Asianet News MalayalamAsianet News Malayalam

മുങ്ങാംകുഴി, സലു അബ്ദുല്‍ കരീം എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സലു അബ്ദുല്‍ കരീം എഴുതിയ കഥ
 

chilla malayalam short story by salu abdul kareem
Author
Thiruvananthapuram, First Published Apr 28, 2021, 5:44 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam short story by salu abdul kareem


മുങ്ങാംകുഴി

മരിച്ചയാളെ കാണുന്നതിനെക്കാള്‍ മരണവീടുകളില്‍ പോകുന്നതിനെയായിരുന്നു ഞാനേറെ ഭയന്നിരുന്നത്..

കുന്തിരിക്കത്തിന്റെ രൂക്ഷ ഗന്ധം എന്നെ ഏറെ അലട്ടുന്ന ഒരു മാനസികപ്രശ്‌നമായി മാറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കഴിവതും പല മരണ വീടുകളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ തുടങ്ങി. ആ ഗന്ധം, അവിടുത്തെ തിരക്ക് അങ്ങനെ ഒത്തിരി കാരണങ്ങള്‍ എന്നെ സംബന്ധിച്ച് അത്തരം സന്ദര്‍ഭങ്ങളെ  ഒഴിവാക്കുന്നതിനുള്ള കാരണമായി  അവിടങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു..  

ആ കാരണങ്ങളാല്‍ തന്നെയാണ് നാട്ടിലെ  സൈതുക്ക മരിച്ച ദിവസം വല്ലാതെ വീര്‍പ്പുമുട്ടിച്ച വിഷയത്തെ മനപ്പൂര്‍വ്വം ഒഴിവാക്കി ധൃതിയില്‍ ഞാനെന്റെ സൈക്കിളില്‍ കയറി വീട്ടിലേക്ക് പോരാന്‍ തുടങ്ങിയത്. വീടിന്റെ അടുത്തെത്താറായപ്പോള്‍ പതിവിന് വിപരീതമായി വീടിന് തൊട്ടടുത്തുള്ള  കൂട്ടുകാരന്റെ തറവാട് കുളത്തിനു ചാരെ എന്തെന്നില്ലാത്ത ആള്‍ക്കൂട്ടം..!

അവിടെ നിറയെ ആളുകള്‍ കുളത്തില്‍ തിരച്ചില്‍ നടത്തുകയാണ്..

'എന്താ.. എന്താ ഇവ്‌ടെ...?' 
എന്റെ ചോദ്യത്തിന് കൂടി നിന്നവരില്‍ ഒരാള്‍ മറുപടി പറഞ്ഞു ... 

'അതീ  വീട്ട്‌ലെ  ചെക്കനെ ഇവ്‌ടെ കുളത്തിന്റെ അവിട്ന്ന് കാണാണ്ടായി ചൂണ്ടടാനായി വീട്ടില്‍ന്ന്  പോന്നതാത്രേ.. ഇത് വരെ തിരിച്ച്  ചെന്നട്ടില്ല.. വീട്ടേര്  നോക്ക്മ്പം  അവന്റെ ചൂണ്ടലിവ്‌ടെ കെട്ക്ക്ണ്ട് .. ആളെവ്‌ടെവ്ടിം കാണാല്ല.' 

ആധിയില്‍ അവന്റെ ചെയ്തികളിലേക്ക് മനസ്സ് വെറുതെ ഊളിയിട്ടു കൊണ്ട് എണ്ണാന്‍ തുടങ്ങി..

' .....ഒന്ന്.. രണ്ട്... മൂന്ന്.. നാല്......... ഒമ്പത്... പതിനെട്ട്........ ഇരുപത്തിയഞ്ച്...'

നേരം എത്ര കഴിഞ്ഞാലും പൊന്തി വരുന്ന പതിവില്ല .. വെള്ളത്തിലിങ്ങനെ മുങ്ങിക്കിടക്കാനുള്ള അവന്റെ  കഴിവ് അപാരം തന്നെയാണ്... എന്റെ മുഖത്ത് പേടി പടരും, ഇനി അവനെങ്ങാനും വല്ല ചണ്ടിയിലോ മറ്റൊ ..? 

എന്റെ മുഖം വിളറിത്തുടങ്ങുമ്പോള്‍ അവനൊരു  തമാശയെന്നോണം പെട്ടെന്ന്  വെള്ളത്തില്‍ നിന്നും ഉയര്‍ന്നു പൊന്തിക്കൊണ്ട് പേടിച്ച് ചോര വറ്റിയ എന്റെ മുഖത്തേക്ക് നോക്കി കളിയാക്കി ചിരിക്കാറാണ് പതിവ്.. 

പക്ഷേ ഇതും അങ്ങനെയാവുമോ..?  സ്ഥിരം പറ്റിക്കല്‍ പരിപാടി പോലെ...

ഇത്രയാളുകള്‍ കാര്യമായി തിരയുന്നത് കാണുമ്പോള്‍ എനിക്കും പേടിയാവുന്നുണ്ട്... 

അവന്റെ ഉപേക്ഷിക്കപ്പെട്ട ചൂണ്ട ഒരു നോവെന്നോണം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു കൊണ്ട് വെള്ളത്തിലേക്ക് ഞാത്തിയിട്ട നിലയില്‍
അപ്പോഴും അവിടെ കിടക്കുന്നുണ്ടായിരുന്നു. ചൂണ്ടലിന്റെ നൂലിലെ ഇര കോര്‍ത്തിട്ട കൊളുത്തില്‍ കുടുങ്ങിയ ഏതോ ഒരു മീന്‍ പ്രാണരക്ഷാര്‍ത്ഥം അതോടൊപ്പം കിടന്ന് പിടഞ്ഞു. 

വീട്ടിലെന്നെ അന്വേഷിക്കുന്നുണ്ടാവുമോ എന്തോ..? പേടിയോടെ ഞാന്‍ രാത്രിയിലെ അവന്റെ കാല്‍പ്പെരുമാറ്റത്തിന് സസൂക്ഷ്മം  കാതോര്‍ത്ത് കൊണ്ട് തിരച്ചിലുകാര്‍ക്കൊപ്പം ചേര്‍ന്നു.  

നേരം പോകും തോറും ഇരുട്ട് കൂടുതല്‍ കനം വെച്ച് തുടങ്ങുന്നുണ്ട്..

അവനെവിടെ...? 

എത്ര നേരമായി കാത്തു കിടക്കുന്നു,  കൂടുതലിരുട്ട് കനക്കാന്‍ ഇനിയും കാത്തു നില്‍ക്കുകയായിരിക്കും..

മിന്നി വന്ന ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തിനെ കയ്യെത്തിപ്പിടിച്ച്. 

റാന്തല്‍ വിളക്കിന്റെ കരിന്തിരി പുകച്ചു കൊണ്ട് പകച്ചു പോയ ഇരുട്ടിനെ വകഞ്ഞു മാറ്റി.

ഒരു മൂളിപ്പാട്ടും പാടി  അവന്‍ എന്റെയടുക്കലേക്ക് നടന്നടുക്കും . 

മേഘപ്പുതപ്പ് വലിച്ച് കീറി കണ്ണ് തിരുമ്മി നിലാവ് വീണ്ടും  വെളുക്കനെ ചിരിക്കും. 

കുളത്തിന്റെ നെറ്റിയില്‍ ഒരു തിലകക്കുറിയായി അത് തെളിഞ്ഞു കാണുന്നുണ്ടാവും.  

ആകാശത്തിന്റെ നിലാവെളുപ്പും കൂടെ ചേരുമ്പോള്‍ മണിയറ വാതിലിലെ മങ്കയായി കുളത്തിന്റെ മുഖം തുടുത്തു തുടുത്തു വരും . 

അവനും ഞാനും രാത്രിയുടെ നിഗൂഢതകളില്‍ ഒളിപ്പിച്ചു വെച്ച ഏതോ രണ്ട് നിധികളെ പോലെ എത്ര രാത്രികളില്‍ ഉണര്‍ന്നിരുന്നിട്ടുണ്ട്..

പ്രിയപ്പെട്ടവരുടെ വാക്കുകളുടെ  മാധുര്യം എന്നുമെനിക്ക് ഹരമായിരുന്നു.. പ്രത്യേകിച്ച് അവന്റെ..

അവന്‍ പറയും.: 'ഉറക്കല്ലാത്ത രണ്ട് ആത്മാര്‍ത്ഥ കൂട്ടുകാരെ പോലെ ഈ ലോകത്ത് മനോഹരമായ മറ്റൊന്നും തന്നെണ്ടാവുല്ല '

'അവര്‌ടെ ലോകത്തിലെ വെളിച്ചം ... ഉണര്‍ന്നിരുന്ന് അവര്‍ ഇരുട്ടിന്റെ യാമങ്ങളില്‍ വാക്കുകളുടെ വിത്തിറക്കുമ്പോള്‍  ഉറങ്ങുന്നവര്‍ എത്ര വിത്തുകളെയാണ് നശിപ്പിച്ച്  കളയെണത്.

അത്  കൊണ്ട് തന്നെയാണ് ഈ പാതിരാ നേരത്ത് വെളിവില്ലാത്ത മനുഷ്യര്‍ മരണം പുതച്ച് ഉറങ്ങുമ്പോള്‍ ഞങ്ങള്‍ ജീവന്‍ പുതച്ച് ഉന്മേഷത്തോടെ ഉണര്‍ന്ന് ഇരുന്നിരുന്നത്. എന്റെ ചിന്തകള്‍ ഞങ്ങളുടെ സ്ഥിരം കണ്ടു മുട്ടലുകളിലെ ഓര്‍മ്മകളാല്‍ വീര്‍പ്പുമുട്ടി .  

വീണ്ടും ഒരാള്‍ മുങ്ങിപ്പൊങ്ങി. 
അയാളുടെ കയ്യില്‍ എന്തോ തടഞ്ഞെന്ന മട്ടിലാണ് അയാള്‍ പ്രതീക്ഷയോടെ ഉയര്‍ന്നത് ഞാന്‍ അവനാവരുതേയെന്ന് മന്ത്രിച്ചു.. 

ആ കാഴ്ച്ച കാണാന്‍ എനിക്ക് കരുത്തുണ്ടായിരുന്നില്ല. കുന്തിരിക്കത്തിന്റെ കൈപിടിച്ച് വരുന്ന പുതിയ പുതിയ മരണങ്ങളെ എനിക്ക് കാണണ്ട അവകളെ എനിക്ക് മണക്കുകയും അടുത്തറിയുകയും  വേണ്ട . 

ഭാഗ്യം..! 
അതെന്നോ അടിയില്‍ വീണ് പെട്ട് പോയ ഏതോ പഴയ വസ്ത്രം മണ്ണും ചെളിയും നിറഞ്ഞ് കനം വെച്ചതായിരുന്നു ... 

എല്ലാവരുടെയും മുഖത്ത് ഭീതിയുടെ നിഴല്‍ ഉറ്റു നോക്കുന്നതായി തോന്നി.  

ഞാനവന്റെ വീട്ടിലേക്ക് നടന്നു... 

വീട്ടിലാകെ നിലവിളി.
പലരും വന്ന് കൊണ്ടിരിക്കുന്നു.
എനിക്കങ്ങോട്ട് പോകാന്‍ ഭയമായി.. 

അവന്റെ ഉമ്മയുടെ അമര്‍ത്തിപ്പിടിച്ച കുന്തിരിക്ക ഗന്ധമില്ലാത്ത തേങ്ങല്‍ കാതുകളെ പൊള്ളിച്ചു കൊണ്ടിരുന്നു. 

ഞാനൊരു മാവിന്റെ തണലില്‍ ചുരുണ്ടിരുന്നു. ആ മാവിലും ഇടക്ക്  ഞങ്ങള്‍ അള്ളിപ്പിടിച്ച് കയറി സംസാരിച്ചിരിക്കാറുണ്ട്. 

ആകാശത്തേക്ക് നോക്കി പക്ഷികള്‍ പറക്കുന്നത്, അവയുടെ പറക്കാനുള്ള കഴിവിനെ പറ്റി ആലോചിച്ചിരുന്ന് ഞങ്ങള്‍  വാചാലരാകാറുണ്ട് . 

'എല്ലാവരും ഉറങ്ങിക്കഴിഞ്ഞാലാണ് ശരിക്കുമീ  ലോകം കണ്‍മിഴിക്കുന്നത്'

അവനാണങ്ങനെ പറയാറ്.  

അവന്റെ വാക്കുകള്‍ എന്റെ ചെവിദ്വാരത്തിനു മുന്നില്‍ വട്ടമിടും  പിന്നെ  ചെവിക്കൂട്ടിലേക്ക് ഇരച്ചു കയറും.  എന്തെങ്കിലുമൊക്കെ സംസാരിക്കുക എന്നതായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രധാന ആനന്ദം , പിന്നെ എല്ലാം വിട്ട് എന്തെങ്കിലുമൊക്കെ ചിന്തിച്ചിരിക്കലും. 

കൊതുകുകളുടെ മൂളക്കം ഇടയ്ക്കിടെ അസ്വസ്ഥതയോടെ കാതടുപ്പിച്ചു  വരും . 

ചോര കിട്ടാതെ തളര്‍ച്ച ബാധിച്ച യക്ഷിത്തമ്പുരാട്ടിമാര്‍  ചോരക്ക് കൊതി മൂത്ത് ഉറക്കം തൂങ്ങി  പല്ല് തടവി ഇരിക്കുന്നുണ്ടാവുമെന്ന് അവന്റെ വല്ലിമ്മ പറയുന്നത് ഞാന്‍ പണ്ട് കണ്ടിട്ടും കേട്ടിട്ടുമുണ്ട് .... 

കുളത്തിന്റെ സുന്ദര മുഖത്തിന്റെ എറ്റവും അടുത്തോട്ട് ചെല്ലാതെ യക്ഷികളുടെ വിഷാദമുഖത്തെ ഭയന്ന് ഞാന്‍ കരഭാഗത്ത് 
തന്നെ കാലിന് തളര്‍ച്ച ബാധിച്ചവനെ പോലെ നില്‍ക്കും... 

ഭയത്തിന്റെ വിളര്‍ച്ച ബാധിച്ച എന്റെ മുഖത്തോട്ട് നോക്കി അവന്‍ പറയും . 

'നിലാവ്ള്ള രാത്രി കുളവും വിട്ട് യക്ഷികള്‍ നാട് കറങ്ങാനെറങ്ങും, അവരുടെ കഴിഞ്ഞ ജന്മത്തിലെ ജീവിത ഓര്‍മ്മകളുടെ ചോര ഊറ്റിക്കുടിക്കാന്‍ വേണ്ടി ഉലാത്തലാണന്നവരുടെ  പതിവെന്ന്.'

അതെനിക്കൊരു ആശ്വാസമാണ്. എന്തിനും ഏതിനും അവന്റെ വാക്കുകളിലായിരുന്നു ഞാന്‍ ആശ്വാസം കണ്ടെത്തിയിരുന്നത് . 

അവനില്ലാത്ത അപ്പോഴത്തെ ആ ലോകത്ത് ആശ്വാസത്തിനായി ഞാന്‍ പരതി. 

ഇരുന്ന് സ്വസ്ഥത മടുത്തപ്പോള്‍ ചിന്തകളും വിട്ട് ഞാന്‍ മാവിന്റെ കൊമ്പില്‍ നിന്നും താഴേക്കിറങ്ങി. 

വീണ്ടും കുളത്തിന്റെ അടുക്കല്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍. 

'കുളം വൃത്തിയാക്കീട്ട് നാളുകള്‍ കൊറേ ആയീന്ന് തോന്നണ് നല്ലോം  ചെളിണ്ട് ..'

മുങ്ങിത്തപ്പിയിരുന്നവരില്‍ ഒരാള്‍ നീരസത്തോടെ പറഞ്ഞു . 

ഞാന്‍ കൂടുതല്‍ തളര്‍ന്നവനായി. എന്റെ ഏക ആശ്രയം ഈ കുളത്തിനടിയിലെ ചതുപ്പിലെവിടെയോ ഇരുന്ന് എന്നെ ഉറ്റുനോക്കുന്നുണ്ടാവുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. 

അവന്റെ വാക്കുകളുടെ ഇളം കാറ്റുകളില്‍ ഞാനെന്റെ വേണ്ടാത്ത ചിന്തകള്‍ ഒഴിഞ്ഞു പോകുന്നത് എത്ര  അനുഭവിച്ചറിഞ്ഞിട്ടുണ്ട്. 

നേരത്തെ തന്നെ കുളത്തിന്റെ എറ്റവും അടുക്കല്‍ സ്ഥാനം പിടിച്ച അവന്റെ അടുക്കലേക്ക് ഞാന്‍ മെല്ലെ  നടന്നടുക്കാറാണ് പതിവ് .   

ആളനക്കം കേള്‍ക്കുമ്പോള്‍ താഴത്തെ പടിയില്‍ തലവെച്ച് വിശ്രമിച്ചിരുന്ന ഒന്ന് രണ്ട് നീര്‍ക്കോലികള്‍ തല പൊക്കി വെള്ളത്തിലേക്ക് ചാടും. 
പുറകെ ഞാന്‍ വന്ന് അവന്റെ കുറച്ചിപ്പുറത്തായി കാല്‍ കയറ്റി വെച്ചിരിക്കും. അവനപ്പോള്‍ വെള്ളത്തിലേക്ക് കാലിട്ടിരിക്കുകയാവും. 

കാല്‍ വെള്ളത്തിലിടാന്‍ എനിക്ക് ഭയമാണ്. ആരേലും വെള്ളത്തിലേക്ക് പിടിച്ച് താഴ്ത്തിയാലോ എനിക്കാണേല്‍ നീന്തലും അറിയില്ല.പിന്നെ ഈ അസമയവും. 

അകലെ എവിടെ നിന്നോ കൂമന്‍ മൂളുന്നത് കേള്‍ക്കാം.അമര്‍ത്തിപ്പിടിച്ച ഒരു തരം മൂളല്‍ എന്നില്‍ വേണ്ടാത്ത പല ഇരുണ്ട ചിന്തകളെയും കോരിയിടും. ഇടക്കെപ്പോഴൊ ഒരു നായ ഓരിയിട്ട പോലെ 

എനിക്ക് പെട്ടെന്നെന്തോ പേടി തോന്നും. 

'വാ നമുക്ക് പോകാം...'

അവന്‍ കൈപിടിച്ച് വെക്കും.  

'നീ ഇവടിര്ക്ക് ഒരു രസം കാണിച്ചേരാം.' 

'എന്ത് രസം..?'

ഞാന്‍ അക്ഷമയോടെ വീണ്ടും വീണ്ടും ചോദിക്കും. 

'നീ വെള്ളത്തീക്ക് നോക്കിര്ക്ക്. മീനേളെയല്ലെ പകല്‍ കുളത്തില് കാണാറ്ള്ളത്, ഇന്നാല് രാത്രീലോ...?'

അവന്‍ ചോദ്യ ഭാവത്തില്‍ എന്നെ നോക്കും. 

'രാത്രിയും  മീനേള്  തന്നല്ലേ...?'

'ഹാ.. ഹാ അതെ...'

ഞാന്‍ ശരിയെന്ന മട്ടില്‍ ആവര്‍ത്തിക്കും.. 

'ഇല്ലട മണ്ടാ.... നീയൊന്ന് സൂക്ഷിച്ചോക്ക്യേ..'

തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ഞാന്‍ ആശ്ചര്യപ്പെടുമ്പോള്‍ അവന്‍ പറയും 

'രാത്രിയില്‍  നക്ഷത്രങ്ങള്‍ വെള്ളത്തില്  വീണ്  കിടക്കും.. എത്ര ഇര്ട്ട് കനക്കുന്നോ അത്രേം നക്ഷത്രങ്ങള്‍ അധികരിക്കും.  മീനേള്  ഇപ്പോള്‍ ഉറങ്ങാവും. തവളകള്‍ അവര്‍ക്ക് കാവലിര്ക്കും. ആമേം  നീര്‍ക്കോല്യേളും  രാത്രി സംഭാഷണത്തിനായി പല കല്‍പടവുകളില്‍ ഒത്ത് ചേരും..പക്ഷേ മന്ഷ്യരെ കണ്ടാല്  അവര് മാറിപ്പോകും അവര്‌ടെ സംഭാഷണങ്ങള്‍ മുറിയും.. തല്‍കാലത്തേക്കവര് കുളത്തിന്റെ ഏറ്റവും മുകളിലുള്ള കല്‍പടവുകളിലെ ചില മാളങ്ങളില്‍ അടുത്ത നിശബ്ദതക്കായി കാതോര്‍ത്ത് കഴിയും.'

'നിനക്കിതൊക്കെ എങ്ങനറിയാം..?'

ഞാന്‍ അത്ഭുതം കൂറും. 

'സ്ഥിരമായി ഞാനിവ്‌ടെ നിശബ്ദമായി തമ്പടിക്കാറ്ണ്ട്. മനുഷ്യരുമായി സഹവസിക്കുന്നതിലും ആനന്ദം ചില സൂക്ഷ്മ ജീവ്യെളുമായി നിശബ്ദമായി സംസാരിക്കലാണ്.'

'നീ അവരോട്  സംസാരിക്കും ന്നോ  ...?'

'അതെടാ നമ്മടെ മൗനങ്ങള്‍ ദീര്‍ഘായാല് അവര് നമ്മോട് സംസാരിക്കും. 

നീ വന്നതോണ്ടാണ് നേരത്തെ നീര്‍ക്കോല്യേള് പോയത് നമ്മുടെ ചലനങ്ങള്‍ വ്യത്യാസണ്ട് അതവര്ക്ക് തിരിച്ചറിയാന്‍ കഴിയും.

നിന്നെ സ്ഥിരമായി ഇവിടെ പരിചയായി തൊടങ്ങിയാല്‍ പിന്നെ അവര്  പോവുല്ല.'

എനിക്കത് പുതിയ അറിവായിരുന്നു. അവനെ ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് നോക്കും. അവന്‍ ഒന്ന് മന്ദഹസിക്കുക മാത്രം ചെയ്യും. 

'ദാ.. ദാ നോക്ക്...'

കുളത്തില്‍ ആകാശ നക്ഷത്രങ്ങളുടെ എണ്ണം അധികരിച്ച കാഴ്ച്ച അതിമനോഹരമായിരിക്കും. 

ഇടക്ക് ഉറക്കം പോയ ഒരു മീന്‍ ജലോപരിതലത്തില്‍ വന്ന് ഒരു നക്ഷത്രത്തെ കുടിക്കും, വെള്ളത്തില്‍ ചെറു ഓളങ്ങള്‍ വീഴും നക്ഷത്രങ്ങള്‍ ആടിയുലയും. തണുത്ത കാറ്റിന്റെ ഒപ്പം ചീവീടുകള്‍ കരയും. 

അവന്‍ വീണ്ടും പറയാന്‍ തുടങ്ങും. 

'ദീര്‍ഘമായി നക്ഷത്രങ്ങളെ ഇങ്ങനെ നോക്ക്യോണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് മുകളില്‍ക്ക്  നോക്കണം. എന്നിട്ട് വീണ്ടും താഴത്തേക്ക്. ചില നക്ഷത്രങ്ങള്‍ ഓടിയൊളിച്ചതായി കാണാം. 

സ്ഥിരമായി നക്ഷത്രങ്ങളെ നോക്കിനിന്നാല്‍ അവരും നമ്മുടെ ചങ്ങാതിമാരാകും. നമ്മളോട് ഒളിച്ചു കളിക്കും. പിന്നേം വരും പിന്നേം പോകും.
ഓരോന്നിനും ഓരോ ഭാഷണ്ട്. നമ്മളങ്ങനെ ഓരോന്നിന്റെയും പിന്നാലെ പോയാല്‍ നല്ല രസാണ്.'

സ്ഥിരം കുളപ്പടവില്‍ പോയിരുന്നിരുന്ന ഞാന്‍ ഒരു നാള്‍ പിടിക്കപ്പെട്ടു. അസമയത്തുള്ള ഇരുത്തത്തിന് കേട്ട ശകാരങ്ങള്‍ക്ക് തലേന്ന് കണ്ട 
നക്ഷത്രങ്ങളെക്കാള്‍ എണ്ണമുണ്ടായിരുന്നു. അവ ചിന്തയില്‍ മുഴുക്കെ തിളങ്ങി നിന്നിരുന്നു.


ഇടയ്ക്കിടെ വീട്ടില്‍ നിന്നും കാണാതാവുന്ന ചെയ്തിയില്‍ വീട്ടുകാര്‍ ഭയന്നു. അവര്‍ പള്ളിയിലെ ഉസ്താദിനെ കൊണ്ടുവന്ന് എന്നെ മന്ത്രിച്ചു കെട്ടി. ഉറങ്ങുന്ന ഏതെങ്കിലും ബാധ എന്റെ ശരീരത്തില്‍ വസിക്കുന്നുണ്ടാവും എന്ന വീട്ടുകാരുടെ തോന്നലില്‍ നിന്നാണ് ആ ചെയ്തി ഉടലെടുത്തത്. ഉറക്കമുണര്‍ന്ന് ചെയ്ത്താന്‍ ഇളകാതിരിക്കാന്‍. 

അന്ന് ഞാന്‍ സ്ഥിരമായി പായയില്‍ ഉറക്കത്തില്‍ മൂത്രമൊഴിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു പിശാചാണ് വിസര്‍ജ്യമായി ദിനേനെ പുറത്തു വരുന്നതെന്ന് . 

ഞാനും കിടിലം വിറച്ചു, ഉസ്താദ് പറഞ്ഞത് പ്രകാരം പൂവന്‍ കോഴിയെ അറുത്ത് അതിന്റെ തലയിലെ പൂവ് മാത്രം എടുത്ത് മഞ്ഞളിട്ട് 
വേവിച്ച് സൂപ്പാക്കി എനിക്ക് കുടിക്കാന്‍ തന്നു. 

അതിന് ശേഷം ഞാന്‍ പിന്നെ അവന്റെ അടുത്തേക്ക്, കുളത്തിന്റെ കരയിലേക്ക് രാത്രി നേരങ്ങളില്‍ ചെന്നിട്ടില്ല.

അവനില്ലാത്ത ഇനിയുള്ള നേരങ്ങളെയൊക്കെ ഞാനൊരു രാത്രി കാലമായി സങ്കല്‍പ്പിച്ചു. എന്റെ കണ്ണില്‍ കണ്ണുനീര്‍ ഉരുണ്ടു കൂടി. അതിപ്പോള്‍ ചാടുമെന്നായി .. 

അതോടൊപ്പം കുളത്തിലേക്ക് ഒരാള്‍ കൂടെ തിരച്ചലിന് വേണ്ടി എടുത്തു ചാടി.. 


ചിന്താനിമഗ്‌നനായി ഇരിക്കുന്ന എന്റെ തോളില്‍ പെട്ടെന്നൊരു കൈ സ്പര്‍ശം . 

'ടാ എന്താടാ ഇവ്‌ടെ ..?'
 
ഞാന്‍ പോയ തക്കത്തില് ഇവിടെ കുളം  പിടിക്കലും തുടങ്ങ്യാ ...?'

ഏഹ്! ഞെട്ടിത്തെറിച്ച് ഞാന്‍ അവനെ നോക്കി.

'നീ നീ എന്താ ഇവ്‌ടെ..?'

'നീ കുളത്തിന്റെ അടീലല്ലേ..?'

'കുളത്തിന്റെ അടീലാ, ഒന്ന് പോയെടാ. നിനക്ക് എന്താ ചെയ്ത്താന്‍ കൂടിയാ. നീ അന്ന് പോയതാണല്ലോ, പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ലാ.'

'അതൊക്കെ പിന്നെ പറയാ ..'

ഇപ്പോള്‍ വിഷയം നിന്നെ കുളത്തില്‍ന്ന് കിട്ടണം എന്നതാണ്.. നീ സംസാരിച്ചു നില്‍ക്കാതെ വേഗം കുളത്തിലേക്ക് ചാട്'

ഇത്രയും പറഞ്ഞ് തടി കാലിയാക്കുന്നതിനിടയില്‍ തിരിഞ്ഞു നോക്കിയ എന്നെയും നോക്കി. അവന്‍ അന്ധാളിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.

ഇനി അവിടെ നിന്നാല്‍ ശരിയാവില്ല എന്ന ഭീതിയോടെ പൂവന്‍ കോഴിയെ അറുത്ത് അതിന്റെ തലയിലെ പൂവ് മാത്രം എടുത്ത് മഞ്ഞളിട്ട് വേവിച്ച് കുടിക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും ധൃതിയില്‍ വീട്ടിലേക്ക് നടന്നു.

 

 

Read More: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios