ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


അവള്‍ ജനലിനരികില്‍ നിന്ന് പുറത്തേയ്ക്ക് നോക്കി നിന്നു. ഒഴിവ് ദിവസം. മനപ്പൂര്‍വ്വമല്ലാത്ത ഉച്ചയ്ക്കുള്ള മയക്കം. പിന്നൊന്ന് ഉഷാറാകണമെങ്കില്‍ ചൂടുള്ളതെന്തെങ്കിലും കുടിക്കണം. അവള്‍ കൈയില്‍ പിടിച്ചിരിക്കുന്ന ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഹോര്‍ലിക്‌സ്. ഉന്മേഷം തരുന്നതിനോടൊപ്പം കഴിഞ്ഞ ഒരാഴ്ചത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള സാവകാശവും കിട്ടുന്നു.

താഴെ തെരുവില്‍ ആളുകളും വണ്ടികളുമായി തിരക്ക് വന്നു തുടങ്ങി. തെരുവിന്റെ എതിര്‍ വശത്ത് ഒറ്റനില കെട്ടിടങ്ങളാണ്. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ട് കിടക്കുന്ന കടകളുടെ ഒരു നിര. അങ്ങേയറ്റത്ത് 'നിശാഗന്ധി'. അത് തുറന്നിട്ടില്ല. പേരിനനുസൃതമായി അത് രാത്രി ഇരുട്ടിയതിന് ശേഷമെ തുറക്കുകയുള്ളു. റസ്റ്റോറന്റാണ്. കൂട്ടത്തില്‍ ബാറും ഡാന്‍സ് ഫ്‌ലോറും ഉള്ളതുകൊണ്ട് രാത്രിയായാല്‍ നല്ല തിരക്കാണവിടെ. ചെറുപ്പക്കാരുടെ സ്വപ്നസങ്കേതം. അവിടത്തെ ആഹാരം നല്ലതാണ്. പക്ഷേ, തിരക്കിനോട് അവള്‍ക്കത്ര പ്രിയമില്ല.

ആ സ്ഥാപനത്തിന്റെ പേരാണ് അവള്‍ക്കിഷ്ടം. 'നിശാഗന്ധി'. അവള്‍ക്ക് വളരെയധികം ഇഷ്ടമുള്ള പുഷ്പം. രാത്രിയിലെ രാജകുമാരി. രാത്രി മാത്രം വിടരുന്ന ആ പൂവിന്റെ വാസന ഒന്ന് വേറെ തന്നെയാണ്. വീട്ടില്‍ അമ്മയാണ് ഒരു പറ്റം നിശാഗന്ധി ചെടികള്‍ വച്ച് പിടിപ്പിച്ചത്. അതുകൊണ്ട് മൂന്ന് മാസത്തിലൊരിക്കലെങ്കിലും ഒരു പൂവ് വിടരുന്നത് കാണാനും അതിന്റെ മത്ത് പിടിക്കുന്ന ഗന്ധം ആസ്വദിക്കാനും കഴിഞ്ഞിരുന്നു.

അവളുടെ താമസം ഒരു ഒറ്റമുറി ഫ്‌ലാറ്റിലാണ്. അത് നിരനിരയായുള്ള രണ്ടുനില കെട്ടിടങ്ങളില്‍ ഒന്നിലാണ്. താഴത്തെ നിലയിലെ മുറികളെല്ലാം കടകളാണ്. തെരുവിനിരുവശവുമായി എല്ലാത്തരം കടകളുമുണ്ട്. വീട്ടിലേയ്ക്കാവശ്യമുള്ള സാധനങ്ങളെല്ലാം ഈ തെരുവില്‍ നിന്ന് തന്നെ കിട്ടും.

നേരെ മുന്നില്‍ അകലെയായി ചക്രവാളസീമയില്‍ നീലാകാശവും കടലിന്റെ പച്ച കലര്‍ന്ന നീലിമയും ഒന്നായി തീരുന്ന കാഴ്ച. ഇവിടെ താമസിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം, അവളെ സംബന്ധിച്ചിടത്തോളം മനം കവരുന്ന ഈ ദൃശ്യമാണ്. എത്ര നോക്കിനിന്നാലും മതി വരാത്ത പ്രകൃതിഭംഗി. പ്രത്യേകിച്ച് സൂര്യാസ്തമയവേളയില്‍. പലതരം ചായങ്ങള്‍ തേച്ച് പിടിപ്പിച്ച ആകാശവും അനന്തമായി പരന്ന് കിടക്കുന്ന അറബിക്കടലും ഒന്നാകുന്ന ദൃശ്യം. ഒരു നിശ്ചലഛായാചിത്രം പോലെ തോന്നിക്കുന്ന ആ കാഴ്ച എല്ലാ വൈകുന്നേരങ്ങളിലും കാണാന്‍ പാകത്തിന് ഈ ഫ്‌ലാറ്റ് കിട്ടിയതേ ഒരു ഭാഗ്യം.

തിരമാലകള്‍ ഒന്നിന് പുറകേ ഒന്നായി തീരത്തെ മണല്‍ത്തിട്ടയില്‍ വന്നലച്ച് നുരയും പതയുമായി തിരിച്ച് പോകുന്ന കാഴ്ച അവളുടെ മനസ്സിന്റെ അടിത്തട്ടിലെവിടേയൊ ഒളിച്ചിരുന്നിരുന്ന ഏതോ ഒരു നൊമ്പരത്തെ തൊട്ടുണര്‍ത്തി. എന്തായിരുന്നു അത്? ഉച്ചമയക്കത്തിനിടെ കണ്ട സ്വപ്നമായിരുന്നോ? ആയിരിക്കാം. പക്ഷേ, എന്തായിരുന്നു മനസ്സിനെ മഥിക്കുന്ന ആ സ്വപ്നം? 

അവളുടെ ഹൃദയത്തെ സ്പര്‍ശിച്ച ഒന്നായിരുന്നിരിക്കണം. പക്ഷേ, എത്ര ആലോചിച്ചിട്ടും ഉപബോധമനസ്സ് വിട്ട് അത് പുറത്തേയ്ക്ക് വരാന്‍ കൂട്ടാക്കുന്നില്ല. ഇടയ്ക്കിടെ സംഭവിക്കുന്ന പ്രതിഭാസം തന്നെ. എങ്കിലും ...! 

താഴെയുള്ള റസ്റ്റോറന്റ് തുറന്നിരിക്കുന്നു. അവള്‍ കൈയില്‍ കെട്ടിയിരിക്കുന്ന വാച്ചില്‍ സമയം നോക്കി. എട്ട് മണി കഴിഞ്ഞിരിക്കുന്നു. നിശാഗന്ധിയുടെ കൃത്യനിഷ്ഠ അഭിനന്ദനീയം. തിരക്ക് കൂടിയിരിക്കുന്നു. ഇന്ന് ഒഴിവ് ദിവസമായതിനാല്‍ ചുറ്റുവട്ടത്തുള്ള മിക്കവാറും ചെറുപ്പക്കാര്‍ തെരുവിലായിരിക്കും. 

അപ്പോഴാണ് താഴെ തെരുവിലൂടെ ഓടുന്ന ഒരു ചെറുപ്പക്കാരി അവളുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു പറ്റം ആണുങ്ങള്‍ ബഹളം കൂട്ടിക്കൊണ്ട് അവളുടെ പുറകെയുണ്ട്. ആ പെണ്‍കുട്ടി അവരില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. രക്ഷിക്കാനുള്ള അവളുടെ നിലവിളിയൊന്നും തെരുവില്‍ നടന്നിരുന്ന ആരുടേയും ചെവിയില്‍ വീഴുന്നില്ല. ഇവരെന്താ അന്ധരും ബധിരരുമാണോ? ജീവന് വേണ്ടി കേഴുന്ന ആ കുട്ടിയെ ഒന്ന് നോക്കാന്‍ പോലും ഇവര്‍ക്കൊന്നും മനസ്സ് വരാത്തതെന്താണ്?

ഉച്ചമയക്കത്തില്‍ കണ്ട സ്വപ്നം അപ്പോള്‍ അവളുടെ ഓര്‍മ്മയിലോടിയെത്തി.

കടലില്‍ വലിയ തിരമാലകള്‍ അലയടിച്ചുയരുന്നത് അവള്‍ക്ക് കാണാമായിരുന്നു. ഒന്നിന് പുറകേ ഒന്നായി ആ തിരകള്‍ ഏതോ മത്സരബുദ്ധിയോടെ ആഞ്ഞാഞ്ഞടിക്കുന്നു. അവളാണെങ്കിലോ ആ ആഴക്കടലില്‍ മുങ്ങിപ്പോയ നിലയിലാണ്. അതോ തീരത്തിനടുത്ത് ആഴിയ്ക്ക് ഇത്രയും ആഴമുണ്ടെന്നോ? വെള്ളം കഴുത്തിനൊപ്പം എത്തിയിരിക്കുന്നു. അവള്‍ കഴുത്തറ്റം താഴ്ന്നിരിക്കുന്നു എന്ന് പറയുന്നതാവും ഉചിതം. കടലിന്റെ അടിത്തട്ടില്‍ കാലുറപ്പിക്കാന്‍ അവള്‍ കിണഞ്ഞ് പരിശ്രമിച്ചു. പക്ഷേ, അവളുടെ കാലുകള്‍ക്ക് എത്താന്‍ പറ്റാത്തത്രയും ആഴം!

അതാ, ഒരു സഹായഹസ്തം അവളുടെ മുന്നില്‍. ആരോ ഒരാള്‍ അവളുടെ രക്ഷകനായി പിറന്നിരിക്കുന്നു. ഇടത് കൈകൊണ്ട് വെള്ളത്തില്‍ തുഴഞ്ഞ് പൊങ്ങിക്കിടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവള്‍ വലത് കൈ അയാള്‍ക്ക് നേരെ നീട്ടി. അവള്‍ക്ക് ആ നല്ലവനായ സമറിയക്കാരന്റെ കൈയില്‍ പിടിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അയാളാണെങ്കിലോ അവളുടെ കൈ പിടിക്കുന്നതിന് പകരം കൈയില്‍ കിടന്നിരുന്ന തോള്‍സഞ്ചിയാണ് വലിച്ചെടുത്തത്. 

ദുഷ്ടന്‍! അവളെ രക്ഷിക്കുന്നതല്ല അയാളുടെ ലക്ഷ്യം. അവളുടെ ജീവിതകാല സമ്പാദ്യം മുഴുവന്‍ അടങ്ങിയിരുന്ന ആ സഞ്ചിയാണ് അവള്‍ക്ക് നഷ്ടപ്പെടുന്നത്. അവളത് അനുവദിക്കില്ല. അയാളെ എതിര്‍ക്കാന്‍ അവള്‍ ആവതും ശ്രമിച്ചു. പക്ഷേ, എല്ലാം വൃഥാവിലായി. അവള്‍ക്ക് ഒന്നും ചെയ്യാനുള്ള ത്രാണിയില്ലാതായി. 

ആരാണീ അധമന്‍? മുഖം കാണുന്നില്ല. എല്ലാം ഒരു മൂടല്‍ പോലെ. ആണാണോ പെണ്ണാണോ? അത് പോലും മനസ്സിലാകുന്നില്ല. ഒരു അബലയോടീവിധം പെരുമാറാമോ?

പിന്നീടെന്താണ് സംഭവിച്ചത്? അവള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. യാഥാര്‍ത്ഥ്യമെന്ന പോലെ കണ്ട ആ സ്വപ്നം അവിടെ നിന്നുപോയോ? അവള്‍ അപ്പോഴാണോ ഉച്ചമയക്കത്തില്‍ നിന്നും എഴുന്നേറ്റത്?

അവള്‍ കണ്ട സ്വപ്നം ഇപ്പോള്‍ മുന്നിലെ തെരുവില്‍ നടക്കുന്ന രംഗത്തിന്റെ മുന്നറിയിപ്പായിരുന്നോ?

അവളുടെ മുന്നില്‍ ആ പെണ്‍കുട്ടി രക്ഷിക്കാന്‍ മുറവിളി കൂട്ടി ഓടുന്നു. ആരെങ്കിലും അവളെ സഹായിക്കുമോ? ചുറ്റിനും എത്രയോ പേര്‍ നടക്കുന്നുണ്ട്. ആരും അവളെയൊന്ന് നോക്കുന്നു പോലുമില്ലല്ലോ, ഈശ്വരാ. ഇവരെയെല്ലാം കരിങ്കല്ല് കൊണ്ടാണോ നിര്‍മ്മിച്ചിരിക്കുന്നത്!

ആ സമയം റസ്റ്റോറന്റിന്റെ വാതില്‍ തള്ളിത്തുറന്ന് സുന്ദരനായൊരു ചെറുപ്പക്കാരന്‍ പുറത്തേയ്ക്ക് വന്നു. ആര് കണ്ടാലും രണ്ടാമതൊന്ന് നോക്കിപ്പോകുന്ന സൗന്ദര്യം. ഉറച്ച ശരീരം. ആറടിയ്ക്കടുത്ത പൊക്കം തോന്നിയ്ക്കും. ആ പെണ്‍കുട്ടി അയാളെ നോക്കി രക്ഷിക്കാന്‍ യാചിക്കുന്നു. സിനിമയിലെ നായകനെ പോലെ അയാള്‍ ആ പെണ്‍കുട്ടിയുടേയും അവളെ പിന്‍തുടരുന്നവരുടേയും ഇടയില്‍ നിലയുറപ്പിച്ചു. അവളെ പിടിക്കാന്‍ ഓടിച്ചിട്ടിരുന്നവര്‍ ഓട്ടം നിര്‍ത്തി, നിശ്ചലരായി. മുന്നില്‍ നില്‍ക്കുന്ന ആജാനുബാഹു അവരില്‍ ഭയമുളവാക്കിയിരിക്കുന്നു.

ആ മനുഷ്യന്‍ പെണ്‍കുട്ടിയെ വാരിയെടുത്ത് തോളത്തിട്ട് വന്ന വഴിയിലൂടെ തിരിച്ച് നിശാഗന്ധിയുടെ അകത്തേയ്ക്ക് കയറി. ആ പെണ്‍കുട്ടിയാണെങ്കില്‍ പേടിച്ച് കൈകാലിട്ടടിക്കുകയായിരുന്നു. അവളുടെ എതിര്‍പ്പ് ആര് കേള്‍ക്കാന്‍!

അവളുടെ മുന്നില്‍ നടക്കുന്ന നാടകസദൃശമായ രംഗങ്ങള്‍ കണ്ട് അവള്‍ സ്തബ്ദയായി നിന്നു. ആ പെണ്‍കുട്ടിയ്ക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാകുക? ആ കുട്ടിയ്ക്ക് വേണ്ടി അവളുടെ ഹൃദയം ത്രസിച്ചു. ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് അവള്‍തന്നെ ആയിരുന്നിരിക്കാം. അല്ലെങ്കില്‍ അവളറിയുന്ന മറ്റേതോ നിരാലംബയായ പെണ്‍കുട്ടി. പൊതുജനം സ്വാര്‍ത്ഥരാണ്. അവര്‍ക്ക് അവരുടെ കാര്യം മാത്രം. അപകടത്തില്‍ പെടുന്നവരുമായി അവര്‍ക്ക് ബന്ധമില്ലാതിരിക്കുവോളം അവര്‍ അതിലിടപെടുകയില്ല.

പക്ഷേ, അവള്‍ക്കങ്ങനെ വെറുതെ നോക്കി നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. അവള്‍ വീട്ടില്‍ നിന്നിറങ്ങി തെരുവിലെത്തി. നേരെ നിശാഗന്ധിയിലേയ്ക്ക് നടന്നു. അവളുടെ ഹൃദയം ആകാംക്ഷയാല്‍ ധൃതഗതിയില്‍ മിടിക്കുന്നുണ്ടായിരുന്നു.

റസ്റ്റോറന്റിനോടടുക്കുന്തോറും അവളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. ആ കുട്ടിയെ രക്ഷിക്കാന്‍ അവള്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക? അവളൊറ്റയ്ക്ക് ആ മനുഷ്യനെ എതിര്‍ക്കുകയോ? ബലാബലം പരീക്ഷിക്കാന്‍ പറ്റിയ സന്ദര്‍ഭമല്ല. അതിനുള്ള ശരീരബലവും തനിയ്ക്കില്ല. പക്ഷേ, ഒന്നുണ്ട് - മനഃശക്തി. ആ പെണ്‍കുട്ടിയെ സ്വതന്ത്രയാക്കാന്‍ ഉറപ്പിച്ച് ആവശ്യപ്പെടണം. പക്ഷേ, അയാള്‍ എന്തിന് അവളെ അനുസരിക്കണം? എങ്കില്‍ പിന്നെ അഭ്യര്‍ത്ഥിച്ച് നോക്കാം. അയാള്‍ അവളുടെ അപേക്ഷ അംഗീകരിക്കുമോ?

നിശാഗന്ധിയ്ക്കകത്ത് കാല്‍ വയ്ക്കുമ്പോഴും അവള്‍ 'ഇനിയെന്ത്' എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു. അവിടത്തെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നല്ലാതെ ആ ബാറില്‍ ആദ്യമായിട്ടായിരുന്നു അവള്‍ കയറുന്നത്. തെരുവിലെ വെളിച്ചത്തില്‍ നിന്നും അകത്ത് കയറിയപ്പോള്‍ അവള്‍ക്ക് ചുറ്റിനും ഇരുട്ട് മാത്രമേ ഉണ്ടിയിരുന്നുള്ളു. ബാറിലെ അരണ്ട വെട്ടവുമായി പരിചിതയാകാന്‍ അവള്‍ അനങ്ങാതെ നിന്നു.

കണ്ണുകള്‍ ഇരുട്ടുമായി ഇണങ്ങിയപ്പോള്‍ മുന്നില്‍ നടക്കുന്നത് വ്യക്തമായി. അത് കണ്ടതും അവളറിയാതെ വിളിച്ചു പോയി, ''എന്റെ ദൈവമേ!''

ആ നിമിഷത്തില്‍ ഉച്ചമയക്കത്തില്‍ കണ്ട സ്വപ്നത്തിന്റെ ബാക്കി ഭാഗം അവളുടെ മനസ്സില്‍ തെളിഞ്ഞു.

കടലില്‍ കഴുത്തറ്റം വെള്ളത്തില്‍ അവള്‍ നില കിട്ടാതെയുഴലുന്നു. തന്റെ തോള്‍സഞ്ചി വലിച്ചെടുത്ത കൈയിന്റെ ഉടമസ്ഥനെ അവള്‍ നോക്കി. അവള്‍ അയാളുടെ നേരെ അട്ടഹസിക്കാന്‍ ആരംഭിച്ചതായിരുന്നു. പക്ഷേ ...

കരുണാമയമായ ഒരു മുഖമാണ് അവള്‍ അവിടെ കണ്ടത്. സൗമ്യനായി പരിഭ്രാന്തിയേതുമില്ലാതെ അയാള്‍ അവളുടെ സഞ്ചി തന്റെ തോളത്ത് തൂക്കിയിട്ടിട്ട് അവളുടെ കൈയില്‍ പിടിച്ച് വെള്ളത്തില്‍ നിന്നും പൊക്കിയെടുത്തു. വലത് കൈകൊണ്ട് വലിച്ച് കയറ്റിയ ഉടനെ ഇടത് കൈകൊണ്ട് അയാള്‍ അവളെ തന്നിലേയ്ക്ക് ചേര്‍ത്ത് പിടിച്ചു. അവള്‍ കണ്ണുകളടച്ച് ആ പുരുഷന്റെ മാസ്മരിക ഗന്ധം ആവാഹിച്ചെടുത്തു. നിശാഗന്ധിയുടെ മാദകമായ മണം!

ഇപ്പോള്‍ അവളുടെ മുന്നില്‍ ഭയവിഹ്വലയായ ആ പെണ്‍കുട്ടിയെ അവള്‍ കണ്ടു. അവളെ തെരുവില്‍ നിന്നും പൊക്കിയെടുത്ത ആ ചെറുപ്പക്കാരന്‍ അവളെ കെട്ടിപ്പിടിച്ച് തന്നോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നു. ആ കുട്ടിയാണെങ്കില്‍ കണ്ണുകളടച്ച് അയാളുടെ സാമീപ്യം ആസ്വദിച്ച് അയാളോടൊപ്പം അവിടെ മുഴങ്ങുന്ന ഗാനത്തിന്റെ മൃദുലതാളലയങ്ങള്‍ക്ക് അനുസൃതമായി ചുവട് പിടിച്ച് നൃത്തം ചെയ്യുന്നു.

ശരിയാണ്, അവള്‍ കണ്ട സ്വപ്നം വരാനിരിക്കുന്ന ഒരു മധുര പ്രണയത്തിന്റെ മുന്നോടിയായിരുന്നു.

അവള്‍ തിരിഞ്ഞ് നടന്നു. വാതില്‍ തള്ളിത്തുറന്ന് അവള്‍ തെരുവിലേയ്ക്കിറങ്ങി. കടലില്‍ നിന്നടിക്കുന്ന കാറ്റ് അവളുടെ മുഖം തഴുകിയൊഴുകി. ആഴിയുടെ ആഴങ്ങളില്‍ നിന്നും നിശാഗന്ധിയുടെ സുഗന്ധവും പേറി വരുന്ന തെന്നല്‍. അവളുടെ നാസാരന്ധ്രങ്ങള്‍ ത്രസിച്ചു. അവളാ വാസന ആസ്വദിച്ച് ഒരു മോഹനിദ്രയിലെന്ന പോലെ നടന്നു.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...