Asianet News MalayalamAsianet News Malayalam

രതിയെക്കുറിച്ചെഴുതിയാല്‍ എഴുത്തുകാര്‍ കുരിശിലേറ്റപ്പെടുമോ?

ജീവിതത്തില്‍ രതി ഒഴിച്ചുനിര്‍ത്താനാവുമോ? ഇല്ലെന്ന് തന്നെയാവും ഉത്തരം. പിന്നെയെങ്ങനെയാണ് കലാസൃഷ്‍ടികളില്‍ രതി ഒഴിച്ചുനിര്‍ത്തുക. കല എല്ലാം ചേര്‍ന്നതാണ്. ജീവിതവും അതിന്‍റെ യാഥാര്‍ത്ഥ്യവും തന്നെയാണ് കലയുടെ ജീവന്‍.

love and sex in literature
Author
Thiruvananthapuram, First Published Feb 14, 2020, 3:42 PM IST

പ്രണയം പോലെ തന്നെ തീവ്രമായി, അല്ലെങ്കില്‍ അതിനേക്കാളൊക്കെ തീവ്രമായി രതി എഴുതിയ എഴുത്തുകാരുണ്ട് സാഹിത്യലോകത്ത്. രതിയും പ്രണയവും ഒന്നെന്നും അതിന് വേറിട്ട് നിലനില്‍പ്പില്ലെന്നും എഴുതിയവരുണ്ട്, രതിയില്ലാത്ത പ്രണയമെഴുതിയവരുണ്ട്, രതിക്കിടയില്‍ പ്രണയം കണ്ടെത്താനാവാത്തതിനെക്കുറിച്ചും പ്രണയത്തിനിടെതന്നെ രതിയില്‍ പൂര്‍ണത കണ്ടെത്താത്താനാവാത്തവരെക്കുറിച്ചും എഴുതിയവരുമുണ്ട്. എന്നാല്‍, പച്ചയായ ഭാഷയില്‍ രതിയെ കുറിച്ചെഴുതുകയും അതിന്റെപേരിൽ ഒരേസമയം പ്രശംസയും വിമര്‍ശനവും നേരിടേണ്ടി വന്നവരുമുണ്ട്. അത്തരത്തിലുള്ള മൂന്ന് എഴുത്തുകാരെയും അവരുടെ പുസ്‍തകങ്ങളെയും കുറിച്ചാണ്.

ഡി എച്ച് ലോറന്‍സ്/ 'ക്ലാസ്' രതിയും പ്രണയവും

ഡി എച്ച് ലോറന്‍സ് അല്‍പം പഴയ എഴുത്തുകാരനാണ്. 20 -ാം നൂറ്റാണ്ടിലെ, ഇംഗ്ലീഷ് സാഹിത്യലോകത്തിലെ തന്നെ വിവാദ എഴുത്തുകാരന്‍. നോവല്‍, ചെറുകഥകള്‍, കവിതകള്‍, നാടകങ്ങള്‍, ഉപന്യാസങ്ങള്‍, യാത്രാപുസ്‍തകങ്ങള്‍ എന്നിവയെല്ലാം ലോറന്‍സ് എഴുതിയിരുന്നു. എന്നിട്ടും ലോകം പലപ്പോഴും ശ്രദ്ധിച്ചത് അദ്ദേഹത്തെ ഒരു 'ലൈംഗിക സാഹിത്യരചയിതാവ്' എന്ന് മാത്രം വരച്ചുചേര്‍ക്കാനായിരുന്നു.

