ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഷിറാസ് ഷറഫ് എഴുതിയ ചെറുകഥ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Try looking into that place where you dare not look! You'll find me there, staring out at you
- Frank Herbert


തിരമാലകളുടെ ഇടവേളകളിലാത്ത ചുംബനങ്ങളേറ്റ് നനഞ്ഞ കടല്‍ തീരത്തേക്ക് ഞാന്‍ മെല്ലെ ചെന്നു നിന്നു. കടലുപ്പിന്റെ ഈര്‍പ്പം നിറഞ്ഞ മണ്ണില്‍ എന്റെ കാലുകള്‍ മെല്ലെ തൊട്ടതും ഒരു കുള്ളന്‍ തിരമാല എന്റെ രണ്ടു കാല്‍പ്പാദങ്ങളെ പൊതിയുകയും ശേഷം കടലിലേക്ക് ലയിക്കാന്‍ എന്നെ ബലമായി ക്ഷണിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞാന്‍ ഒരു നിമിഷം തിരമാലയോടൊപ്പം മുന്നോട്ട് പോകുകയാണെന്ന് തോന്നിപ്പോയി.

ഞെട്ടലോടെ ഞാന്‍ കണ്ണുകള്‍ തുറന്നു.

കടല്‍തീരത്തല്ല മറിച്ച് ഗുവാഹാത്തി എക്‌സ്പ്രസ്സിന്റെ വിയര്‍പ്പും മീഠപ്പാനും നാറുന്ന സെക്കന്‍ഡ് ക്ലാസ്സ് കൂപ്പയിലെ നാലുപേര്‍ ചേര്‍ന്ന് ഞെരുങ്ങി ഇരിക്കുന്ന സീറ്റിലെ ഒരറ്റത്താണ് ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നത്. ഏതോ സ്റ്റേഷനില്‍ ഉറങ്ങി കിടന്ന എന്റെ ട്രയിന്‍ അതിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര വീണ്ടും ആരംഭിച്ചിരിക്കുന്നു.

സ്വപ്നത്തില്‍ അനുഭവിച്ച തിരമാലകളുടെ സ്പര്‍ശം ഒരുനിമിഷം മനസ്സിലേക്ക് കടന്നു വന്നു. അടുത്ത കാലത്തൊന്നും ഇത്രയും തണുത്ത സ്വപ്നം ഞാന്‍ കണ്ടിട്ടില്ല. ഏറെ നാളായി ബാധ്യതകളുടെയും , വിഷമങ്ങളുടെയും ദാരിദ്ര്യത്തിന്റെയും കയ്പ്പു കലര്‍ന്ന ഓര്‍മ്മകളാണ് സ്വപ്നങ്ങളായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത. വിഷാദത്തില്‍ വരണ്ടു നിന്ന എന്റെ സ്വപ്നലോകത്തിലേക്ക് അടുത്തിടെ പെയ്ത ഒരു തണുത്ത മഴയായിരുന്നു ഈ സ്വപ്നമെന്ന് മനസ്സ് അതിന്റെ ബദ്ധശത്രുവായ എന്റെ യുക്തിയോട് ഒരുവേള പറഞ്ഞുകാണണം.

പെട്ടെന്ന് ഒരു മധ്യവയസ്‌ക്കന്‍ ഞങ്ങളുടെ കൂപ്പയിലേക്ക് കയറി വന്നു. ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചിരുന്ന അയാളുടെ ചെവികളില്‍ നിന്ന് ആന്റീന പോലെ രോമങ്ങള്‍ ആകാശത്തേക്ക് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. കുഴിഞ്ഞ കണ്ണുകളും വെട്ടിയൊതുക്കാതെ ലക്ഷ്യമറ്റ് വളര്‍ന്ന് പന്തലിച്ച താടി രോമങ്ങളും അയാള്‍ക്ക് ഒരു ഭീകരന്റെ മുഖച്ഛായ നല്‍കിയിരുന്നു.

മീഠപ്പാനിന്റെ കാലങ്ങളായുള്ള നനവ് തീര്‍ത്ത പൂഴിയില്‍ അയാളുടെ ചുണ്ടുകളും പല്ലുകളും ചോരയെ തോല്‍പ്പിക്കും വിധത്തില്‍ ചുവന്നു കിടന്നു. വന്ന മാത്രയില്‍ കൂപ്പയിലെ എല്ലാ യാത്രക്കാരെയും അയാള്‍ ഒന്ന് വേഗം കണ്ണോടിച്ചുനോക്കി. എന്നിട്ട് നിശബ്ദതയ്ക്ക് അപ്പുറം വരുന്ന ചെറിയ ശബ്ദത്തില്‍ ചോദിച്ചു. 

'വെല്‍വെറ്റ് വേണോ?'

അടുത്തിരുന്ന ആരും ഒന്നും മിണ്ടിയില്ല. അയാള്‍ ഒരിക്കല്‍ കൂടെ ചോദിച്ചു ഇത്തവണ എല്ലാവരും കേട്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഒരു പ്രതികരണവും ഞങ്ങളുടെ പക്കല്‍ നിന്ന് ഇല്ലാത്തതിനാല്‍ അയാള്‍ മെല്ലെ അടുത്ത കൂപ്പയിലേക്ക് നടന്നകന്നു.

എന്തായിരിക്കും അയാള്‍ പറഞ്ഞ വെല്‍വെറ്റ് എന്ന് എനിക്ക് മനസ്സിലായില്ല. ഇനി മനസ്സിലായാല്‍ തന്നെ പോക്കറ്റില്‍ അവശേഷിക്കുന്ന ചില്ലറത്തുട്ടുകള്‍ക്ക് വാങ്ങാന്‍ കഴിയുന്ന സാധനങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന തിരിച്ചറിവ് എന്നെ നിശബ്ദനാക്കി.

അല്പസമയത്തിന് ശേഷം അയാള്‍ അപ്പുറത്തെ കൂപ്പയില്‍ നിന്ന് എന്റെ മുന്നിലൂടെ തിരിച്ചു നടന്നു പോകുന്നത് ഞാന്‍ കണ്ടു. കൂടെ രണ്ടു മൂന്നുപേരും ഉണ്ടായിരുന്നു. ഞാന്‍ തിരിഞ്ഞു നോക്കിയതും അവര്‍ ബോഗിയിലെ ബാത്‌റൂമിനെ ലക്ഷ്യം വച്ച് നടക്കുന്നതാണ് കാണാന്‍ സാധിച്ചത്.

എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി നോട്ടം പിന്‍വലിച്ച് ഞാന്‍ നേരെ നിവര്‍ന്നിരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ എന്റെ നേരെ ഒരു കള്ള ചിരി എറിഞ്ഞു. നോക്കുന്നവരെ ചൂളിക്കും വിധത്തില്‍ ഒരു കുസൃതി ചിരി. ആ ചിരി എന്റെ മേല്‍ ഏല്‍പ്പിച്ച ജാള്യതയുടെ പുറത്തു ഞാന്‍ അയാളോട് ശബ്ദം താഴ്ത്തി ചോദിച്ചു.

'എന്താണ് അയാള്‍ പറഞ്ഞ ഈ വെല്‍വെറ്റ്?'

സിഗരറ്റുകള്‍ സ്മരണയായി ബാക്കിവച്ച കറുത്തപാടുകള്‍ തീര്‍ത്ത അയാളുടെ രണ്ടു ചുണ്ടുകള്‍ മെല്ലെ തുറന്നു, എന്റെ മുഖത്തേക്ക് പുകയിലയുടെ മണം അടിച്ചുകയറി ,

'വെല്‍വെറ്റ് പെണ്ണുങ്ങള്‍ ഈ ട്രെയിനിലുണ്ട്, അവരെ വേണോ എന്നാ അയാള്‍ ചോദിച്ചത്..' -അയാള്‍ പറഞ്ഞു .

'വെല്‍വെറ്റ് പെണ്ണുങ്ങളോ? അതെന്താ?'


അയാള്‍ എന്നെ അടിമുടി ഒന്ന് നോക്കി. ഒരു പോലീസുകാരന്‍ കള്ളനെ നോക്കുന്ന, സംശയത്തിന്റെ നിഴലുള്ള അതെ നോട്ടം. എന്നിട്ട് തുടര്‍ന്നു:

'നമ്മുടെ ട്രെയിന്‍ പോകുന്ന കൊല്‍ക്കത്തയില്‍, സോനാഗച്ചി എന്ന് പറയുന്ന ഒരു തെരുവുണ്ട്. ലോകത്തിലെ തന്നെ ഏറ്റവുുമേറെ വേശ്യകള്‍ പാര്‍ക്കുകയും വേശ്യാവൃത്തി നടത്തുകയും ചെയ്യുന്ന സ്ഥലമാണ് അത്. അവിടത്തെ ഒരു കെട്ടിടത്തിന്റെയും അവിടെ താമസിക്കുന്ന വേശ്യകളുടെയും വിളിപ്പേരാണ് ഈ പറഞ്ഞ വെല്‍വെറ്റ്'

ഞാന്‍ ഉത്തരങ്ങള്‍ തേടുന്ന ഒരു കൊച്ചുകുട്ടിയെ പോലെ അയാള്‍ക്ക് മുന്നിലിരുന്നു .

'പെണ്‍ വേഷം കെട്ടിയ ആണുങ്ങളാണ് ഈ വെല്‍വെറ്റുകള്‍. പുരുഷന്മാരുടെ ശരീരബലവും പെണ്ണിന്റെ മനസ്സും കൈമുതലായവര്‍. സോനാഗച്ചിയിലെ കൊഴുത്ത സുന്ദരിമാരെക്കാള്‍ ഇപ്പോള്‍ ഡിമാന്‍ഡ് ഇവര്‍ക്കാണ്. അത്രയ്ക്കും അഭിപ്രായമാണ് ഇവരെ പറ്റി എല്ലാവര്‍ക്കും. കിടപ്പറയിലെ യഥാര്‍ത്ഥ ചീറ്റപ്പുലികള്‍. വീട്ടിലെ കിടപ്പറയില്‍ പരാജിതനാകുന്ന പുരുഷന്മാരുടെ വിഹാര കേന്ദ്രമാണ് വെല്‍വെറ്റ്. ചുണ്ടുകൊണ്ടും കൈകൊണ്ടും കാണിക്കാന്‍ കഴിയുന്ന എല്ലാ വിദ്യകളും പുരുഷ ശരീരത്തിന്‍ മേല്‍ കാണിക്കാന്‍ കെല്‍പ്പുള്ളവര്‍'

ഒരു നിമിഷം ഒന്നു നിര്‍ത്തിയതിന് ശേഷം അയാള്‍ മെല്ലെ തന്റെ കുസൃതി ചിരി വീണ്ടും കാണിച്ചുകൊണ്ടു എന്റെ ചെവിയില്‍ പറഞ്ഞു.

'തളര്‍ന്നുപോയ മാംസ കഷ്ണങ്ങളെ അവര്‍ ഉരുക്കാക്കിമാറ്റിത്തരും'

'ഇവര്‍ പൊതുവേ വെല്‍വെറ്റ് സാരി മാത്രമേ ഉടുക്കാറുള്ളൂ. അങ്ങനെയാണ് വെല്‍വെറ്റ് എന്ന് പേര് ഇവര്‍ക്കും ഇവര്‍ താമസിക്കുന്ന കെട്ടിടത്തിനും വീഴുന്നത്. കൊല്‍ക്കത്ത നഗരത്തിലെ ട്രെയിനിലും ബസ് സ്റ്റാന്റിലും മാളുകളിലും ഇപ്പോള്‍ ഇവര്‍ക്കാണ് ഏറ്റവും കച്ചവടം.'

പെട്ടെന്നായിരുന്നു അയാളുടെ ഹൃദയത്തിന് സമീപം ഫോണ്‍ ശബ്ദം മുഴങ്ങിയത്. അയാള്‍ ഫോണിലേക്കും അതിനപ്പുറമുള്ള ലോകത്തിലേക്കും മടങ്ങി.

തുടര്‍ന്നുള്ള യാത്രയില്‍ എന്റെ മനസ്സ് മുഴുവന്‍ അയാള്‍ പറഞ്ഞ കാര്യങ്ങളിലായിരുന്നു വട്ടം തിരിഞ്ഞു നടന്നുകൊണ്ടിരുന്നത്.

ട്രയിന്‍ മെല്ലെ ഹൗറ സ്റ്റേഷനില്‍ ചെന്നുനിന്നു.

ഞാന്‍ പെട്ടെന്ന് ബാഗും എടുത്തു പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍, കറുത്ത വെല്‍വെറ്റ് സാരിയുടുത്ത് ഒരു പെണ്‍കുട്ടി ട്രയിനിലെ ബാത്ത്‌റൂമില്‍ നിന്നു നടന്നു വാതിലിന് അടുത്തേക്ക് വരുന്നത് കണ്ടു. അവളുടെ സമീപം നേരത്തെ കണ്ട അവളുടെ ഇടപാടുകാരനും ഉണ്ടായിരുന്നു.

ഏതോ ഒരു നിമിഷത്തില്‍ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം നേര്‍ക്കുനേര്‍ കോര്‍ത്തു.

എന്നെ കണ്ടതും അവളുടെ കണ്ണുകള്‍ നിറയുന്നതായി എനിക്ക് തോന്നി. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവളെ പോലെ അവള്‍ എന്റെ നേര്‍ക്ക് നോട്ടം പായിക്കുന്നുണ്ടായിരുന്നു. കരിവരഞ്ഞ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ അവളുടെ കണ്ണീരിനും കറുത്ത നിറമായി എനിക്ക് തോന്നി .

പെട്ടെന്നാണ് എന്റെ മനസ്സില്‍ ആ സ്‌ഫോടനം സംഭവിച്ചത്. എന്റെ കണ്ണുകള്‍ അവളാരാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

നിശ്ശബ്ദതയും ഞെട്ടലും ഒരുപോലെ എന്റെ മനസ്സിനെ വലംവച്ചു.

ഞാന്‍ അവളുടെ അടുത്തേക്ക് നടന്നതും അവള്‍ പെട്ടെന്ന് ട്രയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങി നടക്കാന്‍ തുടങ്ങി.

ആ മുഖം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. അത് ഞാന്‍ തന്നെയാണ. സ്ത്രീ വേഷം കെട്ടിയ എന്റെ രൂപം.

ഞാന്‍ എങ്ങനെ ഈ വേഷത്തില്‍ അവസാനിച്ചു എന്നവളോട് ചോദിച്ചറിയാന്‍ ഞാന്‍ അവളുടെ നേര്‍ക്ക് ഓടിയടുത്തു. ഓട്ടത്തിന് അവസാനം അവളുടെ പക്കലെത്തിയ ഞാന്‍ ഒരു കാറ്റുപോലെ അവള്‍ അറിയാതെ അവളുടെ ശരീരത്തിലേക്ക് ലയിച്ചു ചേര്‍ന്നു.

ആ നിമിഷത്തില്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സ്റ്റേഷനില്‍ വന്ന് ഇറങ്ങിയ അവളുടെ വെറും ഓര്‍മ്മ മാത്രമാണ് ഞാനെന്ന യാഥാര്‍ഥ്യം ഞാന്‍ മനസ്സിലാക്കി. ഭൂതകാലത്തിലെ വെറുമൊരു ഓര്‍മ്മ.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...