Asianet News MalayalamAsianet News Malayalam

Malayalam Short Story: അതിരഞ്ഞൂരില്‍ മഴപെയ്യുകയാണ്..., ശ്യാംസുന്ദര്‍ പി എച്ച് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ശ്യാംസുന്ദര്‍ പി എച്ച് എഴുതിയ ചെറുകഥ

chilla malayalam  short story by Syam Sundar PH
Author
First Published Feb 1, 2024, 1:02 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Syam Sundar PH


അതിരഞ്ഞൂരിലെ എന്റെ ആദ്യത്തെ മഴക്കാലമായിരുന്നു അത്. വിരലുവെച്ചാല്‍ മുറിഞ്ഞുപോകുന്ന അത്രയും മഴ. ഇടവേളകളില്ലാതെ പെയ്ത മഴയില്‍ അതിരഞ്ഞൂര്‍ പുഴ കരകവിഞ്ഞൊഴുകി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വരെ കണ്ട ഭാവമേയായിരുന്നില്ല പ്രകൃതിക്ക്. ചില മനുഷ്യരെപ്പോലെ, തീര്‍ത്തും അപരിചിതമായ മറ്റൊരു ഭാവം പൊടുന്നനെ അവള്‍ മുഖത്തണിഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് അതിരഞ്ഞൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായി ഞാന്‍ ജോലിയില്‍ ചേരുന്നത്. എത്തിപ്പെടാന്‍ അത്രയൊന്നും എളുപ്പമല്ലാത്ത ഒരിടമായിരുന്നു അത്. വല്ലപ്പോഴും -അതായത് രാവിലെ രണ്ട്, ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് രണ്ട് എന്ന കണക്കില്‍ -സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസുകളുംമറ്റെവിടെ നിന്നോ കിതച്ചെത്തുന്ന ഓട്ടോറിക്ഷകളും മാത്രമായിരുന്നു സഞ്ചാരത്തിനുള്ള സാധാരണക്കാരന്റെ ആശ്രയങ്ങള്‍. ഒരു ഓട്ടോറിക്ഷ സ്റ്റാന്‍ഡ് പോലും അവിടെയുണ്ടായിരുന്നില്ല എന്നത് എന്നെ അതിശയപ്പെടുത്തിയിരുന്നു. 

ആദ്യമൊക്കെ ഈ യാത്രാക്ലേശം എന്നില്‍ ഒരുതരം അസ്വസ്ഥത ജനിപ്പിച്ചിരുന്നു എന്നത് ശരി തന്നെ. സാഹചര്യങ്ങളോട് ഇഴുകിചേര്‍ന്നതോടെ പിന്നെ പിന്നെ അതില്ലാതായി. ഒന്നോര്‍ത്താല്‍ സ്‌കൂള്‍ വിട്ടാല്‍ വാടകമുറി, വാടകമുറിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സ്‌കൂള്‍, മറ്റെവിടേയ്ക്കും പോകാനില്ലാത്ത, മറ്റാരും അന്വേഷിച്ചു വരാനുമില്ലാത്ത ഒരാളെ സംബന്ധിച്ച് യാത്ര എന്നതിന് എന്ത് പ്രസക്തിയാണുള്ളത്? അതു കൊണ്ട് കൂടിയാണ് നാട്ടില്‍ ഉപയോഗിച്ചിരുന്ന ടു വീലര്‍ അവിടേയ്ക്ക് കൊണ്ട് പോകാതിരുന്നതും. മാസത്തിലൊരിക്കല്‍ നാട്ടിലേക്ക് പോകുമ്പോഴാകട്ടെ വൈകുന്നേരത്തെ ബസില്‍ റെയില്‍വേ സ്റ്റേഷന് മുന്നിലും, തിങ്കളാഴ്ചകളില്‍ രാവിലത്തെ ബസില്‍ തിരിച്ച് സ്‌കൂളിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങുകയും ചെയ്യാം. അല്പം നടക്കേണ്ട ദൂരം മാത്രം സ്വസ്ഥം, സമാധാനം. തിരക്കുകളില്‍ നിന്നും, ലോകത്തിന്റെ ദ്രുത ചലനങ്ങളില്‍ നിന്നും ശബ്ദകോലാഹലങ്ങളില്‍ നിന്നുമെല്ലാം വിട്ടകന്ന് ശാന്തമായി ജീവിതം വെറുതേയങ്ങനെ ജീവിച്ചു തീര്‍ക്കാന്‍ അതിലും യോജിച്ച ഒരിടം എന്നെ സംബന്ധിച്ച് മറ്റൊന്നുണ്ടായിരുന്നില്ല. 

കിഴക്ക്അതിരിട്ടു നില്‍ക്കുന്ന മലനിരകള്‍ക്കിടയിലൂടെ, പുഴ കൈപിടിച്ചു കൊണ്ടുവരുന്ന കിഴക്കന്‍ കാറ്റേറ്റ് 'സ്‌പോട്ടിഫയി'ലെ ഇഷ്ടപ്പെട്ട പ്ലേലിസ്റ്റുും ഓണ്‍ ചെയ്ത് വെച്ച് കരിമ്പനകള്‍ക്ക് നടുവിലെ പാറപ്പുറത്ത് കണ്ണടച്ച് മലര്‍ന്നു കിടക്കുന്നതായിരുന്നു 'ആദ്യകാല അതിരഞ്ഞൂര്‍ വൈകുന്നേരങ്ങളിലെ' എന്റെ പ്രിയപ്പെട്ട നേരംപോക്ക്. പിന്നെ പുഴയ്ക്ക് നടുവിലെ ചെറിയ തുരുത്തുകളില്‍ നിന്നും ആറ്റുവഞ്ചി പൂക്കള്‍ പിഴുതെടുത്ത് വാടകമുറിയിലേക്ക് നടക്കും. ഒക്ടോബര്‍ പകുതിയോടെ പുഴ വറ്റിവരണ്ട് നേര്‍ത്ത നൂലുപോലെയാകും, വരണ്ട പൊടിക്കാറ്റ് വീശും. 

എങ്കിലും ഭൂതകാലത്തിന്റെ സമൃദ്ധിയുടെ ഓര്‍മകളില്‍ അഭിരമിച്ചു കിടക്കുന്ന മണല്‍ത്തരികളില്‍ അപ്പോഴും ചെറിയ നനവ് അനുഭവപ്പെടാറുണ്ടായിരുന്നു. അതില്‍ ചവുട്ടി നടക്കുമ്പോള്‍ എന്റെ ഹൃദയത്തിലും തെളിനീര്‍ കിനിയുന്നത് ഞാന്‍ അറിയാറുണ്ട്. അങ്ങനെ നടക്കുമ്പോഴാകും ക്ലാസ്സിലെ ഏതെങ്കിലുമൊരു കുട്ടിയുടെ രക്ഷിതാവിനെ കണ്ടുമുട്ടുക. തങ്ങളുടെ നാട്ടിലെ ആകെയുള്ളൊരു സര്‍ക്കാര്‍ ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായ പരദേശി യുവാവിനെ ആ നാട്ടുകാര്‍ ഉപാധികളില്ലാത്ത സ്‌നേഹവായ്പ്പോടെയാണ് ചേര്‍ത്തുപിടിച്ചത്. കുശലാന്വേഷണങ്ങള്‍ പലപ്പോഴും നീണ്ടു നീണ്ടു പോകാറുള്ളത് പതിവായിരുന്നു.

മഴക്കാലമായതോടെ എന്റെയാ പ്രിയപ്പെട്ട വൈകുന്നേരങ്ങളാണ് എനിക്കു നഷ്ടപ്പെട്ടുപോയത്.
പുറത്തെ പെരുമഴയില്‍, ഇടവഴിയോട് ചേര്‍ന്നുള്ള, ദേവസ്സി ചേട്ടന്റെ ഫ്‌ലോര്‍മില്ലിന് മുകളിലെ വാടകമുറിയില്‍, ശനിയാഴ്ചയുടെ ആലസ്യത്തില്‍ മൂടിപ്പുതച്ച് കിടന്നുറങ്ങുമ്പോള്‍ 'ഈ നിമിഷമാണ് ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന്' എനിക്ക് തോന്നിപ്പോയിരുന്നു. വാടകമുറിയെന്ന് പറയുമ്പോള്‍ സൗകര്യങ്ങളെല്ലാം വളരെ പരിമിതമായ ഓടുപാകിയ ഒറ്റമുറി. കിടപ്പുമുറിയും അടുക്കളയും ഭക്ഷണമേശയും എല്ലാം ഒരിടത്ത്, പിന്നെ അടുക്കളയില്‍ നിന്ന് തുറക്കുന്ന വാതിലുകളുള്ള ഒരു കുളിമുറിയും. എങ്കിലും ആ മുറി എനിക്ക് പ്രിയപ്പെട്ടതാണ്. സ്വന്തം വീടൊഴിച്ച് മറ്റെവിടെ നിന്നും ലഭിച്ചിട്ടില്ലാത്ത മനഃശാന്തിയും സ്വസ്ഥതയും അവിടെയായിരിക്കുമ്പോള്‍ എനിക്കനുഭവപ്പെടാറുണ്ട്. സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ആരുമില്ലാതിരിക്കുന്ന അവസ്ഥയാണ് ലോകത്തേക്ക് വെച്ചേറ്റവും വലിയ ആഡംബരം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ മുറിക്കുള്ളില്‍ വെച്ച് തന്നെയാണ് .തനിച്ചിരുന്നു പുസ്തകങ്ങള്‍ വായിക്കാനും മനസ്സില്‍ തോന്നുന്ന വരികള്‍ ഡയറിയില്‍ കുറിച്ചിടാനും ഏറ്റവും സൗകര്യപ്രദമായ ഒരിടം .എങ്കിലും ഇടയ്ക്ക് മിണ്ടിയും പറഞ്ഞുമിരിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിലെന്നും വെറുതേ മോഹിച്ചുപോകും. 

അപ്പോഴൊക്കെ ദേവസ്സി ചേട്ടന്‍ ഒരു ദൈവദൂതനെ പോലെ എനിക്കു മുന്നില്‍ പ്രത്യക്ഷപ്പെടും. പിന്നെ അതിരഞ്ഞൂര്‍ കഥകളുടെ കെട്ടഴിക്കും. എഴുത്തിന്റെ 'അസ്‌കിത'യുള്ള ഒരാള്‍ക്ക് അത്തരം കഥകളില്‍ നിന്ന് സ്വഭാവികമായും ചിലതെല്ലാം വീണുകിട്ടുമല്ലോ. ആദ്യമായി അവിടേക്ക് താമസിക്കാന്‍ വരുമ്പോള്‍ സദാസമയം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഫ്‌ലോര്‍ മില്ലിന് മുകളിലെ താമസം എങ്ങനെയായിരിക്കുമെന്ന് ഒരാശങ്ക എനിക്കുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ മുറിയില്‍ ഉണ്ടായിരിക്കുമ്പോഴൊന്നും അയാള്‍ മുളക്, മല്ലി, മഞ്ഞള്‍ തുടങ്ങിയ ഉപദ്രവകാരികളായ വസ്തുക്കളൊന്നും മില്ലില്‍ നിന്ന് പൊടിച്ചു കൊടുക്കാറില്ലായിരുന്നു. ഞാന്‍ പുറത്തോ സ്‌കൂളിലോ ആയിരിക്കുമ്പോള്‍ മാത്രം അവ പൊടിക്കുകയും അല്ലാത്തപ്പോഴെല്ലാം അരി, ഗോതമ്പ്, പോലുള്ള ധാന്യങ്ങളും മറ്റും പൊടിച്ച് പരമാവധി എന്നെ ശല്യപ്പെടുത്താതിരിക്കാന്‍ ശ്രമിച്ചിരുന്നു. ദേവസ്സിചേട്ടനും എനിക്കുമിടയില്‍ നിലനിന്നിരുന്ന ആ അലിഖിത കരാര്‍ ഒരിക്കലും ലംഘിക്കപ്പെടാതിരിക്കാന്‍ അയാള്‍ അതീവശ്രദ്ധാലുവുമായിരുന്നു. ഒരു സഹൃദയന്‍, അതിരഞ്ഞൂരിനപ്പുറം ഒരു ലോകമില്ലെന്ന് കരുതുന്ന ഹൃദയവിശുദ്ധിയുള്ള ഒരു പാവം മധ്യവയസ്‌കന്‍.

മഴയൊന്ന് തോര്‍ന്നപ്പോള്‍-വാടകമുറിയുടെ ബാല്‍ക്കണിയെന്ന് പറയാവുന്ന ഇടുങ്ങിയയിടത്തോട് ചേര്‍ന്നുള്ള ഇലഞ്ഞിക്കൊമ്പില്‍ നിന്ന് അവസാനത്തെ തുള്ളിയും ഇറ്റുവീണതിന് ശേഷം, ഒരല്പം ഇറങ്ങി നടക്കാമെന്നു കരുതി മുറി പൂട്ടി പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഞാന്‍ താഷിയെ ആദ്യമായി കാണുന്നത്. നരച്ച ഇളംനീല നിക്കറും അതിനേക്കാള്‍ നരച്ച, അവനേക്കാള്‍ ഇരട്ടിവലിപ്പമുള്ള ഒരു റോസ്‌നിറ ടീ ഷര്‍ട്ടും ധരിച്ച് 'ചേട്ടാ..പുസ്തകങ്ങള് വേണോ?' എന്ന് ഉറക്കെ ചോദിച്ചു കൊണ്ട് മുകളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവന്‍. നെറ്റിയിലേക്ക് വീണുകിടക്കുന്ന അവന്റെ നീളന്‍ മുടിത്തുമ്പില്‍ മഴത്തുള്ളികള്‍ പളുങ്കു മണികള്‍ പോലെ പറ്റിപ്പിടിച്ചിരുന്നിരുന്നു. അവന്റെ ഇളംനീല കണ്ണുകള്‍ക്ക് അദ്ഭുതകരമായ തിളക്കമുണ്ടായിരുന്നു.

''പുസ്തകങ്ങളോ, എന്ത് പുസ്തകങ്ങള്‍?'' എന്ന് കൗതുകത്തോടെ ഞാന്‍ തിരിച്ചു ചോദിച്ചു. 

''വായിക്കാനുള്ള പുസ്തകങ്ങള്‍'' എന്ന അവന്റെ നിഷ്‌കളങ്കമായ മറുപടി കേട്ട് എന്റെ മുഖത്ത് അറിയാതെ പരന്ന ഒരു പുഞ്ചിരിയുമായി ഞാന്‍ താഴേക്ക് ഇറങ്ങിച്ചെന്നു. മഴയായത് കൊണ്ട് ദേവസ്സി ചേട്ടന്‍ അന്ന് മില്ല് തുറന്നിരുന്നില്ല. മില്ലിന്റെ മുന്നിലെ അരമതിലില്‍ ഇരുന്ന് ഞാന്‍ അവനോട് പുസ്തകങ്ങള്‍ കാണട്ടെ എന്നാവശ്യപ്പെട്ടു. മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ് ടി ഷര്‍ട്ടിനടിയില്‍ സൂക്ഷിച്ചിരുന്ന ഒരടുക്ക് പുസ്തകങ്ങള്‍ അവന്‍ പുറത്തേക്കെടുത്തു. അവന്റെ നെഞ്ചിലെ ചൂടുപറ്റിയ ഒരടുക്ക് പുസ്തകങ്ങള്‍. 

എല്ലാം പഴയ പുസ്തകങ്ങളായിരുന്നു, പഴയ പതിപ്പുകള്‍. ഏറ്റവും മുകളിലായി 'രണ്ടാമൂഴവും' അതിന് താഴെ 'ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നതും' കണ്ടു. അരമതിലില്‍ നനവില്ലാത്ത ഒരിടത്ത് അവന്‍ ആ പുസ്തകള്‍ പരത്തിയിട്ടു. കൂട്ടത്തില്‍ കുറേ ആഴ്ചപതിപ്പുകളും ഉണ്ടായിരുന്നു- പഴയവ. ഏതോ പഴയ പുസ്തകക്കടയില്‍ ആരുടെയും കരസ്പര്‍ശമേല്‍ക്കാതെ വീര്‍പ്പുമുട്ടി കിടന്നവയായിരുന്നിരിക്കണം. പൂതലിച്ച ഗന്ധവുമായി ആവേശിക്കാന്‍ ഒരു ശരീരം കാത്തുകിടക്കുന്നവ. 

''ഇതെല്ലാം പഴയതാണല്ലോ'' ഞാന്‍ ചോദിച്ചു. താഷി മറുപടി പറഞ്ഞില്ല. അവന്റെ നീല കണ്ണുകളിലെ തിളക്കം മങ്ങി അവ ദൂരേയൊരു ബിന്ദുവില്‍ തങ്ങി നിന്നു. 

അവനെ ഒരിക്കലും ഞാന്‍ പഠിപ്പിക്കുന്ന സ്‌കൂളിന്റെ പരിസരങ്ങളില്‍ ഇതുവരെ കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ എന്ന ചിന്തയോടെ ആദ്യത്തെ ചോദ്യത്തിന് ഉത്തരം കേള്‍ക്കും മുന്‍പ് ഞാന്‍ വീണ്ടും ചോദിച്ചു: 

''സ്‌കൂളില്‍ പോകുന്നില്ലേ, എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത്?'' 

''ഏഴില്.. ഇതൊക്കെ എന്റെ അച്ഛന്റെ കടയിലെ പുസ്തകങ്ങളായിരുന്നു.'' 

എല്ലാ ചോദ്യങ്ങള്‍ക്കുമായി അവന്‍ ഉത്തരം നല്‍കി.

''എവിടെയാണ് അച്ഛന്റെ പുസ്തകക്കട?'' എന്നായി അപ്പോള്‍ എന്റെ ചോദ്യം.

''ദൂരെ..'' അനന്തതയിലേക്ക് കണ്ണുകള്‍ പായിച്ച് പിന്നെ നിരത്തിയിട്ട പുസ്തകങ്ങള്‍ അവന്‍ പ്ലാസ്റ്റിക് കൂടിനുള്ളിലേക്ക് തിരികെ എടുത്തുവെയ്ക്കാന്‍ തുടങ്ങി. ഞാന്‍ പുസ്തകങ്ങള്‍ വാങ്ങിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവന്‍ കരുതിക്കാണണം. 

അതിനിടെ 'സക്കറിയയുടെ കഥകള്‍' എന്ന പുസ്തകം കണ്ട് ഇതെനിക്ക് വേണമെന്ന് ഞാന്‍ പറഞ്ഞു. പഴയതായത് കൊണ്ടായിരുന്നിരിക്കണം, പുസ്തകത്തിന്റെ പുറംചട്ടയില്‍ പ്രിന്റ് ചെയ്തിരിക്കുന്നതിന്റെ പകുതി വിലയാണ് അവന്‍ എന്റെ പക്കല്‍ നിന്ന് ആവശ്യപ്പെട്ടത്. അത് അവന്റെ നിക്കറിന്റെ പോക്കറ്റിലേക്ക് തിരുകി വെയ്ക്കുമ്പോള്‍, ഞാന്‍ ചോദിച്ചു 

''ഈ കാശൊക്കെ അച്ഛന് കൊണ്ടുപോയി കൊടുക്കുമോ?''- ഒരു നിമിഷം അവന്‍ സ്തബ്ദനായി നിന്നു. പിന്നെ മറുപടി പറയാതെ പോയ് മറഞ്ഞു.

അതിരഞ്ഞൂരിലെ മനുഷ്യര്‍ക്കെല്ലാം പറയാന്‍ ഒരു കഥയുണ്ടായിരുന്നു. ചിലത് വളരെ നിഗൂഢവും വിചിത്രവുമായിരുന്നു. ദേവസ്സി ചേട്ടനില്‍ നിന്ന് അത്തരം കഥകള്‍ പറഞ്ഞു കേള്‍ക്കുന്നത് തന്നെ ഒരു രസമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും നല്ല കഥപറച്ചിലുകാരന്‍ അയാളായിരുന്നു.  താഷിക്കുമുണ്ടായിരിക്കും അത്തരത്തില്‍ ഒരു കഥയെന്ന് ചിന്തിച്ചു കൊണ്ട് ഞാന്‍ അവിടെത്തന്നെ അല്പനേരം നിന്നു.

എന്തുകൊണ്ടോ അന്നത്തെ നടത്തം ഉപേക്ഷിച്ചേക്കാമെന്നു തോന്നി 'സക്കറിയയുടെ കഥകളുമായി' കിടക്കയിലേക്ക് മറിഞ്ഞു വീണു. വായനക്കിടയില്‍ എപ്പോഴോ മയങ്ങിപ്പോയ ഞാന്‍ വാതിലില്‍ തുടര്‍ച്ചയായി ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. നേരം ഇരുട്ടിയിരുന്നു. പുറത്തേക്കുള്ള ബള്‍ബ് തെളിയിച്ച് വാതില്‍ തുറന്നപ്പോള്‍ അരണ്ട മഞ്ഞവെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന ദേവസ്സി ചേട്ടനെ കണ്ടു. ചില ദിവസങ്ങളില്‍ സന്ധ്യകഴിഞ്ഞാല്‍ അങ്ങനെയൊരു സന്ദര്‍ശനം പതിവുള്ളതാണ്. കുറേനേരമിരുന്നു നാട്ടുവര്‍ത്തമാനങ്ങള്‍ പറയും. അന്നേരങ്ങളിലാണ് അതിരഞ്ഞൂര്‍ കഥകളുടെ കെട്ടഴിഞ്ഞു വീഴാറുള്ളത്. ''കുറച്ചു പുഴമീനാണ്. മുളകിട്ട് വെച്ചപ്പോള്‍ സാറിനെയോര്‍ത്തു. ഒരു പറ ചോറുണ്ണാന്‍ വേറെയൊന്നും ഇനി വേണ്ട.അവള് തന്നുവിട്ടതാണ്'' കൈയിലെ തൂക്കുപാത്രം എനിക്കു നേരെ നീട്ടി ക്ഷണിക്കാതെ തന്നെ  ദേവസ്സി ചേട്ടന്‍ അകത്തേക്ക് കടന്നിരുന്നു. 

ദേവസ്സി ചേട്ടന് ഈ ഭൂമിയില്‍ സ്വന്തമായുള്ളത് ആ മില്ലും പിന്നെ ബേബിചേച്ചിയും മാത്രമാണ്. അവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല.

''കര്‍ത്താവ് ഒരു കുശുമ്പനാണ് സാറേ . ഞങ്ങളിങ്ങനെ പത്തുനാല്‍പ്പത്തിയഞ്ച് കൊല്ലമായിട്ട് സന്തോഷിച്ചു ജീവിക്കുന്നത് അങ്ങേര്‍ക്ക് സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്, ഇടയ്‌ക്കൊന്നോര്‍ത്ത് നോവട്ടെ എന്ന് വെച്ച് ഒരു കുഞ്ഞിനെ തരാതിരുന്നത്. അതുകൊണ്ടൊന്നും നമ്മള് വിട്ടുകൊടുക്കില്ല...അല്ലേടീ ബേബിക്കുഞ്ഞേ...''

ആദ്യമായി ദേവസ്സി ചേട്ടന്റെ വീട്ടില്‍ ഒരു വിരുന്നുകാരനായി ചെന്ന ദിവസം ബേബിചേച്ചിയെ ചേര്‍ത്തുപിടിച്ച് ഉള്ളിലെ നോവുകടിച്ചു പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. 

''ഓ. ഈ മനുഷ്യന്‍..!'' എന്ന് നാണത്തോടെ നിറഞ്ഞു ചിരിച്ച ബേബിചേച്ചിയുടെ മുഖം ഇപ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. അവര്‍ക്കാവട്ടെ എന്നോട് ഒരു മകനോടുള്ളതെന്ന പോലെ സ്‌നേഹവും വാത്സല്യവുമാണെന്ന് എനിക്കു പോകെപ്പോകെ മനസ്സിലായി. ബേബിചേച്ചിയുടെ ആ സ്‌നേഹം അങ്ങനെ ചില 'തൂക്കുപാത്രങ്ങളായി' പലപ്പോഴും എന്നെ തേടിവന്നിട്ടുണ്ട്. നിസ്സീമമായ സ്‌നേഹം എല്ലായ്‌പ്പോഴും എന്നെ ഭയപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. സ്‌നേഹബന്ധങ്ങളിലുള്ള വിശ്വാസം പണ്ടേയ്ക്ക് പണ്ടേ കൈമോശം വന്നിരുന്നു. അത്തരത്തില്‍ സ്‌നേഹിക്കാനറിയാവുന്നവരൊക്കെ ഈ ഭൂമിയില്‍ ഇനിയുമവശേഷിക്കുന്നുണ്ടോ എന്ന് പോലും എനിക്ക് സംശയമാണ്. ഇനി അഥവാ ഉണ്ടെന്ന് തന്നെ കരുതുക, ആ സ്‌നേഹത്തിന് എന്താണ് ഞാന്‍ പകരം കൊടുക്കേണ്ടത്?, ആത്മാവില്‍ നിറഞ്ഞു തുളുമ്പുന്ന ഒരിറ്റു കണ്ണുനീരല്ലാതെ.

രണ്ട് കട്ടന്‍ചായ ഗ്ലാസുകളുമായി രണ്ടുപേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഭക്ഷണമേശയ്ക്ക് ഇരുപുറമിരുന്നു സംസാരിക്കുന്നതിനിടയിലാണ് അന്ന് രാത്രി ഞാന്‍ താഷിയെ കുറിച്ച് ദേവസ്സി ചേട്ടനോട് ചോദിച്ചത്.
''അതൊരു പാവം ചെറുക്കനാ സാറേ.. അവന്റെ അപ്പന്‍ അജയന് ടൗണില്‍ പുസ്തകക്കടയായിരുന്നു. പകല്‍ മുഴുവന്‍ പുസ്തകങ്ങള്‍ക്കിടയിലും രാത്രിയായാല്‍ ബാറിലും. മൂക്കറ്റം കുടിച്ച് നാലു കാലില്‍ വന്ന്, പാവം ആ പെണ്ണിനെ തൊഴിക്കുന്നതായിരുന്നു അവന്റെ സ്ഥിരം പരിപാടി. ഒരിക്കല്‍ ആര്‍ക്കാടീ നീയ്യ് പ്രേമലേഖനം എഴുതിയതെന്ന് ചോദിച്ചായിരുന്നു അക്രമം. പിന്നെയൊരിക്കലോ വായിച്ച ഏതോ പുസ്തകത്തിലെ കഥാപാത്രം അവളുടെ ജാരനാണെന്നും പറഞ്ഞായിരുന്നു പുകിലാകെ. കണ്ണില്‍ക്കണ്ട പുസ്തകങ്ങളൊക്കെ വായിച്ച് ഓരോന്നിരുന്നങ്ങനെ ആലോചിച്ചു കൂട്ടി വട്ട് മൂത്തതാവാനേ തരമുള്ളു. അല്ലാതെയിങ്ങനെയുണ്ടോ, അവളും കുട്ടികളും കുറച്ചൊന്നുമല്ല സഹിച്ചത്. അങ്ങനെ കുടിച്ചു കുടിച്ച് ഉള്ള് മൊത്തം പൊള്ളയായി. ഒരിക്കല്‍ രാത്രി മടങ്ങി വന്നില്ല. രണ്ടുദിവസമായിട്ടും കാണാതെ അന്വേഷിച്ചിറങ്ങിയപ്പോഴാണ്, കടയില്‍ പുസ്തകക്കൂമ്പാരങ്ങള്‍ക്കിടയില്‍ ചോരയും ഛര്‍ദ്ദിച്ച് കിടക്കുന്നത് കണ്ടത്. ആത്മഹത്യയായിരുന്നു. ഏതോ ഒരു പുസ്തകത്തിന്റെ പേര് എഴുതി വെച്ചിരുന്നു. അതേതാണെന്ന്എനിക്കിപ്പോള്‍ ഓര്‍മ്മ കിട്ടുന്നുമില്ല. അത് വായിച്ച് ബോധോദയം ഉണ്ടായത്രേ. ചെയ്ത പാപങ്ങള്‍ക്കൊക്കെ ഭാര്യയോടും മക്കളോടും മാപ്പ് എന്ന് എഴുതി വെച്ച് ഒരൊറ്റ പോക്ക്. അവനെന്തു നോക്കാന്‍. വെറുതേയങ്ങു മരിച്ചുപോയാല്‍ മതിയല്ലോ.രണ്ട് പൊടിക്കുഞ്ഞുങ്ങളെയും കൊണ്ട് പെരുവഴിയിലായത് അവളല്ലേ.. കിട്ടുന്ന പണിയൊക്കെചെയ്താ അവളാ മക്കളെ വളര്‍ത്തുന്നത്. ഇപ്പൊ കോയമ്പത്തൂരൊരു സിമന്റ് കമ്പനിയിലാ അവള്‍ക്ക് ജോലി..'' 

തണുത്തു തുടങ്ങിയ കട്ടന്‍ ചായ ഒറ്റവലിയില്‍ കുടിച്ച് തീര്‍ത്ത് ദേവസ്സി ചേട്ടന്‍ തുടര്‍ന്നു. 

''കോയമ്പത്തൂരിലേക്ക് പോകുമ്പോള്‍ മക്കളൊറ്റക്കാകുമല്ലോ എന്ന് കരുതിയാണ് അവരെയിവിടെ അവരുടെ അപ്പാപ്പന്റെയൊപ്പമാക്കിയിട്ട് പോയത്. ഇക്കൊല്ലം തൊട്ടാണെന്ന് തോന്നുന്നു നമ്മുടെ സ്‌കൂളില്‍ ചേര്‍ത്തത് . അവിടെന്നിങ്ങോട്ട് നാട് വിട്ട് വരുമ്പോള്‍ അവള്‍ ഭര്‍ത്താവിന്റെ ആകെയുള്ള സാമ്പാദ്യമായിരുന്ന പുസ്തകങ്ങളില്‍ കിട്ടിയതൊക്കെ തൂക്കിവിറ്റു, ബാക്കിയുള്ളതാകട്ടെ അവന്‍, താഷി കെട്ടുകളാക്കി ഇങ്ങോട്ട് കൊണ്ടുവന്നു. ഇടയ്ക്ക് അതിലൊന്നോ രണ്ടെണ്ണമോ ഒക്കെ കൊണ്ട് നടന്ന് വില്‍ക്കുന്നത് കാണാം. ഓരോരോ ജീവിതങ്ങള്‍.. അല്ലാതെന്ത് പറയാന്‍...!''

ദേവസ്സി ചേട്ടന്‍ ഒരു ദീര്‍ഘശ്വാസമെടുത്തു. ''ഇങ്ങനെയിരുന്നു പറഞ്ഞാല്‍ പറയാന്‍ ഒരുപാടുണ്ട് സാറേ..സാറിനി കഴിച്ചിട്ട് കിടന്നോ. നേരം ഒരുപാടായി. ഞാന്‍ ഇറങ്ങാം. അവള്‍ കാത്തിരിക്കും'

അയാള്‍ മുറിവിട്ടുപോയിട്ടും ഞാന്‍ അതേ ഇരിപ്പു തന്നെ തുടര്‍ന്നു. ഭൂതകാലം മലവെള്ളപ്പാച്ചില്‍ പോലെ കുതിച്ചെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും മേധയും അമ്മയും കടന്നുവന്ന വഴികളിലെ കൂര്‍ത്ത കല്ലുകളും മുള്ളുകളും അതേ മൂര്‍ച്ചയോടെ വീണ്ടും വേദനിപ്പിച്ചു. 

എനിക്കിപ്പോഴും ഓര്‍മയുണ്ട്, അച്ഛന്‍ മരിച്ചതിന്റെ നാല്‍പ്പത്തിയൊന്നാം ദിവസം വിഷം കലര്‍ത്തിയ ഭക്ഷണത്തില്‍ നിന്ന് എനിക്കും മേധയ്ക്കും ഒരുപിടി വാരി വായില്‍ വെച്ചുതരാന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു- ''പാട്ട പെറുക്കി വിറ്റായാലും നമുക്ക് ജീവിക്കാം അമ്മേ..''

അതുകേട്ട് പാത്രം ആഞ്ഞ് വീശി വലിച്ചെറിഞ്ഞ് കളഞ്ഞ് അമ്മ എന്നെയും മേധയേയും വാരി പുണര്‍ന്നു.

''ദൈവമേ.. എന്റെ മക്കള്‍'' എന്ന് പറഞ്ഞു അമ്മയന്ന് പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നെന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്. ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരുന്നത് ഞങ്ങള്‍ കുട്ടികള്‍ അറിഞ്ഞിരുന്നില്ല. ഒരു മാത്രയിലെ ബുദ്ധിശൂന്യതകൊണ്ടെടുത്ത ആ തീരുമാനത്തെയോര്‍ത്ത് ശേഷിച്ച കാലം മുഴുവന്‍ അമ്മ സ്വയം ശപിച്ചു ജീവിച്ചു. പാവം ഒരു സ്ത്രീ- എന്റെയമ്മ. അമ്മയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഒരേസമയം വേദനകൊണ്ടും അഭിമാനം കൊണ്ടും എന്റെ കണ്ണുകള്‍ നിറയും. 

അച്ഛനൊരു വര്‍ക്ക്ഷോപ്പിലായിരുന്നു ജോലി. ഒരു ദിവസം രാവിലെ ജോലിക്ക് പോകാനായി പുറപ്പെടുന്നതിനിടയില്‍ കുഴഞ്ഞു വീണു. പിന്നെ കണ്ണു തുറന്നില്ല. അച്ഛനില്ലാതായപ്പോഴാണ് ഒരു സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ഞങ്ങളുടേതെന്നു കരുതിയിരുന്ന മനുഷ്യരും ഇടങ്ങളുമൊന്നും ഞങ്ങളുടേതായിരുന്നില്ല . എത്രപെട്ടെന്നാണ് എല്ലാവരില്‍ നിന്നും എല്ലായിടത്തുനിന്നും ഞങ്ങള്‍ തിരസ്‌കരിക്കപ്പെട്ടത്. രക്ത ബന്ധങ്ങളിലും സ്‌നേഹബന്ധങ്ങളിലുമുള്ള വിശ്വാസം അന്നാണ് എനിക്ക് നഷ്ടപ്പെട്ടുപോയത്. മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുന്നതിനു പിന്നിലെല്ലാം ഒരു കാരണം കാണും, അദൃശ്യമായ ഒരു ഉടമ്പടി. ആ ഉടമ്പടി എന്ന് പ്രസക്തമല്ലാതായി തീരുന്നുവോ അന്ന് ആ സ്‌നേഹബന്ധവും അവസാനിക്കുന്നു. കൊടുക്കല്‍ വാങ്ങലുകളെല്ലാം തീര്‍ന്നിടത്ത് പിന്നെ സ്‌നേഹത്തിനെന്തു കാര്യം. അച്ഛന്റെ വീട് വിട്ടിറങ്ങി ഉള്ളതെല്ലാം-ഓരോ തരിയും -വിറ്റിട്ടാണ് അമ്മ ഒരു കുഞ്ഞു വാടക വീട് സംഘടിപ്പിച്ചത്. മനസ്സില്‍ എന്തൊക്കെയോ ദൃഢനിശ്ചയങ്ങള്‍ എടുത്തത് പോലെയായിരുന്നു പിന്നീടുള്ള അമ്മയുടെ ജീവിതം. മാര്‍ക്കറ്റില്‍ നിന്ന് മുളകും മഞ്ഞളും മല്ലിയും അരിയുമെല്ലാം വാങ്ങിച്ച് കഴുകിയുണക്കി പൊടിച്ചു പായ്ക്കറ്റുകളിലാക്കി ഓരോ വീടുകള്‍ തോറും കയറിയിറങ്ങി വില്‍പ്പന നടത്തി. ആദ്യമൊക്കെ പലരും മടിച്ചു. പക്ഷേ അവരുടെയെല്ലാം വിശ്വാസം ചെയ്യുന്ന ജോലിയിലെ സത്യസന്ധതകൊണ്ട് നേടിയെടുത്തു, അമ്മ. ആദ്യമൊക്കെ സ്ഥിരം ചില വീട്ടുകാരായിരുന്നു, അത് വളര്‍ന്നു ചെറിയ ചില കടകളിലും, പിന്നെ പേരെടുത്ത വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലും അമ്മയ്ക്ക് കച്ചവടം കിട്ടി. ആരുടെ മുന്നിലുമിനി കൈനീട്ടില്ലെന്ന ഒരു വാശിയായിരുന്നു അമ്മയെ മുന്നോട്ട് നയിച്ചത്. ആത്മഹത്യയുടെ വക്കില്‍ നിന്ന് ഒരു സ്വയം സംരംഭകയായി വളര്‍ന്ന അമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് കണ്ണുനിറയാതിരിക്കുന്നതെങ്ങിനെ. എങ്കിലും അമ്മ പറഞ്ഞു -'മണ്ണില്‍ ഉറച്ചു നില്‍ക്കുക. ഒന്നും സ്ഥിരമായിട്ടുണ്ടാവണമെന്നില്ല. താഴെ നോക്കി നടന്നാല്‍ വീഴ്ചയും കുറയ്ക്കാം.'' 

താഷിയുടെ അമ്മയ്ക്കും മനക്കരുത്ത് ഉണ്ടാവട്ടെ എന്നാണ് ഞാന്‍ ആ നിമിഷത്തില്‍ പ്രാര്‍ത്ഥിച്ചത്. മറ്റൊന്നും എനിക്ക് ചെയ്യാനുണ്ടായിരുന്നില്ലല്ലോ. താഷിയുടെ അമ്മ കടന്നുപോകുന്ന വഴികള്‍ എനിക്ക് മനസ്സിലാക്കാനാകുമായിരുന്നു, അതിനേക്കാള്‍ നന്നായി എനിക്ക് താഷിയേയും അവന്റെ അനിയത്തി താമരയേയും മനസ്സിലാക്കാനാകുമായിരുന്നു. 

ആ രാത്രി അമ്മയെ കാണണമെന്ന് തോന്നി. അമ്മ അടുത്തുണ്ടായിരുന്നെങ്കിലെന്ന് തീവ്രമായി ആഗ്രഹിച്ചു. ഞാന്‍ അമ്മയെ ഫോണില്‍ വിളിച്ചുസംസാരിച്ചു.

മഴ മാറി നിന്ന തിങ്കളാഴ്ചയായിരുന്നു അത്. മുറിപൂട്ടിയിറങ്ങുമ്പോള്‍ ദേവസ്സി ചേട്ടന്‍ താഴെ മില്ല് തുറക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പതിവിലും വൈകിയിരുന്നത് കൊണ്ട് ധൃതിയില്‍ സ്‌കൂളിലേക്ക് നടക്കുകയായിരുന്നു. മഴയില്‍ നനഞ്ഞൊട്ടി നിന്ന അതിരഞ്ഞൂരിനെയാകെ വെയില്‍ പൊതിഞ്ഞിരുന്നു. ഇറക്കമിറങ്ങിയാല്‍ പിന്നെ റോഡിനിരുവശവും നെല്‍പാടമാണ്. നിര്‍ത്താതെ പെയ്ത മഴയില്‍ പാടം നിറയെ വെള്ളം കയറിയിരുന്നു. രണ്ട് കയറ്റങ്ങള്‍ കൂടി നടന്നു കയറിയാലേ സ്‌കൂളിലെത്തൂ. രാവിലത്തെ ആ കയറ്റമാണ് ആകെയുള്ള വ്യായാമം. 

ആദ്യത്തെ കയറ്റം കയറിയപ്പോഴാണ് ഇടവഴിയില്‍ നിന്ന് അവര്‍ എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് - മുത്തച്ഛന്റെ കൈകളില്‍ തൂങ്ങി താഷിയും താമരയും. താഷിയുടെ മുത്തച്ഛനെ എനിക്ക് മുന്‍പരിചയമുണ്ടായിരുന്നു. പലപ്പോഴും എന്റെ 'അതിരഞ്ഞൂര്‍ വൈകുന്നേരങ്ങളില്‍' പാറപ്പുറത്തിരിക്കുമ്പോള്‍ ഞാന്‍ ആ വൃദ്ധനെ കാണാറുണ്ടായിരുന്നു. അത് താഷിയുടെ മുത്തച്ഛന്‍ ആണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് മാത്രം. ''മാഷേ. പേരക്കുട്ടികളാണ്. ഇവരെക്കൂടി ഒന്ന് നോക്കണേ'' എന്ന് പറഞ്ഞു കൊണ്ട് ആ വൃദ്ധന്‍ താഷിയേയും താമരയേയും എന്നെയേല്പിച്ചു. 

''വയ്യ മാഷേ.. ഈ കുന്ന് നടന്ന് കയറല്‍ എളുപ്പമല്ല. ഇപ്പോഴത്തെ കാലമല്ലേ. കൂട്ടില്ലാതെ കുട്ടികളെ വിടാനും വയ്യ. മാഷ്‌ക്ക് ബുദ്ധിമുട്ടായോ'' -അയാള്‍ ചോദിച്ചു. 

'എന്ത് ബുദ്ധിമുട്ട്' എന്ന് പറഞ്ഞ് ഞാന്‍ താഷിയേയും താമരയേയും എനിക്കൊപ്പം കൂട്ടി. 

മുന്നോട്ട് നടക്കുമ്പോള്‍ അവര്‍ ഇടയ്ക്കിടെ മുത്തച്ഛനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. വേലിയില്‍ പിടിച്ച് ആ വൃദ്ധന്‍ അവിടെ തന്നെ നോക്കി നിന്നു. കഴിഞ്ഞ ദിവസം തന്റെ പക്കല്‍ നിന്ന് പുസ്തകം വാങ്ങിയ ആ ആള്‍ താന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനായിരുന്നു എന്നറിഞ്ഞതിന്റെ ഒരു പകപ്പ്, താഷിയുടെ മുഖത്ത് നിന്ന് ഞാന്‍ വായിച്ചെടുത്തു. അവന്‍ ഒന്നും മിണ്ടാതെ എനിക്ക് മുന്‍പിലായി താമരയുടെ കൈകള്‍ പിടിച്ചു നടന്നു. താമര-താഷിയുടെ മാത്രം താര-അവള്‍ ഒരു കുസൃതിക്കുടുക്കയായിരുന്നു. ഇടയ്ക്കിടെ എന്നെ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ടിരുന്നു.

 ''മാഷ് ഏത് ക്ലാസ്സിലാ പഠിപ്പിക്കണേ?''- അവള്‍ ചോദിച്ചു.

''വലിയ ക്ലാസ്സില്''

''വലിയ ക്ലാസ്സെന്ന് പറഞ്ഞാല്‍ ?''

''താമര ഇപ്പോള്‍ എത്രയിലാണ് പഠിക്കുന്നത്?'' എന്നായി അപ്പോള്‍ എന്റെ ചോദ്യം 

''ഒന്ന് ബിയില്'' അവള്‍ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

''ഞാനേ പത്താം ക്ലാസ്സിലാണ് പഠിപ്പിക്കുന്നത്.''

''ഹൊയ്യോ'' അവളുടെ താമരക്കണ്ണുകള്‍ വിടര്‍ന്നു വന്നു. 

''നിങ്ങള്‍ക്കാരാണ് ഇത്രയും നല്ല പേരുകള്‍ ഇട്ടത്?'' -എന്നായി എന്റെ അടുത്ത ചോദ്യം.

