Asianet News MalayalamAsianet News Malayalam

Malayalam Short Story : സോഫിയ, വൈശാഖ് വെങ്കിലോട് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വൈശാഖ് വെങ്കിലോട് എഴുതിയ ചെറുകഥ

chilla malayalam  short story by vaisakh vengilode
Author
First Published Nov 8, 2023, 6:32 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by vaisakh vengilode

 

വെടിമരുന്നിന്റെയും കരിഞ്ഞ പച്ച മാംസത്തിന്റെയും മണം മൂക്കിനെ തുളച്ച് തലച്ചോറിലേക്ക് കുത്തിയിറങ്ങുന്നത് പോലെ തോന്നി. പൊടിപടലങ്ങളും പുകയും കലര്‍ന്ന വായു. ഓരോ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും ആരെങ്കിലും ജീവനുവേണ്ടി പിടയുന്നുണ്ടാകുമോ എന്ന തിരച്ചിലില്‍ ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ എന്നുപറയുമ്പോള്‍, പലരും ഇന്ത്യയില്‍ നിന്നും അവിടേക്ക് ഉപരിപഠനത്തിനായി എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. യുദ്ധം എന്താണെന്ന് മനസ്സിലായ പ്രായം മുതല്‍ അതിനെ വെറുത്തിരുന്നെങ്കിലും എന്തുകൊണ്ട് യുദ്ധത്തെ വെറുക്കേണ്ടിയിരിക്കുന്നു എന്ന അനുഭവ പാഠമായിരുന്നു ആ നാളുകളിലെ കാഴ്ചകള്‍.

ഞങ്ങള്‍ ജീവനില്ലാത്ത മനുഷ്യരുടെയും വളര്‍ത്തു മൃഗങ്ങളുടെയും ശരീരങ്ങള്‍ പലയിടങ്ങളില്‍ നിന്ന് കണ്ടെത്തി അധികാരികളെ ഏല്‍പ്പിച്ചു. കുടുങ്ങി പോയ കുറച്ചു മനുഷ്യരെ രക്ഷിക്കാനും സാധിച്ചു. അങ്ങനെ വൈകുന്നേരത്തോടടുത്ത നേരത്ത് അവസാനമായി ഞങ്ങള്‍ കയറിയ ഒരു ഫ്‌ലാറ്റ്, മറക്കാനാവാത്ത പലതും എനിക്ക് സമ്മാനിച്ച ഒരിടമായിരുന്നു അത്.

തീ വിഴുങ്ങി, ഇടിഞ്ഞു വീണ് ഭാഗികമായി നശിച്ചിരിക്കുന്ന ആ ഫ്‌ലാറ്റിന്റെ എല്ലാ ഭാഗങ്ങളും ഞങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഒരു ഭാഗത്ത് പൊടിയില്‍ മുങ്ങി കിടക്കുന്ന ഒരു കട്ടില്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ മുന്‍ കാലുകള്‍ രണ്ടും ഒടിഞ്ഞിരിക്കുന്നു. അതിനു മീതെ പൊടി മൂടി കിടക്കുന്ന ഒരു ടെഡി ബീര്‍, അതിനടുത്ത് തന്നെ കടലാസ് പോലെന്തോ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടു. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ഒന്ന് രണ്ട് സെല്‍ഫി ചിത്രങ്ങളാണവ. മനസ്സ് നിറഞ്ഞു ചിരിക്കുന്ന രണ്ട് മുഖങ്ങള്‍. തൊട്ടടുത്ത് ഇരുന്ന അടുത്ത ഫോട്ടോ കയ്യിലെടുത്ത് പൊടി തുടച്ചു നോക്കി. ആദ്യം കണ്ട ചിത്രത്തിലുള്ളവര്‍ ഇതിലുമുണ്ട് ഒപ്പം ഒരു അഞ്ചു വയസ്സ് തോന്നിക്കുന്ന സ്വര്‍ണ്ണ മുടിയുള്ള പെണ്‍കുട്ടി. അവരിരുവരും ദമ്പതികളാണെന്ന് തോന്നി, ഒപ്പമുള്ളത് മകളും. യുദ്ധ ഭൂമിയില്‍ കത്തുന്ന ഫ്‌ളാറ്റിന്റെ മൂലയിലുള്ള കാലൊടിഞ്ഞ കട്ടിലില്‍ നിന്ന് കളഞ്ഞു കിട്ടിയ ആ രണ്ട് സെല്‍ഫികള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു.

ആ ജീവിതങ്ങള്‍ ഇന്നെവിടെയാണ്. മരിച്ചു കാണുമോ? പലായനം ചെയ്ത് സ്വസ്ഥമായ മറ്റൊരു നാട്ടില്‍ എത്തിക്കാണുമോ? തമ്മില്‍ തമ്മില്‍ വഴിതെറ്റി കൈവിട്ട് പല വഴിയിലേക്ക് അകന്നു പോയിരിക്കുമോ? അറിയില്ല. അജ്ഞാതമായൊരു നോവ് എന്റെ ഹൃദയത്തിന്റെ ആഴമളക്കുന്നത് പോലെ തോന്നി. മനുഷ്യര്‍, ജീവിതങ്ങള്‍, കുടുംബങ്ങള്‍, സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ എല്ലാം അനാഥമാകുന്നു, ഒറ്റപ്പെടുന്നു, ഇല്ലാതാകുന്നു. ഈ നശിച്ച യുദ്ധം എന്താണ് അവശേഷിപ്പിക്കുന്നത്? യുദ്ധങ്ങള്‍ തിരശ്ശീലയിട്ട ജീവിതങ്ങളെത്ര കാണും ഈ ലോകത്ത്? ആര്‍ക്കു വേണ്ടിയാണ് യുദ്ധങ്ങള്‍? മനുഷ്യര്‍ക്ക് സൈ്വര്യ ജീവിതവും സമാധാനവും നഷ്ടമാകുന്ന യുദ്ധങ്ങള്‍ കൊണ്ട് നാളിതുവരെ നേട്ടം കൊയ്തത് ആരാണ്? മനസ്സ് ചോദിച്ച അനേകം ചോദ്യങ്ങളെ ഒരു ദീര്‍ഘ നിശ്വാസത്തില്‍ ഒതുക്കി ഞാന്‍ എന്റെ കര്‍ത്തവ്യത്തില്‍ മുഴുകി.

ചില്ലുകളും സിമെന്റ് കട്ടകളും വകഞ്ഞു മാറ്റി അവയ്ക്കുള്ളിലെവിടെയെങ്കിലും ഒരു ജീവിതം നിസ്സഹായതയുടെ മഹാ മൗനത്തില്‍ ബോധമറ്റോ ജീവനറ്റോ കിടപ്പുണ്ടോ എന്ന തിരച്ചില്‍ അവസാനിച്ചു. അങ്ങനെയൊരു ജീവനെയും കണ്ടില്ല ജഡവും ലഭിച്ചില്ല. എങ്കിലും മനസ്സിലെവിടെയോ ഒരു പ്രത്യാശ. ആ ചിത്രങ്ങളില്‍ കണ്ട മുഖങ്ങള്‍ എവിടെയെങ്കിലും ജീവനോടെ കാണുമായിരിക്കാം. പുറത്തേക്കു ചെന്നപ്പോള്‍ ഞങ്ങളുടെ നേരെ ഒരു വളര്‍ത്തു നായ നടന്നു വന്നു. ഒരു ഈസ്റ്റ് യൂറോപ്യന്‍ ഷെഫേര്‍ഡ്. ഒപ്പമുണ്ടായിരുന്ന മനുഷ്യര്‍ക്ക് വേണ്ടി ആകണം അവനും തിരച്ചിലിലാണ്. ഞങ്ങളോട് അവന്റേതായ ഭാഷയില്‍ എന്തൊക്കെയോ പരിഭവം പറഞ്ഞു സങ്കടത്തോടെ അവനാ ഫ്‌ലാറ്റിനകത്തേക്കു നടക്കാന്‍ തുടങ്ങി. അവിടെ അവനെ ഉപേക്ഷിച്ചു പോരാന്‍ കഴിയാത്തതിനാല്‍ അവനെയും ഞങ്ങള്‍ കൂടെ കൂട്ടി. ഞങ്ങള്‍ക്കൊപ്പം വരാനൊന്നും തയ്യാറായിരുന്നില്ല എങ്കിലും അവസാനം കൂടെ പോന്നു. ജീവ ഭയത്തിന് മനുഷ്യരെന്നോ നായയെന്നോ വ്യത്യാസമില്ലെന്ന് ഞാനപ്പോള്‍ ഓര്‍ത്തു. ഞാനവന് ജാക്‌സ് എന്ന് പേരിട്ടു. കുറച്ചധികം തവണ വിളിച്ചപ്പോള്‍ അവനും ആ പേര് സ്വീകരിച്ചു.

അന്ന് രാത്രി എനിക്കൊട്ടും ഉറക്കം വന്നില്ല. നാളുകള്‍ക്ക് ശേഷം നല്ല ഭക്ഷണം കഴിച്ചതിന്റെ മയക്കത്തിലാണ് ജാക്‌സ്. ഫ്‌ലാറ്റ് മുറിയില്‍ നിന്ന് കിട്ടിയ സെല്‍ഫികള്‍ പിറ്റേന്ന് രാവിലെ തന്നെ ജാക്‌സ് തിരിച്ചറിഞ്ഞു. അവന്റെ പ്രിയപ്പെട്ട വീട്ടുകാരാണവര്‍. ആ ചിത്രങ്ങള്‍ വച്ചുള്ള അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് അതിലെ മനുഷ്യരെ തിരിച്ചറിയാന്‍ സാധിച്ചു. പ്രാദേശിക വാര്‍ത്താ ചാനലില്‍ ജോലി ചെയ്തിരുന്ന സൈമണ്‍ എന്ന ചെറുപ്പക്കാരനും അയാളുടെ ജീവിത പങ്കാളിയായ നിനയും അവരുടെ മകളായ സോഫിയയുമാണ് ആ ചിത്രങ്ങളില്‍ ഉണ്ടായിരുന്നത്. സൈമണ്‍ ജനിച്ചതും വളര്‍ന്നതും ഈ നഗരത്തില്‍ തന്നെയാണ്. നിന ഗ്രാമത്തില്‍ നിന്നും ഇവിടേക്ക് ഉപരിപഠനത്തിനായി എത്തിയതായിരുന്നു. ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായി. ഇരുവരുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിച്ചപ്പോള്‍ അവര്‍ നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായതാണെന്ന് മനസ്സിലായി. അവരെകുറിച്ചറിയും തോറും മനസ്സിലെ കനല്‍ കൂടുതല്‍ ചൂടുപിടിക്കുന്നതായി തോന്നി. എവിടെയാണവര്‍?     

പലായനം ചെയ്തവരുടെ കൂട്ടത്തില്‍ അവരുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ അധികാരികളെ ചെന്നു കണ്ടു. ജാക്സും ഒപ്പം വന്നിരുന്നു. അവിടെ ചെന്നാ ഫോട്ടോഗ്രാഫുകള്‍ കാട്ടിയപ്പോള്‍, ഒരു ഓഫീസര്‍ക്ക് സൈമണെ നേരിയ പരിചയമുണ്ട്. അദ്ദേഹം കാര്യമായി തന്നെ അവരുടെ കാര്യം അന്വേഷിക്കാം എന്നുറപ്പ് തന്നു. അവിടെ നിന്ന് ഇറങ്ങുമ്പോഴായിരുന്നു യുദ്ധം മൂര്‍ച്ചിച്ച തൊട്ടടുത്തുള്ള നഗരത്തില്‍ താത്കാലികമായി വെടിവെപ്പും ഷെല്ലിങ്ങും നിര്‍ത്തിവച്ചിട്ടുണ്ടെന്നും അവിടെ രക്ഷാപ്രവര്‍ത്തനത്തിന് ചെല്ലേണ്ടതുണ്ടെന്നും അറിയിപ്പ് വന്നത്. ഞങ്ങള്‍ അവിടേക്ക് ചെല്ലാന്‍ തീരുമാനിച്ചു.

പോകേണ്ട വഴികള്‍ സുരക്ഷിതമല്ല അതിനാല്‍ ആര്‍മിയുടെ സഹായത്തോടെ അവരോടൊപ്പം ടാങ്കറുകളില്‍ ഞങ്ങള്‍ ആ നഗരത്തിലേക്ക് ചെന്നു. ജീവിതം ഇതുപോലെ സാഹസികമായ സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഭയവും ആശങ്കയും ഉണ്ടെങ്കില്‍ പോലും വല്ലാത്തൊരു ഊര്‍ജ്ജവും ആവേശവും ഉള്ളില്‍ പടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവിടെ എത്തിയപ്പോഴേക്കും ഇരുട്ട് പടര്‍ന്നിരുന്നു. ബോംബ് വീണ് തകര്‍ന്ന കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചു ഞങ്ങള്‍ തിരച്ചില്‍ പുനരാരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ക്ക് അവിടത്തെ ആര്‍മി അവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യാറുണ്ട്. ബങ്കറുകള്‍ ഉണ്ടോ എന്ന കാര്യം അവരാണ് ഞങ്ങളെ അറിയിക്കുന്നത്. അത്തരത്തില്‍ ലഭിച്ച വിവരമനുസരിച്ചു ഒരു ഫ്‌ലാറ്റിന്റെ ബേസ്‌മെന്റിലേക്ക് ഞങ്ങള്‍ നടന്നു. പാതി വഴി മുതല്‍ ജാക്‌സ് ആവേശത്തിലായെന്നു തോന്നി, കാരണം അവന്‍ തിടുക്കം കൂട്ടുന്നുണ്ട്. ബേസ്മെന്റില്‍ എത്തിയപ്പോള്‍ ഇരുപതോളം വരുന്ന മനുഷ്യരവിടെ ദിവസങ്ങളായി ഭക്ഷണമില്ലാതെ ഇരിപ്പുണ്ടായിരുന്നു. ഭയന്നിരിക്കുന്ന അവരെ സമാശ്വസിപ്പിച്ചു ഞങ്ങളവിടെ നിന്നും മാറ്റി തുടങ്ങി. ജാക്‌സ് ഒരു മൂലയില്‍ നിന്ന് കുരയ്ക്കുന്ന ശബ്ദം കേട്ട് ഞങ്ങള്‍ അവിടേക്ക് ചെന്നു. ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അവിടെ ഒരു പെണ്‍കുട്ടിയുടെ ചലനമറ്റ ശരീരം കിടക്കുന്നുണ്ടായിരുന്നു.

അത് സോഫിയ ആയിരുന്നു. ഫോട്ടോയില്‍ കണ്ട അതേ സ്വര്‍ണ്ണ മുടിയിഴകള്‍, ഇത്രയും നാള്‍ ഞാന്‍ തിരഞ്ഞ അതേ മുഖം. ജാക്‌സ് എന്തൊക്കെയോ ശബ്ദങ്ങള്‍ ഉണ്ടാക്കി അവള്‍ക്ക് ചുറ്റും ക്ഷമയില്ലാതെ നടക്കുന്നു. എന്റെ പാന്റ്‌സ് കടിച്ചു വലിച്ചു അവളുടെ അടുത്തേക്ക് നയിക്കുന്നു. ഒരുനിമിഷം ഞാന്‍ സ്തബ്ധനായി നോക്കി നിന്ന് പോയി. ആദ്യ കാഴ്ച്ചയില്‍ തന്നെ എന്നിലെ വാത്സല്യത്തെ മുഴുവന്‍ കവര്‍ന്നെടുത്തവള്‍. തിരച്ചിലിനൊടുവില്‍ എന്നെങ്കിലും അവളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഇതാ അവസാനിച്ചിരിക്കുന്നു. ഇപ്പോള്‍ നിശ്ചലയായി എനിക്ക് മുന്നില്‍ കിടപ്പുണ്ടവള്‍. എന്റെ കണ്ണുകളില്‍ നിരാശയും നോവും ആരോടെന്നില്ലാത്ത ദേഷ്യവും ഒന്നിച്ച് കുത്തിയൊഴുകി. എന്തിനെന്റെ മുന്നില്‍ വിധി അവളുടെ ചലനമറ്റ ശരീരത്തെ ഇട്ട് തന്നു? ജാക്‌സിന്റെ പെരുമാറ്റവും സഹിക്കാന്‍ കഴിയുന്നതല്ല. നിസ്സഹായനായി അവന്‍ അവന്റെ പ്രിയപ്പെട്ടവളെ രക്ഷിക്കണം എന്ന് അവന്റെ ഭാഷയില്‍ അപേക്ഷിക്കുകയാണ്. ഇത്രയും ക്രൂരമായ നോവുകള്‍ എനിക്ക് താങ്ങാനാവുന്നതല്ല. അവിടെ നിന്ന് എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാനെന്റെ മനസ്സ് വിങ്ങുന്നു.

പെട്ടെന്ന് ശ്വാസം മുട്ടിച്ച ചിന്തകളില്‍ നിന്നും എന്നെ ഉണര്‍ത്തിയ ആ വാക്കുകള്‍ എന്റെ കാതുകള്‍ തേടിയെത്തി, 'അവള്‍ക്ക് ശ്വാസമുണ്ട്.' ഉടന്‍ ഞങ്ങളവളെ പുറത്തേക്ക് എത്തിച്ച് വേണ്ട മെഡിക്കല്‍ സപ്പോര്‍ട്ട് നല്‍കി. അല്‍പ സമയം കൊണ്ട് അവള്‍ കണ്ണ് തുറന്നു. അവള്‍ ജാക്സിനെ കണ്ട നിമിഷം വികാര നിര്‍ഭരമായിരുന്നു. മനുഷ്യനും മൃഗത്തിനുമിടയില്‍ ഉരുത്തിരിയുന്ന ആഴമേറിയ സ്‌നേഹം. അവളുടെ മുടിയിഴകള്‍ തലോടിയും മിഴിനീര് വാര്‍ത്തും ജാക്‌സ് അവളെ അങ്ങേയറ്റം സ്‌നേഹിച്ചു. അവനെ വാരി പുണര്‍ന്നുകൊണ്ടവളും. അവളൊന്നു ശാന്തമായപ്പോള്‍ ഞങ്ങള്‍ അവളോട് സംസാരിച്ചു. 

അച്ഛനും അമ്മയും എവിടെയെന്ന് അവള്‍ക്കറിയില്ല. ആ ബേസ്മെന്റ് ക്യാമ്പില്‍ എങ്ങനെയെത്തി എന്ന് പോലും അവള്‍ക്കോര്‍മ്മയില്ല. വിശന്നും കരഞ്ഞും തളര്‍ന്നുറങ്ങിപ്പോയ അവള്‍ കണ്ണ് തുറന്നപ്പോള്‍ ജാക്സിനേയും ഞങ്ങളെയുമാണ് കണ്ടത്. അവളെ കിട്ടിയത് വലിയൊരു സന്തോഷത്തിന് വഴിവച്ചെങ്കിലും അവളുടെ മാതാപിതാക്കളെവിടെയെന്ന ചോദ്യം വീണ്ടും പ്രതിസന്ധികള്‍ സൃഷ്ട്ടിച്ചു. അവള്‍ക്ക് ജാക്സിനെ തിരികെ ലഭിച്ചത് തന്നെ വലിയ ആശ്വാസമായിരുന്നു. അവള്‍ അവനെ ഈഗോര്‍ എന്നാണു വിളിക്കുന്നത്. ഈഗോര്‍ എന്നാല്‍ ധീരനായ പോരാളി എന്നാണ് അര്‍ത്ഥം. അതെ അവനാളൊരു പോരാളി തന്നെയായിരുന്നു.

സോഫിയയും ജാക്സും കൂടെയുള്ള പത്തു ദിവസങ്ങള്‍ കടന്നു പോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തിയെ പോലെ സോഫിയ ഇടപഴകി തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ തമാശകള്‍ അവളെ ചിരിപ്പിച്ചാല്‍ പോലും വൈകാതെ അവള്‍ അവളുടെ അച്ഛനമ്മമാരെ ഓര്‍ത്ത് കണ്ണ് നിറയ്ക്കും. അവരെ തിരിച്ചു നല്‍കും എന്ന് ഞാനവള്‍ക്ക് വാക്കു കൊടുത്തിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ അവര്‍ക്ക് വേണ്ടി മാത്രമാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ ദീര്‍ഘമായ ഒരു മാസത്തെ തിരച്ചിലിനൊടുവില്‍ ഞങ്ങളില്‍ നിരാശ പടര്‍ന്നു. അവരെ കുറിച്ചൊരു വിവരവും ലഭ്യമല്ല. സോഫിയ അവളുടെ പ്രായത്തിലെ കുട്ടികളെക്കാള്‍ പക്വത കാണിച്ചിരുന്നത് കൊണ്ട് തന്നെ യാഥാര്‍ഥ്യങ്ങളോട് അവള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നുണ്ടായിരുന്നു. അവളില്‍ യുദ്ധത്തിന്റെയും മാതാപിതാക്കളുടെ അസാന്നിധ്യത്തിന്റെയും ട്രോമ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ കഴിയും വിധമെല്ലാം അവളെ നോക്കി. അവളില്‍ ഈ യുദ്ധം ആഴത്തില്‍ ഭയങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവളുടെ ഉറക്കം ഇടയ്ക്കിടെ ഞെട്ടുന്നതെല്ലാം യുദ്ധത്തിന്റെ ഭീകരമായ ദൃശ്യങ്ങള്‍ മയക്കത്തിലും അവളെ വേട്ടയാടുന്നത് കൊണ്ടായിരുന്നു. അച്ഛനും അമ്മയും വളരെ ശക്തരായ മനസ്സുള്ളവരാണെന്നും, അവരൊരിക്കലും തളരില്ലെന്നും, യുദ്ധത്തില്‍ നിന്നവര്‍ അതിജീവിച്ചു തിരിച്ചെത്തുമെന്നും സോഫിയ വിശ്വസിച്ചിരുന്നു. 'എന്റെ അച്ഛന്‍ ജനിച്ചത് തന്നെ ഒരു യുദ്ധകാലത്താണ്, അമ്മയും യുദ്ധങ്ങള്‍ കണ്ടു വളര്‍ന്നവളാണ്. അവര്‍ തിരിച്ചെത്തും' അവള്‍ ഞങ്ങളോട് ഇത് പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു അവിടത്തെ മനുഷ്യര്‍ക്കെങ്ങനെയാണ് ഇത്രയും ധൈര്യം കൈവന്നിട്ടുണ്ടാവുക എന്ന്. സോഫിയയില്‍ ഞാന്‍ കണ്ട വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും കനല്‍ എന്നെ അത്ഭുതപ്പെടുത്തി. 

അന്ന് നാട്ടിലേക്ക് മടങ്ങേണ്ട കാര്യങ്ങളെല്ലാം ശരിയായ ദിവസമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ നാട്ടിലേക്കുള്ള വിമാനത്തില്‍ കയറണം. തിരികെ നാട്ടിലേക്കെന്ന് ഓര്‍ക്കുമ്പോള്‍ കൂടെയുള്ളവരൊക്കെ സന്തോഷത്തിലാണെങ്കിലും എനിക്ക് എന്റെ പ്രാണന്‍ അടരുന്ന വേദനയുണ്ടായി. എന്റെ സോഫിയ. ഈഗോറെന്ന അവളുടെ വിളിയിലും ജാക്‌സ് എന്ന എന്റെ വിളിയിലും ഒരുപോലെ ഓടിയെത്തുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവന്‍. ഇവിടെ ഈ അഞ്ചു വര്‍ഷം ജീവിച്ച ജീവിതത്തില്‍ നേടാനായ മുഴുവന്‍ സൗഹൃദങ്ങളെയും ഇവിടെ വച്ച് മടങ്ങാന്‍ എനിക്കാകും പക്ഷെ എന്റെ ഈ അനുജത്തിയെ പിരിയാന്‍ സാധിക്കുന്നേയില്ല. അവളിവിടത്തുകാരിയാണ്, അവളുടെ അച്ഛനും അമ്മയും എന്നെങ്കിലും തിരിച്ചെത്തുമ്പോള്‍ അവളിവിടെ വേണം. മടങ്ങുന്നതിനു മുന്‍പുള്ള ആ ദിനങ്ങള്‍ അവള്‍ക്കു വേണ്ടി മാത്രമായിരുന്നു ഞാന്‍ അവിടെ ജീവിച്ചത്. അവളില്‍ അവളുടെ ഭാവികാലത്തെ കുറിച്ച് വലിയ സ്വപ്നങ്ങള്‍ ഞാന്‍ നിറച്ചു കൊടുത്തു. ഒറ്റപ്പെട്ടു പോയാലും ജീവിതം ധൈര്യത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള കനല്‍ അവള്‍ക്കു അവളുടെ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും കിട്ടിയിട്ടുണ്ട്. എനിക്കാകും വിധം ഭാവിയെക്കുറിച്ചുള്ള നല്ല പ്രത്യാശകള്‍ അവള്‍ക്ക് ഞാന്‍ നല്‍കി. അവളെ അധികാരികളെ ഏല്‍പ്പിച്ചു മടങ്ങുമ്പോള്‍ ഞാന്‍ മരിച്ചുകൊണ്ടിരിക്കുന്നത് പോലെ തോന്നി. ജാക്സിനും കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ടായിരുന്നു എന്ന് തോന്നും വിധം ആയിരുന്നു അവനെന്നെ യാത്രയാക്കിയത്. മനസ്സില്‍ വലിയൊരു നോവുമായി ഞാന്‍ നാട്ടിലേക്ക് തിരിച്ചു.

രണ്ട് വര്‍ഷങ്ങള്‍ കടന്നു പോയി. ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും സോഫിയയുടെ ഓരോ ദിനവും അവളെന്നെ അറിയിക്കുന്നുണ്ട്. ഞാനെന്നാണ് അവളെ കാണാന്‍ ചെല്ലുക എന്നവള്‍ ഇടയ്ക്കിടെ ചോദിക്കും. അവളെ കാണാന്‍ ചെല്ലാന്‍ വേണ്ടി മാത്രം ഞാന്‍ പൈസ കൂട്ടി വെക്കുന്ന കാര്യം ഞാനവളോട് പറഞ്ഞിട്ടില്ല. അടുത്ത ആഴ്ച അവളുടെ പിറന്നാള്‍ ആണ്. നല്ലൊരു പിറന്നാള്‍ സമ്മാനം ഓര്‍ഡര്‍ ചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചിരിക്കുമ്പോഴായിരുന്നു എന്റെ കൊച്ചു മിടുക്കിയുടെ വീഡിയോ കാള്‍ വരുന്നത്. പതിവില്ലാതെ നട്ടുച്ച നേരത്തുള്ള ആ വിളി എന്തോ കുസൃതി ഒപ്പിക്കാനുള്ളതാണെന്ന് എനിക്ക് തോന്നിയിരുന്നു. കാള്‍ എടുത്തപ്പോള്‍ എന്റെ സോഫിയ ഏങ്ങി കരയുന്നു. പെട്ടെന്ന് പേടിച്ചു പോയ ഞാന്‍ കാര്യമെന്താണെന്ന് തിരക്കി. കരഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ പുറകില്‍ നിന്നും രണ്ടു കൈകള്‍ അവളെ വാരിയെടുത്തു. അത് സൈമണ്‍ ആയിരുന്നു. അയാള്‍ക്കൊപ്പം നിനയുമുണ്ട്. എനിക്ക് സന്തോഷം കൊണ്ട് വാക്കുകള്‍ കിട്ടിയില്ല. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. സൈമണും നിനയും ഒരുപാട് നേരം എന്നെ നോക്കി കരഞ്ഞു. ഒരുപാട് നന്ദി പറഞ്ഞു. അവള്‍ക്കീ പിറന്നാളിന് ഏറ്റവും വലിയ ഒരു സമ്മാനം കാലം നല്‍കിയല്ലോ എന്ന സമാധാനത്തില്‍ ഞാനൊന്ന് നിശ്വസിച്ചു.

നമ്മളൊക്കെ മനുഷ്യരാണ്. ഒരൊറ്റ വര്‍ഗ്ഗമാണ്. ഏത് രാജ്യക്കാര്‍ ആയാലും, ഏത് വിശ്വാസത്തെ നെഞ്ചിലേറ്റിയാലും, ഏത് ഭാഷ സംസാരിച്ചാലും, എത്രയൊക്കെ വ്യത്യസ്തരായാലും, തമ്മിലറിഞ്ഞാല്‍ നമ്മളൊക്കെ ഒരേ ചുവന്ന രക്തമോടുന്ന, നോവുമ്പോള്‍ ഒരുപോലെ കരയുന്ന, വിശക്കുമ്പോള്‍ ഒരുപോലെ നീറുന്ന, സന്തോഷങ്ങളില്‍ ഒരുപോലെ ചിരിക്കുന്ന മനുഷ്യരാണ്. യുദ്ധമെത്ര വന്നാലും, അവയെത്ര നമ്മളെ ഭിന്നിപ്പിച്ചാലും നമ്മളിലെ സ്‌നേഹത്തിന്റെ നൂല്‍ ബന്ധം അറ്റു പോകില്ല. എന്നെങ്കിലും ലോകം ഇനി ഒരിക്കലും യുദ്ധങ്ങള്‍ വേണ്ട എന്ന ശക്തമായ തീരുമാനം എടുക്കുന്നെങ്കില്‍ അതിലേക്ക് നമ്മളെ നയിക്കുന്നതും നമ്മളിലെ ആ സ്‌നേഹത്തിന്റെ ശക്തമായ നൂല്‍ ബന്ധം തന്നെ ആയിരിക്കും.

ഒരിക്കല്‍ സകല രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ പരസ്പരം തുറക്കും. എന്റെ രാജ്യമെന്നും നിന്റെ രാജ്യമെന്നും പറയാതെ സകലരും ഈ ഭൂമിയെ മുഴുവന്‍ സ്വന്തമായി കാണും. അന്ന് മനുഷ്യര്‍ ഇന്നത്തേക്കാള്‍ സന്തുഷ്ടരായിരിക്കും. അച്ഛനമ്മമാരെ തിരികെ ലഭിച്ച സോഫിയയെ പോലെ സന്തോഷം കൊണ്ട് കരഞ്ഞു പോകുമാറ് തീവ്രമായ ആനന്ദം മനുഷ്യരില്‍ അലയടിക്കും. അപരിചിതരും അന്യരും ഇല്ലാത്ത ആത്മബന്ധങ്ങളുടെ ലോകത്തിലേക്ക് കണ്‍ തുറക്കാനാകുന്ന പുലരിയെ കിനാവ് കാണുന്ന സ്വപ്നജീവിയാണ് ഞാന്‍. എന്റെ ഇത്തരം ഭ്രാന്തന്‍ ചിന്തകള്‍ സോഫിയയ്ക്കുമുണ്ട്. അതിര്‍ത്തികള്‍ ഇല്ലാതെ സ്വതന്ത്രയായ ഭൂമിയെ കുറിച്ച് ഞങ്ങള്‍ എന്നും സംസാരിക്കാറുണ്ട്. 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios