Asianet News MalayalamAsianet News Malayalam

Malayalam Short Story : വടക്കുനോക്കി പഞ്ചായത്ത്, സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Santhosh Gangadharan
Author
First Published Apr 18, 2023, 3:34 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

കുന്നിനെ വലംവച്ച് റോഡ് ചെന്നുകയറുന്നത് ആ ഗ്രാമത്തിലേയ്ക്കാണ്. അതുകൊണ്ടായിരിക്കണം ആ സ്ഥലത്തിന് 'മറവില്‍' എന്നൊരു പേര് വീണത്. പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നതോടെ അത് മറവില്‍ പഞ്ചായത്തായി മാറി. 

ഗ്രാമവികസനം നടപ്പിലാക്കുന്നതിനോടനുസരിച്ച് പഞ്ചായത്തിന്റെ വിസ്തീര്‍ണം വര്‍ദ്ധിച്ചു. പിന്നീടാണ് ഭരണസൗകര്യത്തിനായി അതിനെ രണ്ടാക്കിയത്. മറവില്‍ തെക്കും മറവില്‍ വടക്കും പഞ്ചായത്തുകള്‍ രൂപംപൂണ്ടു. വിഭജനം വന്നതോടെ അവ തമ്മിലുള്ള സ്പര്‍ദ്ധയും ഉത്ഭവിച്ചു. രണ്ട് വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികള്‍ ഭരിക്കുവാന്‍ എത്തി. ഒന്നിച്ചു കഴിഞ്ഞിരുന്ന ഗ്രാമവാസികള്‍ വളരെ പെട്ടെന്ന് അകലാനും തുടങ്ങി.

കാര്‍ത്തികേയന്‍ ചായ മൊത്തുന്നതിനിടയിലാണ് കൊച്ചാപ്പു ഓടികിതച്ച് കയറിവന്നത്. 

    ''ഹെന്റെ വെഞ്ചാമരസാറേ, കേട്ടില്ലേ അപ്പുറത്തെ പുകിലുകളൊന്നും?'' അയാള്‍ ശ്വാസം നീട്ടിവലിക്കുന്നതിനിടയില്‍ പറഞ്ഞൊപ്പിച്ചു.

    ''നീ ഇങ്ങനെ പട്ടിയെപോലെ നിന്നണയ്ക്കാതെ കാര്യം പറ കൊച്ചാപ്പു. രാവിലത്തെ കട്ടന്‍ കൈയില്‍ കിട്ടിയതേയുള്ളു, അതിന് മുന്നേ നാട്ടുവിശേഷം ഞാനെവിടുന്നറിയാനാണ്!'' കാര്‍ത്തികേയന്‍ തന്റെ വെഞ്ചാമരപോലുള്ള തലമുടിയിലൂടെ കൈയോടിച്ചുകൊണ്ട് പറഞ്ഞു.

    ''വടക്കൊരു കൊച്ചന്‍ കുഴല്‍ക്കിണറില്‍ വീണൂന്ന്. നാട്ടുകാരൊക്കെക്കൂടി അതിനെ പൊക്കിയെടുക്കാന്‍ പെടാപാട് പെട്ടോണ്ടിരിക്കാ. നമുക്ക് വീണ് കിട്ടിയ സന്ദര്‍ഭമാന്ന്.'' കൊച്ചാപ്പുന്റെ മുഖത്ത് ഒരു കള്ളച്ചിരി പടര്‍ന്നു.

    ''എന്നാപ്പിന്നെ നീ പോയി ആ അന്ത്രൂസിനെ വിളിച്ചോണ്ട് വാ. നമുക്കിവിടത്തെ കാറെടുത്ത് വടക്ക് വരെ ഒന്ന് പോയിവരാം. എന്തൊരു കഷ്ടാല്ലേ!'' കാര്‍ത്തികേയന്‍ മൂക്കത്ത് വിരല്‍ വച്ച് ശോകഭാവത്തില്‍ വിദൂരതയിലേയ്ക്ക് നോക്കി.

    ''ഈ സാറിന്റെ പുത്തി മരവിച്ചുപോയോ? കിണറ്റീ വീണ കൊച്ചിനെയെടുക്കാന്‍ നമ്മളെന്തിനാ മെനക്കെടുന്നേ? അത് വടക്കമ്മാരുടെ പ്രശ്‌നാന്ന്. നമുക്കിത് വച്ച് അവരെയൊന്ന് ഞോണ്ടാനുള്ള ചാന്‍സാന്നാ ഞാന്‍ പറേണത്.''

    കാര്‍ത്തികേയന്‍ വിദൂരതയില്‍ നിന്ന് കണ്ണ് പറിച്ചുമാറ്റി സംശയരൂപത്തില്‍ കൊച്ചാപ്പൂനെ നോക്കി. ''നീയെന്താണീ പറഞ്ഞുവരുന്നത്?''

    ''ഇതവമ്മാരുടെ കെടുകാര്യസ്ഥത കാരണാന്ന്. പണി കഴിഞ്ഞാല്‍ വേലികെട്ടി തിരിക്കണ്ടേ? അല്ലേ പിന്നെ ആവശ്യം കഴിഞ്ഞാല് മൂടിക്കളയണ്ടേ? ഇതുരണ്ടും ചെയ്യാണ്ടെ ഒരു പാവം കൊച്ചിനെ അതേ തള്ളിയിട്ട് കൊല്ലാന്ന് വച്ചാല്‍! നമുക്ക് സഹിക്കോ, വെഞ്ചാമരസാറേ?'' കൊച്ചാപ്പൂന്റെ കണ്ണ് നിറഞ്ഞു.

    ''ഓ, അങ്ങനെ! എടാ, കൊച്ചാപ്പു നിന്റെ തലയിലേതാണ്ടൊക്കെ ഉണ്ടെന്നെനിയ്ക്കറിയായിരുന്നു. പക്ഷെ, ഇത്രേം തകര്‍പ്പനാണെന്ന് കരുതീര്‍ന്നില്ല. അപ്പോപ്പിന്നെ ഇന്നന്നെ ഒരു പഞ്ചായത്ത് മീറ്റിംഗ് വിളിച്ചുകൂട്ടി പ്രമേയം പാസ്സാക്കിയേക്കാം. ഞാനാ ദേവകിയെ വിളിക്കട്ടെ. വരുമ്പോള്‍ ഒന്നെഴുതികൊണ്ടുവരാന്‍ പറയാം.'' കാര്‍ത്തികേയന്‍ മനസ്സുനിറഞ്ഞ ഒരു ചിരിയോടെ കസേരയില്‍ നിന്നെണീറ്റു.

    പഞ്ചായത്താപ്പീസില്‍ കാണാമെന്നും പറഞ്ഞ് കൊച്ചാപ്പു അവിടെ നിന്നും സ്ഥലം വിട്ടു.

    പത്തരയോടെ പഞ്ചായത്താപ്പീസില്‍ മെമ്പര്‍മാരെല്ലാം എത്തി. എന്തോ ഒരു കിടു സംഭവമുണ്ടായിട്ടുണ്ടെന്ന് കൊച്ചാപ്പു എല്ലാവരേയും അറിയിച്ചിരുന്നു. പ്രസിഡന്റ് നേരിട്ടെടപെട്ടതാണെന്ന് പറഞ്ഞപ്പോള്‍ പിന്നെ കാര്യമറിയാന്‍ എല്ലാവര്‍ക്കും തിടുക്കമായി.

    എല്ലാവരും എത്തിയെന്നുറപ്പായതോടെ കാര്‍ത്തികേയന്‍ ദേവകിയോട് പ്രമേയം അവതരിപ്പിക്കാന്‍ പറഞ്ഞു.

    മറവില്‍ വടക്ക് പഞ്ചായത്തിന്റെ ഭരണസമിതിയുടെ ശ്രദ്ധക്കുറവും കാര്യക്ഷമതയില്ലായ്മയും കാരണം ഒരു കുഞ്ഞുകുട്ടിയുടെ ജീവന്‍ അപകടത്തിലായതിനെ അപലപിച്ചുള്ള പ്രമേയം വായിച്ചുകേട്ടപാടെ കൂടിയിരുന്ന മെമ്പര്‍മാരെല്ലാവരും അതിനെ കൈയടിച്ച് പാസ്സാക്കി. മാത്രമല്ലാ, ഈയൊരു സംഭവത്തില്‍ ഉടനടി നടപടിയെടുത്ത പ്രസിഡന്റ് കാര്‍ത്തികേയനെ അഭിനന്ദിക്കുകയും ചെയ്തു. 

അപ്പോഴാണ് പഞ്ചായത്തിലെ ഒരേയൊരു സ്വതന്ത്രന്‍ സഹദേവന്‍ മാഷ് അവിടെയെത്തുന്നത്. കൈയടിയുടെ കാരണം മെമ്പര്‍ അംബികയില്‍ നിന്നും ചോദിച്ചറിഞ്ഞ മാഷ് എഴുന്നേറ്റ് നിന്ന് കാര്‍ത്തികേയനെ നോക്കി മൂക്കത്ത് വിരല്‍ വച്ച് നിന്നു.

''എന്താണ് മാഷേ, വിരലും മൂക്കും തമ്മിലൊരു അരുതായ്ക?'' കാര്‍ത്തികേയന്‍ മാഷിന് നേരെ വലതുകൈ നീട്ടി ചോദിച്ചു.

''ചുമ്മാ വടക്കോട്ട് നോക്കി കാര്യമറിയാതെ ഓരോന്ന് എഴുതിക്കൂട്ടുന്നവരോട് പിന്നെ എന്ത് പറയാനാ! പ്രസിഡന്റിനോട് ആരാ ഈ വിഡ്ഢിത്തരമൊക്കെ പറഞ്ഞു തന്നത്?'' സഹദേവന്‍ മാഷിന്റെ ശബ്ദത്തില്‍ ആക്ഷേപത്തിന്റെ ചുവ കലര്‍ന്നിരുന്നു.

''കണ്ണ് തുറന്ന് വച്ച് പത്രം വായിക്കുകയും കേള്‍വിക്കുറവില്ലാതെ വാര്‍ത്തകള്‍ക്ക് വേണ്ടി ചെവി കൂര്‍പ്പിക്കുകയും ചെയ്യുന്ന ഒരു പ്രസിഡന്റാണ് ഇവിടെയുള്ളതെന്ന് മാഷ് മറക്കണ്ട.'' കാര്‍ത്തികേയന്‍ ശബ്ദം കനപ്പിച്ച് നെഞ്ചുവിരിച്ച് പറഞ്ഞു.

''നമ്മുടെ പഞ്ചായത്തിന്റെ വടക്കിനും വടക്കോട്ട് നോക്കാത്തതിന്റെ ദൂഷ്യമാണ് സാറേ. കുഴല്‍ക്കിണറില്‍ കൊച്ച് വീണത് മറവില്‍ വടക്കല്ല, വടക്കേന്ത്യയിലാണ്. ബീഹാറിലാണ് ഈ സംഭവം നടക്കുന്നത്. അതിന് ഇവിടെ കിടന്ന് നമ്മള്‍ കയറ് പൊട്ടിക്കണ്ട കാര്യമുണ്ടോ സാറേ?'' അതും പറഞ്ഞ് മാഷ് കസേരയിലിരുന്നു.

കുറച്ച് നേരത്തേയ്ക്ക് അവിടെ ശ്മശാനതുല്യമായ മൂകത നിലനിന്നു. പിന്നീട് മെമ്പര്‍മാരെല്ലാം അങ്ങോട്ടുമിങ്ങോട്ടും പിറുപിറുക്കാന്‍ തുടങ്ങി. 

കരണത്തടികൊണ്ടപോലെയിരുന്ന പ്രസിഡന്റിനെ നോക്കി ദേവകി ചോദിച്ചു, ''അപ്പോ ഇത് കീറിക്കളഞ്ഞേക്കാമല്ലേ?'' കൈയിലിരുന്ന കടലാസ് ദേവകി ഉയര്‍ത്തി.

പ്രസിഡന്റ് തലയാട്ടി. ''ഇന്നിനി വേറേയൊന്നും ചിന്തിക്കാനില്ലാത്തതിനാല്‍ യോഗം പിരിച്ചുവിട്ടിരിക്കുന്നു.'' കൂടുതല്‍ ഇരുന്ന് ചീയണ്ട എന്ന് കരുതി അയാള്‍ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.

കൊച്ചാപ്പു കൊണ്ടുതന്ന ചളിപ്പ് മാറ്റാന്‍ പ്രസിഡന്റ് ഒരാഴ്ച യോഗങ്ങളൊന്നും വിളിച്ചുകൂട്ടിയില്ല. പക്ഷേ, പാര്‍ട്ടി നാടൊട്ടുക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ മറവില്‍ പഞ്ചായത്തിന്റെ ഐക്യദാര്‍ഢ്യം രേഖാമൂലം അടയാളപ്പെടുത്താന്‍ യോഗം കൂടാതെ തരമില്ലെന്നായി. അങ്ങനെ ഹര്‍ത്താലിന്റെ രണ്ട് ദിവസം മുന്നെ പിന്തുണയ്ക്കാനുള്ള പ്രമേയവുമായി പഞ്ചായത്ത് കൂടി.

വരാനിരിക്കുന്ന ഹര്‍ത്താലിന്റന്ന് ആരും ജോലിയില്‍ കയറില്ലെന്ന് ഉറപ്പാക്കണമെന്ന് കാര്‍ത്തികേയന്‍ പറഞ്ഞതിനോട് എല്ലാവരും അനുകൂലിച്ചപ്പോള്‍ സഹദേവന്‍ മാഷ് മാത്രം അതിനെ എതിര്‍ത്തുനിന്നു. 

''ബസുകളെല്ലാം തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്? കുട്ടികള്‍ക്ക് പഠിക്കാന്‍ പോകണ്ടേ? നമ്മുടെ പഞ്ചായത്തില്‍ ആകെ ഒരു സ്‌കൂള്‍ മാത്രമാണുള്ളത്. ബഹുഭൂരിപക്ഷം പിള്ളേരും നഗരത്തിലെ വിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. അവയൊന്നും അവധി പ്രഖ്യാപിക്കാത്തതിനാല്‍ കുട്ടികള്‍ക്ക് പോകാതെ തരമില്ല. അതുപോലെ തന്നെ മറ്റു പല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും.'' മനസ്സില്‍ തട്ടിയ ഒരു പ്രസംഗമായിരുന്നു സഹദേവന്‍ മാഷിന്റേത്.

കുറച്ചു നേരത്തേയ്ക്ക് ആരും ഒന്നും ശബ്ദിയ്ക്കാതിരുന്നപ്പോള്‍ ഹര്‍ത്താല്‍ കൈവിട്ടുപോയോ എന്നൊരു സംശയം പ്രസിഡന്റിന്റെ തലയില്‍ കയറി. ഉടനെ അയാള്‍ സംസ്ഥാനതലത്തില്‍ കേട്ട ഒരു പ്രഖ്യാപനം ഓര്‍ത്തെടുത്തു. ''ജോലിയ്ക്ക് പോകുന്നതും പോകാതിരിക്കുന്നതും ഭാരതത്തിലെ ഓരോ പൗരന്റേയും ജന്മാവകാശമാണ്. അതുകൊണ്ട് ഈ പൊതുതാല്പര്യ ഹര്‍ത്താലിന് എതിര് നില്‍ക്കാന്‍ ആഹ്വാനിയ്ക്കുന്നത് തന്നെ പൊതുജനങ്ങളുടെ അവകാശലംഘനമായിട്ടേ കണക്കാക്കാന്‍ സാധിക്കു. മാഷ് പറയുന്നതിനോട് ഞങ്ങളാരും യോജിക്കുന്നില്ല.''

