കാഫ്‌കയെപ്പറ്റി രസകരമായൊരു കഥയുണ്ട്. നിത്യം നടക്കാൻ പോയിരുന്നൊരു പാർക്കിൽ വെച്ച്  ഒരിക്കൽ, കാഫ്‌ക കരഞ്ഞുകൊണ്ടിരിക്കുന്നൊരു പെൺകുട്ടിയെ കണ്ടു. കളഞ്ഞുപോയ തന്റെ പാവക്കുട്ടിയെ ഓർത്ത് നിർത്താതെ വിതുമ്പിക്കൊണ്ടിരിക്കുകയായിരുന്നു അവൾ. കുഞ്ഞിന്റെ കരച്ചിൽ കണ്ടപ്പോൾ അദ്ദേഹത്തിന്  പാവം തോന്നി. കളഞ്ഞുപോയ പാവക്കുട്ടിയെ തേടിപ്പിടിക്കാൻ താനും ശ്രമിക്കാമെന്ന് അദ്ദേഹമവൾക്കുറപ്പു കൊടുത്തു. അടുത്ത ദിവസം രാവിലെ, അതേസ്ഥലത്ത് അതേ സമയം കണ്ടുമുട്ടാമെന്നു വാക്കുപറഞ്ഞ് അവർ തമ്മിൽപ്പിരിഞ്ഞു.

അന്നത്തെ ദിവസം മുഴുവൻ, കാഫ്‌ക ആ കുട്ടിയുടെ പാവയേയും തപ്പി നടന്നു. പക്ഷേ എങ്ങും അതിനെ കണ്ടുകിട്ടിയില്ല. തിരഞ്ഞു തിരഞ്ഞു മടുത്തപ്പോൾ, അദ്ദേഹം പാവക്കുട്ടിയുടെ പേരിൽ ആ പെൺകുട്ടിക്ക് ഒരു കത്തെഴുതിവെച്ചു. അടുത്ത ദിവസം, മുന്നേ നിശ്ചയിച്ചതിൻപടി കണ്ടുമുട്ടിയപ്പോൾ, അദ്ദേഹം അവളെ ആ കത്ത് വായിച്ചു കേൾപ്പിച്ചു.

" എന്നെ കാണാഞ്ഞ് സങ്കടപ്പെടരുതേ.. ഞാനീ ലോകമൊന്നു ചുറ്റിക്കറങ്ങിക്കാണാൻ വേണ്ടി പുറപ്പെട്ടതാണ്. ഇടയ്ക്കിടെ ഞാൻ നിനക്കെന്റെ യാത്രാനുഭവങ്ങൾ എഴുതിക്കൊള്ളാം.."

അത് ആ പെൺകുട്ടിക്ക് പാവക്കുട്ടിയുടെ പേരിലുള്ള കത്തുകളുടെ ഒരു പരമ്പരയുടെ തന്നെ തുടക്കമായിരുന്നു..പിന്നീട്, അവർ തമ്മിൽ പാർക്കിൽ വെച്ച് കണ്ടുമുട്ടുന്ന അവസരങ്ങളിലെല്ലാം കാഫ്‌ക പാവക്കുട്ടിയുടെ സാഹസിക യാത്രാനുഭവങ്ങളെ ശ്രദ്ധാപൂർവം വിവരിച്ചുകൊണ്ടെഴുതിയ കത്തുകൾ അവളെ വായിച്ചു കേൾപ്പിക്കുമായിരുന്നു. അതൊക്കെ കേട്ട് ആ പെൺകുട്ടി സന്തോഷിക്കുകയും ചെയ്തുപോന്നു. 

ഒടുവിൽ കാഫ്‌കയ്ക്ക് അവിടം വിട്ടുപോകേണ്ട സമയമായി . അവർ തമ്മിലുള്ള അവസാനത്തെ സമാഗമത്തിൽ കാഫ്‌ക ആ പെൺകുട്ടിക്ക് പുതിയൊരു പാവ സമ്മാനിച്ചു. സ്വാഭാവികമായും, അവൾക്ക് നഷ്ടപ്പെട്ട പാവയിൽ നിന്നും ഒരുപാട് വ്യത്യസ്തമായിരുന്നു അത്. പക്ഷേ, പാവയോടൊപ്പം വെച്ച കുറിപ്പ് ആ വ്യത്യാസങ്ങളെ സാധൂകരിക്കുന്നതായിരുന്നു..

" എന്റെ യാത്രകൾ എന്നെ അടിമുടി മാറ്റിയിരിക്കുന്നു.."

വർഷങ്ങൾക്കു ശേഷം, തനിക്ക് നഷ്ടപ്പെട്ടു പോയതിനു പകരമായി കിട്ടിയ ആ പുതിയ പാവയുടെ ഉള്ളിലെ രഹസ്യ അറയിൽ നിന്നും ആ പെൺകുട്ടി മറ്റൊരെഴുത്തുകൂടി കണ്ടെടുത്തു.. അതിലെ ആശയം ഏകദേശം ഇവ്വിധം സംഗ്രഹിക്കാമായിരുന്നു,

" നമ്മൾ സ്നേഹിക്കുന്നത് പലതും നമുക്ക് നഷ്ടമായെന്നിരിക്കും.. പക്ഷെ അങ്ങനെ നഷ്ടമാവുന്ന സ്നേഹം, എന്നെങ്കിലുമൊരിക്കൽ, ചിലപ്പോൾ മറ്റൊരു രൂപത്തിലാവാം, നമ്മളിലേക്ക് തിരിച്ചു വന്നുചേരുക തന്നെ ചെയ്യും.."

 

വിവർത്തനം : ബാബു രാമചന്ദ്രൻ