Asianet News MalayalamAsianet News Malayalam

Horrro Novel : ആ ബ്രഹ്മരക്ഷസ് എവിടെയാണ് മറഞ്ഞത്?

സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്. സന്തോഷ് ഗംഗാധരന്‍ എഴുതിയ ഹൊറര്‍ നോവലെറ്റ് ഭാഗം 5

Horror Novelette Sarppakkaavile Brahmarakshas by Santhosh Gangadharan part 5
Author
Thiruvananthapuram, First Published Apr 9, 2022, 3:10 PM IST

കഥ ഇതുവരെ

അവര്‍ പത്ത് പേര്‍. വടക്കേടത്ത് തറവാട്ടിലെ സഹോദരങ്ങളായ ഇന്ദിരയുടേയും ദേവകിയുടേയും മക്കളുടെ മക്കള്‍. ഒരവധിക്കാലത്ത് തറവാട്ടില്‍ ഒത്തുകൂടിയ അവര്‍ യാദൃശ്ചികമായി ഓജോ ബോര്‍ഡിനു പകരം ജ്യോത്സന്റെ കവടിയെടുത്ത് അരൂപികളുടെ സാന്നിധ്യം അന്വേഷിക്കുന്നു. പെട്ടെന്ന് കാലാവസ്ഥ മാറി. ആകാശം ഇരുണ്ടു. അപ്രതീക്ഷിതമായ ഒരു കാറ്റ് ചുഴറ്റിവീശി. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

Horror Novelette Sarppakkaavile Brahmarakshas by Santhosh Gangadharan part 5


അഞ്ച്

മീനാക്ഷി പെരിങ്ങോടന്‍ മാഷിനെ വീണ്ടും കാണാന്‍ പോയപ്പോള്‍ ശാലിനിയേയും ജലജയേയും കൂടെ കൂട്ടി. മാഷ് പറയുന്നത് മുഴുവന്‍ മനസ്സിലാക്കി അപഗ്രഥിക്കാന്‍ ചേച്ചിമാര്‍ കൂട്ടിനുള്ളത് നന്നായിരിക്കുമെന്ന് അവള്‍ക്ക് തോന്നി. ശരത് തറവാട്ടിലുള്ള സമയമായതുകൊണ്ട് അയാള്‍ അവരെ കാറില്‍ കൊണ്ടുപോയി.

തിരിച്ച് തറവാട്ടിലെത്തി ചായയും കുടിച്ചുകൊണ്ട് അവര്‍ കാര്യങ്ങള്‍ ഉണ്ണിയോടും ജയനോടും ജയന്റെ ഭാര്യ രാധയോടും വിവരിക്കുകയായിരുന്നു.

എല്ലാത്തിനും ഒരു അവസാനം ആയിട്ടുണ്ടാകുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് പുതിയ കണ്ടുപിടിത്തവുമായി ജ്യോത്സ്യന്‍ എത്തിയിരിക്കുന്നത്.

''എന്താണ് പുതിയ പ്രശ്‌നമായി മാഷ് കാണുന്നത്?'' ഇത്തവണ ജയന്‍ സന്ദര്‍ഭത്തിന്റെ ഗൗരവം കണക്കിലെടുത്ത് തന്നെയാണ് സംസാരിച്ചത്.

''കഴിഞ്ഞ തവണ മുന്നിലിരുന്ന് കളിച്ചിരുന്ന ബ്രഹ്മരക്ഷസ്സ് ഇപ്പോള്‍ അദൃശ്യനായിരിക്കുന്നു. എവിടെ പോയി ഒളിച്ചെന്ന് മാഷിന് കണ്ടുപിടിക്കാന്‍ പറ്റുന്നില്ല.'' ശാലിനി ജയനോടായി പറഞ്ഞു.

''അതെന്താ ജ്യോത്സ്യന്റെ കവടിയില്‍ വീഴാത്ത സാധനമായി മാറിയോ ഈ ആത്മാവ്?'' ഉണ്ണി പാതി തമാശയായും പാതി ഗൗരവത്തോടെയും ചോദിച്ചു.

ശാലിനി ഭര്‍ത്താവിനെ കണ്ണുരുട്ടി നോക്കി. ''നിങ്ങള്‍ക്ക് ഇപ്പോഴും കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിട്ടില്ലേ? തമാശയല്ലിത്. അഖിലയ്ക്ക് വേണ്ടിയാണ് മീനാക്ഷി മാഷിന്റടുത്ത് പോയതെങ്കിലും തറവാടുമായി ബന്ധമുള്ളവരെയെല്ലാം ബാധിക്കാവുന്ന പ്രശ്‌നമാണ്.''

ശാലിനി പറഞ്ഞത് ശരിയാണെന്ന മട്ടില്‍ മറ്റുള്ളവര്‍ തലകുലുക്കി.