അതിലെ പ്രധാന എഴുത്തായി ചൂണ്ടിക്കാണിച്ചത് ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍ എന്ന പുസ്‍തകമാണ്. കൃതി അശ്ലീലമാണ് എന്ന ആക്ഷേപത്തിൻ പുറത്ത്, പുസ്‍തകം പ്രസിദ്ധീകരിച്ച പെൻഗ്വിൻ ബുക്സിന് കോടതിവരെ കയറേണ്ടിവന്നു. എന്നാല്‍, കോടതിയിൽ കേസുപറഞ്ഞു ജയിക്കാൻ അവർക്കായി. കേസുതീർന്നപ്പോൾ ചൂടപ്പം പോലെയാണ് പുസ്‍തകം വിറ്റഴിഞ്ഞത്. മൂന്ന് മില്ല്യണ്‍ കോപ്പികള്‍ വളരെ പെട്ടെന്ന് തന്നെ വില്‍ക്കപ്പെട്ടുവെന്നാണ് പറയുന്നത്. ഇന്നും വിവര്‍ത്തനമടക്കം പുസ്‍തകം വിപണിയിലുണ്ട്.

ജീവിതത്തില്‍ രതി ഒഴിച്ചുനിര്‍ത്താനാവുമോ? ഇല്ലെന്നു തന്നെയാവും ഉത്തരം. പിന്നെയെങ്ങനെയാണ് കലാസൃഷ്‍ടികളില്‍ രതി ഒഴിച്ചുനിര്‍ത്തുക. എല്ലാം ചേര്‍ന്നതാണ് കല. ജീവിതവും അതിന്‍റെ യാഥാര്‍ത്ഥ്യവും തന്നെയാണ് കലയുടെ ജീവന്‍. ആ രതിയെ എഴുതുക മാത്രമായിരുന്നു ഡി എച്ച് ലോറന്‍സ് എന്ന എഴുത്തുകാരനും ചെയ്‍തത്.

അലിഗഢ് പഠനകാലത്ത് ഒളിച്ചും മറച്ചും വായിച്ച വിശുദ്ധ കൃതി. ഇതെന്നില്‍ പ്രണയവും കാമവും ജീവിതാസക്തിയും നിറച്ചു. രതിയുടെ മന്ദാരങ്ങള്‍ വിരിയിച്ച ഈ നോവല്‍ നിര്‍ബന്ധമായും ഏതു കാലത്തെയും സുന്ദരികളും സുന്ദരന്മാരും വായിച്ചിരിക്കേണ്ടതാണ് -നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ലേഡി ചാറ്റര്‍ലിയുടെ കാമുകനെ കുറിച്ചെഴുതിയതാണ്. (കടപ്പാട്: മാതൃഭൂമി ബുക്സ്)

അരയ്ക്കു കീഴ്പ്പോട്ട് തളര്‍ന്ന ക്ലിഫോര്‍ഡ് പ്രഭുവിന്‍റെ ഭാര്യയായ ലേഡി ചാറ്റര്‍ലി പ്രഭ്വിയും അവരുടെ തോട്ടക്കാരനായ ഒലിവര്‍ മെല്ലേഴ്‌സും തമ്മിലുള്ള രതിയും പ്രണയവും അതിന്‍റെ സങ്കീര്‍ണതകളും ഇഴുകിച്ചേര്‍ന്ന നോവലാണ് ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍. ആദ്യം പ്രണയവും പിന്നെ രതിയും എന്നതാണ് വായിച്ചും കേട്ടും ശീലം. എന്നാല്‍, രതിയാണ് ഇവിടെയാദ്യം എന്ന് പറയേണ്ടി വരും. ശരീരത്തിന്‍റെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിലാണ് ആദ്യമിരുവരും ചേര്‍ന്നു നില്‍ക്കുന്നത്. എന്നാല്‍ പിന്നീട്, അത് ഇരുവരുടെയും ഹൃദയങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്നു. തോട്ടത്തില്‍വെച്ചും അവിടെയുള്ള മെല്ലേഴ്‍സിന്‍റെ വീട്ടില്‍വെച്ചും ഇരുവരും കണ്ടുമുട്ടുകയും രതിയിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്.

love and sex in literature

 

