പതിനാലാം നൂറ്റാണ്ടില്‍ ഫ്രഞ്ച് ചിന്തകനായ ഷോണ്‍ ബുരിദോ പറഞ്ഞ ഒരു കഥയാണിത്.  വല്ലാതെ ദാഹിക്കുകയും അതേപോലെ തന്നെ വിശക്കുകയും ചെയ്ത ഒരു കഴുത ചെന്നെത്തിയത് ഒരു കെട്ട് പുല്ലിന്‍റെയും ഒരു തൊട്ടി വെള്ളത്തിന്‍റെയും മധ്യത്തിലാണ്. കഴുത ആശയക്കുഴപ്പത്തിലായി. നല്ല വിശപ്പും നല്ല ദാഹവും; രണ്ടും ഒരുപോലെ കഠിനമാണ്. ആദ്യം എന്തു ചെയ്യും... വെള്ളം കുടിക്കണോ അതോ പുല്ലു തിന്നണോ? ഒരു തീരുമാനത്തിലെത്താനാകാതെ രണ്ടിനും മധ്യേ തല പുകച്ച് ആലോചിച്ചു നിന്ന കഴുത ദാഹിച്ച്, വിശന്ന്, തളര്‍ന്നുവീണു ചത്തുപോയി എന്നാണു കഥ. 

നമ്മളും പലപ്പോഴും ഇതേപോലെയുള്ള അവസ്ഥകളില്‍ പെട്ടിട്ടുണ്ടാവും.  എന്താണ് ആദ്യം ചെയ്യുക? എവിടെയാണ് ആദ്യം തുടങ്ങുക? ഇങ്ങനെ ആലോചിച്ചാലോചിച്ച് ദിവസത്തിന്റെ നല്ലൊരു ഭാഗം പലപ്പോഴും തീര്‍ന്നുപോകും. ഒടുവില്‍, ദിവസം തീരുമ്പോഴേക്കും ആലോചനകള്‍ മാത്രമേ നടന്നുള്ളൂ, ജോലി ഒന്നും നടന്നില്ല എന്ന അവസ്ഥ വരും.  

അപ്പോള്‍ എങ്ങനെയാണ് കാര്യക്ഷമമായി ഒരു ദിവസം ചെലവഴിക്കുക? ഒന്നൊന്നായി ആലോചിച്ചുനോക്കാം.

1. ചെയ്യാനുള്ളതില്‍ നിന്നും നമ്മളെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് കണ്ടുപിടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതു പലര്‍ക്കും പലതായിരിക്കും. എങ്കിലും, ഇന്നത്തെ കാലഘട്ടത്തില്‍ ഒന്നാമത്തെ കാര്യം ഒരു മൊബൈല്‍ ഫോണ്‍ ആകാന്‍ സാധ്യതയേറെയാണ്. ഞാന്‍ സാധാരണ ചെയ്യാറുള്ളത്, ഓഫീസിലെത്തിയാല്‍ മൊബൈല്‍ ഫോണ്‍ സൈലന്റ് ആക്കിയിട്ട് കൈയെത്താത്ത ദൂരത്തേക്കു മാറ്റി വയ്ക്കുകയാണ്. കൃത്യമായ ഇടവേളകളില്‍ മാത്രമേ പിന്നെ മൊബൈല്‍ ഫോണ്‍ എടുക്കൂ. അപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അപ്രതീക്ഷിത ഫോണ്‍വിളികളില്‍ നിന്നും രക്ഷപ്പെടാം. ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള വിളി ലാന്‍ഡ്‌ലൈനിലേക്കേ വരൂ. അല്ലെങ്കില്‍ ഇമെയില്‍ ആയി വരും. ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ മൊബൈല്‍ ഫോണില്‍ അത്യാവശ്യ കോളുകള്‍ വല്ലതും ഉണ്ടോ എന്നു നോക്കും. ഓഫീസ് കംപ്യൂട്ടറില്‍ ഒരു കാരണവശാലും ഫേസ്ബുക്കോ ട്വിറ്ററോ ഒന്നും നോക്കരുത്. 

2. ഓരോ ദിവസവും ഓരോ പുതിയ തുടക്കമായി കാണുകയാണ് അടുത്ത മാര്‍ഗ്ഗം. അന്നന്നു ചെയ്യാനുള്ള കാര്യങ്ങള്‍ എല്ലാം എഴുതി വയ്ക്കണം. ഇതിന് 'ടു ഡൂ ലിസ്റ്റ്' എന്നു പറയും. ദിവസവും രാവിലെ തന്നെ അന്നു ചെയ്തു തീര്‍ക്കാനായി മനസ്സില്‍ വരുന്ന കാര്യങ്ങള്‍ ഓരോന്നായി എഴുതുക. മുഴുവന്‍ എഴുതിയിട്ട് ലിസ്റ്റില്‍ക്കൂടി ഒന്നുകൂടിപോയി എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്നു നോക്കുക. ഉണ്ടെങ്കില്‍ അതു  ചേര്‍ക്കുക. ഇനിയാണ് പ്രധാനപ്പെട്ട കാര്യം. ഓരോ ജോലികളായി അതിന്‍റെ പ്രാധാന്യവും അത്യാവശ്യവും അനുസരിച്ച് ക്രമം അടയാളപ്പെടുത്തുക. 

3. എവിടെ തുടങ്ങും എന്നതാണ് ഇനിയുള്ള ചോദ്യം. അതായത്, ആദ്യം എന്തു ചെയ്യണം? ലിസ്റ്റ് നോക്കിയിട്ട് അതില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും എളുപ്പം തീരുന്നതുമായ ഒരു ജോലി തിരഞ്ഞെടുക്കുക. ഇതു വളരെ പ്രധാനമാണ്. പലര്‍ക്കും ഒരു 'സ്റ്റാര്‍ട്ടിങ് ട്രബിള്‍' ഉണ്ടാവും. ഇങ്ങനെ എളുപ്പവഴിയില്‍ ക്രിയ ചെയ്തു തുടങ്ങിയാല്‍ ആ തുടക്കഭീതി നീങ്ങിക്കിട്ടും. ഈ ജോലി തീരുമ്പോള്‍ അതു ലിസ്റ്റില്‍ നിന്നു വെട്ടാം ഇതിനുശേഷം പ്രാധാന്യവും അത്യാവശ്യവും അനുസരിച്ച് അടുത്ത ജോലികളും ചെയ്യുക. ഓരോ ജോലി കഴിയുമ്പോഴും അതു ലിസ്റ്റില്‍ നിന്നും മാറ്റാന്‍ മറക്കണ്ട. ഉച്ചയാകുമ്പോള്‍ ലിസ്റ്റ് ഒന്നു റിവ്യൂ ചെയ്യാം, ഉദ്ദേശിച്ച എത്ര ജോലികള്‍ ചെയ്തു എന്ന്. 

4. ഓരോ മണിക്കൂറിലും ചെറിയ ഇടവേള എടുക്കുക. ഒരു അഞ്ചു മിനിറ്റിന്റെ ബ്രേക്ക് മതിയാവും. ടോയ്‌ലറ്റില്‍ പോകാനോ കോഫി കുടി ക്കാനോ സുഹൃത്തിനോട് സംസാരിക്കാനോ ഒക്കെ ഈ സമയം ഉപയോ ഗിക്കാം. ഇടവേള എടുക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യം കൂടിയുണ്ട്; കൃത്യസമയത്ത് ഇടവേള അവസാനിപ്പിച്ച് സീറ്റില്‍ തിരിച്ചെത്തണം. 

5. നമുക്കു ജോലി തന്നയാള്‍ എന്തിനാണ്  നമ്മളെ നിയമിച്ചിരിക്കുന്നത് എന്നോര്‍ക്കുന്നത് ജോലിയുടെ കാര്യക്ഷമത കൂട്ടും. നമ്മള്‍ ഇടയ്ക്കിടെ നമ്മളെത്തന്നെ ഇത് ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം; എന്താണ് നമ്മുടെ പ്രധാന ജോലി? (നാട്ടില്‍ ജോലി ചെയ്തിരുന്ന കാലത്ത്, ജോലിസമയത്ത് മകളുടെ പ്രൊജക്റ്റ് വര്‍ക്ക് ചെയ്ത ഒരു സഹപ്രവര്‍ത്തകനെ ഓര്‍മ്മ വരുന്നു). 

6. കഠിനമായിട്ടല്ല സമര്‍ത്ഥമായിട്ടാണ് ജോലി ചെയ്യേണ്ടത്. ഹാര്‍ഡ് വര്‍ക്കല്ല വേണ്ടത്, സ്മാര്‍ട്ട് വര്‍ക്കാണ്. നിങ്ങള്‍ക്ക് കിട്ടിയ ആത്യന്തിക ഫലമാണ് ചെയ്ത ജോലിയുടെ അളവുകോല്‍, അല്ലാതെ അതു കിട്ടാന്‍ എത്ര സമയം എടുത്തു അല്ലെങ്കില്‍ എത്ര കഠിനമായി അതു ചെയ്തു എന്നുള്ളതല്ല. ഉദാഹരണത്തിന്, കറുകച്ചാലിലെ വീട്ടില്‍ അമ്മ തലേന്നു വച്ച ഉണങ്ങിയ ചോറുകലം ചകിരിയും ചാരവും ഒക്കെയിട്ടു വളരെ സമയം എടുത്തു തേച്ചുതേച്ചു കഴുകുന്നത് ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. ഈ പാത്രം കഴുകല്‍ എന്തു പ്രയാസമാണെന്ന് അന്നൊക്കെ തോന്നുമായിരുന്നു. വൈകുന്നേരം കുറച്ചു വെള്ളം നനച്ചു വച്ചിരുന്നെങ്കില്‍ അമ്മയുടെ ജോലി പതിന്‍മടങ്ങു കുറയ്ക്കാമായിരുന്നു എന്ന് പിന്നീടാണു മനസ്സിലായത്. ഓരോ ജോലി ചെയ്യുന്നതിനു മുന്‍പും ആലോചിക്കുക, ഇതാണോ ഏറ്റവും കാര്യക്ഷമമായി ചെയ്യാനുള്ള മാര്‍ഗ്ഗം എന്ന്. 

7. സുഹൃത്തുക്കളുമായി സംസാരിക്കുക, സന്തോഷത്തോടെ പെരുമാറുക, തമാശകള്‍ പറയുക, കോഫി ബ്രേക്കിനും ലഞ്ച് ബ്രേക്കിനുമൊക്കെ ഒരുമിച്ചു പോകുക തുടങ്ങിയ കാര്യങ്ങള്‍ ജോലിയിലെ ടെന്‍ഷന്‍ ഒരു പരിധിവരെ കുറയ്ക്കും. ജോലി കാര്യക്ഷമമാവുകയും ചെയ്യും.

8. 'നോ' പറയേണ്ട സ്ഥലങ്ങളില്‍ 'നോ' പറയാന്‍ പഠിക്കണം. ഉദാഹരണത്തിന്, അത്യാവശ്യജോലി ചെയ്യുമ്പോള്‍ സംസാരിച്ചിരിക്കാന്‍ ഒരു സുഹൃത്തു വന്നാല്‍, 'സോറി, ഇപ്പോള്‍ തിരക്കിലാണ്. കുറച്ചു കഴിഞ്ഞിട്ട് നമുക്കിരിക്കാം' എന്ന് പറയാന്‍ മടി വിചാരിക്കരുത്.

9. ചില ജോലികള്‍ മറ്റുള്ളവരെ ചുമതലപ്പെടുത്തുക. ഉദാഹരണത്തിന്, നല്ല ജോലിത്തിരക്കുള്ള ഒരു വൈകുന്നേരം കുട്ടിയെ പിയാനോ ക്ലാസ്സിനു കൊണ്ടു പോകാന്‍ ബന്ധുവിനെയോ സുഹൃത്തിനെയോ ഏല്‍പ്പിക്കാം. അവര്‍ക്ക് ആവശ്യം വരുമ്പോള്‍ ഇതു തിരികെ ചെയ്യാനും മറക്കരുത്. 

10. വൈകുന്നേരം ജോലി തീരുമ്പോള്‍, ഒരു അഞ്ചു മിനിറ്റ് റിവ്യൂ ചെയ്യുക. നിങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ എല്ലാം ചെയ്‌തോ എന്നു വിലയിരുത്തുക. എവിടെയാണു തിരുത്തലുകള്‍ വേണ്ടത് എന്ന് അപ്പോള്‍ മനസ്സിലാകും. ഇങ്ങനെ ഇഷ്ടമുള്ള ജോലിയില്‍ തുടങ്ങി ഓരോ ജോലിയും ക്രമമായി അതിന്റെ പ്രധാന്യത്തോടെ, സമര്‍ത്ഥമായി ചെയ്തു തീര്‍ത്താല്‍ ബുരിദോയുടെ കഴുതയുടെ ഗതി വരില്ല. 

ഡോ. സുരേഷ് സി. പിള്ളയുടെ ഇന്ദുലേഖ പ്രസിദ്ധികരിച്ച കണികം എന്ന പുസ്‍തകത്തില്‍നിന്ന് ഒരു ഭാഗം. പുസ്‍തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.