''അച്ഛനാ''. അത് പറഞ്ഞപ്പോള്‍ അവളുടെ ശബ്ദം നേര്‍ത്ത് നേര്‍ത്തു പോയത് പോലെ. ചുവപ്പില്‍ മഞ്ഞ പുള്ളികളുള്ള ഉടുപ്പ് വിരിച്ചു പിടിച്ച് ഇരുവശത്തേക്കുമായി പിന്നിയിട്ട മുടി ആട്ടിയാട്ടി അവള്‍ താഷിയുടെ വിരലുകള്‍ വിടുവിച്ച് മുന്നോട്ട് അല്പദൂരം ഓടി. 

''താരേ ഓടരുത്''. ഉത്തരവാദിത്തമുള്ള ഒരു ചേട്ടനായി മാറി, താഷിയപ്പോള്‍. 

ഞാന്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. 

എനിക്ക് മേധയുടെയും എന്റെയും കുട്ടിക്കാലം ഓര്‍മ വന്നു. എന്ത് നല്ല കാലമായിരുന്നു അത്. എല്ലാം പൊയ്‌പ്പോയിരിക്കുന്നു. താഷിക്കും താമരക്കും ഒപ്പമെത്താന്‍ എനിക്കും അല്പ ദൂരം ഓടേണ്ടി വന്നു. 

പിന്നെയും ഒരുമിച്ച് നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു ''ആരാ താമരയെ ഇങ്ങനെ സുന്ദരിയായി അണിയിച്ചൊരുക്കിയത്? അമ്മയാണോ?'' 

സുന്ദരിയാണെന്ന് കേട്ടപ്പോള്‍ അവളുടെ മുഖം താമരപ്പൂ പോലെ ചുവന്നു തുടുത്തു. ''അമ്മ ഇവിടില്ലല്ലോ. ഏട്ടനാ എന്നെ കുളിപ്പിച്ച് തരുന്നതും ഉടുപ്പിടുവിച്ച് തരുന്നതുമൊക്കെ'' അവള്‍ കുസൃതിയോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു. 

''അപ്പോള്‍ കണ്ണെഴുതി തരുന്നതോ.?. പൊട്ടു തൊടുവിച്ചു തരുന്നതോ?'' 

''അതും ഏട്ടന്‍!'' 

''ദൈവമേ.. എന്റെ മേധ. എന്റെ കുഞ്ഞനിയത്തി..'' ഞാനറിയാതെ എന്റെ മനസ്സുരുകി. 

''ഒരു ശ്രദ്ധയില്ല മാഷേ.. മര്യാദക്ക് തല തോര്‍ത്തുക പോലുമില്ല'' മൗനം ഭേദിച്ച് താഷിയാണത് പറഞ്ഞത്. 

അപ്പോഴേക്കും ഞങ്ങള്‍ നടന്ന് സ്‌കൂള്‍ എത്താറായിരുന്നു . ഹൈസ്‌കൂള്‍ വിഭാഗവും ലോവര്‍ പ്രൈമറി -അപ്പര്‍ പ്രൈമറി വിഭാഗവും രണ്ടിടത്തായിട്ടാണ്. എനിക്ക് പിന്നെയും ഒരു കുഞ്ഞു കയറ്റംകൂടി കയറേണ്ടതുണ്ടായിരുന്നു. യാത്ര പറഞ്ഞു പോകുമ്പോള്‍ താമര തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി കൈവീശിയാണ് പോയത്. ഒടുവില്‍ താഷിയും. നൂറുകണക്കിന് കുട്ടികള്‍ക്കിടയിലേക്ക് അവര്‍ അലിഞ്ഞു ചേരുന്നതും നോക്കി എത്രനേരമാണ് ഞാന്‍ അവിടെ നിന്നതെന്ന് എനിക്ക് ഓര്‍മയില്ല. 

മുന്നോട്ട് നടക്കുമ്പോള്‍ ഓര്‍മകളുടെ തിരയിളക്കത്തില്‍ ഞാനാകെ ഉലഞ്ഞു. എന്റെ വിരലില്‍ തൂങ്ങി നടന്ന, എന്റെ നെഞ്ചില്‍ കിടത്തി ഞാന്‍ വളര്‍ത്തിയ കുഞ്ഞനിയത്തിയായിരുന്നു മേധ. അവള്‍ എന്ത് തെറ്റാണ് എന്നോട് ചെയ്തത്? അമ്മയേയും സഹോദരനേയും ഉപേക്ഷിച്ച് സ്‌നേഹിച്ച പുരുഷനോടൊപ്പം ജീവിച്ചു തുടങ്ങിയതോ? അവള്‍ക്ക് അവളുടെ ആഗ്രഹം തുറന്നു പറയാമായിരുന്നില്ലേ, എല്ലാവരേയും നാണക്കേടിലാഴ്ത്തി ഒളിച്ചു പോകണമായിരുന്നോ? അമ്മക്ക് അവളോട് എങ്ങനെ ക്ഷമിക്കാന്‍ കഴിഞ്ഞു. അത് അമ്മ മനസ്സിന്റെ വലിപ്പമാകാം. എനിക്കതിനു കഴിയില്ല.

ഓര്‍മകളെ വകഞ്ഞു മാറ്റി ഞാന്‍ ആ ആടിയുലച്ചിലിനെ അതിജീവിച്ചു. തികട്ടി വന്നതെല്ലാം ആയാസപ്പെട്ടിറക്കി വാര്‍ത്തമാനത്തിന്റെ നേരിലേക്കിറങ്ങി നടന്നു.

പിന്നെ താഷിയും താമരയും ദിവസവും എനിക്കൊപ്പമായിരുന്നു സ്‌കൂളിലേക്ക് വന്നിരുന്നത്. വൈകുന്നേരം സ്‌കൂള്‍ വിട്ടാല്‍ ഞാന്‍ എത്തും വരെ അവര്‍ ഗേറ്റിനു മുന്നില്‍ കാത്തു നില്‍ക്കും. മടക്കവും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. മുത്തച്ഛന്‍ പറഞ്ഞു ചട്ടം കെട്ടിയതാണത്. ''മാഷ്ടെ കൂടെയേ വരാവൂ.''

അധ്യാപകനും വിദ്യാര്‍ത്ഥിക്കുമിടയിലേതു പോലെയൊരു ബന്ധമായിരുന്നില്ല ഞങ്ങള്‍ക്കിടയില്‍. ആ അഞ്ച് വയസ്സുകാരിയിലും പന്ത്രണ്ട് വയസ്സുകാരനിലും ഞാന്‍ കണ്ടത് എന്റെയും മേധയുടേയും കുട്ടിക്കാലം തന്നെയായിരുന്നു. 

പ്രവൃത്തി ദിവസമായിരുന്ന ഒരു ശനിയാഴ്ചയായിരുന്നു അത്. അന്ന് വൈകുന്നേരം നാട്ടിലേക്ക് പോകണമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു. സ്‌കൂള്‍ വിട്ട് വരുമ്പോള്‍ വീണ്ടും മഴ പെയ്തു തുടങ്ങി. മഴയില്‍ നിറയെ ദ്വാരങ്ങള്‍ വീണ, മങ്ങിയ തവിട്ടു നിറമുള്ള കുടയില്‍ നനഞൊട്ടി താഷിയും താമരയും എന്നെ കാത്തു നില്‍ക്കുകയായിരുന്നു. ആ കുടയുടെ കമ്പികളില്‍ ഒന്ന് രണ്ടെണ്ണം ഒടിഞ്ഞു തൂങ്ങിയിരുന്നു. 

''ഈ കുടയിലേക്ക് കയറി നില്‍ക്കൂ'' അത് കണ്ട് ഞാന്‍ താമരയോട് പറഞ്ഞു. 

അവള്‍ ഓടി വന്ന് എന്റെ കുടയ്ക്കടിയിലേക്ക് കയറി നിന്നു. 

''എന്താ താമരയ്ക്ക് കുടയില്ലേ''? ഞാന്‍ ചോദിച്ചു. അവള്‍ മിണ്ടിയില്ല. 

''ഇത് അമ്മയുടെ കുടയാ. എനിക്ക് തന്നിട്ട് പോയതാ. ഇത് മുഴുവന്‍ കേടുപറ്റിയാല്‍ പുതിയത് വാങ്ങിച്ചു തരാമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.'' താഷി പറഞ്ഞു.

''അമ്മ നാളെ വരും.'' അത് പറയുമ്പോള്‍ താമര തുടിക്കുന്ന ഒരു പൂവിതള്‍ പോലെയായി. അവള്‍ അവളുടെ ബാഗ് മഴ നനയാതിരിക്കാന്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു. 

''എനിക്കുമുണ്ട് താമരയെ പോലെ ഒരു അനിയത്തി. പണ്ട് പണ്ട് സ്‌കൂളിലേക്ക് പോകുമ്പോള്‍ ഞങ്ങളും ഇങ്ങനെയായിരുന്നു. മഴയില്‍ നനഞ്ഞ്.. അവള്‍ക്കും എന്റെ കുടയ്ക്കടിയില്‍ നടക്കാനായിരുന്നു ഇഷ്ടം. ഏട്ടനായിരുന്നു അവളുടെ കുട.'' ഞാന്‍ പറഞ്ഞു. 

ചില വാക്കുകള്‍ എത്ര മറച്ചു പിടിച്ചാലും മറ നീക്കി പുറത്ത് വരും. ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകളെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കുമാവില്ലെന്ന് എനിക്ക് തിരിച്ചറിവുണ്ടായത് അന്നായിരുന്നു. 

'ഏട്ടനായിരുന്നു അവളുടെ കുട'- താഷിയോടും താമരയോടുമായി പറഞ്ഞ ആ വാക്കുകള്‍ ഹൃദയത്തിന്റെ ഉള്ളറകളില്‍ തട്ടി പിന്നെയും പിന്നെയും പ്രതിധ്വനിച്ചുകൊണ്ടിരുന്നു. അവര്‍ക്ക് തിരിയാനുള്ള വഴിയില്‍ ആ വൃദ്ധന്‍ കാത്തു നിന്നിരുന്നു, മഴ നനഞ്ഞ ഒരു തൂവെള്ള തൂവല്‍ പോലെ. അയാള്‍ തണുത്ത് വിറക്കുകയായിരുന്നു.. ഞാന്‍ എന്റെ കുട അവര്‍ക്ക് നല്‍കി. 

''അയ്യോ.. വേണ്ട മാഷേ.. മാഷ് നനയില്ലേ'' അയാള്‍ അത് നിരസിച്ചു കൊണ്ട് പറഞ്ഞു. 

സാരമില്ല, ഇടയ്ക്ക് മഴ നനയുന്നതും ഒരു സുഖമാണെന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വം ആ കുട താമരയുടെ കൈയില്‍ കൊടുത്ത് ഞാന്‍ ഓടുകയായിരുന്നു. 

മഴയില്‍ നനഞ്ഞു വരുന്ന എന്നെ കണ്ട് ദേവസ്സി ചേട്ടന്‍ തെല്ലൊരു ആശങ്കയോടെ നിന്നു.''നനയാന്‍ ഒരു പൂതി'' എന്ന് പറഞ്ഞ് ഞാന്‍ മുറിയിലേക്ക് ഓടി കയറി. തിടുക്കത്തില്‍ ബാഗില്‍ വിയര്‍പ്പുനാറുന്ന തുണികളെല്ലാം കുത്തി നിറച്ചു പുറത്തിറങ്ങി. മുറിയുടെ താക്കോല്‍ ദേവസ്സി ചേട്ടനെ ഏല്‍പ്പിച്ചു. 

''തിങ്കളാഴ്ച ഞാന്‍ വരില്ല ദേവസ്സി ചേട്ടാ. അമ്മയെ ചെക്കപ്പിന് കൊണ്ട് പോകണം. ചൊവ്വാഴ്ച വൈകിയേ എത്തൂ''-ഞാന്‍ പറഞ്ഞു. നാട്ടിലേക്ക് പോകുമ്പോഴേല്ലാം താക്കോല്‍ ഞാന്‍ ദേവസ്സി ചേട്ടനെതന്നെയാണ് ഏല്‍പ്പിക്കാറുള്ളത്. ഒഴിവുള്ളപ്പോള്‍ അയാളും ബേബിചേച്ചിയും കൂടി മുറി അടിച്ചു തുടച്ചു വൃത്തിയാക്കിയിടും. ആവശ്യപ്പെട്ടിട്ടൊന്നുമല്ല അങ്ങനെ ചെയ്യുന്നത്, എങ്കിലും അതും ഒരലിഖിത കരാറായി ഞങ്ങള്‍ക്കിടയില്‍ നിലന്നിരുന്നു എന്ന് പറയുന്നതാവും ശരി. 

ബസില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോള്‍ അയാള്‍ മില്ലിന് പുറത്തെ അരമതിലില്‍ ഇരുന്ന് എനിക്ക് നേരെ കൈ വീശി കാണിച്ചു.

വീട്ടിലേക്കുള്ള മടങ്ങി വരവുകള്‍ക്ക് ഒരു പ്രത്യേക സുഖമാണ്, നിര്‍വചിക്കാനാവാത്ത ഒരനുഭൂതി. എന്നെ സംബന്ധിച്ചിടത്തോളം അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ സുരക്ഷിതത്വവും ചൂടുമാണ് വീട്. 

എല്ലാം പഴയത് പോലെ തന്നെയുണ്ടായിരുന്നു.ഗേറ്റില്‍ പടര്‍ത്തിയിരിക്കുന്ന മോര്‍ണിംഗ് ഗ്ലോറികള്‍, ദൂരെ ചെറിയ പോര്‍ച്ചില്‍ മൂടിയിട്ടിരിക്കുന്ന എന്റെ ടു വീലര്‍, വാതില്‍ക്കല്‍ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക്, വൃത്തിയില്‍ അടിച്ചിട്ട മുറ്റം, മുറ്റം നിറയെ ചൂലുകൊണ്ട് വരഞ്ഞ 'റ' വരകള്‍. അതിലൂടെ കാല്‍പാടുകള്‍ പതിപ്പിച്ചു നടക്കാന്‍ ഒരു പ്രത്യേക രസമാണ്.

മഴ വിട്ടു നില്‍ക്കുകയായിരുന്നു. എന്നത്തേയും പോലെ ഭസ്മക്കുറി നെറ്റിയുമായി അമ്മ വന്നെന്നെ പുണര്‍ന്നു. എല്ലാ ഭാരവും ഒഴിഞ്ഞു പോയി ഒരു കുഞ്ഞായി തീരുന്നത് പോലെ എനിക്കനുഭവപ്പെട്ടു. രാത്രി അടുക്കളയിലെ ചെറിയ മേശയിലിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ അതിരഞ്ഞൂര്‍ വിശേഷങ്ങള്‍ അമ്മയോട് പങ്കു വെച്ചു. താഷിയെ കുറിച്ചും താമരയെക്കുറിച്ചും അവരുടെ അമ്മയെ കുറിച്ചും തന്നെയായിരുന്നു സ്വാഭാവികമായും ഏറ്റവും കൂടുതല്‍ സംസാരിച്ചത്. 

''എനിക്ക് നമ്മുടെ പോയ കാലം ഓര്‍മ വന്നു''-ഞാന്‍ പറഞ്ഞു.

അമ്മയും ഓര്‍മകള്‍ക്കൊപ്പം സഞ്ചരിക്കുകയാണെന്ന് മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാനാവുമായിരുന്നു.


''പാവം കുട്ടികള്‍. അവരിനി എത്രകാലം നീന്തണം, ദുരിതങ്ങളുടെ ആ കടല്‍ കടന്നു കിട്ടാന്‍''. ഭക്ഷണം കഴിച്ചു കഴിഞ്ഞ് പാത്രം കഴുകി വെക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. അമ്മ ഒന്നും മിണ്ടിയില്ല. പഴയതെല്ലാം അമ്മയെ ഓര്‍മിപ്പിക്കേണ്ടതില്ലായിരുന്നു എന്ന കുറ്റബോധത്തോടെയാണ് ആ രാത്രി ഞാന്‍ ഉറങ്ങാന്‍ കിടന്നത്. 

രണ്ട് ദിവസങ്ങള്‍ കടന്നു പോയതറിഞ്ഞില്ല. അമ്മയുടെ ചെക്ക് അപ്പ്, ടു വീലറിന്റെ സര്‍വിസിങ്, വീടിന്റെ മോടികൂട്ടുന്ന ചില അറ്റകുറ്റ പണികള്‍. നിന്ന് തിരിയാന്‍ സമയമില്ലായിരുന്നു. 

പിറ്റേന്ന് അതിരാവിലെ പുറപ്പെട്ടിറങ്ങുമ്പോള്‍ ഒരുപോലെയുള്ള രണ്ട് പുള്ളി കുടകള്‍ എന്റെ കൈകളിലേക്ക് വെച്ച് തന്ന് അമ്മ പറഞ്ഞു -''ഇത് താഷിക്കും താമരയ്ക്കും കൊടുക്കണം.''

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഏതോ ഒരു ദിവസത്തില്‍ നിന്ന് ഇറങ്ങി വന്നതാണ് അമ്മ, എന്നാണ് എനിക്ക് ആ നിമിഷം തോന്നിത്. എനിക്കും മേധയ്ക്കും പകരം താഷിയും താമരയുമായെന്നേയുള്ളൂ.


രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ച് അതിരഞ്ഞൂര്‍ എത്തിയപ്പോള്‍ സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു. ബസ് സ്റ്റോപ്പിലിറങ്ങി തിടുക്കത്തില്‍ നടന്നു. മഴ മാറി നിന്നിരുന്നെങ്കിലും അതിരഞ്ഞൂരാകാശം തെളിച്ചമില്ലാതെ മൂടിക്കെട്ടി നിന്നു. സ്റ്റോപ്പില്‍ നിന്ന് ഇടത്തോട്ട് തിരിയുന്ന, സ്‌കൂളിലേക്കുള്ള വഴിയിലെ വൈദ്യുത വിളക്കിന്റെ ചുവട്ടില്‍ പതിച്ചുവെച്ചിരിക്കുന്ന മരണമറിയിപ്പ് കണ്ട് ഞാന്‍ നടുങ്ങി. ശ്വാസം നിലയ്ക്കുന്നത് പോലെയും കൈകാലുകള്‍ ഊര്‍ന്നു വീഴുന്നതായും അനുഭവപ്പെട്ടു. 

എങ്ങനെയാണ് ഞാന്‍ ദേവസ്സി ചേട്ടന്റെ മില്ലിന് മുന്നിലേക്ക് നടന്നെത്തിയത് എന്ന് എനിക്കു തന്നെയറിയില്ല. ദേവസ്സി ചേട്ടന്‍ എന്നെ താങ്ങിപ്പിടിച്ചിരുത്തി. അരമതിലില്‍ ചാരിയിരുന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചു.

''സാറ് അറിഞ്ഞില്ലായിരുന്നു അല്ലെ?'' അയാള്‍ ചോദിച്ചു. ഇല്ലായെന്ന് ഞാന്‍ തലയാട്ടി. സ്വാഭാവികമായും സ്‌കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആ വിവരം ഉണ്ടായിരുന്നിരിക്കണം. നോട്ടിഫിക്കേഷന്‍ എന്നെന്നേക്കുമായി സൈലന്റ് ആക്കിയിട്ടിരിക്കുന്നത് കൊണ്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളായി വീട്ടില്‍ പിടിപ്പത് പണിയായിരുന്നത് കൊണ്ടും ഞാനത് ശ്രദ്ധിക്കാതിരുന്നതാണ്.

''അമ്മയും മക്കളും കൂടി കടവില്‍ കുളിക്കാന്‍ പോയതാണ്. ആരെങ്കിലും ചെയ്യുമോ സാറേ, ഈ മഴക്കാലത്ത്...! അവള്‍ ഏത് മലവെള്ള പാച്ചിലും നീന്തി കയറുന്നവളാ.. പക്ഷേ കുട്ടികള്‍ അങ്ങനെയാണോ...ഇറങ്ങരുതേ, കരയ്ക്ക് നിന്നാല്‍ മതി, നീങ്ങി നിന്നോ എന്ന് പറഞ്ഞാണത്രേ കടവിലിറങ്ങിയത്. പക്ഷേ.. കാലു തെന്നിയതാണോ എങ്ങനെയാണെന്ന് ഒരുപിടിത്തവുമില്ല. ഒന്ന് മുങ്ങി നിവര്‍ന്നപ്പോള്‍ കണ്മുന്നില്‍ മുങ്ങി താഴുന്നതാണ് കണ്ടതത്രെ.'' ദേവസ്സി ചേട്ടന്‍ നിന്ന നില്‍പ്പില്‍ പറഞ്ഞതെല്ലാം ഞാന്‍ യാന്ത്രികമായി കേട്ടുകൊണ്ടിരിന്നു. പിന്നെ ഇറങ്ങി നടന്നു.

''ഞാനും വരാം.. അടക്കമാവുമ്പോഴേക്കും എത്താം''-അയാള്‍ പിറകില്‍ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. 

ആദ്യത്തെ കയറ്റം കഴിഞ്ഞ് ഇടവഴിയിലേക്ക് കയറിയപ്പോള്‍ ദൂരെ ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ ഒരു മുറ്റം കാഴ്ചയിലേക്ക് വന്നു. പിന്നെ ആ കാഴ്ച അടുത്തടുത്തെത്തി. കടുത്ത വിഷാദത്തില്‍ ഭൂമിയിലേക്ക് മുഖം പൂഴ്ത്തി നില്‍ക്കുകയായിരുന്നു ആ വീട്. നേര്‍ത്ത് ചിലമ്പിച്ച ഒരു കരച്ചില്‍ ആ വീടിന്റെ, വിള്ളല്‍ വീണ, നിറം മങ്ങിയ ചുവരുകളിലും ദ്വാരങ്ങള്‍ വീണ മേല്‍ക്കൂരയ്ക്കടിയിലുമായി തങ്ങി നിന്നിരുന്നു. 

എല്ലാ മുഖങ്ങളും പരിചിതമായിരുന്നു. ചിലര്‍ എഴുന്നേറ്റ് അവരുടെ ഇരിപ്പിടങ്ങള്‍ എനിക്കായി ഒഴിച്ചിട്ടു തരുന്നുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാനാവാതെ ആള്‍ക്കൂട്ടത്തിലൂടെ തിങ്ങി ഞെരുങ്ങി ഞാന്‍ നീല ടര്‍പോളിന്‍ ഷീറ്റ് വിരിച്ചിടത്തേക്ക് കടന്നു. കുളിച്ചു കണ്ണെഴുതി പൊട്ടു തൊട്ട് പുള്ളിയുടുപ്പിട്ട് കുസൃതിച്ചിരിയുമായി എന്നെന്നേക്കുമായി മയങ്ങി കിടക്കുകയായിരുന്നു അവള്‍, താമര. ഒരു നോക്കേ ഞാന്‍ നോക്കിയുള്ളൂ. അപ്പോള്‍ ദുര്‍ബലമായ രണ്ട് കൈകള്‍ വന്നെന്നെ ചുറ്റിപ്പിടിച്ചത് ഞാന്‍ അറിഞ്ഞു. 

'മാഷേ' എന്ന് വിളിച്ചു കൊണ്ട് താഷി എന്റെ വയറ്റത്ത് മുഖം പൂഴ്ത്തി. അവനിനി ആര്‍ക്കാണ് കുടയാവുക?

ഉറപ്പായും അവനായിരിക്കും അവസാനമായി കുഞ്ഞനിയത്തിയെ ഒരുക്കി കിടത്തിയിട്ടുണ്ടാവുക, അതിനുള്ള അവകാശം മറ്റാരേക്കാളും അവനു തന്നെയാണുള്ളത്. ഞാന്‍ അവനെ ചേര്‍ത്തുപിടിച്ചു നിന്നു. പിന്നെ ആരുടേയും കണ്ണെത്താത്ത വിധം ഒരു കോണില്‍ പോയിരുന്നു. 

ചിതയിലെ അവസാന കനലും അണഞ്ഞപ്പോള്‍ ബാഗില്‍ നിന്നെടുത്ത ഒരു പുള്ളിക്കുട ഞാന്‍ ആ ചാരക്കൂമ്പാരത്തിന്റെ തലയ്ക്കല്‍ നിവര്‍ത്തി വെച്ചു. മറ്റൊന്ന് ഏതോ ഒരു കസേരയിലും. താഷി അത് കണ്ടിരുന്നോ എന്നെനിക്കറിയില്ല. 

യാത്ര ചോദിക്കാതെ തിരികെ നടക്കുമ്പോള്‍ ഇടയ്‌ക്കൊന്ന് ഞാന്‍ തിരിഞ്ഞു നോക്കി. കെട്ടടങ്ങിയ ചിതയുടെ തലയ്ക്കല്‍ പോക്കുവെയിലില്‍ ആ കുട തനിച്ചിരുന്നു. മറ്റൊരു കുട എല്ലാകാലത്തേക്കുമായി കണ്ണീര്‍ പെയ്തുകൊണ്ട് അത് നോക്കി നില്‍ക്കുന്നു. കണ്ണീര്‍ തുളുമ്പി കാഴ്ച മങ്ങുന്നുണ്ടായിരുന്നു.

പൊടുന്നനെ, എനിക്ക് മേധയെ കാണണമെന്ന് തോന്നി. എത്ര നാളായി അവളെ നേരില്‍ കണ്ടിട്ട്, അവളുടെ ശബ്ദം കേട്ടിട്ട്. അകാരണമായ ഒരു ഭയവും നഷ്ടബോധവും ആ നിമിഷം വന്നെന്നെ പൊതിഞ്ഞു. 

ഫോണെടുത്ത് ഞാന്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. 

വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് കേള്‍ക്കുന്നത് പോലെയായിരുന്നു അപ്പോള്‍ മേധയുടെ ശബ്ദം.

''മോളേ.....''-പ്രാകൃതമായ ഒരു നിലവിളി എന്നില്‍നിന്നും പുറത്തുവന്നു. ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ ഞാന്‍ കേട്ടു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios