മണ്‍ വഴിയിലെവിടെയോ നിന്ന് അയാളോട് വഴക്കിടുന്നുണ്ടായിരുന്നു.