Asianet News MalayalamAsianet News Malayalam

മാര്‍ജ്ജാരന്‍, സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

chilla malayalam  short story by santhosh gangadharan
Author
First Published May 30, 2023, 6:29 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

ദിവസവും കാലത്തുള്ള നടത്തത്തിനിടയില്‍ കാണാറുള്ള പൂച്ചയെ അയാള്‍ അന്നും തിരക്കി. പള്ളിപ്പറമ്പില്‍ ചുറ്റിയടിച്ച് നടക്കാറുള്ള  വെള്ളയും തവിട്ടുനിറവും കലര്‍ന്നുള്ള മാര്‍ജ്ജാരന്‍. അതിന്റെ പമ്മിപ്പമ്മിയുള്ള നടത്തം അയാളില്‍ കൗതുകമുളവാക്കിയിരുന്നു. ഇരയെ പിടിക്കാനുള്ള പമ്മലാണെന്ന് കണ്ടാല്‍ മനസ്സിലാക്കാം.

ഇന്നിപ്പോള്‍ ആ പൂച്ചയെ കാണാനില്ല. അയാളുടെ കണ്ണുകള്‍ പറമ്പ് മുഴുവന്‍ അരിച്ചു പെറുക്കി. എങ്ങുമില്ല. ഇവിടെ തിന്നാനൊന്നും കിട്ടാതെ വേറെ മേച്ചില്‍പുറങ്ങള്‍ തേടി പോയിട്ടുണ്ടാകും. നേരെ മുന്നിലുള്ള ഒരു പനയുടെ മുകളിലേയ്ക്ക് ഒരു പ്രാവ് ചിലച്ചുകൊണ്ട് പറന്നു വന്നപ്പോളാണ് അയാള്‍ താനന്വേഷിക്കുന്ന മാര്‍ജ്ജാരനെ കണ്ടത്. അവന്‍ ശബ്ദമുണ്ടാക്കാതെ വളരെ സാവധാനത്തില്‍ പനയുടെ തടിയില്‍ കൂടി മുകളിലേയ്ക്ക് കയറുകയാണ്. ഓരോ കാല്‍വയ്പും ശ്രദ്ധിച്ച്. ഇടയ്ക്ക് കയറ്റം നിര്‍ത്തി പനയുടെ തലപ്പത്തേയ്ക്ക് നോക്കുന്നുണ്ട്. അവിടെ എന്തിനേയോ അവന്‍ കണ്ട് വച്ചിരിക്കുന്നു.

പ്രാവ് പിന്നേയും പനയുടെ അരികിലേയ്ക്ക് പറന്നെത്തി. ഇത്തവണ കൂടെ മറ്റൊരു പ്രാവ് കൂടിയുണ്ട്. അവരുടെ ഉന്നം പൂച്ചയാണെന്ന് അയാള്‍ക്ക് മനസ്സിലായി. പനമുകളില്‍ നിന്നും ചെറിയ ശബ്ദത്തിലുള്ള ചിലക്കലുകള്‍ അയാളുടെ കാതില്‍ വീണു. പ്രാവിന്‍ കുഞ്ഞുങ്ങളാണ് പൂച്ചയുടെ ലക്ഷ്യം. തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ആ ഇണപ്രാവുകള്‍. പൂച്ചയ്ക്കാണെങ്കില്‍ പ്രാവുകളെ ഒട്ടും ഭയമില്ല. 

ഒരു പ്രാവ് തിരിച്ച് പറക്കുന്നത് കണ്ടു. പെട്ടെന്ന് അത് കൂടെ കൂടുതല്‍ പക്ഷികളുമായി തിരിച്ചെത്തി. ആ കൂട്ടത്തില്‍ മാടത്തകളും മൈനകളും മറ്റുമുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്നുള്ള ആക്രമണമായിരുന്നു. അതില്‍ പൂച്ച വിരണ്ടു. അതിനി എന്തായിരിക്കും ചെയ്യുക? കൂട്ടം ചേര്‍ന്നാക്രമിക്കുന്ന പക്ഷികളെ എതിരിടാന്‍ അതിന് കഴിയുമോ അതോ ഭയന്ന് പിന്മാറുമോ?

