ചന്ദ്രോത്സവം എന്ന കൃതി, മേദിനീ വെണ്ണിലാവ് എന്ന സ്ത്രീ നടത്തിയ ഉത്സവം വിവരിക്കുന്ന കാവ്യമാണ്.  ഒരിക്കല്‍ പ്രണയികളായ ഗന്ധര്‍വനും കിന്നരിയും ഒരുമിച്ചിരിക്കുമ്പോഴുണ്ടായ പരിമളത്തിന്റെ കാരണമന്വേഷിച്ചു പോയ ഗന്ധര്‍വന്‍ അതുണ്ടായ സ്ഥലം തൃശൂരാണെന്നും അവിടെ നടന്നതെല്ലാം പ്രണയിനിയോട് വിവരിക്കുന്നതുമായാണ് കാവ്യരചന.

 

 

ഏകദേശം അഞ്ഞുറു വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശൂരിനടുത്തുള്ള ഒരു കവിയെ സങ്കല്‍പിക്കുക. എനിക്ക് അയാളെ കാണാനാവും. നിങ്ങള്‍ക്കോ ?

വെറുതെ കണ്ണടച്ച്, അയാളൊരു കവിത എഴുതാന്‍ പോവുന്നതായി. സങ്കല്‍പിക്കുക. അയാള്‍ക്ക് ഒരു സുന്ദരിയും സമ്പന്നയും ബുദ്ധിമതിയുമായ സ്ത്രീയെക്കുറിച്ചാണ് കവിതയെഴുതാനുള്ളത്. അന്നത്തെ മുറപ്രകാരം അദ്ദേഹം ദൈവങ്ങളേയും മുന്‍കാല കവികളെയും ഒക്കെ വന്ദിക്കുന്നു. വളരെ ശ്രദ്ധിക്കേണ്ട കാര്യം, ഇദ്ദേഹം തന്നെ 'കാക്ക'യെ പോലെ കരുതുന്നു എന്നതാണ്. ചുറ്റും മധുരോദാരമായി കുയിലുകള്‍ പാടുന്നുണ്ടെന്നു കരുതി കാക്ക മൗനം ഭജിക്കുന്നില്ലല്ലോ, അതുകൊണ്ട് തനിക്കും നവഭാഷാപ്രബന്ധത്തില്‍ (മണിപ്രവാളത്തില്‍ ) കവിതയെഴുതാമെന്ന് അയാള്‍ കരുതുന്നു. പ്രിയപ്പെട്ടവളുടെ രതിക്രീഡാ വിധാന്തരങ്ങളറിയുന്ന രമണനെ പോലെ, സല്‍ക്കാവ്യശൈലീരസങ്ങളറിയുന്ന സഹൃദയഹൃദയത്തെ ഈ കാവ്യം സുഖിപ്പിക്കുമോ (സുഖയതി കിമു?) എന്നതു മാത്രമാണ് അയാളുടെ ശങ്ക.

ആ സംശയത്തിനുള്ള ഉത്തരമായിട്ടാണ് മേല്‍പ്പറഞ്ഞ കാക്ക / കുയില്‍ ദ്വന്ദ്വവിചാരം നമ്മുടെ പ്രിയ കവി നടത്തുന്നത്. താന്‍ എഴുതാനാഗ്രഹി ക്കുന്ന വിഷയത്തില്‍ ശബ്ദ - അര്‍ത്ഥ - വാക്യ സ്ഖലനത്തിനു സാധ്യതയുണ്ടെന്ന് ഉറപ്പാണ്. എങ്കിലും ഗുണത്തിന്റെ ഏതെങ്കിലും കണം അതിലുണ്ടാവുമെന്ന് കവി ഉറപ്പിക്കുന്നു. ധ്വനിരസ പ്രാമുഖ്യമുള്ള മധുര കവിതയാസ്വദിക്കുന്നവരില്‍ അഹങ്കാരമില്ലാത്തവര്‍ മേദിനീ ചന്ദ്രികയെപ്പറ്റിയുള്ള എന്റെ നവ്യ ഭാഷാപ്രബന്ധ- കാവ്യം - ത്തില്‍ തുണയാവുക എന്ന് കവി ആവശ്യപ്പെടുമ്പോള്‍, കാവ്യരചനാവേളയില്‍ അഞ്ഞൂറു വര്‍ഷം മുമ്പുള്ള- ഒരു ഭാഷാകവി പ്രതീക്ഷിക്കുന്ന രണ്ടാംകിടയാക്കല്‍ എത്രമാത്രം ഒരാളെ പിന്നോട്ടു വലിക്കുന്നതാക്കുമെന്ന് ഊഹിക്കാനാവുമോ?

എങ്കിലും നമ്മുടെ കവി കവിതയെഴുതാന്‍ തന്നെ തീരുമാനിക്കുന്നു. ആര്‍ക്കെങ്കിലുമൊക്കെ തന്റെ കവിത ഇഷ്ടമാകും. കാരണം മേദിനീചന്ദ്രിക നടത്തിയ അഴകുള്ള ചന്ദ്രോത്സവത്തെക്കുറിച്ചാണല്ലോ തനിക്ക് കാവ്യമെഴുതാനുള്ളത്. പ്രിയമുള്ളവരെ, ചന്ദ്രനെ സ്‌നേഹിച്ച, ആരാധിച്ചവരുടെ ഒരു വലിയ ഉത്സവത്തിലേക്കാണ് ഇനി നമ്മള്‍ കടന്നു ചെല്ലുന്നത്.

ചന്ദ്രോത്സവം എന്ന കൃതി, മേദിനീ വെണ്ണിലാവ് എന്ന സ്ത്രീ നടത്തിയ ഉത്സവം വിവരിക്കുന്ന കാവ്യമാണ്.  ഒരിക്കല്‍ പ്രണയികളായ ഗന്ധര്‍വനും കിന്നരിയും ഒരുമിച്ചിരിക്കുമ്പോഴുണ്ടായ പരിമളത്തിന്റെ കാരണമന്വേഷിച്ചു പോയ ഗന്ധര്‍വന്‍ അതുണ്ടായ സ്ഥലം തൃശൂരാണെന്നും അവിടെ നടന്നതെല്ലാം പ്രണയിനിയോട് വിവരിക്കുന്നതുമായാണ് കാവ്യരചന.

 

ഈ കാവ്യത്തെക്കുറിച്ചും അതുള്‍പ്പെടുന്ന മണിപ്രവാളശാഖയെക്കുറിച്ചും ഏറ്റവും വിവാദാത്മക നിരീക്ഷണം ഉന്നയിച്ചത്, ഇളംകുളം കുഞ്ഞന്‍പിള്ളയാണ്. നമ്പൂതിരിമാരുടെ പുളപ്പു കാലത്തുണ്ടായവയാണ് ഇത്തരം കൃതികള്‍ എന്നദ്ദേഹം വിലയിരുത്തുകയുണ്ടായി. അതിന് ശക്തമായ മറുപടിയുമായി കാണിപ്പയ്യൂര്‍ എഴുതുകയുണ്ടായി. ഇത്തരം കാവ്യങ്ങളൊന്നും നമ്പൂതിരിമാര്‍ മാത്രം എഴുതിയവയല്ല, എന്നതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളുടെ കാതല്‍.

ചന്ദ്രോത്സവത്തെ കുറിച്ച് ഇളംകുളം ഏറ്റവുമധികം വിമര്‍ശിച്ചത്, അതിലെ ശിശു കേളികളെ, വരാനിരിക്കുന്ന മാരകേളിയുമായി ബന്ധപ്പെടുത്തി, കവി താരതമ്യപ്പെടുത്തിയതാണ്. ഇതിനെല്ലാമുള്ള മറുപടികള്‍ ഈ അന്വയവ്യാഖ്യാന പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ചന്ദ്രോത്സവം (മണിപ്രവാള-അച്ചീചരിതത്തിലെ അവസാന കൃതി) എന്ന പേരില്‍ ആദിരിയേഴിയത്ത് നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെ അന്വയബോധിനി എന്ന ഈ പുസ്തകം വായിക്കുമ്പോള്‍, മേല്‍പ്പറഞ്ഞവയെല്ലാം ഓര്‍ത്തെടുക്കുന്നതോടൊപ്പം തൃശൂരില്‍ ഒരിക്കല്‍ ജീവിച്ചിരുന്ന ആ സ്ത്രീയെയും അവളെ പുകഴ്ത്തിയെഴുതിയ കവിയെക്കുറിച്ചും ഓര്‍ത്തെടുക്കുന്നതിലാണ് ഈ വായനയുള്ളത്. ഈ സ്ത്രീ പ്രത്യേക ജാതി വിഭാഗത്തിലുള്‍പ്പെടുന്നു എന്ന വ്യാഖ്യാതാവിന്റെ നിലപാടിനുമപ്പുറത്ത് പുതിയ വായനക്കാര്‍ക്ക് പലതും കണ്ടെത്താന്‍ കഴിയും.

1 പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ സന്തോഷിക്കുന്ന (കുരവയിടുന്ന) സമൂഹം

2 കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന പനിനീര്‍നദി

3 ചോറൂണ് എന്ന ആചാരത്തിന്റെ പഴമ

4 പദ്യങ്ങള്‍ ചൊല്ലുന്ന പെണ്‍കുട്ടി

5. ഓണചെറുകളികളെ കുറിച്ചുള്ള പരാമര്‍ശം

6. ചതുരംഗം, അമ്മാനക്കളി, പത്തടവും പഠിച്ച ശേഷമുള്ള നര്‍ത്തനം തുടങ്ങിയവയെല്ലാം പഠിച്ച ഒരു പെണ്‍കുട്ടി.

7. അവളുടെ നേതൃത്വത്തില്‍ ഒരു പ്രധാന ദേശത്ത് വലിയൊരു ഉത്സവം നടക്കുക.

8. അവിടെ അക്കാലത്തെ എല്ലാ പ്രശസ്തരും സാധാരണക്കാരുമായ ജനങ്ങളും സന്ദര്‍ശിക്കുക

9. കൊടി ഉയര്‍ത്തിയും താഴ്ത്തിയും ആരംഭിക്കുന്ന ഉത്സവം

10. എല്ലാറ്റിലുമുപരി, തൃശൂര്‍ എന്ന നഗരത്തിന്റെ സാംസ്‌കാരിക പ്രഭാവം

വെള്ളാങ്ങല്ലൂര്‍, പാലെക്കാട്, ചിറ്റിലപ്പള്ളി, പുങ്ങുനാട് ( പൂങ്കുന്നം?), നാട്ടിയമംഗലം, ചുണ്ടെയ്ക്കമണ്ണ്, ചോകിരം (ശുകപുരം), ആറ്റുപുറം താമരശ്ശേരി, നെന്മേനി,കണ്ടിയൂര്‍, നിരണം, മതിലകം, പാലയൂര്‍, നടുവട്ടം, കുറ്റിപ്പുറം, പൊറ്റക്കാട്, വങ്കാളത്ത് (ബംഗാള്‍ എന്ന ദേശം, ശ്ലോകം - നാലാം അധ്യായത്തില്‍ 82 ) തുടങ്ങി നിരവധി നാടുകളുടെ പരാമര്‍ശം ഈ കാവ്യത്തിലുണ്ട്.

ഇങ്ങനെ നിരവധി പഴമകളുടെ ആകരമാണ് ഈ കൃതി. അത്തരമൊരു വിധത്തിലാണ്, ചരിത്ര- സംസ്‌കാര പഠിതാക്കള്‍ക്ക് ഈ കൃതി പുതുവായന ലഭ്യമാക്കുക. ഗവേഷണാത്മക സൂക്ഷ്മ പഠനം ആവശ്യപ്പെടുന്ന കൃതിയാണിതെന്ന് നിസ്സംശയം പറയാം.

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം