ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ടോണി ടീന്‍സ് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Tony teens
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഇരുമ്പ് വലയ്ക്ക് മുകളിലിരിക്കുന്ന ഇറച്ചി വിയര്‍ത്ത് നെയ്യ് കനലിലേക്ക് വീണു. ശത്രു കാണികള്‍ക്ക് നടുവിലേക്ക് വന്നിരുന്നു. റീജിയണല്‍ ഹെഡ് പുണ്യാളനെ വാഴ്ത്തിക്കൊണ്ട് മൈക്ക് തിന്നുന്നത് തുടര്‍ന്നു: ''നീന്തല്‍ വിദഗ്ധനായ, കഥാകൃത്തായ, റാങ്കുകാരനായ, സമരപോരാളിയായ നല്ലയിടയന്‍.'' ശത്രു അതുകേട്ട് ചിരിച്ചുകൊണ്ട് പുണ്യാളനെ നോക്കി: 'എല്ലാം അറിയാവുന്ന മൂന്നാമന്‍ ഞാന്‍!'
അതുവരെ പുണ്യാളന്റെ യാത്രയയപ്പ് ചടങ്ങിലെ സകല അധികപ്രസംഗങ്ങള്‍ക്കും ഇടത്തോട്ടും വലത്തോട്ടും തലയാട്ടി ഉള്ളുകൊണ്ട് ഉറങ്ങി രസിച്ച കാണികളായ അതേ പരസ്യകമ്പനിയിലെ ജോലിക്കാര്‍ക്ക്, പുണ്യാളനെക്കുറിച്ചുള്ള ഈ വിശേഷണങ്ങള്‍ കേട്ടിട്ടും തോന്നേണ്ടാത്തതൊന്നും തോന്നിയില്ല. അവരെല്ലാം പുണ്യാളന്റെ ക്യാബിനില്‍ തൂക്കിയിട്ടിരിക്കുന്ന നീന്തലിന് കിട്ടിയ മെഡലുകള്‍ കണ്ടിട്ടുണ്ട്. പണ്ടെഴുതിയതെന്ന് പറഞ്ഞ് പുണ്യാളന്‍ ബ്ലോഗിലിട്ട കഥകള്‍, അയാള്‍ തന്നെ അവരെ നിര്‍ബന്ധിച്ച് വായിപ്പിച്ചിട്ടുണ്ട്. അയാളുടെ പഠിച്ച് റാങ്കുമേടിച്ചതിന്റെ മുഴച്ച ഹുങ്ക് കണ്ടവര്‍ ചിരിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് സമരം ചെയ്ത് കമ്പനിയിലുള്ളവര്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത് അയാള്‍ പുണ്യാളനായതിനെ പറ്റിയുള്ള മിത്ത് അവര്‍ കേട്ടിട്ടുമുണ്ട്.
ഒടുവില്‍ മൈക്ക് കിട്ടിയപ്പോള്‍ ''തനിക്കിഷ്ടമൊള്ളതൊക്കെ ചെയ്യാന്‍ പറ്റട്ടെ.'' എന്ന ഒറ്റവരിയില്‍ സി.ഇ.ഒ ചടങ്ങ് അവസാനിപ്പിച്ചു. പുണ്യാളന്‍ അയാളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ശത്രു സ്ഥലം വിട്ടു.
തീറ്റിയും കുടിയും തുടങ്ങി. പുണ്യാളന്‍ തന്നെ സി.ഇ.ഒയ്ക്കും, ഹെഡിനും ഒഴിച്ചുകൊടുത്തു.
അപ്പോള്‍ ഗ്ലാസ് ഭിത്തിക്കപ്പുറത്തുകൂടെ ടെറസില്‍ നിന്ന് ചാടിയ പച്ചത്തുണി ചുറ്റിയ ചുരുണ്ടമുടിക്കാരി തറതൊട്ടു!
'ആ കാലന്‍ കാരണവാ!' എന്നൊരു നാഥനില്ലാത്ത ഒച്ച പുണ്യാളനെ നോക്കി ചുരുണ്ടമുടിക്കാരിയില്‍ നിന്നൊലിക്കുന്ന ചോരയ്‌ക്കൊപ്പം കോണ്‍ക്രീറ്റ് സ്ലാബിന് മുകളില്‍ തളംകെട്ടിക്കിടന്നു.
''ഇതൊക്കെ വെള്ളിക്കരണ്ടിയില്‍ ഉരുട്ടിവെച്ച് കൊടുക്കാന്‍ ആളൊള്ളതിന്റെ കഴപ്പാ. ഇവക്കൊന്നും പണിയെടുക്കാന്‍ വയ്യ.'' പുണ്യാളന്‍ അന്നുച്ചയ്ക്ക് ചുരുണ്ടമുടിക്കാരി സബ്മിറ്റ് ചെയ്ത ഫയലിന്റെ കോപ്പിയെടുത്തിട്ട് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുത്തതുപോലെ, സ്‌പോട്ടില്‍ തന്നേ ഡെത്ത് സര്‍ട്ടിഫിക്കറ്റും കൊടുത്തു.
ശത്രു പറഞ്ഞുവിട്ട പോലീസുകാരെ ഹെഡ് തന്റെ മുറിയിലൊന്ന് ഇരുത്താന്‍ നോക്കി. അങ്ങോട്ട് കാലെടുത്ത് വെച്ചതും, പന വെച്ച ചട്ടിയിലെ വെള്ള ഉരുളന്‍ കല്ലുകള്‍ക്ക് ഒപ്പം കിടക്കുന്ന പത്ത് അണപ്പല്ലുകള്‍ അവിരിലാരോ കണ്ടു. അതോടെ എല്ലാം ഹെഡിന്റെ തലയിലായി.
