ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. മരക്കാരന്‍, സുരേന്ദ്രന്‍ കാടങ്കോട് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

-ഒരു രാത്രി-

അവസാനത്തെ ബസ് കിട്ടാതെ വന്നപ്പോള്‍
അയാള്‍ പുഴക്കരയിലേക്കുതന്നെ നടന്നു
പഴയ കെട്ടിടത്തിന്റെ ചുമരില്‍
കരിക്കട്ടകൊണ്ട് മരക്കാരന്‍ എന്ന്
വലുതായി എഴുതിയിട്ടുണ്ട്.
ഒന്നുരണ്ടു നിരപ്പലക മാത്രമെടുത്ത്
ഇരുട്ടിലേക്ക് കാലെടുത്തു വച്ചു
കായസഞ്ചി മേശക്കുള്ളിലേക്ക് തിരുകി
ബനിയനിട്ട് പുറത്തിറങ്ങി.

മുന്നില്‍, വലിച്ചു കിടത്തിയ
നീണ്ട ഭീമാകാരമായ തടിപോലെ പുഴ!

കൂട്ടിവെച്ച മരത്തടികള്‍ക്കു മുകളില്‍
മരക്കാരന്റെ ഒരു രാത്രി !

ഇരുട്ട് കട്ടപിടിച്ചെണീക്കുമ്പോള്‍
അഴിമുഖത്ത് വെളിച്ചത്തിന്റെ പൊട്ടുകള്‍
വെള്ളപ്പൂക്കള്‍പോലെ എത്തിനോക്കുന്നു.
രാത്രിയിലാണ് പുഴയും കടലും
ഉടുപ്പുകള്‍ അഴിച്ചുവെക്കുന്നത്.
ആകാശത്തെങ്ങോ ഉള്ള
വലിയ മരത്തില്‍ നിന്നും
ആരോ വെട്ടിവീഴ്ത്തുന്ന ശിഖരങ്ങള്‍ പോലെ
കൊള്ളിമീനുകള്‍ കടലിലേക്ക് കൂപ്പുകുത്തുന്നു
അവയായിരിക്കുമോ അതിലെ മീനുകള്‍ ?!

-കിളിയും പൊതിയും-

മയക്കത്തിന്റെ
അങ്ങേ ചില്ലയിലെത്തിയപ്പോള്‍
ഒരു തേങ്ങല്‍ കേട്ടു.
മരക്കാരന്‍ പറന്നെണീറ്റു
പുഴയില്‍ നിന്നല്ല
കടലില്‍ നിന്നല്ല
ആകാശത്തു നിന്നല്ല,
വലിയൊരു ആഞ്ഞിലിത്തടി
തൊട്ടരികില്‍ നിന്ന്!
കടലിരമ്പത്തിന് കൊടുക്കാതെ
മരക്കാരന്‍ കാതു മാറ്റിവെച്ചു.

ആഞ്ഞിലിയെ തൊട്ടുകിടന്ന
ഒരു തേക്കുതടിക്കാതലില്‍
തണുപ്പാര്‍ന്ന വാക്കു പൂത്തു:

മുറിവില്‍ നിന്ന്
നീരിറ്റി വീഴുന്നവരാണീ കിടക്കുന്നത്
കരയാനറിയാഞ്ഞിട്ടല്ല
എങ്കിലും കേള്‍ക്കട്ടെ നിന്റെ വേദന?

എന്നെക്കുറിച്ച് ഞാന്‍ വിചാരിച്ചിട്ടേയില്ല
വെട്ടി വീഴ്ത്തുന്നതിന്‍ മുമ്പൊരു കിളി
ചില്ലയില്‍ വന്നിരുന്നു
ഏതോ ഇലയില്‍ പൊതിഞ്ഞതൊന്ന് വച്ചിരുന്നു
നോക്കണേ... കാക്കണേ ദാ...വന്നെന്നു ചൊല്ലി
പറന്നകന്നതാണ്
ആഞ്ഞിലി വാക്കു മുറിച്ചിട്ടു.

എന്നിട്ട്?

വെട്ടേല്‍ക്കുമ്പോള്‍ ഇലകള്‍ കൂപ്പി യാചിച്ചിരുന്നു
അക്കിളിയൊന്ന് വന്നോട്ടേയെന്ന്,
ആകാശത്തു നിന്നടരുമ്പോള്‍
ആ പൊതിയൊന്നു താങ്ങാന്‍ ശ്രമിച്ചതാണ്
ഏത് വള്ളിപ്പടര്‍പ്പിലേക്കാണത് തെറിച്ചുപോയത്!

എന്തായിരുന്നു അത്?

അറിയില്ല
നല്ല തിളക്കമുണ്ടായിരുന്നു.
സ്വപ്നത്തില്‍ പക്ഷിയുടെ കരച്ചില്‍
അതെന്റെ മുറിവില്‍ കൊത്തുന്നു.
ഒന്നു പോയിവരാന്‍ പറ്റില്ലല്ലോ!
തടി കരഞ്ഞു.

-വനയാത്ര-

അദ്ഭുതത്തിന്റെ കുറ്റന്‍തടി ഹൃദയത്തിലേറ്റി
ആഞ്ഞിലി തേക്കിനോട് പറഞ്ഞ വഴിയിലൂടെ
മരക്കാരന്‍ നടന്നു.

കാടിന് പകലെന്നോ രാത്രിയെന്നോയില്ല
കടല്‍ക്കരപോലെ അതും
നിശബ്ദതയെ പൂഴ്ത്തിവെക്കുന്നു
ജലത്തിന്റെ വിസ്താരമല്ല കടല്‍
കാട് മരത്തിന്റെയും.
മരം വീഴ്ത്തുന്ന തണലില്‍
കാട് വളരുന്നുവെന്ന് മാത്രം.

മുളങ്കാടുകള്‍ കടന്ന്
ആഞ്ഞിലി മരങ്ങളുടെ കൂട്ടത്തിലെത്തി.
സൂര്യനെ മറയ്ക്കുന്ന പച്ചത്തലപ്പിലേക്ക്
മരം പറഞ്ഞ അടയാളമുള്ള
പക്ഷിയെ മരക്കാരന്‍ തിരഞ്ഞു.
കരിയിലകള്‍ക്കിടയില്‍,
വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍,
ഒരു പൊതിത്തിളക്കം കാണുന്നുണ്ടോ?

അയാള്‍ പഴങ്ങള്‍ പറിച്ചു വിശപ്പടക്കി
തേനീച്ചക്കൂടടര്‍ത്തി വാ തുറന്നു
ഇമവെട്ടാതെ കാടിന്റെ
ആഴങ്ങളിലേക്ക് നടത്തം തുടര്‍ന്നു.

പുഴക്കരയിലെ
പൊട്ടിപ്പൊളിഞ്ഞ കെട്ടിടം
കാടുപിടിച്ചു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...