Asianet News MalayalamAsianet News Malayalam

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

വാക്കുല്‍സവത്തില്‍ ഇന്ന് മുതിര്‍ന്ന എഴുത്തുകാരന്‍ അയ്മനം ജോണിന്റെ കഥ. ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍ 

Literature Festival  malayalam short story by Aymanam John
Author
Thiruvananthapuram, First Published Oct 5, 2019, 5:47 PM IST

വരും കാലത്തിനുള്ള കഥകളാണ് അയ്മനം ജോണിന്റേത്‌. . ഭാവിയുടെ സന്ദേഹങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമുള്ള ഗൂഢമായ ഉത്തരങ്ങള്‍. അതിനാലാവണം, നാം ജീവിക്കുന്ന കാലത്തിന്റെ റഡാറുകളില്‍ അത് വേണ്ടവിധം പതിയാതെ പോയത്. മലയാള സാഹിത്യലോകം വേണ്ടത്ര ആ കഥകളെ തിരിച്ചറിയാതെ പോയതും. കാരണങ്ങള്‍ പലതാവാം. മലയാളത്തിന്റെ കഥയിറമ്പുകൡലൂടെ ഒച്ചയനക്കങ്ങളില്ലാതെ നിശ്ശബ്ദമായി സഞ്ചരിക്കുന്ന കഥാകൃത്തിന്റെ പ്രകൃതം. നാലര പതിറ്റാണ്ട് കൊണ്ട് എഴുതിയ ചുരുക്കം കഥകളെ ആഴത്തില്‍ വിലയിരുത്താതെ പോയ യാഥാര്‍ത്ഥ്യം. 

ഒറ്റ നോട്ടത്തില്‍ അതൊരു ദേശത്തിന്റെ കഥകള്‍. അല്ലെങ്കില്‍, സ്വന്തം ആവാസവ്യവസ്ഥയെ പകര്‍ത്തല്‍. പ്രകൃതിയെ, പരിസ്ഥിതിയെ, ചുറ്റുപാടുകളെ അഭിമുഖീകരിക്കല്‍. എന്നാല്‍, അത് അയ്മനം ജോണ്‍ കഥകളുടെ പുറം കാഴ്ച മാത്രമാണ്. അവ പറയുന്ന വിശാലമായ ലോകത്തെക്കുറിച്ചുള്ള സന്ദേഹങ്ങളാണ്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കകളാണ്. നവമുതലാളിത്തവും ഉദാരവല്‍ക്കരണ നയങ്ങളുമെല്ലാം ചേര്‍ന്ന് ചോര്‍ത്തിക്കളയുന്ന ഇടങ്ങളെക്കുറിച്ചുള്ള വിപല്‍സൂചനകളാണ്. ഉദാസീനമായ നോട്ടങ്ങള്‍ക്ക് പിടികൊടുക്കാത്ത ഗൂഢലിപികള്‍ അകമേ കൊണ്ടുനടക്കുന്ന ആ കഥകള്‍ അതിനാല്‍ത്തന്നെ ഉപരിതലത്തില്‍ മാത്രം വായിക്കപ്പെട്ടു.  

അയ്മനം ജോണ്‍ പറയുന്നത് സ്വന്തം ഗ്രാമത്തിന്റെ കഥകളും വ്യഥകളുമാണ്. തന്റെ ആറ്റിറമ്പിനു ചുറ്റും നടക്കുന്ന കാര്യങ്ങള്‍. എന്നാല്‍, അക്കാര്യങ്ങള്‍ ഒരാറ്റിറമ്പില്‍ തറഞ്ഞു നില്‍ക്കുന്നില്ല. അതൊരു ഗ്രാമത്തിന്റെ ആകാശത്തില്‍ മുട്ടിനില്‍ക്കുന്നില്ല. മറിച്ച്, അത് വിശാലമായ ലോകത്തേക്ക് പടരുന്നു. ഭാവിയുടെ ആകാശങ്ങള്‍ സ്പര്‍ശിക്കുന്നു. ജീവിതത്തെക്കുറിച്ച് എക്കാലവും നിലനില്‍ക്കുന്ന സമസ്യകളെ സ്വന്തം ഇടങ്ങളില്‍വെച്ച് പരിശോധിക്കുന്നു. അധികാരത്തിന്റെ സൂക്ഷ്മരാഷ്ട്രീയം പ്രതിപാദിക്കുന്നു. ചരിത്രം മാറ്റിയെഴുതാന്‍ വെമ്പുന്ന സമഗ്രാധിപത്യത്തിന്റെ മുരള്‍ച്ചകളെ സൂക്ഷ്മതലത്തില്‍ തിരിച്ചറിയുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും ഇടം നല്‍കുന്ന വിശാലമായ പാരിസ്ഥിതിക ബോധ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നു. ഒരൊറ്റ വായനയ്ക്ക് പിടിച്ചെടുക്കാനാവും വിധം രാഷ്ട്രീയ ദാര്‍ശനിക ബോധ്യങ്ങള്‍ ഉപരിതലത്തില്‍ പ്രകടമായി സ്ഥാപിക്കുന്ന നാട്ടുനടപ്പ് ഇവിടെ കാണാനാവില്ല. സൂക്ഷ്മമായ വായനകള്‍ ആണ് അയ്മനം കഥകള്‍ ആവശ്യപ്പെടുന്നത്.


Literature Festival  malayalam short story by Aymanam John

 

മീന്‍പിടുത്തമാണ് ലോകത്തിലെ ഏറ്റവും രസകരമായ നേരമ്പോക്ക് എന്ന് വിശ്വസിച്ചിരുന്ന കാലത്ത് ഞാനൊരു കുട്ടിയായിരുന്നു. ഏറെക്കുറെ എനിക്കുണ്ടായിരുന്നത്ര തന്നെ മീന്‍പിടുത്തഭ്രാന്ത് അന്നത്തെ ഉറ്റ കൂട്ടുകാരിലൊരാളായിരുന്ന പരമേശ്വരനുമുണ്ടായിരുന്നു. കടന്ന് ചെന്നാല്‍ വഴക്ക്  പറഞ്ഞോടിക്കാത്ത ആറ്റുതീര വീട്ടുകാരുടെയത്രയും പറമ്പുവക്കിലെ  മരച്ചുവടുകളിലും കുറ്റിക്കാടുകളിലും ഞങ്ങളൊരുമിച്ച്  മണിക്കൂറുകളോളം  ചൂണ്ടയിട്ടിരുന്നിട്ടുണ്ട്. ആ വഴിക്ക് ആറിനക്കരയിലെ വീട്ടുകാരത്രയും  അവരറിയാതെ തന്നെ ഞങ്ങള്‍ അടുത്തറിഞ്ഞവരുമായി. ഇക്കരെ കാടുപടപ്പുകള്‍ക്കിടയില്‍ കുത്തിയിരിക്കുന്ന ഞങ്ങളെ  അവര്‍ക്കത്ര കാണാന്‍ കഴിഞ്ഞിട്ടില്ലായിരുന്നെങ്കിലും ഞങ്ങളുടെ കണ്ണുകളും കാതുകളും ഏറുചൂണ്ടകള്‍ പോലെ അവരുടെ വീടുകളിലെ കാഴ്ചകളും കേള്‍വികളും അക്കരെച്ചെന്ന്  അപ്പപ്പോള്‍ പിടിച്ചെടുത്തിരുന്നല്ലോ. സ്വന്തം വീടുകളും അവരുടെയൊക്കെ വീടുകള്‍ പോലെ ആറ്റുതീരത്തായിരുന്നെങ്കില്‍ ജീവിതം, യഥാര്‍ത്ഥത്തില്‍ വന്നു ഭവിച്ചതിലൊക്കെ എത്രയേറെ  മനോഹരമായിരുന്നേനെ എന്നൊരു സങ്കടവിചാരം ആ ആറ്റുതിട്ടകളിലിരുന്ന് ഞാനും പരമേശ്വരനും പലവട്ടം പങ്ക് വച്ചിട്ടുമുണ്ട് .