പൂച്ച - എവിടെ പോയാലും ഒന്നിനെ കാണാതിരിക്കില്ല. പഴയകാലം ഓര്‍മ്മയില്‍ കൊണ്ടുവരാന്‍, പഴയതൊന്നും മറക്കാതിരിക്കാന്‍ ആരോ മുന്നില്‍ കൊണ്ടുവയ്ക്കുന്ന പോലെ. തന്റെ ഇരട്ടപേര്. ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ ഈര്‍ഷ്യ തോന്നുമായിരുന്നെങ്കിലും പിന്നീട് അത് ശീലമായി. ഒടുവില്‍ അമ്മ പോലും പൂച്ച എന്ന് വിളിച്ചപ്പോള്‍ ആ ഇരട്ടപേരിനോട് ഇഷ്ടമായി. അമ്മ പറയുമായിരുന്നു കൊച്ചിലെ മുതല്‍ തന്നെ തനിയ്ക്ക് പൂച്ചയുടെ പല സ്വഭാവവിശേഷങ്ങളുമുണ്ടായിരുന്നെന്ന്. അമ്മിഞ്ഞപ്പാല്‍ കുടിക്കുമ്പോള്‍ കണ്ണടച്ചേ കുടിക്കുമായിരുന്നുള്ളു. വലുതായപ്പോഴും കുടിക്കുന്നത് പാലാണെങ്കില്‍ അറിയാതെ കണ്ണുകളടഞ്ഞിരിക്കും. പൂച്ച പാല്‍ കുടിക്കുമ്പോള്‍ കണ്ണുകളടയ്ക്കുന്നത് മറ്റാരും കാണാതിരിക്കാനാണ്. പക്ഷേ, താനോ? ബാക്കിയുള്ളവര്‍ കാണാതെ പലതും ചെയ്യാനുള്ള താല്പര്യം അവിടുന്നാണ് തുടങ്ങുന്നത്.

പാത്തും പതുങ്ങിയും അടുക്കളയില്‍ കയറി പലതും എടുത്ത് തിന്നാറുണ്ടായിരുന്നു. കൃഷ്ണന് വെണ്ണ കട്ടുതിന്നാമെങ്കില്‍ എന്തുകൊണ്ട് തനിയ്ക്കുമായിക്കൂടായെന്നതായിരുന്നു അതിന് മനസ്സില്‍ തോന്നിയ ന്യായീകരണം. ആ സ്വഭാവം കുറച്ച് കൂടുതലായി, അടുക്കളയില്‍ നിന്നും ബഹിര്‍ഗമനം തുടങ്ങിയതോടെ കാലാവസ്ഥ മോശമായി. ബാക്കിയുള്ളവര്‍ക്ക് പൂച്ച കയറാതിരിക്കാന്‍ എല്ലാ മുറികളുടേയും വാതിലുകള്‍ പൂട്ടി വയ്‌ക്കേണ്ട സ്ഥിതിവിശേഷമായി. 

പലയിടത്തുനിന്നും പല സാധനങ്ങളും അയാളുടെ കൈയില്‍ കയറിക്കൂടുമായിരുന്നു. പിടിക്കപെട്ടിട്ടില്ലെങ്കിലും അടുത്തിടപഴകുന്നവര്‍ക്ക് അറിയാമായിരുന്നു മോഷ്ടാവ് അയാളാണെന്ന്. ഇഷ്ടപ്പെടുന്നതെന്തും അയാളുടെ കൈകളിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്ന ആ അസുഖത്തിന്റെ പേര് 'ക്ലിപ്‌റ്റോമാനിയ' എന്നാണെന്ന് ഒരു കൂട്ടുകാരന്‍ അയാളെ പറഞ്ഞ് മനസ്സിലാക്കി. മനസ്സിന്റെ ആ ദുരാഗ്രഹം സ്വയം അടക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏതെങ്കിലും ജയിലില്‍ കാലം കഴിക്കേണ്ടിവരുമെന്നു കൂടി ആ കൂട്ടുകാരന്‍ ഉപദേശിച്ചിരുന്നു. പക്ഷേ, അയാളുടെ കൈത്തരിപ്പ് മാറിയതേയില്ല.

അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്ന് മുന്നില്‍ നടക്കുന്ന അങ്കത്തില്‍ ശ്രദ്ധിച്ചു. പനയുടെ തടിയില്‍ കാലുകളുറപ്പിച്ച് മുകളിലേയ്ക്ക് കയറിയിരുന്ന പൂച്ച മുന്നോട്ട് കുതിച്ച് പ്രാവുകളെ ആക്രമിക്കുമെന്ന് അയാള്‍ക്ക് തോന്നിയത് വെറുതെയായി. പക്ഷികളെ എതിര്‍ക്കാനുള്ള ധൈര്യം അതിനില്ലായിരുന്നു. അത് പതുക്കെ പിന്നോക്കം ഇറങ്ങാന്‍ തുടങ്ങി. ഭയം പുറത്തു കാട്ടാതെയുള്ള പിന്‍മാറ്റം. കുറെ താഴെയിറങ്ങി കഴിഞ്ഞപ്പോള്‍ പൂച്ച തറയിലേയ്ക്ക് ചാടി. എവിടന്ന് വീണാലും പൂച്ച നാല് കാലിലെ വീഴുകയുള്ളു എന്ന ആപ്തവാക്യം അയാള്‍ അപ്പോള്‍ ഓര്‍ത്തു.

വീണാല്‍ നാല് കാലില്‍ എന്നറിയാമായിരുന്നെങ്കിലും, ആ പുച്ച നിലത്ത് വീണാല്‍ പരിക്ക് പറ്റാത്ത ഉയരത്തിലേയ്ക്ക് പിന്മാറിയതിന് ശേഷമാണ് താഴേയ്ക്ക് ചാടിയതെന്ന് അയാള്‍ മനസ്സിലാക്കി. പൂച്ചയുടെ ഈ കഴിവ് തനിയ്ക്കില്ലാതെ പോയി. ജീവിതത്തിലെ വീഴ്ചകളെല്ലാം ഉയരത്തില്‍ നിന്നുതന്നെയായിരുന്നു. ലക്ഷ്യത്തിലെത്താന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കി സാവധാനം പിന്തിരിഞ്ഞിരുന്നെങ്കില്‍ വീഴ്ചകളുടെ ആഘാതം ഇത്ര കഠിനമാകില്ലായിരുന്നു. അമ്മ പറഞ്ഞിട്ടും മനസ്സില്‍ കയറാതെ പോയി.

അമ്പലങ്ങളില്‍ ഒട്ടും വിശ്വാസമില്ലാതിരുന്ന യൗവനം. അതറിയാമായിരുന്നിട്ടും അമ്മ വിളിച്ചപ്പോള്‍ കൂടെ തൃക്കൂര്‍ അമ്പലത്തില്‍ പോകാന്‍ നിര്‍ബ്ബന്ധിതനായി. തന്നെത്താനെ ഓട്ടോയില്‍ പോകാന്‍ പറ്റാഞ്ഞിട്ടല്ല, അമ്പലത്തിന്റെ പടികള്‍ കയറി മുകളിലെത്താന്‍ ഒരു കൈത്താങ്ങ് വേണമെന്ന് അമ്മ പറഞ്ഞു. അപ്പോള്‍പിന്നെ പോകാതെ നിവൃത്തിയില്ലെന്നായി. അമ്പലത്തില്‍ തൊഴുത് കഴിഞ്ഞ് ആ പാറയുടെ മുകളിലുള്ള കിണര്‍ കാണാന്‍ അമ്മ കൂട്ടിക്കൊണ്ടുപോയി. പാറപ്പുറത്തുള്ള വലിയ കുഴിയില്‍ വെള്ളം. വേനല്‍ക്കാലത്ത് വറ്റുകയുമില്ല, മഴക്കാലത്ത് നിറഞ്ഞ് കവിഞ്ഞൊഴുകുകയുമില്ല. എന്നും എപ്പോഴും ഒരേ അളവില്‍ വെള്ളം. അത്രയും ഉയരത്തിലുള്ള പാറയില്‍ എവിടുന്നാണ് ഉറവ്? മനസ്സില്‍ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു.

ആ കിണര്‍ കാണിച്ചുതന്നിട്ട് അമ്മ പറഞ്ഞു, ''ഈ കിണറും അതിലെ വെള്ളവും അത്ഭുതമായിരിക്കാം. പക്ഷേ, അതല്ല നിന്നോട് എനിയ്ക്ക് പറയാനുള്ളത്. അതിലെ വെള്ളത്തിന്റെ അളവ് പോലായിരിക്കണം നിന്റെ മനസ്സും. ഒന്നും അമിതമാകാന്‍ പാടില്ല. സന്തോഷം വന്നാല്‍ നിറഞ്ഞ് കവിയരുത്. അതുപോലെ വിഷമസ്ഥിതികളില്‍മനസ്സ് തളരരുത്. മനസ്സിന്റെ ഉന്മേഷവും ദൃഢതയും ഒരേ നിലയില്‍ നിര്‍ത്താന്‍ പഠിക്കണം. ഉയരുന്തോറും വീഴ്ചയുടെ ആഘാതമേറും. തളരുന്തോറും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രയാസമാകും.''

അമ്മയുടെ ഉപദേശം മനസ്സിന്റെ ഏതോ കോണിലേയ്ക്ക് മാറ്റിയിട്ടു എന്നല്ലാതെ അത് പ്രാവര്‍ത്തികമാക്കാന്‍ ഉദ്യമിച്ചില്ല എന്നതാണ് വാസ്തവം. ജീവിതത്തില്‍ അയാള്‍ക്ക് പറ്റിയ തെറ്റും അതായിരുന്നു.

അയാളെ സൗദിയിലേയ്ക്കയക്കാന്‍ മുന്‍കൈയെടുത്തത് അമ്മ തന്നെയായിരുന്നു. നാട്ടില്‍ തുടങ്ങിയ ഉദ്യമങ്ങളിലെല്ലാം അമ്പേ പരാജയപ്പെട്ടതോടെയാണ് അയാള്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും സൗദിയിലേയ്ക്ക് പോകാന്‍ തയ്യാറായത്. സൗദിയിലെ ജീവിതം അസഹ്യമായിരുന്നെങ്കിലും ഒരു നല്ലകാര്യം അയാള്‍ക്ക് സംഭവിച്ചു.അയാളുടെ 'ക്ലിപ്‌റ്റോമാനിയ' അതോടെ അവസാനിച്ചു. മോഷ്ടാക്കളുടെ കൈ വെട്ടിക്കളയുന്നതാണ് സൗദിയിലെ ശിക്ഷാരീതിയെന്ന് ഇടയ്ക്കിടെ അമ്മ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അയാളെ സൗദിയിലേയ്ക്കുതന്നെ അയക്കാനുള്ള അമ്മയുടെ തീരുമാനത്തിന്റെ സാംഗത്യം അയാള്‍ക്ക് അപ്പോഴാണ് മനസ്സിലായത്.

കുറച്ചുനാള്‍ ജോലി ചെയ്തപ്പോഴേയ്ക്കും അയാള്‍ക്ക് മടുപ്പനുഭവപ്പെടാന്‍ തുടങ്ങി. അങ്ങനെ സ്വന്തമായ സംരംഭങ്ങളില്‍ കാലെടുത്തുവച്ചു. പച്ച പിടിച്ചുവരുമ്പോഴേയ്ക്കും എന്തെങ്കിലും കാരണവശാല്‍ പരാജയപ്പെടുകയായിരുന്നു. അഭ്യുദയകാംക്ഷികളാണെന്ന് കരുതിയിരുന്ന പലരും സ്വാര്‍ത്ഥമതികളാണെന്ന് മനസ്സിലാക്കാന്‍ വൈകി. തന്റെ ലക്ഷ്യത്തിലെത്താനുള്ള ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കുന്നവരും തന്റെ നാശം ഇച്ഛിക്കുന്നവരും.

ഇപ്പോഴും എവിടെയും എത്താതെയുള്ള ജീവിതം. അയാള്‍ തന്റെമുന്നിലുള്ള പൂച്ചയെ നോക്കി. അതിന്റെ ലക്ഷ്യത്തിലെത്താന്‍ എതിരാളികള്‍ അനുവദിച്ചില്ല. വളരെ തന്ത്രപരമായി അത് പിന്മാറി. പരിക്കു കൂടാതെ തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തി. ഇച്ഛാഭംഗത്തിനുള്ള സമയം കൊടുക്കാതെ അത് തന്റെ അടുത്ത ഇരയെ തേടി പോകുന്നു. പള്ളിപ്പറമ്പിന്റെ എല്ലാ മൂലകളും ആ പൂച്ചയുടെ വിഹാരരംഗം തന്നെ. 

ആ മാര്‍ജ്ജാരനെ വേണം കണ്ടുപഠിക്കാന്‍. പൂച്ചകള്‍ക്ക് ഒന്‍പത് ജീവനുണ്ടെന്ന് അമ്മ പറയാറുണ്ട്. കളിച്ചുനടക്കാന്‍ മൂന്നെണ്ണം, ചുറ്റിക്കറങ്ങാന്‍ മൂന്ന്, പിന്നെ സ്ഥായിയായി ഒരു സ്ഥലത്ത് ജീവിക്കാന്‍ മൂന്ന്. ഇതില്‍ കളിച്ചുനടന്നും ചുറ്റിത്തിരിഞ്ഞും ആറ് ജന്മങ്ങള്‍ അയാള്‍ തീര്‍ത്തിരിക്കുന്നു.സൗദിയിലും ഇപ്പോള്‍ അബുദാബിയിലും പിടിച്ച് നില്‍ക്കാന്‍ വളരെയധികം ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ വീഴുകയായിരുന്നു. അടുത്ത ശ്രമം മാര്‍ജ്ജാരന്റെ ഒന്‍പതാമത്തെയും അവസാനത്തെയുമായിരിക്കും. ശ്രദ്ധാപൂര്‍വ്വം വേണം കാലെടുത്തുവയ്ക്കാന്‍.

ഓരോന്ന് ആലോചിച്ച് തിരിച്ച് വീട്ടിലെത്തിയത് അറിഞ്ഞില്ല. നടക്കാന്‍ പോകുമ്പോള്‍ മൊബൈല്‍ എടുക്കാറില്ല. ഒരു മണിക്കൂര്‍ ഫോണ്‍ കൈയിലില്ലെങ്കില്‍ ആകാശം ഇടിഞ്ഞ് വീഴാനൊന്നും പോകില്ല. ആ സമയം വിളിക്കുന്നവര്‍ക്ക് അല്പം കൂടി കാത്തിരിക്കാവുന്നതേയുള്ളു. വീട്ടിലേയ്ക്ക് കയറിയ ഉടനെ അയാള്‍ മേശപ്പുറത്ത് വച്ചിരുന്ന ഫോണ്‍ എടുത്തു നോക്കി. അമ്മയുടെ വിളി വല്ലതും വന്നിരുന്നോ എന്നായിരുന്നു അയാളുടെ ഒരേയൊരു ആശങ്ക. ഇല്ല, അമ്മ വിളിച്ചിട്ടില്ല. ബാക്കിയുള്ള മിസ് കോളുകള്‍ സാവധാനം നോക്കാവുന്നതേയുള്ളു. അയാള്‍ ചായ ഉണ്ടാക്കാന്‍ അടുക്കളയിലേയ്ക്ക് കടന്നു.

തിളക്കുന്ന വെള്ളത്തില്‍ ചായപ്പൊടിയിടുന്നതിനിടയില്‍ അയാളുടെ കണ്ണുകള്‍ തട്ടിലിരിക്കുന്ന 'ജിന്‍സെങ്' പായ്ക്കറ്റില്‍ ഉടക്കി. മരം കൊണ്ടുള്ള ഡപ്പിയില്‍ ഭംഗിയായി പാക്ക് ചെയ്തിരിക്കുന്നു. കൊറിയയില്‍ പോയി വന്നപ്പോള്‍ കൂട്ടുകാരന്‍ ഹിരല്‍ തന്നതാണ്. ജിന്‍സെങ് വേരിന്റെ സത്താണ്. അവിടെ വളരെയധികം പ്രചാരത്തിലുള്ള ഒരു എനര്‍ജി ഡ്രിംഗ്. ഇതുവരെ ഉപയോഗിച്ച് നോക്കിയിട്ടില്ല. ഏതോ ഒരു ഉല്‍പ്രേരണയാല്‍ അയാള്‍ അതെടുത്ത് തുറന്ന് അതില്‍ നിന്നും ഒരു സ്പൂണ്‍ പൊടി അയാളുണ്ടാക്കുന്ന ചായയില്‍ കലര്‍ത്തി.

ബാല്‍ക്കണിയില്‍ നിന്ന് ചായയും കുടിച്ച് നില്‍ക്കുമ്പോള്‍ അയാളുടെ മനസ്സ് അബുദാബിയിലെ വീഴ്ചയില്‍ നിന്നും കരകയറാനുള്ള നവോദ്യമങ്ങള്‍ തിരയുകയായിരുന്നു. അമ്മയുടെ ഉപദേശം - എത്ര വീണാലും തളരരുത്. രാവിലെ കണ്ട മാര്‍ജ്ജാരനും അതെ സന്ദേശമാണ് തന്നത്. തന്റെ ഒന്‍പതാം ജീവന്‍ ഉയിര്‍ത്തെഴുന്നേല്പിന്റെയാവണം. കൂടെയാരേയും കൂട്ടേണ്ടതില്ല, ഒറ്റയ്ക്കാവുമ്പോള്‍ ചതിയും പാരയും ഒഴിവാക്കാം.

ചായ കുടിക്കുന്തോറും അയാള്‍ കൂടുതല്‍ ഉന്മേഷവാനായി. ചിന്തകള്‍ കലങ്ങിമറിയാതെ നേര്‍വഴിയില്‍ പോകുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. ഹിരല്‍ പറയാറുള്ളത് അയാള്‍ക്ക് മനസ്സില്‍ തേട്ടിവന്നു - 'ടീ മേക്ക്‌സ് എ പ്ലാന്‍ ഇന്‍ടു എ പ്ലാന്റ്'! 

താന്‍ കുടിക്കുന്ന ചായ തന്റെ മനസ്സില്‍ നാമ്പെടുത്ത പുതിയ പ്ലാനുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള വഴികളാണ് തുറന്നുതരുന്നത്. അമ്മയുടെ മാര്‍ജ്ജാരനാണ് താന്‍. ഇത്തവണ ആര് വിചാരിച്ചാലും തന്റെ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ സമ്മതിക്കരുത്. വളരെ ഗോപ്യമായി വേണം കരുക്കള്‍ നീക്കാന്‍. 

അയാളിലെ മാര്‍ജ്ജാരന്‍ ഊര്‍ജ്ജസ്വലനായി.

ആറുമാസത്തിനുള്ളില്‍ അയാളുടെ 'കവലകളിലെ ചായപ്പീടികകള്‍' പ്രവര്‍ത്തനമാരംഭിച്ചു. നാട്ടിലെ പ്രധാനവീഥിയിലെ കവലകളില്‍ ഉന്തുവണ്ടിയില്‍ ചായ ഉണ്ടാക്കി വില്‍ക്കുന്ന മാതൃകയാണ് അയാള്‍ പരീക്ഷിച്ചത്. ഓരോ കടയും കവലയിലെ ഒരു പ്രത്യേകസ്ഥലത്ത് സ്ഥിരമായി നിര്‍ത്തിയിട്ടു. നാട്ടിലെ സാധാരണക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പേരുകളാണ്ഓരോന്നിനും നല്‍കിയത് - നാട്ടുകാരുടെ രുചിയ്ക്കനുസരിച്ചുള്ള പേര്.

വാക്കേഴ്‌സ് ടീ, പീറ്റര്‍ സ്‌പെഷ്യല്‍, ജിന്‍ ടീ, ടീച്ചേഴ്‌സ് ടീ എന്നിങ്ങനെയുള്ള ഗൂഢാര്‍ത്ഥനാമങ്ങള്‍ കൂടാതെ സമോവര്‍, വഴിവക്കിലെ ചായ, കണികാണും ചായ എന്നിങ്ങനെയുള്ള നാടന്‍ നാമങ്ങളും അയാള്‍ ഉപയോഗിച്ചു. ഓരോ ചായക്കടയും നോക്കി നടത്താന്‍ പറ്റിയ ആളുകളെ അയാള്‍ തന്നെ ഇന്റര്‍വ്യൂചെയ്ത് തെരഞ്ഞടുത്ത് പരിശീലനം കൊടുക്കുകയായിരുന്നു. പത്രത്തിലെ പരസ്യം വഴി ചായക്കട നടത്താന്‍ താല്പര്യമുള്ളവരെ ക്ഷണിക്കുകയാണ് ചെയ്തത്. അങ്ങനെ, പരിചയമുള്ളവര്‍ ആരുമറിയാതെ അയാള്‍ ഒരു വിഷുവിന്റെയന്ന് ഹൈവേയിലെ പത്ത് പതിനഞ്ച് കവലകളില്‍ ഒരേ സമയം ഉന്തുവണ്ടി ചായക്കടകള്‍ പ്രവര്‍ത്തികമാക്കി. വിസ്താരമുള്ള കവലകളില്‍ പാതയുടെ ഇരുഭാഗത്തും ചായപീടിക സ്ഥാപിച്ചു. വാഹനങ്ങളില്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതല്ലോ!

തേയിലയിലയുടെ ചില മൊത്ത വ്യപാരികളെ കണ്ടുപിടിച്ച് അവരില്‍ നിന്നും തേയില വാങ്ങി സ്വന്തം മില്ലില്‍ പൊടിച്ച് അതില്‍ കുറച്ച് അയാളുടേതായ ഒരു സ്‌പെഷ്യല്‍ പൊടിയും ചേര്‍ത്താണ് അയാളുടെ ചായക്കടകളില്‍ കൊടുത്തിരുന്നത്. വളരെ പെട്ടെന്ന് അയാളുടെ കവലകളിലെ ചായപീടികകള്‍ പ്രസിദ്ധമായി. അതിന്റെ ബ്രാന്‍ഡ് നെയിമും ലോഗോയുമാണ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയതും ചായയുടെ ജനപ്രീതിയ്ക്ക് കാരണമായതും.

ആവി പറക്കുന്ന ചായക്കോപ്പയുമായി നില്‍ക്കുന്ന പൂച്ചയുടെ തലയ്ക്ക് മുകളില്‍ 'മാര്‍ജ്ജൂസ്' എന്നെഴുതിയത് 'മാര്‍ജ്ജൂസ്' ബ്രാന്‍ഡിനെ ജനപ്രിയമാക്കി. 

മാര്‍ജ്ജൂസിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ഒരു പ്രവാസിയുടേതാണെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായതല്ലാതെ ഏതാണാ പ്രവാസിയെന്നത് ഗൂഢമായി തന്നെ നിലനിന്നു. അമ്മയോട് പോലും പറയാതെയാണ് അയാള്‍ തന്റെ സംരംഭത്തിന് ചുക്കാന്‍ വലിച്ചത്. വിജയിച്ചാല്‍ അമ്മയ്‌ക്കൊരു 'സര്‍പ്രൈസ്' കൊടുക്കാമെന്നാണ് അയാള്‍ ഉദ്ദേശിച്ചത്.

താമസിയാതെ ഫുഡ് ആപ്പുകളിലും മാര്‍ജ്ജൂസ് കയറിക്കൂടി. മാര്‍ജ്ജൂസിന്റെ സ്‌പെഷ്യല്‍ ഫ്‌ളാസ്‌ക്കുകളില്‍ ചായ വീട്ടിലെത്തിത്തുടങ്ങി. ചായയുടെ പ്രചാരം വര്‍ദ്ധിക്കാന്‍ അത് ഹേതുവായി. അമ്മയുടെ അടുക്കല്‍ മാര്‍ജ്ജൂസുമായി എത്താനുള്ള സമയമായിരിക്കുന്നു. 

ഒടുവില്‍ താന്‍ വിജയിച്ച കഥ അമ്മയുമായി പങ്ക് വയ്ക്കാന്‍ തീരുമാനിച്ച് അയാള്‍ നാട്ടിലെ വീട്ടിലെത്തി. നാട്ടില്‍ വന്നിട്ട് കുറച്ച് നാളുകളായെങ്കിലും അയാള്‍ അമ്മയെ വിളിക്കുകയോ നാട്ടിലെത്തിയ കാര്യം അറിയിപ്പിക്കുകയോ ചെയ്തിരുന്നില്ല. തന്റെ വിജയഗാഥയുടെ ചിഹ്നമായ മാര്‍ജ്ജൂസ് ഫ്‌ലാസ്‌ക്കുമായി ചെന്ന് അമ്മയെ അത്ഭുതപ്പെടുത്തണമെന്നായിരുന്നു അയാളുടെ ആഗ്രഹം. അമ്മ പോലും അംഗീകരിച്ച അയാളുടെ ഇരട്ടപ്പേര് വച്ചുതന്നെ അയാള്‍ അവസാനം അമ്മ ആഗ്രഹിച്ച നിലയിലെത്തി. 

മാര്‍ജ്ജൂസിനെ പറ്റി അമ്മ കേട്ടിട്ടുണ്ടാവും. പക്ഷേ, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതാരാണെന്ന് അമ്മ അന്വേഷിച്ചിട്ട് പോലുമുണ്ടാകില്ല. അവരുടെ വീടിനടുത്തുള്ള കവലയിലും അയാളുടെ 'കവലയിലെ ചായപീടിക' ഒരെണ്ണം സ്ഥാപിച്ചിരുന്നു. അതും നല്ല നിലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ആ നാട്ടിലും ചായക്ക് നല്ല പ്രചാരം ലഭിച്ചിരുന്നു.

പെട്ടെന്ന് തോളത്തൊരു സഞ്ചിയും തൂക്കി പ്രത്യക്ഷപ്പെട്ട അയാളെ കണ്ട് അമ്മ അത്ഭുതപ്പെടുക തന്നെ ചെയ്തു. തുടക്കത്തിലെ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അമ്മ ചായയുണ്ടാക്കാനായി അടുക്കളയിലേയ്ക്ക് പോയി. അമ്മയോട് എങ്ങനെ വേണം തന്റെ മാര്‍ജ്ജൂസിനെ അവതരിപ്പിക്കാനെന്ന് ആലോചിച്ച് അയാളിരുന്നു. കുറച്ച് നാടകീയമായ രീതിയില്‍ പറഞ്ഞാലെ തനിയ്ക്ക് വേണ്ടപ്പെട്ടവര്‍ തന്നെ അടുത്തിരുന്ന് കുത്തിയതും മറഞ്ഞിരുന്ന് പാര പണിതതും അതിനെയെല്ലാം തരണം ചെയ്ത് താന്‍  ഈ നിലയിലെത്തിയതുമെല്ലാം അമ്മയില്‍ അതിശയവും ആകാംക്ഷയും ഉണര്‍ത്തുകയുള്ളു. 

''നീ ഏത് സ്വപ്നലോകത്താണ്? ഈ ചായ കുടിക്ക്. അബുദാബിയില്‍ നിന്നും ഇത്ര ദൂരം യാത്ര ചെയ്ത് വരുന്നതല്ലേ!''

അമ്മയുടെ ശബ്ദം കേട്ട് അയാള്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ചായ കപ്പുമായി മുന്നില്‍ നില്‍ക്കുന്ന അമ്മ. അയാള്‍ അമ്മയുടെ കൈയില്‍ നിന്നും കപ്പ് വാങ്ങി ചായ ചുണ്ടോടടുപ്പിച്ചു. ''അമ്മയുടെ ചായ കുടിച്ചിട്ടെത്ര നാളായി! അതിന്റെ രുചി ഇപ്പോഴും നാവിന്‍ തുമ്പത്തിരിക്കുന്നു.'' 

അയാള്‍ ഒരിറക്ക് ചായ കുടിച്ചു. ഇത് തനിയ്ക്ക് പരിചയമുള്ള രുചിയാണല്ലോ. അമ്മയുടെ സ്വതസിദ്ധമായ രുചിയല്ല. അയാള്‍ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി.

''മാര്‍ജ്ജൂസുള്ളപ്പോള്‍ എന്തിന് വെറുതെ അടുക്കളയില്‍ കഷ്ടപ്പെടുന്നു?'' അമ്മ അയാളെ നോക്കി പറഞ്ഞു.

തന്റെ പരസ്യത്തിലെ അതേ വാചകം. അയാളുടെ കണ്ണുകളിലെ അത്ഭുതം കണ്ടിട്ടെന്നോണം അമ്മ അടുക്കളയില്‍ പോയി ഒരു ഫ്‌ളാസ്‌ക്കുമായി തിരിച്ചെത്തി. ഫ്‌ലാസ്‌ക്ക് അയാളുടെ നേരെ നീട്ടി പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു, ''ഇത്രയും നല്ല ചായ ചുരുങ്ങിയ വിലയ്ക്ക് കിട്ടുമ്പോള്‍ ചായ ഉണ്ടാക്കേണ്ട ബുദ്ധിമുട്ടില്ലല്ലോ! അത് മാത്രമല്ല ഇതിലെ പൂച്ചയെ കാണുമ്പോള്‍ എനിയ്ക്ക് നിന്നെ ഓര്‍മ്മ വരികയും ചെയ്യും.''

അയാളുടെ മനസ്സിലെ അതിശയം ആശങ്കയായി മാറി. മാര്‍ജ്ജൂസ് തന്റെയാണെന്നതറിയാതെ അമ്മ പ്രശംസിക്കുകയാണ്. അത് തന്റെയാണെന്ന് പറയുമ്പോള്‍ എന്തായിരിക്കും അമ്മയുടെ പ്രതികരണം?

''പുച്ചയെന്ന ഇരട്ടപ്പേരുണ്ടായിട്ടും നിനക്ക് തോന്നാത്തത് മറ്റാര്‍ക്കോ തോന്നിയത് ചായപ്രേമികളുടെ ഭാഗ്യം. നിന്റെ തലയില്‍ ഇതൊന്നും വരച്ചിട്ടില്ലെന്ന് കൂട്ടിക്കോ. ഈ നാട്ടില്‍ നിന്ന് പോയാലെങ്കിലും നിന്റെ തലവര നേരെയാകുമെന്ന് കരുതിയത് വെറുതെയായി,'' അമ്മ തുടര്‍ന്നു. അമ്മയുടെ ശബ്ദത്തില്‍ നിരാശ നിഴലിച്ചിരുന്നു.

തിരിച്ചെന്ത് പറയണമെന്നറിയാതെ അയാള്‍ മിഴിച്ചിരുന്നു. അമ്മയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും, ഈ ചായയുടെ യാഥാര്‍ത്ഥ ഉടമ അയാളാണെന്ന്? അമ്മയുടെ മനസ്സില്‍ അയാളൊരു പരാജയമാണെന്ന് സ്ഥാപിക്കപ്പെട്ട സ്ഥിതിയ്ക്ക് അയാള്‍ പറയുന്നതൊന്നും അമ്മ വിശ്വസിക്കാന്‍ പോകുന്നില്ല.

''പൂച്ചയുടെ വേണ്ടാത്ത സ്വഭാവമെല്ലാം കിട്ടിയെന്നല്ലാതെ അതിന്റെ മിടുക്കിന്റെ ഒരംശം പോലും നിനക്കില്ലാണ്ടായിപ്പോയല്ലോ. കഷ്ടം! ഇനിയെങ്കിലും അബുദാബിയില്‍ എന്തെങ്കിലും ജോലി കണ്ടുപിടിച്ച് സ്ഥിരമായി നില്‍ക്കാന്‍ നോക്ക്.''

അമ്മയുടെ വര്‍ത്തമാനം നീണ്ടുപോയി. 

അമ്മ പറയുന്നതൊന്നും അയാളുടെ ചെവിയില്‍ വീഴുന്നുണ്ടായിരുന്നില്ല. അമ്മയ്ക്ക് വേണ്ടി കൊണ്ടുവന്ന മാര്‍ജ്ജൂസ് ഫ്‌ലാസ്‌ക്ക് അയാളുടെ തോള്‍സഞ്ചിയിലിരുന്ന് വിറച്ചു. അതയാളുടെ കൈകളിലേയ്ക്ക് പകര്‍ന്നു. 

അയാളെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്ന അമ്മ കാണാതെ മേശപ്പുറത്തിരുന്നിരുന്ന ഫളാസ്‌ക്ക് അയാള്‍ കൈക്കലാക്കി. അത് സഞ്ചിയില്‍ നിക്ഷേപിച്ചു. 

''മ്യാവൂ ...!'' അയാളുറക്കെ കരഞ്ഞു. 
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios