Asianet News MalayalamAsianet News Malayalam

Malayalam Short Story|ഓര്‍മ്മവീട്, പ്രസാദ് കുറ്റിക്കോട് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്   പ്രസാദ് കുറ്റിക്കോട് എഴുതിയ ചെറുകഥ

chilla malayalam short story byprasd kuttikkod
Author
Thiruvananthapuram, First Published Nov 18, 2021, 3:50 PM IST
  • Facebook
  • Twitter
  • Whatsapp

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story byprasd kuttikkod

 

അയാള്‍ നീണ്ട കരിങ്കല്‍പ്പടവുകള്‍ ചവുട്ടികയറി. നടപ്പാത. പാതയ്ക്കിരുവശമുള്ള തൊടികളില്‍ തലപോയ തെങ്ങും കവുങ്ങും കുറേ പടുമരങ്ങളും അവയില്‍ ചുറ്റിപ്പടര്‍ന്നു കിടക്കുന്ന വള്ളികളും. തൊടി കാടാവുന്നു. നടപ്പാതയിലാവട്ടെ മുട്ടറ്റം പുല്ലും കൊടുത്തൂവയും. 

ആ തൊടികളില്‍ വീണുകിട്ടണ തേങ്ങ വിറ്റാല്‍ ഒരു കുടുംബം കഴിയും. പാതയ്ക്കിരുവശം വിവിധ ചെടികള്‍, തൊടിയില്‍ നിറയെ കൃഷ്ണകിരീടം. തൊടിയ്ക്കറ്റത്ത് മുറ്റത്തിനോടു ചേര്‍ന്നുള്ള ഇടത്തെ മൂലയില്‍ ഒരു വലിയ ചെമ്പരത്തി നിറയെ ചുവന്ന പൂക്കളോടെ ചിരിച്ചു നില്‍ക്കും. ഓണക്കാലത്ത് എത്ര പൂവാണെന്നോ അതില്‍ കയറി പറിച്ചിട്ടുള്ളത്! അവിടുത്തെ അമ്മൂമ്മ ആ ചെമ്പരത്തിയില്‍ നിന്ന് പൂമൊട്ടു പറിച്ചാണ് എണ്ണ കാച്ചുന്നത്. ഇപ്പോഴാ ചെമ്പരത്തി പുഴു തിന്നുതീര്‍ത്ത മനുഷ്യ ശരീരത്തിലെ അസ്ഥികൂടം പോലെ ഇല കൊഴിഞ്ഞ് ഉണങ്ങി ശുഷ്‌കിച്ച് അസ്ഥികള്‍ മാത്രമായി നില്‍ക്കുന്നു.

വലത്തെ മൂലയില്‍ ഒരു വലിയ കയ്പ്പന്‍വേപ്പുണ്ടായിരുന്നത് അയാള്‍ ഓര്‍ത്തു. അതിനടുത്തുള്ള വഴിയിലൂടെ ചെന്നാല്‍ പാമ്പിന്‍ കാവിലെത്തും. അവിടെ വലിയൊരു കാഞ്ഞിരമരം, അതില്‍ നിറയെ വള്ളിപ്പടര്‍പ്പുകള്‍. അതിനടുത്ത് വെട്ടുകല്ലില്‍ തീര്‍ത്ത ചുറ്റുമതിലുള്ള പാമ്പിന്‍ കാവ്. കാവില്‍ കരിങ്കല്ലില്‍ കൊത്തിവച്ച നാഗപടങ്ങള്‍!

മുറ്റത്ത് വലതുവശത്തായി ഒരു വലിയ തുളസിത്തറ, അതില്‍ തുളസിയോടൊപ്പം വളരുന്ന റോസും മറ്റു ചെടികളും. ആ തുളസിത്തറയ്ക്കടുത്താണ് ടീവിയുടെ കുട ഇരിക്കുന്നത്. 

അയാള്‍ പൂമുഖത്തേക്ക് നോക്കി. സദാ, 'ന്റെ ഗുരുവായൂരപ്പാ' എന്ന് വിളിച്ച് നടക്കുകയാണ് അമ്മൂമ്മ. റേഡിയോ, കാതിനോടടുപ്പിച്ച് പിടിച്ച് മരക്കസേരയിലിരുന്ന് ക്രിക്കറ്റ് കമന്ററി കേള്‍ക്കുന്ന അമ്മച്ഛന്‍. രണ്ടു ചേച്ചിമാരും അവരുടെ അമ്മയും. അവര്‍ രണ്ടുപേരും വിളിക്കുന്നതു കേട്ടാണ് ആ വൃദ്ധര്‍ അയാള്‍ക്ക് അമ്മച്ഛനും അമ്മൂമ്മയും ആയത്.

മുറ്റത്ത് നിന്ന് നേരെ ഉമ്മറത്തേക്ക് കയറി. ചോര്‍ന്നൊലിച്ച് നിലമാകെ ചളി പടര്‍ന്നിരിക്കുന്നു. അമ്മച്ഛന്റെ ഓര്‍മ്മ പുതുക്കാനെന്നോണം അനാഥമായി ആ മരക്കസേര ഇപ്പോഴും ഉമ്മറത്തിരിക്കുന്നു. മുന്‍പ് അവിടെ ചെല്ലുമ്പോള്‍ ആ ഉമ്മറം ഇങ്ങനെയായിരുന്നില്ല...

 കയറി ചെല്ലുന്നിടത്ത് ലോഹത്തകിടുകള്‍ പോലെ ചിലത് തൂക്കിയിട്ടിരുന്നു. ഇളംകാറ്റില്‍ അവ പരസ്പരം കൂട്ടിമുട്ടി ശബ്ദമുണ്ടാക്കാറുണ്ട്. കാവി വിരിച്ച് ചെറിയ ചതുരക്കള്ളികള്‍ വരച്ച നിലം സദാ വെട്ടിത്തിളങ്ങും. ഉത്തരത്തെ താങ്ങി നിര്‍ത്തുന്ന തൂണുകള്‍ രാജാവിന് അംഗരക്ഷകരെന്നപോലെ കരുത്തുറ്റതായി കാണപ്പെട്ടു. എന്നാല്‍ ഇന്ന്, ചുമരുകള്‍ വിണ്ടുകീറുകയും തൂണുകള്‍ ചിതല്‍ തിന്ന് തീരുകയും ചെയ്തിരിക്കുന്നു. വലത്തേ ചുമരില്‍ ഹനുമാന്‍ ചിത്രമുണ്ടായിരുന്നിടത്ത് വേട്ടാളന്‍ കൂടുകൂട്ടിയിരിക്കുന്നു. ആ ചുമരിലെ ദ്രവിച്ചവാതില്‍ തള്ളിത്തുറന്ന് അയാള്‍ അകത്തു കടന്നു.

പണ്ടൊക്കെ ആ തറവാട്ടില്‍ പോയി എത്ര സിനിമകള്‍ കണ്ടിട്ടുണ്ടെന്നോ...! ഈ മുറിയിലിരുന്നാണ് സിനിമകള്‍ കണ്ടിരുന്നത്. ഇരുട്ട് കട്ടപിടിച്ച ഒരു മുറി, ഒരുപക്ഷേ കണ്ണിന്റെ കാഴ്ച്ചയറ്റതാകുമോ? ഓഫീസ് മുറി എന്നാണ് വിളിക്കപ്പെടുന്നത്. തറവാട്ടിലെ ഒരു കാരണവര്‍ സിലോണില്‍ നിന്ന് ജോലി നിര്‍ത്തി പോരുമ്പോള്‍ ഒരു ബാങ്ക് തുടങ്ങുവാന്‍ പദ്ധതി ഇട്ടിരുന്നുവത്രെ. അതിനായി നിര്‍മ്മിച്ചതുകൊണ്ടാണത്രെ ആ മുറിക്ക് ഓഫീസ്മുറിയെന്ന് പേര് വീണത്. ചിലപ്പോള്‍ അതൊരു കെട്ടുകഥ മാത്രമാവാം...

ഇരുട്ടിനെ വകഞ്ഞുമാറ്റിക്കൊണ്ട് അയാളിലേക്ക് ഭൂതകാലത്തിന്റെ നേര്‍ത്ത വെളിച്ചം പടര്‍ന്നു. വലിയ ചുമരില്‍ ഒരു ചിത്രം, അതാ! കൃഷ്ണന്‍ കുരുക്ഷേത്രത്തില്‍ വെളുത്ത കുതിരകളെ പൂട്ടിയ രഥം തെളിക്കുന്നു. സാരഥിക്കു പിറകില്‍ കുലച്ച വില്ലുമായി പാര്‍ത്ഥന്‍. തെക്കുപടിഞ്ഞാറേ മൂലയില്‍ ടി.വി. അതില്‍ തനിക്കിഷ്ടപ്പെട്ട സിനിമകള്‍, നടീനടന്മാരുടെ വേഷപകര്‍ച്ചകള്‍. മുറിയുടെ നടുവില്‍ ഒരു വലിയ തൂണ്, അതില്‍ ചിരിക്കുന്ന സായിബാബയുടെ ചിത്രം. തൂണിനോടു ചേര്‍ന്ന് സോഫ. സോഫയ്ക്കടുത്ത് നിലത്ത് അയാള്‍ സ്ഥിരം സ്ഥാനം പിടിക്കുന്ന കള്ളികള്‍.

അങ്ങോട്ട് നടക്കുന്നതിനിടയില്‍ കട്ടപിടിച്ച ഒരു ദ്രാവകം കാലില്‍ ഒട്ടുന്നതുപോലെ തോന്നി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു നട്ടുച്ചയില്‍ കളിക്കുന്നതിനിടയില്‍ മുറിഞ്ഞ കാലുമായി അയാള്‍ ആ മുറിയില്‍ വന്നിരുന്നു. ചേച്ചിമാരും അമ്മൂമ്മയും പുറത്തുപോയിരുന്നു. അമ്മച്ഛന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന്, മുറിഞ്ഞ കാലില്‍ നിന്ന് ഒഴുകിയ ചോരകൊണ്ട് ആ നിലംതുടച്ചു. 

പിറ്റേന്ന് അവിടുത്തെ ചേച്ചിമാരിലൊരാള്‍ വീട്ടില്‍ വന്നപ്പോള്‍ അയാളുടെ കാലില്‍ കെട്ടുണ്ടായിരുന്നു. അവര്‍ അമ്മയോട് പറഞ്ഞു,

''ഞങ്ങളാരോ, നെലത്ത് ചാന്തോ, കുങ്കുമോ കളഞ്ഞിരിക്ക്യാന്നാ അമ്മച്ഛന്‍ വിചാരിച്ചിരിക്കണത്'.

അത് കേട്ട് അയാള്‍ അമ്മയെ നോക്കി ചിരിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഓഫീസ്മുറിയില്‍ നില്‍ക്കുമ്പോള്‍ കാല്‍മുട്ട് മുറിഞ്ഞതായി, ചോരയൊഴുകുന്നതായി, രക്തം നിലത്ത് കട്ടപിടിച്ച് കിടക്കുന്നതായി അയാള്‍ക്കു തോന്നി.

ഓഫീസ്മുറിക്കടുത്തുള്ള കൊച്ചുമുറിയില്‍ നിന്നും മുകളിലേക്ക് ഗോവണിപ്പടികള്‍. പുറത്തേക്കുള്ള ഭാഗം കമ്പിവല കൊണ്ട് അടച്ചിരിക്കുന്നു. അതിലൂടെ പുറത്തേക്ക് നോക്കിയാല്‍ ഗ്രാമത്തിന്റെ വടക്കേയറ്റം മുഴുവന്‍ കാണാം. ആ വലയിലൂടെ നോക്കുമ്പോള്‍ താഴെപ്പുരയുടെ ഓട്ടിന്‍പുറത്തിലൂടെ മഴത്തുള്ളികള്‍ അരിച്ചിറങ്ങുന്നത് കാണാന്‍ എന്ത് രസാണെന്നോ?

മുകളില്‍ നിന്ന് മറ്റൊരു ഗോവണി ഇറങ്ങിയാല്‍ നേരെ ഇടനാഴിയിലെത്തും. ഇടനാഴിക്കറ്റത്ത് ശീവോതിക്കൂട്. അമ്മൂമ്മ എപ്പോഴും വിളിക്കണ ഗുരുവായൂരപ്പനു തന്നെയാണവിടെ പ്രാധാന്യം...

അവിടെ നിന്ന് ഊണുമുറിയിലേക്കെത്തും. ഒരു വലിയ വട്ടമേശയില്‍ നാക്കില അയാളെ മാടി വിളിക്കുന്നു. തന്റെ വീട്ടിലെ പുകയെരിയുന്ന വീതനതിണ്ണയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിഭവങ്ങള്‍. മതിവരുവോളം ഭക്ഷണം, ദാഹം ശമിക്കുവോളം ജലം. 

അവിടെ നിന്നും അയാള്‍ അടുക്കളയിലേക്ക് കടന്നു. അയാള്‍ കണ്ട ആദ്യത്തെ സാത്താന്‍ വിശപ്പും ദൈവം ഭക്ഷണവും ആയിരുന്നു. സാത്താനെ കണ്ടത് ഒട്ടിയ തന്റെ വയറിലാണെങ്കില്‍ ദൈവത്തെ കണ്ടത് അമ്മൂമ്മയിലും വിളമ്പുന്ന ചേച്ചിയിലും ആണ്. അടുക്കളയോട് ചേര്‍ന്നുതന്നെ ഒരു കിണറുണ്ട്. നെല്ലിപ്പലകയിട്ട കിണറായാതിനാല്‍ ഏത് കൊടുംവേനലിലും വെള്ളത്തിന് നല്ല തണുപ്പായിരിക്കും. 

ബാലടി.ബി. പിടിച്ച് കിടപ്പിലായിരുന്ന അയാള്‍ക്ക് ക്ഷയിക്കാത്ത ഭക്ഷണപാത്രമായിരുന്നു ആ അടുക്കള. എല്ലുംതോലും മാത്രമായിരുന്ന ബാല്യത്തില്‍ അസ്ഥികളില്‍ ഇറച്ചിമുളപ്പിച്ചത്, ആ അടുക്കളയുടെ വീതനപ്പുറമായിരുന്നു. 

അടുക്കളയുടെ ജനലിലൂടെ അയാള്‍ പുറത്തേക്കു നോക്കി. പണ്ട് അവിടെ കാലിത്തൊഴുത്തായിരുന്നു. അച്ഛനാണ് രാവിലെ വന്ന് പശുവിനെ കറക്കുന്നത്. ചില ദിവസങ്ങളില്‍ അയാളും കൂടെയുണ്ടാവും. മുറ്റത്തെത്തിയാല്‍ അച്ഛന്‍ നീട്ടി വിളിക്കും,

'തറവാട്ടമ്മേ...'

വിളികേട്ട് അമ്മൂമ്മ വരുമ്പോള്‍ നേരത്തെ എഴുന്നേറ്റ് കുളിച്ച് നെറ്റിയില്‍ കുറി വരച്ച് സെറ്റുമുണ്ടുടുത്താണ്.  അച്ഛന്റെ അടുത്ത് നില്‍ക്കുന്ന അയാളോട് 'ആഹാ, ഇന്ന് ഉണ്ണിക്കുട്ടനൂണ്ടോ?' എന്ന് ചോദിക്കുമ്പോള്‍ അയാളുടെ മുഖത്ത് ചിരി വിടരും...

പുറകില്‍ എന്തോ വീഴുന്ന ശബ്ദം. അയാള്‍ ഓര്‍മ്മകളെ വകഞ്ഞു മാറ്റി. വീതനപ്പുറത്ത് ഒരു പട്ടിക മുറിഞ്ഞ് വീണ ശബ്ദമാണ് കേട്ടത്. ഇന്ന് അടുക്കളയും കൂപ്പുകുത്തിയിരിയ്ക്കുന്നു.

ഇനി തിരിച്ചു പോകാം. പഴമയുടെ മണ്‍ക്കൂടില്‍ നിന്ന്, തന്നെ താനാക്കിയ ഓര്‍മ്മകളുടെ ഇറയത്തുനിന്ന്, ഇനി തിരിച്ചു പോകാം.  മിഴികളില്‍ നിന്ന് ഊര്‍ന്നുവീഴുന്ന ഓര്‍മ്മകളുടെ വറ്റാത്ത ഉറവകളെ നെഞ്ചിലിട്ട് അയാള്‍ നീളന്‍ കരിങ്കല്‍പ്പടവുകള്‍ നടന്നിറങ്ങി. 

കയറിയ പടവുകള്‍ ഇറങ്ങിയേ തീരൂ.

Follow Us:
Download App:
  • android
  • ios