''ഇനിയിപ്പോള്‍ ബ്രഹ്മരക്ഷസ്സ് എവിടെ പോയി ഒളിച്ചു എന്നറിയാന്‍ ആരുടെയടുക്കലാണ് പോകേണ്ടത്?'' രാധ ചോദിച്ചു. തനിയ്ക്കും ഒരു മകളുള്ള കാര്യം അവളുടെ മനസ്സില്‍ നിറഞ്ഞ് നിന്നു.

''പെരിങ്ങോടന്‍ മാഷ് ഇതിനെല്ലാം മിടുക്കനാണെന്ന് തന്നെയാണ് ഞാന്‍ കേട്ടിരിക്കുന്നത്.'' അപ്പോള്‍ സഞ്ജയിനോടൊപ്പം തറവാട്ടിലെത്തിയ ജ്യോതിക പറഞ്ഞു. ''ഞങ്ങളുടെ വീട്ടിലെ കാര്യങ്ങള്‍ അങ്ങേര് ഗണിച്ച് പറഞ്ഞതെല്ലാം അച്ചട്ടായിരുന്നു.''

''അത് ശരിയാണ്. വെറുതെ മാറി മാറി ജ്യോത്സ്യന്മാരുടെ അടുത്ത് പോകുന്നതില്‍ അര്‍ത്ഥമില്ല. ഒരാളില്‍ വിശ്വാസമുണ്ടെങ്കില്‍ അവിടെ തന്നെ തുടരുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ നമുക്ക് ആര് പറയുന്നത് കേള്‍ക്കണമെന്ന വിഭ്രാന്തിയാവും.'' ഉണ്ണി പറഞ്ഞു.

കൂട്ടത്തിലെ കാരണവര്‍ പറഞ്ഞത് എല്ലാവരും തലകുലുക്കി അംഗീകരിച്ചു.

''നന്ദന്‍സ്വാമി നൂറും പാലും പൂജ കഴിഞ്ഞ് പറയുകയുണ്ടായി അവിടെ ബ്രഹ്മരക്ഷസ്സിന്റെ ബിംബം കാണാനില്ലെന്ന്. അതുകൊണ്ട് അദ്ദേഹം ബ്രഹ്മരക്ഷസ്സിനെ സങ്കല്പിച്ച് പൂജ നടത്തുകയായിരുന്നു. സ്വാമി അന്നത് പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമാക്കി എടുത്തില്ല. മറ്റുള്ള നാഗബിംബങ്ങളുടെയിടയില്‍ കിടപ്പുണ്ടാകുമെന്നെ കരുതിയുള്ളു.'' മീനാക്ഷിയ്ക്ക് കഴിഞ്ഞയാഴ്ച സര്‍പ്പപൂജ കഴിഞ്ഞ് നന്ദന്‍സ്വാമി പറഞ്ഞ കാര്യംഓര്‍മ്മയില്‍ വന്നു.

''അതിപ്പോള്‍ ഗൗരവമുള്ള സംഗതിയായല്ലോ!'' ജലജ അഭിപ്രായപ്പെട്ടു.

''ആരെയെങ്കിലും സര്‍പ്പക്കാവില്‍ കയറ്റി ഒന്ന് വെടിപ്പാക്കിയാല്‍ ചിലപ്പോള്‍ കണ്ടുകിട്ടുമായിരിക്കും.'' ജയന്‍ നിര്‍ദ്ദേശിച്ചു.

''വെറുതെ ആരെയെങ്കിലും കയറ്റാന്‍ പറ്റില്ലല്ലോ. നന്ദന്‍സ്വാമിയോട് ചോദിച്ചിട്ട് ചെയ്യുന്നതാവും നല്ലത്.'' ശാലിനി വൃത്തിയും വെടിപ്പും കുറച്ച് കൂടുതലുള്ള കൂട്ടത്തിലായിരുന്നു. അതും സര്‍പ്പത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. ''ചെയ്യുന്ന കര്‍മ്മങ്ങള്‍ അതിന്റെ രീതിയ്ക്കനുസരിച്ച് ചെയ്യുക. അല്ലെങ്കില്‍ ചെയ്യാതിരിക്കുക. എല്ലാം ഒരു വഴിപാട് പോലെയാവരുതല്ലോ.''

''നന്ദന്‍സ്വാമിയോട് ഞാന്‍ ചോദിച്ചോളാം.'' മീനാക്ഷി ആ കര്‍ത്തവ്യം ഏറ്റെടുത്തു.

''എന്തായി തന്നെ ഏല്പിച്ച കാര്യം?'' ശാലിനി സഞ്ജയിനോടായിരുന്നു അത് ചോദിച്ചത്. എല്ലാവരും സഞ്ജയിന്റെ നേരെ നോക്കി.

''എനിയ്ക്ക് ഒരുവിധം കഥകളെല്ലാം കിട്ടിയിട്ടുണ്ട്. കുറേ അലയേണ്ടി വന്നു. വടക്കേടത്ത് തറവാടുമായി ബന്ധമുള്ള പഴമക്കാരെ കണ്ടുപിടിച്ച് അവരെക്കൊണ്ട് സംസാരിപ്പിക്കുന്നത് ചില്ലറക്കാര്യമൊന്നുമല്ല. ചുറ്റുവട്ടത്തെ പലരേയും കണ്ടു. പക്ഷേ, കഷ്ടപ്പെട്ടത് നന്നായിയെന്ന് ഇപ്പോള്‍ തോന്നുന്നു.'' സഞ്ജയ് പ്രസ്താവിച്ചു.

''അപ്പോള്‍ പിന്നെ തറവാട്ടില്‍ ഒന്നുകൂടി ഒത്തുകൂടാനുള്ള സന്ദര്‍ഭമാണ് വന്നിരിക്കുന്നത്. എന്നാണ് സൗകര്യമെന്ന് മീനാക്ഷി നിശ്ചയിച്ചോട്ടെ.'' ഉണ്ണി ഉത്സാഹത്തോടെ പറഞ്ഞു.

''അത് ശരിയാണ്. തറവാടിനെ സംബന്ധിച്ചുള്ള ഒരു കഥയായതുകൊണ്ട് വരാന്‍ സൗകര്യമുള്ളവരെയൊക്കെ വിളിച്ച് കൂട്ടി കാര്യങ്ങള്‍ വിശദീകരിക്കുന്നതായിരിക്കും ഉത്തമം.'' ജയന്‍ ഉണ്ണി പറഞ്ഞതിനോട് അനുകൂലിച്ചു.

''വരുന്ന ഞായറാഴ്ച ആയിക്കോട്ടെ.'' ജലജയ്ക്ക് ഒരു ലീവെടുക്കാതെ കഴിക്കാനുള്ള തിടുക്കമായിരുന്നു.

''എനിയ്ക്ക് സമ്മതമാണ്. സമ്മതമെന്ന് മാത്രമല്ല, വളരെ സന്തോഷവുമാണ് ഇവിടെ നമ്മുടെയെല്ലാം ഒരു കൂടിച്ചേരല്‍. ഒന്നിച്ച് വളര്‍ന്ന നമുക്ക് അതിനുള്ള സൗഭാഗ്യം ഇപ്പോഴും കിട്ടുന്നത് നമ്മുടെ അച്ഛനമ്മമാര്‍ ചെയ്ത പുണ്യം!'' മീനാക്ഷി ഗദ്ഗദകണ്ഠയായി.

''കുട്ടികള്‍ക്കും സന്തോഷമാകും. അവരും നമ്മുടെ പോലെ എപ്പോഴും ഒന്നിച്ച് നില്‍ക്കാന്‍ താല്പര്യമുള്ളവരാണ്. അത് നമ്മള്‍ ചെയ്ത പുണ്യം.'' ശാലിനി കൂട്ടിച്ചേര്‍ത്തു.

''അപ്പോള്‍പിന്നെ അടുത്ത ഞായറാഴ്ച വടക്കേടത്ത് തറവാട്ടിലെ ബ്രഹ്മരക്ഷസ്സിന്റെ കഥ അവതരിപ്പിക്കാനായി തയ്യാറായിട്ട് ഞാന്‍ വരുന്നു.'' വളരെ നാടകീയമായ രീതിയില്‍ കൈകലാശം കാട്ടിക്കൊണ്ടാണ് സഞ്ചയ് സംസാരിച്ചത്.

എല്ലാവരും സമ്മതം മൂളിക്കൊണ്ട് എഴുന്നേറ്റു.

 

(അടുത്ത ഭാഗം നാളെ)

 

ഭാഗം ഒന്ന്: സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്, ഹൊറര്‍ നോവലെറ്റ്
ഭാഗം രണ്ട്: 
 'നിങ്ങളുടെ തറവാട്ടില്‍ ബ്രഹ്മരക്ഷസ്സിന്റെ സാന്നിദ്ധ്യം കാണുന്നുണ്ട്!'
ഭാഗം മൂന്ന്: സര്‍പ്പക്കാവില്‍ ഇരുന്നയാളെ ഉണര്‍ത്തി വെളിയില്‍ കൊണ്ടുവന്നതാരാണ്?
ഭാഗം നാല്: സ്ഥാനഭ്രംശം വന്ന ആ രക്ഷസ്സിനെ എങ്ങനെ തളക്കും?

 

Follow Us:
Download App:
  • android
  • ios