Asianet News MalayalamAsianet News Malayalam

മഴപ്പാറ്റകളോടൊപ്പം  മൂന്ന് രാത്രികള്‍,  ശ്രീദീപ് ചേന്നമംഗലം എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്രീദീപ് ചേന്നമംഗലം എഴുതിയ കഥ

chilla  malayalam short story by Sreedeep Chennamangalam
Author
Thiruvananthapuram, First Published Mar 30, 2021, 6:29 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla  malayalam short story by Sreedeep Chennamangalam

 

മൂന്നാം രാത്രി

ഇന്നും വരാന്തയില്‍ മഴപ്പാറ്റകളുണ്ട്. അവയ്ക്ക് കൂടുതല്‍ ഊര്‍ജം കിട്ടിയ പോലെ! തിമിര്‍ത്തു പറക്കുകയാണ് എല്ലാം. വട്ടമിട്ടു പറക്കുന്ന പ്രാണികളെ നോക്കി ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു.

എഴുതിക്കൊണ്ടിരുന്ന കടലാസില്‍ ഞാന്‍ ഒന്നു കണ്ണോടിച്ചു. അഞ്ചോ ആറോ വാക്കുകള്‍ മാത്രം. എത്ര നേരമായി ഇവിടെ ഇരിക്കുന്നു? ഒരു മണിക്കൂര്‍, രണ്ട് മണിക്കൂര്‍ - അറിയില്ല. കടലാസിലെ വാക്കുകളുടെ എണ്ണം നോക്കി എഴുതാനിരുന്ന സമയത്തിന്റെ ദൈര്‍ഘ്യം അളക്കുന്നത് എന്ത് വിഡ്ഢിത്തമാണെന്ന ഭാവത്തില്‍ ആ ഈയാംപാറ്റകളെ നോക്കി. അതിലൊരെണ്ണം എന്റെ വിചാരങ്ങള്‍ ശരിയാണെന്ന മട്ടില്‍ തൊട്ടടുത്ത് വന്ന് തിരികെ പറന്നു.

'ഇനി നിങ്ങള് പറ എന്താ എഴുതേണ്ടത്?' ഞാന്‍ ചോദിച്ചു.

അവയില്‍ ചിലത് ചിറകറ്റ് വീണതല്ലാതെ മറുപടിയൊന്നും കിട്ടിയില്ല. പക്ഷെ അത് എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ സൃഷ്ടിച്ചു. ഒരു ചെറിയ ചിരിയോടെ കടലാസില്‍ വീണ്ടും എഴുതി. അത് കഴിഞ്ഞ് നന്ദിയുടെ ഭാവത്തില്‍ ആ മിണ്ടാപ്രാണികളെ നോക്കി. എഴുതാന്‍ ഇനിയും പ്രചോദനം തരൂ എന്ന് നിശ്ശബ്ദം കേഴുകയും ചെയ്തു.

ഈ രാത്രിക്ക് എന്തോ വശ്യതയുണ്ട്. എല്ലാ രാത്രികള്‍ക്കുമുണ്ട്, ഞാന്‍ സ്വയം തിരുത്തി. പക്ഷെ, ഈ രാത്രിക്ക് പതിന്മടങ്ങാണ് കാന്തികശക്തി! എങ്ങോട്ടോ ക്ഷണിക്കുന്നത് പോലെ. ഇന്നത്തെ മഴപ്പാറ്റകള്‍ ചിലപ്പോള്‍ എന്റെ നിശ്ചയദാര്‍ഢ്യം കൂട്ടാന്‍ രാത്രിയുടെ ക്ഷണദൂതുമായി വന്നതായിരിക്കും!

ഫോണില്‍ തുരുതുരാ സന്ദേശങ്ങളാണ്. അത് ഗൗനിച്ചില്ല. സന്ദേശങ്ങളില്‍ പകുതിയും ആവശ്യമില്ലാത്ത കൂട്ടായ്മകളില്‍ നിന്നാണ്. സൗഹൃദം എന്ന പേര് എല്ലാത്തിലും ഉണ്ടെങ്കിലും ഒരു തരിമ്പ് പോലും അനുഭവപ്പെടാത്ത സാഹചര്യം. പിന്നെ കുടുംബം. അവിടെയും കിടമത്സരങ്ങള്‍. ഒരാളെ അയാളായി കാണാതെ കുറ്റം പറയാന്‍ മാത്രം ലാക്കാക്കിക്കൊണ്ടുള്ള പരിദേവനങ്ങള്‍. പൊള്ളയായ ഉള്ള് കാണിക്കാന്‍ എല്ലാവര്‍ക്കും അത്യുത്സാഹം ആണ്. ആത്മാര്‍ത്ഥതയുള്ള ആളുകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഞാന്‍ ആരാണെന്ന് തിരിച്ചറിഞ്ഞ ഈ ദിവസങ്ങളില്‍ എനിക്ക് ഫോണിന്റെ യാതൊരു ആവശ്യവുമില്ല.

പകുതിയിലേറെ വീണിട്ടും ബാക്കിയുള്ള മഴപ്പാറ്റകള്‍ എന്തോ ഉന്മാദത്തിലാണ്. അവയ്ക്ക് എന്നോട് എന്തോ പറയാനുള്ളത് പോലെ. എന്താണെന്നൊട്ട് മനസ്സിലാകുന്നുമില്ല. ഈ രാത്രി പക്ഷെ നിര്‍ണായകമാകും എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.

കടലാസ്സും പേനയും ഒതുക്കിവെച്ച് ഞാന്‍ എഴുന്നേറ്റു. എന്നിട്ടു ചുറ്റും കണ്ണോടിച്ചു. ഇരുട്ട് മാത്രം. അധികം ദൂരെയല്ലാത്തൊരിടത്തു നിന്ന് ഒരു ഓട്ടോറിക്ഷയുടെ ശബ്ദം. ആരോ ഇന്നത്തെ ഓട്ടം തീര്‍ത്തു വീട്ടിലേക്കു മടങ്ങുകയാവും. ശബ്ദം മെല്ലെ ഇല്ലാതായി തീരുമ്പോള്‍ പതുക്കെ കണ്ണുകളടച്ചു. നിശ്ശബ്ദമായ രാത്രിയെ നെഞ്ചിലേറ്റുന്നത് പോലെ നിന്നു. നാളുകള്‍ക്കു ശേഷം ചെറിയൊരു സമാധാനത്തരി എന്നെ പൊതിഞ്ഞു. അതില്‍ നില്‍ക്കാന്‍ പറ്റുന്ന സമയമത്രയും നിന്നു. മെല്ലെ,  പക്ഷെ ഒരു നിയോഗം പോലെ, ചില ശല്യങ്ങള്‍ ആ സമാധാനത്തെ അപഹരിച്ചു. എന്റെ നില്‍പ്പിന്റെ ദൃഢത നഷ്ടമായി. വീണ്ടും കസേരയിലിരുന്ന് മഴപ്പാറ്റകളെ നോക്കി. പേനയെടുത്ത് കടലാസ്സില്‍ കുറച്ച് കുത്തിക്കുറിച്ചു.

ഇരുട്ട് കനക്കുന്തോറും ആ പ്രാണികളുടെ എണ്ണം കുറഞ്ഞു. പക്ഷെ അവരുടെ അതീന്ദ്രിയ സന്ദേശം ആകാശത്ത് തങ്ങി നിന്നു. അതെന്ത് എന്ന് മനസ്സിലാക്കാനാവാതെ എഴുത്ത് തുടര്‍ന്നു. ഒരു ഘട്ടം എത്തിയപ്പോള്‍ ഇതു വരെ എഴുതിയത് വായിച്ചു നോക്കി. തരക്കേടില്ല. വായിക്കുന്നവര്‍ക്ക് മനസ്സിലാവും. എങ്കിലും ഒരു അപൂര്‍ണ്ണതയുണ്ട്. അത് മാറ്റണം. പേന മുമ്പോട്ടു ചലിപ്പിക്കാതെ കുറച്ച് നേരം ഇരുന്നു.

ആ രാത്രിയിലെ ഏറ്റവും മനം മടുപ്പിക്കുന്ന ഇരിപ്പായിരുന്നു അത്. പൊടുന്നനെ, തുരുമ്പു പിടിച്ച ചിന്തകളില്‍ നിന്ന് പേനയ്ക്ക് മഷി വലിക്കാന്‍ പറ്റാതെയായി. ഇടയ്ക്ക് എന്റെ കണ്ണുകള്‍ അടയുകയും ചെയ്തു. മടിയില്‍ നിന്ന് പേന നിലത്തു വീണപ്പോഴാണ് പിന്നെ ഉണര്‍ന്നത്. എഴുതിയത് വീണ്ടും വായിച്ചു. എന്നിട്ട് അകത്തു പോയി ഒരു കവിള്‍ വെള്ളം കുടിച്ചു. വീടിനകത്തുള്ള ചത്ത അന്തരീക്ഷം എനിക്ക് വെറുത്തു.

തിരികെ വരാന്തയില്‍ വരുമ്പോള്‍ മഴപ്പാറ്റകളുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു. പക്ഷെ ഉളളവ തന്നെ ധാരാളമായിരുന്നു. എഴുതിത്തീര്‍ക്കേണ്ടത് എന്റെ ആവശ്യമായത് കൊണ്ട് കുറച്ചു നേരം കൂടി എഴുതി, പിന്നെ നോക്കിത്തിരുത്തി - അങ്ങനെ മുമ്പോട്ടു പോയി. ഒടുവില്‍ പൂര്‍ണ്ണതയെത്തിയെന്ന് തിരിച്ചറിഞ്ഞ് പേന കടലാസ്സിന്റെ മുകളില്‍ ഒതുക്കിവെച്ച് ദീര്‍ഘമായി ശ്വസിച്ചു.

രാത്രിയുടെ ആകര്‍ഷണീയത ഒട്ടും കുറഞ്ഞിരുന്നില്ല അപ്പോഴും. എന്റെ മനസ്സില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് രാത്രിയില്‍ നിന്നൊരു അസന്ദിഗ്ധമായ ഉത്തരം കിട്ടിയില്ലെങ്കില്‍ക്കൂടി കഴിഞ്ഞ ദിവസം എഴുതിത്തുടങ്ങിയത് ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷം അനുഭവപ്പെട്ടു. അത് എന്നെ ചെറുതായി സമാധാനിപ്പിച്ചു.

ഇനി തീരുമാനം നടപ്പിലാക്കണം. ഇരിപ്പില്‍ നിന്ന് എഴുന്നേറ്റ് ഞാന്‍ വീണ്ടും അകത്തു പോയി. കിടപ്പുമുറിയിലെ ലൈറ്റ് ഇട്ടു. മുറിയുടെ ഒരു മൂലയിലെ മേശവലിപ്പ് തുറന്ന് ഒരു ചെറിയ കവര്‍ എടുത്തു. അതിലുണ്ടായിരുന്ന കുറച്ചു കാശ് എണ്ണിയെടുത്തു കവര്‍ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. അലമാരിയിലെ കണ്ണാടിയില്‍ എന്നെത്തന്നെ സൂക്ഷിച്ചു നോക്കി. കുറെ നേരം ഇരുന്ന് എഴുതിയതിന്റെയും കഴിഞ്ഞ ദിവസങ്ങളിലെ ശുഷ്‌കമായ ഉറക്കത്തിന്റെയും ക്ഷീണം കണ്ണുകളില്‍. അലങ്കോലമായ മുടി ഒന്ന് ഒതുക്കിവച്ചു. കൈയിലണിഞ്ഞിരുന്ന വളകളില്‍ കരിവളകള്‍ ഒഴികെ ബാക്കിയെല്ലാം അലമാരിയില്‍ ഒരു ചെറിയ പെട്ടിയില്‍ നിക്ഷേപിച്ചു. മുറി ഒന്ന് ഓടിച്ചു നോക്കി, ലൈറ്റ് അണച്ച് പുറത്തേക്കു നടന്നു. വരാന്തയില്‍ തിരികെയെത്തി എഴുതിയ കടലാസ്സ് കൈയിലെടുത്തു. എന്നിട്ട് ആരോടെന്നില്ലാതെ ഉറക്കെ വായിച്ചു:

'ഞാന്‍ ഗംഗശാലയിലേക്ക് മടങ്ങുകയാണ്. കിശോരിയായി. അവിടുത്തെ തണുത്ത പ്രഭാതങ്ങളും മഞ്ഞില്‍പ്പുതച്ച ചെടികളില്‍ മെല്ലെച്ചവിട്ടി നടക്കുന്നതുമൊക്കെ എനിക്ക് ഒരുപാട് പ്രിയമുള്ള കാര്യങ്ങളാണ്. അതൊക്കെ നഷ്ടപ്പെടുന്നത് വല്ലാത്ത ഒരു നോവും. കുളക്കടവിനടുത്തുള്ള വീതി കുറഞ്ഞ ഇടവഴിയിലൂടെ നടന്നു ചെല്ലുമ്പോള്‍ എത്തുന്നത് ആ നാട്ടിലെ ഏറ്റവും വലിയ മരത്തിലേക്കാണ്. ആ ഗുല്‍മോഹര്‍ മരത്തിന്റെ ചുവട്ടില്‍ നിന്ന് ചുവന്ന പൂക്കള്‍ നോക്കിക്കാണുന്നത് ഈ ലോകത്തെ ഏറ്റവും ഭംഗിയുള്ള കാഴ്ചയാണ്! ചില സ്ഥലങ്ങളില്‍ ഒട്ടും വേവലാതിയോ വെപ്രാളമോ തോന്നാതെ, മനസ്സ് തികച്ചും ശാന്തമായി നില്‍ക്കുന്നു എന്ന് തോന്നിയിട്ടുണ്ടോ? അത്തരം ഒരു സ്ഥലമാണ് ഗംഗശാല. ഞാന്‍ തന്നെ അത് മുഴുവന്‍ കണ്ടിട്ടില്ല; എങ്കിലും അവിടെയാണ് എന്റെ ജീവന്‍ തുടിക്കുന്നത്. എന്നെത്തേടി, എനിക്ക് വേണ്ടി ഒരുപാട് സ്ഥലങ്ങള്‍ ഉണ്ടവിടെ.

'ഞാനെങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്നെനിക്ക് അറിയില്ല. പക്ഷെ നിങ്ങള്‍ എന്നെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നതാണ് എന്ന് മനസ്സ് പറയുന്നു. എന്തിനായിരുന്നു? കിശോരിയെ കാത്ത് അവിടെ ഒരാളുണ്ട്. എന്നെ നിങ്ങള്‍ പറിച്ചു നട്ടത് കൊണ്ട് അയാള്‍ ഇല്ലാതാകില്ല. കഴിഞ്ഞ കുറെ മാസങ്ങളായി ഞാന്‍ ഏകയാണ്. ആകെ കിട്ടിയ കൂട്ട് കഴിഞ്ഞ മൂന്ന് രാത്രികളായി കാണുന്ന മഴപ്പാറ്റകളാണ്. നിങ്ങള്‍ക്ക് എന്നോട് എന്തു തരം ഇഷ്ടമാണെന്നറിയില്ല. പക്ഷെ എനിക്ക് വേണ്ടി അവിടെ കാത്തിരിക്കുന്ന കാമുകനെ മറക്കാന്‍ പറ്റില്ല. നിങ്ങള്‍ക്കറിയില്ലേ ഇഷ്ടം പിടിച്ചുവാങ്ങാനോ പറിച്ചുനടാനോ പറ്റില്ലെന്ന്? ഇവിടെയുള്ള ഓരോ നിമിഷവും എന്റെ മനസ്സ് ഗംഗശാലയിലാണ്. ആകാശത്തു കാണുന്ന നക്ഷത്രങ്ങളിലൊന്നില്‍ അവിടേക്ക് തിരികെ ചെല്ലുന്നത് കിനാവ് കാണാറുണ്ട്. നിങ്ങളുടെ ദുഷ്ടതയ്ക്ക് പ്രണയം എന്ന് പേരിട്ടു വിളിക്കുന്നത് ആ വാക്കിനോടുള്ള കൊടും ചതിയാണ്.

'രണ്ട് ദിവസമായി ഇറങ്ങിപ്പോകുന്നതിനെ പറ്റി ആലോചിക്കുന്നു. മനസ്സ് ഒരുക്കം പൂര്‍ത്തിയാക്കിയത് ഇന്നാണ്. എന്റെ ജീവിതം ഗംഗശാലയിലാണ്; നിങ്ങളുടെ കൂടെയല്ല. കിശോരിയെ നിങ്ങള്‍ക്ക് തോന്നിയ പേരിട്ടു; എന്റെ ഇഷ്ടങ്ങള്‍ നുള്ളിക്കളയാന്‍ ശ്രമിച്ചു. നിങ്ങള്‍ക്ക് ഒരിക്കലും എന്റെ കാമുകനെപ്പോലെയാവാന്‍ കഴിയില്ല. ആ മനുഷ്യന്‍ എന്റെ കണ്ണുകളില്‍ നോക്കുന്ന പോലെയല്ല നിങ്ങള്‍ എന്നെ നോക്കുന്നത്; ഗംഗശാലയിലെ കുളക്കടവില്‍ ഇരുന്ന് അയാള്‍ എഴുതിയ, പാടിയ, പ്രണയമൊന്നും നിങ്ങള്‍ എന്നോട് പാടിയിട്ടില്ല, പറഞ്ഞിട്ടില്ല. എന്റെ കാമുകനോളം ആരുമില്ല; ആരും ഉണ്ടാവുകയുമില്ല.

'നിങ്ങള്‍ എനിക്ക് തന്ന വളകളൊക്കെ ഊരി അലമാരിയില്‍ വച്ചിട്ടുണ്ട്. എനിക്ക് തന്ന രണ്ടു മാലകള്‍ നിങ്ങളുടെ അമ്മയും ചേച്ചിയും കൈക്കലാക്കിയെന്ന് നിങ്ങള്‍ക്കറിയാം. ഞാന്‍ ഇവിടെ നിന്ന് കൊണ്ടുപോകുന്നത് ഒരല്‍പ്പം കാശാണ്. എനിക്ക് തിരികെ ഗംഗശാലയിലേക്ക് എത്താന്‍ എത്ര പണം വേണമെന്ന് നിശ്ചയമില്ല; എങ്കിലും മനസ്സ് പറഞ്ഞ ഒരു തുക എടുത്തിട്ടുണ്ട്. എന്നെ അന്വേഷിച്ച് നിങ്ങള്‍ ഗംഗശാലയില്‍ വരരുത്. വന്നാല്‍ ഒരുപക്ഷെ അവിടെയുള്ള പഴയ കൊട്ടാരത്തിനടുത്തുള്ള ചുടലക്കാട്ടില്‍ നിന്ന് ഉയരുന്ന പുകയ്ക്ക് എന്റെ മാംസത്തിന്റെ മണമുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയും!'

ഉറക്കെ വായിച്ചു കഴിഞ്ഞപ്പോള്‍ എഴുതിയതിനോട് കൂടുതല്‍ മതിപ്പ് വന്നു. കടലാസ് വൃത്തിയായി മടക്കി മുന്‍വശത്തെ മുറിയിലെ മേശപ്പുറത്ത് വച്ചു. മഴപ്പാറ്റകളില്‍ അവസാനം വന്ന രണ്ടെണ്ണത്തിനെ നോക്കിച്ചിരിച്ച് ഇരുട്ടിലേക്ക് നടന്നു. പുറകോട്ടു നോക്കാതെ. അല്ല, പുറകിലേക്ക് നോക്കിയാല്‍ ലക്ഷ്യം പതറിപ്പോകും എന്ന് ഭയന്ന്. ഇരുട്ടിന്റെ വശ്യതയില്‍ ലയിച്ച് അത് നയിക്കുന്ന വഴി പോകാനായിരുന്നു എന്റെ തീരുമാനം.

 

രണ്ടാം രാത്രി

വരാന്തയിലെ തറയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. അലക്ഷ്യമായി ഓരോന്ന് നോക്കുന്നതിനിടയിലാണ് മഴപ്പാറ്റകളെത്തിയത്.

'ആഹാ, നിങ്ങളിന്നും വന്നോ?'

അല്‍പനേരം തറയിലെ തണുപ്പ് പറ്റി അവിടെ കിടന്നു. വെറും തറയിലെ തണുപ്പും എന്തൊരു ആശ്വാസമാണ് ഇന്ന്! ചുറ്റും പറക്കുന്ന, ആയുസ്സ് കുറഞ്ഞ പ്രാണികള്‍ ഒരു ഇന്ദ്രജാലം പോലെ എന്റെ ചിന്തകളെ വേറെയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്റെ കണ്ണുകള്‍ കരഞ്ഞു ചുവന്നിരുന്നു. ദാവണിത്തുമ്പ് ചൂണ്ടുവിരലില്‍ കോര്‍ത്ത് ചിന്തകളെ മേയാന്‍ വിടും; അത്യധികം വിഷമം അനുഭവപ്പെടുമ്പോള്‍ തുണിയുടെ തുമ്പ് വിരലില്‍ കൂടുതല്‍ ശക്തിയായി ചുറ്റിമുറുക്കും; അതിന്റെ വേദനയില്‍ കണ്ണുകള്‍ നിറയും; പിന്നെ കാണുന്നത് തിളങ്ങുന്ന മഴപ്പാറ്റകളാണ്; വീണ്ടും വിരലിലെ സമ്മര്‍ദ്ദം അയച്ച് ചിന്തകള്‍ക്ക് അവധി കൊടുക്കും;  ഒരു ചാക്രിക പ്രക്രിയയായി അത് തുടര്‍ന്നു.

അയാള്‍ പറഞ്ഞത് പോലെ എനിക്ക് ഭ്രാന്താണോ? ഞാന്‍ കിശോരിയല്ല, വേറെയാരോ ആണെന്നാണ് അയാള്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നത്. കള്ളം പറയുമ്പോള്‍ അയാളുടെ സ്വരത്തിലെ വ്യത്യാസം എനിക്കറിയാന്‍ കഴിയും. അത് കൊണ്ട് തന്നെ അയാളുടെ ഉറപ്പ് എന്നെ ഞെട്ടിച്ചു കളഞ്ഞിരുന്നു. പക്ഷെ ഞാനെങ്ങനെ അയാള്‍ പറയുന്ന ആളാകും? ഇവിടെ ഉള്ളവരൊക്കെ എന്നെ വേറൊരു പേര് വിളിക്കുന്നു. എന്താണിങ്ങനെ?

തറയിലെ തണുപ്പിനോട് കൂടുതല്‍ ചേര്‍ന്ന് കിടന്നപ്പോള്‍ എന്റെ കണ്ണില്‍ നിന്ന് കുറച്ചു കണ്ണീര്‍ നിലത്തു വീണു. ഇന്നലെയും ഇന്നുമായി എത്ര പ്രാവശ്യം അയാളോട് പറഞ്ഞതാണ് എന്നെപ്പറ്റി! ഗംഗശാലയിലെ അപൂര്‍വമായ കരിവളകള്‍ വരെ അയാളെ കാണിച്ചു. എന്നിട്ടും അയാള്‍ക്കും അമ്മയ്ക്കും അയാളുടെ ചേച്ചിക്കും വിശ്വാസമായില്ല. കഴിഞ്ഞ മാസം അമ്പലത്തിലെ ഉത്സവത്തിന് മേടിച്ചതാണെന്ന് അവര്‍ ആണയിടുന്നു. ഗംഗശാലയിലെ കരിവളകള്‍ ഈ നാട്ടില്‍ ഒരിക്കലും എത്തില്ല. ഈ വളയുടെ കറുപ്പിന് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചു. എനിക്ക് ഭ്രാന്താണെന്ന് മാത്രം അവര്‍ ഇടയ്ക്കിടെ ഉരുവിട്ടു.

മഴപ്പാറ്റകള്‍ ഇപ്പോള്‍ ഒരു പ്രത്യേക ക്രമത്തില്‍ പറക്കുന്നത് പോലെ എനിക്ക് തോന്നി. ഇവരും എന്നെപ്പോലെ ഏതെങ്കിലും നാട്ടില്‍ നിന്ന് ഇവിടെ എത്തിയതാവുമോ? ഗംഗശാലയുടെ ഛായ ഉണ്ട് ഇവയ്ക്ക്. അവരെന്തോ എന്നോട് പറയുന്നുമുണ്ട്. എന്താണെന്ന് പക്ഷെ ഒരു പിടിയും കിട്ടുന്നില്ല.

അയാളും അമ്മയും ചേച്ചിയും ഒരു കല്യാണത്തിന് പോയിരിക്കുകയാണ്. നാലഞ്ചു ദിവസം കഴിഞ്ഞേ വരൂ! ഈ ഭ്രാന്തിയെ കൊണ്ടുപോകേണ്ട എന്ന് പറഞ്ഞത് അയാളുടെ അമ്മ തന്നെയാണ്. കിശോരിയെപ്പറ്റി അവര്‍ക്കൊക്കെ എന്തറിയാം?

ഇവിടെ നിന്നും രക്ഷപ്പെടണം. ഗംഗശാലയിലേക്ക് മടങ്ങണം. പക്ഷെ എങ്ങനെ എന്ന ചോദ്യത്തിന് മാത്രം എനിക്ക് ഉത്തരം ലഭിച്ചില്ല. ഒരുപാട് ദൂരെയാണ് ഗംഗശാല എന്ന് മാത്രം അറിയാം. അവിടെ ഈ സമയത്ത് പാവക്കൂത്ത് ഉണ്ടാകും. അതൊക്കെ ഇപ്പോള്‍ ഒരു നഷ്ടം പോലെ. എത്ര ആലോചിച്ചിട്ടും ഗംഗശാലയിലേക്കുള്ള വഴി ഓര്‍മ്മ വരുന്നില്ല. എന്നാല്‍ അവിടുത്തെ പഴയ കൊട്ടാരവും കുളക്കടവും അവിടെ ഞാനും കൂട്ടുകാരികളും ചിലവഴിച്ച സമയവുമൊക്കെ ഓര്‍മ്മയുണ്ട് താനും. സാരമില്ല, ഇവിടെ നിന്ന് ഇറങ്ങിക്കിട്ടിയാല്‍ വഴി തനിയെ ഓര്‍മ്മ വരും, ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

'നിങ്ങള്‍ എന്നോട് എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത്?' മഴപ്പാറ്റകളോട് ഞാന്‍ ചോദിച്ചു. അത് കഴിഞ്ഞപ്പോള്‍ തോന്നി ചോദിക്കേണ്ടായിരുന്നു എന്ന്. അവര്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയാതെ അവരോട് തന്നെ ചോദിച്ചതില്‍ എനിക്ക് വിഷമമായി. എങ്കിലും അവര്‍ തരുന്ന ഈ കൂട്ടിന് സന്തോഷവും തോന്നി. അകത്ത് പോയി ഒരു കടലാസ്സും പേനയും എടുത്തുകൊണ്ടു വന്നു. ശേഷം വരാന്തയിലെ കസേരയില്‍ ഇരുന്ന് എഴുതാനായി പേന ചലിപ്പിച്ചു. രാത്രി വൈകുവോളം ഇരുന്നെങ്കിലും വളരെക്കുറച്ച് മാത്രമേ എഴുതാന്‍ കഴിഞ്ഞുളളൂ.

 

ഒന്നാം രാത്രി

സന്ധ്യക്ക് പുറത്തു പോയി മടങ്ങുമ്പോഴാണ് എന്റെ മനസ്സില്‍ എന്തോ ഇളകിയ പോലെ അനുഭവപ്പെട്ടത്. ഒരു പ്രത്യേകതരം അസ്വസ്ഥത ഉടലെടുത്തിരുന്നു. മുഷിപ്പിക്കുന്ന, ദേഷ്യം പിടിപ്പിക്കുന്ന അസ്വസ്ഥതയല്ല; മറിച്ച്, വിവരണാതീതമായ ഏതോ ചിന്തകള്‍ എന്റെ മനസ്സില്‍ കൂടി കടന്നുപോയി. വീട്ടിലേക്ക് കാലെടുത്ത് വച്ചപ്പോള്‍ കൂട്ടംകൂടിയെത്തിയ മഴപ്പാറ്റകള്‍ ഒരേസമയം ഭംഗിയുളളതായും എന്റെ അസ്വസ്ഥതയുടെ തോത് കൂട്ടുന്നതായും തോന്നി.

മുറിയില്‍ എത്തിയപ്പോള്‍ പെട്ടെന്നാണ് ഗംഗശാല ഒരു വലിയ തിര പോലെ എന്നെ അതിന്റെ നനഞ്ഞ ഉപ്പിലേക്ക് പൊതിഞ്ഞത്. തിരിച്ചറിവിന്റെ നിമിഷങ്ങള്‍. ഞാന്‍ ആരെന്ന തിരിച്ചറിവ്!

പെട്ടെന്ന് തന്നെ വീടിന്റെ മുന്‍വശത്ത് വന്ന് ഞാന്‍ അയാളോട് പറഞ്ഞു:

'എനിക്ക് തിരിച്ച് ഗംഗശാലയിലേക്ക് പോകണം. ഞാന്‍ അവിടുത്തെ കിശോരിയാണ്!'

അയാള്‍ ഒന്ന് ഞെട്ടി. 'നീ എന്താ ഈ പുലമ്പുന്നത്?'

'പുലമ്പലല്ല; ഞാന്‍ കിശോരിയാണ്. ഗംഗശാലയിലെ കിശോരി. ഇതല്ല എന്റെ സ്ഥലം!'

'വിഡ്ഢിത്തം പറയാതെ! ഗംഗശാലയോ? കിശോരിയോ?'

അവരുടെ വര്‍ത്തമാനത്തിന്റെ ഒച്ച കൂടിയപ്പോള്‍ അകത്ത് നിന്ന് അയാളുടെ അമ്മയും ചേച്ചിയും വന്നു.

'ഇവള്‍ എന്തൊക്കെയോ...ഭ്രാന്ത് പറയുന്നു. എവിടെത്തെയോ കിശോരിയാണെന്നൊക്കെയാണ്...ഇവള്‍ പറയുന്നത്.' അയാള്‍ അമ്മയോടും ചേച്ചിയോടും പറഞ്ഞു.

അയാളോട് കുറച്ചു മുമ്പ് പറഞ്ഞതൊക്കെ അവരോടും ആവര്‍ത്തിച്ചു.

'നിനക്ക് എന്ത് പറ്റി? വട്ടായോ?' ചേച്ചിയാണ് ചോദിച്ചത്.

'അല്ല, നിങ്ങള്‍ക്ക് എന്നെപ്പറ്റി ഒന്നും അറിയില്ല; ഞാന്‍ കിശോരി തന്നെയാണ്!'

'ഇവള്‍ക്ക് എന്തോ പറ്റിയിട്ടുണ്ടല്ലോ. ഇന്ന് വൈകുന്നേരം മുതല്‍ എന്തൊക്കെയോ മാറ്റങ്ങളുണ്ട് ഇവള്‍ക്ക്.' അമ്മയാണ് പറഞ്ഞത്.

'ദയവ് ചെയ്ത് ഞാന്‍ പറയുന്നത് വിശ്വസിക്കണം.'

'മിണ്ടിപ്പോകരുത്!' അയാള്‍ ഗര്‍ജ്ജിച്ചു.

ഞാന്‍ പോയത് വരാന്തയിലേക്കാണ്. അവിടെ നിന്ന് മുറ്റത്തേക്കും ഇറങ്ങി. ഇതെന്താണ് ഞാന്‍ പറയുന്നതൊന്നും ആരും വിശ്വസിക്കാത്തത്? സത്യം പറഞ്ഞാല്‍ ഇങ്ങനെ ആരെങ്കിലും അവിശ്വസിക്കുമോ?

കുറെ നാളായി അനുഭവപ്പെട്ടിരുന്ന ഒറ്റപ്പെടല്‍ എന്നെ പൂര്‍വാധികം അലട്ടി. ആകെയുള്ളത് ഇരുട്ടും കുറെ പ്രാണികളും. സന്ധ്യക്ക് അവയെ കണ്ടപ്പോള്‍ തോന്നിയ അതേ ഭംഗി ഇപ്പോഴും എനിക്ക് അനുഭവപ്പെട്ടു.

'ഞാന്‍ കിശോരിയല്ലേ? നിങ്ങള്‍ തന്നെ പറയൂ.'

കുറെയധികം മഴപ്പാറ്റകള്‍ കൂടി എവിടെ നിന്നോ പറന്നെത്തി. ഒരു ചടുലനൃത്തം അവിടെ അരങ്ങേറി. ആ നൃത്തം കണ്ടുകൊണ്ട് ഞാന്‍ കിശോരിയാണെന്ന് ഉരുവിട്ട് കൊണ്ടിരുന്നു. ആ രാത്രി മുഴുവന്‍; അവസാനത്തെ മഴപ്പാറ്റയും കൊഴിയുന്നതു വരെ.

 

Follow Us:
Download App:
  • android
  • ios