ഒരുദിവസം കമലാസുരയ്യ അവളോടു പറഞ്ഞു: ''നീയ്യിങ്ങനെ എന്നെ അനുകരിച്ച് നടന്നാല്‍ മതിയോ? എന്തിനാ കുട്ട്യേ, നീ അയാളെ ഇങ്ങനെ പേടിക്കണേ? അയാളെക്കുറിച്ചുതന്നെ കഥയെഴുത്. നീയിട്ടിരിക്കണ പ്രച്ഛന്നവേഷമില്ലേ, അത് അയാളെ അണിയിച്ചാ മതീന്നേ. ധൈര്യായിട്ടെഴുത്. എന്റെ കഥകളിലൊക്കെ ഞാന്‍ കളിക്കണ കളിയാ അത്.''`വാക്കുല്‍സവത്തില്‍ ഇന്ന് ചന്ദ്രമതി എഴുതിയ കഥ-ചവുണ്ട മുണ്ട്. ഡിസി ബുക്‌സ് പുറത്തിറക്കിയ 'വാണ്ടര്‍ ലസ്റ്റ്' എന്ന കഥാ സമാഹാരത്തിലുള്ളതാണ് ഈ കഥ. 

 

 

അവള്‍ നോവലെഴുതുകയാണെന്ന കാര്യം അന്താരാഷ്ട്ര രഹസ്യമായിരുന്നു. വീടിനുള്ളിലെ ഭീകരവാദികളായ ഭര്‍ത്താവും മക്കളും അതറിയാതെ സൂക്ഷിക്കുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ പ്രശ്‌നം. കാരണം, അവളുടെ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ അവരൊക്കെത്തന്നെയാണല്ലോ. വിദഗ്ധമായി അവള്‍ അവരെയൊക്കെ പ്രച്ഛന്നവേഷധാരികളാക്കി. 

കരുണാകരന്‍ എന്ന് യഥാര്‍ത്ഥപേരുള്ള, സെക്രട്ടേറിയറ്റിലെ ക്ലാര്‍ക്കായ ഭര്‍ത്താവ് നോവലില്‍ സേതുവേലായുധന്‍ എന്ന വലിയ ബിസിനസുകാരനാണ്. എം.ടി. വാസുദേവന്‍നായരുടെ രണ്ട് കഥാപാത്രങ്ങളുടെ പേരുകള്‍ കൂട്ടിയിണക്കിയാണ് അവളാ പേരുണ്ടാക്കിയെടുത്തത്. ഇന്ദിര എന്നു പേരുള്ള അവള്‍ നോവലില്‍ വരുന്നത് ദേവി സുജ എന്ന പേരിലും. കഥാകൃത്ത് സേതുവും എം. മുകുന്ദനും ആ പേരിലുണ്ടെന്ന് അവള്‍ക്കേ അറിയൂ.

ഇന്ദിര എന്ന അവള്‍ ഒരു സാധാരണ പെണ്‍കുട്ടിയായി വളര്‍ന്നുവന്നവളാണ്. ഒരുപാടുവായിച്ച്, എല്ലാവരെയും പ്രണയദൃഷ്ടിയാല്‍ നോക്കി, ഒടുവില്‍ പ്രണയം അടുത്തുകൂടിപ്പോലും പോകാത്ത കരുണാകരന്റെ ഭാര്യയായി മാറിയത് വിധിവൈപരീത്യം. കല്യാണപ്പിറ്റേന്ന് കരുണാകരന്‍ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം: ''ഇന്ദിര കുളിക്കാന്‍ പോകുമ്പോള്‍ പറയണം; എന്റെ ചവുണ്ട മുണ്ട് ഒന്നു നനച്ചിടണം.'' 

'ചവുണ്ട മുണ്ട്' എന്ന പ്രയോഗം ആദ്യമായി കേള്‍ക്കുന്ന ഇന്ദിര അതിന്റെ ശബ്ദം ഇഷ്ടപ്പെട്ടു. അവള്‍ മനസ്സില്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു: ചവുണ്ട മുണ്ട്, ചവുണ്ട മുണ്ട്... പറഞ്ഞുപറഞ്ഞ് ആ വാക്ക് ഒരു ചെണ്ടയായി മാറുന്നതും താനും നവവരനും ഇരുപുറത്തുംനിന്ന് അതു കൊട്ടുന്നതും അവള്‍ സങ്കല്പിച്ചു. അറിയാതെ അവളുടെ ചുണ്ടുകളില്‍ ഒരു ചിരി വിടര്‍ന്നപ്പോള്‍ അയാള്‍ ദേഷ്യപ്പെട്ടു: ''എന്തിനാ ഇളിക്കുന്നത്? പറഞ്ഞതു മനസ്സിലായില്ലേ?''