എല്ലാ അര്‍ത്ഥത്തിലും മാനസികമായും ശാരീരികമായും ഒറ്റപ്പെട്ടുനില്‍ക്കുകയാണ് ലേഡി ചാറ്റര്‍ലി പ്രഭ്വി. ക്ലിഫോര്‍ഡ് പ്രഭുവുമായി ഒരുതരത്തിലും നല്ലൊരു സൗഹൃദമുണ്ടായിരുന്നില്ലവർക്ക്. അവരുടെ ബന്ധത്തില്‍ ഒരു ഊഷ്‍മളതയും നിലനിന്നിരുന്നുമില്ല. ഭര്‍ത്താവില്‍നിന്നുള്ള മാനസികമായ അവഗണനയാണ് വാസ്തവത്തിൽ ലേഡി ചാറ്റര്‍ലിയെ തളര്‍ത്തുന്നത്. ആ വലിയ വീട്ടിലെ ജീവിതം ലേഡി ചാറ്റര്‍ലിക്ക് സമ്മാനിച്ചത് വീർപ്പുമുട്ടിക്കുന്ന ഏകാന്തതയാണ്. അവിടെനിന്ന് പുറത്തേക്കും, ഒരര്‍ത്ഥത്തില്‍ അവരുടെ ഉള്ളിലേക്കുതന്നെയുമുള്ള യാത്രകളാണ് പ്രഭ്വിക്ക് മെല്ലേഴ്‍സിലൂടെ സാധ്യമാകുന്നത്.  തനിക്കെന്താണ് വേണ്ടതെന്ന വെളിപാടുകൾ കൂടിയായിരുന്നു ആ ബന്ധം അവർക്ക്. മെല്ലേഴ്‍സും ഭാര്യ ബര്‍ത്തയും തമ്മിലുണ്ടായിരുന്ന ബന്ധത്തിലുമുണ്ട് ഈ അവഗണനയും തിരസ്‍കാരവുമെല്ലാം. ഇവിടെയാണ് ഒലിവര്‍ മെല്ലേഴ്‍സ് എന്ന തോട്ടക്കാരനും ലേഡി ചാറ്റര്‍ലി എന്ന പ്രഭ്വിയും പരസ്‍പരം ചേരുന്നത്. അവിടെ പ്രഭ്വി എന്നോ തോട്ടക്കാരനെന്നോ ഇല്ല. അവർ തമ്മിൽ ചേരുമ്പോള്‍ അവിടെ പ്രഭ്വിയും തോട്ടക്കാരനുമില്ല. എല്ലാ അലങ്കാരവും അഴിച്ചുവെച്ചാല്‍ മനുഷ്യന്‍ മനസും ശരീരവും മാത്രമാണ്. ആ അഴിച്ചുവക്കലും പരസ്‍പരമുള്ള എടുത്തണിയലുമാണ് അവർക്കിടയിലും സംഭവിക്കുന്നത്.

