'കാമാഖ്യ' എന്ന നോവലിലൂടെയാണ് പ്രദീപ് ഭാസ്‌കര്‍ എന്ന എഴുത്തുകാരന്‍ ചര്‍ച്ചകളില്‍ സജീവമാകുന്നത്. കാമത്തിന്റെ ആഖ്യായികയാണ് 'കാമാഖ്യ'. 'കാമസൂത്ര' എഴുതുന്നതിനു മുമ്പുള്ള വാത്സ്യായനനെ തേടിയുള്ള ഭാവനാസഞ്ചാരം. കെട്ടുകഥ. എന്നാല്‍, കാല്‍പ്പനികതയുടെ കഥാപരിസരം ഒരുക്കിയശേഷം, പരസ്പരബന്ധമില്ലെന്നു തോന്നാവുന്ന 40 കഥകള്‍ ചേര്‍ത്തുവെച്ച്, ജീവിതത്തിന്റെ ആഴങ്ങളില്‍ ഖനനം ചെയ്യുകയാണ് കാമാഖ്യ. ആനന്ദത്തിലേക്കും സത്യത്തിലേക്കുമുള്ള വഴിദൂരങ്ങളാണ് അതളക്കുന്നത്. ആഗ്രഹങ്ങളുടെയും ആഗ്രഹപൂര്‍ത്തീകരണങ്ങളുടെയും സമാഹാരമെന്ന് വേണമെങ്കില്‍ ലളിതമായി അതിനെ വായിക്കാം. പൗരാണികമായ മറ്റൊരു കാലത്തിന്റെ, ദേശത്തിന്റെ കഥ എന്ന മട്ടില്‍ കാണാം. എന്നാല്‍, പുരാണകഥയുടെ ഒറ്റയടിപ്പാതയില്‍ ഫിക്ഷന്‍ ഓട്ടം നിര്‍ത്തുന്നില്ല. സമകാലീനതയെ സൂക്ഷ്മമായി ചെന്നുതൊടുന്നുണ്ട് ഈ നോവല്‍. നമ്മുടെ കാലത്തെയും എക്കാലത്തെയും മനുഷ്യരുടെ ആനന്ദന്വേഷണങ്ങളുടെ, സന്ദേഹങ്ങളുടെ അടിക്കുറിപ്പായി അത് മാറുന്നു.

 

 


കൊമ്പുകള്‍ താഴേക്കൂര്‍ത്തിയിട്ട്
ഉച്ചിയില്‍നിന്ന് പൊട്ടിമുളച്ച വേരുകള്‍
മണ്ണിലേക്കൂന്നിപ്പിടിച്ച് 
കൂനിക്കൂടിനില്‍ക്കുന്ന 
വയസ്സേറിച്ചാവാറായ ആല്‍മരം

അതിന്റെ
ഏറ്റവുമധികമിലയുള്ള ഭാഗത്തൊരു
കാക്കക്കൂട്

മരക്കൊമ്പുകളില്‍ നിന്നൂര്‍ന്നിറങ്ങുന്ന
പാല്‍നിറമുള്ള അമൃതുവള്ളികള്‍

തലകീഴായി ഞാന്നുകിടക്കുന്ന
ചെങ്കണ്ണന്‍ നരിച്ചീറുകള്‍
ഉറക്കത്തില്‍ ഞെട്ടുന്ന
അവയുടെ കീകീ വിളികള്‍

കടംകേറിക്കേറി
തലക്കുമുകളിലെത്തിയ 
ഒരുനാള്‍
ഒരാള്‍
ആരോരുമറിയാതെ
തൂങ്ങിച്ചത്തതിന്റെ
പേടിതൂങ്ങുന്ന സന്ധ്യകള്‍

യക്ഷിഗന്ധര്‍വ്വന്മാര്‍ കൂത്താടുന്ന
രാത്രികള്‍

താഴെ, കരിയിലകള്‍ക്കടിയില്‍
പാമ്പുകള്‍, പഴുതാരകള്‍
ചൊകചൊകപ്പന്‍ ഞാഞ്ഞൂളുകള്‍
കറുകറുത്ത തേരട്ടകള്‍
പിന്നെയുമൊരുപാട് കുഞ്ഞുപ്രാണികള്‍

ഒന്നിരിക്കാന്‍പോലും നേരമില്ലാതെ
കൊമ്പുകളില്‍ ഓടിച്ചാടിത്തിമര്‍ക്കുന്ന
കാറ്റിന്റെ കുഞ്ഞുങ്ങള്‍

ചാവടുത്തതിന്റെ സൂചനയാകും
പെട്ടെന്നൊരു ദിവസം 
ആലതിന്റെ എല്ലായിലകളും പൊഴിച്ചു

വറ്റിവരണ്ട പാടത്ത്
ഇറ്റുവെള്ളം പോലും കിട്ടാതെ
ചത്തുവീണ പശുവിന്റെ
അസ്ഥികൂടം കണക്കാല്‍മരം

വെയിലേറില്‍ ചുട്ടുപഴുത്ത്
വെട്ടുകൊണ്ടപോല്‍ വിള്ളല്‍ വീണ 
അതിന്റെ തൊലിപ്പുറം

പാല്‍നിറമുള്ള വള്ളികള്‍
കരിഞ്ഞുണങ്ങിയതിന്റെ പിറ്റേന്ന്
നരിച്ചീറുകള്‍ മരംവിട്ടു 

കുഞ്ഞുങ്ങളൊന്ന് 
ചിറകുറച്ചു പറക്കട്ടെ എന്നോര്‍ത്താണ്
പൊരിവെയിലിലും, കാക്ക മാത്രം 
കൂടൊഴിയാതെ കടിച്ചുപിടിച്ചുനിന്നു

അവരുമൊഴിഞ്ഞ ദിവസം
നിശ്ശബ്ദതയില്‍ക്കുളിച്ച
ഒരതിപുരാതനശില്‍പമായി
വയസ്സത്തിയാല്‍മരം

അധികമകലെയല്ലായിരുന്നു
തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന
ചുറുചുറുക്കുള്ള പടുകൂറ്റന്‍ പ്ലാവ്

നിറയെ ഇലകള്‍
വെയിലില്‍ വെട്ടിത്തിളങ്ങുന്ന
അവയുടെ കരിംപച്ച നിറം

ഒരുതുള്ളി വെയില്‍പോലും
താഴേക്കു പതിക്കാത്ത
ഒരു നൂലിഴ മഴപോലും
താഴേക്കൊലിക്കാത്ത
ആകാശത്തോളം വിടര്‍ന്ന പച്ചക്കുട

അണ്ണാനുകളുടെ 
രാജ്യമായിരുന്നു അത്

പിന്നെയുണ്ടായിരുന്നത് നീറുകളാണ്

ഊതിവീര്‍പ്പിച്ച ബലൂണുകളെപ്പോല്‍
ഇലകള്‍ക്കിടയില്‍ ഞാന്നുകിടക്കുന്ന
പച്ചപ്ലാവിലകള്‍ കൂട്ടിത്തുന്നിയ
അവയുടെ ഒച്ചയനക്കമില്ലാത്ത കൂടുകള്‍

പലനിറത്തിലുള്ള ചിറകുകളുള്ള
പലഭാഷകളില്‍ പാട്ടുപാടുന്ന
പലദേശക്കാരായ നിരവധി കിളികള്‍
വിരുന്നുവരാറുണ്ടായിരുന്നു

ആല്‍മരത്തിന്റെ 
തകര്‍ന്നടിഞ്ഞ വിശാലതയില്‍ നിന്ന്
ഗതിയില്ലാതിറങ്ങിപ്പോന്ന നരിച്ചീറുകളാണ്
ആദ്യമവിടേക്ക് കുടിയേറിയത്

ഇലകളുടെ നിഴല്‍പോലെ
അവയുടെ ഊഞ്ഞാലാട്ടം

പിന്നീടാണ്, കാക്കകള്‍
തേടിപ്പിടിച്ചവിടേക്കെത്തിയത്

മേലാകെയിളക്കിക്കുടഞ്ഞ്
വാലുയര്‍ത്തി വിറപ്പിച്ചുകൊണ്ടുള്ള
അണ്ണാനുകളുടെ ചില്‍ചിലാരവവും
കാക്കകളുടെ
കൂര്‍ത്തുമൂര്‍ത്ത കൊക്കെയ്തു വിടുന്ന
ക്രാക്രാ വിളികളും ചേര്‍ന്ന ജുഗല്‍ബന്ദി 
പ്ലാവിന്റെ പുതിയ ദേശീയഗാനമായി മാറി

കോലമിട്ട വീട്ടുമുറ്റത്തെയോര്‍മ്മിപ്പിച്ചു
കാക്കത്തീട്ടം വീണ പ്ലാവിന്‍ചോട്

കുമ്മായമടിച്ചിട്ടും വെളുക്കാത്ത 
പായല്‍ പിടിച്ച ചുവരുള്ള
വീടിനെയോര്‍മ്മിപ്പിച്ചു
കാക്കത്തീട്ടത്തില്‍ക്കുളിച്ച പ്ലാവിന്‍തടി

വല്ലപ്പോഴുമൊക്കെ പ്ലാവിലേക്ക്
പൊത്തിപ്പിടിച്ചു കേറിയിരുന്ന
ഓന്തുകളാണ് ശരിക്കും പെട്ടുപോയത്

ഇതിപ്പോള്‍ ഏതുനിറത്തിലേക്ക്
പകര്‍ന്നാടുമെന്നറിയാതെ
കുറച്ചുനേരം അന്തംവിട്ടുനിന്ന്
കിതപ്പോടെ തിരിച്ചൂര്‍ന്നിറങ്ങി
ആ മരംവിട്ടു വേറെ മരംതേടി
അവ പോകുന്നതു കണ്ടാല്‍
ആരും വാപൊത്തിച്ചിരിച്ചുപോകും

അങ്ങനെയിരിക്കേ
വെയില്‍ച്ചൂടൊഴിഞ്ഞു പോയിരുന്നു
കാറ്റിന്‍കുഞ്ഞുങ്ങള്‍ക്ക്
കുസൃതിയിത്തിരി കൂടിയിരുന്നു

ഇടക്കിടക്കിടിവെട്ടിനോടൊപ്പം
ഒരുകുടുന്ന വെള്ളം വീശിയെറിഞ്ഞ്
മണ്ണിനെയുണര്‍ത്താന്‍ നോക്കുന്നുണ്ടായിരുന്നു
പിടിവിട്ട ആകാശം

മഴയിരമ്പത്തിന്റെ പാട്ടുകേട്ട്
ഇലകളില്‍ 
തുള്ളികളിടിച്ചിറങ്ങുന്നതിന്റെ താളം കേട്ട്
തണുപ്പുസഹിക്കാതെ ചിറകുപുതച്ച്
മടിപിടിച്ച കാക്കകള്‍ 
തീറ്റപോലും വേണ്ടെന്നുവെച്ച്
കൂട്ടില്‍ത്തന്നെ കൂടിയ കാലമായിരുന്നു

ചേറില്‍ 
പുളച്ചുകുത്തുന്ന ഞാഞ്ഞൂളുകളുടെ
ശബ്ദമില്ലാത്ത ആഘോഷം

കാറ്റില്‍
വെള്ളംവീണു ചീഞ്ഞ കരിയിലകളുടെ
പേരില്ലാമണം

ആദ്യം മുളച്ചത്
പ്ലാവിന്‍തൈകളായിരുന്നു

അതങ്ങനെതന്നെ വേണമല്ലോ

തൊട്ടുപുറകേ വന്നൂ
അണ്ണാനുകളുടെ പൊത്തില്‍നിന്ന് 
കടിവിട്ടു തെറിച്ചുവീണ 
മാങ്ങാണ്ടികള്‍, കശുവണ്ടികള്‍

കരിഞ്ഞുപൊടിഞ്ഞ
പ്ലാവിലകള്‍ക്കടിയില്‍ നിന്ന്
കാക്കത്തീട്ടത്തില്‍പ്പൊതിഞ്ഞ അവ
മഴേ മഴേയെന്ന് കൂക്കിവിളിച്ചാണ്
ഇലകളാട്ടിയുയര്‍ന്നു വന്നത്

പിന്നെയൊരു കോവലമായിരുന്നു

അടുത്തെവിടെയോ ഉള്ളൊരു
വീട്ടില്‍ നിന്ന് തിന്നതാണ് 
പഴുത്ത കോവലത്തിന്റെ ആ കായ

തള്ളക്കാക്കയുടെ 
തീട്ടത്തില്‍ നിന്നാണത് 
മുളച്ചു ജനിച്ചത്

ഇലകള്‍ കാട്ടി, തണ്ടു നീട്ടി
പ്ലാവിനെ കെട്ടിപ്പിടിച്ച്
അത് മുകളിലേക്കരിച്ചുകേറി

അടുത്തതൊരു പേരയായിരുന്നു

അതൊന്നും മിണ്ടാതെ
തലയുയര്‍ത്തി നിന്നു

പിന്നെയൊരത്തി

കുഞ്ഞിക്കാക്കയുടെ
തീട്ടത്തില്‍ നിന്നുണര്‍ന്ന അത്
സ്ഥലകാലബോധമില്ലാതെ
ആര്‍പ്പുവിളികളോടാര്‍ത്തുതളിര്‍ത്തു

ചൊകചൊകപ്പന്‍ നിറംകണ്ടു മയങ്ങി
കൊത്തിക്കൊണ്ടു വന്നതാണ്,
രുചിച്ചപ്പോള്‍ എരിവുസഹിക്കാതെ 
തെറികൂട്ടിത്തുപ്പിയെറിഞ്ഞ
ആ കുരുമുളക്

ആരോ
അളിപ്പായയിലുണക്കാനിട്ട 
ഇഞ്ചി
മഞ്ഞള്‍
പുളിങ്കുരു

ചപ്പി വലിച്ചെറിഞ്ഞ
മാതളത്തിന്‍കുരു
മുന്തിരി
നാരങ്ങ

ഏതോ ഹോട്ടലിന്റെ
അടുക്കളയില്‍ നിന്ന്
കാക്കക്കണ്ണിനെ കാവല്‍നിര്‍ത്തി
ആരോരുമറിയാതെ റാഞ്ചിയെടുത്ത
പടവലം
മത്തന്‍
കുമ്പളന്‍

അങ്ങനെയങ്ങനെ
വിഴുങ്ങിയിട്ടും ദഹിക്കാത്ത 
കൊണ്ടുവന്നിട്ടും രുചിക്കാത്ത
എത്രയെത്ര 
മൂത്തുകടുത്ത വിത്തുകള്‍ 

മഴയപ്പോഴും
കനത്തു നില്‍ക്കുകയായിരുന്നു

ആരവങ്ങളൊടുങ്ങിയനാഥമായ
ആല്‍മരത്തടിക്കുള്ളില്‍
ചിതലുകളുടെ 
ആയിരക്കണക്കിന് മുറികളുള്ള
പടുകൂറ്റന്‍ കൊട്ടാരമുയര്‍ന്നിരുന്നു

വീശിയടിക്കുന്ന കാറ്റിന്റെയൂത്തില്‍
ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍

കണ്ണില്‍ 
സൂചി തറക്കുന്നപോലൊരു വെളിച്ചം
മണ്ണിലേക്ക് ചൂഴ്ന്നിറങ്ങിയതു മാത്രമേ
ഓര്‍മ്മയുള്ളൂ

നടുവൊടിഞ്ഞ്
ചെളിയിലേക്കാര്‍ത്തലച്ചു വീണ
ആല്‍മരം

വായുവില്‍ വിതറിയ പൂമ്പൊടി പോല്‍ 
ആകാശത്തേക്കെറിയപ്പെട്ട ചിതല്‍പ്പറ്റം

പ്ലാവിന്‍ചോട്ടിലെ കാട്ടില്‍ നിന്നപ്പോള്‍
ഉയര്‍ന്നുകേള്‍ക്കാനായി
ചീവീടുകളുടെ കാതടപ്പിക്കുന്ന സിംഫണി

 

 

പ്രദീപ് ഭാസ്‌കര്‍ എഴുതിയ കവിതകള്‍, കഥകള്‍, ലേഖനം

സ്‌നേഹവും പ്രണയവുമൊക്കെ അഭിനയിച്ചു ഫലിപ്പിക്കാന്‍  ശേഷിയുള്ള ഒരേയൊരു ജീവി മനുഷ്യനാണ് 

മരിച്ചവരെക്കുറിച്ച് പറയുമ്പോള്‍ അയാള്‍, പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ 

അതിര്‍ത്തികള്‍ വരക്കുന്നതിനെക്കുറിച്ചുള്ള അപൂര്‍ണ്ണമായ  ഒരു തിരക്കഥ, പ്രദീപ് ഭാസ്‌കര്‍ എഴുതിയ കവിത 

വേട്ട, പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