എന്റെ കാര്യത്തില്‍ ആ മീന്‍പിടുത്ത ജ്വരം കുറെയൊക്കെ കുടുംബപാരമ്പര്യം കൂടിയായിരുന്നു. അപ്പനും വല്യപ്പനുമൊക്കെ നാട്ടിലെ കേള്‍വി കേട്ട മീന്‍പിടുത്തസംഘങ്ങളിലെ അംഗങ്ങളായിരുന്നു.  എനിക്കോര്‍മ്മയുള്ള കാലത്ത് അവര്‍ പക്ഷെ, ഏറുചൂണ്ടകളും ഒപ്പം ചൂടാക്കി  കുഴച്ചുരുട്ടിയ മാവുമൊക്കെക്കൊണ്ട്  വള്ളത്തില്‍ കയറിപ്പോയി അതിലിരുന്ന്  കയങ്ങളില്‍ നിന്ന് കൊഞ്ചിനെ പിടിക്കുകയും വെള്ളപ്പൊക്കത്തില്‍  വല വീശിയും കൂടിട്ടുമൊക്കെ നാട് നീളെ നടക്കുകയും ചെയ്യുന്ന മീന്‍പിടുത്തത്തിലെ ഉന്നതബിരുദധാരികളായിക്കഴിഞ്ഞിരുന്നു. അക്കാലത്ത്  തറവാടുവീടിന്റെ പുറകിലായി സാമാന്യം വലിപ്പമുള്ള ഒരു മീന്‍കുളവുമുണ്ടായിരുന്നു.എ ല്ലാ വര്‍ഷകാലത്തും  ആറ് കവിയുമ്പോള്‍  കുറെ മീനുകള്‍ അതില്‍ വന്ന് പെട്ടു കൊണ്ടിരുന്നു. അവിടെ നിന്ന് ഒരു വിളിപ്പാടകലം മാത്രമുള്ള  കൈതക്കാട് കടവില്‍ വല വീശിക്കിട്ടുന്ന മീനുകളില്‍ വലിപ്പം കുറഞ്ഞവയെ വല്യപ്പച്ചന്‍ ആ കുളത്തിലേക്ക് എറിഞ്ഞു കളയുകയും ചെയ്തിരുന്നു. 'എന്തിനാണപ്പച്ചാ അതിനെയെല്ലാം  അങ്ങനെ കളയുന്നത്?' എന്ന് ഞാനൊരിക്കല്‍ ചോദിച്ചപ്പോള്‍ 'അതൊക്കെ കുഞ്ഞുങ്ങളല്ലേടാ കൊച്ചേ ...കൊറെക്കാലം കൂടെ ജീവിച്ചോട്ടെന്ന് വച്ചാഴ അല്ലേലും വല്ലപ്പഴുമൊക്കെ ഒരു പുണ്യപ്രവര്‍ത്തി ചെയ്യുകേം വേണ്ടേടാ' എന്ന് ചോദിച്ചത് അന്ന് ഞാന്‍ വിശ്വസിച്ചു പോയെങ്കിലും ആ ചെറുതുകള്‍  അവിടെവിടെക്കിടന്ന് വളര്‍ന്ന് വലുതായിക്കഴിഞ്ഞ് എളുപ്പത്തില്‍ പിടിച്ചു തിന്നാനുള്ള അടവായിരുന്നു വല്യപ്പച്ചന്‍േറത് എന്ന്  വലുതായപ്പോള്‍   മനസ്സിലാക്കുകയും ചെയ്തു. അതും പാരമ്പര്യസിദ്ധി കൊണ്ടുണ്ടായ തിരിച്ചറിവ് തന്നെയായിരിക്കാനാണ് വഴി. ഇന്നിപ്പോള്‍  വള്ളങ്ങളും വലകളുമൊക്കെ ഒന്നിനൊന്നിന് ഇല്ലാതായിക്കൊണ്ടിരിക്കുകയും ആറ്റുതീരവീടുകളിലേക്കായാലും അന്യര്‍ക്ക് പ്രവേശനമില്ലാതാകുകയുമൊക്കെ ചെയ്തതോടെ ആ കുടുംബ പാരമ്പര്യമൊക്കെ  അപ്പാടെ അന്യം നിന്ന് പോയെന്ന് മാത്രം.

പരമേശ്വരന്റെ  കാര്യം നേരെ  മറിച്ചായിരുന്നു. അവന് മീന്‍ വീട്ടില്‍ കയറ്റാത്ത കുടുംബപാരമ്പര്യമാണ് ഉണ്ടായിരുന്നത്. എന്നിട്ട് പോലും ബാല്യകാലത്തിന്റ  നല്ലൊരു പങ്ക് സമയം അവനും മീന്‍പിടുത്തത്തിന് വേണ്ടി ചിലവഴിച്ചെന്നോര്‍ക്കുക. മീന്‍ തിന്നാത്തവര്‍ക്കും മീന്‍പിടുത്തത്തോട് അത്ര  മാത്രം ഭ്രമം തോന്നണമെങ്കില്‍ അത് കുടുംബപാരമ്പര്യം ഒന്ന് കൊണ്ട് മാത്രമായിരിക്കില്ലല്ലോ. മനുഷ്യകുലത്തിന്റ തന്നെ പാരമ്പര്യം അതായതു കൊണ്ടല്ലേ? തിന്നാനല്ലാതെ തന്നെ സ്വവര്‍ഗ്ഗത്തെ കൂട്ടത്തോടെ കൊന്ന് കളയുന്നതിലും  വംശീയതയുടെ പേരില്‍ കൊല്ലാക്കൊല ചെയ്യുന്നതിലുമൊക്കെ ആനന്ദം കണ്ടെത്തുന്ന  ജീവിവര്‍ഗവും മനുഷ്യനൊന്ന്  മാത്രമാണല്ലോ. ഇന്നിപ്പോള്‍ മീന്‍പിടുത്തമൊക്കെ കുറഞ്ഞ് പോയത് കൊണ്ട് തന്നെയാകാം മനുഷ്യന്‍ മനുഷ്യന്റെ മേല്‍ കൂടുതല്‍ കുതിര കയറിത്തുടങ്ങിയിരിക്കുന്നതും.