''സേവ വല്ലോം കാണും സാറേ. ഇവിടെ ജോലിയെടുക്കാന്‍ വയ്യാതെ എത്രപേര് ചത്തിട്ടൊണ്ട്. ഞാന്‍ തന്നെ ഇന്ന് പിരിഞ്ഞ് പൊവ്വാരുന്ന്. ' പുണ്യാളന്‍ പോലീസുകാര്‍ക്കും ഒഴിച്ചുകൊടുത്തു.
പണ്ട് തിരുവനന്തപുരത്തെ പരസ്യകമ്പനിയുടെ ഈ ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത് ഹെഡിനെ ഏല്‍പ്പിച്ചിട്ട് നിന്ന നില്‍പ്പില്‍ പോയ പോലെ, സി.ഇ.ഒ പോലീസുവണ്ടിയുടെ വെട്ടം കണ്ടതും വീണ്ടും മുങ്ങി.
ആ പണ്ട് പുണ്യാളന്‍ ഉള്‍പ്പടെ പതിനൊന്ന് പേരെ ഹെഡ് അവിടെ ജോലിക്കെടുത്തു. രണ്ടിന്റന്ന് കള്ളന്‍ വന്ന് പതിനൊന്നെണ്ണത്തിന്റെയും രേഖകള്‍ അടക്കം കട്ടോണ്ടു പോയി. ഹെഡ് കാര്യമായിട്ട് കൈമടക്ക് ചുരുട്ടിക്കൊടുത്ത് അന്വേഷണത്തിന് ഊര്‍ജ്ജം വെപ്പിക്കാന്‍ നോക്കിയ രാത്രിയില്‍ ബ്രാഞ്ചിലെ ഫാനുകളില്‍ കഴുത്തിലിടാന്‍ പറ്റുന്ന പുത്തന്‍ വെള്ള കുരുക്കുകള്‍ തൂക്കുകയും, ഒത്ത നടുക്കത്തെ ടൈലുകള്‍ കുത്തിയിളക്കി ആരോ ഏത്തവാഴ നടുകയും ചെയ്തു. ഹെഡ് പിന്നെ കൈമടക്കിയില്ല.
അവിടെയും ജോലിയില്ല, രേഖകള്‍ ഇല്ലാതെ മറ്റെവിടെയും ജോലിയില്ലെന്ന് മനസ്സിലാക്കിയ പുണ്യാളന്‍ ഒഴിച്ച് പത്തുപേരും സമരമായി. ഒറ്റിനിന്ന പുണ്യാളനെ ഹെഡ് പൊക്കി: ''കാശ് തരാം. പ്രശ്‌നം ഒതുക്കി തീര്‍ത്താലീ ബ്രാഞ്ചും.''
പ്രശ്‌നം തീര്‍ന്നില്ലെങ്കിലും, പ്രശ്‌നക്കാരെല്ലാം തീര്‍ന്നു! അന്നാണ് പുണ്യാളന്‍ 'ദി പുണ്യാളനായതും', ഹെഡ് അയാളെ വാഴ്ത്തി ഉയര്‍ത്തി മണ്ടേലിരുത്തിയതും.
'കഴിവ് ഉള്ളവര്‍ക്ക് കടന്നു വരാം.' എന്ന പരസ്യകമ്പനിയുടെ പരസ്യം കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ പുണ്യാളന്റെ മുന്നില്‍ മുട്ടുകുത്തി. പുണ്യാളന്‍ അവരുടെ അപേക്ഷകളും, രേഖകളും കീറിയെറിഞ്ഞു: ''കഴിവൊണ്ടോ ഞാന്‍ പണിതരും. അതിന് പേപ്പറും, പേരും എനിക്ക് വിഷയമല്ല. എനിക്കെല്ലാവരും സമം.''
കമ്പനി പരസ്യമായിട്ട് തന്നെ രക്ഷപ്പെട്ടു. പിന്നില്‍ പണിയെടുത്തത് ആരാണെന്നത് മാത്രം രഹസ്യമായിട്ടിരുന്നു. കിട്ടിയ ക്രെഡിറ്റെല്ലാം പുണ്യാളന്റെ അക്കൗണ്ടില്‍ വീണു.
കാശ് കിട്ടുന്നതുകൊണ്ട് ആദ്യമാരും പരാതി പറഞ്ഞില്ല. കാശ് കുറേ കിട്ടിയപ്പോള്‍ പേരും കൂടെ വേണമെന്നായി ചിലര്‍ക്ക് പരാതി.
''ഏത് പേര്? എന്ത് പേര്? നീയൊക്കെ അതിനാരാ? വല്ല രേഖേം ഒണ്ടോ?'' പുണ്യാളന്‍ തന്റെ തിരുരൂപം അവര്‍ക്ക് മുന്നില്‍ ആദ്യമായി വെളിപ്പെടുത്തി. ആ ചൈതന്യം കണ്ടിട്ടും അടങ്ങാത്തവരെ, അയാള്‍ മോക്ഷം കൊടുത്ത് സ്വര്‍ഗ്ഗത്തിലേക്ക് അയച്ചു.
ഹെഡ് ചുരുണ്ടമുടിക്കാരിയില്‍ കുരുങ്ങിയിട്ടും കമ്പനി പൂട്ടിയിട്ടും, ശത്രു പുണ്യാളന്റെ മിത്രമായില്ല. ശത്രു വാക്കു പാലിക്കാത്തതിന്റെ നിരാശയില്‍ പുണ്യാളന്‍ തന്റെ സ്ഥാനം സ്വയം സ്വന്തം നാട്ടിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.
പിറ്റേ വര്‍ഷം അഞ്ചലില്‍ ഓണം വരുന്നതിന് ഒരാഴ്ച മുന്നേ, പുണ്യാളന്റെ ഏത്തക്കുലകള്‍ തൂക്കിനോക്കിയിട്ട് എത്ര കിലോ ഉണ്ടെന്ന് കടക്കാരന്‍ പുസ്തകത്തില്‍ കുറിച്ചിട്ടു: ''ജോലിക്കാരന്‍ എന്തിയേ?''
''ആര്‍ക്കറിയാം. വല്ല മലയാളീം ആണേ വീട്ടില്‍ പോയി നോക്കാരുന്ന്. ഇതെവിടെ പോവാനാ? വെളവെടുപ്പിന് നിക്കാതെ അവന്‍ പോയി.''
കടക്കാരന്‍ രണ്ട് പേജൂടെ മറിച്ചിട്ട് ഒരു നമ്പരെടുത്തു: ''ഇതി വിളി. ഇവടെ പണ്ട് കണക്കെഴുതാന്‍ നിന്ന 'പയ്യനാ'. കഴിവൊള്ളവനാ.''
''കൊള്ളാവുന്നവനാന്നേ വീട്ടിലോട്ട് വരാന്‍ പറ.'' പുണ്യാളന്‍ കടക്കാരന്‍ കൊടുത്ത കാശെണ്ണി.
ഉച്ചയ്ക്ക് കാക്കകള്‍ കാറി വിളിച്ചപ്പോള്‍ പയ്യന്‍ നടതുറന്നു വന്ന പുണ്യാളനെയും പൂച്ചയെയും തൊഴുതു: ''ഞാനാ കടക്കാരന്‍ പറഞ്ഞ 'പയ്യന്‍.''
''എല്ലാ പണിയും ചെയ്യേണ്ടി വരും.''
''ചെയ്യാം.''
പയ്യന് കിടക്കാന്‍ വിറകുകള്‍ തള്ളുകൂടുന്ന പുര കിട്ടി.
പുണ്യാളന്‍ വെളുപ്പിനെ ഉണക്ക ചാണകം കത്തിച്ച് ആമ്പിയന്‍സ് ഒരുക്കുമ്പോള്‍ എരിത്തിലിന്റെ മുകളില്‍ അടയിരിക്കുന്ന പ്രാവുകള്‍ കുറുകും. പശുവിന്റെ അകിട് നെയ്യിട്ട് പോളിഷ് ചെയ്തിട്ട്, അയാള്‍ പയ്യനെ നോക്കും. പയ്യന്‍ വലതുകാല്‍ വെച്ച് എരിത്തിലിലേക്ക് കേറി കറക്കും. കറന്നെടുത്തതുമായി പുണ്യാളനും പൂച്ചയും വീട്ടിലോട്ടും, പയ്യന്‍ പോത്തുകളുമായി ആറ്റിലോട്ടും പോകും.
മഴപെയ്യാത്ത ദിവസങ്ങളില്‍ പോലും പോസ്റ്റ്മാന്‍ കൊണ്ടിടുന്ന ആഴ്ചപ്പതിപ്പുകള്‍ തണുത്ത് വിറക്കുന്നത് പുണ്യാളന്‍ ശ്രദ്ധിച്ചു. ഒരു ദിവസം പോസ്റ്റ്മാന്‍ ഗേറ്റടച്ചതും, പുണ്യാളന്‍ വീടിന്റെ പുറകിലെ കുളിമുറി ചവിട്ടിപ്പൊളിച്ചു: ''നിനക്കീ അസുഖോം ഒണ്ടോ?''
തുരുമ്പിച്ച ആണിയില്‍ കൊരുത്തിട്ടിരുന്ന കൈലിയും വലിച്ചെടുത്ത് പയ്യന്‍ പൊങ്ങി: ''വല്ലപ്പോഴും വായിക്കും.''
''എഴുതുവോ?''
''എടയ്ക്ക്.''
''എഴുതിയത് വല്ലോം ഒണ്ടോ?''
''ഒണ്ട്.''
''എടുത്തോണ്ട് വാ.''
പുണ്യാളന്‍ അക്ഷമനായി പയ്യനെ കാത്ത് കിണറിനെ വലംവെച്ചുകൊണ്ടിരുന്നു. ഇടതുകൈയില്‍ അരയും കൈലിയും ചുരുട്ടിപ്പിടിച്ച്, വലതുകൈയില്‍ പേപ്പറുകളുമായി പയ്യന്‍ വന്നു.
രണ്ട് കഥകള്‍!
പുണ്യാളന്‍ കിണറ്റില്‍ കിടക്കുന്ന തൊട്ടിയെടുത്ത് പയ്യന്റെ മൂക്ക് പൊട്ടിച്ചു: ''എന്റെ കഥ മോട്ടിക്കാന്‍ നോക്കുന്നോടാ? തൊലയ്ക്കും ഞാന്‍.''
മൂക്കില്‍ നിന്ന് വായിലേക്ക് ഒഴുകിയ ചോരയിറക്കിട്ട്, പയ്യന്‍ തലപൊക്കി: ''ഞാന്‍?''
പുണ്യാളന്‍ കപ്പിയില്‍ നിന്ന് കയര്‍ വലിച്ചെടുത്ത് പയ്യന്റെ കഴുത്തില്‍ ചുറ്റി: ''എവടെടാ എന്റെ ബാക്കി കഥകള്‍?''
പയ്യനെ കൈകുത്തി അയ്യം മുഴുവനും കഥകള്‍ തേടി പുണ്യാളന്‍ നടത്തിച്ചു. അവന്റെ കഴുത്തില്‍ മണിപോലെ തൂങ്ങിയാടുന്ന തൊട്ടിയുടെ ഒച്ചകേട്ട് പട്ടി ഓടി വന്ന്, മാറി നിന്നു.
ഇല്ലാത്ത കഥകള്‍ കിട്ടാതായപ്പോള്‍ പുണ്യാളന്‍ കയറിന്റെ അറ്റം കൊണ്ട് പയ്യന്റെ മുതുക് കീറി: ''പത്തു നൂറ് കഥകള്‍ ഒണ്ടായിരുന്ന്. നീ എവിടെകൊണ്ട് കളഞ്ഞാലും വേണ്ടില്ല വായിച്ചതുവെച്ച് ഓര്‍ത്തെടുത്ത് എഴുതി തന്നോണം.''
പുണ്യാളന്‍ കയറുവിട്ടു. തൊട്ടി തറയില്‍ തട്ടി. അറപ്പുപലകയില്‍ പോത്തിന്റെ തല ഇരിക്കുമ്പോലെ, തൊട്ടിപ്പുറത്ത് പയ്യന്റെ തല ഇരുന്നു.
പയ്യന്‍ വായിക്കാത്ത കഥകള്‍ ഓര്‍ത്തെടുത്ത് പുണ്യാളന് എഴുതികൊടുത്തു.
''ഞാനെഴുതിയതിന്റെ അറ്റം തൊടയ്ക്കാന്‍ കൊള്ളത്തില്ല.'' പുണ്യാളന്‍ ചെള്ള് മരുന്നെടുത്ത് പയ്യന് കൊടുത്തു: ''പട്ടീടെ കഴുത്തിന്റെ പൊറകില് ഒത്ത നടുക്ക് തേക്കണം. എത്ര നക്കാന്‍ നോക്കിയാലും നക്കാന്‍ പറ്റല്ല്.''
വലിയ പെരുന്നാള്‍ വന്നു. മുട്ടന്‍ പോത്തുകളൊക്കെ പിക്കപ്പില്‍ കേറി. പുണ്യാളന്‍ ഉടനെ ഫോണില്‍ പുതിയ പോത്തുകുട്ടികള്‍ക്ക് ഓര്‍ഡര്‍ കൊടുത്തു: ''ഒറിജിനല്‍ മുറ തന്നെ വേണം. അതും ഇതും ചേര്‍ന്നതൊന്നും വേണ്ട. വംശശുദ്ധി മസ്റ്റാ.''
പോയ പോത്തുകള്‍ ബാക്കിവെച്ച വളര്‍ത്ത് പുല്ലുകളുടെ മൂടെണ്ണാന്‍ പുണ്യാളന്‍ അവയുടെ ഇടയിലേക്ക് കാലുകുത്തിയതും, പുല്ലിനെ നനച്ചൊരു ചുവന്ന തുള്ളി വന്നുവീണതും ഒരുമിച്ചായിരുന്നു. പുണ്യാളന്‍ പയ്യന്റെ ഞരമ്പ് രണ്ടാകും മുന്നേ അവന്റെ കൈയ്യിലിരുന്ന ഇരുമ്പ് തട്ടിയെറിഞ്ഞു. പിന്നെ പറ്റാവുന്നത്ര ഊക്കെടുത്ത് അവനെ തൊഴിച്ചു. അവസാനം കാല് നൊന്തപ്പോള്‍, തൊഴി നിര്‍ത്തി പയ്യനെ വലിച്ചോണ്ട് അയാള്‍ മുറ്റത്തോട്ട് പോയി.
പയ്യന്‍ പട്ടിക്കൂടിന് മുന്നില്‍ കിടന്ന് കരയുന്നത് കേട്ട് പുണ്യാളന്‍ വീട്ടില്‍ നിന്നൊരു തകരപെട്ടിയുമായി വന്നു. അയാള്‍ പെട്ടിയും കൂടും തുറന്നു. പട്ടി വന്ന് പെട്ടിയില്‍ അണപ്പല്ലുകള്‍ക്ക് നടുവില്‍ അടുക്കിവെച്ചിരിക്കുന്ന മരത്തൊലിയില്‍ പച്ചകുത്തി ഉണ്ടാക്കിയ ചീട്ടുകളില്‍ നിന്ന് മൂന്നെണ്ണം കടിച്ചെടുത്ത് നിലത്തിട്ടു. പുണ്യാളന്‍ പട്ടിയെ തട്ടി കൂട്ടില്‍ കേറ്റിയിട്ട്, പയ്യനേം കൊണ്ട് ആറ്റിലേക്ക് നടന്നു: ''ചത്താലും ചീഞ്ഞാലും ആര്‍ക്കേലും വളവാകണം. ഇല്ലേല്‍ ജനിക്കല്ല്.''
അകം പൊള്ളയായ ഒരു മുള പയ്യന്റെ വായില്‍ തിരുകിയിട്ട്, പുണ്യാളന്‍ അവനെ ആറ്റിലെറിഞ്ഞു. അറ്റം പൊങ്ങിക്കിടക്കുന്ന മുളയിലൂടെ ശ്വാസം വലിച്ചെടുത്ത് ഒഴുകുന്ന പയ്യനൊപ്പം, ഉള്ളതിലേറ്റവും വലിയ പോത്തിന്റെ പുറത്തിരുന്ന് പുണ്യാളന്‍ ആറ്റില്‍ അലഞ്ഞു. അയാള്‍ പട്ടിയെടുത്ത ചീട്ടുകള്‍ വിടര്‍ത്തി നോക്കി:
''അതെന്തായാലും കാര്യവായി. ചീട്ടെല്ലാം ഒരേ ചോരയാ. എന്റെ ചോര.''
പുണ്യാളന്‍ ആദ്യത്തെ ചീട്ട് വെള്ളത്തില്‍ കമഴ്ത്തിപ്പിടിച്ച് പയ്യനെ കാട്ടി. പയ്യന്‍ ചീട്ടില്‍ പച്ചകുത്തിയിരിക്കുന്ന രൂപത്തെ കണ്ടു. പുണ്യാളന്‍ കണ്ണുകളടച്ച് ധ്യാനനിമഗ്‌നനായി: ''മൂത്ത ചേട്ടനായിരുന്നു. അതിലും മൂത്ത എഴുത്തുകാരനും വായനക്കാരനും.''
രണ്ടാമത്തെ ചീട്ടും നനഞ്ഞു: ''എന്റെ ഇരട്ട. നല്ലൊന്നാന്തരം പഠിപ്പിസ്റ്റ്. റാങ്കുകാരന്‍.''
മൂന്നാമത്തെ ചീട്ടില്‍ ഒരു കൊച്ചു കുട്ടിയായിരുന്നു. ''എളയവന്‍. നല്ല നീന്തലുകാരന്‍. ഈ ഒഴുക്കിലാ അവന്‍ നീന്തല് പഠിക്കുന്നത് തന്നേ.''
ചീട്ടുകള്‍ വീണ്ടും പെട്ടിയിലായി. ''അപ്പോ ഞാന്‍ പറഞ്ഞുവന്നത് കഴിവൊള്ളവര് ആദ്യമായിട്ടല്ല എന്റെ മുന്നി വരുന്നേ. ഇനി ഞാനിവരടെ കൊഴപ്പങ്ങള് പറയാം. മൂത്ത ആള്‍ക്ക് അഞ്ച് പൈസ ഒണ്ടാക്കണമെന്ന ചിന്തയില്ലായിരുന്നു. ഒണ്ടാക്കാനൊള്ള കഴിവും. അപ്പനും അമ്മയും പോയികഴിഞ്ഞപ്പോ എനിക്ക് ഇരട്ടയിലായിരുന്നു പ്രതീക്ഷ. എവിടുന്ന്! അവനൊടുക്കത്തെ പേടി. പേടീന്ന് പറഞ്ഞാല്‍ ഇന്റര്‍വ്യൂവിന് പോവാന്‍ പേടി. പോയാല്‍ മിണ്ടാന്‍ പേടി. ജോലികിട്ടിയാല്‍ അവടെ നിക്കാന്‍ പേടി. അതങ്ങനൊരുത്തന്‍. എളേവന്റെ പ്രശ്‌നം ബാക്കിയൊള്ളവന്‍ പിടിച്ചുനില്‍ക്കാന്‍ കൊന്നിട്ടായാലും കട്ടിട്ടായാലും വല്ല വഴിയും സെറ്റാക്കിയാല്‍ കൂടെ നിക്കത്തില്ല. അഹങ്കാരം. കഴിവൊള്ള എല്ലാത്തിനും ഒണ്ടത്.''
തണുത്ത് കിടുങ്ങികൊണ്ട് പയ്യന്‍ ചുവപ്പ് പറ്റിയ പുല്ലുകള്‍ മെഷീനിലിട്ട് പശുവിന് തിന്നാന്‍ പരുവമാക്കുമ്പോള്‍, പുണ്യാളന്‍ വന്ന് അവന്റെ കഴുത്തില്‍ കടിച്ച് ബാക്കിയുള്ള ധൈര്യം കൂടെ ഊറ്റി: ''കഴിവൊള്ളവന്മാര്‍ക്ക് അതിന്റെ വെല അറിയത്തില്ല. അവനൊന്നും അതുപയോഗിച്ച് ഗതിപിടിക്കത്തില്ല. അഹങ്കരിച്ചങ്ങനെ നടക്കും. എന്നാ കഴിവില്ലാത്തവന്മാര് അങ്ങനല്ല. എലിയെ പുലിയാക്കി കാണിച്ചാണേലും അവര് കരയ്‌ക്കെത്തും. നിനക്കിപ്പോ കഴിവൊണ്ട്, ജീവനും. പക്ഷേ, കളിക്കാനറിയത്തില്ല. അതറിയാവുന്നവന്റെ കൈയ്യില്‍ നീ കോല് കൊട്. അവന്‍ കളിക്കട്ട്. അല്ലാതങ്ങ് ചത്താ ഇത്രേം കാലം ചോറ് തന്ന ഞാന്‍ മണ്ടനാവൂല്ലേ?''
പയ്യന്‍ ഇരുട്ടില്‍ കീറിയ കൈലി പുതച്ച് വിറകിന്റിടയ്ക്ക് ഞെരുങ്ങി കിടന്നു. പതിവുപോലെ അന്നും പന്നിയെലി വന്നു. പയ്യന്‍ കൈലി പൊക്കി: ''ഞാന്‍ ചത്താ കെടത്താന്‍ ഒരു കുഴി നീയേലും കുത്തണേ. ഇല്ലേ വെയിലത്ത് കെടന്ന് അവിയത്തേ ഒള്ളു.''
പന്നിയെലി കൈലിക്കുള്ളിലൂടെ അകത്തേക്ക് ചെന്ന് പയ്യന്റെ നെഞ്ചിലെ രോമത്തില്‍ തലവെച്ച് കിടന്നു.
പിറ്റേന്ന് ഉച്ചയുറക്കത്തിന് കിടന്ന പുണ്യാളനെ കാക്കകള്‍ കാറി പയ്യന്‍ പുറത്തുചാടാന്‍ ഗേറ്റ് തുറന്നത് അറിയിച്ചു. പുണ്യാളന്‍ പയ്യനെ പിടിച്ച് വിറകുപുരയില്‍ കൊണ്ടുവന്ന്, അവന്റെ ബാഗുതുറന്ന് തുണികള്‍ കൂട്ടിയിട്ട് കത്തിച്ച് ആവിപിടിപ്പിച്ചു. പോര! അയാള്‍ പയ്യന്റെ ആധാറും, ലൈസന്‍സും അടക്കം സകല രേഖകളും ചുരുട്ടി കത്തിച്ച് അവനെ കൊണ്ട് വലിപ്പിച്ച് തീര്‍ത്തു.
പയ്യന്‍ അതോടെ പുണ്യാളന്റെ പാവയായി! പുണ്യാളന്‍ പറയുമ്പോള്‍ എഴുന്നേല്‍ക്കും, കറക്കും, ആറ്റില്‍ പോത്തുകളുടെ കൂടെ കിടക്കും, വാഴകള്‍ക്ക് വളമിടും, എഴുതും, ഉറങ്ങും.
സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യാന്‍ പയ്യന്‍ ശ്രമിച്ചാല്‍, പുണ്യാളന്‍ അവനെ മുള കടിപ്പിച്ച് ആറ്റിലെറിഞ്ഞിട്ട് വക്കത്തിരുന്ന് ചൂണ്ടയിടും. കാറ്റത്ത് ഒറ്റയ്ക്കായതിന്റെ വലിപ്പം അയാളെ തളര്‍ത്തും. ഇറ്റുവീഴുന്ന കൊഴുപ്പ് തിന്നാന്‍ വരുന്ന മീനുകള്‍ ചൂണ്ടയില്‍ കൊത്തും. അത് കണ്ട് ബന്ധു മീനുകള്‍ വെള്ളത്തില്‍ കിടക്കുന്ന പയ്യന്റെ ചെവിയിലൂടെ ഉള്ളിലെത്തി അവനെ കടിക്കും.
വീട്ടിലേക്ക് ആര് വന്നാലും ഒളിക്കാനായിരുന്നു പയ്യന് കിട്ടിയ ഓര്‍ഡര്‍. പുണ്യാളന്റെ പേര് അച്ചടിച്ചുവരുന്ന ആഴ്ചപ്പതിപ്പുകളുമായി പോസ്റ്റ്മാന്‍ വരുമ്പോഴൊക്കെ പയ്യന്‍ പോത്തുകളുടെ നടുക്ക് നാലുകാലില്‍ നടക്കും. ഒരിക്കല്‍ ആ പോത്തിന്‍ കൂട്ടത്തിലെ ഒരെണ്ണത്തിന് വാലില്ലെന്ന് കണ്ട പോസ്റ്റ്മാന്‍ ഞെട്ടി: ''എന്തോന്നത്?''
''പഴയ വീടല്ലേ? ഇങ്ങനെ പലതും കാണും.'' പുണ്യാളന്‍ അയാളുടെ ചെവിയിലും കടിച്ചു: ''ചാത്തനാ!'' പോസ്റ്റ്മാന്‍ അന്നുതന്നെ പോസ്റ്റിട്ട് ഈ കാര്യം നാട്ടുകാരെ അറിയിച്ചു.
സങ്കടം കേട്ടതില്‍ പിന്നെ പന്നിയെലി തന്റെ അടുത്തോട്ട് വരാത്തതില്‍ പയ്യനാകെ തകര്‍ന്നിരുന്നു. പുണ്യാളന്‍ പറയാത്തതുകൊണ്ട് അവന്‍ കരഞ്ഞില്ലെന്ന് മാത്രം. പാതിരാത്രി അല്പം ധൈര്യം താനെ ഇറ്റുവീണപ്പോള്‍, പയ്യന്‍ മാവില്‍ വലിഞ്ഞുകേറി അയ്യം മുഴുവനും പന്നിയെലിയെ നോക്കി.
പടം കഴിഞ്ഞ് പോകുന്ന ചെക്കന്മാര്‍ മാവിലിരിക്കുന്ന ചാത്തനെ കണ്ടു. അവര്‍ ചാത്തനെ എറിഞ്ഞിട്ടോടി. പയ്യന്‍ നിലത്ത് മോന്ത കുത്തി വീണു.
പുണ്യാളന്‍ നേരം വെളുത്തതും പയ്യനെ കിണറ്റിലേക്ക് നീട്ടി പിടിച്ചു: ''കണ്ടോ? ഇനി വെളിയില്‍ ചാടിപ്പോയി നീ ആരാന്ന് പറഞ്ഞാലും ആര്‍ക്കും മനസ്സിലാവൂല്ല. അതാ പറഞ്ഞേ, ഞാന്‍ പറയാതെ അനങ്ങാന്‍ പോണ്ട.''
ചെറിയ പെരുന്നാളിന് തൂക്കം വെച്ചതിനെയും, മട്ടനാണെന്ന് പറഞ്ഞ് വിളമ്പാന്‍ ചെറുതുകളെയും പുണ്യാളന്‍ പാര്‍സലാക്കി.
വിറ്റത് ആഘോഷിക്കാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്നേ ഇടിവെട്ടി. ജനലടയ്ക്കാന്‍ പോയ പുണ്യാളന്‍ ഏത്തനൊരെണ്ണം വല്ലാതെ ആടുന്നത് കണ്ടു. പയ്യനെ വീണ്ടും ആറ്റിലെറിയാന്‍ സമയമായെന്ന് തോന്നിയ പുണ്യാളന്‍ അയ്യത്തേക്കിറങ്ങി. പിന്നാലെ പൂച്ചയും.
പുണ്യാളന്‍ എത്തിയപ്പോഴേക്കും ഏത്തന്‍ ആട്ടം നിര്‍ത്തി നിലത്ത് കിടന്നിരുന്നു. അവിടെല്ലാം നോക്കിയിട്ടും പയ്യനെ കണ്ടില്ല. കാറ്റായിരിക്കും. കുല പിരിച്ചൊടിച്ചെടുത്ത് തോളില്‍ തൂക്കി കനം വെച്ച മഴയത്ത് പുണ്യാളന്‍ തിരിച്ചു നടന്നു. ചെരുപ്പില്‍ നിന്ന് തോളുവരെ ചേറ് തെറിച്ചു. എന്നാല്‍ തോരുംവരെ എരിത്തിലില്‍ കൂടാന്ന് പുണ്യാളന്‍ തീരുമാനിച്ചു.
ഏത്തക്കുല കുത്തിയതും, മുട്ടത്തോട് പോലാക്കി കരണ്ടിവെച്ചിരുന്ന എരിത്തിലിന്റെ തറ ഇടിഞ്ഞു!
വെള്ളം ഒലിച്ചിറങ്ങുന്ന കിണറുപോലത്തെ കുഴിയില്‍ പുണ്യാളനും ഏത്തക്കുലയും, തൊട്ടുമുകളിലെ തട്ടില്‍ കഴുത്തൊടിഞ്ഞ പശുവും, അതിന്റെ മുകളില്‍ കുത്തിനില്‍ക്കുന്ന കൂറ്റനൊരു തടിയും അതില്‍ പിടിച്ചിരിക്കുന്ന പൂച്ചയും, പിന്നെ ഓടുകളും, പ്രാവുകളും, മഴയും, ആകാശവും.
കണ്ണില്‍ നിന്ന് മണ്ണ് തുടച്ചുമാറ്റി ചുറ്റും നോക്കിയ പുണ്യാളന്‍ പന്നിയെലിയുടെ കളിയാക്കിക്കൊണ്ടുള്ള ചിരികേട്ടു. വിളിച്ചാല്‍ പയ്യന്‍ വരുമെന്നും, വിളിച്ചാലേ പയ്യന്‍ വരു എന്നും അയാള്‍ക്ക് അറിയാമായിരുന്നു.
'എന്റെ പട്ടി വിളിക്കും.' പുണ്യാളന്‍ കുഴിയില്‍ മൂട് കുത്തിയിരുന്നു. കുഴിയിലെ വെള്ളം പേടിച്ചു ചാടി അയാളുടെ പൊക്കിളില്‍ തൊട്ടു.
മൂന്ന് ദിവസം കൊണ്ട് കറചുവ മാറാത്ത ഏത്തക്കുല തുണിയില്ലാത്ത കാളാമുണ്ടമായി. വെള്ളം മഴ വരുമ്പോഴൊക്കെ എത്തി നോക്കിക്കൊണ്ടിരുന്നു.
നാലാം ദിവസം പഴത്തൊലിയെല്ലാം ചുരുട്ടി ഉണ്ടയാക്കി പുണ്യാളന്‍ പൂച്ചയെ എറിഞ്ഞു: ''പോയി ആ മറ്റവനിട്ട് നാല് മാന്തേലും മാന്ത്. അവന്‍ കാര്യം അറിയട്ട്.'' പൂച്ച മടിച്ച് തടിയില്‍ കടിച്ചുപിടിച്ചിരുന്നു.
പയ്യന്‍ എന്നും വെളുപ്പിനെ ഉറക്കം തീരുമ്പോള്‍ ചെവിനീട്ടി പുണ്യാളനെ തിരയും. തെറിയൊന്നും കേള്‍ക്കാത്തതുകൊണ്ട് അവന്‍ കിടപ്പ് തുടരും.
പുണ്യാളന് ഉള്ളിലെ ഭാരം അടക്കാന്‍ കഴിയാതെ വന്നു. അയാള്‍ മണ്‍ ഭിത്തിയില്‍ ഓട്ടകളിട്ട് അവ നിറച്ച് ആശ്വാസം കണ്ടെത്തി.
ആറാം ദിവസം വിശപ്പിന്റെ കടി മൂത്തപ്പോള്‍ പട്ടി ഓട് പൊളിച്ച് കൂട് വിട്ടു. തിരിഞ്ഞും മറിഞ്ഞും നിലംപൊത്തിയ എരിത്തിലിന്റെ മുകളിലിരിക്കുന്ന പ്രാവുകളെ പിടിക്കാന്‍ ഓടിന് മുകളില്‍ എത്തിയ പട്ടി ശബ്ദം കേട്ട് താഴേക്ക് നോക്കി. ചത്ത പശുവിന്റെ അകിട് കടിച്ചുകൊണ്ടിരുന്ന പുണ്യാളന്‍ പട്ടിയെ കണ്ടതും കാര്‍ക്കിച്ചു തുപ്പി: ''പോയി വിളിച്ചോണ്ട് വാടാ ആ പട്ടീടെ മോനേ.''
പട്ടി കിട്ടിയ പ്രാവിനെ കടിച്ചുകൊണ്ട് ഓടില്‍ കിടന്നു. എന്തേലും ഇട്ടുകൊടുത്താല്‍ പട്ടി നന്ദി കാണിക്കുമെന്ന് പുണ്യാളന് തോന്നി. ഓടിന് ഇടയിലൂടെ പശുവിന്റെ വാല് വന്ന് പട്ടിയുടെ മുഖത്തടിച്ചു. പട്ടി ചാടിയതും, ആദ്യത്തെ ഇടിവെട്ടിയതും ഒരുമിച്ചായിരുന്നു. രണ്ടാമത്തെ ഇടിയ്ക്ക് പട്ടി അയ്യം വിട്ടു.
മൂന്നാമത്തെ ഇടിയേറ്റ് തീപിടിച്ച് കൂഴിയിലേക്ക് വീണ തടി പുണ്യാളന്റെ തോള് തകര്‍ത്തു. ബോധം വട്ടംകറക്കിയ പുണ്യാളന് താനിട്ട ഓട്ടകളില്‍ നിന്ന് കുഴിയിലെ വെള്ളത്തിലേക്ക് ചുറ്റും വളയമുള്ള ഓറഞ്ച് പാമ്പുകള്‍ ചാടുന്നതായി തോന്നി. ''അയ്യോ.. അയ്യോ'' രണ്ടു വിളി കഴിഞ്ഞതും, നാക്ക് ഭയന്ന് അകത്ത് ചുരുണ്ടു.
പുണ്യാളന്റെ 'അയ്യോ..' വിളി 'പയ്യോ..' വിളിയായി കേട്ട പയ്യന്‍ ചാടി എഴുന്നേറ്റു.
പട്ടി പോയി കഴിഞ്ഞ് തിരിച്ചിറങ്ങിയ പ്രാവുകള്‍ക്ക് വീണ്ടും ഇളക്കം തട്ടിയത് കണ്ടപ്പോള്‍, ആരോ വന്നെന്ന് പുണ്യാളന് പിടികിട്ടി. പേര് വിളിച്ച് പയ്യനാണോന്ന് നോക്കാന്‍ പുണ്യാളന് അവന്റെ പേര് അറിയില്ലായിരുന്നു. കത്തിക്കും മുന്നേ രേഖകളില്‍ നോക്കാനും അയാള്‍ക്ക് പറ്റിയിരുന്നില്ല. പയ്യോന്ന് തന്നെ വിളിക്കാമെന്ന് തീരുമാനിച്ചെങ്കിലും, ഭയന്ന് ചുരുണ്ട നാക്ക് നൂന്ന് വന്നില്ല. ചീറ്റാതെ തന്റെ ചുറ്റും നീന്തുന്ന പാമ്പുകള്‍ക്ക് നടുവില്‍ കിടക്കുന്ന അനക്കമില്ലാത്ത പൂച്ചയെ പുണ്യാളന്‍ പിടിച്ചു.
കരിപിടിച്ച പൂച്ച ഓടുപൊളിച്ച് തന്റെ മുന്നിലേക്ക് വന്നുവീണതും, പയ്യന്‍ ചോര്‍ന്ന് കാലുവഴി കൂഴിയിലേക്ക് ഒഴുകി. ഇനി രക്ഷയില്ലെന്ന് പുണ്യാളന് ബോധ്യമായി.
ഈച്ചകള്‍ പൊതിയുന്ന പൂച്ചയുടെ വായില്‍ നിന്ന് നീണ്ടുകിടക്കുന്ന പന്നിയെലിയുടെ വാല് കണ്ട പയ്യന്‍, അതിന്റെ വായില്‍ കൈയ്യിട്ട് പന്നിയെലിയെ തപ്പി. വാലല്ലാതെ ബാക്കിയൊന്നും പൂച്ചയുടെ ഒട്ടിയ വയറ്റില്‍ ഇല്ലായിരുന്നു. പൂച്ച വന്ന കുഴിയില്‍ പന്നിയെലി കാണുമെന്ന് വിചാരിച്ച്, പയ്യന്‍ കിണറ്റിന്‍ കരയിലേക്കോടി തൊട്ടിയും കയറും എടുത്തുകൊണ്ട് വന്ന്, കുഴിയിലെ വെള്ളം കോരി അരിച്ച് പന്നിയെലിയെ തിരഞ്ഞു.
കുഴിയിലെ വെള്ളം പുണ്യാളന്റെ മുടിയില്‍ നിന്ന് അടിയിലേക്ക് താഴ്ന്നു. പെട്ടെന്ന് തൊട്ടി കുറച്ച് വെയിറ്റിട്ടു. പയ്യന്‍ ആഞ്ഞുവലിച്ചപ്പോള്‍ തൊട്ടിയില്‍ തൂങ്ങി പുണ്യാളന്‍ പാതാളം വിട്ടു.
തൊട്ടിയും കയറും പിടിച്ച് പുണ്യാളന്‍ തന്റെ മുന്നില്‍ നില്‍ക്കുന്നത് കണ്ടതും, പയ്യന്‍ വീണ്ടും കുറ്റിപോലെ ഉറച്ച് പാവയായി. അവന്‍ പുണ്യാളന്റെ നിര്‍ദ്ദേശത്തിനായി അയാളെ നോക്കി. പയ്യന്‍ കണ്ണുകള്‍ തന്റെ നേര്‍ക്ക് ചൂണ്ടിയതും, പുണ്യാളന്റെ അനക്കം കെട്ടു. രണ്ടു പേരും പരസ്പരം അങ്ങനെ നോക്കി നിന്നു.
ഏഴാം ദിവസം വെയിലത്ത് പയ്യന്‍ തളര്‍ന്നു വീണു.
അന്ന് രാത്രിയിലും പടം കണ്ടിട്ട് മടങ്ങിയ ചെക്കന്മാര്‍ എത്തിനോക്കി. നിലത്തൊരു ചാത്തന്‍. അടുത്ത് മറ്റൊരു ചാത്തന്‍. ഏറോട് ഏറ്. കൂഴിയിലേക്ക് വീണ്ടും എത്തിയ പുണ്യാളന്‍ ചേറ് തിന്ന് ചോര കക്കി.
നാടന് നാട്ടില്‍ വിലയില്ലെന്ന് മനസ്സിലാക്കി തിരിച്ചുവന്ന പട്ടി ബോധമില്ലാതെ കിടക്കുന്ന പയ്യന്റെ മൂക്കില്‍ നിന്ന് വരുന്ന ശ്വാസത്തെ നക്കി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


