Asianet News MalayalamAsianet News Malayalam

Malayalam Short Story : ഭൂമിയിലൊരു പറവ, സൂര്യ സരസ്വതി എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സൂര്യ സരസ്വതി എഴുതിയ ചെറുകഥ 

chilla Malayalam short story by Surya Saraswathy
Author
First Published Jun 19, 2024, 5:28 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam short story by Surya Saraswathy

 

ഭൂമിയിലൊരു പറവ

'പര്‍വ്വതങ്ങളിലേക്ക് ഞാന്‍ കണ്ണുകളുയര്‍ത്തുന്നു. എനിക്ക് സഹായം എവിടെ നിന്ന് വരുന്നു, എനിക്ക് സഹായം കര്‍ത്താവില്‍ നിന്നും വരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്നും. എന്റെ കാല്‍ വഴുതാന്‍ അവിടുന്ന് സമ്മതിക്കുകയില്ല. ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല ഉറങ്ങുകയുമില്ല. കര്‍ത്താവാണ് നിന്റെ കാവല്‍ക്കാരന്‍. പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. അവിടുന്ന് നിന്റെ ജീവന്‍ സംരക്ഷിക്കുന്നു. നിന്റെ വ്യാപാരങ്ങളെ ഇന്നും എന്നന്നേയ്ക്കും കാത്തുകൊള്ളുന്നു.'

ജോസഫ് ഒരു നിമിഷം സുവിശേഷ പ്രസംഗം നിര്‍ത്തിയിട്ട് ചുറ്റും നോക്കി. നല്ല ദാഹമുണ്ട്. തലയല്പം ചെരിച്ചു മുകളിലേയ്ക്കു നോക്കി. കത്തിക്കൊണ്ടിരിക്കുന്ന സൂര്യഗോളം താഴേക്ക് വരുന്നുണ്ടെന്നു തോന്നി. സൂര്യന്റെ തീനാളങ്ങള്‍ക്ക് ജോസഫിന്റെ ക്ഷീണിച്ച കണ്ണുകളെ ചുട്ടുചാമ്പലാക്കാന്‍ പോന്നത്ര ശക്തിയുണ്ടായിരുന്നു. 

ഓ! പകല്‍ സമയം സൂര്യന്‍ നിന്നെ ഉപദ്രവിക്കുകയില്ല. ഇത് പിന്നെ എന്തോന്നാണ് കര്‍ത്താവേ. ജോസഫ് കര്‍ത്താവിനോട് ആ ചോദ്യം ആരും കേള്‍ക്കാതെ ചോദിച്ചു. 

ഈ ചൂടില്‍ ഇസ്രയേലിന്റെ പരിചാരകന്‍ എന്നല്ല ഒരു മനുഷ്യര്‍ക്കും മയങ്ങാനോ ഉറങ്ങാനോ കഴിയുകയില്ല . ജോസഫ് ഒരു തമാശ പോലെ ചിന്തിച്ചു. പെട്ടന്നയാള്‍ ഞെട്ടി. നിന്ദ, കടുത്ത ദൈവനിന്ദ. ഇതിനുള്ള ശിക്ഷ കര്‍ത്താവെന്തായലും തനിക്കു തരാതിരിക്കില്ല. അയാള്‍ക്ക് കുറ്റബോധം തോന്നി. താന്‍ ഒരിക്കലും ഇങ്ങനെ ചിന്തിക്കാന്‍ പാടില്ല. പിന്നെ അയാള്‍ സമാധാനപ്പെട്ടു..മനുഷ്യന്‍ പാപിയാണ്. പാപം ചിന്തിക്കുകയോ ചെയ്യുകയോ ചെയ്യാത്തവര്‍ മനുഷ്യന്‍ എന്ന ഗണത്തില്‍പ്പെടുത്താന്‍ പറ്റുകയില്ല. ഇത് തന്റെ കുഴപ്പമല്ല. മനുഷ്യനായി ജനിച്ചതിന്റെ കുഴപ്പമാണ് 

നഗരഹൃദയത്തിലെ ജനനിബിഡമായ ബസ് സ്റ്റാന്‍ഡ് പരിസരമായിരുന്നു അത്. റോഡിന്റെ വശങ്ങളില്‍ നിരനിരയായി ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍. പഴക്കടയില്‍ തുടങ്ങി കണ്ണെത്താത്ത ദൂരത്തിലെ തുണിക്കടയും മൊബൈല്‍ കടയും കടന്ന് അത് നീണ്ടുപോകുന്നു. ഒരു ഹോട്ടലിന്റെ മുന്‍പില്‍ ഭാഗ്യം വില്‍ക്കുന്ന ഒരു ലോട്ടറി കച്ചവടക്കാരന്‍. ചെവികള്‍ക്ക് അസഹനീയത ഉണ്ടാക്കുന്നവിധത്തില്‍ തട്ടിലിട്ട് ശബ്ദമുണ്ടാക്കി ചൂട് കപ്പലണ്ടി വില്‍ക്കുന്ന കറുത്ത് മെലിഞ്ഞ മധ്യവയസ്‌കന്‍. ചൂട് വകവയ്ക്കാതെ ഫുട്പാത്തിന്റെ ഒരറ്റത്ത് തറയില്‍ വിരിച്ചിട്ട ഷീറ്റില്‍ ചീപ്പും, പിന്നും, പഴ്‌സും പിന്നെ കയ്യില്‍ മാലപോലെ കൊരുത്തിട്ടിരിക്കുന്ന ഹെഡ്‌സെറ്റുകളുമായിരിക്കുന്ന ബംഗാളി ചെക്കന്‍. 

വശത്തെ ഭിത്തിയോട് ചേര്‍ന്നിരിക്കുന്ന ചെരുപ്പുകുത്തികളായ ഒരു ഭാര്യയും ഭര്‍ത്താവും. അവരിലൊരാളായി ഒരറ്റത്ത് ജോസഫും. ഒരു വ്യത്യാസമുണ്ടായിരുന്നത്, ജോസഫിന്റെയടുത്ത് ഒഴികെ മേല്‍പ്പറഞ്ഞവരുടെ അടുത്തെല്ലാം വല്ലപ്പോഴുമൊക്കെ ആളുകള്‍ വരികയും കാശു കൊടുത്ത് അവരവരുടെ ആവശ്യങ്ങള്‍ സാധിച്ചു പോവുകയും ചെയ്തു. അങ്ങനെ ഒരാള്‍ അവിടെ നിന്ന് തൊണ്ടകീറി ദൈവവചനം പ്രസംഗിക്കുന്നത് ആരും കേള്‍ക്കുകയോ അഥവാ കേട്ടെങ്കില്‍ത്തന്നെ അത് ശ്രദ്ധിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. തിരിച്ച് ജോസഫും ആരെയും ശ്രദ്ധിച്ചില്ല. 

ജോസഫിന് വല്ലാത്ത ക്ഷീണം തോന്നി. ദാഹം സഹിക്കാന്‍ പറ്റുന്നില്ല. കുപ്പിയില്‍ കരുതി വച്ചിരുന്ന വെള്ളം തീര്‍ന്നുകഴിഞ്ഞു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയപ്പോഴും അയാള്‍ ഒന്നും കഴിച്ചിരുന്നില്ല. 

കഴിക്കാന്‍ ദാരിദ്ര്യവും കുടിക്കാന്‍ പച്ചവെള്ളവും മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. ഇറങ്ങാന്‍ നേരം കഴിക്കാന്‍ വല്ലതുമുണ്ടോയെന്ന് അയാള്‍ ചോദിച്ചപ്പോള്‍ പലകക്കട്ടിലിലിരുന്ന് ജപമാലയെണ്ണി തീര്‍ക്കുന്ന അയാളുടെ അമ്മച്ചി അന്നാമ്മ പറഞ്ഞു:  

'നീ പോയിട്ട് വാ ജോസഫേ. നിനക്കുള്ള അപ്പവും വീഞ്ഞും കര്‍ത്താവ് തരും'

ജോസഫിന്റെ അപ്പന്‍ യോഹന്നാന് കപ്യാര് പണിയാണ്. കിട്ടുന്ന ശമ്പളത്തില്‍ ഭൂരിഭാഗവും അയാള്‍ കള്ളുകുടിച്ചു തീര്‍ക്കും. അതിരാവിലെ പോകുന്ന അയാള്‍ ചാരായത്തിന്റെ മണവും ഉറയ്ക്കാത്ത കാലുകളുമായിട്ട രാത്രിയില്‍ കയറി വരും .കട്ടിലിന്റെ അറ്റത്ത് ചുരുണ്ടുകൂടിക്കിടക്കുന്ന പൂച്ചയെയെടുത്ത് മടിയില്‍ വച്ച് താലോലിച്ച് യോഹന്നാന്‍ ഉച്ചത്തില്‍ പാടും 

'എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം എത്ര മനോഹരമേ'
 
'എന്റെ ദൈവമേ ഈ മനുഷ്യന്‍ ഇന്നും കുടിച്ചോണ്ടാണോ വന്നേക്കുന്നത്. കഞ്ഞി വയ്ക്കാന്‍ ഒരുമണിയരിയില്ല. അന്നാമ്മയുടെ പതിവുള്ള ദാരിദ്ര്യ സുവിശേഷം തുടങ്ങുമ്പോള്‍ യോഹന്നാന്‍ കുഴയുന്ന നാവോടെ ശാന്തനായി പറയും. 

'എടീ അന്നാമ്മേ, ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകള്‍ കെട്ടുന്നില്ല. അഥവാ പറവ ഇനി വല്ല കളപ്പൊരേന്നും കൊറച്ച് നെന്മണി കൊത്തിയെടുത്താല്‍ അത് ആ പറവയ്ക്കു മാത്രം കഴിക്കാനാ.'- അതും പറഞ്ഞ് ഉച്ചത്തിലൊരു ചിരിയും ചിരിച്ച് ഉടല് കട്ടിലിലും കാല് തറയിലുമായി ഒരൊറ്റക്കിടത്തയാണ്. ദോഷം പറയരുതല്ലോ യോഹന്നാനെക്കൊണ്ട് വീടിന് പ്രത്യേകിച്ചൊരു ദോഷവുമില്ല, ഗുണവുമില്ല. 

അമ്മച്ചി പറഞ്ഞ അപ്പവും വീഞ്ഞും പോയിട്ട് കര്‍ത്താവൊരു ഗ്ലാസ് വെള്ളമെങ്കിലും കൊണ്ടുതന്നെങ്കിലെന്ന് ജോസഫ് കൊതിച്ചുപോയി. അയാള്‍ തളര്‍ച്ചയോടെ വീണ്ടും പ്രസംഗിച്ചുതുടങ്ങി 

'കര്‍ത്താവാണെന്റെ ഇടയന്‍. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ച പുല്‍ത്തകിടിയില്‍ അവിടുന്നെനിക്ക് വിശ്രമമരുളുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.' 
ജോസഫിന്റെ തൊണ്ടയിടറി. കാലുകളുടെ തളര്‍ച്ച ശരീരത്തിന്റെ ഭാരം വര്‍ദ്ധിപ്പിച്ചു. കുപ്പിവെള്ളവും പഴങ്ങളും അടുക്കി വച്ചിരിക്കുന്ന 'ഫ്രഷ് ജ്യൂസ്' എന്നെഴുതി വച്ചിരിക്കുന്ന കടയിലേക്ക് ജോസഫ് ആര്‍ത്തിയോടെ നോക്കി. ശരീരത്തോട് വിയര്‍ത്തൊട്ടി കിടക്കുന്ന ഷര്‍ട്ടിന്റെ പോക്കറ്റിനുള്ളിലേക്ക് അയാളുടെ കൈകള്‍ പ്രത്യാശയോടെ സഞ്ചരിക്കുകയും നിരാശയോടെ അതിലേറെ പാരവശ്യത്തോടെ കൈകള്‍ പിന്‍വലിക്കുകയും ചെയ്തു. ജോസഫിന് തലകറങ്ങുന്നതുപോലെയും കണ്ണിലിരുട്ട് കയറുന്നതുപോലെയും തോന്നി . 

'മകനേ എഴുന്നേല്‍ക്കു, എഴുന്നേല്‍ക്കൂ' എന്ന വളരെ മൃദുലവും സൗമ്യവുമായ സ്ത്രീശബ്ദം കേട്ടാണ് ജോസഫ് കണ്ണ് തുറന്നത്. വല്ലാത്ത ക്ഷീണം. ജോസഫ് പതിയെ എഴുന്നേറ്റിരുന്നു. 

'മകനെ...' വീണ്ടും വിളിയൊച്ച. തളര്‍ന്ന കണ്ണുകളുയര്‍ത്തി ജോസഫ് നോക്കി. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മേരി മാതാവ്! കാരുണ്യവും സ്‌നേഹവും വഴിയുന്ന പുഞ്ചിരിയോടെ മാതാവ് ജോസഫിനെ നോക്കി നില്‍ക്കുന്നു. മാതാവിന്റെ ഒരു കയ്യില്‍ അപ്പത്തിന്റെ പൊതി. മറ്റേക്കയ്യില്‍ വീഞ്ഞ്. 
മാതാവ് അവ രണ്ടും ദയയോടെ ജോസഫിന് നീട്ടി. ജോസഫ് ആര്‍ത്തിയോടെ അത് വാങ്ങി ആദ്യം വീഞ്ഞ് കുപ്പി തുറന്നു കുടിക്കാന്‍ തുടങ്ങി. കുറച്ചു കുടിച്ചപ്പോഴാണ് ജോസഫിന് തോന്നിയത് ഇത് വീഞ്ഞല്ലലോ വെറും വെള്ളമല്ലേ. അയാള്‍ കുറച്ചുകൂടി കുടിച്ചു. അല്ല വീഞ്ഞല്ല ഇത് വെറും പച്ച വെള്ളം തന്നെ. 

ജോസഫ് പൊതിയഴിച്ചു. അതില്‍ അപ്പമായിരുന്നില്ല.. ചോറ്, അവിയല്‍, തോരന്‍... ജോസഫ് മാതാവിനെ നോക്കി. അയ്യോ ഇത് കര്‍ത്താവിന്റെ അമ്മയായ മേരിയല്ലല്ലോ. ഹോസ്പിറ്റല്‍ പരിസരത്ത് പൊതിച്ചോര്‍ വില്‍ക്കുന്ന മേരി ചേടത്തിയാണല്ലോ . 

മേരി ചേടത്തി ജോസഫിന്റെ ഇടവകയിലുള്ള കൃത്യമായി പള്ളിയില്‍ പോവുകയും കുര്‍ബ്ബാന കൈക്കൊള്ളുകയും ചെയ്യുന്ന ഒരു സത്യക്രിസ്താനിയാണ്. ഇന്നേവരെയുള്ള ജീവിതത്തില്‍ കഷ്ടപ്പാടും ദുഖവും മാത്രം നീക്കിയിരിപ്പുള്ള ക്യാന്‍സര്‍ രോഗിയായ മേരിയുടെ ആകെയുള്ള സമ്പാദ്യം ഒരു അപകടത്തില്‍ മരിച്ചുപോയ മകന്റെയും അവന്റെ ഭാര്യയുടെയും രണ്ടു ചെറിയ കുട്ടികളാണ്. 

'ഇപ്പൊ എങ്ങനെയുണ്ട് മോനെ' മേരിചേടത്തിയുടെ ശബ്ദം ജോസഫിനെ ചിന്തയില്‍ നിന്നുമുണര്‍ത്തി. 

'കുഴപ്പമില്ല മറിയ ചേടത്തി. ഒത്തിരി നന്ദി'- ജോസഫ് നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി'

സാരമില്ല കുഞ്ഞേ, നീ വേഗത്തില്‍ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാനുള്ള എളുപ്പ വഴി അന്വേഷിക്കുന്നു. ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്റെ ജീവനും ജീവിതവും ഭൂമിയില്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്നു'
 
മേരി ചേടത്തി ഒരു ചെറിയ ചിരിയോടെ അതും പറഞ്ഞു നടന്നു പോയി. 

ജോസഫ് എഴുന്നേറ്റു നടക്കാന്‍ തുടങ്ങി . അപ്പോള്‍ കര്‍ത്താവ് ഇപ്രകാരം തന്നോട് അരുളിച്ചെയ്യും പോലെ ജോസഫിന് തോന്നി:  'നീ നിന്റെ അധ്വാനത്തിന്റെ വിയര്‍പ്പില്‍നിന്നുള്ള പ്രതിഫലം കൊണ്ട് ഭക്ഷിക്കുക. നിനക്കുള്ള വഴി നീ തന്നെ വെട്ടിതെളിക്കുക. കര്‍ത്താവായ എനിക്കതില്‍ യാതൊരു വിധത്തിലുള്ള ബാധ്യതയുമില്ലെന്ന് ഇതിനാല്‍ ബോധ്യപ്പെടുത്തിക്കൊള്ളുന്നു!'


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios