Asianet News MalayalamAsianet News Malayalam

പാബ്ലോ നെരൂദ കോഴിക്കോടന്‍ ഭാഷയില്‍ പ്രണയകവിത എഴുതിയാല്‍...

വാക്കുല്‍സവത്തില്‍ ഗീതാ സൂര്യന്‍ കോഴിക്കോടന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രണയകവിതകളുടെ കഥ. ഗീതയുടെയും. കെ. പി റഷീദ് എഴുതുന്നു. 

Geetha Suryan's translation of love poems by KP Rasheed
Author
Thiruvananthapuram, First Published Feb 6, 2021, 6:33 PM IST

നെരൂദ മാത്രമല്ല, പ്രണയം കൊണ്ട് ആഴിയെയും ആകാശത്തെയും വരിഞ്ഞുകെട്ടുന്ന ലോകകവിതയിലെ മറ്റനേകം കവികളെയും ഗീത കോഴിക്കോട്ടങ്ങാടിയുടെ പ്രണയത്തിലേക്ക് വിളിച്ചുകൊണ്ടുവന്നിട്ടുണ്ട്. ഗീതയുടെ കൈകളിലൂടെ കടന്നുപോവുമ്പോള്‍, ഓരോ പ്രണയകവിതയ്ക്കും, ഓമനിക്കാന്‍ തോന്നുന്നത്ര ചാരുത കൈവരുന്നു. മാനകഭാഷയുടെ ചതുരവടിവില്‍നിന്നും ആ കവിതകള്‍ ഭാവനയുടെ പുതിയ ആകാശങ്ങളിലേക്ക് തൂവല്‍ വിരിച്ച് പറക്കുന്നു. പ്രണയം എന്ന വാക്കിനോട് തന്നെ പ്രണയം തോന്നിപ്പോവുന്നൊരവസ്ഥ!

 

Geetha Suryan's translation of love poems by KP Rasheed

 


''യ്ക്ക് പക്ഷേ അന്റെ 
കാലടികളോടാ ഇഷ്ടം.
ഈ ഭൂമീലൂടെ,
കാറ്റിലും വെള്ളത്തിലും ആയി 
അത് ന്നെ കണ്ടു പിടിക്കണ വരെ 
നടന്നൂലോ!''

ഇത് പ്രശസ്തമായ ഒരു കവിതയുടെ വിവര്‍ത്തനമാണ്. 1971-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ, എക്കാലത്തെയും വലിയ കവികളില്‍ ഒരാളായ പാബ്ലോ നെരൂദയുടെ ഏറെ ഉദ്ധരിക്കപ്പെട്ട ഒരു കവിതയുടെ വിവര്‍ത്തനം. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ജീവിക്കുന്ന, കോഴിക്കോട്ടുകാരി ഗീത സൂര്യനാണ്, സ്വന്തം സംസാരഭാഷയുടെ അഴകളവിലേക്ക് നെരൂദയുടെ കവിതയെ അതിമനോഹരമായി ചെത്തിമിനുക്കിയത്.  അതിന്റെ സൗന്ദര്യം ശരിക്കുമങ്ങ് മനസ്സിലാവാന്‍, നെരൂദയുടെ പ്രശസ്തമായ ആ കവിതയുടെ വരികള്‍ ഇംഗ്ലീഷില്‍ ഒന്നു വായിക്കുക തന്നെ വേണം. 

ഇതാണ് നെരൂദക്കവിത: 

'But I love your feet
only because they walked
upon the earth and upon
the wind and upon the waters,
until they found me.'

- Pablo Neruda

നെരൂദ മാത്രമല്ല, പ്രണയം കൊണ്ട് ആഴിയെയും ആകാശത്തെയും വരിഞ്ഞുകെട്ടുന്ന ലോകകവിതയിലെ മറ്റനേകം കവികളെയും ഗീത കോഴിക്കോട്ടങ്ങാടിയുടെ പ്രണയത്തിലേക്ക് വിളിച്ചുകൊണ്ടുവന്നിട്ടുണ്ട്. ഗീതയുടെ കൈകളിലൂടെ കടന്നുപോവുമ്പോള്‍, ഓരോ പ്രണയകവിതയ്ക്കും, ഓമനിക്കാന്‍ തോന്നുന്നത്ര ചാരുത കൈവരുന്നു. മാനകഭാഷയുടെ ചതുരവടിവില്‍നിന്നും ആ കവിതകള്‍ ഭാവനയുടെ പുതിയ ആകാശങ്ങളിലേക്ക് തൂവല്‍ വിരിച്ച് പറക്കുന്നു. പ്രണയം എന്ന വാക്കിനോട് തന്നെ പ്രണയം തോന്നിപ്പോവുന്നൊരവസ്ഥ!

 

Geetha Suryan's translation of love poems by KP Rasheed

ഗീതാ സൂര്യന്‍

 

ഏതാണ്ട് പ്രേമം പോലുള്ളൊരു കലാപരിപാടിയാണ് വിവര്‍ത്തനം. രണ്ട് ഭാഷകള്‍ ഒന്നിച്ചു ചേരുന്ന ഇടം. കേവലം ഭാഷകള്‍ മാത്രമല്ല, വിവര്‍ത്തനത്തില്‍ നെഞ്ചോടു ചേരുന്നത്. സംസ്‌കാരങ്ങള്‍, ആശയങ്ങള്‍, ഭാഷാവൈചിത്ര്യങ്ങള്‍, രാഷട്രീയം, ചരിത്രം എന്നിങ്ങനെ, സാഹിത്യസൃഷ്ടി ഒപ്പം കൊണ്ടുനടക്കുന്ന മറ്റനേകം അടരുകള്‍ കൂടി അതിലേക്ക് പ്രണയപൂര്‍വ്വം ലയിച്ചു ചേരുന്നു. പുതിയ ഒരു ഭാഷ ജനിക്കുന്നു. പുതിയ സൃഷ്ടി ഉണ്ടാവുന്നു. സാഹിത്യം വെറും ഭാഷ മാത്രമല്ലാത്തതിനാല്‍, ഒട്ടുമെളുപ്പമല്ല, മൊഴിമാറ്റ പ്രക്രിയ. അതില്‍, വിവര്‍ത്തനം ചെയ്യുന്നയാളിന്റെ സെന്‍സിബിലിറ്റിയും ജീവിതധാരണകളും ലോകപരിചയവും രണ്ടു ഭാഷകളിലുള്ള ആഴത്തിലുള്ള അറിവുമെല്ലാം സ്വാഭാവികമായി കലര്‍ന്നു വരും. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത എന്നു പറയും വിധം, പരിമിതികളുടെ മുനമ്പിലാണ് വിവര്‍ത്തനം നടക്കുന്നത് എന്നര്‍ത്ഥം. 

അങ്ങനെയൊക്കെയുള്ള വിവര്‍ത്തനമേഖലയിലേക്കാണ്, അച്ചടി ഭാഷയുടെ വടിവുകള്‍ തൂത്തുകളഞ്ഞ്, സംസാര ഭാഷയുടെ കോഴിക്കോടന്‍ സാദ്ധ്യതയുമായി ഗീത കടന്നു വരുന്നത്. തൊട്ടുമുമ്പു പറഞ്ഞതുപോലുള്ള പരിമിതികള്‍ക്കു പുറമെ, സംസാര ഭാഷ സ്വയം സൃഷ്ടിക്കുന്ന എടങ്ങേറുകള്‍ കൂടിയാണ് അതിനാല്‍ ഗീതയ്ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍, ഈ പരിമിതിയെ പഞ്ഞിക്കായ പോലെ പറപ്പിക്കുകയാണ്, ഗീതയുടെ കവിതാ വിവര്‍ത്തനങ്ങള്‍. 

സംശയമുള്ളവര്‍ ഈ സാമ്പിളുകള്‍ കണ്ടു നോക്കൂ: 


''You smiled and talked to me of nothing and I felt that for this I had been waiting long.'

- Rabindranath Tagore


ചിരിച്ചും കൊണ്ട് യ്യ് ന്നോട് 
ഓരോ കൂട്ടം പറഞ്ഞപ്പോ 
ഇത്രേം കാലം 
ഞാന്‍ കാത്ത് നിന്നത് 
ഇത് കേക്കാന്‍വേണ്ടി ആയിരുന്നൂന്ന് തോന്നി.

.................


''I almost wish we were butterflies and liv'd but three summer days - three such days with you I could fill with more delight than fifty common years could ever contain.'
- John Keats


നമ്മള് പൂമ്പാറ്റകളാണെന്നും 
എന്നിട്ടു മൂന്നു ചൂടന്‍ ദിവസങ്ങള് 
കഴിച്ചുകൂട്ടീന്നും ഞാന്‍ ചിലപ്പോ കരുതും.
അന്റെ കൂടെള്ള ആ മൂന്നു ദിവസങ്ങള് 
ശരിക്ക് ള്ള അമ്പത് കൊല്ലം കൊണ്ട് 
ണ്ടാക്ക് ന്ന സന്തോഷം 
നെറയ്ക്കാന്‍ ന്നെക്കൊണ്ടാവും.

.....................

 

''Extinguish my eyes, I'll go on seeing you.
Seal my ears, I'll go on hearing you.
And without feet I can make my way to you,
without a mouth I can swear your name.
Break off my arms, I'll take hold of you
with my heart as with a hand.
Stop my heart, and my brain will start to beat.
And if you consume my brain with fire,
I'll feel you burn in every drop of my blood.' 

Rainer Maria Rilke


ന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചാലും യ്ക്ക് ങ്ങളെ കാണാന്‍പറ്റും 
ന്റെ ചെവി അടച്ചാലും കേള്‍ക്കാനും പറ്റും.
യ്ക്ക് കാലില്ല്യാണ്ടും ഇങ്ങളെ അട്ത്തേക്കു വരാന്പറ്റും
വായില്ല്യാണ്ടും ഇങ്ങളെ പേര് പറയാന്‍പറ്റും 
ന്റെ കയ്യൊടിച്ചാലും കയ്യോണ്ടെന്ന പോലെ 
ന്റെ ചങ്കോണ്ടു ങ്ങളെ പിടിക്കാനും പറ്റും.
ന്റെ ചങ്കു പിടയ്ക്കണത് നിര്‍ത്യാലും ന്റെ തലച്ചോറ് 
പിടയ്ക്കാന്‍ തൊടങ്ങും.
ന്റെ തലച്ചോറ് ങ്ങള് തീയ്ക്കകത്തിട്ടാലും 
ന്റെ ഓരോ തുള്ളി ചോരേലും ങ്ങള് കത്തുമ്പോലെ 
യ്ക്ക് തോന്നും.

 

Geetha Suryan's translation of love poems by KP Rasheed

ഗീതാ സൂര്യന്‍


കോഴിക്കോടന്‍ ഭാഷയില്‍ ലോകം കാണല്‍

കോഴിക്കോടന്‍ നാട്ടുഭാഷയില്‍ എങ്ങനെയാണ് നങ്കൂരമിട്ടത്? ഈ ചോദ്യത്തിന് ഗീത പറയുന്ന ഉത്തരം ഇതാണ്: ''കോഴിക്കോടാണ് വീട്. കോഴിക്കോട് സര്‍വകലാശാലയിലെ മലയാളം വകുപ്പിലാണ് പഠിച്ചത്. അഴീക്കോട് മാഷായിരുന്നു ഗുരു.ഫാറൂഖ് കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നതോടെയാണ് കോഴിക്കോടന്‍ സുഹൃത്തുക്കള്‍ ഉണ്ടായത്.അവരുടെ ഭാഷ തന്നെ അവരോടൊപ്പം ഞാനും പറഞ്ഞു രസിച്ചു. ഞമ്മള്, ഞമ്മക്ക്, അന്റെ, ഓന്റെ തുടങ്ങിയ വാക്കുകള്‍ പ്രയോഗിച്ചു ഞങ്ങള്‍ രസിച്ചു. ''

അവിടെ തീരുന്നില്ല ഗീതയും നാട്ടുഭാഷയും തമ്മിലുള്ള ചുറ്റിക്കളി. ''കല്യാണം കഴിഞ്ഞു പോയത് മലപ്പുറത്തേക്കാണ്.അവിടയുള്ള ആളുകളുടെ ഭാഷ വീണ്ടും കേള്‍ക്കാനിടവന്നു.'ജ്ജെന്താ മാളേ സ്വര്‍ണം ഒന്നും ഇടാതെ ങ്ങനെ നടക്ക് ണ്?' എന്നൊക്കെ ഓരോരുത്തര്‍ ചോദിക്കുമ്പോള്‍ അതൊക്കെ ഞാന്‍ കൂട്ടുകാരോട് പറഞ്ഞു രസിച്ചിരുന്നു. മഴ പെയ്യും മുന്‍പേ എന്ന സിനിമയുടെ പേര്  മഴ പെജ്ജും മുമ്പേ എന്ന് പറയുന്ന പോലെ. ചുരുക്കി പറഞ്ഞാല്‍ നാടന്‍  ഭാഷ എനിക്കിഷ്ടപ്പെട്ടു. അതിനോടൊപ്പം കോഴിക്കോട് ഭാഷയും സ്വാധീനിച്ചു.ഈ ഭാഷ ഉപയോഗിച്ച് ഞാനൊരു സംഭാഷണം നിര്‍മ്മിച്ചു .രണ്ടു കുട്ടികള്‍ തമ്മില്‍ പറയുന്നതുപോലെ. അത് ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു കഥാ സമാഹാരമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.''

ബാലസാഹിത്യമൊക്കെ ഒകെ. പക്ഷേ, പ്രണയം? കോഴിക്കോടന്‍ എന്നല്ല മലയാളത്തിന്റെ ഭാഷാഭേദങ്ങളിലേക്ക്, വസന്തവും ചെറി മരവും ഒളിച്ചുകളി നടത്തുന്ന ലോകകവിതയെ അവതരിപ്പിക്കാന്‍ ചുരുങ്ങിയ ഭ്രാന്തൊന്നും പോരാ എന്ന് ആര്‍ക്കും തോന്നാം. എന്നിട്ടും അതെങ്ങനെ സംഭവിച്ചു? 

ഈ ചോദ്യം ചോദിക്കുമ്പോള്‍, ഗീത പറയുന്ന മറുപടി രസകരമാണ്: 

''പ്രണയ കവിതകള്‍ പണ്ടേ ഇഷ്ടമായിരുന്നു. ഡി വിനയചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചങ്ങമ്പുഴ, ഒ എന്‍ വി, പി.കുഞ്ഞിരാമന്‍ നായര്‍, വയലാര്‍, സുഗതകുമാരി തുടങ്ങിയ മിക്ക മലയാള കവികളുടെയും പ്രണയ കവിതകള്‍ പഠിക്കുന്ന കാലം തൊട്ടേ വായിച്ചു പോന്നിട്ടുണ്ട്. വൈലോപ്പിള്ളി, എം.ഗോവിന്ദന്‍, ഒളപ്പമണ്ണ, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെയൊക്കെ പ്രണയ കവിതകള്‍ മാത്രം മുങ്ങിതപ്പി നടന്നിട്ടുണ്ട്. പാശ്ചാത്യ കവിതകളിലും ഞാന്‍ തിരഞ്ഞത് അതാണ്. എന്നാപ്പിന്നെ ഇതൊകെക മലയാളത്തിലാക്കിക്കൂടേ എന്ന തോന്നലാണ് വിവര്‍ത്തനത്തിലെത്തിച്ചത്. വിവര്‍ത്തനം എന്നു പറയുമ്പോഴേ, നാവില്‍ വന്നത് നാടന്‍ ഭാഷയാണ്. അങ്ങനെയാണ് രസം തോന്നുന്ന വരികള്‍ മാത്രം വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കുറേപേര്‍ക്ക് ഇഷ്ടമായി. പുസ്തകം ഇറക്കിക്കൂടേ എന്നൊക്കെ പലരും പറഞ്ഞപ്പോള്‍, എന്നാലിതങ്ങ് തുടരാം എന്നു വെയ്ക്കുകയായിരുന്നു''

ഇരുപത്തഞ്ചു വര്‍ഷത്തോളം അധ്യാപകയായിരുന്നു ഗീത.  ദോഹയിലെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ മലയാളം വകുപ്പിന്റെ മേധാവി ആയിരുന്നു. കുറച്ചു കാലം മുമ്പ്, ജോലി രാജി വച്ചു. അതോടെ സമയം കൈവെള്ളയില്‍നിറഞ്ഞു. അങ്ങനെ നേരം പോക്കെന്ന രീതിയില്‍ തുടങ്ങിയതാണ് വിവര്‍ത്തനം. 

ലോക സാഹിത്യത്തിലെ പ്രണയാര്‍ദ്രമായ വരികള്‍ നാട്ടുമൊഴിയുടെ വഴക്കത്തിലേക്ക് മാറ്റുമ്പോള്‍ പെട്ടുപോയ കുഴപ്പങ്ങള്‍ എന്തൊക്കെയാണ്? ഗീത ഇനി പറയുന്നത് അക്കാര്യമാണ്: ''വിവര്‍ത്തനം ചെയ്യുമ്പോള്‍ ചില വാക്കുകള്‍ക്ക് പറ്റിയ നാടന്‍ പദങ്ങള്‍ കിട്ടാതാവാറുണ്ട്. നിവൃത്തിയുള്ളിടത്തോളം അതിനു പിന്നാലെ പോവും. ഇല്ലെങ്കില്‍, ആ കവിത വിട്ട് വേറൊന്നിലേക്കു തിരിയും. എന്നാലും, ലോകകവിതയ്ക്ക് മുന്നില്‍ നാടന്‍ ഭാഷ അങ്ങനെ പിടിതരാതിരുന്നിട്ടൊന്നുമില്ല.''

ഇത്രയും പറഞ്ഞ സ്ഥിതിക്ക് നമുക്കിനി ആ കവിതകള്‍ വായിക്കേണ്ടതുണ്ട്. കോഴിക്കോടന്‍ ഭാഷ അറിയാത്തവര്‍ക്കു പോലും പ്രേമം തോന്നുന്ന എന്തോ ഒരിത് ഈ കവിതകളിലുണ്ടെന്ന് ഇതിലൂടെ കടന്നുപോയാല്‍ ഉറപ്പായും പറയേണ്ടി വരും. 

 

Geetha Suryan's translation of love poems by KP Rasheed

 

അതിനാല്‍, ഇനി ആ കവിതകള്‍:

'You're my Star, a stargazer too,
and I wish that I were Heaven,
with a billion eyes to look at you!' 

- Plato

യ്യ് ന്റെ നക്ഷത്രാ;പോരാത്തേന് 
നക്ഷത്രം നോക്കണ ആളും.
യ്ക്ക് ഒരു സ്വര്‍ഗാവാനും 
അവിടന്ന് 
അന്നെ ആയിരക്കണക്കിന് 
കണ്ണുകള് കൊണ്ട് 
നോക്കാനും പറ്റിയിര്‌ന്നെങ്കില്‍
എന്ന് ഞാന്‍ ആശിക്ക്യാണ്.

........................

'One day you will ask me which is more important? My life or yours? I will say mine and you will walk away not knowing that you are my life.'
- Khalil Gibran

'ന്റെ ജീവിതാണോ അതോ ങ്ങള്‍ടെ 
ജീവിതാണോ ഏറ്റോം വലുത്' 
എന്ന് ഒരീസം യ്യ് ചോയ്ക്കും.
'ന്റേ'തെന്ന് ഞാന്പറയും.
യ്യാണ് ന്റെ ജീവിതം ന്ന് 
മന്‍സ്സിലാക്കാതെ 
യ്യ് അങ്ങ് ട് പോവേം ചെയ്യും. 

........................

The woods are lovely, dark, and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.

- Robert Frost

കാടൊക്കെ രസം തന്ന്യാണ്.
ഇരുട്ടും പരപ്പും ഒക്കെണ്ടെങ്കിലും 
യ്ക്ക് കൊറച്ച് വാക്ക് പാലിക്കാന്‍ ണ്ട്.
ചാവുന്നേനു മുമ്പ് കൊറേക്കാര്യങ്ങള് 
ചെയ്യാനുംണ്ട്.

........................


'Tell me, if I caught you one day
and kissed the osle of your foot,
wouldn't you limp a little then,
afraid to crush my kiss?'
(Nichita Stãnescu)

അന്നെ ഒരീസം ന്റെ കയ്യില്‍ കിട്ട്യാല്‍ 
ആ കാലടീലൊരു ഉമ്മ തന്നാ,
ന്റെ ഉമ്മ ചതയ്ക്കണ്ടാന്ന് കരുതി 
പേടിച്ചു ഇയ്യ് നൊണ്ടിനടക്കൂലേ?
ഒന്ന് ന്നോട് പറ!

........................


''Read me like your favourite book, word for word. Sing me like your favourite osng, beat for beat. Take a walk with me in your dreams, hand in hand. Chant me like a prayer, bead for bead. Hold me in your arms like I am magic, dark, cursed yet loveable. Love me the way no one has ever been loved before.'

- Sakshi Narula


'അന്റെ ഇഷ്ടള്ള പുസ്തകം പോലെ കരുതി 
ന്നെ അങ്ങ് നല്ലോണം വായിച്ചൂട്.
അന്റെ ഏറ്റോം ഇഷ്ടള്ള പാട്ടാന്നു ന്നെ കരുതി 
നല്ലോണം പാടിക്കൂട്.
ന്റെ കയ്യും കോര്‍ത്ത് യ്യ് 
അന്റെ സ്വപ്നങ്ങളിക്കൂടി നടന്നൂട്.
ന്റെ പേര് എപ്പഴും മന്ത്രം പോലെ 
പ്രാര്‍ത്ഥിച്ചൂട്.
ന്നെ അന്റെ കൈക്കൂട്ടില്‍, 
ഒരു മായാജാലം പോലെ,ഇരുട്ട് പോലെ,
ശപിക്കപ്പെട്ടോനാണേലും 
സ്‌നേഹിക്കാന്‍ പറ്റിയ 
ഒരുത്തനെന്നപോലെ 
പൊതിഞ്ഞു പിടിച്ചൂട്.
ആരും ഇതുവരെ 
ആരേം 
സ്നേഹിച്ചിട്ടില്ലാത്ത പോലെ 
അത്രക്കും ന്നെ സ്‌നേഹിച്ചൂട്!'

........................


''What if you slept
And what if
In your sleep
You dreamed
And what if
In your dream
You went to heaven
And there plucked a strange and beautiful flower
And what if
When you awoke
You had that flower in you hand
Ah, what then?'

- Samuel Taylor Coleridge


യ്യ് ഒറങ്ങ്യാല്,
പിന്നെ സ്വപ്നം കണ്ടാല്,
ആ സ്വപ്നത്തില് യ്യ് 
സ്വര്‍ഗ്ഗത്തിപ്പോയാല്,
അവിടന്ന് നല്ല ഭംഗിള്ള,
പേരറിയാത്ത, 
ഒരു പൂ പറിച്ചാല്,
പിന്നെ 
യ്യ് ഒണരുന്‌പോ ആ പൂവ് 
അന്റെ കയ്യില് ണ്ടെങ്കില്
ങ്കില്?

........................

 

'Thinking of you is pretty, hopeful, 
It is like listening to the most beautiful osng 
From the most beautiful voice on earth..
But hope is not enough for me any more, 
I don't want to listen to osngs any more, 
I want to sing!' 

(Nazim Hikmet)


അന്നെക്കുറിച്ചാലോചിക്ക്ന്നതേ രസം,
ആശിക്കാന്‍ വകള്ളത്,
അത് ഭൂമീലെ ഏറ്റോം സുന്ദരായിട്ട് ള്ള 
ശബ്ദത്തില് ഒര് ഗംഭീരന്‍ പാട്ട് കേള്‍ക്ക് ന്ന പോല്യാ.
പക്ഷേ യ്ക്ക് ഇങ്ങനെ ആശിച്ചാ പോരാ. 
യ്ക്ക് ഇനി പാട്ട് കള്  കേള്‍ക്കേം വേണ്ടാ. 
യ്ക്ക് പാടണം!

........................

''I love you without knowing how, or when, or from where. I love you simply, without problems or pride: I love you in this way because I do not know any other way of loving but this, in which there is no I or you, os intimate that your hand upon my chest is my hand, os intimate that when I fall asleep your eyes close.'
- Pablo Neruda.

എങ്ങന്യാന്നോ എപ്പഴാന്നോ എവിടുന്നാന്നോ അറിയാത്യാ 
ഞാന്‍ അന്നെ സ്‌നേഹിച്ചത്.
വെറുതെ,ഒരു പ്രശ്‌നോ പൊങ്ങച്ചോ ഇല്യാതെ സ്‌നേഹിക്കുന്നു.
ഇങ്ങനെ സ്‌നേഹിക്ക് ന്നത് എന്താച്ചാല്‍,
ഈ രീതീലല്ലാതെ വേറൊരു രീതീലും യ്ക്ക് സ്‌നേഹിക്കാനറിഞ്ഞൂടാ.
ഇതില് ഞാനോ നീയ്യോ ഇല്ല്യ.
അത്രയ്ക്കും അടുപ്പം,ന്ന് വച്ചാ 
ന്റെ നെഞ്ചത്ത് ള്ള അന്റെ കയ്യ് ,ന്റെ കയ്യന്നെ.
അടുപ്പം ന്ന് വച്ചാ 
ഞാനൊറങ്ങുമ്പോ, 
അടയ് ന്നത് നെന്റെ കണ്ണന്നെ!

........................

 

'I take my dreams and make of them a bronze vase
and a round fountain with a beautiful statue in its center.
And a osng with a broken heart and I ask you:
Do you understand my dreams?
Sometimes you say you do,
And osmetimes you say you don't.
Either way it doens't matter.
I continue to dream!' 

(Langston Hughes)

ന്റെ സ്വപ്നങ്ങളൊക്കെ ഒരുക്കൂട്ടി ഒരു 
ഓടിന്റെ പൂപ്പാത്രം ണ്ടാക്കും;
വട്ടത്തില് ള്ള വെള്ളച്ചാട്ടം,അയിന്റെ 
നടൂല് ഭംഗിള്ള ഒരു പ്രതിമേം ണ്ടാക്കും;
പൊട്ടിയ ചങ്കുമായി ഒരു പാട്ടൂം;
എന്നിട്ട് അന്നോട് ന്റെ 
സ്വപ്നങ്ങള് മനസ്സിലാവ് ന്ന് ണ്ടോന്നു ചോയ്ക്കും.
ചെലപ്പോ യ്യ് ണ്ട്ന്നു പറയും.
ചെലപ്പോ ഇല്ലാന്നും.
രണ്ടായാലും പ്രശ്‌നല്ല്യ.
ഞാന്‍ സ്വപ്നങ്ങള് ഇനീം കാണും.

........................


Take it all back.
Life is boring,
except for flowers, sunshine,
your perfect legs..
A glass of cold water when you are really thirsty,
The way bodies fit together,
Fresh and young and sweet..
Coffee in the morning,
These are just moments.
I struggle with the in-betweens..
I just want to never stop loving like there is nothing else to do,
because what else is there to do?

(Pablo Neruda)


ഒക്കെ തിരിച്ചെടുത്തേക്ക്.
ഇജ്ജീവിതം ഒര് രസോം ഇല്ല്യ.
കൊറച്ചു പൂക്കളും വെയിലും 
അന്റെ സുന്ദരന്‍ കാലുകളും ഒഴിച്ചാല്‍.
നല്ല ദാഹംള്ളപ്പോള്‍ കിട്ടുന്ന തണുത്ത വെള്ളോം 
ദേഹങ്ങള് ഇഴുകിച്ചേരുന്നതും 
പുതുക്കോം ചെറുപ്പോം മധുരോം 
രാവിലത്തെ കാപ്പീം 
ഇതൊക്കെ കൊറച്ചു സമയങ്ങള് മാത്രം.
അതിന്റെ ഇടേല് കഴിച്ചു കൂട്ടാനാ പാട്.
വേറൊന്നും ചെയ്യാനില്ല്യാത്ത പോലെ 
യ്ക്ക് സ്‌നേഹിച്ചോണ്ടിരിക്കണം.
അല്ലേലും വേറെ ന്താ ചെയ്യാന്‍ള്ളത്?

........................


Lady, i will touch you with my mind.
Touch you and touch and touch
until you give
me suddenly a smile,shyly obscene
(lady i will
touch you with my mind.)Touch
you,that is all,
lightly and you utterly will become
with infinite care
the poem which i do not write.'

(E.E. Cummings)


പെണ്ണേ,അന്നെ ഞാന്‍ ന്റെ മനസ്സോണ്ട് തൊടും.
തൊടും തൊടും തൊടും ന്ന് വച്ചാ 
ഒടുക്കം യ്യ്  നാണിച്ച ആ ചിരി ചിരിയ്ക്കും വരെ.
(അന്നെ മനസ്സോണ്ടാ തൊടാ ട്ടോ)
തൊടും, അത്രേള്ളൂ,
മെല്ലനെ; അപ്പൊ ഉറപ്പായും   
ഒടുങ്ങാത്ത ശ്രദ്ധ കൊണ്ട് 
എഴ് താറുള്ള  
ഒര് കവിത്യാവും യ്യ്!
ഞാന്‍ എഴ്താതെ പോയ കവിത! 

........................


Remember me when I am gone away,
   Gone far away into the silent land;
   When you can no more hold me by the hand,
Nor I half turn to go yet turning stay.
Remember me when no more day by day
   You tell me of our future that you planned:
   Only remember me; you understand
It will be late to counsel then or pray.
Yet if you should forget me for a while
   And afterwards remember, do not grieve:
   For if the darkness and corruption leave
   A vestige of the thoughts that once I had,
Better by far you should forget and smile
   Than that you should remember and be sad.

(Christina Rossetti )

ഞാന്‍ കൊറേ ദൂരത്തേക്ക് പൊയ്ക്കഴിഞ്ഞാ ന്നെ ഓര്‍മ്മിക്കണം,
ശബ്ദോന്നും ല്ല്യാത്ത ആ ലോകത്തേക്ക് പോകുമ്പോ;
നെനക്ക് ന്റെ കയ്യ് പിടിക്കാന്‍ പറ്റാത്ത ആ നേരത്ത്;
യ്ക്ക് പിന്നൊന്ന് തിരിച്ചുവരാനോ 
ഇവിടെ നിക്കാനോ  പറ്റാതാവുമ്പോ,
നമ്മടെ ഇനിള്ള  കാലത്തെപ്പറ്റി ണ്ടാവ് ന്ന
നെന്റെ കണക്ക് കൂട്ടല് കളൊന്നും ന്നോട് 
പറയാന്‍ പറ്റാതാവുമ്പോ, ന്നെ ഓര്‍മ്മിക്കണം,
ന്നെ മാത്രം ഓര്‍മ്മിക്കണം,
അപ്പളേക്കും ന്നെ ഉപദേശിക്കാനോ യ്ക്ക് വേണ്ടി 
പ്രാര്‍ത്ഥിക്കാനോ പറ്റൂലാന്ന് മന്‍സ്സിലാക്കണം.
ഇനി യ്യ്  ന്നെ കുറച്ചു നേരത്തേക്ക് മറന്നൂച്ചാല്‍,
അത് കഴിഞ്ഞങ് ട് ഓര്‍മ്മിക്കേം ചെയ്താല്‍,
വിഷമിക്കണ്ടാ,
കാരണം,ഒര് ഇരുട്ടിനോ ചീയലിനോ 
ന്നെക്കുറിച്ച് 
അന്റെ മനസ്സില് ഒട്ടിച്ചേര്‍ന്ന 
വിചാരങ്ങളെ  മായ്ക്കാന്‍ പറ്റൂലാ.
നെനക്ക് ഏറ്റവും നല്ലത് ന്നെ  
ഓര്‍ത്തു സങ്കടപ്പെട്ന്നതിനേക്കാള്‍ 
ന്നെ മറന്ന്  അങ്ങ് ഒര് പുഞ്ചിരി 
പാസാക്ക് ന്നതാണ്.

........................


I sat there singing her
Songs in the dark.
She said;
'I do not understand
The words'.
I said;
'There are
No words'.

-Langston Hughes

ഇരുട്ടത്തിര്ന്ന്  കുറേ പാട്ടുകള് 
ഓള് കേക്കാന്‍ വേണ്ടി പാടി.
അപ്പോ 
'യ്ക്കിയിലെ വാക്ക് കളൊന്നും 
പിടികിട്ട് ന്നില്ല' എന്നോള്.
'ഇയില് വാക്ക് കളന്നെ ഇല്ല്യ!'
എന്ന് ഞാനും!

........................


If I adore You out of fear of Hell, 
burn me in Hell! 
If I adore you out of desire for Paradise,
Lock me out of Paradise.
But if I adore you for Yourself alone,
Do not deny to me Your eternal beauty.

(Rabia al Basri)


നരകത്തെ പേടിച്ചിട്ടാ  ഞാന്‍ അന്നെ 
ആരാധിച്ചത് ന്ന് വച്ചാ,
ആ ജഹന്നത്തിലിട്ട് ന്നെ കത്തിച്ചേക്ക്. 
ജന്നത്ത്  മോഹിച്ചാണ് അന്നെ 
ആരാധിച്ചത് ച്ചാല്‍, ആ സ്വര്‍ഗത്തീന്ന് 
ന്നെ പുറത്താക്കി  പൂട്ടിയിട്ടേക്ക്.
പക്ഷേ അന്നെ മാത്രാണ് 
ഞാന്‍ ആരാധിച്ചത് എന്നാണെങ്കി, 
അന്റെ ആ ഒടുങ്ങാത്ത മൊഞ്ച് ണ്ടല്ലോ  
അത് യ്ക്ക് തന്നേ തീരൂ!

........................


He offered me a leaf like a hand with fingers.
I offered him a hand like a leaf with teeth.
He offered me a branch like an arm.
I offered him my arm like a branch.
He tipped his trunk towards me
like a shoulder.
I tipped my shoulder to him
like a knotted trunk.
I could hear his sap quicken, beating
like blood.
He could hear my blood slacken like rising sap.
I passed through him.
He passed through me.
I remained a solitary tree.
He
a solitary man.

(Nichita Stanescu)


വിരലുകള് ള്ള കൈ പോലെ അയാള് യ്‌ക്കൊരു ഇല തന്നു.
പല്ലുകള് ള്ള  ഇല പോലെ ഞാനയാക്കും  കൈ കൊടുത്തു.
കൈ പോലെ അയാള് യ്‌ക്കൊരു  കൊമ്പ്  തന്നു.
ഞാനും  ന്റെ കൈ ഒരു കൊമ്പു  പോലെ അങ്ങോട്ടും  കൊടുത്തു.
ന്റെ മുന്നിലേക്ക്  അയാള് ടെ  തടി ചുമല്  പോലെ താഴ്ത്തി.
കെട്ടുകളിട്ട തടി  പോലെ ഞാനും ന്റെ ചുമലയാക്ക് നേരേം  താഴ്ത്തി.
ചോര പെടയ്ക്കണ പോലെ അയാള് ടെ ഉള്ളില്  വെള്ളത്തിന്റെ ശബ്ദം 
യ്ക്ക്  കേള്‍ക്കായിരുന്നു.
ന്റെ  പതുക്കനെള്ള ചോരയോട്ടം  കയറുന്ന വെള്ളം പോലെ
അയാളും കേട്ടിട്ട് ണ്ടാവും.
ഞാന്‍ അയാളിലൂടെ അങ്ങ് ട് പോയി.
അയാള്  ന്റെ ഉള്ളിലൂടേം അങ്ങ് ട് പോയി.
ഒറ്റയ്ക്ക് നിക്ക് ണ മരം പോലെ  ഞാന്‍ ബാക്ക്യായി.
അയാള് ഒറ്റയ്ക്ക് നിക്ക് ണ മനുഷ്യനെപ്പോലേം.

................


Had I told the sea
What I felt for you,
It would have left its shores,
Its shells,
Its fish,
And followed me.”
― Nizar Qabbani

 

അന്നോട് യ്ക്ക് 
തോന്ന് ണത് 
എന്തൊക്ക്യാന്ന് 
കടലിനോട് 
പറഞ്ഞിര് ന്നെങ്കി,
അത് 
അയിന്റെ തീരോം 
അയിന്റെ കക്കകളേം 
അയിന്റെ മീനുകളേം 
ഒഴിവാക്കീട്ട് 
ന്റെ പിന്നാലെ വന്നേനെ!

Follow Us:
Download App:
  • android
  • ios