Asianet News MalayalamAsianet News Malayalam

മീരയുടെ വിലാപങ്ങള്‍

നിശ്ചലയാത്രകള്‍: മാങ്ങാട് രത്നാകരന്റെ കോളം തുടരുന്നു  

NIschala yathrakal Mangad Rathnakaran literary column Mallikarjun Mansur
Author
Thiruvananthapuram, First Published Oct 10, 2019, 5:25 PM IST

മാസങ്ങള്‍ക്കുശേഷം, സിരിഫോര്‍ട്ടില്‍ പാടാന്‍വന്നു. മുന്‍വരിയില്‍ത്തന്നെ സ്ഥാനം പിടിച്ചു. കുഞ്ഞുങ്ങളുടേതുപോലുള്ള ആ ചിരി സംഗീതം പോലെ ആസ്വദിച്ചു. ലാളിത്യവും വിനയവും ഓരോ ചലനത്തിലും തുളുമ്പിനിന്നു. രാജ്യത്തെ കേമന്മാരായ ഫോട്ടോഗ്രാഫര്‍മാര്‍ വട്ടംകൂടിനിന്നു. ആ മുഖം കുറേനേരത്തേക്ക് വെളിച്ചത്തില്‍ കുളിച്ചു. ശിരസ്സിനുചുറ്റും പ്രഭാവലയം തീര്‍ത്തു.

NIschala yathrakal Mangad Rathnakaran literary column Mallikarjun MansurNIschala yathrakal Mangad Rathnakaran literary column Mallikarjun Mansur

 

മത് ജാ...
മത് ജാ...

ജീവിതം നിനക്കെന്തുതന്നു? കിയാമം നാളില്‍ പടച്ചതമ്പുരാന്റെ ചോദ്യത്തിനുള്ള മറുപടി, ഇനിയുള്ള ജീവിതത്തില്‍ മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇങ്ങനെയായിരിക്കും, മല്ലികാര്‍ജുന്‍ മന്‍സൂര്‍, ഉസ്താദ് വിലായത്ത് ഖാന്‍, കുമാര്‍ ഗന്ധര്‍വ്വ്, ഉസ്താദ് ബിസ്മില്ലാ ഖാന്‍, ഭീംസെന്‍ ജോഷി.

സംഗീതത്തിന്റെ സാങ്കേതികകാര്യങ്ങളില്‍ എനിക്ക് വലിയ ഗ്രാഹ്യം പോരാ, അന്നും ഇന്നും. ദല്‍ഹിയില്‍വെച്ച് ആദ്യമായി മല്ലികാര്‍ജുന്‍ മന്‍സൂറിനെ കേട്ടപ്പോള്‍ ഒഴുകിയ ഒഴുക്ക് അമ്മയുടെ ഗര്‍ഭപാത്രത്തിലെ ചലനങ്ങളോളം മൃദുലവും അമസോണിലെ വെള്ളച്ചാട്ടങ്ങളോളം ചടുലവുമായിരുന്നു. ശുദ്ധിയും തെളിമയുമോ, തലക്കാവേരിയില്‍ കരിങ്കല്ലില്‍ നിന്നുപൊങ്ങുന്ന കാവേരിയുടെ ഉറവ പോലെ. 

''ദുഖ് ദൂര്‍ കരോ... മുരാരീ...'' പാടിയപ്പോള്‍ സങ്കടപ്പുഴ ഒഴുകിപ്പടര്‍ന്നു.

കമാനി ഓഡിറ്റോറിയത്തില്‍ കച്ചേരി അവസാനിപ്പിച്ചുകൊണ്ട് മഹാഗായകന്‍ മീരാഭജന്‍ പാടി, ''മത് ജാ... മത് ജാ... മത് ജാ...'' പോകരുതേ, പോകരുതേ, പോകരുതേ. മീരയുടെ വിലാപം. പ്രതീക്ഷയും വിലാപവും ഉരുക്കിച്ചേര്‍ത്ത സ്വരരാഗസുധ. ആ രാത്രികളില്‍ പകലുകളില്‍, സ്വപ്നങ്ങളില്‍, ദിവാസ്വപ്നങ്ങളില്‍ ആ ഗാനം പ്രണയത്തിന്റെ നീറ്റല്‍പോലെ അസ്ഥിയിലും മജ്ജയിലും അനുഭവിച്ചു. 

കിഷോരി അമോങ്കറുടേയും എം എസ് സുബ്ബുലക്ഷ്മിയുടേയും മീരാഭജന്‍ കാസറ്റുകള്‍ ഇടയ്‌ക്കെല്ലാം കേള്‍ക്കാറുണ്ടായിരുന്നു. മീരയുടെ ശബ്ദം അവരില്‍ ആരുടേതാണ്? 'മീരാ കീ പ്രഭു ഗിരിധര്‍' കേള്‍ക്കുമ്പോള്‍ കിഷോരിയുടേതെന്ന് തോന്നും. 'കാറ്റിനിലേ വരും ഗീതം' കേള്‍ക്കുമ്പോള്‍ സുബ്ബുലക്ഷ്മിയുടേതെന്ന് തോന്നും. 'മത് ജാ' കേട്ട നിമിഷം തൊട്ട് മീരയുടെ ശബ്ദം പുരുഷന്‍േറതായി. സംഗീതത്തില്‍ തെഴുമ്പിക്കുന്ന മാന്ത്രികത.

മറ്റൊരു പ്രഭാതക്കച്ചേരിയില്‍ മല്ലികാര്‍ജ്ജുന്‍, കാലത്തില്‍ കൊത്തിയെടുത്ത ആ സംഗീതശില്‍പ്പത്തെ ഉരുക്കി 'പിയാ നീംദ് ന' ആയി... (ഇല്ല വരുന്നില്ലുറക്കം പ്രിയേ, പ്രിയേ ചൊല്ലുവതെങ്ങനെയെന്നുടെയാധികള്‍ - സച്ചിദാനന്ദന്റെ തര്‍ജ്ജമ). ആ ഗാനവും ദുഖത്തിലൂടെ സുഖത്തിന്റെ പാരമ്യത്തിലേക്ക് നയിച്ചു; ആശാന്റെ കല്പനയിലെന്ന പോലെ 'ഏകാന്തം വിഷമമൃതാക്കിയും...'

പേരുകേട്ട സംഗീതക്കടകളിലെല്ലാം മല്ലികാര്‍ജ്ജുന്‍ ശേഖരം പരതി. 'പിയാ നീംദ് ന' ആയി കിട്ടി, മറ്റു കുറേ പാട്ടുകള്‍ കിട്ടി. 'മത് ജാ' മാത്രം കിട്ടിയില്ല.

മാസങ്ങള്‍ക്കുശേഷം, സിരിഫോര്‍ട്ടില്‍ പാടാന്‍വന്നു. മുന്‍വരിയില്‍ത്തന്നെ സ്ഥാനം പിടിച്ചു. കുഞ്ഞുങ്ങളുടേതുപോലുള്ള ആ ചിരി സംഗീതം പോലെ ആസ്വദിച്ചു. ലാളിത്യവും വിനയവും ഓരോ ചലനത്തിലും തുളുമ്പിനിന്നു. രാജ്യത്തെ കേമന്മാരായ ഫോട്ടോഗ്രാഫര്‍മാര്‍ വട്ടംകൂടിനിന്നു. ആ മുഖം കുറേനേരത്തേക്ക് വെളിച്ചത്തില്‍ കുളിച്ചു. ശിരസ്സിനുചുറ്റും പ്രഭാവലയം തീര്‍ത്തു.

രണ്ടരമണിക്കൂറോളം നീണ്ട ഗാനനിര്‍ഝരി. ആസ്വാദകരെ തൊഴുത് അദ്ദേഹം എഴുന്നേറ്റ് നില്‍ക്കാനാഞ്ഞപ്പോള്‍, എന്റെ രക്തത്തില്‍ ആ ഗാനം പൂത്തു. എഴുന്നേറ്റ് ഉച്ചത്തില്‍ വിളിച്ചുകൂവി, ''മന്‍സൂര്‍ജീ, കൃപയാ, 'മത് ജാ' ഗാവോ.''

 

 

എന്റെ ശബ്ദം ഉയര്‍ന്ന ഭാഗത്തേക്ക് ചുഴിഞ്ഞുനോക്കി, ചിരിയോടെ അദ്ദേഹം ഇരുന്നു.

''മത് ജാ... മത് ജാ... മത് ജാ...'' മീരയുടെ വിലാപം ഒഴുകിപ്പരന്നു. പണ്ട് ഒഴുകിയ വഴിക്കായിരുന്നില്ല, വേറൊരു വഴിക്കായിരുന്നു.

ആരും ഒരു പുഴയില്‍ രണ്ടുതവണ കാല്‍ മുക്കുന്നില്ല.

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

Follow Us:
Download App:
  • android
  • ios