കാര്‍ത്തികേയന്‍ പറഞ്ഞു തീരേണ്ട താമസം മുറിയുടെ വാതില്‍ക്കല്‍ നിന്നിരുന്ന കൊച്ചാപ്പു 'ഹിയര്‍ ... ഹിയര്‍' എന്നുറക്കെ വിളിച്ച് കൈയടിച്ചു. അതോടെ അവിടം യോഗത്തില്‍ വന്നിരുന്നവരുടെയെല്ലാം കൈയടിയാല്‍ ശബ്ദമുഖരിതമായി.

കൈയടിയുടെ കോലാഹലം ശമിച്ചപ്പോള്‍ സഹദേവന്‍ മാഷ് എഴുന്നേറ്റ് നിന്നു. 

''പഞ്ചായത്ത് മെമ്പറുമാരെല്ലാം ഒരു കാര്യത്തിലെങ്കിലും ഒറ്റക്കെട്ടായി നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. പ്രസിഡന്റ് പറഞ്ഞ പൗരാവകാശം അക്ഷരംപ്രതി ശരി തന്നെ.'' മാഷ് സംസാരം നിര്‍ത്തി ചുറ്റിനും നോക്കി. മാഷ് പ്രസിഡന്റിനെ അനുകൂലിച്ചതില്‍ എല്ലാവരുടെ മുഖത്തും വിജയാഹ്‌ളാദം തെളിഞ്ഞുകാണാമായിരുന്നു. 

''പക്ഷേ ...,'' മാഷ് മുറിഞ്ഞുപോയ തന്റെ പ്രസംഗം തുടര്‍ന്നു. ''പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നത് എല്ലാവര്‍ക്കും ബാധകമാണെങ്കില്‍ പണിയെടുക്കാന്‍ പോകുന്നവരെ തടയുന്നതെങ്ങനെ? അതവരുടെ സ്വാതന്ത്ര്യലംഘനമല്ലേ? പണിമുടക്കാന്‍ ആഹ്വാനം ചെയ്യുന്നത് നിങ്ങളുടെ സ്വാതന്ത്ര്യം. പക്ഷേ പണിയ്ക്ക് പോകുന്നവരെ തടയാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കില്ലല്ലോ? എല്ലാവര്‍ക്കും സ്വാതന്ത്ര്യം തുല്യ അവകാശമല്ലേ?''

മാഷിന്റെ വാക്കുകള്‍ എല്ലാവരേയും നിശ്ശബ്ദരാക്കി. അദ്ദേഹം പറയുന്നതിന്റെ അര്‍ത്ഥം അവരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞപോലെ തോന്നി. 

ആരും ശബ്ദിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ മാഷ് തന്റെ സംസാരം തുടര്‍ന്നു. ''എല്ലാവരും പണിമുടക്കണമെന്ന് നിര്‍ബ്ബന്ധം പറയുന്നവര്‍ ഒരു കാര്യം കൂടി ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. അവരുടെയെല്ലാം വീട്ടിലെ അടുക്കളയില്‍ അടുപ്പെരിയുന്നത് ചിലര്‍ അവരുടെ പണി ചെയ്യുന്നതിനാലാണ്. അവര്‍ക്കും പണിമുടക്ക് ബാധകമല്ലേ? അപ്പോള്‍ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നവരുടെ വീട്ടിലെ അടുക്കളയും പണിമുടക്കിലുള്‍പ്പെടുത്തണ്ടേ? അവരുടെ സ്ത്രീകള്‍ക്കും ഹര്‍ത്താലിന്റന്ന് പണിമുടക്കാനുള്ള സ്വാതന്ത്ര്യമില്ലേ?''

    മാഷ് തന്റെ സംസാരം നിര്‍ത്തി കസേരയില്‍ അമര്‍ന്നിരുന്നു. അവിടെ മൂകത തളംകെട്ടിനിന്നു. ആര്‍ക്കുമൊന്നും സംസാരിക്കാന്‍ ഇല്ലാത്തതുപോലെ.

കുറച്ചു കഴിഞ്ഞപ്പോള്‍ മെമ്പര്‍ ശാന്ത എഴുന്നേറ്റു. ''മാഷ് പറഞ്ഞതിനോട് ഞാന്‍ അക്ഷരംപ്രതി യോജിക്കുന്നു. ഈ ഹര്‍ത്താലില്‍ എനിയ്ക്ക് താല്പര്യമില്ല.''

അതോടെ പലരും ശാന്ത പറഞ്ഞതിനോട് യോജിപ്പ് പ്രകടിപ്പിച്ച് കൈയുയര്‍ത്തി. തന്റെ കൂടെയാരും നില്‍ക്കാനില്ലെന്ന് കണ്ടതോടെ കാര്‍ത്തികേയന്‍ തന്ത്രപരമായി യോഗം പിരിച്ചുവിട്ടു.

അങ്ങനെയിരിക്കുമ്പോഴാണ് മറവില്‍ വടക്ക് പഞ്ചായത്തിലെ യുവ എഴുത്തുകാരനായ രജനിനിവാസിലെ രാജന് നഗരത്തിലെ സാഹിത്യസംഘത്തിന്റെ സമ്മാനം ലഭിക്കുന്നത്. യുവഎഴുത്തുകാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച മത്സരത്തില്‍ ആദ്യനോവലിനുള്ള പ്രശസ്തിപത്രമാണ് അവര്‍ അദ്ദേഹത്തിന് സമ്മാനിച്ചത്.

രാജനെ തെക്കേ പഞ്ചായത്തുകാരും അഭിനന്ദിക്കണമെന്നും അദ്ദേഹത്തെ ആദരിക്കാനായി പഞ്ചായത്തില്‍ ഒരു യോഗം വിളിച്ചുകൂട്ടി അതില്‍ പങ്കെടുക്കാന്‍ ക്ഷണിക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ പലരില്‍ നിന്നുമുയര്‍ന്നു. പക്ഷേ, വെഞ്ചാമര കാര്‍ത്തികേയനും കൂട്ടുകാരും അതിനെ നിശിതമായി എതിര്‍ത്തു. തങ്ങളുടെ രാഷ്ട്രീയസിദ്ധാന്തങ്ങള്‍ക്ക് വിപരീതമായ രീതിയില്‍ ലേഖനങ്ങള്‍ എഴുതുന്ന ഒരാളെ, അയാള്‍ എത്ര കൊലകൊമ്പനാണെങ്കിലും സമ്മതിച്ചുകൊടുക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു.

അന്ന് കവലയില്‍ വച്ചാണ് ശാന്തയും അംബികയും തമ്മില്‍ ഇതേ ചെല്ലി വാക്കുതര്‍ക്കം ഉണ്ടാകുന്നത്. പൊതുവേ വളരെ അടുത്ത കൂട്ടുകാരികളായിരുന്ന രണ്ട് പേര്‍ക്കിടയിലെ ഉച്ചത്തിലുള്ള സംസാരം കേട്ട് നാട്ടുകാര്‍ ചുറ്റും കൂടി. രാജനെ ആദരിക്കണമെന്നു തന്നെയാണ് തന്റെ ഉറച്ച തീരുമാനമെന്ന് ശാന്ത ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. 

ചുറ്റിനും ആള്‍ക്കാര്‍ കൂടിയതുകണ്ട് കിട്ടിയ സന്ദര്‍ഭം മുതലാക്കാമെന്നു കരുതി അംബിക തന്റെ ശബ്ദവും ഉയര്‍ത്തി. ''നിനക്ക് വടക്ക് അവിഹിതമുള്ള കാര്യം ഇവിടെയെല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് അയാളെ ഇവിടെ വിളിച്ച് ആദരിക്കണമെന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാ ശരിയാവുക.''

    ''സൂക്ഷിച്ച് സംസാരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. അറിഞ്ഞുകൂടാത്ത കാര്യങ്ങളെ പറ്റി വളവളാന്ന് പറഞ്ഞുകൂട്ടാതെ, അംബികേ!'' ശബ്ദത്തിന്റെ കാര്യത്തില്‍ താന്‍ ഒട്ടും പിന്നാക്കമല്ലെന്ന് ശാന്തയും തെളിയിച്ചു.

രണ്ട് പെണ്ണുങ്ങള്‍ തമ്മിലുള്ള കലപില കണ്ട് രസിക്കുകയായിരുന്നു നാട്ടുകാര്‍. തര്‍ക്കം മൂത്ത് കയ്യാങ്കളിയില്‍ എത്തുന്നതിന് മുമ്പ് അവരുടെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ കൊച്ചാപ്പു പുതിയൊരു വാര്‍ത്തയുമായി  അങ്ങാടിയിലെത്തി.

    ''അതേയ് നിങ്ങടെ പുരാണം പറച്ചിലൊക്കെ നിര്‍ത്ത്. ഞാന്‍ പറേണതൊന്ന് കേട്ടാല്‍ നിങ്ങക്ക് നല്ലത്.'' കൊച്ചാപ്പൂന്റെ ആവേശഭരിതമായ ശബ്ദം അവിടെ മുഴങ്ങി. അല്ലേലും വെഞ്ചാമരയുടെ മുന്നില്‍ പൂച്ചയെപോലെ പതുങ്ങുന്ന കൊച്ചാപ്പൂന് കവലയിലെത്തിയാല്‍ കൊമ്പന്റെ ഗമയാണ്. ചൂടുള്ള വാര്‍ത്തകള്‍ വിളമ്പാന്‍ തന്നെ കഴിഞ്ഞേ വേറെ ആരേലുമുള്ളു എന്നാണ് അയാള്‍ടെ ഒരു ഇത്.

എല്ലാവരുടേയും ശ്രദ്ധ കൊച്ചാപ്പൂന്റെ നേരെ തിരിഞ്ഞതോടെ ശാന്തയും അംബികയും അവരുടെ ശത്രുത മറന്ന് ജനക്കൂട്ടത്തിന്റെ മുന്നിലേയ്ക്ക് കയറിനിന്നു. കൊച്ചാപ്പു എന്തെങ്കിലും പറയുന്നെങ്കില്‍ അതില്‍ കാമ്പുണ്ടാകുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. വെഞ്ചാമരയും കൂടി അറിഞ്ഞുകൊണ്ടായിരിക്കും കൊച്ചാപ്പൂന്റെ പ്രഖ്യാപനങ്ങള്‍ എന്നാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. 

കൂടിനില്‍ക്കുന്നവരുടെ നോട്ടം തന്റെ നേരെയാണെന്ന് ഉറപ്പായപ്പോള്‍ കൊച്ചാപ്പു സംസാരിക്കാന്‍ തുടങ്ങി.

    ''ഇന്ന് രാവിലെ അറിഞ്ഞതാന്നെ. വളരെ പ്രധാനപ്പെട്ടതാണെന്ന് കൊച്ചാപ്പൂന് തോന്നിയതോണ്ടാന്നെ നിങ്ങളോടെല്ലാം പറേണത്.'' കൊച്ചാപ്പു സംസാരം നിര്‍ത്തിയിട്ട് അടുത്തുള്ള കടയുടെ വരാന്തയിലേയ്ക്ക് കയറിനിന്നു. എല്ലാവരും തന്നെ ശരിക്കും കാണുമെന്ന് തീര്‍ച്ചയാക്കുകയായിരുന്നയാള്‍.

    ''വടക്ക് ഒരു പ്രത്യേകതരം അസുഖം എത്തിയിട്ടുണ്ടെന്ന്. സാധാരണ പനിയുടെ തലതിരിഞ്ഞ വകഭേദമാണെന്നാ പറേണ കേട്ടത്. അതുകൊണ്ടുതന്നെ അവന്‍ ഭയങ്കരനാണെന്നാ. വടക്കുള്ളവര്‍ ഇനി തെക്കോട്ടേയ്ക്ക് വന്നാല്‍ നമ്മളെയൊക്കെ ശരിക്കും തെക്കോട്ടേയ്‌ക്കെടുക്കേണ്ടി വന്നേയ്ക്കും. അപ്പോപ്പിന്നെ അവമ്മാര് ഇങ്ങോട്ടേയ്ക്ക് വരുന്നത് ഇപ്പോതന്നെ നമുക്ക് തടയേണ്ടിയിരിക്കുന്നു.'' അയാള്‍ തന്റെ പ്രസംഗം നിര്‍ത്തി മുന്നിലുള്ളവരുടെ മുഖത്തെ ഭാവഭേദങ്ങള്‍ ശ്രദ്ധിച്ചു.

കൊച്ചാപ്പു പറഞ്ഞതിന്റെ വ്യാപ്തി മനസ്സിലായതോടെ അതുവരെ നിശ്ശബ്ദരായി നിന്നവരുടെയിടയില്‍ കലപില തുടങ്ങി. സ്വന്തം സംശയങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നതിന്റെ തിരക്കിലായിരുന്നവര്‍. 

    ''നമുക്ക് നേരെ വടക്കേ അതിര്‍ത്തിയില്‍ പോയി അപ്പുറത്തുനിന്നും വരുന്ന വഴികളെല്ലാം അടയ്ക്കാം.'' അംബികയാണ് അത് പറഞ്ഞത്.

എല്ലാവരും കൂട്ടത്തോടെ അംബിക പറഞ്ഞതിനോടനുകൂലിച്ച് 'ഹിയര്‍... ഹിയര്‍...' എന്ന് ഉറക്കെ വിളിക്കാന്‍ തുടങ്ങി. ഒട്ടും സമയം കളയാതെ ജനം കൂട്ടത്തോടെ വടക്കോട്ടേയ്ക്ക് നടക്കാന്‍ ആരംഭിച്ചു. 

തന്റെ കര്‍ത്തവ്യം നിര്‍വഹിച്ച ആത്മസംതൃപ്തിയോടെ കൊച്ചാപ്പു വെഞ്ചാമരയുടെ വീട്ടിലേയ്ക്ക് നടന്നു. അവിടെ ചെന്നപ്പോഴാണ് അന്നേ ദിവസം പഞ്ചായത്ത് കൂടുന്നുണ്ടെന്നും കാര്‍ത്തികേയന്‍ സാറ് അവിടേയ്ക്ക് പോയിരിക്കുകയാണെന്നും മനസ്സിലായത്. താന്‍ വടക്കോറെയെത്തിയ തലതിരിഞ്ഞ പനിയുടെ കാര്യം സാറിനോട് പറയാതിരുന്നപ്പോള്‍ ഇന്നത്തെ പഞ്ചായത്തിന്റെ വിവരം അയാള്‍ തന്നോടും പറഞ്ഞില്ലെന്ന് കരുതാം. ഏതായാലും വടക്കേ അതിര്‍ത്തി ഉപരോധിക്കാന്‍ താന്‍ ആളെ കൂട്ടിയ കാര്യം പഞ്ചായത്തില്‍ പറഞ്ഞ് കൈയടി വാങ്ങാന്‍ തയ്യാറായി കൊച്ചാപ്പു അങ്ങോട്ട് വച്ചുപിടിച്ചു.

വടക്കേ പഞ്ചായത്തിലെ യുവകഥാകാരന്‍ രാജനെ വിളിച്ചുവരുത്തി അനുമോദിക്കണമെന്ന് സഹദേവന്‍ മാഷ് നിര്‍ബ്ബന്ധം പിടിക്കുന്നതിനെ പറ്റിയുള്ള സംവാദത്തിനാണ് പ്രസിഡന്റ് പഞ്ചായത്ത് യോഗം വിളിച്ചുകൂട്ടിയത്.

വാദപ്രതിവാദങ്ങള്‍ അരങ്ങ് നിറഞ്ഞുനില്‍ക്കുമ്പോഴാണ് കൊച്ചാപ്പു അവിടെയെത്തുന്നത്.

    ''നിങ്ങളാരും ഒന്നും അറിഞ്ഞില്ലേ?'' കോലാഹലങ്ങള്‍ക്കിടയില്‍ കൊച്ചാപ്പൂന്റെ ശബ്ദം മുഴങ്ങി. ''വെറുതെ ബഹളം കൂട്ടി ഇവിടെയിരുന്നോ. നമ്മുടെ ആളുകളെല്ലാം വടക്കേ അതിര്‍ത്തിയിലാണ്.''

    ''നീയൊന്ന് വെറുതെയിരിയെന്റെ കൊച്ചാപ്പു. അതിര്‍ത്തിയിലെന്താ പാകിസ്ഥാന്‍ യുദ്ധം തുടങ്ങിയോ എല്ലാരേം അങ്ങോട്ട് കെട്ടിയെടുക്കാന്‍!'' തല്‍ക്കാലം സഹദേവന്‍ മാഷിനോടുള്ള കലിപ്പ് വിട്ടിട്ട് കാര്‍ത്തികേയന്‍ കൊച്ചാപ്പൂന്റെ നേരെ തിരിഞ്ഞു.

    ''ഞാന്‍ പറേണത് നമ്മുടെ പഞ്ചായത്തിന്റെ വടക്കാണ്. അപ്പുറത്ത് പനീടെ തലതിരിഞ്ഞ ഒരൂട്ടം വിറയന്‍ പനിയാണെന്ന് പ്രസിഡന്ററിഞ്ഞില്ലേ? അവമ്മാര് അതിര് കടന്ന് വന്നാല്‍ പിന്നെ നമ്മക്കൊക്കെചാവാനാവും യോഗം!'' കൊച്ചാപ്പു തന്റെ ശബ്ദം പരമാവധി ഉച്ചസ്ഥായിയിലാക്കി. അതോടെ അവിടത്തെ കലപിലയില്‍ കുറച്ച് ശമനം വന്നു. ഓരോരുത്തരായി കൊച്ചാപ്പൂന്റെ നേരെ തിരിഞ്ഞു.

    ''നീ എന്താണീ പറയണത്, കൊച്ചാപ്പു? അപ്പുറത്താര്‍ക്കെങ്കിലും പനി വന്നാല്‍ നമ്മളെന്തിനാ അതിര്‍ത്തിയില്‍ ചെല്ലുന്നത്? പനിയൊക്കെ സര്‍വ്വസാധാരണമല്ലേ!'' മെമ്പര്‍ സുരേന്ദ്രനാണത് ചോദിച്ചത്.

    ''അതിനിത് സാധാരണ പനിയല്ലല്ലോ മെമ്പറേ. പനി തല തിരിഞ്ഞതാന്നാ കേട്ടത്. ഒരുതരം വിറയന്‍ സാധനം. വന്നാ തട്ടിപ്പോകൂന്നാ.'' ബാക്കിയുള്ളവരേക്കാള്‍ ഇതില്‍ ഗ്രാഹ്യം തനിയ്ക്കാണെന്നുള്ള അഹങ്കാരത്തില്‍ കൊച്ചാപ്പു ഞെളിഞ്ഞുനിന്നു.

എല്ലാവരും കൊച്ചാപ്പൂന്റെ നേരെ ശ്രദ്ധ തിരിച്ചു.

    ''വടക്കേ അതിര്‍ത്തിയില്‍ പോയി പ്രതിഷേധിക്കാന്നാണ് ഞാന്‍ പറേണത്.'' എല്ലാവരും തന്നെയാണ് നോക്കുന്നതെന്ന് മനസ്സിലായപ്പോള്‍ കൊച്ചാപ്പൂന് ഗമ കൂടി.

    ''എന്നാ ശരി തന്നെ. നമുക്കെല്ലാവര്‍ക്കും അങ്ങോട്ട് നടക്കാം. അതിര്‍ത്തിയില്‍ വച്ച് ഒരു പഞ്ചായത്ത് യോഗം കൂടി ഒരു പ്രമേയം പാസ്സാക്കുകയും ചെയ്യാം. ദേവകിയെവിടെ? പേനയും കടലാസുമൊക്കെ റെഡിയല്ലേ?'' കാര്‍ത്തികേയന്‍ തന്റെ നേതൃത്വമനോഭാവം ഉടനെ പുറത്തെടുത്തു.

    ''നില്‍ക്ക്, തല്ക്കാലം എല്ലാവരുമൊന്നടങ്ങ്!'' സഹദേവന്‍ മാഷിന്റെ ശബ്ദം അവിടെ മുഴങ്ങി. ''പെണ്ണ് കെട്ടീന്ന് കേക്കുമ്പോള്‍ തൊട്ടില്‍ വാങ്ങാന്‍ പോകുന്നോര്‍. നിങ്ങള്‍ക്കൊക്കെ ഭ്രാന്താണോ ഈ പോങ്ങന്‍ കൊച്ചാപ്പു പറയുന്നത് കേട്ട് തുള്ളാന്‍? പ്രസിഡന്റ് സാറിന്റേം ബുദ്ധി മരവിച്ചുപോയോ?''

എല്ലാവരുടേയും ദൃഷ്ടി മാഷിലേയ്ക്കായി. മാഷ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ക്കാര്‍ക്കും മനസ്സിലായതേയില്ല. എല്ലാവരുടേയും ഉള്ളില്‍ വടക്കേ പഞ്ചായത്തുകാരെ ഉപരോധിക്കണമെന്നുള്ള ഒരു ചിന്ത മാത്രമായിരുന്നു.

    ''നിങ്ങള്‍ക്കിതെന്തിന്റെ കേടാണ് മാഷേ? നമ്മുടെ പഞ്ചായത്തിന് ഒരാപത്ത് വരാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കുകയല്ലേ വേണ്ടത്! നിങ്ങള്‍ അവിടേയും ഉടക്കാണല്ലോ!'' കാര്‍ത്തികേയന്‍ നേരത്തെയുണ്ടായിരുന്ന കലിപ്പും ചേര്‍ത്ത് ആക്രോശിച്ചു.

    ''എനിക്കല്ല കേട്, നിങ്ങള്‍ക്കൊക്കെയാണ്. രാവിലത്തെ ന്യൂസെങ്കിലും കണ്ടിരുന്നെങ്കില്‍ ഈ ഗതികേട് വരില്ലായിരുന്നു. അതെങ്ങനാ, നോട്ടമെപ്പോഴും വടക്കോട്ടല്ലേ! ഇനിയെങ്കിലും ഈ വടക്ക് നോക്കി പായല് നിര്‍ത്താമോ?'' സഹദേവന്‍ മാഷിന്റെ ആജ്ഞാസ്വരം കൂടിനിന്നവരെ മിണ്ടാട്ടമില്ലാതാക്കി.

    മാഷ് തുടര്‍ന്നു, ''ഇത് നിപ വൈറസ് എന്നൊരു അസുഖമാണ്. അത് നമ്മുടെ വടക്കേ പഞ്ചായത്തിലല്ല. അങ്ങ് വടക്ക് കോഴിക്കോടാണ്. നമുക്കിപ്പോള്‍ ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. ഇവിടത്തെ സര്‍ക്കാര്‍ ആ പനിയെ പ്രതിരോധിക്കാനുള്ള നടപടികളൊക്കെ എടുത്തിട്ടുണ്ട്. ചുമ്മാ അതിര്‍ത്തി ഉപരോധിക്കാനൊന്നും ഇറങ്ങിപുറപ്പെട്ട് നാണം കെടേണ്ട.''

    ''മാഷ് കാര്യങ്ങള്‍ മനസ്സിലാക്കി ഞങ്ങളെ ധരിപ്പിച്ചതിന് നന്ദി.'' മെമ്പര്‍ ശ്യാമള മാഷിനെ നോക്കി കൈകൂപ്പി.

    ''ആ കൊച്ചാപ്പു എവിടെ? അവന് ഇന്നെങ്കിലും രണ്ടെണ്ണം കെടുത്തില്ലെങ്കില്‍ ശരിയാവില്ല.'' കാര്‍ത്തികേയന്‍ അതും പറഞ്ഞ് ചുറ്റിനും നോക്കി. പക്ഷേ, തന്റെ സമയം ശരിയല്ലെന്ന് മനസ്സിലാക്കിയ കൊച്ചാപ്പു അതിന് മുന്നെ സ്ഥലം കാലിയാക്കിയിരുന്നു.

    ''ഇനിയെങ്കിലും വടക്കു നോക്കി വെടക്കാകാതെ സ്വന്തം വെടക്കു മാറ്റി സ്വയം വെടിപ്പാകാന്‍ നോക്കു.'' സഹദേവന്‍ മാഷ് അവിടെയുള്ളവരുടെ മുഖത്തേയ്ക്ക് മാറിമാറി നോക്കിയാണ് സംസാരിച്ചത്. ''പഞ്ചായത്ത് സഭയ്ക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്ന പലതും ചെയ്യാനുണ്ട് - നമ്മുടെ നാട്ടിലെ ജലസ്രോതസ്സുകള്‍, റോഡുകള്‍, ഓടകള്‍, സ്‌കൂള്‍കെട്ടിടങ്ങള്‍ എന്നിവയുടെയെല്ലാം പരിപാലനം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിങ്ങനെ ഒത്തിരി പണികള്‍. നമുക്ക് അതില്‍ ശ്രദ്ധ ചെലുത്തുന്നതല്ലേ നല്ലത്?''

''മാഷ് പറയുന്നതിനോട് ഞങ്ങള്‍ യോജിക്കുന്നു. പ്രസിഡന്റ് ഞാനാണെങ്കിലും മാഷിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ മുന്നോട്ട് പോകാന്‍ നമ്മളെല്ലാവരും ഐക്യകണ്‌ഠേന സമ്മതിച്ചിരിക്കുന്നു.'' കാര്‍ത്തികേയന്‍ മാഷിന്റെയടുത്തേയ്ക്ക് നീങ്ങിനിന്നു. 

Follow Us:
Download App:
  • android
  • ios