Asianet News MalayalamAsianet News Malayalam
breaking news image

Malayalam Short Story: കൂടോത്രക്കാരന്‍, സുബിന്‍ അയ്യമ്പുഴ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുബിന്‍ അയ്യമ്പുഴ എഴുതിയ ചെറുകഥ

chilla Malayalam short story by Subin Ayyambuzha
Author
First Published Jul 4, 2024, 6:30 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam short story by Subin Ayyambuzha


കൂടോത്രക്കാരന്‍

വേലായുധന്‍ പറഞ്ഞതുപോലെ, കൂടോത്രക്കാരന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിറയെ പാമ്പുകള്‍ ആയിരുന്നു. അവ മരത്തിന്റെ താഴ്ന്ന ചില്ലകളിലും വേലികള്‍ക്കിടയിലും മണ്‍പ്പൊത്തുകളിലും കാവല്‍ നിന്നു. 

ഭയം പുറത്തുകാണിക്കാതെ ഗോപിയും നരേന്ദ്രനും നേരെ നടന്നു. ആദ്യമായാണ് കൂടോത്രക്കാരനെ നേരില്‍ കാണുവാന്‍ പോവുന്നത്. കൂട്ടത്തില്‍ ശങ്കരന്‍ ചേട്ടനും അയാളുടെ അപസ്മാരം പിടിച്ച മകനും മാത്രമാണ് അയാളെ കണ്ടിട്ടുള്ളത്. പിന്നെ അയാള്‍ ജ്വലിച്ചുനിന്നിരുന്നത് കുന്നിന് താഴത്തെ ചെറിയ മനുഷ്യര്‍ക്കിടയിലാണ്. അവരുടെ ആഘോഷങ്ങളിലെല്ലാം അയാള്‍ പങ്കെടുക്കുമായിരുന്നു. രാത്രികളില്‍ നിശബ്ദനായ സഞ്ചാരിയായിരുന്നു അയാള്‍. 

ഗോപിയുടെ സങ്കല്‍പത്തിന് വിപരീതമായിരുന്നു യഥാര്‍ത്ഥത്തില്‍ കൂടോത്രക്കാരന്‍. വീട്ടുമുറ്റത്തിരുന്ന അയാളെ കണ്ടതും ഗോപിയും നരേന്ദ്രനും അറിയാതെ വാപൊത്തി. കറുത്തവനല്ല. വെളുത്ത് സുന്ദരനാണ്. വൃത്തിയുള്ള ഒരു വെളുത്ത മുണ്ടുമാത്രമാണ് വേഷം. നീണ്ട ചുരുണ്ട മുടികള്‍ കാറ്റില്‍ പാറിക്കിടക്കുന്നു.

'കണ്ടാല്‍ പറയില്ല കാട്ടുജാതിയാണെന്ന്.'

നരേന്ദ്രന്‍ സ്വരം താഴ്ത്തി പറഞ്ഞു. ഗോപി മറുപടി പറയാന്‍ മറന്നു. 

'ഈ ലോകത്ത് ചില കഴുവേറികള്‍ അങ്ങനെയാണ്. ഒരാളെ കണ്ടമാത്രയില്‍ ജാതി കണ്ടെത്താന്‍ ശ്രമിക്കും. സത്യത്തില്‍ അത് സാധ്യമാണോ? കറുത്തവരൊക്കെ എങ്ങനെയാണ് താഴ്ന്ന ജാതിയാവുന്നത്? ഒരു കാര്യം ഉറപ്പിക്കാം..'

'ഭൂമിയിലെ ചില കഴുവേറികളില്‍ ഒന്ന് നരേന്ദ്രന്‍ ആണ്.'

2

വീട്ടുവളപ്പിലേക്ക് കയറിയതും കൂടോത്രക്കാരന്‍ ചൂണ്ടുവിരല്‍ ക്രിയ പ്രയോഗിച്ചു. ഇരുവരും അറിയാതെ നാലടി പിന്നോട്ടുവച്ചുപോയി. 

'ഇവിടേക്കൊള്ള വഴിയാരാ പറഞ്ഞു തന്നെ?'

-ശങ്കരന്‍ ചേട്ടന്‍!

'മ്മ് ..എന്താ കാര്യം?'

-ഒരാള്‍ക്ക് ശിക്ഷ കൊടുക്കണം.

കൂടോത്രക്കാരന്‍ പൊട്ടിച്ചിരിച്ചു. പാക്കനാര്‍ മല കടന്ന് വടക്ക് രാമക്ഷേത്രത്തിന്റെ ഭിത്തിയില്‍ ആ ചിരി ഇടിമിന്നലിന്റെ അസ്ത്രങ്ങള്‍ പായിച്ചു.

'നിന്റെ പേരെന്താ?'

-ഗോപി .

'എവിടുന്നാ?'

-ഇവിടെ അടുത്തുന്നാ... ഭഗവാന്‍ മഠത്തിലെ!

'ഓ മനസിലായി .അശോകന്റെ മകന്‍, അല്ലേ?'

-അല്ല. അശോകന്റെ അനിയന്‍ കാര്‍ത്തികേയന്റെ മകനാണ്.

'ശിക്ഷ കൊടുക്കണ പണി അധികമില്ല ഇപ്പോള്‍..'

'അങ്ങനെ പറയരുത്. നിവൃത്തിയില്ലാഞ്ഞിട്ടാണ്'-ഗോപിയുടെ കണ്ണുകള്‍ അറിയാതെ നനഞ്ഞു.

'മ്മ് . തെറ്റ് എന്താണെന്ന് പറഞ്ഞാല്‍ ...അതെനിക്ക് ബോധ്യമായാല്‍ ശ്രമിക്കാം. എനിക്ക് കൂടെ തോന്നണം.'

-ഉവ്വ്. ഗോപി തലകുലുക്കി.

കൂടോത്രക്കാരന്‍ ഇടതുചെവിയില്‍ രഹസ്യമായി കുറ്റം ഓതുവാന്‍ ആവശ്യപ്പെട്ടു. ഗോപി വിശദമായി കാര്യങ്ങള്‍ അവതരിപ്പിച്ചു. ഒരു നിമിഷത്തെ ആലോചനക്കൊടുവില്‍ കൂടോത്രക്കാരന്‍ ശിക്ഷ നല്‍കാമെന്ന് ഉറപ്പിച്ചു. ഗോപിയുടെ വലതുചെവിയില്‍ ശിക്ഷക്ക് വേണ്ടുന്ന സാമഗ്രികള്‍ പറഞ്ഞുകൊടുത്ത ശേഷം ഒന്നുകൂടി അയാള്‍ പറഞ്ഞു. 

'മറ്റൊരാള്‍ അറിയരുത്. ശിക്ഷ നടന്നാല്‍ വാപൊത്തിക്കോണം. എന്റെ അടുത്തേക്കുള്ള വഴിയുള്‍പ്പടെ മറന്നേക്കണം. നമ്മളല്ലാതെ മറ്റൊരാള്‍ അറിഞ്ഞാല്‍ ഒടി വക്കേണ്ടിവരും എനിക്ക്.' 

നരേന്ദ്രന്‍ മുണ്ടിന്റെ മുന്‍ഭാഗം തപ്പിനോക്കി. ഭയത്തില്‍ അവന്‍ മുള്ളിപ്പോയിരുന്നു.

3.

ക്രിയക്ക് വേണ്ടുന്ന സാധനങ്ങള്‍ വളരെ വേഗത്തില്‍ കിട്ടി.

ഭഗവാന്‍ മഠത്തിലെ വളര്‍ത്തുകോഴിയുടെ ഒരു മുട്ട, അടുക്കളയിലെ അമ്മയുടെ വിയര്‍പ്പില്‍ കത്തിയെരിഞ്ഞുതീര്‍ന്ന ഒരുപിടി ചാരം, അത്താഴത്തിലേക്ക് നാഴിയളന്നിട്ടതില്‍ നിന്ന് ഒരുപിടി അരി , മൂക്കണ്ണുള്ള ഒരു നാളികേരം , കുറ്റക്കാരന്റെ പേരും നാളും എഴുതിയ കടലാസ്, കറുത്തതും ചുവന്നതുമായ രണ്ടു തുണി, കാമരൂപിണിയെ മനസ്സില്‍ സങ്കല്‍പ്പിച്ചു സ്വയംഭോഗം ചെയ്തതില്‍ കിട്ടിയ ഗോപിയുടെ അല്പം ബീജവും.

കൂടോത്രക്കാരന്റെ വീട്ടില്‍ നിന്നും ഭ്രാന്തന്‍ നാളുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ പന്ത്രണ്ടും പന്ത്രണ്ടും ഇരുപത്തിനാലടി തീണ്ടലില്‍ ഗോപിയും നരേന്ദ്രനും നിന്നും. പ്രതീക്ഷയോടെ തുറിച്ചുനിന്ന അവരുടെ കണ്ണുകളിലൂടെ തീണ്ടലില്ലാതെ പറമ്പിലെ നാഗങ്ങള്‍ സ്വതന്ത്രമായി പത്തിവിടര്‍ത്തി കടന്നു പോയി. 

'മുട്ടയിലാണ് ശിക്ഷ വച്ചിരിക്കുന്നത്.'

ജപിച്ചുകെട്ടിയ മുട്ടയില്‍ കറുത്ത ചായംകൊണ്ട് വരച്ച ചിത്രങ്ങള്‍ കാണാം. ചിത്രത്തിലെ ശരീരങ്ങള്‍ക്ക് തലകളുണ്ടായിരുന്നില്ല, ചിലതില്‍ ലിംഗവും. ഗര്‍വ്വോടെ ഉയര്‍ന്നുനിന്നതെല്ലാം വെട്ടിയെടുത്ത യോദ്ധാവിന്റെ അഗ്‌നിയില്‍ ജ്വലിച്ചുനിന്ന കണ്ണുകളുമായി കൂടോത്രക്കാരന്‍ നിന്നു. പൂജിച്ച ഗുരുതിയെടുത്ത് ഇരുവര്‍ക്കും നല്‍കി. അവരത് കുടിച്ചു. ഉമിനീരിലൂടെ മിന്നല്‍ ഇരച്ചുകേറുന്നതായി അവര്‍ക്ക് തോന്നി. ശിക്ഷ വലതുകൈയില്‍ മറച്ചുപിടിച്ചുകൊണ്ട് ഇരുവരും തിരിഞ്ഞു നടന്നു. 

'നിന്റെ വല്യച്ഛന്റെ കാല് ഭേദായോ?'

-ഇല്ല.

ഗോപി ഒരു നിമിഷം നിശബ്ദനായി.

'വര്‍ഷം അഞ്ചായി ...ഇപ്പഴും ഇരുപ്പ് തന്നെയാണല്ലേ?'

ഗോപി അയാളുടെ കണ്ണുകള്‍ക്ക് നോക്കി. അവയ്ക്ക് നീലനിറമായിരുന്നു. ആ കണ്ണുകളില്‍ ചിരി വിടര്‍ന്നിരുന്നു. അയാളുടെ ശിരസ്സിന് മുകളില്‍ ചന്ദ്രകല തെളിഞ്ഞുനിന്നു.

4.

വായനശാലയുടെ ഇടവഴിയിലെ എതിര്‍വശത്തെ മുള്ളുവേലികള്‍ക്കിടയില്‍ അവരൊളിച്ചു. 

'എടാ.. നിന്റെ അച്ഛന്‍ വരുന്നു.'-നരേന്ദ്രന്‍ പരിഭ്രാന്തനായി. 

പതിവുപോലെ കുടിച്ചു കൂത്താടിയാണ് വരവ്.

'നീയ്യ് പൊയ്‌ക്കോ!'

-എന്നെ നിന്റെ അച്ഛന്‍ കാണും!

'സാരമില്ല. നീ അച്ഛനോട് എന്തെങ്കിലും സംസാരിച്ചുനിക്ക്'.

-എന്തിന് ? എന്ത് സംസാരിക്കാന്‍? നരേന്ദ്രന്‍ വീണ്ടും മുണ്ടിന്റെ മുന്‍ഭാഗത്ത് കൈ മുറുക്കിപിടിച്ചുകൊണ്ട് പറഞ്ഞു.

'അതൊക്കെ പറയാം.'

'-എനിക്ക് പേടിയാവുന്നു ഗോപി..'

'പേടിക്കണ്ട.' ഗോപിയുടെ വാക്കുകളില്‍ ഭയം ഉണ്ടായിരുന്നില്ല.

നരേന്ദ്രന്‍ ഭയത്തോടെ വേലിചാടിക്കടന്ന് ഗോപിയുടെ അച്ഛന്റെ മുന്‍പിലൂടെ നടന്നു. തിരിഞ്ഞുനോക്കുവാനോ സംസാരിക്കുവാനോ നില്‍ക്കാതെ ഗോപിയെ വഞ്ചിച്ചുകൊണ്ട് അവന്‍ ഓടി രക്ഷപ്പെട്ടു. പേടികൊണ്ട് നിലവിളിക്കാന്‍ കഴിയാതെ നരേന്ദ്രന്റെ ശബ്ദം തൊണ്ടക്കുഴിയില്‍ തിങ്ങിപ്പോയിരുന്നു. തന്റെ മുന്‍പിലൂടെ പാഞ്ഞ രൂപത്തെ കണ്ടതും അയാളുടെ പുറത്തോട്ട് വന്ന ഛര്‍ദില്‍ അകത്തേക്ക് കേറിപ്പോയി. ആ ഞെട്ടലില്‍ കണ്ണുകള്‍ തുറിച്ചിരിക്കവേ ഗോപി അച്ഛന്റെ പുറത്തേക്ക് മുട്ട വലിച്ചെറിഞ്ഞു. അതില്‍ നിന്നും വെളുത്ത പുക ഒരു മനുഷ്യജീവിയെപ്പോലെ വാനോളം ഉയര്‍ന്നുപൊട്ടി. ശരീരത്തിനുചുറ്റും പുക പരന്നു. ദുര്‍ഗ്ഗന്ധം വമിച്ചു. കേട്ടാലറക്കുന്ന തെറികള്‍ തീപ്പന്തം പോലെ പുറത്തേക്ക് തുപ്പിക്കൊണ്ട് അയാള്‍ ഗര്‍ജ്ജിച്ചു. വീടിന്റെ ഉമ്മറത്തെ കിണ്ടി ഒറ്റത്തൊഴിക്ക് തെറിപ്പിച്ചുകൊണ്ട് ദേഷ്യത്തോടെ അയാള്‍ അകത്ത് കയറി. കുളിപ്പുരയില്‍ മണിക്കൂറുകളോളം കഴുകി കൈകള്‍ മരവിച്ചു. രണ്ട് കുളിസോപ്പുകളിട്ട് പതപ്പിച്ചിട്ടും ശരീരത്തിലെ ദുര്‍ഗ്ഗന്ധം മാറിയില്ല. ബ്ലെയിഡിന്റെ മൂര്‍ച്ചപോലെ അവശേഷിച്ച അവസാനത്തെ സോപ്പുക്കഷ്ണം അയാള്‍ ദേഷ്യത്തോടെ കടിച്ചു ചവച്ചുതുപ്പി. മുറിയിലെ അലമാരയില്‍ കിട്ടാവുന്ന സകല അത്തറും എടുത്ത് പൂശിക്കൊണ്ട് അയാള്‍ പിരിയന്‍ ഗോവണിയുടെ പടികളിറങ്ങി. ഊണുമേശയില്‍ ചോറുവിളമ്പി, മരിച്ച കണ്ണുകളുമായി ഭാര്യ നില്‍ക്കുന്നുണ്ടായിരുന്നു. ആ ശരീരത്തെ നോക്കുകപോലും ചെയ്യാതെ അയാള്‍ അത്താഴം ആര്‍ത്തിയോടെ കഴിച്ചു. അയാളുടെ ചോരക്കണ്ണുകള്‍ അടുക്കളക്ക് സമീപമുള്ള ഗീതയുടെ മുറിയിലേക്ക് പായിക്കുന്നത് കണ്ടതും ഭാര്യ ഒരു വലിയ മൊന്തയില്‍ മുഴുവന്‍ വെള്ളം ഒഴിച്ചുകൊണ്ട് അയാള്‍ക്ക് മുന്നിലേക്ക് നീട്ടി. അയാളുടെ ദാഹത്തിന് നീട്ടിവച്ച വെള്ളം മതിയാവില്ല എന്നറിയാവുന്നത് കൊണ്ട് അവള്‍ മുറിയിലേക്കുള്ള ഗോവണി കയറി. 

സിഗരറ്റ് കത്തിച്ചുക്കൊണ്ട് മുറ്റത്ത് തലങ്ങും വിലങ്ങും നടക്കുന്ന അച്ഛനെ കണ്ടപ്പോള്‍ ഗോപി സ്വയം പല്ലിറുമ്മി. ഒടുവില്‍ അമ്മയെ പോലെ പ്രപഞ്ചത്തോട് അവസാനമായി വിടചൊല്ലി നിദ്രയുടെ അഗാധതയിലേക്ക് പുതപ്പെറിഞ്ഞുകൊണ്ട് ആ വീടും ഉറങ്ങിപ്പോയി. തുരുമ്പുപിടിച്ച ജനല്‍ കമ്പികളില്‍ പിടിച്ചുകൊണ്ട് തുറങ്കിലടക്കപ്പെട്ടവന്റെ നിരാശ ഛര്‍ദിച്ച കണ്ണുകളുമായി ഗോപി അച്ഛനെ നോക്കി നിന്നു. നാലാമത്തെ സിഗററ്റും ചാരമായപ്പോള്‍ മുണ്ടിന്റെ മുന്‍ഭാഗത്തു ഉദ്ധരിച്ചുനിന്നതിനെയും താങ്ങിപ്പിടിച്ചുകൊണ്ട് കള്ളനെപ്പോലെ അയാള്‍ അകത്തേക്ക് നീങ്ങി. നേരെ പോകുന്നത് ഗീതയുടെ അടുത്തേക്കാണ്. ഗോപി അത് ഉറപ്പിച്ചിരുന്നു. ഗീതയുടെ വാതിലില്‍ അയാളേക്കാള്‍ ആര്‍ത്തിയോടെ മുണ്ടിനുള്ളില്‍ ഉദ്ധരിച്ചുനിന്നയാള്‍ കൊട്ടി. 

ഒന്ന്, രണ്ട്, മൂന്ന്. ഗീത വാതില്‍ തുറന്നു. അവളുടെ ശരീരത്തില്‍ നിന്ന് ആത്മാവ് നേരത്തെ വിട്ട് പിരിഞ്ഞിരുന്നു. ശവരതിയേറ്റ് കിടക്കാന്‍ പാകത്തിന് അവള്‍ കിടന്നു. ശരീരം അതിന്റെ താപപരിധിയെ മുറിച്ചുകൊണ്ട് മരവിപ്പിലേക്ക് ദീര്‍ഘം നടന്നു. അയാള്‍ ധൃതിയില്‍ മുണ്ടഴിച്ചുമാറ്റി. കാമത്തിന്റെ ഉന്മാദം ഉദ്ധരിച്ചുയര്‍ന്നു നിന്ന ആ സമയത്താണ് ഭഗവാന്‍ മഠത്തിന്റെ മുകളിലൂടെ ഒരു നീല വെളിച്ചം കടന്നുപോയത്. ഭ്രാന്തമായി നീലക്കടലില്‍ നുരച്ചുപൊന്തുന്ന ജലം കണക്കെ ഒന്നിനുമേല്‍ ഒന്നായി അത് വ്യാപിച്ചു. പിന്നീട് ഒരു നിലവിളി ഉയര്‍ന്നു. നിദ്രയുടെ ചുഴികളിലേക്ക് ശ്വാസമറ്റുവീണ ശരീരങ്ങളെല്ലാം ഞെട്ടിയുണര്‍ന്നു. അമ്പരപ്പിന്റെ ഉടല്‍ഛായയുള്ള കാഴ്ചയിലേക്ക് എല്ലാവരും കണ്ണ് തുറന്നിരിക്കെ ഗോപിയുടെ അച്ഛന്റെ ലിംഗത്തില്‍ നിന്നും ചോരയൊഴുകി. ആ ശരീരം പിടഞ്ഞുകൊണ്ടിരുന്നു. മുകളിലെ മുറിയില്‍ അനങ്ങാതെ കാലം കിടന്നും ഇരുന്നും കഴിക്കുന്ന വല്യച്ഛന്റേതുപോലെ കാലുകള്‍ ചെറുതായി, തല മുകളില്‍ ഉത്തരത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു, അയാളുടെ ചോരക്കണ്ണുകള്‍ വീണ്ടും തുറിച്ചു. ഗോപി അറിയാതെ വാപൊത്തി. ആ മനുഷ്യര്‍ക്കിടയിലൂടെ വീണ്ടും ഒരു നീല വെളിച്ചം കടന്നുപോയി. ദിശയറിയാതെ കടലില്‍ മുങ്ങിയവരുടെ കണ്ണുകളിലേക്ക് നീലവെളിച്ചം ആര്‍ത്തിയോടെ പരന്നു. കൂടോത്രക്കാരന്റെ നീല കണ്ണുകളില്‍ ആ കാഴ്ച ജ്വലിച്ചു നിന്നു. അയാള്‍ മുറ്റത്ത് നാഗങ്ങളോടൊപ്പം അത് കണ്ട് ചിരിച്ചു. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios