പ്രിയപ്പെട്ട കൂട്ടുകാരേ, 

പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? 
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.

കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം' 

നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്. 
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ. 

ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. 

വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ. 
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

 

 

'വല്യമ്മച്ചീ എവിടേയ്ക്കാ പോകുന്നേ? ഞാനും വരുന്നേ...'

തൊടിയിലേക്കുള്ള ഒതുക്കുകളിറങ്ങുകയായിരുന്ന അന്നാമ്മ വാത്സല്യത്തോടെ തിരിഞ്ഞുനോക്കി.

'നമ്മുടെ പ്ലാവില്‍ നിന്നും വല്യമ്മച്ചി ഒരു ചക്കയിട്ടു വരാം. കുട്ടനും ദീദിക്കും ചക്ക ഇഷ്ടമല്ലേ?''

'ഇഷ്ടമാണ്' -ജോക്കുട്ടന്‍ പറഞ്ഞു. 

'എന്നാല്‍, കുട്ടന്‍ അകത്തുപോയി ദീദിയേയും ചേട്ടായിമാരേയും എഴുന്നേല്‍പ്പിക്കൂ. ഉറങ്ങിയത് മതിയെന്ന് പറയൂ. അതെങ്ങനെയാ പാതിരാത്രിവരെ സിനിമയും കണ്ടിരിക്കും. ഈ കള്ളക്കുട്ടനു മാത്രമെന്തേ ഉറക്കമില്ലാത്തേ?'

അന്നാമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു.

'വല്യമ്മച്ചി രാവിലെ ചക്കയിടാന്‍ തൊടിയിലേക്ക് പോകുമെന്ന് എനിക്കറിയാമായിരുന്നേ...'

ഒരു കള്ളച്ചിരിയോടെ ജോക്കുട്ടന്‍ അന്നാമ്മയ്ക്കരികിലെത്തി.

'എന്നാ വാ... നമുക്കു പോയി പ്ലാവിനോട് ഒരു ചക്ക തായോന്ന് പറയാം. വല്യമ്മച്ചിയുടെ കൈയില്‍ പിടിച്ചോണേ.'

ജോക്കുട്ടന്‍ അന്നാമ്മയുടെ കൈയില്‍ മുറുകെ പിടിച്ചു. പ്ലാവിന്‍കൊമ്പിലെ കാക്ക കൂട്ടിനടുത്തിരുന്ന് ഒരു കുയില്‍ പാടാന്‍ തുടങ്ങി.

'കൂ... കൂ... കൂ...'

കുയിലിന്റെ എതിര്‍പാട്ട് ജോക്കുട്ടന്‍ പാടി നോക്കി.

'വല്യമ്മച്ചിയേ...'

'എന്താ കുട്ടാ...?'

'കുയിലെന്തിനാ ഇത്ര മനോഹരമായി പാടുന്നത്?'

'ഇണയെ ആകര്‍ഷിക്കാനാണ് കുട്ടാ. പെണ്‍കുയിലുകളാണ് പാടുന്നത്. കുയില്‍ മാത്രമല്ല കേട്ടോ. മറ്റ് പല പക്ഷികളും അവയുടേതായ ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്.'

'അതേയോ...?'

'ഉം... മണ്ണാത്തിപ്പുള്ള്, കാട്ടുമൈന. അവരും കുയിലിനെപ്പോലെ പാട്ടു പാടും. ഈ സ്ഥലം തന്‍േറതാണെന്ന് മറ്റ് പക്ഷികളെ അറിയിക്കുവാനും ഇണയെ ആകര്‍ഷിക്കാനുമാണ് പക്ഷികള്‍ പാടുന്നത്. അതിനു മറുപടിയായി ഇണപ്പക്ഷികളും പാടും.'

 

ഹാപ്പി. ശ്രീബാലാ കെ മേനോന്‍ എഴുതിയ കുട്ടികളുടെ നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
..................................

 

'വല്യമ്മച്ചിയും ജോക്കുട്ടനും ഇവിടെ നില്‍ക്കുവാണോ? ഞാന്‍ എവിടെയെല്ലാം തിരക്കി.'

ജോക്കുട്ടന്‍ ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ണന്‍. 

'ചക്കയിടാന്‍ വന്നതാ കണ്ണാ. അപ്പഴാ പ്ലാവിന്‍ കൊമ്പത്തെ കാക്കക്കൂട്ടില്‍ മുട്ടയിട്ട കള്ളിപ്പൂങ്കുയിലിന്റെ പാട്ടു കേട്ടത്. അതിനെപ്പറ്റി പറയുകയായിരുന്നു.'

'കാക്കക്കൂട്ടിലാണോ വല്യമ്മച്ചീ കള്ളിക്കുയില്‍ മുട്ടിയിടുന്നത്.'

'അതെ കുട്ടാ... മുട്ടയിടാന്‍ സമയമാകുമ്പോള്‍ പക്ഷികളെല്ലാം കൂടുണ്ടാക്കുന്നു. എന്നാല്‍ കുയിലിന്റെ വര്‍ഗക്കാരെ അതിനു കിട്ടില്ല. മുട്ടയിടാറാകുമ്പോള്‍ അവ മറ്റുപക്ഷികളുടെ കൂട്ടില്‍ മുട്ടയിടും.  കാക്കക്കൂട്ടിലാണ് കള്ളിക്കുയില്‍ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ കാക്കക്കുഞ്ഞുങ്ങള്‍ക്കൊപ്പം വളരുന്നു. അവ തന്റെ കുഞ്ഞുങ്ങളല്ലാന്ന് മനസ്സിലാകുന്ന നിമിഷം കാക്ക അവയെ കൊത്തിയോടിക്കുകയും ചെയ്യും.'

'അതുകൊള്ളാമല്ലോ. ചതിയത്തി കുയിലമ്മ. അല്ലേ ചേട്ടായീ?'

'അതെയതെ.'

'ചേട്ടായിയേ...'

'എന്താടാ കുട്ടാ... അടുത്ത സംശയം?'

'ഈ പക്ഷികളെങ്ങനെയാ പാടുന്നത്?'

'പക്ഷികളുടെ തൊണ്ടയില്‍ സിറിംഗ്‌സ്  (Syrinx) എന്നൊരു അവയവമുണ്ട്. അതിന്റെ സഹായത്താലാണ് അവ പാടുന്നത്.'

'ആ അവയവം നമുക്കില്ലേ ചേട്ടായീ?'

'എവിടെ...!'

എന്നിട്ട് കണ്ണന്‍ ചേട്ടന്‍ പാടുന്നുണ്ടല്ലോ വല്യമ്മച്ചി'

ആ ചോദ്യത്തിനു മുന്നില്‍ അന്നാമ്മ ഒരു നിമിഷം നിന്നു. പിന്നെ ചിരിയോടെ പറഞ്ഞു. 

'അത് സിറിംഗ്‌സ് കൊണ്ടല്ല കുട്ടാ...കുസൃതി കൊണ്ടാ...''

അതു കേട്ടപ്പോള്‍ കണ്ണന്‍ പരിഭവിച്ചു. ജോക്കുട്ടന്‍ പൊട്ടിച്ചിരിച്ചു. 

'കണ്ണാ... താഴെ നില്‍ക്കുന്ന ആ ചക്ക വിളഞ്ഞതാ. അത് അടര്‍ത്തിയെടുത്തിട്ട് വാ മോനേ...'

ചിരി നിര്‍ത്തി അന്നാമ്മ പ്ലാവിലേക്ക് വിരല്‍ ചൂണ്ടിപ്പറഞ്ഞു.

'ഓക്കെ. ദാ... ഇപ്പോള്‍ ശരിയാക്കിത്തരാം.'

'ഹാ... ഹാ... അതെയതെ. ദാ... ഇപ്പോള്‍ ശരിയാക്കിത്തരാം വല്യമ്മച്ചീ.'

 

കഥ പറയും കാലം ഭാഗം ഒന്ന്: ''വൈറസ് വന്നതോണ്ട് ഒരു കാര്യണ്ടായി; അടുത്തൊന്നുമിനി ദുബായില്‍ പോണ്ട''