അവന്റെ വീട്ടില്‍ മീന്‍ കൂട്ടുകയില്ലായിരുന്നെങ്കില്‍ പിന്നെ പരമേശ്വരന്‍ പിടിച്ച മീനൊക്കെ എനിക്ക് തരികയാണോ ചെയ്തിരുന്നതെന്നോ? അതെ. അതങ്ങനെ തന്നെ ആയിരുന്നു. പക്ഷെ  അങ്ങനെ പറയാന്‍മാത്രം മീനുകളെയൊന്നും ഞങ്ങള്‍ക്ക് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുള്ളതാണ്  യാഥാര്‍ഥ്യം. ഞങ്ങള്‍ ഇരയായി കോര്‍ത്തിട്ടിരുന്ന ഞാഞ്ഞൂല്‍ കഷണങ്ങള്‍ ഒട്ടു മിക്ക മീനുകള്‍ക്കും ഇഷ്ടമല്ലാഞ്ഞതാണ് പ്രധാന കാരണം. എന്റെയും അവന്റെയും അമ്മമാര്‍ ഒരു പോലെ  ഞങ്ങളുടെ മീന്‍പിടുത്തജ്വരത്തിന് എതിര്‍ നിന്നിരുന്നത് മറ്റൊരു കാരണം. അപ്പന്റെ കയ്യില്‍  കൊടുത്തയച്ചിരുന്നത് പോലുള്ള സംസ്‌കരിച്ച  തീറ്റ സാധനങ്ങള്‍ ഞങ്ങള്‍ കെഞ്ചിയാല്‍ പോലും അവര്‍ ഒരിക്കലും തന്നയച്ചിരുന്നില്ല . 'ഇവിടെ മനുഷ്യന്‍ പട്ടിണി കെടക്കുമ്പഴാ വെറുതെ  മീനിന് കൊണ്ടെ തീറ്റ കൊടുക്കാന്‍ നടക്കുന്നെ' എന്നൊക്കെപ്പറഞ്ഞ് ശകാരിക്കുമായിരുന്നു താനും. അത് കൊണ്ട് എന്നും ഞാഞ്ഞൂലുകളെ മുറിച്ച് കോര്‍ത്ത് മാത്രം ചൂണ്ടയിട്ട ഞങ്ങള്‍ക്ക് സാധാരണഗതിയില്‍  പിടിക്കാന്‍  സാധിച്ചിരുന്നത് വല്ല പള്ളത്തിയോ പരലോ അറഞ്ഞിലോ  കല്ലടമുട്ടിയോ ഒക്കെ മാത്രമായിരുന്നു. അതില്‍ പരമേശ്വരന്‍ പിടി കൂടിയതിനെയൊക്ക എനിക്ക് വച്ച് നീട്ടിയപ്പോഴെല്ലാം  മനസ്സില്ലാമനസ്സോടെയാണ് ഞാന്‍ കൈപ്പറ്റിയിട്ടുള്ളത്. അവന് പിണക്കം തോന്നരുതല്ലോ എന്ന് വിചാരിച്ചു മാത്രമെന്ന് തന്നെ പറയാം. അവനവന്‍ പിടിക്കുന്ന മീനുമായി  വീട്ടിലേക്കോടുന്നതിന്റെ ആഹ്ലാദത്തിന്റെ നൂറിലൊന്ന്  പോലും വേറൊരാള്‍ പിടിച്ച മീനുമായി വീട്ടിലേക്ക് പോകുമ്പോള്‍   ഉണ്ടാവില്ലെന്ന് ഒരിക്കലെങ്കിലും കൂട്ട് കൂടി മീന്‍ പിടിക്കാന്‍ പോയിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല . 

അങ്ങനെയിരിക്കെ  ഒരു  ഭാഗ്യം കെട്ട കൊഞ്ചോ വരാലോ ഒക്കെ  അവന്റെ ചൂണ്ടയില്‍ കുരുങ്ങിയിട്ടുള്ളപ്പോളാവട്ടെ അതൊന്നും അവനെനിക്ക് തന്നതുമില്ല. 'ഇതിനെ ഞങ്ങടെ പൂച്ചയ്ക്ക് വല്യ ഇഷ്ടമാ' എന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു പതിവ് .

 

..............................................................................

ഞാഞ്ഞൂലുകളെ മുറിച്ച് കോര്‍ത്ത് മാത്രം ചൂണ്ടയിട്ട ഞങ്ങള്‍ക്ക് സാധാരണഗതിയില്‍  പിടിക്കാന്‍  സാധിച്ചിരുന്നത് വല്ല പള്ളത്തിയോ പരലോ അറഞ്ഞിലോ  കല്ലടമുട്ടിയോ ഒക്കെ മാത്രമായിരുന്നു.

Literature Festival  malayalam short story by Aymanam John

Photo: Sasin Tipchai/Pixabay 

 

അനുഭവം അങ്ങനെയൊക്കെ ആയിരുന്നെങ്കിലും മീന്‍പിടുത്തത്തിലെ ഞങ്ങളുടെ അത്യാഗ്രഹത്തിന് ഒട്ടും കുറവുമില്ലായിരുന്നു. കൊഞ്ചുകള്‍, വരാലുകള്‍, കൂരികള്‍ തുടങ്ങിയ വമ്പന്‍ മീനുകളുടെ ഒളിത്താവളമായിരുന്ന കരുവേലിക്കടവിലെ പരുത്തിക്കാട്ടിലായിരുന്നു ഒട്ടു മിക്കപ്പോഴും ഞങ്ങളുടെ മീന്‍പിടുത്തയജ്ഞങ്ങള്‍. അവിടെ  ആറ്റിലേക്ക് ചാഞ്ഞ് വീണ് കിടന്ന പരുത്തിമരങ്ങളുടെയും ഒപ്പത്തിനൊപ്പം ചേര്‍ന്ന്  വളര്‍ന്ന  ഒരു പൂവരശിന്റെയും ബലമുള്ള കൊമ്പുകള്‍ക്ക് മുകളില്‍ പുഴയുടെ പുറത്ത് കയറിയെന്നപോലെ  ഇരിക്കുവാനുള്ള അപൂര്‍വ്വ  സൗകര്യവുമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ചാഞ്ഞടിഞ്ഞു വീണ് കിടന്ന ഇലച്ചാര്‍ത്തുകള്‍ തട്ടി മാറ്റി പുഴയങ്ങനെ പാട്ട് പാടി ഒഴുകിപ്പോകുന്നത് കണ്ടും കേട്ടുമിരിക്കുന്നതും നല്ല  രസമായിരുന്നു.  ആ മരക്കൂട്ടങ്ങളുടെ ഇടയിലൂടെ ആറ് അല്‍പ്പം കരയിലേക്ക്  തള്ളിക്കയറിക്കിടന്നിടം ഒഴുക്കില്ലാതെ നിശ്ചലമായും  കിടന്നു. അടിത്തട്ടോളം തെളിഞ്ഞു കാണാമായിരുന്ന ഒരു സ്വസ്ഥ നിശ്ചലജലമേഖല. അതായിരുന്നു വന്‍മത്സ്യങ്ങളുടെ വിശ്രമസ്ഥാനം. അവിടെ വനത്തില്‍ സിംഹങ്ങളെന്ന പോലെ കൊഞ്ചുകള്‍ വലിയ ഗര്‍വോടെ  ചുറ്റും കണ്ണോടിച്ച് പതിയെപ്പതിയെ തുഴഞ്ഞു നടന്നു. മുഴുത്ത  വരാലുകളാകട്ടെ കാട്ടാനക്കൂട്ടത്തിന്റെ മട്ടില്‍ ,ചുവന്ന കുഞ്ഞു പാര്‍പ്പുകളെ  എപ്പോഴു കൂടെക്കൂട്ടി  സംരക്ഷിച്ചു കൊണ്ടും നടന്നു. സാധുക്കളായ  പരലുകളും പള്ളത്തികളുമാകട്ടെ  അവര്‍ക്കിടയിലൂടെ നിത്യജീവിതവെപ്രാളങ്ങളോടെ പാഞ്ഞോടി നടന്നു. മറ്റ് കടവുകളിലേതില്‍ നിന്ന് വ്യത്യസ്തമായി മീനുകള്‍ ഓടി നടക്കുന്നതും ചൂണ്ടയ്ക്കടുത്തേക്ക് വരുന്നതുംചൂണ്ടയില്‍ കോര്‍ത്ത  ഇരയെ  കൊത്തിയോ തട്ടിയോ പരിശോധിക്കുന്നതും പിന്നെന വായിലാക്കുന്നതുമൊക്കെ ഒരക്വേറിയത്തിലെന്ന പോലെ നല്ല വണ്ണം കണ്ടു കൊണ്ടുള്ള മീന്‍പിടുത്തമായിരുന്നു കരുവേലിക്കടവിലേത് .

വരാലുകള്‍ ഒട്ടു മിക്കപ്പോഴും ഞങ്ങളുടെ ഇരകളെ തീര്‍ത്തും അവഗണിച്ചപ്പോള്‍ കൊഞ്ചുകള്‍ മുന്‍കാലുകള്‍ കൊണ്ട് കൂട്ടിപ്പിടിച്ച് അത് വായോളം കൊണ്ട് പോയിട്ട്  വായ്ക്കുള്ളിലേക്ക്  കടത്തി കടത്തിയില്ല എന്ന മട്ടില്‍ കുറെ നേരം വച്ചു കൊണ്ടിരുന്നിട്ട് ഒടുവില്‍  വിഴുങ്ങാന്‍ തയ്യാറാകാതെ തുപ്പിക്കളയുകയായിരുന്നു പതിവ്. അവയങ്ങനെ  ചൂണ്ട  മുന്‍കാലുകള്‍ കൊണ്ട് കൂട്ടിപ്പിടിക്കുന്ന ആ അനര്‍ഘനിമിഷം  നെഞ്ചില്‍  മിടിച്ച് തുടങ്ങുന്ന ആശയാകാംക്ഷകള്‍ കൊണ്ടുയരുന്ന  വീര്‍പ്പു  മുട്ടല്‍ ഞങ്ങള്‍ക്ക് മിക്കപ്പോഴും അടക്കി നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.  അതിനാല്‍ അവറ്റകള്‍ ആ മുന്‍കാലുകള്‍  വായില്‍ നിന്ന്  വിടുവിക്കും മുമ്പ് തന്നെ ഞങ്ങള്‍ പലപ്പോഴും ചൂണ്ട ആഞ്ഞ്  വലിച്ചു പോയിരുന്നു. അങ്ങനെ ഞങ്ങളുടെ ചൂണ്ടകളില്‍ കൊഞ്ചുകളുടെ ഒറ്റക്കാലുകള്‍ മാത്രം  കുരുങ്ങിയ സന്ദര്‍ഭങ്ങളേറെ. 

അത്തരം തിരിച്ചടികള്‍ ഒത്തിരി സംഭവിച്ചിട്ടും മീനുകള്‍ വെള്ളത്തിന്മേല്‍ സദാ വിരിച്ചിട്ടിട്ടുള്ള ആ   മോഹവലയില്‍ കുരുങ്ങിക്കിടന്ന ഞങ്ങളുടെ ബാല്യകാല  ജീവിതം.  ഒട്ടു മിക്ക വൈകുന്നേരങ്ങളിലും  അവധിദിവസങ്ങളുടെ നല്ലൊരു ഭാഗവും  കരുവേലിക്കടവിലെ ആ പരുത്തിക്കാട്ടിലായിരുന്നു. മീന്‍പിടുത്തത്തിലേര്‍പ്പെടുമ്പോള്‍ നമ്മള്‍ മീനുകളെ ഇരയിട്ട് കൊടുത്ത് ആശിപ്പിക്കുന്നത് പോലെ തന്നെ നമ്മുടെ ഇരകളായ മീനുകള്‍ നമ്മളെയും ആശിപ്പിച്ചു പിടിച്ചു വലിച്ച് കൊണ്ട് പോകുകയാണെന്നും  സമയത്തെ  ഒരു പുഴയായിക്കണ്ടാല്‍  ആ പുഴയുടെ  ആഴങ്ങളിലേക്കുള്ള ആ  മുങ്ങാന്‍കുഴി ഇടീലാണ് മീന്‍പിടുത്തത്തെ ലോകോത്തരനേരമ്പോക്കാക്കുന്നതെന്നുമൊക്കെ  ഇന്നെനിക്ക് പറയാന്‍ കഴിയുന്നത് കരുവേലിക്കടവുമായുണ്ടായിരുന്ന ആ നിത്യസമ്പര്‍ക്കം കൊണ്ടാണ് .

വേനലവധികളില്‍ ചിലപ്പോഴൊക്കെ പരമേശ്വരന്‍ എന്നെ വിട്ട്, വറ്റിക്കിടന്ന കുളങ്ങള്‍ തോറും തപ്പി നടന്ന്  ചേറില്‍ പുതഞ്ഞ് കിടന്ന വലിയ മീനുകളെ അനായാസം പിടിച്ചെടുത്തു കൊണ്ട് വന്നിരുന്ന മറ്റു കൂട്ടുകാര്‍ക്കൊപ്പം പോയിരുന്നപ്പോഴും ഞാന്‍  കരുവേലിക്കടവ് വിട്ടു പോയില്ല. വെള്ളത്തില്‍ നിര്‍ബാധം ഓടി നടക്കുന്ന മീനുകളെ ചൂണ്ടയെറിഞ്ഞോ വല വീശിയോ പിടിച്ച് ഭക്ഷിക്കുന്നതല്ലാതെ വെള്ളമില്ലാതെ കിടക്കുന്നിടത്ത് നിന്ന് മീനുകളെ കയ്യില്‍ എടുത്ത് കൊണ്ട് പോയി കറി വച്ച് കൂട്ടുന്നത് ഞങ്ങളുടെ കുടുംബപാരമ്പര്യത്തിന് നിരക്കാത്ത കാര്യമായാണ് ഞാന്‍ കരുതിപ്പോന്നിരുന്നത് . 
 
കൊഞ്ചുകളെപ്പറ്റി നേരത്തെ പറഞ്ഞതിന് അപവാദമായി  ഒരിക്കല്‍ മാത്രം ഒരു മഹാത്ഭുതം പോലെ സാമാന്യം വലിയ ഒരു കൊഞ്ച് എന്റെ ചൂണ്ടയില്‍ കുരുങ്ങിയിട്ടുണ്ട് .വിശന്ന് വല്ലാതായിട്ടാകണം അത് ചൂണ്ട കിടന്നിടത്തേയ്ക്ക് കണ്ണുകള്‍ ചുറ്റിച്ച് തുഴഞ്ഞ് വന്ന വഴിക്ക് തന്നെ അതെടുത്ത് ഒറ്റ വിഴുങ്ങ് വിഴുങ്ങുകയായിരുന്നു. ഉടനെ ഒറ്റ വലിക്ക്  അതിനെ കരയിലെത്തിച്ച ഞാന്‍ പരമേശ്വരന്റെ കണ്ണില്‍ പരന്ന അതിശയം അടങ്ങും മുന്‍പേ 'വെയിലേറടിച്ച് ചീയുന്നേന് മുന്‍പ് വീട്ടില്‍  കൊണ്ടെക്കൊടുത്തിട്ട് വരാം' എന്ന് പറഞ്ഞ് വീട്ടിലേക്കോടി .

അത് വരേയ്ക്കും ഞാന്‍ വളരെ  നേരം മെനക്കെട്ടിരുന്ന്  പിടിച്ചു കൊണ്ട് ചെന്നിരുന്ന  മീനുകളുടെ കോര്‍മ്പല്‍  'ഓ ..വല്യകാര്യമായിപ്പോയി വല്ലോം പോയിരുന്ന് പഠിക്കാനുള്ള നേരത്ത്' എന്നൊരു പരിഹാസവചനത്തോടെ മേടിച്ച് ചട്ടിയിലേക്ക് എറിഞ്ഞിരുന്ന അമ്മ അന്ന് വലിയ മുഖപ്രസാദത്തോടെ പെങ്ങന്മാരെ രണ്ട് പേരെയും ഉറക്കെ വിളിച്ച് എന്റെ അപൂര്‍വനേട്ടം അവരെക്കൂടി കാട്ടുകയാണുണ്ടായത്. അവരും  വല്ലാതെ അതിശയം പൂണ്ടെങ്കിലും മൂത്ത പെങ്ങള്‍ 'ഇത് നീ തന്നെ പിടിച്ചതാണോടാ, അതോ വല്ല വലക്കാരുടേം കയ്യില്‍ നിന്ന് ചൂണ്ടിയതാണോ?' എന്ന് ചോദിച്ച് ഒന്ന് കളിയാക്കുകയുമുണ്ടായി. ഇളയ പെങ്ങളും കൂടെച്ചിരിച്ചു. 

ഏതായാലും സന്ധ്യയായപ്പോള്‍ അവര്‍ മൂന്നും ചേര്‍ന്ന് വലിയ ഉത്സാഹത്തോടെ കൊഞ്ചുകറിയുണ്ടാക്കി. അതിന്റെ കൊതിപ്പിക്കുന്ന മണം വീടാകെ പരന്നു കൊണ്ടിരുന്നപ്പോഴാണ് അക്കാലം ടൗണില്‍ കോളേജ്  പഠനത്തിലായിരുന്ന അമ്മാച്ചന്‍ ടൗണിലെ കറക്കമൊക്കെ  കഴിഞ്ഞ് അമ്മവീട്ടിലേക്കുള്ള ഒടുവിലത്തെ ബസ്സ് കിട്ടാതെ വരുമ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് ഇടയ്‌ക്കൊക്കെ വരാറുണ്ടായിരുന്ന ആ വരവ്  വന്നത്. 'ജോണിക്കൊച്ച്  ചൂണ്ടയിട്ട് പിടിച്ചോണ്ട്  വന്നതാ' എന്നൊരു മുഖവുരയോടെ രാത്രിയൂണിന് കൊഞ്ചിന്റെ കൊള്ളാവുന്ന കഷണങ്ങള്‍ വിളമ്പി  അമ്മ അമ്മാച്ചനെ സല്‍ക്കരിച്ചു. ഞാനും അപ്പനും ശേഷിച്ച കഷണങ്ങള്‍ കൊണ്ട് തൃപ്തരായി. പെങ്ങന്മാര്‍ക്കും അമ്മയ്ക്കും ഒന്നും ബാക്കിയില്ലായിരുന്നെന്ന് വന്നപ്പോള്‍ 'കണ്ടില്ലേ എന്നെ കളിയാക്കിയേന്റെ  ഫലം കിട്ടിയല്ലോ' എന്ന് പറഞ്ഞ് ഞാനവരെ തിരിച്ച് പരിഹസിച്ചുവെങ്കിലും അവര്‍ക്കതിന്റെ പങ്ക് കിട്ടാതെ വന്നതില്‍ എനിക്ക്  സങ്കടം തോന്നിയിരുന്നു. അങ്ങനെ ഒരല്‍പം  സങ്കടമുണ്ടായെങ്കിലും അതിലേറെ ചാരിതാര്‍ഥ്യം അനുഭവപ്പെട്ട സംഭവമായത്.

 

..............................................................................

അത്തരം തിരിച്ചടികള്‍ ഒത്തിരി സംഭവിച്ചിട്ടും മീനുകള്‍ വെള്ളത്തിന്മേല്‍ സദാ വിരിച്ചിട്ടിട്ടുള്ള ആ   മോഹവലയില്‍ കുരുങ്ങിക്കിടന്ന ഞങ്ങളുടെ ബാല്യകാല  ജീവിതം.

Literature Festival  malayalam short story by Aymanam John

Photo: Анна Куликова/ Pixabay

 

അന്നൊക്കെ ജീവിതം വഴി തിരിയാറുള്ളത് പത്താം ക്ലാസ് പ്രായമടുക്കുമ്പോഴായിരുന്നല്ലോ. ഏതാണ്ടതേ പ്രായത്തില്‍ അപ്പനും എന്റെ പഠനകാര്യത്തില്‍ പെട്ടെന്ന് താല്‍പര്യമെടുത്ത്  തുടങ്ങി. അതോടെ  മീന്‍പിടുത്ത രംഗത്ത് കാര്യങ്ങള്‍ തകിടം മറിഞ്ഞു. നേരമിരുട്ടിയാലും  ചൂണ്ടയിടീല്‍ തുടരുന്ന ദിവസങ്ങളില്‍ അപ്പന്റെ വടി  എന്നെത്തേടി ആറ്റുതീരങ്ങളിലേക്ക് വരാന്‍ തുടങ്ങി. പട്ടാളക്കാരനായിരുന്ന പരമേശ്വരന്റെ അച്ഛനും  അക്കൊല്ലം അവധിക്ക് വന്നപ്പോള്‍ പത്തില്‍ തോറ്റാല്‍  പഠിത്തം നിര്‍ത്തി ശിഷ്ടജീവിതം മീനെ പിടിച്ച് കഴിഞ്ഞു കൂടിക്കൊള്ളണമെന്ന്  അവന് മുന്നറിയിപ്പ് കൊടുത്തിട്ടാണ് മടങ്ങിപ്പോയിരുന്നത്. ആ വിപര്യങ്ങളെത്തുടര്‍ന്ന്  ഞങ്ങളുടെ ആ  മീന്‍പിടുത്തക്കാലം അതിന്റെ  പര്യവസാനം കണ്ടു തുടങ്ങി. ഒമ്പതാം ക്ലാസ്സ് കഴിഞ്ഞുള്ള വേനലവധിക്കാലമായപ്പോഴേക്ക് ഞങ്ങളുടെ ആറ്റുകടവുകളിലേക്കുള്ള മീന്‍പിടുത്ത സഞ്ചാരങ്ങള്‍ ഏറെക്കുറെ ഒടുങ്ങിക്കഴിഞ്ഞിരുന്നു.

അതെ വേനലവധിക്കാലത്ത്  മീന്‍പിടുത്തത്തിലെ ഞങ്ങളുടെ കുടുംബപാരമ്പര്യത്തിലും വലിയൊരു  വഴിത്തിരിവുണ്ടായി. തറവാട്ടില്‍ വല്യപ്പച്ചന്‍ പ്രായാധിക്യത്താല്‍ തീര്‍ത്തും അവശനായി കിടപ്പിലായി. യൗവനത്തിലേ  വിധവയായിപ്പോയ അപ്പന്‍പെങ്ങള്‍ മാത്രമായിരുന്നു പരിചരിക്കാന്‍ കൂടെയുണ്ടായിരുന്നത്. ആ സാഹചര്യത്തിലാണ് 'നിനക്കേതായാലും അവധിയല്ലേ. കൊറേ ദിവസം അവിടെപ്പോയി നിക്ക്. കൊച്ചമ്മയ്‌ക്കൊരു തുണയാകട്ടെ' എന്ന് പറഞ്ഞ് അപ്പന്‍ എന്നെ തറവാട്ടില്‍ പോയി താമസിക്കാന്‍ വിട്ടത്. ഇരു വീടുകളും തമ്മില്‍ ഒന്നു രണ്ട് കരപ്പാടങ്ങളുടെയത്ര മാത്രം അകലമേ ഉണ്ടായിരുന്നുള്ളുവെങ്കിലും പെട്ടെന്നൊരാവശ്യം വന്നാല്‍ ഓടി വന്ന് പറയാന്‍ അവിടെയാരിരിക്കുന്നു എന്നതായിരുന്നു അപ്പനുണ്ടായിരുന്ന ഉത്കണ്ഠ. 'അതല്ലേലും അങ്ങനെ തന്നെ വേണ്ടതാ. പാവം കൊച്ചമ്മ ഒറ്റയ്ക്ക് ... നാട്ടുകാരാണെങ്കിലും എന്നാ വിചാരിക്കും' എന്ന് പറഞ്ഞ് അമ്മയും ആ തീരുമാനത്തെ പിന്‍താങ്ങി. 'അവിടെയാകുമ്പോള്‍ നിനക്ക് ഞങ്ങടെയാരെടേം ശല്യമൊമെന്നുമില്ലാതെ ഇരുന്ന് പഠിക്കാനും പറ്റുമല്ലോ; ഇപ്പഴേ പഠിച്ചു  തൊടങ്ങിക്കോ' എന്ന്  ഗുണദോഷിച്ച് പെങ്ങന്മാരും അവര്‍ പഠിച്ചുപേക്ഷിച്ച  പത്താം ക്ലാസ്സ് പാഠപുസ്തകങ്ങള്‍ ഒരു കെട്ടാക്കിത്തന്നു വിട്ടു. അങ്ങനെ ഒരേ മനസ്സോടെയാണ് അവരെന്നെ യാത്രയയച്ചത് . 

പുസ്തകക്കെട്ട് തറവാട്ടിലെ തടിപ്പെട്ടിയില്‍ അങ്ങനെ തന്നെ വച്ചിട്ട്  വല്യപ്പച്ചന്‍ ഉപയോഗിച്ചിരുന്ന ചൂണ്ടയുമായി  അവിടുത്തെ മീന്‍കുളത്തിന് വട്ടമിട്ട് നടക്കാനുള്ള  അവസരങ്ങള്‍ എനിക്കങ്ങനെ യദൃച്ഛയാ കൈവന്നു. അതിനകത്ത് കിടന്ന പരലുകളും പള്ളത്തികളുമൊക്കെ പട്ടിണിക്കാരായിരുന്നത് കൊണ്ടാകാം ചൂണ്ടയിടാത്ത താമസം അതില്‍ വന്ന്  കുടുങ്ങിക്കൊണ്ട്  മതിയായ  പ്രോത്സാഹനവും തന്നു. സ്‌നേഹമയിയായിരുന്ന അപ്പന്‍പെങ്ങള്‍  വലിയ സന്തോഷത്തൊടെയാണ്  മീന്‍കോര്‍മ്പല്‍ വാങ്ങിയിരുന്നതും പാകപ്പെടുത്തിയ മീന്‍വിഭവങ്ങളുടെ നല്ല പങ്കും എന്നെത്തന്നെ  തീറ്റിയിരുന്നതും. അങ്ങനെ പോകെയാണ് മീന്‍കുളത്തില്‍ ചെറുമീനുകള്‍ മാത്രമല്ല എപ്പോഴും ഒന്നിച്ചു നടന്നിരുന്ന ഭീമന്മാരായ മൂന്ന് വരാലുകളുമുണ്ടെന്ന്  ഞാന്‍ കണ്ടു പിടിച്ചത്. വല്യപ്പച്ചന്‍ വലുതാകാന്‍ ഇട്ട് വലുതാക്കിയ മീനുകളുടെ അവസാനതലമുറയില്‍ പെട്ടവരാണതെന്ന്  എനിക്കെളുപ്പം മനസ്സിലാക്കാനും  കഴിഞ്ഞു. അതോടെ അവറ്റകളെ  എങ്ങനെയെങ്കിലും പിടി കൂടി അപ്പന്‍പെങ്ങളെക്കൊണ്ട് കറി വയ്പ്പിച്ച് വല്യപ്പച്ചന് കൂട്ടാന്‍ കൊടുക്കണമെന്നുള്ള കലശലായ മോഹവും എനിക്കുണ്ടായി. വെള്ളപ്പരപ്പിന് മുകളിലേക്ക് പൊങ്ങി വന്ന നേരത്ത് അവറ്റകളെ വിളിച്ച് കാണിച്ചതോടെ അപ്പ ന്‍പെങ്ങള്‍ക്കും വലിയ ഉത്സാഹമായി . 

അതിനിടെ വല്യപ്പച്ചന് കുറച്ചൊരാക്കം കിട്ടിയ ഒരു ദിവസം ഞാന്‍ അടുത്ത് ചെന്ന് കുളത്തില്‍ മുട്ടന്‍ മൂന്ന് വരാലുകളുണ്ടെന്നുള്ള കാര്യം അപ്പച്ചനെ വളരെ  പണിപ്പെട്ട് പറഞ്ഞ് മനസ്സിലാക്കി. എന്നിട്ട് 'ഞാന്‍ പിടിച്ചോണ്ട് വരട്ടെ, അപ്പച്ചന് കറി  വച്ച് തരാന്‍?' എന്ന് കൂടി  ചോദിച്ചപ്പോള്‍ അപ്പച്ചന്‍ ക്ലേശിച്ച് ചിരിച്ചു കൊണ്ട് പതുക്കെ തലയാട്ടി. എനിക്കാ തലയാട്ടല്‍ അനല്പമായ ആഹ്ലാദവും പ്രോത്സാഹനവും  തന്നു .

അതേത്തുടര്‍ന്ന്  എന്റെയറിവില്‍ പെട്ടിടത്തോളമുള്ള  വരാലുകളുടെ പ്രിയ ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം അപ്പന്‍പെങ്ങള്‍ എനിക്ക് തയ്യാറാക്കിത്തന്നു കൊണ്ടിരുന്നു. എന്നാല്‍ വിധിവൈപരീത്യം എന്നല്ലാതൊന്നും പറയാനില്ല- അതെല്ലാം തന്നെ മാറിമാറി കോര്‍ത്തിട്ട് വശീകരിക്കാന്‍ നോക്കിയെങ്കിലും ഒന്നിന്റെ നേര്‍ക്ക് പോലും അടുക്കാതെ ആ അഹങ്കാരികള്‍ മാറി മാറി നടന്നതേയുള്ളൂ. ഞങ്ങളുടെ കുടുംബപാരമ്പര്യമറിയാവുന്ന വലിയ ബുദ്ധിശാലികളാണെന്ന മട്ടില്‍. എന്നിട്ടും ഞാന്‍ നിരാശനായിരുന്നില്ല. മീന്‍പിടുത്തക്കാര്‍ക്ക് സഹജമായ പ്രത്യാശകളോടെ ഞാന്‍ എന്റെ ശ്രമം തുടര്‍ന്നു കൊണ്ടിരുന്നു.
  
വേനല്‍ കടുത്തപ്പോള്‍ ദിവസം ചെല്ലും തോറും  കുളത്തിലെ വെള്ളം കുറഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. അതിനതിന് എന്റെ പ്രതീക്ഷയുമേറി വന്നു. ഉള്ളത്ര  വെള്ളത്തില്‍ നിന്ന് കിട്ടുന്ന തീറ്റകള്‍ മതിയാകാതെ വരുമ്പോഴെങ്കിലും അവറ്റകള്‍ക്ക്  ഞാനിട്ട് കൊടുക്കുന്ന പ്രിയ ഭക്ഷണം തിരസ്‌കരിക്കാന്‍ തോന്നില്ലല്ലോ എന്നൊരു കണക്കുകൂട്ടലായിരുന്നു എന്റേത്.

..............................................................................

വെള്ളം മെല്ലെ മെല്ലെ നുണഞ്ഞ്, വല്യപ്പച്ചന്‍ സാവകാശം മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

Literature Festival  malayalam short story by Aymanam John

Photo: Wokandapix from Pixabay

 

ആ ഒരു ഘട്ടത്തിലായിരുന്നു വല്യപ്പച്ചന്റെ വല്ലായ്മകള്‍ വല്ലാതെ വര്‍ധിച്ചു തുടങ്ങിയത്. ഭക്ഷണത്തോടുള്ള താല്‍പ്പര്യവും തീരെക്കുറഞ്ഞു പോയി. അപ്പനും അനിയന്മാരും കൂടെക്കൂടെ വന്നന്വേഷിക്കുകയും ഓരോരുത്തരായി മൂന്നു നാല്  വട്ടം ഗോപാലന്‍ വൈദ്യരെയും കൂട്ടി  വരികയും ചെയ്തു. അതൊക്കെക്കഴിഞ്ഞ് ഒരു വൈകുന്നേരം മൂന്ന് പേരും ചേര്‍ന്ന് പള്ളീലച്ചനെ കൂട്ടിക്കൊണ്ട് വന്ന് അന്ത്യ കുര്‍ബാനയും കൊടുപ്പിച്ചു. അതിന്റെ പിറ്റേ രാത്രി വല്യപ്പച്ചന്റെ ശ്വാസഗതിയുടെ താളം  തെറ്റി. നേരം വെളുത്ത്  അയല്‍പക്കക്കക്കാരൊക്കെ അപ്പച്ചനെ ചുറ്റും നോക്കി നില്‍ക്കവേ എന്നെ വിളിച്ചുണര്‍ത്തിയ അപ്പന്‍ പെങ്ങള്‍  തോളത്ത് കൈവച്ച് കെട്ടിപ്പിടിച്ച് അടുക്കളയിലേക്ക് നടത്തിക്കൊണ്ടു പോയിട്ട് 'അപ്പച്ചന്‍  പോകാറായെടാ മോനെ ..നീ ഓടിപ്പോയി അപ്പനെ കൂട്ടിക്കൊണ്ടു വാ' എന്ന് ഗദ്ഗദത്തോടെ പറഞ്ഞിട്ട് കൂടെക്കൂടെ കുരിശു വരച്ച് ഏങ്ങിക്കരയാന്‍ തുടങ്ങി. ഞാന്‍ പാടവരമ്പുകളിലൂടെ ഝടുതിയില്‍ ഓടിച്ചെന്ന് അപ്പനെ കൂട്ടിക്കൊണ്ട് മടങ്ങിയെത്തി. അപ്പോഴേക്ക് വല്യപ്പച്ചന്‍  ശ്വസിക്കാന്‍ ശ്രമപ്പെട്ട് നെഞ്ച് അതിശക്തിയായി ഉയര്‍ത്താനും താഴ്ത്താനും തുടങ്ങിയിരുന്നു. ഏറെ നേരം അത് കണ്ടു നില്‍ക്കാന്‍ ത്രാണിയില്ലാതെയാണ്    ഞാന്‍ പതുക്കെ മുറി വിട്ട് പുറത്തിറങ്ങി മുറ്റത്ത് കൂടി പിന്നാമ്പുറത്തേക്ക് പോയത്. എന്താണ് ചെയ്യേണ്ടത് എന്നൊരു ചിന്താക്കുഴപ്പത്തോടെ അല്‍പ്പം നിന്ന് പോയ എനിക്ക് പെട്ടെന്നാ വരാലുകളെ പോയൊന്ന് കാണുന്നത് മനോവിഷമം  മാറ്റുവാനുള്ള എളുപ്പ മാര്‍ഗ്ഗമായി തോന്നി. അപ്പച്ചന്റെ അവസ്ഥ ഗുരുതരമായപ്പോള്‍ മുതല്‍ ഞാന്‍ ഏതാണ്ട് മറന്ന് കിടന്നിരുന്ന ആ മീന്‍കുളത്തിന്റെ കരയിലേക്ക് ഞാന്‍ കുറെ ദിവസം കൂടി  പോകാനിട വന്നത് അങ്ങനെയാണ്. കുളത്തിന്റെ വക്കിലെത്തിയതും  ,അദ്ഭുതം, കുളത്തിലെ വെള്ളം തീര്‍ത്തും വറ്റിയിട്ട് മേല്‍പ്പരപ്പിലെ നനവ് മാത്രം  അവശേഷിച്ചിരുന്നതായി കണ്ടു. അതിനടിയില്‍ ചേറില്‍ പുതഞ്ഞ് കിടന്ന് കൊണ്ട് ആ മൂന്ന് വരാലുകളും ശ്വാസം  കിട്ടാതെ പിടയുകയുമായിരുന്നു. ഇടയ്ക്കിടെ പിടയ്ക്കല്‍ നിര്‍ത്തി  അനക്കമറ്റ് കിടന്ന് വയര്‍ വലുതായി വീര്‍പ്പിക്കുകയും ചുരുക്കുകയും ചെയ്തു കൊണ്ടിരുന്നു. വല്യപ്പച്ചന്‍ ചെയ്തിരുന്നത് പോലെ തന്നെ!

പിന്നെ ഞാന്‍ ഒട്ടും അമാന്തിച്ചു നിന്നില്ല. പര്യമ്പുറത്തേക്ക് തിരിച്ചോടി അവിടെ തൂക്കിയിട്ടിരുന്ന വല്യപ്പച്ചന്റെ മീന്‍ കൂടകളില്‍ ഒരെണ്ണമെടുത്ത് മടങ്ങിച്ചെന്നു. പിന്നെ   കാലുകള്‍  ചെളിയില്‍ ചൂഴ്ന്ന് പോകാതിരിക്കാന്‍ വളരെ  സൂക്ഷിച്ച്  കുളത്തിലേക്കിറങ്ങി. എന്നിട്ട്  വഴുതിച്ചാടാന്‍ അനുവദിക്കാത്തവണ്ണം വരാലുകള്‍ ഓരോന്നിന്റെയും കഴുത്തുഭാഗത്ത് പിടി മുറുക്കി മൂന്നിനേയും കൂടയിലാക്കി. അതിവേഗം കുളക്കരയിലേക്ക് തിരികെ വലിഞ്ഞു  കയറിയ ഞാന്‍  അവിടെ നിന്ന്  കൈതക്കാട് കടവിലേക്ക് പാഞ്ഞോടിപ്പോയി ആറ്റുതിട്ടയില്‍ ആയമെടുത്ത് നിന്ന് കൊണ്ട് കൂടയില്‍ നിന്ന് വരാലുകള്‍ ഓരോന്നിനെയായി, പൊക്കിയെടുത്ത് പിടി വിട്ട് പോകാതെ കഴുത്തില്‍ മുറുകെപ്പിടിച്ചിട്ട്  നീരൊഴുക്കിലേക്ക് നീട്ടിയെറിഞ്ഞു. 

'എന്റെ മീന്‍പിടുത്ത ജീവിതത്തിലെ ഏറ്റവും വലിയ പുണ്യപ്രവര്‍ത്തി!'- ക്ഷണനേരം കൊണ്ട് ഒഴുക്കിലൂടെ ഉത്സാഹത്തോടെ നീന്തിയകന്ന വരാലുകളെ ഒടുവിലായി ഒരു നോക്ക് കൂടി നോക്കി നില്‍ക്കെ ഞാന്‍ പെട്ടെന്ന് വിചാരിച്ചു. 

അതിന് ശേഷം ഒരൊറ്റയോട്ടമോടി തറവാട്ടു മുറ്റത്ത്  തിരിച്ചെത്തിയ ഞാന്‍ അത്യന്തം മന:സമാധാനത്തോടെ നടക്കല്ല് നടന്ന് കയറിയിട്ട്  വല്യപ്പച്ചനെ  ചുറ്റി  നിന്നവര്‍ക്കിടയിലൂടെ അപ്പച്ചന്റെയടുത്തേക്ക് ഒരു വിധം നൂണ്ട് കയറിച്ചെല്ലുമ്പോള്‍- അപ്പനും അനിയന്മാര്‍ രണ്ട് പേരും അപ്പന്‍പെങ്ങളും ഊഴം വച്ച്, ഒരു കൊച്ചു കോപ്പയില്‍ നിന്ന് വിരല്‍ മുക്കിയെടുത്ത് തുള്ളികളായി നാവില്‍ തൊട്ട് തൊട്ട്  കൊടുത്തു  കൊണ്ടിരുന്ന വെള്ളം മെല്ലെ മെല്ലെ നുണഞ്ഞ്, വല്യപ്പച്ചന്‍ സാവകാശം മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios