ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഷബ്‌ന ഫെലിക്‌സ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ആ രൂപം അയാളുടെതായിരിക്കുമോ?

ചില്ലിട്ട ജനല്‍പാളികളിലൂടെ പുറത്തെ കാഴ്ചയിലേക്ക് കണ്ണുകള്‍ പായിക്കാന്‍ 
വൃഥാ ഒരുശ്രമം നടത്തിനോക്കി. ചില്ലിന്‍പാളികളില്‍ പറ്റിപ്പിടിച്ച മഞ്ഞിന്‍ കണങ്ങള്‍, കാഴ്ചകളെ മറയ്ക്കാന്‍ ആരോ നിയോഗിച്ചെന്നവണ്ണം കനം തൂങ്ങിനിന്നു. 

ഹൃദയമിടിപ്പ് നെഞ്ചിന്‍കൂട് തകര്‍ത്ത് പുറത്തെ നിശ്ശബ്ദതയെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. എന്തിനാണ് ശരീരം വിറകൊള്ളാന്‍ തുടങ്ങിയിരിക്കുന്നത്? കൊടൈക്കനാലിലെ കൊടും തണുപ്പിലും ശരീരം വിയര്‍പ്പുകണങ്ങള്‍ പുറന്തള്ളാന്‍ ശ്രമിക്കുന്നുണ്ടോ?

മിനിട്ടുകള്‍ക്ക് മുന്‍പേ, മദ്യത്തിന്റെ ലഹരികള്‍ സൃഷ്ടിച്ച വികാരവിസ്‌ഫോടനങ്ങളില്‍, ഭ്രാന്തമായ ചേഷ്ടകളില്‍ മുങ്ങിതപ്പി, വനത്തിന്റെ അന്തര്‍മുഖങ്ങളിലേക്ക് ഒറ്റയാനായി പടര്‍ന്നു കയറുമ്പോഴും തണുത്തുറഞ്ഞ മഞ്ഞുമലകള്‍ ഉരുകിയൊലിക്കാന്‍ മതിയായ സൂര്യതാപത്തിനായി മനസ്സ് കേണുകൊണ്ടിരുന്നു. കാട് കുലുക്കി, മുളങ്കമ്പുകള്‍ വലിച്ചൊടിച്ച്, ഒടുവില്‍ വര്‍ദ്ധിച്ച ശ്വാസഗതിയോടെ ഒറ്റയാന്‍ അകന്നു മാറിയപ്പോഴും കാലങ്ങളായി, അനുഷ്ഠാനമായതിനാവാം വെറുമൊരു പേക്കിനാവു പോലെ ശരീരം മരവിച്ചുകിടന്നിരുന്നു.

ഉറക്കത്തിന്റെ ആലസ്യത്തില്‍ അകന്നു മാറിയ ദേഹം വിട്ട്, വലിച്ചു മാറ്റിയ വസ്ത്രങ്ങള്‍ വാരിയെടുത്ത് കൊടൈക്കാനാലിലെ തണുപ്പ് മുഴുവന്‍ ആവാഹിച്ചെടുത്ത വെള്ളത്തിന്‍ കീഴെ നില്‍ക്കുമ്പോഴും ശരീരം വിറകൊണ്ടിരുന്നില്ല. മനസിനെ ബാധിച്ച മരവിപ്പ് ശരീരകോശങ്ങളെയോരോന്നിനെയും കാര്‍ന്നു തിന്നാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ ഏറെയായിരിക്കുന്നു. 

എന്നിട്ടും.. അവ്യക്തമായ ആ രൂപത്തിന്റെ സാന്നിധ്യം തന്റെ ശരീരത്തെ വിറകൊള്ളിക്കാന്‍ പോന്നതോ?

പുറത്തേക്കു ഇറങ്ങി, കോറിഡോറിന്റെ അറ്റത്തുള്ള ജനല്‍പാളി തുറന്നിട്ട്, അകലങ്ങളിലേക്ക് വെറുതെ മിഴി നട്ടു.

കമ്പനിയുടെ കണക്കെടുപ്പിന്റെ ഗ്രാഫ് ഉയരുമ്പോഴുള്ള ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി വീണു കിട്ടുന്ന ഫാമിലി ട്രിപ്പുകളില്‍ പലപ്പോഴും കണ്ണുകള്‍ തിരഞ്ഞത് ഒരേയൊരു രൂപം മാത്രമായിരുന്നു.

വെറുതെ, അകലങ്ങളിലിരുന്ന് വസന്തത്തിന്റെ വിരിമാറിലെ പൂമൊട്ടുകള്‍ കോര്‍ക്കുന്ന നാലു കണ്ണുകളായി മാറാന്‍. പാരസ്പര്യത്തിന്റെ അപൂര്‍വതകള്‍ തീര്‍ക്കുന്ന നിമിഷങ്ങളില്‍ ഇനിയും യുഗങ്ങള്‍ നീണ്ട തപസ്സിനായി മനശക്തി കൈവരിക്കാന്‍. 

അങ്ങനെയെല്ലാമായി മോഹങ്ങള്‍ പകുത്തുവെക്കാന്‍ നിമിത്തമായി കടന്നുവന്നത്, ഇന്നലെയിലെ ഒരു ചുംബനത്തിന്റെ ബാക്കിപത്രം.

ഓഫീസിലെ വിനോദയാത്രകളിലൊന്നില്‍, ചരിത്രത്തിന്റെ കാണാകഥകള്‍ ഇടംപിടിച്ച അരണ്ട വെളിച്ചം കടന്നു വന്ന ഇടനാഴികളിലൊന്നില്‍, കൂടെയുള്ള സൗഹൃദ വലയങ്ങളില്‍ നിന്നും വലിച്ചെടുത്തു അരക്കെട്ടില്‍ ചുറ്റിമുറുക്കിയ കൈകളാല്‍ വലിച്ചടുപ്പിച്ചു ചുണ്ടുകളില്‍ ചിത്രം വരക്കുമ്പോള്‍, ജീവിതത്തില്‍ അതുവരെ പിടിച്ചു കെട്ടിയ സ്ത്രീശക്തിയുടെ അകംപൊരുളിലെ മുത്തുമണികള്‍ നൂലുകള്‍ പൊട്ടി ആയിരം മുത്തുമണികളായി ചിന്നിചിതറുന്നതറിഞ്ഞു. 

നൂറുവട്ടം ഇഷ്ടമാണെന്നു പറഞ്ഞിട്ടും, തിരിച്ചും ഇഷ്ടമെന്നു സ്വയം അറിഞ്ഞിട്ടും, പിടികൊടുക്കാത്ത തന്റെ മനസ്സ്. ഒരു ചുംബനത്തിന്റെ കരവിരുതാല്‍ അത് കെട്ടിയിടാന്‍ ശ്രമിച്ചപ്പോള്‍ ഉള്ളിലിരുന്ന സ്ത്രീ ശക്തിയായി പ്രതികരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അങ്കത്തില്‍ തോറ്റ ചേകവന്റെ മനസ്സോടെ കണ്ണില്‍ നിന്നും ഉരുണ്ടു വീണ മുത്തുമണികളോടെ അവന്റെ ചെകിടില്‍ തന്റെ കരം പതിപ്പിച്ചപ്പോഴും അവന്‍ പറഞ്ഞുകൊണ്ടിരുന്നു.


'നീയാണ് പെണ്ണ്..'

ചിതറിത്തെറിക്കുന്ന കണ്ണീര്‍തുള്ളികള്‍ തുടച്ചു കളയുമ്പോഴും അവന്‍ പറഞ്ഞുകൊണ്ടിരുന്നു

'അനുവാദമില്ലാതെ ഒരു സ്ത്രീയെ സ്പര്ശിക്കുന്നത് ശരിയെല്ലന്നറിയാം. പക്ഷേ എന്റെ ഇഷ്ടം ഏറ്റു പറയാന്‍ ഒരു ചുംബനത്തോളം മനോഹരമായി മറ്റെന്തുണ്ട്..?'

കണ്ണുകളില്‍ നിറച്ച പ്രേമത്തോടെ, കുസൃതിയോടെ, ക്ഷമാപണത്തോടെ അവന്‍ പറഞ്ഞു കൊണ്ടിരുന്നു.

അവനെ തട്ടിമാറ്റി അകന്നു പോകുമ്പോഴും തികട്ടി വന്ന രോഷവും സങ്കടവും നിമിഷങ്ങള്‍ക്കുള്ളില്‍ അലിഞ്ഞില്ലാതാവുന്നതറിഞ്ഞു. ഉള്ളില്‍ ഒളിപ്പിച്ചു വെച്ച കപടമായ ദേഷ്യത്തിന്റെ മുഖംമൂടി അവന്റെ കരുത്തുറ്റ കൈകള്‍ക്കുള്ളില്‍ അഴിഞ്ഞുവീണിരിക്കുന്നു.

ഒരു ചുംബനത്തിന്റെ മധുരത്തോടെ മടങ്ങിയെത്തിയ തന്നെ കാത്ത് വീട്ടില്‍ തനിക്കായി മാതാപിതാക്കള്‍ കണ്ടെത്തിയ വരന്‍ ആഡംബരത്തിന്റെ പുത്തന്‍ പതിപ്പുകളുമായി കാത്തുനിന്നിരുന്നു.

ഓര്‍മകള്‍ ഇളം വയലറ്റ് പുറംചട്ടയിട്ട പുസ്തകതാളിനുള്ളില്‍നിന്നും പുറത്തേക്കു എത്തിനോക്കി ഒരു നെടുവീര്‍പ്പായി വമിച്ചുകൊണ്ടിരുന്നു.

കരോളിന്‍.

ഞെട്ടിത്തിരിഞ്ഞു നോക്കി. 

വിശ്വസിക്കാന്‍ വയ്യ. മുന്നില്‍ തൊട്ടു മുന്നില്‍, കയ്യെത്തും ദൂരെ. ശ്വാസഗതി ഉയരുന്നതറിഞ്ഞു..
വാക്കുകള്‍ തൊണ്ടയിലെ അസ്വസ്ഥതയില്‍ കുരുങ്ങി അനുവാദം കാത്തു കിടന്നു.

'ഞാന്‍ കണ്ടിരുന്നു. ഇന്നലെയും. ദൂരെ നിന്ന് നോക്കികാണുകയായിരുന്നു.'

ചെവിയില്‍ പതിഞ്ഞ വാക്കുകള്‍ മധുരമുള്ള സംഗീതം പോലെ വീണ്ടും വീണ്ടും ചെവിയില്‍ മുഴങ്ങി ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു.

വര്‍ഷങ്ങളായി കാണാന്‍ കൊതിച്ച രൂപം. കേള്‍ക്കാന്‍ കൊതിച്ച ശബ്ദം ഇന്നിതാ മുന്നില്‍. 

ആ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കിനിന്നു. വിശാലമായ ആ തടാകത്തില്‍ ആയിരമായിരം താമരകള്‍ പൂത്തുലഞ്ഞു നിന്നിരുന്നു. ജനല്‍ കമ്പിയില്‍ പിടിച്ച ആ കൈകള്‍ക്കുള്ളില്‍ താന്‍ ഒരിക്കല്‍ കൂടി. 

'എന്നും ദൂരെ നിന്ന് ഞാന്‍ നോക്കി കണ്ടോളാം.'- അവന്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഒരു സ്വാപ്നാടകയെ പോലെ അവന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത് ഏതോ ലോകത്തില്‍ അല്പനേരം.

അവന്റെ വാക്കുകളില്‍ പഴയ പ്രണയം വീണ്ടും മുഴുങ്ങി നിന്നു.

വീതി കുറഞ്ഞ ഇടനാഴിയിലെ തുറന്നിട്ട ജനലിലൂടെ തണുത്ത കാറ്റ് ഇരമ്പിപാഞ്ഞു വന്നു. അരണ്ട വെളിച്ചം തങ്ങി നിന്ന പഴയ ഇടനാഴിയെ അനുസ്മരിപ്പിച്ച് കോറിഡോറിലെ ചെറിയ എല്‍ ഇ ഡി ലൈറ്റുകള്‍ കണ്ണുകള്‍ ചിമ്മി നിന്നു. 

അവന്റെ ദീര്‍ഘമായ ശ്വാസം മുഖത്തു ആഞ്ഞുപതിക്കുന്നു. ശരീരത്തില്‍ എവിടെയൊക്കെയോ അഗ്‌നി സ്ഫുരിക്കുന്നതറിഞ്ഞു. തണുത്തുറഞ്ഞ മഞ്ഞുമലകള്‍ ഉരുകിയൊലിച്ചു നേര്‍ത്ത അരുവികളായി രൂപം പ്രാപിക്കുന്നുവോ?

മരുഭൂമിയിലെ മഴയ്ക്കെന്ന പോലെ ഒരു ചുംബനത്തിനായി ഒരിക്കല്‍ കൂടി ചുണ്ടുകള്‍ ദാഹിക്കുന്നു. മനസ്സും മനസാക്ഷിയും യുദ്ധം തുടങ്ങി കഴിഞ്ഞു. സമൂഹം കല്‍പ്പിച്ച ചട്ടക്കൂടുകള്‍ക്കുള്ളിലെ സ്ത്രീ അര മുറുക്കി കച്ച കെട്ടി തന്നെ വലിഞ്ഞു മുറുക്കികൊണ്ടിരിക്കുന്നു. മനസിന്റെ ദാഹത്തിന് ഉറവ കണ്ടെത്തിയ സന്തോഷത്തില്‍ ശരീരം ഉറഞ്ഞുതുള്ളുന്നു.

ഓര്‍മ്മക്കായ്, ഒരിക്കല്‍ കൂടി ഒരു ചുംബനം, പ്ലീസ്.

മനസ്സു കെഞ്ചിക്കൊണ്ടിരുന്നു. 

പറഞ്ഞു പഠിച്ച പാഠങ്ങളില്‍ നിന്നും വ്യതിചലിക്കാനാവാതെ ഉള്ളിലെ സ്ത്രീ പ്രതിരോധം തീര്‍ക്കുന്നു. ഇരുളും വെളിച്ചവും തമ്മിലുള്ള യുദ്ധം. വികാരവും വിവേകവും തമ്മിലുള്ള യുദ്ധം.

വയ്യ. 


ജ്വലിക്കുന്ന അവന്റെ കണ്ണുകളെ വഹിക്കാന്‍ കെല്‍പ്പില്ലാതെ കണ്ണുകള്‍ പത്തിമടക്കി. ജനാലയിലൂടെ പുറത്തേക്ക് നോക്കി. അരണ്ട വെളിച്ചത്തില്‍ തണുത്ത കാറ്റില്‍ വെളുത്ത പൂക്കള്‍ വിറങ്ങലിച്ചു നിന്നു.

കണ്ണുകളില്‍ നിന്നും ഒരിക്കല്‍ കൂടി ജലം ഉരുണ്ടു താഴോട്ട് പതിച്ചുകൊണ്ടിരുന്നു.അവന്റെ മുഖത്തേക്ക് നോക്കാന്‍ കെല്‍പ്പില്ലാതെ, അറിയാതെ പുറപ്പെട്ട ഏങ്ങലടിക്കിടയില്‍ വീണ്ടുമൊരു വിളി കേട്ടു.

'കരോളിന്‍.' അവന്റെ ശ്വാസം വീണ്ടും മുഖത്തേക്ക് വീശുന്നു.

അറിയാതെ മൂളിപ്പോയി.

ജ്വലിക്കുന്ന കണ്ണുകളെ ഒരിക്കല്‍ കൂടി നോക്കി. 

ജനാലയില്‍ തല വെച്ചു മുഖം പൊത്തി കരഞ്ഞുപോയി. 

ഒരു നിമിഷത്തിന്റെ ഇടവേള. മൗനം. അകലങ്ങളിലേക്ക് നീങ്ങുന്ന കാലടിശബ്ദങ്ങള്‍.

പോകരുത് പ്‌ളീസ്. ഓടിച്ചെന്നു പൊട്ടിക്കരഞ്ഞു കെട്ടിഡപപിടിക്കാന്‍ മനസു മന്ത്രിക്കുമ്പോഴും കാലുകള്‍ ചലിച്ചില്ല

പകരം, തണുത്തുറഞ്ഞ വെള്ളത്തിന്റെ കീഴെ ഒരിക്കല്‍ കൂടി ശരീരത്തെ സ്ഥാപിച്ചു. അടക്കിപ്പിടിച്ച മനസ്സിലെ കെട്ടുകള്‍ തൊണ്ടയിലൂടെ കണ്ണുകളിലൂടെ അഴിഞ്ഞു വീഴുന്നതറിഞ്ഞു. എല്ലാം ശുദ്ധമാകട്ടെ!

പൊട്ടിത്തെറിക്കാന്‍ വെമ്പിയ അഗ്‌നിപര്‍വ്വതം ഉരുകിയൊലിക്കട്ടെ, വീണ്ടും തണുത്തുറഞ്ഞ മഞ്ഞുമലകള്‍ രൂപം കൊള്ളും വരെ!

രണ്ട്

എഴുതി തീര്‍ന്നതും അവള്‍ ദീര്‍ഘമായി നെടുവീര്‍പ്പിട്ടു. അക്ഷരങ്ങള്‍ക്കിടയിലൂടെ പലതവണ കണ്ണുകള്‍ സഞ്ചരിച്ചു. ഒടുവില്‍ 'മര്‍മ്മരങ്ങള്‍' എന്നൊരു ശീര്‍ഷകം എഴുതിച്ചേര്‍ത്ത് മുഖം പൊത്തിയിരുന്നു.

'ഹലോ മാഡം കിടക്കുന്നില്ലേ..?'

ഉറക്കച്ചടവില്‍ കണ്ണുകള്‍ തിരുമ്മി എഴുനേറ്റു വന്ന ആല്‍ബിന്‍ അവളോട് ഒരല്പം നീരസത്തോടെ ചോദിച്ചു. 

'ദാ വരുന്നു..' -മുടി മാടിയൊതുക്കി അവള്‍ ആല്‍ബിനോട് ചേര്‍ന്നു നിന്നു.


'നേരത്തെ നീ എവിടെയായിരുന്നു...? റൂമില്‍ കണ്ടില്ലല്ലോ?'

'അത്...ഞാന്‍ കോറിഡോറില്‍ ഉണ്ടായിരുന്നു.'

'ഭാര്യ എഴുത്തുകാരിയായാല്‍ ഭര്‍ത്താവായ എന്നെപോലുള്ളവര്‍ എന്തൊക്കെ സഹിക്കണം? ഈ കോടൈക്കനാലില്‍ വന്നിട്ട്.'

അവളൊന്നു ചിരിച്ചു.

'ഇന്നത്തെ വിഷയം എന്തായിരുന്നു?'

അവന്റെ കണ്ണുകളില്‍ ഒരു നിമിഷം നോക്കി അവള്‍ മറുപടി പറഞ്ഞു.

'ചുംബനം.'

'ഹാ ബെഷ്ട്.'

നിന്റെ ആരാധകവൃന്ദത്തിന് പറ്റിയ സബ്ജക്ട്. പുതിയ കഥകള്‍ മെനയാന്‍ ഇനി എന്തു വേണം മാധവിക്കുട്ടിയുടെ റോള്‍ എടുക്കുവാണോന്നു ചോദ്യമുയരും.'

'മാധവിക്കുട്ടിക്ക് മാത്രേ മാധവിക്കുട്ടി ആവാന്‍ പറ്റുള്ളൂന്ന് ഞാന്‍ മറുപടി പറയും.'

'എഴുത്തുകാരിയുടെ ജീവിതമാണോ ഇതെന്ന് ചോദിച്ചാല്‍...'

'ജീവിതവും എഴുത്തും രണ്ടാണെന്ന് ഉത്തരം നല്‍കും.'

'എഴുത്തുകാരില്‍ ആത്മകഥാംശം കലരാറുണ്ട് എന്നുള്ള ചോദ്യത്തില്‍ കഴമ്പില്ലേ?'

അവള്‍ ഒരു നിമിഷം നിശബ്ദത പാലിച്ചു. പിന്നെ തല താഴ്ത്തി പതിയെ പറഞ്ഞു.

'ഉണ്ടെന്നും ഇല്ലെന്നും മറുപടി വന്നേക്കാം. രണ്ടു ചേരികളായി അവര്‍ അടിപിടി നടത്തട്ടെ. 
നമുക്കു ഇവിടെ അടിപിടി കൂടാം.'

അവളുടെ മറുപടി കേട്ട് ചിരിച്ച് അയാള്‍ അവളുടെ അധരങ്ങളില്‍ ചുണ്ടുകള്‍ അമര്‍ത്തുമ്പോള്‍ അവളുടെ ചിന്തകളില്‍ മര്‍മ്മരങ്ങളിലെ കഥാപാത്രങ്ങള്‍ പരസ്പരം ചുംബിച്ചു നിന്ന ചിത്രം കടന്നുവന്നു.

പര്‍വതങ്ങള്‍ ഉടയുന്നതും കാനനശൃംഗങ്ങള്‍ ഉലയുന്നതും അവളറിഞ്ഞില്ല. അവളുടെ മുന്നില്‍ , മര്‍മ്മരങ്ങളിലെ കഥാപാത്രങ്ങള്‍ കഥയില്‍ നിന്നും വുത്യസ്തമായി പരസ്പരം കണ്ടു മുട്ടുകയും സംവാദിക്കുകയും ചുണ്ടുകള്‍ ചേര്‍ക്കുകയും പിന്നെ യാത്രപറഞ്ഞ് പിരിയുകയും ചെയ്തു. വിയര്‍പ്പില്‍ കുതിര്‍ന്ന ശരീരത്തോടെ അവളില്‍ നിന്നും അകലുമ്പോള്‍ അയാള്‍ പതിയെ ചോദിച്ചു.

Are you happy ?

അവളുടെ മറുപടിക്കായി ജിജ്ഞാസയോടെ നോക്കുന്ന അയാളുടെ കണ്ണുകളിലേക്കു ഒരല്‍പസമയം നോക്കി അതെ എന്നവള്‍ മറുപടി പറഞ്ഞ് അയാളെ ചുംബിക്കുമ്പോള്‍ ചുമരില്‍ തൂക്കിയ ചിത്രത്തിലെ സ്ത്രീ അവളെ നോക്കി കണ്ണിറുക്കി നിന്നു. അതില്‍ ഇപ്രകാരം കുറിച്ചുവെച്ചിരുന്നു.

A woman's heart is an ocean of secrets.

Gloria Stuart

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...