Asianet News MalayalamAsianet News Malayalam

ഏകാന്തതയെനിക്ക് ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു, ഏട്ടനെപ്പോലെ അതെനിക്ക് കൂട്ടായിനിന്നു...

പിന്നാലെ തോട്ടുവക്കിൽനിന്നൊരു അരിപ്പൂച്ചെടിയുടെ നേർത്ത മുള്ളുകളുള്ള കൊമ്പ് ഓടി വന്ന് എന്‍റെ കാൽവണ്ണയിൽ കെട്ടിപ്പിടിച്ച്  തലോടി. (ആ ചുണ്ടിണപ്പാടുകൾ ഏറെനാൾ വളകൾ പോലെ കാലുകളിൽ കരുവാളിച്ച് കിടന്നു.) 

memories of loneliness venu kallar writes
Author
Thiruvananthapuram, First Published Jul 21, 2020, 12:49 PM IST

1978 -ൽ ഞങ്ങൾ അരയാർ പള്ളം കുന്നിൽ അച്ഛൻ  വാങ്ങിയ ഭൂമിയിൽ പണിത ചെമ്മണ്ണ് അടിച്ചുറപ്പിച്ച തറയിൽ തൈലപ്പുല്ല് എന്ന തെരുവപ്പുല്ലിന്‍റെ ടെറസിട്ട കുടിലിലേക്ക് താമസം മാറ്റി. അപ്പോഴും എന്‍റെ ട്രൗസറിന്‍റെ വള്ളിയിൽ പിടിച്ചുതൂങ്ങി ഏകാന്തത ഒപ്പം കൂടി.

memories of loneliness venu kallar writes

"ഒരുവൻ ഏകാന്തനാവുന്നത് അവൻ തനിച്ചായിരിക്കുമ്പോൾ മാത്രമല്ല,  മറ്റുള്ളവർ തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന തോന്നലുണ്ടാകുമ്പോൾ കൂടിയാണ്..."  -വായനശാല പ്രവർത്തനകാലത്ത് ഞങ്ങളുടെ സംഘം നിരവധി മത്സരവേദികളിൽ അവതരിപ്പിച്ച, ഹിറ്റ്ലറെ പ്രതീകാത്മക കഥാപാത്രമാക്കി അൽബേർ കാമു രചിച്ച,   കലി ഗുല എന്ന നാടകത്തിലെ ചെറിയ എന്ന കഥാപാത്രം ഈ സംഭാഷണമുരുവിട്ട് വാതിൽപ്പാളികകളടർന്ന ജാലകപ്പഴുതിലൂടെ എന്നെ കുട്ടിക്കാലത്തെ ഏകാന്തതയിലേക്ക് വിളിച്ചുകൊണ്ടുപോയി. (മാലക്കല്ലിൽ ചാരായഷാപ്പ് ജീവനക്കാരനായിരുന്ന തൃശൂരിലെ സുരേഷ് ഒറ്റാലിയാണ് ഞങ്ങൾക്കു വേണ്ടി കലി ഗുല നാടകം സംവിധാനം ചെയ്യുകയും ചില വേദികളിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും ചെയ്‍തത്.)     
   
കൊവിഡ് കാലത്ത് പ്രവാസികൾ അനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ച്, മരുഭൂമിയുടെ ആത്മകഥാകാരൻ വി. മുസഫർ അഹമ്മദിന്റെ വാക്കുകൾ കേട്ടപ്പോഴാണിത്.  യാത്രയെഴുത്തുകാരനും സഹോദരതുല്യനായ ചങ്ങാതിയുമായ മുസഫർ ഓൺലൈൻ റേഡിയോ പ്രഭാഷണത്തിലാണ് പ്രവാസികളുടെ കൊവിഡ് കാല ഏകാന്തതയെക്കുറിച്ചു പറഞ്ഞത്. സോപ്പിട്ട് കൈകഴുകി ഹസ്‍തദാനം നടത്തിയും ഉഛ്വാസവായു കൂട്ടിമുട്ടാതെ, അകലം പാലിച്ച് സംസാരിച്ചും കൊവിഡ് കാല മനുഷ്യർ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രത്യേക ഭാഷയെക്കുറിച്ചാണ് ഒരേമുറിയിലെ താമസക്കാരായ സുഹൃത്തുക്കളുടെ അനുഭവങ്ങളെ തൊട്ടുനിന്ന് മുസഫർ പറഞ്ഞുവെച്ചത്. 

കുട്ടിക്കാലം മുതൽ ഏകാന്തത എനിക്ക് ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു. ദു:ഖങ്ങളിൽ, കരച്ചിൽ മറ്റാരും കേൾക്കാതിരിക്കാൻ മഴയൊച്ചയുടെ  മറ താഴ്ത്തിയിട്ടും കാറ്റുവന്ന്‌ പേടിപ്പിക്കുമ്പോൾ പാട്ടുപാടി കേൾപ്പിച്ചും ഏട്ടനെപ്പോലെ അതെനിക്ക് കൂട്ടായിനിന്നു. പാലക്കാട്ടുകാരനായിരുന്ന, തമിഴ് ബ്രാഹ്മണൻ മണിയൻ പട്ടർ എന്ന മണിസ്വാമിയുടെ കള്ളാർ ചുള്ളിയോടിയിലെ കൃഷിയിടത്തിനോടുചേർന്ന് പണിത വീട്ടിലായിരുന്നു 1974-78 കാലത്ത് ഞങ്ങൾ താമസിച്ചിരുന്നത്, എന്‍റെ പ്രൈമറി സ്‍കൂൾ പഠനകാലം. വൈകിട്ട് ഞാൻ സ്‍കൂൾ വിട്ടെത്തുമ്പോൾ ഞാറ് നടാനോ കൊയ്യാനോ പോയിരുന്ന അമ്മയും കൂലിപ്പണിക്ക് പോയിരുന്ന അച്ഛനും വീട്ടിലുണ്ടാകാറില്ല.  

ഓടുകൾ പൊട്ടി ചോർന്നൊലിക്കുന്ന മേൽക്കൂരയിൽ പന്തലിടാനെത്തുന്ന കരിയിലകളോടും കാഞ്ഞങ്ങാട്ടേക്കു മീൻ വാങ്ങാൻ പോയി മടങ്ങും വഴി വിശന്നു വയറൊട്ടി വെള്ളം കുടിക്കാനെത്തുന്ന കാക്കകളോടും വർത്തമാനം പറഞ്ഞ് മുറ്റത്തേക്ക് മഞ്ഞവെയിൽ കളിക്കാനെത്തുന്നതുവരെ ഞാൻ കാത്തിരിക്കും. പിന്നെ നോട്ടുപുസ്‍തകത്താളുകൾ ചീന്തിയെടുത്ത് കിനാക്കപ്പലുകൾ പണിതും, ഉണ്ടയില്ലാതെ വെടിയുതിർക്കുന്ന കൈത്തോക്കുകൾ നിർമ്മിച്ചും നേരംപോക്കും. 

ചിലപ്പോൾ അയൽപക്കത്തെ അന്തുമായിച്ചയുടെ മക്കളായ സെയ്‍ദ എന്ന ഷഹീദ, അയിഷ, ഇവരുടെ കുഞ്ഞനിയനായിരുന്ന മമ്മൂഞ്ഞി എന്ന മുഹമ്മദ് കുഞ്ഞി എന്നിവരോടൊപ്പം കളിക്കാൻ പോകും. സമീപവാസികളായ നാസർ, സഹോദരി ജമീല, ബന്ധുവായ കുഞ്ഞാമി എന്നിവരും കൂട്ടുകാരായി ഉണ്ടാകും. മഴയുടെ തോളിൽ കൈയിട്ടെത്തുന്ന സന്ധ്യയോടൊപ്പമാണ് അമ്മ തിരിച്ചെത്തുക. ഒരുദിവസം അമ്മ വരുമ്പോൾ ഞാൻ വഴിയിലേക്ക്‌ ഓടിയെത്തി. ഓട്ടത്തിനിടെ ഞാൻ കാലിടറി വീണു. തോട്ടുവക്കിൽ മുനകൂർപ്പിച്ചു കിടന്നിരുന്ന കരിങ്കല്ല് എന്‍റെ നെറ്റിയിൽ ഉമ്മ വെച്ചു. ചോര ചീറ്റിയൊഴുകി. (അതിന്‍റെ അടയാളം ഇപ്പോഴും നെറ്റിയിലുണ്ട്.) 

പിന്നാലെ തോട്ടുവക്കിൽനിന്നൊരു അരിപ്പൂച്ചെടിയുടെ നേർത്ത മുള്ളുകളുള്ള കൊമ്പ് ഓടി വന്ന് എന്‍റെ കാൽവണ്ണയിൽ കെട്ടിപ്പിടിച്ച്  തലോടി. (ആ ചുണ്ടിണപ്പാടുകൾ ഏറെനാൾ വളകൾ പോലെ കാലുകളിൽ കരുവാളിച്ച് കിടന്നു.) അമ്മ തോട്ടുവക്കിലെ തെങ്ങിൻതൈയുടെ കവിളിൽ നിന്നൊരു വെളുത്ത പൊടിനഖം കൊണ്ട് ചുരണ്ടിയെടുത്ത് മുറിവിൽവെച്ചു തന്നു. കരഞ്ഞ് കണ്ണുകലങ്ങിയ ആകാശം അപ്പോഴേക്കും എന്‍റെ മുഖം പോലെ ചുവന്നു. കപ്പൽ പലകകളും വെടിച്ചില്ലുകളും വീട്ടകം നിറച്ചിരുന്നു. സങ്കടവും ദേഷ്യവും ചേർത്തരച്ച് പലഹാരമാക്കി, വൈകിട്ടത്തെ ചായക്കൊപ്പം അമ്മ എനിക്കത് വിളമ്പി. അതിന്റെ ചൂടുംമണവും രാത്രി വൈകുംവരെയുണ്ടായി. അക്കാലത്ത് വൈകിട്ടത്തെ ചായ ആഗ്രഹം മാത്രമായിരുന്നു. തലേന്ന് രാത്രിയോ ഉച്ചക്കോ ബാക്കിവന്ന ചോറായിരിക്കും മിക്കവാറും വൈകിട്ടത്തെ വിഭവം. ചിലപ്പോളത് ഉണക്കിവെച്ച വാട്ടുകപ്പ ഉപ്പിട്ട് വേവിച്ചതായിരിക്കും. അതിന് കറിയൊന്നുമുണ്ടാകാറില്ല.  

1978 -ൽ ഞങ്ങൾ അരയാർ പള്ളം കുന്നിൽ അച്ഛൻ  വാങ്ങിയ ഭൂമിയിൽ പണിത ചെമ്മണ്ണ് അടിച്ചുറപ്പിച്ച തറയിൽ തൈലപ്പുല്ല് എന്ന തെരുവപ്പുല്ലിന്‍റെ ടെറസിട്ട കുടിലിലേക്ക് താമസം മാറ്റി. അപ്പോഴും എന്‍റെ ട്രൗസറിന്‍റെ വള്ളിയിൽ പിടിച്ചുതൂങ്ങി ഏകാന്തത ഒപ്പം കൂടി. പിന്നീട് പൂടം കല്ലിലെ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത്  ഇല്ലായ്‍മ ചേർത്ത് ചവിട്ടിക്കുഴച്ച്, ചെമ്മണ്ണിൽ വാർത്തെടുത്ത, ഇഷ്‍ടികകൾ അടുക്കിവെച്ച് പണിത വീട്ടിലേക്കു മാറിയപ്പോഴും അത് വളർത്ത് നായയെപ്പോലെ എന്നെ വിടാതെ പിന്നാലെ വന്നു. 

ഇരുട്ടും ഏകാന്തതയും ചേർത്തുകുഴച്ച് തേച്ചുമിനുക്കിയ ചുമരുകൾക്കുള്ളിൽ മറ്റാരും കൂട്ടിനില്ലാതെ മുനിയെപ്പോലെ, മൗനിയായിരുന്നു ഞാൻ മണിക്കൂറുകൾ തള്ളി നീക്കി. മൺചുമരിൽ, ഇരുമ്പാണികൾ താങ്ങിനിർത്തിയ തകരത്തട്ടിനെ ഇരിപ്പിടമാക്കിയ കുറച്ചു പുസ്‍‍തകങ്ങൾ മാത്രമായിരുന്നു കൂട്ട്. അച്ഛന്‍റെ അകന്ന ബന്ധുവായ കിട്ടേട്ടന്‍റെ കടയിൽ കച്ചവടം നിർത്തിയപ്പോൾ ഒഴിവാക്കിയ, സ്റ്റേഷനറി സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന തകരത്തട്ട് ഞാൻ സ്വന്തമാക്കിയതാണ്. തകരത്തകിടുകളിൽ ദ്വാരമിട്ട് ഉണ്ടാക്കിയ ബലം കുറഞ്ഞ അലമാര പോലൊരു തട്ടാണത്.  

ഗുരുവായൂരിൽ രക്ഷിതാക്കൾ കൈവിട്ടതിനാൽ കോഴിക്കോട്ടെ പുസ്‍തച്ചന്തയിൽ നിന്നും എന്നോടൊപ്പം ഓടിപ്പോന്ന ശിഖ ത്രൈമാസ പുസ്‍തകത്തിന്റെ രണ്ട് സന്തതികൾ, കൊടുംപീഡനമേറ്റ് ഉടലാകെ വിണ്ടുകീറിയ സിവിക് ചന്ദ്രന്‍റെ തടവറക്കവിതകൾ, നാഗർകോവിലിലെ പുളിമരത്തണലിൽനിന്ന് ആറ്റൂർ രവിവർമ്മ കൂട്ടിക്കൊണ്ടുവന്ന് വടകരയിൽ താമസിപ്പിച്ച സുന്ദര രാമസ്വാമിയുടെ അരുമയായ ജെ.ജെ ചില കുറിപ്പുകൾ, ലാറ്റിനമേരിക്കൻപോരാളികളുടെ വിയർപ്പും വെടിമരുന്നും മണക്കുന്ന സച്ചിദാനന്ദന്‍റെ തെരഞ്ഞെടുത്ത കവിതകൾ, കാഞ്ഞങ്ങാട്ടെ ലൈബ്രറിയിൽ നിന്ന് എന്നോടൊപ്പം വിരുന്നുവന്ന് തിരിച്ചു പോകാതെ ഒളിച്ചിരുന്ന ആനന്ദിന്‍റെ ആൾക്കൂട്ടം, കോഴിക്കോട് നാലാംഗേറ്റിലെ നളന്ദയിൽ നിന്ന് ബീഡിപ്പുക ചൂടി തോൾസഞ്ചിയിൽ കയറിക്കൂടിയ ഒഡേസ ജേണൽ, മുഷിഞ്ഞ ഒറ്റമുണ്ടുടുത്ത പാഠഭേദത്തിന്‍റെ പതിപ്പുകൾ, 

ഇവരെല്ലാം പുസ്‍തകത്തട്ടിന്‍റെ ദ്വാരങ്ങളിലൂടെ എന്നെ ഒളിഞ്ഞുനോക്കി ചൂളം വിളിച്ചു. റസാഖ് കോട്ടക്കലിന്‍റെ സ്റ്റുഡിയോയിൽ ഫോട്ടോ പ്രിന്‍റുകൾ കഴുകാൻ ഉപയോഗിച്ചിരുന്ന ഹൈപ്പോ ദ്രാവകം തേച്ച് വെളുപ്പിച്ച പല്ലുകളുമായി ജോൺ എബ്രഹാമും പഴയൊരു കടലാസ് ഇന്ത്യൻ ഇങ്ക് ഉപയോഗിച്ച് പതം വരുത്തി ഞാൻ കൊത്തിയെടുത്ത ഭഗത് സിംഗും ചുമരിൽ ചേർന്നിരുന്ന് എന്നോട് ചിരിച്ചുകൊണ്ടിരുന്നു.

മൺചുമരിൽ പേടിച്ച് വിറച്ച് പിടിച്ചു നിൽക്കുന്ന മരജനാല അടർന്നു വീഴാതിരിക്കാൻ കമ്പിയിട്ട് വലിച്ചുകെട്ടി ബലപ്പെടുത്താൻ ശ്രമിക്കുന്ന ചിലന്തിയും കശുവണ്ടി വിറ്റുകിട്ടിയ രൂപ കൊടുത്ത് അച്ഛൻ കാഞ്ഞങ്ങാട്ടു നിന്ന് വാങ്ങിക്കൊണ്ടുവന്ന റേഡിയോയിലെ പാട്ടുകൾ കാണാപാഠമാക്കി ചുവരിലെ അറകളിൽ ഒളിച്ചിരുന്ന് ഓർത്തുപാടിയിരുന്ന മണ്ണട്ടകളും ഇടക്കിടെ എന്നെ വിളിച്ചുണർത്തി ലോഹ്യം പറഞ്ഞു കൊണ്ടിരുന്നു. വർഷങ്ങൾക്കുശേഷം, ഈ ലോക്ക് ഡൗൺ കാലത്ത്, ഏറെനാൾ ഉണ്ണാതെ ഉറക്കമിളച്ച്, റോഡരികിൽ എന്നെ കാത്തിരുന്ന വീട്ടിലേക്ക്‌ തിരിച്ചെത്തിയപ്പോഴും ഏകാന്തത എന്നെ വിടാതെ ചേർത്തുപിടിച്ച് ഒപ്പമുണ്ട്. 

മുത്തപ്പൻ മലയിലെ കൂറ്റൻ പാറക്കെട്ടിനെ അരിഞ്ഞ് നുറുക്കിയ മാംസത്തുണ്ടുകളുമായി നഗരത്തിൽ റിയൽ എസ്റ്റേറ്റ് കോട്ടകൾ പണിയാൻ ഏങ്ങലടിയൊതുക്കി കുന്നിറങ്ങിപ്പോകുന്ന രാക്ഷസലോറികളുടെ കിതപ്പും മഴക്കൊപ്പമെത്തുന്ന ഇടിമിന്നലിനെ ഭയന്ന് വിറയാർന്ന ശബ്ദത്തിൽ നാമജപം നടത്തുന്ന തെങ്ങോലകളും മാത്രമാണ്, മൗനത്തടവറയുടെ ജാലകക്കമ്പികൾക്കിടയിലൂടെ തല‍നീട്ടി, എത്തിനോക്കാനെത്തുന്നത്.

Follow Us:
Download App:
  • android
  • ios