ഈ കൃതിയെ അശ്ലീലമെന്നടയാളപ്പെടുത്തിയത് അതിലെ രതിയുടെ തുറന്നെഴുത്താണ്. ലേഡി ചാറ്റര്‍ലിയുടെയും മെല്ലേഴ്‍സണിന്‍റെയും രതിയുടെ സൂക്ഷ്‍മവിവരങ്ങള്‍ അതേപടി വിവരിച്ചിട്ടുണ്ട് കൃതിയില്‍. മെല്ലേഴ്‍‍സിന്‍റെ ശരീരത്തിലെ അംഗങ്ങളെ ലേഡി ചാറ്റര്‍ലി പ്രഭ്വി ഒന്നൊന്നായി തൊട്ടറിയുന്നതെങ്ങനെ എന്ന് അതില്‍ തുറന്നെഴുതുന്നു. എന്നാല്‍, പരസ്‍പരം അറിയുക, ശരീരത്തെയും വ്യക്തിത്വത്തെയും പരസ്‍പരം ബഹുമാനിക്കുക എന്നതാണ് ഏതൊരു ബന്ധത്തെയും പൂര്‍ണതയിലെത്തിക്കുന്നതെന്നതാണ് ഒടുക്കം നോവലില്‍ കാണാനാവുന്നത്. ശരീരത്തിലൂടെ തുടങ്ങി മനസ്സിലൂടെ നടത്തിയ ആ യാത്ര പൂര്‍ണമായും ഒരുതരം ശാന്തതയിലേക്കും പരസ്‍പരമുള്ള ആശ്വാസപ്പെടലിലേക്കും വഴിമാറുന്നത് നോവലില്‍ ദര്‍ശിക്കാം. അതുവരെ രതിയെന്നതിലെ അപമാനം, നിന്ദ എന്നതൊക്കെ അനുഭവിച്ചിരുന്നതില്‍ നിന്ന് രതിയും പ്രണയം പോലെ പ്രാണവായുപോലെ പ്രധാനമാണെന്നും അതിന്‍റെ ആനന്ദം അവനവനെ കണ്ടെത്താനുള്ള വഴി കൂടിയാണെന്നും ലേഡി ചാറ്റര്‍ലി മനസിലാക്കുന്നുണ്ട്. ലേഡി ചാറ്റർലിയുടെ കാമുകനില്‍ ഡി എച്ച് ലോറൻസ് അടിവരയിട്ടു പറഞ്ഞു വെക്കാൻ ശ്രമിക്കുന്നത്, ആത്മാവിന്റെ ഉത്തേജനം സാധ്യമാകുന്നത് ഒരു സ്ത്രീയും പുരുഷനും തമ്മിൽ ആത്മബന്ധം ഉടലെടുക്കുമ്പോൾ മാത്രമാണെന്ന് തന്നെയാണ്.

ലേഡി ചാറ്റർലിയുടെ കാമുകന്റെ പ്രധാന വിഷയം അത്തരം സംവാദങ്ങൾക്ക് വിധേയമായ ലൈംഗിക വർണ്ണനകളല്ല, മറിച്ച് സമഗ്രതയ്ക്കും സമ്പൂർണ്ണതയ്ക്കുമായുള്ള അവരുടെ അന്വേഷണമാണെന്നാണ് എഴുത്തുകാരനായ റിച്ചാർഡ് ഹൊഗാർട്ട് വാദിക്കുന്നത്. ഈ സമഗ്രതയുടെ താക്കോൽ മനസ്സും ശരീരവും തമ്മിലുള്ള യോജിപ്പാണ് എന്നും അദ്ദേഹം പറയുന്നു. മനസ്സില്ലാത്ത കേവലശരീരം ക്രൂരമാണ് എന്നും ശരീരമില്ലാത്ത വെറുംമനസ്സ് നമ്മുടെ ഇരട്ടജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നു എന്നുമാണ് അദ്ദേഹം ഇതിനെ കുറിച്ച് വിവരിച്ചത്.

അതെ, ചെയ്യുന്നതിൽ ശരീരവും മനസും ഒരുപോലെ ഉറപ്പിച്ചു നിര്‍ത്തുമ്പോഴുള്ള ആനന്ദം കൂടിയാണ് ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍. അതിനെ എങ്ങനെ വായിക്കണമെന്നത് വായനക്കാരന്‍റെ തീരുമാനമാണ്. പക്ഷേ, അത് തുറക്കുന്ന പലതരം വാതായനങ്ങളെ അവഗണിക്കാതെയുമാവാമത്. ഏത് ലോകത്തേക്കുള്ള യാത്രയാണ് സുന്ദരമല്ലാത്തത്?

ഇ എല്‍ ജെയിംസ്/ സാഡിസവും പിന്നെ പ്രണയവും

ഇ എല്‍ ജെയിംസ് എന്ന തൂലികാനാമത്തിലെഴുതുന്ന എഴുത്തുകാരിയാണ് എറിക്ക മിഷേല്‍. അവരുടെ നോവല്‍ത്രയമാണ് ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ, ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഡാര്‍ക്കര്‍, ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡ് എന്നിവ. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നോവലാണിത്. നായകന്‍റെ സാഡിസത്തിലൂടെയും ഇണയെ വേദനിപ്പിച്ചുകൊണ്ട് ആനന്ദം കണ്ടെത്തുന്നതിനെയും ചുറ്റിപ്പറ്റിയാണ് നോവലുകള്‍ മുന്നോട്ടുപോകുന്നതും.

21 വയസ്സുകാരി അനസ്ത്യാന എന്ന അന 27 -കാരന്‍ ക്രിസ്റ്റ്യന്‍ ഗ്രേയെന്ന ബിസിനസുകാരനെ ആദ്യമായി കണ്ടുമുട്ടുന്നത് അവരുടെ കലാലയത്തില്‍ തയ്യാറാക്കുന്ന പത്രത്തിലേക്ക് അഭിമുഖമെടുക്കാന്‍ ചെല്ലുമ്പോഴാണ്. ആദ്യ കാഴ്‍ചയില്‍ തന്നെ പരസ്പരാകര്‍ഷണം തോന്നുന്നുണ്ട് ഇരുവര്‍ക്കും. പിന്നീടുള്ള യാദൃശ്ചികമായ കണ്ടുമുട്ടലുകളില്‍ അത് പ്രണയമാവുകയാണ്. പിന്നീടത് രതിയിലേക്ക് സഞ്ചരിക്കുന്നു. ഒടുവില്‍, 'അടിമ'യെന്ന ഉടമ്പടിയില്‍ അനയെ കൊണ്ട് അയാള്‍ ഒപ്പുവെപ്പിക്കുമ്പോഴാണ് ഗ്രേയ്ക്കെന്താണ് വേണ്ടതെന്നത് അനാവൃതമാകുന്നത്. ആ ഉടമ്പടി ഒരിണയോട് ചെയ്യാവുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ്. എന്നാല്‍, സാഡിസത്തിനും വിചിത്രമായ സ്വഭാവങ്ങള്‍ക്കും അടിമയാണെന്നറിഞ്ഞിട്ട് കൂടി എന്തുകൊണ്ടാണ് അന അതിൽ ഒപ്പുവെക്കുന്നതെന്നത് എപ്പോഴും വായനക്കാരനെ കുഴക്കുന്ന ചോദ്യമാണ്. അവള്‍ക്ക് ഗ്രേയോടുണ്ടായ പ്രണയം മൂലമെന്നേ പറയാനാവൂ. പക്ഷേ, എന്നിട്ടുമൊടുക്കം സഹിക്കവയ്യാതെ അവളിറങ്ങിപ്പോകുന്നുണ്ട്. അവസാന നോവലില്‍ തിരികെ വരുന്ന അനയേയും എന്തിനും സമ്മതമെന്ന് പറയുന്ന അനയേയും കൂടി നമുക്ക് കാണാം.

രതിവൈകൃതമുള്ളൊരു മനുഷ്യനെ 21 വയസ്സുകാരിയായൊരു പെണ്‍കുട്ടി എന്തിനിങ്ങനെ സഹിക്കുന്നുവെന്നത് നോവലുകളിലൂടനീളം വായനക്കാരനെ കുഴപ്പിക്കുന്ന ചോദ്യമാണ്. അവളെ കെട്ടിയിടാന്‍ ആഗ്രഹിക്കുന്ന, ബന്ധിപ്പിക്കാന്‍ ചങ്ങല കരുതിയിരിക്കുന്ന, അത്തരത്തിലുള്ള രതിക്ക് വേണ്ടി ഒരു മുറി തന്നെയൊരുക്കിയ ഒരു 'സൈക്കോ' കാമുകനാണ് ഗ്രേ എന്നത് നോവലില്‍ മുഴച്ചുനില്‍ക്കും.

ഈ നോവലിനെ കുറിച്ച് സംസാരിക്കുകയായിരുന്ന രണ്ട് സ്ത്രീകള്‍,
ഒന്നാമത്തെ സ്ത്രീ: ഞാനത് പാതിവഴിയില്‍ നിര്‍ത്തി. അനയുടെ വേദനയെനിക്ക് സഹിക്കാനായില്ല. ഇതിനെയെനിക്ക് രതിയെന്നും പറയാനാവില്ല. അടിമയോട് ഉടമ കാണിക്കുന്ന അധികാരവും അക്രമവും മാത്രമേ ഞാന്‍ കണ്ടുള്ളൂ. ആണധികാരവും അതിക്രമവും നിറഞ്ഞ നോവലുകളാണത്.
രണ്ടാമത്തെ സ്ത്രീ: എനിക്കതിഷ്‍ടമായി. എനിക്കത് ഇഷ്‍ടമാണ്. രതിയില്‍ വിധേയപ്പെടുന്നതും ഇഷ്‍ടമാണ്. അതെനിക്ക് കൂടുതലാനന്ദം നല്‍കുന്നു.

ഇവിടെ വായനക്കാര്‍ തന്നെ രണ്ടോ മൂന്നോ അതിലധികമോ തട്ടുകളിലുണ്ട്. ഇത്രയധികം സെക്സ് എന്തിനൊരു കൃതിയിലെന്ന് ചോദിക്കുന്നവരുണ്ട്, സാഡിസത്തെയും വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്നതിനെയും ന്യായീകരിക്കുന്നു എന്ന് പറയുന്നവരുണ്ട്, കൂടുതാലന്ദവും കൂടുതല്‍ അടുപ്പവും ഇങ്ങനെയാകുന്നതിലെന്താണ് തെറ്റെന്ന് ചോദിക്കുന്നവരുമുണ്ട്.

love and sex in literature

 

എന്നാല്‍, ഒരു സാഹിത്യസൃഷ്‍ടി എന്ന നിലയില്‍ അതെന്ത് സംഭാവനയാണ് നല്‍കുന്നതെന്ന് ചോദിച്ചാല്‍ ഏറെക്കുറെ ഒന്നുമില്ലെന്നാണ് പലരും വിലയിരുത്തുന്നത്. അതൊരു മോശം സാഹിത്യമാണ് എന്ന് പലരും അന്നേ തുറന്നു പറയുകയും ചെയ്‍തിരുന്നു. ഇതിനു മുമ്പൊരിക്കലും ഞാൻ ഇത്രയ്ക്ക് മോശം സാഹിത്യം അച്ചടിച്ചുവന്നു കണ്ടിട്ടില്ല. 'ട്വിലൈറ്റി'നെപ്പിടിച്ച് 'വാർ ആൻഡ് പീസ്' ആക്കിയ പോലുണ്ട് എന്നാണ് പുസ്‍തകത്തെ കുറിച്ച് സല്‍മാന്‍ റുഷ്‍ദി പറഞ്ഞത്. അക്ഷരങ്ങള്‍ കൊണ്ടോ, വാക്കുകള്‍ കൊണ്ടോ, പ്രയോഗങ്ങള്‍കൊണ്ടോ ഒന്നുംതന്നെ സാഹിത്യലോകത്തിന് നല്‍കാന്‍ അതിലില്ല എന്നതാണ് സത്യവും.

ഹാരുകി മുറകാമി/ നിശ്ശബ്ദതയിലെ ശബ്‍ദമുള്ള രതി

ലോകത്തെവിടെയും ആരാധകരുള്ള ജാപ്പനീസ് എഴുത്തുകാരനാണ് ഹാരുകി മുറകാമി. എത്രയോ പുസ്‍തകങ്ങള്‍, അമ്പതിലേറെ പരിഭാഷകള്‍. 2017 -ല്‍ അദ്ദേഹം രചിച്ച 'കില്ലിങ് കൊമെൻഡെറ്റൊറേ' എന്ന പുസ്‍തകം അശ്‌ളീലമാണ് എന്ന വാദമുയര്‍ന്നിരുന്നു. ഹോങ്കോങിലെ പുസ്‍തകോത്സവത്തില്‍ പുസ്‍തകം നിരോധിക്കുകയും ചെയ്‍തു. പ്രണയമെന്നപോലെ രതിയും തുറന്നെഴുതിയ എഴുത്തുകാരനായിരുന്നു മുറകാമി. പക്ഷേ, മുറകാമിയുടെ രചനകളില്‍ അവ വളരെ സ്വാഭാവികമായിട്ടാണ് കടന്നുവന്നിരുന്നത്. ഒരുപക്ഷേ, അതിലെയൊരു കഥാപാത്രത്തെ പോലെ.

നോര്‍വീജിയന്‍ വുഡ് എന്ന അദ്ദേഹത്തിന്‍റെ നോവല്‍ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1987 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി വളരെ പ്രസിദ്ധമാണ്. നോവലിലെ നായകനാണ് വാട്ടനാബെ. പതിനേഴാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്യുന്ന അദ്ദേഹത്തിന്‍റെ കൂട്ടുകാരന്‍ കിസുകി. അയാളുടെയും പിന്നീട് വാട്ടനാബെയുടെയും കാമുകിയാവുന്ന നയോക്കൊ എന്ന പെണ്‍കുട്ടി. കലാലയത്തില്‍വെച്ച് പരിചയപ്പെടുന്ന മിഡോറി, നയോക്കൊ താമസിക്കുന്ന മാനസികാരോഗ്യകേന്ദ്രത്തിലെ റൂംമേറ്റ് റെയ്ക്കോ എന്നിവരിലൂടെയൊക്കെ കഥ സഞ്ചരിക്കുന്നുണ്ട്.

love and sex in literature

 

'നോര്‍വീജിയന്‍ വുഡ്' എന്ന പാട്ടിന്‍റെ, അതിന്‍റെ ഭ്രാന്തന്‍ ഈണങ്ങളുടെ, വാട്ടനാബെയുടെ അലച്ചിലുകളുടെ കഥയാണിത്. ഏത് പ്രണയമാണ്, ഏത് രതിയാണ് തനിക്ക് വേണ്ടതെന്ന് തിരിച്ചറിയാനാവാതെ എല്ലാത്തിലേക്കും തന്നെ സഞ്ചരിക്കാന്‍ അനുവദിച്ച ഏകാകിയായ യുവാവാണ് വാട്ടനാബെ എന്ന് തോന്നാം. പലരിലേക്കുള്ള അവന്‍റെ യാത്രയാണിത്. പക്ഷേ, മനസ് കൈവിട്ടുപോയ നയോക്കെയെന്ന പെണ്‍കുട്ടിയെ, തോന്നുന്നപോലെ ജീവിക്കാനിഷ്ടപ്പെടുന്ന ഒച്ചപ്പാടുകളുള്ള, മിടുക്കിയായ മിഡോറിയെന്ന പെണ്‍കുട്ടിയുടെ ഒക്കെ ജീവിതമതിലുണ്ട്. നയോക്കെയുമായി, റെയ്ക്കോയുമായി, പിന്നെ അനേകം ഒറ്റദിവസത്തേക്ക് മാത്രം കണ്ടെത്തുന്ന പെണ്‍കുട്ടികളുമായി വാട്ടനാബെയ്ക്കുണ്ടാകുന്ന രതിയിതിലുണ്ട്. അത് വളരെ സ്വാഭാവികമായിട്ടെന്നോണം അവന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നെന്നാണ് എഴുത്തുകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ രതിയുടെയും വിവരണങ്ങള്‍... ഒരാള്‍ മറ്റൊരാളിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന ശരീരത്തിന്‍റെയും മനസിന്‍റെയും അനക്കങ്ങളുണ്ടതില്‍ ('അശ്ലീല'മെന്ന് വിളിക്കാനുള്ള കാരണം കുറവല്ലെന്നര്‍ത്ഥം.)

എന്നാല്‍, മുറകാമിയുടെ പഴയ എഴുത്തുകളെ അപേക്ഷിച്ച് 'ആണ്' എന്ന ഭാവം നായകനായ വാട്ടനാബെയ്ക്ക് ഒരിത്തിരി കൂടുതലുണ്ടോ എന്ന് വായനയിലുടനീളം തോന്നാം.

രതി ആണിന്‍റേതാണോ?

ഒരു സാമ്യവും തോന്നാത്ത മൂന്ന് പുസ്‍തകങ്ങളാണിവ. ഇരുപതാം നൂറ്റാണ്ടിലെ രണ്ട് 'ക്ലാസു' -കളില്‍ പെട്ട രണ്ടുപേരുടെ പ്രണയവും രതിയുമടങ്ങുന്ന ഒരു നോവൽ, സാഹിത്യത്തിന് ഒന്നും നല്‍കാനില്ലാത്ത ഒരുതരം 'സൈക്കോ' രതിയുടെ ഒരു ത്രില്ലിങ് നോവല്‍, ഇതൊന്നുമല്ലാത്ത ഏറെ നിശ്ശബ്ദതയും വിഷാദവും ഇടകലർന്ന രതിയെ അടയാളപ്പെടുത്തിയ മറ്റൊരു നോവലും. രതിയെ എഴുതിയ പുസ്‍തകമെന്നോര്‍ത്തപ്പോള്‍ പെട്ടെന്ന് മനസില്‍ വന്നത് ഇവ മൂന്നുമാണ്.

പ്രണയവും രതിയും എഴുതുകയും ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ സ്ത്രീ അപ്രസക്തയാകുന്ന സ്ഥിതിവിശേഷം പുതിയതല്ല. അതല്ലാത്ത എഴുത്തുകളുമുണ്ട്. എങ്കിലും 'ആണധികാരത്തിന്‍റെ പ്രകടനം കൂടിയാണ് രതി'യെന്ന സമൂഹത്തിലെ സ്വാഭാവികചിന്തകളുടെ ആണിയടിച്ചുറപ്പിക്കലിന് സാഹിത്യത്തില്‍ നിന്നായാലും സിനിമകളില്‍ നിന്നായാലും വലിയ മോചനമൊന്നും കിട്ടാനില്ല.

എങ്കിലും എഴുത്തില്‍നിന്നോ, ഒരു കലാസൃഷ്‍ടിയില്‍നിന്നോ വേറിട്ടുനിര്‍ത്തപ്പെടേണ്ടതല്ല രതി. മനസ് മാത്രം കൊണ്ടാണ് നിങ്ങള്‍ സ്നേഹത്തിലാകുന്നതെങ്കില്‍ എന്തുകൊണ്ടാണ് അവളെ/അവനെ കണ്ടമാത്രയില്‍ പ്രണയത്തില്‍ പെട്ടുപോയെന്ന് പറയുന്നത്. എന്തിനാണ് സാമീപ്യം? ശരീരമൊരു സത്യമാണ്. അതിന്‍റെ ഒന്നുചേരലും സത്യമാണ്. അതത്രമേല്‍ ജൈവികമാണ്. അവിടെ എല്ലാതരം പുറംകുപ്പായങ്ങളും അഴിച്ചുവെക്കേണ്ടതുണ്ട്. ആണെന്ന അഹന്ത പ്രത്യേകിച്ചും. നാം വാഴ്ത്തിപ്പാടുന്ന പ്രണയത്തെപ്പോലെ തന്നെ മനോഹരമാണ് രതിയും. കലയിലല്ലാതെ എവിടെയാണതിനെ അത്രയേറെ പ്രകടിപ്പിക്കാനാവുക? രണ്ട് ശരീരവുമൊന്നായിച്ചേര്‍ന്ന് നിര്‍വാണം പ്രാപിക്കുന്ന ആ ധ്യാനമുഹൂര്‍ത്തത്തെ അടയാളപ്പെടുത്തിവെക്കുന്നതിനെ എന്തിനാണ് ഇത്രയേറെ ഭയക്കുന്നത്? 

Follow Us:
Download App:
  • android
  • ios