ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സന ഫാത്തിമ സക്കീര്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


അവള്‍ കടല്‍ക്കരയില്‍ നില്‍ക്കുകയായിരുന്നു. ഗര്‍ജിച്ചുയരുന്ന തിരമാലകളോടവള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്. കടലോളം വിജനമായതും ആഴമേറിയതുമായ കീര്‍ത്തനങ്ങള്‍. 

മെല്ലെ കണ്ണടച്ചു. 

അവള്‍ ആ ഇരുട്ടിലും കാണുന്നത് കടലിന്റെ തിരകളെയാണ്. അവിടെ ദൂരെ കടലിനടിയില്‍ പ്രൗഢിയില്‍ തലയെടുത്ത് നില്‍ക്കുന്നൊരു വലിയ കൊട്ടാരം. അതിലാണ് തന്റെ ഭാവനയിലുള്ള മത്സ്യകന്യക വസിക്കുന്നത്. ഒരു നീതിമാനായ രാജാവിന്റെ ഏവര്‍ക്കും പ്രിയപ്പെട്ട മകള്‍. ആഴക്കടലില്‍ സ്ത്രീശക്തിയുടെ പ്രതിനിധി കൂടിയാണവള്‍. അവിടെ ആര്‍ക്കും തന്നെ ആഗ്രഹങ്ങള്‍ക്ക് പരിധികളില്ല. സ്വപ്നങ്ങള്‍ക്ക് പരിമിതികളില്ല. കടല്‍വാസികള്‍ക്കിടയില്‍ സ്‌നേഹം മാത്രം. കടല്‍ എന്ന സത്യം പഠിപ്പിച്ച കടലമ്മയുടെ കലര്‍പ്പില്ലാത്ത സ്‌നേഹം. വെള്ളക്കുതിരകള്‍ കുതിച്ച് ചാടി കാല്‍വണ്ണയെ തഴുകി പതകളായി പിന്മാറി. ഈറനണിഞ്ഞ കാറ്റവളെ മെല്ലെ പുണര്‍ന്നു. മുടിയിഴകള്‍ അനുസരണയില്ലാതെ കാറ്റില്‍ പാറി. 

'ശ്രീ..' എന്ന നീട്ടിയ വിളി കേള്‍ക്കാനായി ആ കാതുകള്‍ ഇന്ന് വല്ലാതെ കൊതിക്കുന്നുണ്ട്. അവള്‍ കണ്ണ് തുറന്നു. തിരമാലകളില്‍ തന്നെ കണ്ണ് നട്ടു. 'അതെ അതിനടിയില്‍ തന്നെയാണ് ആ കൊട്ടാരം' -അവളോര്‍ത്തു. 

പരിധികളും പരിമിതികളുമായ മുള്ളുകള്‍ കാവലിരിക്കുന്ന സ്വപ്നങ്ങള്‍ കണ്ട ഒരാള്‍ക്ക് തന്റെ സങ്കല്പത്തില്‍ ജനിച്ച ആഴക്കടലിലെ മത്സകന്യക ഒരു നെടുവീര്‍പ്പാണ്. ഒരിക്കല്‍ മത്സ്യകന്യകയായിരുന്നവള്‍ ഇന്ന് ഏകയാണ്. 'തന്റേടി ' എന്ന് ചുറ്റിനുമുള്ളവര്‍ വിശേഷിക്കുമ്പോള്‍ അവര്‍ ഒടുവിലവള്‍ക്ക് ശത്രുക്കളായി മാറുകയായിരുന്നു. സ്വന്തം സഹോദരങ്ങളുടെ പോലും ചോര കുടിക്കാനോ പച്ചമാംസം ഭക്ഷിക്കാനോ ഇക്കൂട്ടര്‍ മടിക്കില്ല.

എന്തിലും മിടുക്കി. വായാടി.. നല്ല കാര്യപ്രാപ്തിയുള്ള കുട്ടി എന്നാണ് ചുറ്റിനുമുള്ളവര്‍ അവളെ വിശേഷിപ്പിച്ചിരുന്നത്. വളര്‍ന്നതോടെ സംഭവിച്ച മാറ്റത്തിനോടൊപ്പം തന്റേടി എന്ന വാക്കിന്റെ അര്‍ത്ഥവും പൂര്‍ണ്ണമായും മാറി. 

'ശ്രീ...നീ ഒരു പെണ്ണല്ലേ?... നീ ആദ്യം പെരുമാറാന്‍ പഠിക്ക്. കെട്ട് കഴിഞ്ഞ് വേറൊരു വീട്ടില്‍ കയറി ചെല്ലുമ്പോള്‍.. അവര്‍ എന്നെ ശപിക്കും. വളര്‍ത്തു ദോഷം.. ഹോ...അല്ല എന്റെ തലവിധി..അല്ലാതെന്ത്'

അമ്മയുടെ സ്ഥിരം പല്ലവി കേട്ടാണ് അന്നും കോളേജിലേക്കിറങ്ങിയത്. അവര്‍ രണ്ട് പേര്‍ മാത്രമുള്ള ഒരു കൊച്ചു വീട്ടിലാണ് താമസം. ഭര്‍ത്താവുപേക്ഷിച്ച ശ്രീയുടെ അമ്മക്ക് സാധിക്കാതെ പോയ സ്വപ്നങ്ങള്‍ മകളെ കാണിക്കാനും അവര്‍ക്ക് കിട്ടാതെ പോയത് മകള്‍ക്ക് എത്തിക്കാനുമാണ് ശ്രമിക്കുന്നത്. ഓരോ ചുവടും വെക്കുന്നത്.. പതറിയാണെങ്കിലും.

കെട്ടുറപ്പുള്ള ഒരു വീട് മാത്രമാണ് അവരുടെ സ്വപ്നം. ശ്രീയുടെ ജനനം അവര്‍ക്ക് അതിരുകളില്ലാത്ത സന്തോഷം നല്‍കിയിരുന്നു. പിന്നീട് സുഖങ്ങള്‍ തേടി പോയ അയാള്‍ വലിച്ചെറിഞ്ഞത് അവര്‍ക്ക് അയാളോടുണ്ടായിരുന്ന വിശ്വാസവും അയാളെ മാത്രം ആശ്രയിച്ച് ജീവിച്ച രണ്ട് പാവങ്ങളേയുമാണ്. താലിക്കയര്‍ തന്റെ കഴുത്തില്‍ ദയയില്ലാതെ കുരുങ്ങി തൂക്കുകയാറായി മാറുകയായിരുന്നു. ഓരോ ചരടും ഒന്നൊന്നായി പൊട്ടിച്ചിതറുമ്പോളായിരുന്നു ശ്രീയുടെ ജനനം. അന്ന് ജീവിതം അവരിലേക്ക് കൈകള്‍ നീട്ടി പുതിയൊരു ഉയര്‍ച്ചക്കായി.

വീട്ടുകാര്യം മുന്നോട്ട് കൊണ്ട് പോകാന്‍ അമ്മ കൂലിപ്പണിക്കും വീട്ടുജോലിക്കും മാറി മാറി പോയിരുന്നു. സൂര്യോദയം തൊട്ട് അസ്തമയം വരെയും പണിയെടുത്തു. രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍. ഇണക്കിളിയുടെ വിടവ് നികത്താന്‍ അമ്മക്കിളി അച്ഛന്‍ ഉപേക്ഷിച്ച തന്റെ കുഞ്ഞിനായി അലഞ്ഞു. കാലത്തിന്റെ ചക്രങ്ങളില്‍ അമ്മ വിശ്രമം ഇല്ലാതെ ഓടിക്കൊണ്ടിരുന്നു. ശ്രീ വളര്‍ന്നത്തോടെ സ്വയം പര്യാപ്തയായി വീട്ട് കാര്യങ്ങള്‍ ഭംഗിയായി നോക്കി തുടങ്ങി. അന്നത്തെ ജോലി കഴിഞ്ഞു ഒരു പൊതിയില്‍ മുഷിഞ്ഞ തുണിയും അന്നത്തെ കൂലിയും കയ്യില്‍ പിടിച്ച് ധൃതിയില്‍ വീട്ടിലേക്ക് പായുന്നവരോട് 'ഓമനേ... നിന്റെ മകള്‍ കേമിയാ കേട്ടോ. ഈ കൊച്ചുപ്രായത്തില്‍ പഠനവും വീട്ടുകാര്യങ്ങളും ഒന്നിച്ച് കൊണ്ടോവാന്‍ കഴിയുന്നല്ലോ.. ഒരു ആണ്‍കൊച്ചില്ലെങ്കിലെന്താ!'എന്ന് അവറാന്‍ പറയുമ്പോഴും 'ശ്രീ ഒറ്റക്കാ.. അവള്‍ പേടിക്കും. ഞാന്‍ പോട്ടെ ' എന്നായിരിക്കും മറുപടി. 

ബസ് പാലം കയറി. ശ്രീ കണ്ണ് തുറന്ന് നോക്കി. 

ഇനി ഒരു മണിക്കൂര്‍ കൂടിയുണ്ട്. പഴയകാര്യങ്ങളെല്ലാം ഓരോന്നായി ഓര്‍മ്മകളില്‍ മിന്നി മായുന്നുണ്ടായിരുന്നു. അവള്‍ക്ക് ജീവിക്കണം. അവളുടെ അമ്മ അവള്‍ക്കായി മാറ്റി വെച്ച ജീവിതം അവര്‍ ഒരുമിച്ച് ജീവിക്കും. അമ്മ പണ്ട് പറഞ്ഞ കഥയിലെ മത്സ്യകന്യകയെ പോലെ. 

ഓരോന്നെടുത്ത് ഒന്നൊന്നായി കണക്ക് കൂട്ടുമ്പോഴാണ് മുന്നിലിരുന്ന രണ്ട് പെണ്‍കുട്ടികള്‍ വല്ലാതെ വിറച്ചിരിക്കുന്നതായി അവള്‍ക്ക് തോന്നിയത്. അവരെ തന്നെ നോക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഇരുവരും കൈകള്‍ മുറുക്കെ പിടിച്ചിട്ടുണ്ട്. ഭയം. ആകുലത. 

പെണ്‍കുട്ടികളുടെ എതിര്‍ സീറ്റില്‍ ഇരിക്കുന്ന ഒരു മധ്യവയസ്‌കന്‍ അവരെ തന്നെ തുറിച്ചു നോക്കുന്നു. 

സംഭവം തിരിച്ചറിഞ്ഞ ശ്രീക്ക് ദേഷ്യം അടക്കാനായില്ല. അവള്‍ മുന്നോട്ട് നടന്ന് പെണ്‍കുട്ടികളെ ചേര്‍ത്ത് പിടിച്ച് അയാളെ ദേഷ്യത്തോടെ തുറിച്ച് നോക്കി. 'ആണുങ്ങളുടെ വില കളയാനായിട്ട്.... എന്തിന്റെ സൂക്കേടാടൊ?'-അയാള്‍ ഒരു വികൃതമായ ചിരിയുമായി ബെല്ലടിച്ച് ബസ്സില്‍ നിന്നിറങ്ങി പുറകോട്ട് മാഞ്ഞു.

ശ്രീ ആ പെണ്‍കുട്ടികളെ തന്നെ വീണ്ടും നോക്കി. ആത്മവിശ്വാസം പകരാനൊരു ശ്രമം. എക്്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ അഥവ ഫ്‌ലാഷിങ്. അധികം ആരും ചര്‍ച്ച ചെയ്യാനാഗ്രഹിക്കാത്ത എന്നാല്‍ ഇന്ന് ചര്‍ച്ച ചെയ്യാനത്രെയും അര്‍ഹതയുള്ള വിഷയം. ദേഷ്യപ്പെടുന്നതും പ്രതികരിക്കുന്നതുമെല്ലാം ഇക്കൂട്ടരെ പ്രകോപ്പിക്കുന്നു'- ഡോക്ടര്‍ സമീറയുടെ വാക്കുകള്‍ അവളോര്‍ത്തു.

തിരിച്ച് സീറ്റില്‍ ചെന്നിരിക്കാന്‍ തിരിയുമ്പോഴാണ് ലോകം എത്ര മാറിയെന്ന അടുത്ത ചിന്ത അവളിലേക്ക് കടന്ന് കയറുന്നത്. പ്രതികരിക്കിക്കാതെ മൊബൈല്‍ ക്യാമറകളിലൂടെ എല്ലാം പകര്‍ത്താനും പരസ്യമാക്കാനും അതെ ബസിലെ യാത്രക്കാര്‍ മറന്നിട്ടില്ല.

ഇന്നവള്‍ ആ തീരത്ത് നില്‍ക്കുമ്പോഴും കടല്‍ കാറ്റവളെ പുണരുമ്പോഴും ചുറ്റിനും നോക്കിയാല്‍ കണ്ണിന് അറപ്പ് തോന്നുന്നത്രെയും വിധത്തിലുള്ള തോന്ന്യാസങ്ങള്‍ കാണാം. 

എന്തേ ഇവര്‍ക്ക് നാട്ടുകാരെയും സദാചാരക്കാരെയുമേ പേടിയുള്ളോ, ദൈവത്തിനെ പേടിയില്ലേ? ദൈവം കാണുമെന്ന ബോധമില്ലേ?

അവര്‍ ഇരുട്ടിലാണ്. വെളിച്ചം എത്താത്രയും ദൂരെയാണ് പാപങ്ങള്‍ കൊണ്ട് പണി കഴിപ്പിച്ച അവരുടെ ലോകം. 

തിരയുടെ ശക്തി കൂടിയതുപോലെ. കടല്‍ പിണങ്ങിയതാവും. 

ശ്രീ... ആ നീട്ടിയ വിളി തിരമാലകള്‍ വിഴുങ്ങിയിരിക്കുന്നു. അവര്‍ ഒരുമിച്ച് കണ്ട കൊട്ടാരത്തിന്റെ സ്വപ്‌നവും 
ഇനി ആഗ്രഹങ്ങള്‍ മാത്രം. 

എന്നാല്‍ ഇന്നും അമ്മയുടെ കഥയിലെ മത്സ്യകന്യക ആ സുന്ദരമായ ലോകത്ത് വാഴുന്നു. 

നീതിയുടെ ലോകം. സത്യത്തിന്റെ ലോകം.