ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വി കെ റീന എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


കാടുമൂടിയ കിണറിനരികിലെത്തിയപ്പോള്‍ അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ കേട്ടപോലെ അവള്‍ക്കു തോന്നി.
വഴി വിജനമാണ്.ഈ വലിയ പറമ്പ് കഴിഞ്ഞാലാണ് ഇനിയൊരു വീടുള്ളത്.

നേരിയ ചാറല്‍മഴയുണ്ട്. മുള്ളിലവും കാഞ്ഞിരവും എരുക്കും കള്ളിപ്പാലയുമൊക്കെ നിറഞ്ഞ പറമ്പില്‍ 
ആള്‍താമസമില്ലാത്ത ഒരു വീടുണ്ട്. പെയിന്റടര്‍ന്നു തുടങ്ങിയ ഭിത്തികളുമായി, പായലും പൂപ്പലും പിടിച്ച്, തലകുനിച്ചു നില്‍ക്കുന്ന ആ പഴയ വീടിനോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു കിണറായിരുന്നു അത്.

ഉറവവറ്റിയ കിണറിന്റെ ആഴങ്ങളില്‍ ജലഞരമ്പ് തേടിപ്പോയ കൂട്ടുകാരനെയോര്‍ത്ത് അല്‍പനേരം അവളവിടെ നിന്നു.

കിണറിനു എന്തൊരു ആഴം! അറ്റം തിളങ്ങുന്ന വലിയ ഇലകള്‍ മറച്ചഭാഗത്തെ വെള്ളത്തിനു ഇരുണ്ടനിറം. ഉള്ളില്‍ ഒരു ചുഴി തെളിയുന്നുണ്ട്.

'പാറൂ നിക്ക് ശ്വാസംമുട്ടുന്നു' എന്നാരോ പറഞ്ഞുവോ എന്നവള്‍ക്കു സംശയം തോന്നി.

ശക്തിയായി വീശിയ കാറ്റില്‍, മുള്ളിലവിന്റെ ഒരു കമ്പൊടിഞ്ഞു കിണറ്റില്‍ വീണു. അവളുടെ ഉള്ളൊന്നാളി. ഒരു കുഞ്ഞുവേദന പോലും സഹിക്കാന്‍ പറ്റാത്ത ആളാണ്.

കൂടെ പാര്‍ക്കാന്‍ വന്ന ആദ്യനാളുകളിലേ അതൊക്കെ മനസ്സിലാക്കിയെടുത്തിരുന്നു. ഏറെ ബന്ധമുള്ളവരൊന്നും സ്വന്തമായിട്ടില്ലാത്തതിനാല്‍ ഒളിച്ചോട്ടം എളുപ്പമായിരുന്നു. എന്നിട്ടും അവന്‍ ഉല്‍കണ്ഠപ്പെട്ടു.

'അവര്‍ക്കൊക്കെ വിഷമമായിട്ടുണ്ടാകും'

'ഏയ് ഒരു ഭാരം തലയില്‍ നിന്നു ഒഴിഞ്ഞ സന്തോഷാരിക്കും'-അവള്‍ ചിരിച്ചു.

'കൂടെ പണിക്ക് വരുന്ന സുകുവാണ് ഈ വാടകവീടുപോലും..'

അവള്‍ ഒരു കൈ കൊണ്ട് അവന്റെ വായ മെല്ലെ അമര്‍ത്തി. സുകുവിനെ അറിയാം. പ്രേമാഭ്യര്‍ത്ഥനയുമായി കുറേക്കാലം തന്റെ പിറകെ നടന്നതാണ്.ആ വീട്ടിലെ പൊള്ളുന്ന അവഗണനയിലും അവന്റെ പ്രണയം സ്വീകരിക്കാന്‍ തോന്നിയില്ല. എന്നാല്‍ കൂടെ ജോലിചെയ്യുന്ന വരത്തന്‍ പെട്ടന്ന് മനസ്സില്‍ കയറിപ്പറ്റുകയും ചെയ്തു.

'നിക്ക് കേക്കണ്ട കൂലിപ്പണിയാണെന്നതൊന്നും സാരമില്ല. പക്ഷേ ഈ കിണര്‍ വൃത്തിയാക്കല്. സൂക്ഷിക്കണം' 

അവന്റെ ഉള്ളം കൈപ്പത്തിയില്‍ അവള്‍ ചിത്രം വരച്ചുകൊണ്ട് പരിഭവിച്ചു.

'എനിക്കറിയാം. പാറൂ. ഇപ്പോള്‍ ആ പണിയുടെ സീസണാണ്. മഴയെത്തും മുമ്പ് കുറച്ചു കാശ് തടയും.'- അവന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി.

'ഉറവയില്ലാത്ത കിണറില്‍ ഹൈഡ്രജന്‍ സള്‍ഫേറ്റും കാര്‍ബണ്‍ മോണോക്‌സയിഡും അങ്ങനെ ഓരോ വിഷവാതകവും ഉണ്ടാവും..'-അവള് പണ്ട് പഠിച്ചതോരോന്ന് ഓര്‍ത്തു പറഞ്ഞു.

'ഒരു തിരി കത്തിച്ചു കിണറില്‍ താഴ്ത്തണം. അത് കെട്ടു പോകുന്നിടത്തു ഓക്‌സിജന്‍ ഉണ്ടാവില്ല പിന്നെ താഴോട്ടിറങ്ങരുത്!'

എന്തൊരു കരുതലാണ് പെണ്ണിന്, അവന്‍ പൊട്ടിച്ചിരിച്ചുപോയി!

പിന്നെ അവളുടെ ചെവിയില്‍ എന്തോ ഒരു കുസൃതി നുള്ളിയിട്ട ശേഷം മുറിയില്‍ മങ്ങിക്കത്തുന്ന മെഴുകുതിരി ഊതിക്കെടുത്തി. ഇളകിമാറിയ മേലോടിന്റെ ഇത്തിരി വഴിയിലൂടെ അകത്തു പരന്നൊഴുകിയ നിലാവെളിച്ചം അവിടം കുളിര് കോരിനിറച്ചു.

അടുത്തുതന്നെ പുതിയൊരു പണി ഒത്തുവന്നു.

മജീദ് ഹാജിയുടെ പുതിയ പുരയ്ക്ക് കിണര്‍ കുഴിച്ചിരുന്നില്ല പഴയ തറവാട്ടിലെ കിണര്‍ വൃത്തിയാക്കി മോട്ടോര്‍ ഫിറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

സുകുവാണ് വന്നു വിളിച്ചുകൊണ്ടുപോയത്. സുകുവിനെ ആ ഒരു ദിവസം വെറുതെ പോലീസ് കസ്റ്റഡിയില്‍ വെച്ചിരുന്നു.

എത്ര പെട്ടെന്നാണ് ഓര്‍മ്മകള്‍ തിരയിളക്കങ്ങളെകുന്നതെന്നവള്‍ക്കു തോന്നി.

ഒരു ചെറിയ കമ്പെടുത്തു വഴി തടസ്സപ്പെടുത്തിയിരുന്ന മുള്ളും വള്ളികളും മാറ്റി അവള്‍ മുന്നോട്ടു നടന്നു.

'ഈ പറമ്പിലെ കാടൊക്കെ ഒന്ന് വെട്ടി തെളിയിച്ചൂടെ നിങ്ങക്ക്!'എന്നു പറഞ്ഞു കോലായിലേക്ക് കയറിയപ്പോള്‍ ഹാജിയാരുടെ മകള്‍ ഷമീമ അത്ഭുതത്തോടെ പറഞ്ഞു 'പാറു എന്തിനാ വടക്കുപുറം വഴി വന്നത്? മുന്നില്‍ നല്ല വഴി ഉണ്ടായിരുന്നല്ലോ?'

'കുറുക്കുവഴിയാണ് എനിക്ക് പഥ്യo'-അവള്‍ നിര്‍വികാരമായി പ്രതികരിച്ചു.

അവളുടെ കണ്ണുകള്‍ വീണ്ടും ഭാര്‍ഗ്ഗവിനിലയം പോലുള്ള ആ വീടിനെ ചുറ്റിപ്പറ്റി നിന്നു. 'ഫോര്‍ സെയില്‍' 'എന്നെഴുതിയ ഒരു ഫ്‌ളക്‌സ് അവിടെ തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.

ഷമീമയുടെ വീടിനോട് ചേര്‍ന്ന പുതിയ കിണറിന്റെ ആള്‍മറയ്ക്ക് ചതുരാകൃതിയായിരുന്നു. അധികം ആഴമില്ലാത്ത, അടികെട്ടി വൃത്തിയാക്കിയ ഒരു കൊച്ചു കിണര്‍.

ഉപ്പാക്ക് ആദ്യമേ ഈ ബുദ്ധി തോന്നിയിരുന്നെങ്കില്‍ പാറു ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുമായിരുന്നില്ല എന്ന ചിന്തയായിരുന്നു ഷമീമയ്ക്ക്.

'വാടക കുറച്ചീസം കഴിഞ്ഞിട്ട് തരാം. അത് പറയാന്‍ വന്നതാ'-പാര്‍വതി സങ്കോചത്തോടെ മുഖം താഴ്ത്തി.

'വാടക സുകു തന്നല്ലോ? പറഞ്ഞില്ലേ പാറൂനോട്?'-പാര്‍വതിയുടെ മുഖം പെട്ടന്ന് മങ്ങി..

പലവ്യഞജ്‌നങ്ങളും പച്ചക്കറിയുമടങ്ങുന്ന ഒരു കിറ്റ് കഴിഞ്ഞ ആഴ്ച അവന്‍ കോലായില്‍ കൊണ്ടുവെച്ചത് തിരിച്ചെടുക്കാന്‍ പറഞ്ഞിട്ട് ചെയ്തില്ല. ഇതിപ്പോള്‍...

അവള്‍ അല്‍പനേരം എന്തോ ഓര്‍ത്തു നിന്നു. പിന്നെ ഷമീമയോട് യാത്ര ചോദിച്ചശേഷം വന്നവഴിയെ തിരിച്ചുനടന്നു.

വഴിയരികില്‍ സുകു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

'എവിടെ പോയതാ?'- അവന്റെ സ്വരത്തില്‍ അധികാരത്തിന്റെ തരികള്‍ കലര്‍ന്നിട്ടുണ്ടെന്ന് അവള്‍ക്കു ബോധ്യമായി. ആളും അര്‍ത്ഥവുമില്ലാതെ തനിച്ചു താമസിക്കുന്ന പെണ്ണിന്റെ രക്ഷാകര്‍തൃത്വമേറ്റെടുക്കാന്‍ എന്തൊരു അഭിനിവേശമാണ് ചിലര്‍ക്ക്!

അവള്‍ പതിയെ ഒന്ന് ചിരിച്ചു. അവനു സന്തോഷമായി.

പിന്നെ പൊടുന്നനെ ഒരു ബാധ ആവാഹിച്ചതു പോലെ കിണറിന്റെ മുകളിലത്തെ പടവില്‍ കയറിയിരുന്നു. കൂടെ അവനേയും ക്ഷണിച്ചു. അവനു അത്ഭുതമായിരുന്നു. ഇത്രപെട്ടന്നു ഇതെന്തുപറ്റിയെന്ന്. തിടുക്കത്തില്‍ തന്നെയാണ് അവനും പുതിയ ജീവിതം തുടങ്ങേണ്ട സംഗതികളെക്കുറിച്ച് ഗൗരവമായി സംസാരിക്കാന്‍ തുടങ്ങിയത്.

പാര്‍വതി അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല പടവിന് പുറം തിരിഞ്ഞിരിക്കുന്ന അവന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ പതുക്കെ അഴിച്ചുകൊണ്ട് അവള്‍ എന്തെല്ലാമോ പുലമ്പുന്നുണ്ടായിരുന്നു.

വീണ്ടും കിണറാഴങ്ങളില്‍ ഒരു ചുഴി രൂപപ്പെടുന്നതവള്‍ കണ്ടു.

'പാറൂ നിക്ക് ശ്വാസം മുട്ടുന്നു.' എന്ന ശബ്ദം ഇത്തവണ അവള്‍ വ്യക്തമായും കേട്ടു.

ചുറ്റും ഒരു ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതു പോലൊരു ആരവം ഉയരുന്നുണ്ടെന്ന് അവള്‍ക്കു തോന്നി.ആ തോന്നലിനൊടുവിലുള്ള അവളുടെ ശക്തമായ തള്ളലില്‍ അവന്‍ ബാലന്‍സ് തെറ്റി ആഴങ്ങളിലേക്കു പതിച്ചു.

കാറ്റു തള്ളിയിട്ട ഒരു കാട്ടുമരത്തിന്റെ ചില്ലപോലെ താഴേക്കു പതിക്കുന്ന സുകുവിനെ നോക്കി അവള്‍ കിതച്ചു.

വീണ്ടും വീശിയ കാറ്റില്‍ മുള്ളിലവിന്റെയും കാഞ്ഞിരത്തിന്റെയും കമ്പുകള്‍ ആഴങ്ങളില്‍ അടര്‍ന്നുവീഴുന്നത് നിസ്സംഗതയോടെ അവള്‍ നോക്കിനിന്നു.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...