Asianet News MalayalamAsianet News Malayalam

Malayalam Short Story : കണ്ണമ്മ, സുമ രാജീവ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുമ രാജീവ് എഴുതിയ ചെറുകഥ

chilla malayalam  short story by Suma Rajeev
Author
First Published Sep 5, 2023, 4:40 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

കയ്യിലിരുന്ന സഞ്ചി താഴെ വെച്ച് കണ്ണമ്മ കട്ടിലിലേക്കിരുന്നു. ആലിന്‍വേര് പോലെ പിണഞ്ഞു കിടക്കുന്ന കാല്‍ഞരമ്പുകളില്‍ പടര്‍ന്നു കയറുന്ന വേദന. നടന്നു തീര്‍ത്ത കനല്‍ വഴികളുടെ ഭൂപടം തീര്‍ത്ത കാല്‍പാദങ്ങള്‍ കട്ടിലിലേക്ക് കയറ്റി വെച്ച് കട്ടില്‍ക്രാസിയില്‍ തല ചായ്ച്ച് അവര്‍ ഉറക്കെ പറഞ്ഞു, 
'യാരാവത് കൊഞ്ചം തണ്ണി കൊടുങ്കോ'

ഒരു മൊന്ത നിറയെ വെള്ളവുമായി അവളുടെ അത്ത അങ്ങോട്ട് വന്നു.

'എന്നാച്ച് കണ്ണേ?'വേവലാതിയോടെ അവര്‍ ചോദിച്ചു

'കാല്‍ വലിക്കിത്' മൊന്തയിലെ വെള്ളം ഒറ്റയിറക്കിന് കുടിച്ചു അവള്‍ പറഞ്ഞു.

ജനലിലൂടെത്തുന്ന പടിഞ്ഞാറന്‍കാറ്റിനു എന്തെന്നില്ലാത്ത ചൂട്. വിയര്‍പ്പു തുള്ളിയില്‍ അലിഞ്ഞു ചേര്‍ന്ന നെറ്റിയിലെ കുങ്കുമം.

'എന്നാ വെക്കൈ' ആത്മഗതമായി പറഞ്ഞു കൊണ്ടവള്‍ കണ്ണടച്ച് കിടന്നു.

മനസ്സ് അപ്പോള്‍ ചിന്നമന്നൂരിലെ കരിമ്പിന്‍ തോട്ടത്തില്‍ എത്തിയിരുന്നു. തലയില്‍ മാത്രം പച്ച ചൂടി, ഒടിഞ്ഞു തൂങ്ങിയ ഉണക്ക ഇലകള്‍ നിറഞ്ഞ കരിമ്പില്‍ ചെടികള്‍. തോട്ടത്തിനു നടുവിലെ കുഴല്‍ക്കിണറിന്റെ ഹാന്‍ഡില്‍ അടിച്ചു തളര്‍ന്നു നിലത്തിരിക്കുന്ന മുരുകന്‍. പൈപ്പിന്റെ അറ്റത്തു നിന്നും ഇറ്റിറ്റായി വീഴുന്ന വെള്ളം.

'എന്നാലെ മുടിയാത്. കുഴായ് കിണറിലെയിരുന്ത് ചൊട്ടുചൊട്ടാകത്താന്‍ തണ്ണിയേ വരുത്,  നമ്മാലെ എതും ചെയ്യമുടിയുമെണ്ണും തോണലൈ . ഇതേയെല്ലാം വിട്ടിട്ട്, എങ്കെയാവത് പോകാലാമെണുകൂടെ നിനക്കിറേന്‍'

അഞ്ചുമാസം വളര്‍ച്ചയുള്ള തന്റെ വയറില്‍ കൈ വെച്ച് കണ്ണമ്മ ഒന്നും മനസിലാകാതെ മുരുകനെ നോക്കി.

'വട്ടി കൂടെ കൊടുക്ക മുടിയാത നിലമൈയാച്ച. കേരളാവിക്ക് പോനാല്‍ വേലൈ കിടക്കുമെണ്ണ് ശരവണന്‍ ചൊന്നാന്‍. അവനുക്ക് ആയിരത്തി എറുനൂറു രൂപ തിനവും കൂലി കിടക്കുമാം, നമ്മക്കും പോനാള്‍ എന്നാ?'

തന്റെ സമ്മതത്തിനു വേണ്ടിയുള്ള ചോദ്യമാണ് അതെന്നു അവള്‍ക്കു തോന്നിയില്ല. പോകാമെന്നു അവന്‍ തീരുമാനം എടുത്തു കഴിഞ്ഞിരിക്കുന്നു.

എല്ലാം ഇട്ടെറിഞ്ഞുള്ള രണ്ടാം പലായനം. ആദ്യത്തേത് വീടും വീട്ടുകാരെയും ഉപേക്ഷിച്ചു മുരുകന്റെ കൂടെ. ഇപ്പോള്‍ നാടുംവീടും ഉപേക്ഷിച്ച്. അന്ന് മുരുകന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ അവള്‍ക്കു ഒട്ടും വേവലാതി ഇല്ലായിരുന്നു പക്ഷെ ഇന്ന് തന്റെ വയറ്റില്‍ വളരുന്ന കുരുന്നിനെ കുറിച്ചുള്ള ചിന്തയില്‍ അവളുരുകി. മുരുകന്‍ പറഞ്ഞത് പോലെ അവിടെ പോയി ഒന്നും ശരിയായില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യം, ഭാവിയെ കുറിച്ചുള്ള ചിന്ത -എല്ലാം കൊണ്ടും അവള്‍ അസ്വസ്ഥ ആയിരുന്നു.

നാട്ടില്‍നിന്നെത്തിയ ശരവണനെ പോയി കണ്ട്, മുരുകന്‍ അവന്‍ കൂടെ വരുന്ന കാര്യം പറഞ്ഞു. ആദ്യം മുരുകന്‍ മാത്രം പോയി ജോലി കണ്ടുപിടിച്ചു പിന്നെ അമ്മയെയും കണ്ണമ്മയെയും കൊണ്ട് പോകാമെന്നു തീരുമാനിച്ചു. വീട്ടിലെത്തിയ മുരുകന്‍ പലിശക്ക് പൈസ വാങ്ങിയ ഗൗണ്ടരെ വയല്‍ ഏല്‍പിച്ചു കൊടുക്കുകയും പലിശയും മുതലുമായി വരുമ്പോള്‍ തിരികെ കൊടുക്കാമെന്നും ധാരണയില്‍ എത്തി.

മുരുകന്‍ ശരവണന്റെ കൂടെ പോകാനിറങ്ങുമ്പോള്‍ കണ്ണമ്മ കരഞ്ഞു കൊണ്ടേയിരുന്നു.

'പയപ്പെടാതമ്മാ , എല്ലാമേ നല്ലതുക്കാകെ താനെ'-അവളുടെ കവിളില്‍ തലോടി കഴുത്തില്‍ പതിയെ ഒരുമ്മ കൊടുത്തു. 'എന്‍ പാപ്പാത്തിയെ അരുമയാകെ പാത്തുക്കോ' എന്ന് പറഞ്ഞു അവന്‍ ഇറങ്ങി.

രണ്ടാഴ്ച കഴിഞ്ഞു തിരിച്ചെത്തിയ മുരുകന്‍ ഒരു പാട് സന്തോഷവാനായിരുന്നു. തിരിച്ചു പോകുമ്പോള്‍ അവരെല്ലാവരും ഒരുമിച്ചു പോകുമെന്ന് അവന്‍ പ്രഖ്യാപിച്ചു. വീട്, താമസം എന്നിവയെ കുറിച്ച് അവന്റെ അമ്മ ചോദിച്ചു കൊണ്ടേയിരുന്നു. എല്ലാം ശരിയുമാകുമെന്നു പറഞ്ഞ് എല്ലാം കെട്ടിപ്പെറുക്കി അടുത്ത ദിവസത്തെ രാത്രിവണ്ടിക്ക് അവര്‍ യാത്ര ആരംഭിച്ചു.

നഗരമധ്യത്തില്‍ ഒരു ഫ്‌ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം നടക്കുന്നിടത്താണ് മുരുകന്‍ അവരെയും കൊണ്ടെത്തി ചേര്‍ന്നത. തകര ഷീറ്റു കൊണ്ട് മറിച്ച ഒറ്റ മുറിയിലേക്ക് കയറുമ്പോള്‍ അവന്‍ പറഞ്ഞു, ഞാന്‍ വേറെ വീട് നോക്കുന്നുണ്ട് അതു വരെ ഇവിടെ നില്‍ക്കാം. അവര്‍ കൊണ്ട് വന്ന സാധനങ്ങള്‍ വെക്കാന്‍ പോലും സ്ഥലമില്ലാത്ത ഒറ്റ മുറിയില്‍ കണ്ണമ്മക്കും അമ്മയ്ക്കും ശ്വാസം മുട്ടി. 

ഏതാണ്ട് രണ്ടു മാസം കഴിഞ്ഞ്, ഒരു ലൈന്‍ മുറിയിലേക്ക് താമസം മാറി. നീണ്ടു കിടക്കുന്ന രണ്ടു മുറികളില്‍ ഒന്ന് അടുക്കള ആക്കി. അതിനപ്പുറത്തു പുറത്തായി കുളിമുറി. പല ദേശങ്ങളില്‍ നിന്ന് വന്ന പല തരം ആളുകള്‍. അവിടെ താമസം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മുരുകന്റെ അമ്മക്ക് അടുത്തുള്ള ഫ്‌ലാറ്റില്‍ വീട്ടു ജോലി കിട്ടി. അവരെ ഒറ്റയ്ക്ക് വിടാന്‍ മടിച്ച് കണ്ണമ്മയും അവരുടെ കൂടെ പോയി തുടങ്ങി. അവളാല്‍ കഴിയുന്ന ജോലികളിലവള്‍ അവരെ സഹായിച്ചു. നാട്ടിലെ വരള്‍ച്ചയെ കുറിച്ച് മറന്ന്  സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുമ്പോള്‍ ആണ് മുരുകന്റെ അമ്മ കോണിപ്പടികളില്‍ നിന്ന് വീണു പണിക്കു പോകാതായത്. പിന്നീട് കണ്ണമ്മ വീടുകളില്‍ ജോലിക്ക് പോയി. വൃത്തിയിലും ഒതുക്കത്തിലും വേഗത്തിലും ജോലി ചെയ്യുന്ന കണ്ണമ്മയെ അവര്‍ക്കെല്ലാം പെട്ടെന്നു ഇഷ്ടമായി. ആ ഇഷ്ടം കണ്ണമ്മയുടെ പ്രസവ സമയത്തു അവര്‍ പലരീതിയിലുള്ള സഹായമായി പ്രകടിപ്പിക്കുകയും ചെയ്തു. കാവേരി എന്ന് പേരിട്ട പാപ്പാത്തിയുമായി ജീവിതം അതിന്റെ താളത്തിലോടികൊണ്ടിരിക്കവേ കാവേരിക്ക് കൂട്ടായി ഒരാള്‍ കൂടെ വരുന്നുണ്ടെന്നു കണ്ണമ്മ മുരുകനോട് പറഞ്ഞത്.

വൈഗ ഉണ്ടായി മൂന്നു മാസം ആയപ്പോള്‍ മുരുകന്‍ കണ്ണമ്മയോട് പറഞ്ഞു: 'രണ്ടു പെണ്‍കുട്ടികള്‍ അല്ലേ, അവരെ പഠിപ്പിക്കണം, നല്ല രീതിയില്‍ കല്യാണം കഴിപ്പിക്കണം, എനിക്കിപ്പോള്‍ എല്ലാ ദിവസവും പണി ഉണ്ടാകുന്നില്ല, നീ വീട്ടുവേല ചെയ്യുന്നത് കൊണ്ട് അതറിയുന്നില്ല എന്നേയുള്ളൂ'

മുരുകന്‍ പറഞ്ഞു വരുന്നത് മനസിലാകാതെ കണ്ണമ്മ മിഴിച്ചു നോക്കി. ഇനിയുമോരോട്ടത്തെ കുറിച്ചാണോ അവന്‍ പറയാന്‍ പോകുന്നത് എന്നവള്‍ ആശങ്കയോടെ കാതോര്‍ത്തു.

'സൈറ്റില്‍ സിമന്റ് കൊണ്ട് വന്ന ലോറിയിലെ ഡ്രൈവര്‍ പറഞ്ഞു, വണ്ടിയില്‍ കൂടെ പോയാല്‍ നല്ല പൈസ കിട്ടുമെന്ന്. ഇവിടെ നിങ്ങള്‍ക്കെല്ലാം പരിചയമായില്ലേ. ഞാന്‍ ആ വണ്ടിയില്‍ പോയാലോ എന്നാലോചിക്കുകയാണ്.'

'ഞങ്ങള്‍ നാലു പെണ്ണുങ്ങളെ ഒറ്റക്ക് ആക്കിയിട്ടു നീ പോയാലെങ്ങനെ'-കണ്ണമ്മ അവനോട് കയര്‍ത്തു.

'ഭയപ്പെടാത് കണ്ണേ എല്ലാം നല്ലതുക്കാകത്താന്‍' കവിളിലെ തലോടലില്‍, കഴുത്തിലെ ഉമ്മയില്‍ അവളുടെ ദേഷ്യമെല്ലാം അലിഞ്ഞു പോയി.

പിറ്റേ ദിവസം മുരുകന്‍ രണ്ടു മൊബൈല്‍ ഫോണുകളുമായാണ് വീട്ടില്‍ വന്നത്. ഞാന്‍ ദൂരെപോകുന്നു എന്ന വിഷമം വേണ്ട,  ഇതിലൂടെ തോന്നുമ്പോളൊക്കെ സംസാരിക്കാമല്ലോ.

രാവിലെ തിരിച്ചു പോകുന്ന ലോറിയില്‍ മുരുകന്‍ പോയി. മൂന്നുമാസങ്ങള്‍ ഫോണ്‍ വിളികളിലൂടെ വിശേഷങ്ങള്‍ പങ്കു വെച്ചു കടന്നു പോയി. കാലം കടന്നു പോയപ്പോള്‍ മുരുകന്റെ ഫോണിലേക്കുള്ള കണ്ണമ്മയുടെ വിളികള്‍ അനാഥമായി. മുരുകന് എന്ത് പറ്റിയെന്നറിയാതെ വളര്‍ന്നു വരുന്ന കുട്ടികളുടെയും പ്രായമേറുന്ന അമ്മയുടെയും ഇടയില്‍ കുറച്ചു ദിവസം വിറങ്ങലിച്ചു നിന്ന കണ്ണമ്മ  താന്‍ ഓടിയാല്‍ മാത്രമേ വീട് ഓടുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ വീണ്ടും വീട്ടുജോലിക്കായി പോയി തുടങ്ങി. 

ഒരു വീട്ടിലെ ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ആ വീടിനെ അവിടെ തന്നെ ഉപേക്ഷിക്കുന്ന സ്വഭാവമായിരുന്നു കണ്ണമ്മക്ക്. സാധാരണ വീട്ടു ജോലിക്കാരെ പോലെ ഒരു വീട്ടിലെ കാര്യം മറ്റൊരു വീട്ടില്‍ പോയി പറയുകയോ അല്ലെങ്കില്‍ ആരുമില്ലാത്തപ്പോള്‍ കള്ളപ്പണി ചെയ്യുകയോ ചെയ്യുന്ന ശീലമില്ലാത്ത കണ്ണമ്മയെ കുറിച്ച് കേട്ടറിഞ്ഞ് അവളെ വീട്ടുജോലിക്കായി ആളുകള്‍ വിളിച്ചു കൊണ്ട് പോയിരുന്നു. വീടുകളില്‍ ജോലി ചെയ്തുണ്ടാക്കിയ പണം കരുതലോടെ ചെലവഴിച്ചു മുരുകന്റെ അസാന്നിദ്ധ്യം അറിയിക്കാതെ അവള്‍ ആ വീട് പുലര്‍ത്തി.

ഒരു നാള്‍ കണ്ണമ്മ ജോലി കഴിഞ്ഞു വരുമ്പോള്‍ കണ്ടത്, കോളനിയിലെ ഒരു ഓട്ടോ പയ്യന്‍ കാവേരിയെ പട്ടം പറപ്പിക്കാന്‍ പഠിപ്പിക്കുന്നതാണ്. അവളുടെ പിറകെ നിന്ന് ഒരു കൈ പട്ടത്തിന്റെ ചരടില്‍ പിടിച്ചു മറുകൈ അവന്‍ വെച്ചിരുന്നത് അവളുടെ നെഞ്ചിലായിട്ടാണ്. ആ കൈ കൊണ്ട് അവന്‍ അവിടമാകെ തടവുന്നത് പോലെ ചലിപ്പിക്കുന്നുണ്ടായിരുന്നു. പട്ടം പറക്കുന്നത് കാണുന്ന ആവേശത്തില്‍ കാവേരി അതറിയുന്നു പോലുമില്ലെന്ന് കണ്ണമ്മക്ക് തോന്നി.

'കാവേരി'-  ഒരു ആന്തലോടെ അവര്‍ ഉറക്കെ വിളിച്ചു. അമ്മയുടെ വിളി കേട്ട കാവേരി പട്ടം വിട്ടു അമ്മയുടെ അടുത്തേക്ക് ഓടിയെത്തി. കാവേരിയുടെ  കയ്യില്‍ മുറുകെ പിടിച്ചു വീടിന്റെ ഉള്ളിലേക്ക് കയറി കണ്ണമ്മ  വാതിലടച്ചു. പിന്നെ കയ്യില്‍ കിട്ടിയ ചൂലെടുത്തു പെണ്ണിനെ തലങ്ങും വിലങ്ങും അടിച്ചു. അമ്മായിഅമ്മ വന്നു പിടിച്ചു മാറ്റിയത് കൊണ്ട് മാത്രം കാവേരിക്ക് അധികമടി കൊള്ളേണ്ടി വന്നില്ല. കണ്ണമ്മയുടെ അത്  വരെ കാണാത്ത ഭാവം കണ്ടു ഭയം തോന്നിയെങ്കിലും തലയ്ക്കു കൈ കൊടുത്തു നിലത്തിരിക്കുന്ന കണ്ണമ്മയുടെ അടുത്ത് അവര്‍ ഇരുന്നു. പതുക്കെ അവളുടെ തലയില്‍ തലോടി ചോദിച്ചു, 'എന്നാച്ചു കണ്ണേ.' 

തല ഉയര്‍ത്തിയ കണ്ണമ്മ മുറിയുടെ ഒരു മൂലയില്‍ പേടിച്ചു കരഞ്ഞു ഏങ്ങലടിച്ചു ഇരിക്കുന്ന കാവേരിയെ കയ്യാട്ടി വിളിച്ചു.

'പാപ്പാത്തി, മോള്‍ അമ്മ പറയുന്നത് പോലെ കേള്‍ക്കണം. ഓട്ടോക്കാരന്‍ പട്ടം പറപ്പിക്കുമ്പോള്‍ മോളുടെ നെഞ്ചത്ത് അല്ലേ കൈ വെച്ചത്. ആരെയും അങ്ങനെ കൈ വെക്കാന്‍ സമ്മതിക്കരുത്, അത് നല്ലതല്ല. 

'കടവുളേ'- മുരുകന്റെ അമ്മ  ഉറക്കെ വിളിച്ചു പോയി.

രണ്ടു പെണ്‍മക്കളെയും അടുത്ത് വിളിച്ചിരുത്തി തൊട്ടുകൂടായ്മകളുടെ കാര്യങ്ങള്‍ അവര്‍ക്കു പറഞ്ഞു മനസിലാക്കി  ഉറക്കം വരാതെ കിടന്ന ആ രാത്രിയില്‍  കോളനിയിലെ  ജീവിതം സുരക്ഷിതമായിരിക്കില്ല എന്ന്  കണ്ണമ്മക്ക് തോന്നി. പോയി രക്ഷപ്പെടാന്‍ ഒരിടമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി അവള്‍ക്ക് മുരുകനോട് ദേഷ്യവും വെറുപ്പും തോന്നി.

രാവിലെ മകളോടും അത്തയോടും എല്ലാം പറഞ്ഞു മനസിലാക്കി ജോലിക്ക് പോകാനിറങ്ങുമ്പോളാണ് ' ഈ കണ്ണമ്മയുടെ വീട് ഏതാണ്' എന്നൊരു ചോദ്യം അവള്‍ കേട്ടത്. ആരാണ് എന്നറിയാന്‍ അവള്‍ പുറത്തേക്കിറങ്ങി. മുന്നിലെ റോഡില്‍ ഒരു വെളുത്ത വലിയ കാറ് കിടക്കുന്നുണ്ട്. അതിനു അടുത്തായി ആഢ്യത്വമേറിയ മുഖവുമായി വെളുത്തു നീണ്ടൊരാള്‍. ഞാന്‍ ആണ് കണ്ണമ്മ എന്ന് പറഞ്ഞു കൊണ്ടവള്‍ അടുത്തേക്ക് ചെന്നു. കാറിനു പിറകിലെ ചില്ലുജാലകം പതിയെ തുറന്നു അതില്‍ നിന്നും ക്ഷീണിതയായ ഒരു മുഖം അവളോട് ചിരിച്ചു.

'ഭാര്യയാണ്'-കാറിനടുത്തു നിന്നയാള്‍ അവളോട് പറഞ്ഞു. 

'കുളിമുറിയിലൊന്നു  വീണു. ഇപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ടാണ. വിന്റര്‍ കോട്ടേജിലെ സൂസന്നയാണ് പറഞ്ഞത് സഹായത്തിനു വിളിക്കാന്‍ ഏറ്റവും പറ്റിയ ആള്‍ കണ്ണമ്മയാണ് എന്ന്.  അതാണ് ഹോസ്പിറ്റലില്‍ നിന്നും വരുന്ന വഴി തന്നെ ഇങ്ങോട്ടു വന്നത്.'
 
മുഴുവന്‍ കേള്‍ക്കുന്നതിന് മുന്‍പേ കണ്ണമ്മ പോകുമോ എന്ന ഭയന്നാകണം അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

ഇപ്പോള്‍ തന്നെ വീടുകളില്‍ ഓടിയെത്താന്‍ പാടുപെടുന്ന താനെങ്ങനെയാണ് ഇനി വേറെ ഒരു വീട്ടിലെ ജോലി ഏറ്റെടുക്കുക എന്നോര്‍ത്ത് അവള്‍ക്ക് തലകറങ്ങി. ഇപ്പോള്‍ തന്നെ പത്തു വീടുകളില്‍ പോകുന്നുണ്ട്. ഇനി ഒരു വീട് കൂടെ ആകുമ്പോള്‍ സമയത്തിന് എത്താനും ജോലി ചെയ്യാനും ബുദ്ധിമുട്ടാകും എന്നവള്‍ പറഞ്ഞു. പത്തു വീടുകളില്‍ നിന്ന് കിട്ടുന്നത് ഞങ്ങള്‍ തരാം, അപ്പോള്‍ വരാന്‍ ബുദ്ധിമുട്ടാകുകയില്ലല്ലോ എന്നയാളും. 

'ആലോചിച്ചു പറയാം' എന്നവള്‍ പറഞ്ഞപ്പോള്‍, 'പാര്‍ക്ക് കുറുകെ മുറിച്ചു കടന്നാല്‍ അതിനപ്പുറത്തുള്ള വലിയ പ്ലോട്ടിലെ ഇരുനില വീടാണ് ഞങ്ങളുടേത്. തീരുമാനിച്ചു കഴിഞ്ഞാല്‍ അങ്ങോട്ടേക്ക് വന്നേക്കൂ' എന്ന് പറഞ്ഞു അയാള്‍ കാറില്‍ കയറി പോയി'.

അന്നത്തെ ജോലിക്കിടയില്‍ മുഴുവന്‍ അവള്‍ ആലോചിച്ചതും അതു തന്നെ ആയിരുന്നു . പല വീടുകളില്‍ ഓടി നടന്നു പണി ചെയ്യുന്നതിന് പകരം ഒരു വീട്ടില്‍ സ്ഥിരമായി ജോലി കിട്ടുന്നത് എന്ത് കൊണ്ടും നല്ലതാണു എന്നവള്‍ക്ക് തോന്നി. അവസാനത്തെ വീടായ സൂസന്നയുടെ വീട്ടിലെത്തിയതും അവള്‍ ഈ കാര്യം അവരോടു പറഞ്ഞു.

'അത് നമ്മുടെ ശ്രീധരന്‍ മാഷും ഭാര്യയും ആകും. മാഷ് ബാങ്കില്‍ വന്നപ്പോള്‍ ടീച്ചര്‍ അഡ്മിറ്റായ കാര്യം ഒക്കെ പറഞ്ഞിരുന്നു, വീട്ടില്‍ നില്ക്കാന്‍ ഒരാളെ പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞതാണ് നിന്നെ കുറിച്ച്. അവിടെ പോകുന്നത് നിനക്കെന്തും കൊണ്ടും നല്ലതാകും കണ്ണമ്മേ . അധികമൊന്നും ആലോചിക്കാതെ നീ പോയി കാണു'-സൂസന്ന അവളോട് പറഞ്ഞു.

'അപ്പോള്‍ ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയോ?'

'നീ വരുന്നതിനു മുന്‍പ് അവിടാരും ജോലി ചെയ്തിട്ടില്ലേ? നീ പോയാല്‍ മറ്റൊരാള്‍. ഇത് നഗരമാണ്. ഒരാള്‍ പോകുന്നതിനു മുന്‍പേ മറ്റൊരാള്‍ അവിടെ എത്തിയിരിക്കും.'

സൂസന്നയുടെ വാക്കുകള്‍ കണ്ണമ്മയുടെ മനസ്സില്‍ ആശ്വാസത്തിന്റെ തിരി കൊളുത്തി. അന്നത്തെ ജോലി കഴിഞ്ഞു അവള്‍ പാര്‍ക്ക് കടന്നു ആ ഇരുനില വീട്ടിലേക്ക് ചെന്നു. ചെടികള്‍ക്ക് വെള്ളമൊഴിച്ചു കൊണ്ട് മാഷ് മുറ്റത്തു തന്നെ ഉണ്ടായിരുന്നു. കണ്ണമ്മയെ കണ്ടതും ആ മുഖത്ത് ഒരു വല്ലാത്തൊരു സന്തോഷം നിറഞ്ഞു.

'കണ്ണമ്മ വാ'- അയാള്‍ അവളെ അകത്തേക്ക് വിളിച്ചു. ആദ്യമുറിയില്‍ നിന്നും മറ്റൊരു ഇടനാഴിയിലേക്കിറങ്ങി അവിടെ നിന്നും മറ്റൊരു റൂമിലേക്ക്. അവിടെ കട്ടിലില്‍ കണ്ണടച്ച് മലര്‍ന്നു കിടക്കുന്നു, താന്‍ രാവിലെ കണ്ട ക്ഷീണിതമുഖത്തിന്റെ പൂര്‍ണ്ണ രൂപം.

'ദാ ഇന്ദിരേ നിന്നെ നോക്കാന്‍ ആളെത്തി'-കണ്ണു പതുക്കെ തുറന്നു അവര്‍ അവളെ നോക്കി ഒന്ന് ചിരിച്ചു.

'അവളെ വീട് മൊത്തം ഒന്ന് കാണിച്ചു കൊടുക്കൂ മാഷെ, എന്തൊക്കെയാണ് ജോലികള്‍ എന്നും പറഞ്ഞു കൊടുത്തേക്കു.'

'കണ്ണമ്മ വരൂ...'

അയാള്‍ അവളെ ആ വീട് മൊത്തം കാണിച്ചു കൊടുത്തു. താഴെ രണ്ടു ബെഡ്റൂം, പിന്നെ സിറ്റിംഗ്, ഡൈനിങ്ങ് അടുക്കള തുടങ്ങിയവ. മുകളില്‍ രണ്ടു ബെഡ്റൂമും ഒരു ഹാളും. വീട് വൃത്തിയാക്കല്‍, പാചകം , അലക്കല്‍, ടീച്ചറെ നോക്കല്‍ ഇത്രയും ആണ് ജോലികള്‍. മാഷിനും ടീച്ചര്‍ക്കും ജോലിക്കാരിയായ ഒരു മകള്‍. അവള്‍ കുടുംബത്തോടൊപ്പം അകലെ നഗരത്തില്‍. കുട്ടികളുടെ പഠിപ്പ്, ജോലി തുടങ്ങിയ കാരണങ്ങളാല്‍ ഇവിടെ വന്നു അമ്മയെ നോക്കാന്‍ പറ്റാത്ത സാഹചര്യം. അതാണ് കണ്ണമ്മയ്ക്ക് അനുകൂലമായി വന്നത്.

ജോലികള്‍ അത്ര കടുപ്പമുള്ളതായി അവള്‍ക്ക് തോന്നിയില്ല. രണ്ടു ദിവസം കഴിഞ്ഞു ജോലിക്ക് വരാമെന്നു പറഞ്ഞവള്‍ പോയി. ഇത് വരെ ജോലി ചെയ്തിരുന്ന വീടുകളില്‍ ഇനി വരില്ലെന്ന് കൂടെ പറയണമല്ലോ. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ എന്നാണെങ്കിലും ചെയ്തിരുന്ന ജോലിയോട് സ്വയം ഒരു കൂറ് പുലര്‍ത്തേണ്ടതാണ് എന്നവള്‍ക്ക് തോന്നി.

മാഷിന്റെ വീട്ടിലെ ജോലി കണ്ണമ്മയ്ക്ക് ഇഷ്ടമായി. ഇഷ്ടത്തോടുകൂടി  അവള്‍ ചെയ്യുന്നത് മാഷിനും ടീച്ചര്‍ക്കും ഇഷ്ടമായി. വളരെ പെട്ടെന്ന് തന്നെ കണ്ണമ്മ വീട്ടിലെ ഒരംഗത്തെ പോലെ ആയി. കിടപ്പിലായിരുന്ന ടീച്ചര്‍ സ്റ്റെപ് അപ്പ് വാക്കറിന്റെ സഹായത്തോടെ അടിവെക്കാന്‍ തുടങ്ങി. കൃത്യമായ മാസശമ്പളം കണ്ണമ്മയുടെ ജീവിതത്തിലും മാറ്റങ്ങള്‍ വരുത്തി.

മാഷിന്റെ സഹായത്തോടെ മക്കളെ നല്ല സ്‌കൂളില്‍ ചേര്‍ത്തു. മാഷിന്റെ തന്നെ സഹായത്തോടെ താനും ഈ മണ്ണില്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനാവശ്യമായ രേഖകള്‍ എല്ലാം ഉണ്ടാക്കി.  പതുക്കെ പതുക്കെ സ്വന്തമായൊരു വീട് എന്നൊരു സ്വപ്നം അവള്‍ കണ്ടു തുടങ്ങി. ആ സ്വപ്നത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. സ്വന്തമായി വീടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വീടിനുള്ള അപേക്ഷ കൊടുത്തു അവള്‍ കാത്തിരുന്നു.  ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുടെ കണക്കിലേക്ക് മാറിയപ്പോള്‍ വീടെന്നത് ഒരു സ്വപ്നം മാത്രം ആണെന്ന് അവള്‍ വിശ്വസിച്ചു തുടങ്ങി.

'നിന്റെ വീടിന്റെ കാര്യം എന്തായി കണ്ണമ്മേ'- ഒരു ദിവസം ടീച്ചറുടെ ചോദ്യം കേട്ട കണ്ണമ്മ പറഞ്ഞു. 

'സ്ഥലമുണ്ടെങ്കില്‍ വീടിനു പൈസ കിട്ടും. സ്ഥലം ഇല്ലാത്തവര്‍ക്ക് സ്ഥലം കണ്ടെത്തണം അതിനും കുറെ സമയം എടുക്കും ടീച്ചറമ്മ. സ്വന്തം വീട്ടില്‍ കിടന്നു ചാകാനുള്ള ഭാഗ്യമൊന്നും നമ്മളെ പോലുള്ള ഏഴകള്‍ക്ക് ഇല്ലമ്മ'

അന്ന് കണ്ണമ്മ പണി കഴിഞ്ഞു പോയതിനു ശേഷം ടീച്ചര്‍ മാഷോട് പറഞ്ഞു,  'നമ്മള്‍ വിചാരിച്ചാല്‍ അവള്‍ക്കൊരു വീടുകിട്ടും ട്ടോ മാഷെ...'

'നമ്മളെന്തു ചെയ്യനാണ് ഇന്ദിരേ, സര്‍ക്കാര് കാര്യമല്ലേ, ഒച്ചിഴയുന്നത് പോലെയേ നടക്കൂ'

'അവള്‍ പറഞ്ഞത് മാഷ് കേട്ടില്ലേ, സ്വന്തമായ സ്ഥലം ഉണ്ടെങ്കില്‍ വീട് വേഗം ഉണ്ടാക്കി കൊടുക്കുമെന്ന്. അപ്പുറത്തുള്ള തെങ്ങിന്‍തോപ്പില്‍ നിന്ന് ഒരു മൂന്നു സെന്റ് അവള്‍ക്കു കൊടുത്താലോ മാഷെ'

'എനിക്ക് വിരോധമൊന്നുമില്ല. പക്ഷെ ശ്രീക്കുട്ടിയുടെ കാര്യം നിനക്കറിയാല്ലോ  അവള്‍ വലിയ പുകിലുണ്ടാക്കും'

'അവളുടെ കാര്യം ഞാന്‍ നോക്കിക്കോളാം . മാഷിന് സമ്മതം ആണെങ്കില്‍ ഏറ്റവും അടുത്ത ദിവസം തന്നെ കണ്ണമ്മക്ക് അത് കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്യൂ. ആപത്തു സമയത്തു സഹായമായവര്‍ക്ക് എന്ത് കൊടുത്താലും കൂടുതലാകില്ല'

പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു. സ്ഥലം കൊടുപ്പും വീടിനുള്ള അപേക്ഷ കൊടുക്കലും. എല്ലാത്തിനും കൂട്ടായി മാഷ് ഉള്ളത് കൊണ്ട് വേഗത്തിലെല്ലാം ശരിയായി. മാഷിന്റെ തെങ്ങിന്‍ തൊപ്പിനരികില്‍ കണ്ണമ്മയുടെ രണ്ടു മുറി കുഞ്ഞു വീട് ഉയര്‍ന്നു.  വീടുയരുന്നതിനേക്കാള്‍ വേഗത്തില്‍ അപവാദങ്ങളും നാട് നീളെ പരന്നു. ആരോരുമില്ലാത്ത ഒരു സ്ത്രീക്ക് വീടുണ്ടാക്കാന്‍ സഹായിച്ചു എന്നതിനുപരി എന്തിനു വേണ്ടി ആയിരിക്കും അങ്ങനൊരു സഹായം എന്ന് ഗണിച്ചു കണ്ടു പിടിച്ചു നാട് നീളെ പറഞ്ഞു നടന്നു.

ടീച്ചര്‍ വീണപ്പോള്‍ മാഷെ സഹായിച്ചതല്ലേ അതിന്റെ പ്രത്യുപകാരം ആകും എന്ന് ദ്വയാര്‍ത്ഥത്തില്‍ ആളുകളുടെ ചെവിയില്‍ നിന്നും ചെവിയിലേക്ക് ആ വാര്‍ത്ത പരന്നു.

'അച്ഛനറിയുമോ, കഴിഞ്ഞാഴ്ച ഹരിയേട്ടന്റെ ഒരു ബന്ധുവിന്റെ പോയപ്പോള്‍ ഒരാള്‍ എന്നോട് വന്നു ചോദിക്കുകയാണ്, സ്ഥലമൊക്കെ എഴുതി കൊടുക്കാന്‍ മാത്രം എന്ത് ബന്ധമാണ് നിന്റച്ഛനും ആ തമിഴത്തിയും തമ്മിലെന്ന്? നാട്ടിലിറങ്ങി നടക്കാന്‍ പറ്റാതായി. അതിനു നിങ്ങള്‍ നാട്ടിലിറങ്ങുന്നില്ലല്ലോ , ബാക്കിയുള്ളവര്‍ക്ക് അല്ലെ നാണക്കേട'-ശ്രീക്കുട്ടി വന്നു കേറിയത് തന്നെ ഉറഞ്ഞു തുള്ളിക്കൊണ്ടാണ്.

'നാണക്കേട് ഉള്ളൊരു നാട്ടിലേക്കിറങ്ങണ്ട, നഗരത്തില്‍ തന്നെ നിന്നാല്‍ മതി'-വാക്കറില്‍ പതുക്കെ നടന്നു വന്നു ടീച്ചര്‍ പറഞ്ഞു.

'ഓ അമ്മയും കൂടി അറിഞ്ഞോണ്ട് ആണല്ലേ'-ദേഷ്യം സങ്കടവും കൊണ്ടു വിറച്ച അവള്‍  ഒച്ച വെച്ചു.

'കിടക്കപ്പായയില്‍ തീട്ടവും മൂത്രവും ആയി കിടന്നപ്പോള്‍ ഈ പറയുന്ന ഒറ്റയൊരുത്തനെ ഇങ്ങോട്ടു കണ്ടിട്ടില്ല. പോട്ടെ പുന്നാര മോള്‍ ആയ നീ വന്നോ. മക്കള്‍ക്ക് പരീക്ഷ , പ്രൊജക്റ്റ് ഫൈനലൈസേഷന്‍ -നീ എന്തൊക്കെ കാരണങ്ങള്‍ ആണ് പറഞ്ഞത്. ഇന്നിപ്പോള്‍ ഞാന്‍ ഇങ്ങനെ നടക്കുന്നുണ്ടെങ്കില്‍, അതിനു ഒറ്റക്കാരണം കണ്ണമ്മയാണ്. അതിനു ഞങ്ങള്‍ കൊടുത്തത് മതിയാകുമോ എന്നേ ഞങ്ങള്‍ക്ക് സംശയമുള്ളൂ. അതിനു നാട്ടുകാര്‍ ഇനി എന്ത് കഥ ഉണ്ടാക്കിയാലും ഞങ്ങള്‍ക്ക് വിരോധമില്ല. വിരോധമുള്ളവര്‍ ഇങ്ങോട്ടു വരണ്ടാന്നു വെക്കാം'-ടീച്ചര്‍ പറഞ്ഞു നിര്‍ത്തിയതും ശ്രീക്കുട്ടി ബാഗും എടുത്തു ചാടി തുള്ളിയിറങ്ങി.

'നീ കാപ്പി കുടിക്കാതെ പോകുകയാണോ'- മാഷ് ചോദിച്ചു.

'ദേ വരുന്നു നിങ്ങടെ പുന്നാര കണ്ണമ്മ അവര്‍ക്ക് കൊടുക്ക് കാപ്പി'

ഗേറ്റ് കടന്നു വരുന്ന കണ്ണമ്മയെ നോക്കി പറഞ്ഞുകൊണ്ട്  അവള്‍ കാര്‍ വേഗത്തിലോടിച്ചു പോയി.

സംഭവം മനസിലാകാതെ നോക്കി നിന്ന കണ്ണമ്മയോട് മാഷ് പറഞ്ഞു: 'അത് ഒരു കൊടുംകാറ്റ് ആണ്, ഇടയ്ക്കു വരും പോകും, കാര്യമാക്കണ്ട'

ഒന്നും പറയാതെ അകത്തേക്ക് പോയി അവള്‍ പണികള്‍ ചെയ്യാന്‍ തുടങ്ങി . ടീച്ചറുടെ വാക്കറിന്റെ ശബ്ദം അടുത്ത് വരുന്നത് അവളറിഞ്ഞു.

'നാട്ടില് മുഴുവന്‍ ആളുകള്‍ വേണ്ടാതീനം നടക്കുന്നു എന്ന് പറയാന്‍ ആണ് അവളിങ്ങോട്ടു വന്നത്. വയ്യാതെ കിടക്കുമ്പോള്‍ വന്നു നോക്കാന്‍ സമയമില്ലാത്തവള്‍ പരദൂഷണം കേട്ടപ്പോള്‍ ഓടി വന്നിരിക്കുന്നു. നല്ലതുപറഞ്ഞിട്ടുണ്ട്. അതാ ചാടി തുള്ളി പോയത്.'

കണ്ണമ്മ ഒന്നും മിണ്ടിയില്ല . ഇന്നും ഇന്നലെയും കേള്‍ക്കാന്‍ തുടങ്ങിയതല്ല അവളിത്തരം കാര്യങ്ങള്‍ . മുരുകന്‍ എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷനായപ്പോള്‍ മുതല്‍ കേള്‍ക്കുന്നുണ്ട്. മക്കളെയും വയസ്സായ അമ്മയെയും പോറ്റാന്‍ ഓടി നടക്കുന്ന പെണ്ണാണ് എന്നല്ല. ഭര്‍ത്താവിനെ ആട്ടി പുറത്താക്കി, തോന്നിയ പോലെ നടക്കുന്നവള്‍ എന്ന്. ജോലിക്കുപോകുമ്പോള്‍ വഴിയില്‍ കാണുന്ന പലരും ചോദിക്കാറുണ്ട്, ഒരു കൂട്ടൊക്കെ വേണ്ടേ കണ്ണമ്മേ, രാത്രി അങ്ങോട്ട് വന്നാലോ എന്ന്. മുഖമടച്ചൊരു ആട്ട് ആട്ടി നടക്കുമ്പോള്‍ കേള്‍ക്കാം, 'ഓ അവളൊരു ശീലാവതി, വീട്ടുപണിയെന്നത് പേരാണ്, എന്തൊക്കെ പണി ചെയ്യുന്നു എന്നാര്‍ക്കറിയാം. അതിപ്പോള്‍, മാഷിന്റെ  വീടായപ്പോള്‍ പലരെന്നത് മാഷ് എന്ന ഒറ്റയാളിലേക്ക് ഒതുങ്ങിയെന്നു മാത്രം.

ഇനിയും എന്തൊക്കെ കേള്‍ക്കാന്‍ കിടക്കുന്നു. കാവേരി ബി എസ് സി നഴ്‌സിങ്ങിന് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നപ്പോഴും പല കഥകള്‍ കേട്ടു. ഇപ്പോള്‍ അവസാന വര്‍ഷമെത്തി നില്‍ക്കുന്ന അവള്‍ക്കു ഒരു ജോലി ആയിട്ട് വേണം കുറച്ചു വിശ്രമിക്കാന്‍ എന്ന് കരുതി ഇരിക്കുകയാണ്.

ഒരു പെണ്ണ് ഒറ്റയ്ക്ക് കുടുംബം കൊണ്ട് പോകുമ്പോള്‍ എന്തൊക്കെ ആണ് കേള്‍ക്കേണ്ടത്?  ജീവിതം പച്ച പിടിപ്പിക്കാന്‍ പോയവന്‍ തിരിച്ചു വരാത്തതിന്റെ കുറ്റവും അവള്‍ക്കു തന്നെ!

കണ്ണമ്മയുടെ ചിന്തകള്‍ കടിഞ്ഞാണില്ലാത്ത അവിടെയും ഇവിടെയും ഓടി നടക്കുകയാണ്. ഭാവിയെ കുറിച്ചാണോ കഴിഞ്ഞു പോയതിനെ കുറിച്ചാണോ എന്ന് പോലും അറിയാതെ ബന്ധപ്പെട്ടോടുന്ന ചിന്തകള്‍.

'അമ്മാ ഇത് പാര്'-വൈഗ കാവേരിയുടെ ഫോണിലെ ഒരു ഫോട്ടോ കാണിച്ചു കൊണ്ട് പറഞ്ഞു .

ചിന്തകള്‍ക്ക് താല്‍ക്കാലിക അവധി കൊടുത്ത് അവള്‍ ഫോണിലെ  ഫോട്ടോയിലേക്ക് നോക്കി .  ഒരു വയസ്സായ ആളുടെ രൂപം, കാവേരിയുടെ ആണ്‍രൂപം പോലെ. അത് കണ്ടതും കണ്ണമ്മ മക്കളെ ചീത്ത വിളിക്കാന്‍ തുടങ്ങി. 

'എപ്പോഴും ഫോണില്‍ കളിയാണ്. ബാക്കിയുള്ളവര്‍ നടു ഒടിഞ്ഞു പണി എടുക്കുന്നത് നിങ്ങളെ പഠിപ്പിച്ചു നല്ല ജീവിതമുണ്ടാക്കാന്‍ വേണ്ടി, എന്ത് കാര്യം! ഫോണില്‍ ഫോട്ടോ മാറ്റിയും മറിച്ചും കളിക്കുന്നു' 
കണ്ണമ്മ ചീത്ത വിളി തുടരുന്നതിനിടയില്‍ കാവേരി പറഞ്ഞു.

'അമ്മ ഇത് എന്റെ ഫോട്ടോ അല്ല. ഇന്ന് വാര്‍ഡില്‍ അഡ്മിറ്റ് ആയ ഒരാളുടെ ആണ്. ആരാണെന്നു അറിയില്ല എന്നെ പോലെ ഉണ്ടെന്നു മുബീന പറഞ്ഞപ്പോള്‍ ഞാന്‍ ഫോട്ടോ എടുത്തതാണ്.'

കണ്ണമ്മയുടെ തലക്കുള്ളില്‍ എന്തോ ഒരു പ്രകമ്പനം. ഫോണ്‍ വാങ്ങി ഫോട്ടോ ഒന്ന് കൂടെ നോക്കി അവള്‍ മകളോട് പറഞ്ഞു: 'വണ്ടി എടുക്കു'

ഇപ്പോള്‍ വരാമെന്ന് അത്തായോട് പറഞ്ഞ് അവള്‍ കാവേരിയോട് വണ്ടി ഹോസ്പിറ്റലിലേക്ക് വിടാന്‍ പറഞ്ഞുഴ

'എന്തിന് ഇപ്പോള്‍ ഹോസ്പിറ്റലിലേക്ക്' എന്ന് മകളും അമ്മായിയമ്മയും ചോദിച്ചതിന് കണ്ണമ്മ മിണ്ടിയില്ല. ഹോസ്പിറ്റലിലെത്തുമ്പോള്‍ സന്ദര്‍ശന സമയം കഴിയാറായിരുന്നു. മോളുടെ ഐഡി കാര്‍ഡിന്റെ സ്വാധീനത്തില്‍ അവര്‍ ഉള്ളിലേക്ക് കടന്നു. 

വാര്‍ഡിലെ  ഒരു മൂലയിലെ കട്ടിലില്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപം കിടക്കുന്നത് കാവേരി ചൂണ്ടിക്കാണിച്ചു.  കട്ടിലിനരികില്‍ ചെന്ന കണ്ണമ്മ ഒട്ടിയ വയറില്‍ ചേര്‍ത്ത് വെച്ച ഇടത് കൈ എടുത്തു മെല്ലെ തിരിച്ചു നോക്കി. കാവേരിക്ക് മനസിലാകാത്ത ഭാഷയില്‍ അതിലെന്തോ പച്ച കുത്തിയിരുന്നു. ആ പച്ചകുത്തിലേക്ക് നോക്കവേ എത്രയോ വര്‍ഷങ്ങളായി ഘനീഭവിച്ചു കിടന്ന മഞ്ഞുപര്‍വതം അയാളുടെ പനിചൂടില്‍  ഉരുകി ഒലിച്ചു കണ്ണമ്മയുടെ കണ്ണില്‍ നിന്നും കണ്ണുനീരായി അയാളുടെ കൈത്തണ്ടയിലേക്ക് വീണു. 

കയ്യില്‍ വീണ നനവില്‍ അയാള്‍ ഒന്ന് ഞെട്ടി. പീള കെട്ടിയ കണ്ണുകള്‍ തുറക്കാന്‍ ഒരു ശ്രമം നടത്തി. പനിച്ചൂടില്‍ എന്തൊക്കെയോ പിറുപിറുക്കുന്ന അയാളുടെ ചുണ്ടരികിലേക്ക് കണ്ണമ്മ ചെവി ചേര്‍ത്ത് വെച്ചു. നേര്‍ത്ത നിശ്വാസത്തിനൊപ്പം അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു.

'കണ്ണേ മന്നിച്ചിട്, കണ്ണേ മന്നിച്ചിട്'

Follow Us:
Download App:
  • android
  • ios