Asianet News MalayalamAsianet News Malayalam

Malayalam Short Story : രാശിക്ക, സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Santhosh Gangadharan
Author
First Published Dec 7, 2022, 7:41 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Santhosh Gangadharan

 

വലതുകൈയിലെ തള്ളവിരല്‍ ഒന്നാംകുഴിയില്‍ അമര്‍ത്തിപിടിച്ച് ഇടതുകൈയിലെ വിരലുകള്‍ കൊണ്ട് വലതുകൈയിലെ നീട്ടിപിടിച്ച നടുവിരലിനോട് ചേര്‍ത്ത് വച്ചിരുന്ന രാശിക്ക അയാള്‍ ഉന്നംവച്ച് മുന്നോട്ട് തെറിപ്പിച്ചു. 'അയ്യോ', മൂന്നാംകുഴിയില്‍ ഇടതുമുഷ്ടി അമര്‍ത്തി വച്ച് ശ്വാസമടക്കിയിരുന്നിരുന്ന അവന്‍ കരഞ്ഞു.

അവനായിരുന്നു എപ്പോഴും തോല്‍വി. ഒരിക്കലെങ്കിലും ജയിച്ചിട്ട് വേണം രാധപ്പന്റെ കൈയിനിട്ട് രാശിക്ക വച്ച് ഒന്ന് പൊട്ടിക്കാന്‍. അവന്‍ കളിക്കാനായി സ്വരുക്കൂട്ടിയിരുന്ന രാശിക്ക ഒട്ടുമുക്കാലും രാധപ്പന്റെ പക്കല്‍ എത്തിക്കഴിഞ്ഞിരുന്നു. ജയിച്ചവനെടുക്കാനുള്ള രാശിക്ക കളത്തില്‍ വച്ചാല്‍ മാത്രമേ 'മൂന്ന് കുഴി' കളിക്കാന്‍ മറ്റുള്ളവര്‍ കൂട്ടുകയുള്ളു.

ബാക്കിയുള്ളവരുടെ മുമ്പില്‍ നാണം കെടുന്നത് മാത്രമല്ല, രാധപ്പന്റെ ഉന്നം വച്ചുള്ള അടികൊണ്ട് വിരലുകളില്‍ നീര് വന്നുതുടങ്ങിയിരിക്കുന്നു. അന്ന് തുടങ്ങിയതാണ് ഷാഫിയുടെ മനസ്സിലെ തീ. 

'മൂന്ന് കുഴി' കളിച്ച് ജയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അവന് മനസ്സിലായി. ആയിടക്കാണ് ക്ലബ്ബില്‍ കാരംബോര്‍ഡ് വാങ്ങുന്നത്. അത് ഷാഫിയ്ക്ക് വഴങ്ങുന്ന കളിയായിരുന്നു. അവന്‍ അതില്‍ മിടുക്കനായി. മിക്കവാറും കളികള്‍ അവന്‍ തന്നെയാണ് ജയിക്കാറ്. പക്ഷേ, അവന് തോല്‍പിക്കേണ്ടത് രാധപ്പനെയായിരുന്നു. രാധപ്പനാണെങ്കില്‍ കാരംബോര്‍ഡ് കളിക്കാന്‍ താല്പര്യമില്ലായിരുന്നു.

ഷാഫി തന്നെത്താനെയിരുന്ന് രാശിക്ക ഉന്നം വച്ച് തെറ്റിക്കാന്‍ പഠിച്ചു. അവന്‍ ഉദ്ദേശിക്കുന്ന ഉന്നത്തില്‍ കൊള്ളിക്കാന്‍ സാധിക്കുമെന്നായി. എങ്കിലും 'മൂന്ന് കുഴി'യില്‍ അവന് രാധപ്പനെ തോല്‍പ്പിക്കാന്‍ സാധിച്ചതേയില്ല.

കാരംബോര്‍ഡില്‍ സ്‌ട്രൈക്കര്‍ പല കോണുകളിലും തെറ്റിച്ച് കോയിന്‍ വീഴ്ത്താന്‍ ഷാഫിയെ വെല്ലാന്‍ ആരുമില്ലായിരുന്നു. അവന് കോയിന്‍ തെന്നിത്തെറിപ്പിക്കാനുള്ള േകാണുകള്‍ പെട്ടെന്ന് മനനം ചെയ്‌തെടുക്കാനുള്ള കഴിവ് വളര്‍ന്നുകൊണ്ടിരുന്നു. പക്ഷെ, രാധപ്പന്‍ കളിക്കാത്ത കളിയായതിനാല്‍ ഷാഫിയുടെ പ്രതികാരം മനസ്സിലിരുന്ന് പുകഞ്ഞതേയുള്ളു.

ക്ലാസ്സില്‍ രണ്ടാളും പുറകിലെ ബഞ്ചിലായിരുന്നു. പഠിത്തത്തില്‍ വലിയ താല്‍പര്യമില്ലാത്തവര്‍. പരീക്ഷകളില്‍ ഷാഫിയ്ക്കായിരുന്നു രാധപ്പനെ അപേക്ഷിച്ച് കൂടുതല്‍ മാര്‍ക്ക്. പഠിത്തം കഴിഞ്ഞ് നാട്ടിലെ കമ്പനിയില്‍ രണ്ടാളും ജോലിയ്ക്കപേക്ഷിച്ചു. ഭാഗ്യം അപ്പോഴും രാധപ്പനെ തുണച്ചു. ഷാഫിയ്ക്ക് കിട്ടുമെന്ന് വിചാരിച്ച ജോലിയില്‍ രാധപ്പന്‍ പ്രവേശിച്ചു.

ഷാഫി അല്ലറചില്ലറ കോണ്‍ട്രാക്റ്റ് പണികള്‍ ചെയ്ത് ജീവിതവരുമാനം കണ്ടെത്തി. പക്ഷെ, ഷാഫി തകര്‍ന്ന് പോയത് അവന്‍ പ്രേമിച്ചിരുന്ന പെണ്ണിനെ രാധപ്പന്‍ കെട്ടിക്കൊണ്ട് പോയപ്പോഴാണ്.

കല്യാണം കഴിഞ്ഞ് ഒരു ദിവസം രാധപ്പനും പെണ്ണും കൂടി ഷാഫിയുടെ വീട്ടില്‍ വിരുന്നുവന്നു. അമ്മയുടെ സല്‍ക്കാരം നടക്കുന്നതിനിടയില്‍ ഒരുവിധമാണ് ഷാഫി അവരുടെ കൂടെ കഴിച്ചുകൂട്ടിയത്. സംസാരം നീണ്ടുനീണ്ട് കുട്ടിക്കാലത്തെ വികൃതികളിലും രാശിക്കാകളിയിലും ചെന്നെത്തി. ഷാഫി മറക്കാന്‍ ആഗ്രഹിച്ചിരുന്ന മൂന്ന് കുഴിയും രാശിക്കകൊണ്ടുള്ള അടിയും രാധപ്പന്‍ വിവരിച്ചു. 

ഷാഫി അവനറിയാതെ തന്നെ അടികൊണ്ട പാട് വീണ വിരലുകളില്‍ തടവി. അപ്പോഴാണ് രാധപ്പന്‍ അവന്റെ കൈ വലിച്ചുപിടിച്ച് വിരലുകള്‍ എല്ലാവരേയും കാണിച്ച് ''ഇപ്പോഴും ആ പാടുകള്‍ ഇവന്റെ കൈയില്‍ കാണാം'' എന്ന് പറഞ്ഞത്. എല്ലാവരും അത് കേട്ട് അവനെ നോക്കി ചിരിച്ചപ്പോള്‍ അവനങ്ങ് പാതാളത്തോളം താഴ്ന്ന് പോയി. പ്രതികരണശേഷി നഷ്ടപ്പെട്ട് മിണ്ടാതെയിരിക്കാനെ അവന് കഴിഞ്ഞുള്ളു.

വിരുന്നുകാര്‍ പോയതിന് ശേഷവും ഷാഫിയുടെ മനസ്സ് നീറിപുകഞ്ഞുകൊണ്ടിരുന്നു. അവന്‍ സ്‌നേഹിച്ച പെണ്ണിനെ അടിച്ചെടുത്തത് പോരാഞ്ഞ് അവളുടെ മുന്നില്‍ വച്ച് അവനെ മനപ്പൂര്‍വ്വം ഇകഴ്ത്തിക്കാണിക്കുകയും ചെയ്തിരിക്കുന്നു. വേണ്ടെന്ന് വയ്ക്കുന്തോറും രാധപ്പന്റെ ധാര്‍ഷ്ട്യം ഒന്നിനൊന്ന് കൂടുകയാണ്. 

ദിവസങ്ങള്‍ കൊഴിയുന്തോറും അവന്റെ മനസ്സ് ശാന്തമാക്കാന്‍ അവന്‍ കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ അപ്പോഴാണ് കമ്പനിയില്‍ സമരം പൊട്ടിപ്പുറപ്പെട്ടത്. കമ്പനി പണിക്കാര്‍ സമരത്തിലായതോടെ സ്ഥിരം കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പണിയും വരുമാനവുമില്ലാതെയായി. ഷാഫിയുടെ ജീവിതം കമ്പനിയെ ചുറ്റിപ്പറ്റിയായിരുന്നു. സമരം അവനും വിനയായി മാറി.

ഒരിക്കല്‍ കമ്പനിപ്പടിയില്‍ ഉയര്‍ത്തിയ സമരപ്പന്തലില്‍ റിലെ നിരാഹാരസത്യഗ്രഹം ഇരുന്നിരുന്നവരുടെ കൂട്ടത്തില്‍ രാധപ്പനുമുണ്ടായിരുന്നു. അന്നൊരുദിവസം പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടി. കമ്പനി മാനേജര്‍മാരിലൊരാളെ തലേന്ന് വഴിയില്‍ തടഞ്ഞുനിര്‍ത്തി അധിക്ഷേപിക്കുകയും വാക്കേറ്റം മൂത്ത് കൈയേറ്റമായതുമായിരുന്നു കേസ്. പൊലീസിന്റെ കലാപരിപാടി കാണാന്‍ കൂടിയ നാട്ടുകാരുടെ കൂട്ടത്തില്‍ ഷാഫിയുമുണ്ടായിരുന്നു. 

പൊലീസുമായി ഉണ്ടായ കശപിശയ്ക്കിടയില്‍ എവിടുന്നോ വന്ന കല്ലേറു് ലാത്തിച്ചാര്‍ജിന് കളമൊരുക്കി. അതിനിടയില്‍ ആരോ അടിച്ച ഒരടി രാധപ്പന്റെ തലയ്ക്കായിരുന്നു കൊണ്ടത്. പരിക്കേറ്റ രാധപ്പനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയില്‍, തന്നെ അടിച്ചയാളെ രാധപ്പന്‍ ചൂണ്ടിക്കാണിച്ചു. പൊലീസ് പൊക്കിയത് ഷാഫിയേയും.

സാരമായ പരിക്കേറ്റ രാധപ്പന്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു. ഷാഫി ലോക്കപ്പിലും. രാധപ്പനേറ്റ അടിയേക്കാള്‍ കഠിനമായിരുന്നു പൊലീസില്‍ നിന്നും ഷാഫിയ്ക്ക് സഹിക്കേണ്ടിവന്ന പീഡനം. ഒടുവില്‍ യഥാര്‍ത്ഥപ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ ഷാഫി പുറത്തിറങ്ങിയെങ്കിലും അവന്റെ മനസ്സും ആരോഗ്യവും തകര്‍ന്നിരുന്നു.

ഷാഫിയുടെ മനസ്സില്‍ അണഞ്ഞുകിടന്നിരുന്ന പകയുടെ കനലുകള്‍ ആളുവാന്‍ ആ ജയില്‍വാസം കാരണമായി.  ജയിലില്‍ നിന്നും മോചിതനായ ആ രാത്രി അവന്‍ കവണിയില്‍ രാശിക്ക വച്ച് തെറ്റിക്കാന്‍ പഠിച്ചു. രാശിക്കാക്കളിയിലെ പ്രാവീണ്യവും കാരംബോര്‍ഡിലെ മനസ്സാന്നിദ്ധ്യവും ചേര്‍ന്നപ്പോള്‍ അവന്റെ കവണിയില്‍ നിന്നും രാശിക്ക ഉദ്ദേശ്യലക്ഷ്യത്തില്‍ അണുവിട വ്യത്യാസമില്ലാതെ കൊള്ളുമെന്നായി. സ്‌ട്രൈക്കര്‍ കോണ്‍ നോക്കി തെറ്റിക്കുന്ന വിദ്യ അവന്‍ കവണിയിലും പരീക്ഷിച്ച് വിജയിച്ചു. 

രാശിക്ക കൈയിലെടുക്കുമ്പോള്‍ രാധപ്പന്റെ മുഖമാണ് അവന്റെ മുന്നില്‍ തെളിയുക. പല നിറങ്ങളില്‍ വിവിധതരം ഡിസൈനുകളിലുള്ള രാശിക്കയില്‍ നിന്നും രാധപ്പന്റെ വികൃതമായ മുഖങ്ങള്‍ അവനെ നോക്കി ഇളിച്ചുകാട്ടുന്നതായി അവന് അനുഭവപ്പെട്ടു.  ജീവിതത്തിന്റെ പല മേഖലകളിലും തന്നെ അപഹാസ്യനാക്കിതീര്‍ത്തവനെ അവന്‍ തന്റെ ആയുഷ്‌ക്കാല എതിരാളിയാക്കി പ്രഖ്യാപിച്ചു. നേരിട്ടെതിര്‍ക്കാനുള്ള സന്ദര്‍ഭങ്ങളൊന്നും വീണുകിട്ടാഞ്ഞതിനാല്‍ ഷാഫിയുടെ പ്രതികാരവാഞ്ച മനസ്സില്‍ നീറിപ്പുകഞ്ഞുകൊണ്ടേയിരുന്നു.

കവണിയിലെ വൈദഗ്ദ്ധ്യം അവന്‍ പക്ഷികളില്‍ പരീക്ഷിച്ചു. മരക്കൊമ്പിലിരിക്കുന്ന കിളികളില്‍ നിന്നും പറക്കുന്ന പക്ഷികളിലേയ്ക്കും അവന്റെ രാശിക്ക ഉന്നംപിഴക്കാതെ എത്തി. താഴെ വീഴുന്ന മിണ്ടാപ്രാണികളില്‍ രാശിക്ക ഏല്‍പിച്ച ക്ഷതങ്ങള്‍ അവന് ഉന്മാദവും കൂടുതല്‍ ഉന്മേഷവും നല്‍കി. ഓരോ പക്ഷിയുടെ മുഖത്തും അവന്‍ രാധപ്പന്റെ പ്രതിഛായ കാണുകയായിരുന്നു. 

മാനത്ത് പറക്കുന്ന ജീവികളില്‍ നിന്നും അവന്റെ ശ്രദ്ധ ഭൂമിയിലോടി നടക്കുന്ന തെരുവുനായ്ക്കളിലേയ്ക്ക് തിരിഞ്ഞു. അവനെ കണ്ടാലോടിയകലുന്ന ആ ജീവികളുടെ കാലിലോ ദേഹത്തോ ഒരു രാശിക്കാക്ഷതം ഏല്‍പ്പിക്കാന്‍ അവന് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. തിരിഞ്ഞുനിന്ന് കുരയ്ക്കുന്നവയുടെ നെറ്റിയിലാണ് അവന്റെ രാശിക്ക ഉന്നം കുറിച്ചത്. എവിടെ ആയാലും സംഭവസ്ഥലത്ത് നിന്നും രാശിക്കയെടുത്ത് മാറ്റാന്‍ അവന്‍ മറന്നിരുന്നില്ല.

എന്നെങ്കിലുമൊരിക്കല്‍ ആ രാശിക്കകൊണ്ട് തന്റെ ബദ്ധവൈരിയുടെ നെഞ്ചത്ത് ഒരു ക്ഷതമെങ്കിലും ഏല്‍പ്പിക്കണമെന്ന ചിന്തയില്‍ ഷാഫിയുടെ ദിനങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. മനസ്സില്‍ വേറെ ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ അവന്‍ വിവാഹത്തിനെ പറ്റി ആലോചിച്ചതേയില്ല.

ഇതിനിടയില്‍ രാധപ്പന്‍ പുതിയ വീട് പണിത് കുടുംബസഹിതം അവിടേയ്ക്ക് താമസം മാറ്റി. 

രാധപ്പന്റെ ദിനചര്യ മനഃപാഠമാക്കുന്ന തിരക്കിലായിരുന്നു ഷാഫി. തന്റെ കവണിയില്‍ നിന്നും ഒരു രാശിക്ക തെറ്റിച്ച് രാധപ്പന്റെ നെറ്റിയില്‍ കൊള്ളിക്കാനുള്ള ഉപായം അവനൊടുവില്‍ കണ്ടുകിട്ടി. എന്നും രാവിലെ അയാള്‍ക്ക് വീടിന്റെ ടെറസ്സില്‍ വന്നുനിന്ന് സൂര്യോദയം നോക്കിക്കാണുന്ന ശീലമുണ്ടായിരുന്നു. അതുതന്നെയായിരുന്നു ഷാഫിയുടെ പദ്ധതി നടപ്പിലാക്കാന്‍ അവന്‍ തെരഞ്ഞെടുത്ത സമയവും.

ഷാഫി താനിരുന്നിരുന്ന മരത്തിന്റെ കൊമ്പ് ഇരുന്ന ഇരുപ്പില്‍ ഒന്ന് കുലുക്കി. നിശറില്ലാത്ത കൊമ്പിലാണിരുന്നിരുന്നതെങ്കിലും ഉന്നം വയ്ക്കുന്ന സമയം വല്ലതും കേറിവന്നാല്‍ വിചാരിച്ചപോലെ കവണിയില്‍ നിന്നും രാശിക്ക തെറ്റിക്കാന്‍ സാധിക്കാതെ വരും.ഏകാഗ്രതയില്‍ ഒരു ഞൊടിയിടയിലെ ഭംഗം മതി ഉന്നം മാറാനും കോണ്‍ തെറ്റാനും.

ഇടതുഭാഗത്തുള്ള വീടിന്റെ ടെറസ്സിലാണ് അവന്റെ  പ്രതിയോഗി വന്നുനില്‍ക്കാറുള്ളത്. അതിന്റെ നേരെ മുന്നില്‍ നിവര്‍ന്നുനില്‍ക്കുന്ന തെങ്ങിന്‍തടിയിലാണ് അവന്‍ ഉന്നം കണ്ടിട്ടുള്ളത്. ശരിയായ കോണ്‍ നോക്കി രാശിക്ക കൊള്ളിച്ചാല്‍ ഉദ്ദേശിച്ചിടത്തേയ്ക്ക് അത് തെന്നിത്തെറിച്ച് കൊള്ളും.

ഷാഫി സൂര്യോദയത്തിന് വളരെ മുമ്പ് തന്നെ മരത്തിന് മുകളില്‍ സ്ഥാനമുറപ്പിച്ചിരുന്നു. രാധപ്പന്റെ വീടിന്റെ ടെറസ്സില്‍ അയാള്‍ പ്രത്യക്ഷപ്പെടുന്നത് നോക്കിയിരിക്കുന്നതിനിടയില്‍ അവന്റെ മനസ്സില്‍ പഴയ പല ചിത്രങ്ങളും ഓടിമറഞ്ഞു.

അതിനുമുമ്പ് നടന്ന കാര്യങ്ങള്‍ ആലോചിക്കുന്നതിനിടയില്‍ അവന് തന്നെ അവന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമായി. സത്യത്തില്‍ രാധപ്പന്‍ ഒരിക്കലും മനഃപൂര്‍വ്വം തന്നെ ദ്രോഹിച്ചിട്ടില്ല. മൂന്ന് കുഴിയില്‍ തോറ്റതിനാണ് വിരലില്‍ രാശിക്ക കൊള്ളിച്ചിരുന്നത്. അതായിരുന്നു കളിയിലെ നിയമം. അവന് രാശിക്കാക്കളിയില്‍ പ്രാവീണ്യം കുറഞ്ഞതിന് രാധപ്പനെങ്ങനെ തെറ്റുകാരനാവും? കാരംബോര്‍ഡ് കളിക്കാന്‍ അയാള്‍ക്കൊട്ട് താല്പര്യവുമില്ലായിരുന്നു. അത് തന്റെ നിര്‍ഭാഗ്യമെന്നെ പറയേണ്ടു.

അവന്‍ സ്‌നേഹിച്ച പെണ്ണിനെ രാധപ്പന്‍ കെട്ടിയത് വീട്ടുകാര്‍ തമ്മില്‍ ഉറപ്പിച്ച കല്യാണമായിരുന്നു. അവന്റെ പ്രണയം അവനൊരിക്കലും അവളോട് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടുമില്ല. അപ്പോള്‍പിന്നെ രാധപ്പനെന്ത് പിഴച്ചു! കമ്പനി ജോലി അയാള്‍ക്ക് കിട്ടിയത് കമ്പനിയിലെ മാനേജറുടെ തീരുമാനമായിരുന്നു. 

അങ്ങനെ നോക്കുമ്പോള്‍ അവന്റെ വൈരാഗ്യത്തിന് യഥാര്‍ത്ഥത്തില്‍ ഒരടിസ്ഥാനവുമില്ല. 

എങ്കിലും സമരത്തിനിടയ്ക്ക് തന്നെ ജയിലില്‍ കയറ്റിയത് രാധപ്പനല്ലേ? അയാള്‍ ചൂണ്ടിക്കാണിച്ചിട്ടാണല്ലോ പൊലീസ് അവനെ പൊക്കിയതും പിന്നെ ലോക്കപ്പിലിട്ട് ചതച്ചതും. പക്ഷെ അപ്പോഴും രാധപ്പന്‍ കൈചൂണ്ടി ഉദ്ദേശിച്ചത് ഷാഫിയെ ആയിരുന്നോ എന്നുള്ളത് തീര്‍ച്ചയല്ലായിരുന്നു. ബോധം മറയുന്നതിനിടയില്‍ കൈ ആരുടേയോ നേരെ ചൂണ്ടിയെന്ന് മാത്രം. പൊലീസ്അവര്‍ക്ക് കിട്ടിയ ആളില്‍ കൈത്തരിപ്പ് തീര്‍ക്കുകയായിരുന്നിരിക്കണം. ഷാഫിയെ കൂടാതെ അവര്‍ക്കെതിരെ കല്ലെറിഞ്ഞതിന് വേറേയും കുറേ പേരെ അവരന്ന് പൊക്കിയിരുന്നു. രാധപ്പന്റെ കൈ ഒരു നിമിത്തമായിയെന്നേയുള്ളു.

അങ്ങനെ നോക്കുമ്പോള്‍ താന്‍ ഈ ചെയ്യാന്‍ പോകുന്നത് സാധൂകരിക്കാനുള്ള ന്യായങ്ങളൊന്നും കാണുന്നില്ല.

ഷാഫി ചുറ്റിനും നോക്കി. പ്രഭാതം പൊട്ടിവിടരുന്നു എന്നെല്ലാം പറയാന്‍ പറ്റിയ സമയമായിരിക്കുന്നു. ഇതിന് മുകളില്‍ കയറുമ്പോള്‍ നല്ല ഇരുട്ടായിരുന്നു. ഇപ്പോള്‍ പരിസരം നല്ലവണ്ണം തെളിഞ്ഞുകാണാം. 

അടുത്തവീട്ടിലെ കതക് തുറക്കുന്ന ശബ്ദം ഷാഫിയെ മനോരാജ്യത്തില്‍ നിന്നുണര്‍ത്തി. അതാ രാധപ്പന്‍ - തന്റെ ബദ്ധവൈരി ടെറസ്സില്‍ എത്തിയിരിക്കുന്നു. അയാള്‍ പാരപ്പെറ്റിനടുത്തേയ്ക്ക് നീങ്ങി സൂര്യനെ നോക്കിനിന്നു.

അവന്‍ ഉദ്ദേശിച്ച സമയം വന്നെത്തിയിരിക്കുന്നു. ഇത്രയും നാള്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന പക പോക്കാനുള്ള സമയം.

രാധപ്പന്‍ നിരപരാധിയാണെന്ന ചിന്ത അവന്റെ മനസ്സിലേയ്ക്ക് പിന്നേയും കടന്നുവന്നു. താന്‍ ചെയ്യാന്‍ പോകുന്നത് ശരിയാണോ?

അപ്പോള്‍ അവന്റെ ഇടതുകൈയിലെ അംഗുലീസന്ധികളെല്ലാം വേദനിച്ചു. വിരലിലെ പഴയ നീര്‍ക്കെട്ട് വിങ്ങുന്നപോലെ. മൂന്നാം കുഴിയില്‍ ഇടതുകൈ മടക്കിവച്ച് ശ്വാസമടക്കിയിരിക്കുന്ന ആ പയ്യന്‍ അവന്റെ മുഖത്ത് ആഞ്ഞടിക്കുന്നു. 'നീയെന്ത് പോഴനാടാ' എന്ന് ചെവിയില്‍ ആക്രോശിക്കുന്നു. ഇതിലും നല്ലൊരു അവസരം ഇനി കിട്ടുമെന്ന് തോന്നുന്നില്ല. 

അത്രയും വേദന സഹിച്ചതിന് ഒരു പ്രാവശ്യമെങ്കിലും പകരം ചോദിച്ചില്ലെങ്കില്‍ പിന്നെ ആണാണെന്ന് പറഞ്ഞ് മീശ പിരിച്ച് നടന്നിട്ടെന്ത് കാര്യം!

ഷാഫി കൈയിലിരുന്ന കവണിയില്‍ രാശിക്ക പിടിപ്പിച്ചു. കവണിയുടെ റബ്ബര്‍ പുറകോട്ട് വലിച്ചുപിടിച്ചു. രാധപ്പന്‍ നില്‍ക്കുന്നയിടവും അവന്‍ ഇരിക്കുന്നിടവും തമ്മിലുള്ള കോണ്‍ കണക്കാക്കി മുന്നിലെ തെങ്ങിന്റെ തടിയില്‍ ഉന്നം പിടിച്ചു. നെറ്റിയില്‍ കൊള്ളിക്കാനായിരുന്നു അവനാദ്യം വിചാരിച്ചിരുന്നത്. അതിനിപ്പോള്‍ ചെറിയൊരു കിഴിവനുവദിച്ച് നെഞ്ചത്തേയ്ക്ക് ഉന്നം മാറ്റി.

അവന്‍ വലിച്ചുപിടിച്ച രാശിക്ക വിടാന്‍ ഭാവിക്കുമ്പോള്‍ പെട്ടെന്ന് രാധപ്പന്റെ സമീപത്ത് ഒരാളനക്കം കണ്ടു. രാധപ്പന്റെ അടുത്ത് അയാളുടെ ഭാര്യ നില്‍ക്കുന്നു. അവന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന വിഗ്രഹം; ദിവ്യപ്രേമത്തിന്റെ മികവുറ്റ പ്രതിനിധാനം. പലവിധ വികാരങ്ങള്‍ അവന്റെ മനസ്സിലേയ്‌ക്കോടിയെത്തി. അതിനിടയില്‍ അവന്റെ കൈ റബ്ബറില്‍ നിന്നും വിട്ടുപോയിരുന്നു. താനുദ്ദേശിച്ച ഉന്നത്തിലേയ്ക്കല്ല രാശിക്ക തെറ്റിയതെന്ന് മനസ്സിലാക്കുമ്പോഴേയ്ക്കും അത് കവണിയില്‍ നിന്നും തെറിച്ച് മുന്നിലെ തെങ്ങിലേയ്ക്ക് പ്രയാണമാരംഭിച്ചിരുന്നു.

ഷാഫി നോക്കിയിരിക്കെ രാശിക്ക നേരെ തെങ്ങില്‍ക്കൊണ്ട് തിരിച്ച് വരാന്‍ തുടങ്ങി. രാധപ്പന് നേരെയുള്ള കോണിന് പകരം അത് അവന്റെയടുത്തേയ്ക്ക് തിരിച്ചുവരുകയാണ്.

അവന്റെ ശേഖരത്തിലെ പലതരം രാശിക്ക കണ്‍മുന്നില്‍ നൃത്തം വയ്ക്കുന്നു. ഓരോന്നിന്റേയും ഉള്ളില്‍ പല വര്‍ണ്ണങ്ങള്‍ പല വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. ഒരേപോലുള്ള രണ്ട് രാശിക്ക കണ്ടുകിട്ടാന്‍ പ്രയാസം. ഭംഗിയില്ലാത്തതെന്ന് തോന്നുന്നത് പോലും സൂര്യരശ്മിയില്‍ വെട്ടിത്തിളങ്ങുന്നു. മനുഷ്യനും ഒരു രാശിക്കപോലെയല്ലേ! എല്ലാവരും ഒരുപോലെയാവണമെന്ന് ശഠിക്കുന്നതില്‍ കാര്യമില്ല. രാധപ്പന്റേയും നല്ലവശങ്ങള്‍ മാത്രം നോക്കിയാല്‍ പോരെ?

താന്‍ അത്രയും നാള്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന വിദ്വേഷം വെറും പാഴ് വസ്തുവായിരുന്നു എന്നുള്ള അറിവ് അവന്റെ നെഞ്ചില്‍ തീയേറ്റി. ആവശ്യമില്ലാത്ത ഒരു പ്രതികാരവാഞ്ച ജീവിതത്തില്‍അവനൊരു പുരോഗതിയുമില്ലാതാക്കിയിരുന്നു. സ്വന്തം കാര്യം നോക്കി നടന്നിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ നേടാമായിരുന്നു. ഇതിപ്പോള്‍ ഇരുന്നേടത്ത് തന്നെ ഇരിക്കേണ്ട ഗതികേടില്‍. ഇപ്പോഴെങ്കിലും ഈ വഴിയില്‍ നിന്നും മാറിനടന്നില്ലെങ്കില്‍ജീവിതമേയില്ലാണ്ടായേക്കും.

തന്റെ നേരെ ചീറിപ്പാഞ്ഞു വരുന്ന രാശിക്കയില്‍ അവന്‍ കണ്ണുമിഴിച്ച് നോക്കിയിരുന്നു. ഞൊടിയിടയ്ക്കുള്ളില്‍ എടുക്കേണ്ട തീരുമാനമാണ്. ഇനിയും വൈകിയാല്‍ ...!

രാശിക്കയുടെ സഞ്ചാരപഥത്തില്‍ അവന്റെ കണ്ണുകളുടക്കി. അതിന്റെ വേഗതയുടെ സീല്‍ക്കാരം അവന്റെ ചെവി തുളച്ചുകയറി.

ഇനി വേണ്ട ഈ പ്രതികാരത്തിന്റെ പാത. ഷാഫി തല വലത്തോട്ട് വെട്ടിച്ചു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios