"അഴിവാതിലൂടെ പതുങ്ങി  വന്നെത്തുന്നു പവിഴമല്ലിപ്പൂവിൻ പ്രേമം...." എന്ന് വേണുഗോപാലിന്റെ സ്വരത്തിൽ കേട്ടുപരിചയിച്ചിട്ടുള സുഗതകുമാരിയുടെ പ്രണയസാന്ദ്രമായ വരികൾ ഒരിക്കലെങ്കിലും ജീവിതത്തിൽ മൂളാത്തവർ ചുരുക്കമാകും.

 

 

സുഗതകുമാരിയുടെ കവിതകൾ മലയാളിയുടെ ഗൃഹാതുര സ്മരണകൾക്ക് കൂട്ടുപോരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കവിതയുടെ പൂമ്പൊടിമണത്തോടൊപ്പം ആലാപന സൗന്ദര്യത്തിന്റെ മധുരവും കലർന്നവയായിരുന്നു ആ കവിതകൾ. 1968 -ലെ പാതിരാപ്പൂക്കൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും, രാത്രിമഴയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും സുഗതകുമാരിയെ തേടിയെത്തി. 1977 -ൽ പുറത്തിറങ്ങിയ രാത്രി മഴ എന്ന സമാഹാരത്തിലെ ശീർഷക കവിത ഏറെ ജനപ്രിയമായിരുന്നു.

 

 

 

 അതേ വർഷം തന്നെ പുറത്തിറങ്ങിയ 'കൃഷ്ണാ നീയെന്നേ അറിയില്ല' യുവജനോത്സവ വേദികളിൽ വർഷങ്ങളോളം നിറഞ്ഞു നിന്ന ഒരു സുഗതകുമാരിക്കവിതയാണ്.

 

അതുപോലെ ശ്രവണമധുരമായ മറ്റൊരു കവിതയാണ് 1990 -ൽ പുറത്തിറങ്ങിയ തുലാവർഷപ്പച്ച എന്ന സമാഹാരത്തിലെ 'പാദപ്രതിഷ്ഠ'. 'എന്റെ ഹൃദയത്തിൽ ഞാൻ രണ്ടു പാദങ്ങളെ പണ്ടേ പ്രതിഷ്ഠിച്ചിരുന്നു' എന്ന് തുടങ്ങുന്ന വരികളിലൂടെ സുഗതകുമാരി മലയാളികളെ ഭ്രമിപ്പിച്ചു. 

 


'ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ, ചിറകൊടിഞ്ഞുള്ളോരാ കാട്ടുപക്ഷി...' എന്ന സുഗതകുമാരിക്കവിതയുടെ വിടി മുരളി ആലാപനവും ഏറെ പ്രസിദ്ധമാണ്.

 


അങ്ങനെ ഒരുപാട് കവിതകളിൽ പ്രണയവും പ്രകൃതിയോടുള്ള അടങ്ങാത്ത സ്നേഹവും പടർത്തി നിർത്തിക്കൊണ്ടാണ് സുഗതകുമാരി എന്ന കവി വിടവാങ്ങുന്നത്. ഇനിയുമെത്രയോകാലം മലയാളിയുടെ നാവിൽ ആ കവിതകളുടെ മധുരം വറ്റാതെ തുടരും.