പിന്നെ അയാള്‍ ഒരു തൂമ്പായെടുത്ത് പറമ്പിലെ ചേമ്പു കിളച്ചെടുത്തുവന്ന് അമ്മയോടു പറഞ്ഞു: ''അമ്മാ, ചായയ്ക്ക് ചേമ്പുപുഴുങ്ങിയതും കാന്താരിച്ചമ്മന്തീം. ആ ഇന്ദിരയ്ക്കുകൂടി ഒന്നു പറഞ്ഞുകൊടുക്കണേ. ലക്ഷണം കണ്ടിട്ട് ഒന്നും പഠിപ്പിച്ചുവിടാത്ത മട്ടാണ്.''

''എനിക്കും തോന്നി,'' അമ്മ പറഞ്ഞു: ''നമുക്കു ശരിപ്പെടുത്തിയെടുക്കാന്‍ പറ്റുമോ എന്നു നോക്കാം.''

അങ്ങനെ ഇന്ദിരയുടെ കാര്യത്തില്‍ ഒരു തീരുമാനമായി.

ചവുണ്ട മുണ്ടുകള്‍ തുരുതുരാ കഴുകിയിടുമ്പോഴും ചേമ്പും ചേനയും കാച്ചിലും മാത്രമല്ല കാബേജും കാരറ്റുംവരെ തുരുതുരാ അരിഞ്ഞ് കറികളാക്കുമ്പോഴും രണ്ടു മക്കളെ പെറ്റിട്ട് വളര്‍ത്തി വലുതാക്കുമ്പോഴും അവളുടെ മനസ്സില്‍ ഒരുപാട് കഥാപാത്രങ്ങളുണ്ടായിരുന്നു. പഠനപുസ്തകങ്ങളും ന്യൂസ്‌പേപ്പറുമൊഴികെ മറ്റൊരു വായനാസാമഗ്രിയും കരുണാകരന്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. പുസ്തകങ്ങള്‍ വായിച്ചാല്‍ വഴിപിഴച്ചുപോകുമെന്ന അയാളുടെ സിദ്ധാന്തത്തിന് അടിത്തറയിട്ടത് ഇന്ദിരയുടെ ശീലങ്ങള്‍തന്നെയായിരുന്നു.

പത്രത്തില്‍ അവാര്‍ഡ് വാര്‍ത്തകള്‍ക്കൊപ്പവും പ്രസ്താവനകള്‍ക്കൊപ്പവും മറ്റും തന്റെ പ്രിയ എഴുത്തുകാരുടെ ഫോട്ടോകള്‍ കാണുമ്പോള്‍ അവള്‍ അവരോടു ചോദിച്ചു: ''എന്നെ മറന്നു അല്ലേ?'' അവര്‍ കനിവോടെ ഫോട്ടോയില്‍ ചിരിച്ചുനിന്നു. തനിയേ പുറത്തുപോകാനുള്ള അനുവാദം നിഷേധിക്കപ്പെട്ടിരുന്നതുകൊണ്ട് അവള്‍ ജയില്‍പ്പുള്ളിയുടെ അവസ്ഥയിലായിരുന്നുവെന്ന് അവരറിഞ്ഞില്ല.

 

..........................................................

'വാണ്ടര്‍ ലസ്റ്റ്'  ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

അപ്പോഴാണ് പത്രം ഒരു വലിയ എഴുത്തുകാരിയുടെ മതംമാറ്റക്കഥ ആഘോഷിച്ചത്. മാധവിക്കുട്ടി കമലാസുരയ്യയായി മാറിയിരിക്കുന്നു! അവരെ ചവിട്ടിക്കൂട്ടണമെന്ന് കരുണാകരന്‍ ആക്രോശിച്ചു. ഇങ്ങനെ വല്ലതും ചെയ്താല്‍ കൊത്തിയരിഞ്ഞു പട്ടിക്ക് ഇട്ടുകൊടുക്കുമെന്ന് മക്കളെ വിരട്ടി. പക്ഷേ, ബുര്‍ക്കയണിഞ്ഞ ആ സ്ത്രീരൂപം ഇന്ദിരയുടെ മനസ്സില്‍ ഒരു കുളിര്‍മഴയായി പെയ്തു.

മകള്‍ക്ക് പ്രച്ഛന്നവേഷമത്സരത്തിനെന്നു കള്ളം പറഞ്ഞാണ് അവള്‍ രഹസ്യമായി ജ്യേഷ്ഠനെക്കൊണ്ട് ഒരു പര്‍ദ്ദ വാങ്ങിപ്പിച്ചത്. അത് ആരും കാണാതെ സൂക്ഷിക്കുക എന്നത് ഏറ്റവും ദുഷ്‌കരമായിരുന്നു. ആദ്യമായി ആ കറുത്ത വസ്ത്രം ധരിച്ച് കണ്ണാടിയില്‍ കണ്ടപ്പോള്‍ താന്‍ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയാണെന്ന് ഇന്ദിരയ്ക്കു തോന്നി. പിന്നെ പര്‍ദ്ദയുടെ മറവില്‍ അവള്‍ പുറത്തേക്കു വലതുകാല്‍ വെച്ചിറങ്ങി. ആരും കമന്റടിക്കാന്‍പോലും മെനക്കെടാത്ത വസ്ത്രസുരക്ഷയുടെ പിന്നില്‍ അവള്‍ പുസ്തകച്ചന്തകളില്‍പോയി. ഒരു സ്ത്രീസാഹിത്യസദസ്സില്‍ കുറേനേരം ഇരിക്കുകപോലും ചെയ്തു.

''ഉച്ചയ്ക്കു വിളിച്ചപ്പോള്‍ എന്താ ഫോണെടുക്കാത്തത്?'' കരുണാകരന്‍ ചോദിച്ചു.

''ഉറങ്ങിപ്പോയി. തലവേദനയായിരുന്നു.''

അവളില്‍നിന്നുയരുന്ന വിക്‌സ് മണത്തില്‍ അയാള്‍ തൃപ്തനായി.

ഒരുദിവസം കമലാസുരയ്യ അവളോടു പറഞ്ഞു: ''നീയ്യിങ്ങനെ എന്നെ അനുകരിച്ച് നടന്നാല്‍ മതിയോ? എന്തിനാ കുട്ട്യേ, നീ അയാളെ ഇങ്ങനെ പേടിക്കണേ? അയാളെക്കുറിച്ചുതന്നെ കഥയെഴുത്. നീയിട്ടിരിക്കണ പ്രച്ഛന്നവേഷമില്ലേ, അത് അയാളെ അണിയിച്ചാ മതീന്നേ. ധൈര്യായിട്ടെഴുത്. എന്റെ കഥകളിലൊക്കെ ഞാന്‍ കളിക്കണ കളിയാ അത്.''

അങ്ങനെ ഇന്ദിര കഥയെഴുതാനിരുന്നു. കഥയ്ക്കുപകരം നോവലാണവള്‍ എഴുതിയതെന്നുമാത്രം.

''ചവുണ്ട മുണ്ടോ?'' കമലാസുരയ്യ നെറ്റി ചുളിച്ചു. ''പേരിന് ഭംഗീല്യാലോ കുട്ടീ.''

''സാരമില്ല അമ്മാ,'' ഇന്ദിര പറഞ്ഞു: ''ഇതു മതി. എന്റെ ജീവിതമല്ലേ! ഇതിലും നല്ല പേരു കിട്ടില്ല.''

അന്താരാഷ്ട്രരഹസ്യമായി സൂക്ഷിച്ചുകൊണ്ട് ഇന്ദിര നോവല്‍ രചന തുടര്‍ന്നു.

''ഇപ്പോഴത്തെ പെണ്‍കുട്ട്യോളൊക്കെ ഒരു വിധമാ!'' കമലാസുരയ്യ പറഞ്ഞു. ''പറഞ്ഞുകൊടുത്താലും മനസ്സിലാവില്ലെങ്കില്‍ എന്താ ചെയ്യാ!''

ആരാ ഈ പറയുന്നത് എന്ന മട്ടില്‍ അവരെയൊന്ന് നോക്കിയിട്ട് ഇന്ദിര എഴുത്തുതുടര്‍ന്നു. 

ദേവി സുജ എന്ന കഥാപാത്രം പര്‍ദ്ദയണിഞ്ഞ് തന്റെ ഭര്‍ത്താവ് സേതുവേലായുധനെ കൊല്ലാനായി ഒരു  വാടകക്കൊലയാളിയുമായി കൂടിക്കാഴ്ചയ്ക്കു പോകുന്ന രംഗമാണ് അവള്‍ എഴുതിക്കൊണ്ടിരുന്നത്.

''ഇതുപോലൊരു രംഗം ഞാനുമെഴുതീട്ടുണ്ട് കുട്ടീ,'' കമലാസുരയ്യ പറഞ്ഞു: ''ഞാന്‍ തെരക്കീത് എന്നെത്തന്നെ കൊല്ലാനാരുന്നു.'

 

'വാണ്ടര്‍ ലസ്റ്റ്'  ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

...................................................

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും ഇവിടെ വായിക്കാം