കഥ  എഴുതുന്നതും വായിക്കുന്നതും കേള്‍ക്കുന്നതും കഥപറച്ചിലിലുള്ള  സിദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ്. കഥയെഴുത്തിന്റെ രൂപശില്‍പ്പകല പറച്ചിലിന്റെ ഒഴുക്കിലും താളത്തിലും നിബദ്ധമാണ്. എങ്കിലും അപരിചിതത്വം  നിറഞ്ഞ (സാങ്കല്‍പ്പിക) ലോകത്തെയും     ഭ്രമാത്മകതയുടെ അധ്യായങ്ങളെയും  സന്നിവേശിപ്പിക്കാന്‍ വേണ്ടി    ആഖ്യാനം  പുതുതായി സൃഷ്ടിക്കുന്ന ഇടങ്ങളെ പ്രയോജനപ്പെടുത്തുകയാണ് ഈ കഥയിലൂടെ എഴുത്തുകാരന്‍ ചെയ്യുന്നതെന്ന് വ്യക്തമാണ്

 


 

നിശ്ചിതമായ അതിരുകളും മൂലകളും ഉള്ള പ്രദേശം മനുഷ്യന്റെ ഭാഗധേയത്തെ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുന്ന ദേശ 'ഇതിഹാസ'ങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ കാലികമായ പരിസരത്തില്‍ ഇടങ്ങള്‍ക്ക് വ്യക്തമായ നിര്‍വചനം ഉണ്ടായെന്നു വരില്ല. ഓരോരുത്തര്‍ക്കും ഓരോ ഇടം ഉണ്ട്; അല്ലെങ്കില്‍ അവരവരുടെ ഇടം അവരവര്‍ തന്നെ രൂപപ്പെടുത്തുന്ന കാലമാണിത്. ആ ഇടത്തിന്റെ ജൈവിക/ അജൈവിക  അനുഭവങ്ങളുടെ വാക്കുപാലമായി വര്‍ത്തിക്കാന്‍ സാഹിത്യത്തിന് സാധിക്കുന്നുണ്ട്. അധികാരോപാധികള്‍ എങ്ങനെയാണ് നമ്മള്‍ സൃഷ്ടിക്കുന്ന ഇടത്തില്‍ പ്രവര്‍ത്തിക്കുക എന്നത്  വിശകലനം ചെയ്യേണ്ടതും അനിവാര്യമാണ്. സ്വാഭാവികമായി സ്ഥിതി ചെയ്യുന്ന  പരിസരപ്രദേശങ്ങളിലെ  രാഷ്ട്രീയവും അധികാരവ്യവസ്ഥകളും ആവില്ല ഭാവനായിടങ്ങളില്‍ എന്നതും ശ്രദ്ധിക്കണം . 

നിത്യജീവിതത്തിലെ പല തരത്തിലുള്ള  സ്വത്വാന്വേഷണങ്ങള്‍ സമകാലത്തെ സമസ്യകളുമായി ഏറെക്കുറെ സമരസപ്പെട്ടിട്ടുണ്ട്. മനുഷ്യന്‍ പ്രതിനിധീകരിക്കുകയും തല്‍പ്പരനായിരിക്കുകയൂം ചെയ്യുന്ന വ്യവഹാരങ്ങളുടെ നിറവും നിഴലും നാം ഇടപെടുന്ന ഏതൊരു ഇടത്തിന്റെ (space) ചതുരങ്ങളിലും കാണാം. വ്യത്യസ്ത ഇടങ്ങളില്‍ കാത്തിരിക്കുന്ന അനുഭവങ്ങളും പരിണതഫലങ്ങളും വേറിട്ടതായിരിക്കും. ഹെറ്റെറോട്ടോപ്യ എന്ന ആശയത്തിലൂടെ യൂട്ടോപ്യയുടെ വിവിധ വശങ്ങളെ ഫൂക്കോ  വിഭാവനം ചെയ്യുന്നുണ്ട്. യുട്ടോപ്യന്‍ ഇടങ്ങളില്‍   നിന്ന് വ്യത്യസ്തമായി , എന്നാല്‍ അതിന്റെ    അനുരണനങ്ങള്‍ പ്രകടമാക്കുന്ന ചില ഇടങ്ങളെ ആണ് ഫുക്കോ ഹെറ്ററോടോപ്യ (Heterotopia) എന്ന് വിശേഷിപ്പിച്ചത്. പരസ്പരവിരുദ്ധത വെളിപ്പെടുത്തുന്ന സ്ഥലങ്ങളില്‍ യുട്ടോപ്യ ദര്‍ശിക്കാം എന്നതായിരുന്നു ഫുക്കോവിന്റെ നിലപാട്. ആശുപത്രി, പൂന്തോട്ടം, ലൈബ്രറി, തിയറ്റര്‍ മുതലായവയാണ്  ഇതിന് ഉദാഹരണങ്ങളായി അദ്ദേഹം എടുത്തു കാണിച്ചത്. ഇത്തരം സങ്കേതങ്ങളിലൂടെ ഭാവനയുടെ ഒരു അപരലോകം/കണ്ണാടിലോകം ആവിര്‍ഭവിക്കുകയും നാം നില്‍ക്കുന്ന പ്രദേശം കൂടെ കണ്ണാടിയിലൂടെ അനുഭവവേദ്യമാവുകയും ചെയ്യുന്നു. മനുഷ്യരെ അലട്ടുന്ന അസ്തിത്വപ്രശ്‌നങ്ങളെ മറ്റൊരുവിധത്തില്‍ നോക്കിക്കാണാന്‍ ഇത്തരം കാഴ്ചകള്‍ സഹായകമാവുമോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇറ്റാലിയന്‍ എഴുത്തുകാരനായ  ദീനോ ബുറ്റ്‌സാതി 'ഏഴു നിലകള്‍' എന്ന കഥയിലൂടെ തേടുന്നത്.  

 

 ദീനോ ബുറ്റ്‌സാതി

 

പുതുതായി സൃഷ്ടിക്കുന്ന ഭാവനാലോകത്തെ വ്യവഹാരങ്ങളില്‍ എഴുത്തുകാരന് നിയന്ത്രണം ഉണ്ടാകുമോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന കഥയാണ് 'ഏഴു നിലകള്‍'. സ്വന്തം ഇടങ്ങള്‍ സ്വയം ഉരുവപ്പെടുത്തുക എന്നതിനെ ദാര്‍ശനികമായ തലത്തില്‍ അവതരിപ്പിച്ച കഥയാണ് ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറില്‍ പ്രസിദ്ധീകരിച്ച 'Seven Floors'. ഇവിടെ മുഖ്യകഥാപാത്രത്തെ അസ്തിത്വവാദപരമായ സംശയങ്ങളുള്ള ഒരാളായാണ് അവതരിപ്പിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ സാഹചര്യം വെച്ചു ഇത്തരമൊരു ചുറ്റുപാട് കഥാകൃത്ത് അവലംബിച്ചതില്‍ യുക്തിയുണ്ട്. ഏതാണ്ടിതേ സമയത്തു തന്നെയായിരുന്നു ഫുക്കോ ഹെറ്റെറോട്ടോപ്പിയ എന്ന ചിന്ത വികസിപ്പിച്ചതെന്നു ഓര്‍ക്കണം.

 കാഫ്കയുടെ രചനകളുടെയും മറ്റും ചുവടു പിടിച്ചു കൊണ്ട് ജീവിതം നിരര്‍ത്ഥകമാണെന്ന വാദം ഈ കഥ മുന്നോട്ടു വെക്കുന്നുണ്ട്. എങ്കിലും സാമൂഹികാവസ്ഥകളെ ഒരാശുപത്രിയുടെ ഏഴു നിലകളിലെ രോഗികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി പറഞ്ഞ ആക്ഷേപഹാസ്യം ആയി  ഈ കഥയെ വായിക്കാന്‍ സാധിക്കും. ഇപ്പറഞ്ഞ ആശുപത്രിയില്‍ രോഗത്തിന്റെ ഗൗരവമനുസരിച്ചാണ് രോഗികള്‍ക്കുള്ള മുറികള്‍ കൊടുക്കാറുള്ളത്. രോഗം താരതമ്യേന എളുപ്പം ചികില്‍സിച്ചു മാറ്റാവുന്നതാണെങ്കില്‍ പ്രസ്തുത രോഗിയെ ഏറ്റവും മുകളിലെ നിലയിലെ മുറിയിലാണ് പ്രവേശിപ്പിക്കുന്നത്. രോഗത്തിന്റെ തീവ്രത കൂടുന്നതിനനുസൃതമായി താമസിക്കുന്ന നിലകളും മാറിക്കൊണ്ടിരിക്കും. തീവ്രപരിചരണ വിഭാഗങ്ങള്‍ ഏറ്റവും താഴെയാണ് സ്ഥിതി ചെയ്യുന്നത്. 

ജൂസെപ്പോ കോര്‍ത്തെ  എന്ന രോഗിയെ പല കാരണങ്ങള്‍ പറഞ്ഞു പല നിലകളിലെ മുറികളിലേക്ക് ആശുപത്രി ജീവനക്കാര്‍ പതിവായി മാറ്റുന്നു. അയാളോടുള്ള അനുകമ്പ കാരണം എന്താണ് ശരിയായ രോഗമെന്ന് പറയാതിരിക്കുകയും ആശങ്ക ജനിപ്പിക്കുകയും ചെയ്യുകയാണ് അവര്‍. ആശുപത്രി എന്നത് യഥാര്‍ത്ഥത്തിലുള്ള  'ഇടമായി' കാണാമെങ്കിലും പ്രതീതിലോകത്തിന്റെ സംഘര്‍ഷം ബുറ്റ്‌സാതിയുടെ കഥയിലേക്ക് സന്നിവേശിപ്പിക്കാമെന്നു തോന്നുന്നു. ആശുപത്രി എന്ന സ്ഥലത്തിന്റെ വിവിധ ഉള്‍പ്പിരിവുകളെയാണ് ഏഴു നിലകളില്‍ ദൃശ്യമാവുന്നത്. ആശുപത്രി പല തരം 'സാധ്യതകള്‍' ഉള്ള  സാങ്കല്പ്പിക ഇടമായി താദാത്മ്യം പ്രാപിക്കുന്നതായി കരുതാവുന്നതാണ്. യാഥാര്‍ഥ്യത്തിന്റെ കണ്ണാടിക്കാഴ്ചകളായി അവ ഓരോന്നും മാറുകയും ചെയ്യുന്നു. സുഖ-ദു:ഖ സമ്മിശ്രമായ അത്തരം രംഗങ്ങളില്‍  ഹെറ്റെറോട്ടോപ്പിയയുടെ അംശങ്ങളുണ്ട്. ഏഴ് എന്ന സംഖ്യയ്ക്കും ഇവിടെ പ്രാധാന്യമുണ്ട്. ഏഴ് നിറങ്ങള്‍ പോലെ ഏഴ് ദിനങ്ങള്‍ പോലെ  ഏഴ് അവസ്ഥാന്തരങ്ങളാണ് കഥാകൃത്ത് ഇവിടെ വ്യംഗിപ്പിക്കുന്നത്. നിര്‍വചിക്കപ്പെട്ട, നിയതമായ ജ്യാമിതിയിലുള്ള  ആശുപത്രിക്കെട്ടിടം പ്രദാനം ചെയ്യുന്ന ഭാവങ്ങളുടെ രാഷ്ട്രീയം ഓരോ നിലയിലും വ്യത്യസ്തമാണ്.

 

 ഇറ്റാലിയന്‍ എഴുത്തുകാരന്‍ ദീനോ ബുറ്റ്‌സാതി എഴുതിയ 'ഏഴ് നിലകള്‍' എന്ന കഥയുടെ വിവര്‍ത്തനം ഇവിടെ വായിക്കാം.
 

വേറിട്ട വായനയില്‍ പല തട്ടുകളിലെ പല കാഴ്ചകളെ ഹെറ്റെറോട്ടോപ്പിയന്‍ ഇടങ്ങളായി കാണാം. ഏഴാമത്തെ നിലയില്‍ നിന്നും ഒന്നാമത്തെ നില വരെയുള്ള യാത്രയ്ക്കിടയില്‍ മരണം സംഭവിക്കും എന്ന പ്രമേയപരിസരത്താണ് കഥ കേന്ദ്രീകരിക്കുന്നത്. ആളുകള്‍ പല കാരണങ്ങളാല്‍ സാധാരണമല്ലാത്ത  വിധത്തില്‍ പെരുമാറുന്ന ആശുപത്രിയെ ഫുക്കോ ഹെറ്ററോടോപിയയുടെ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്, ഈ കഥയെ അത്തരത്തില്‍ ഉള്ള വായനയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു ഘടകം ആശുപത്രിയുടെ പശ്ചാത്തലം കൂടിയാണ് ആശുപത്രിയുടെ  ഓരോ  നിലയും  ഓരോ ജീവിതചിത്രങ്ങളുടെ അധ്യായങ്ങള്‍ ആണെന്നിരിക്കെ ഇടങ്ങള്‍ക്കുള്ളിലെ ഇടങ്ങള്‍ 'കണ്ണാടി' പോലെയുള്ള ബിംബങ്ങള്‍ പ്രദാനം ചെയ്യുകയാണ്.

 

Illustration: Dino Buzzati

 

സാധാരണമായ ഒരിടം, പതിവില്ലാത്ത രീതികളില്‍ ഇതു വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത വിധം  ക്രമപ്പെടുത്തുന്നത് സാഹിത്യത്തില്‍ പുതുമയൊന്നുമല്ല.  ആന്തരികയിടത്തോടൊപ്പം പുറത്തുള്ള ഭൂമികയില്‍ സാഹിത്യം ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. നാം പ്രതിനിധാനം ചെയ്യുന്ന  പ്രദേശത്തു  നിന്ന് ഉള്‍ക്കൊള്ളുന്ന  അനുഭവം  പുറംലോകത്തേക്കുള്ള പര്യടനത്തിന് ഊര്‍ജ്ജമാവുകയാണ്. അത് ജീവിതത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്ന ഘടകവും ആയേക്കാം എന്ന് ഫുക്കോ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ഇങ്ങനെയുള്ള അനുഭവചിത്രീകരണം തീര്‍ത്തും അപരിചിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. അവിടെയാണ് വേറെ ചില ഘടനകള്‍ രംഗത്ത് വരുന്നത്. ആഖ്യാനസ്ഥലത്തെ (Narrative Space) ഉത്കണ്ഠ, ഭാവന, ദൃശ്യപരത എന്നീ സംവര്‍ഗങ്ങളുമായി കൂട്ടിയിണക്കിയുള്ള ബുറ്റ്‌സാതിയുടെ കഥപറച്ചില്‍  ഇതിന്റെ മികച്ച ദൃഷ്ടാന്തമായി കാണാം. എഴുത്തിലൂടെ വികസിക്കുന്ന വ്യത്യസ്തമായ ഇടങ്ങള്‍ വേറിട്ട തലത്തിലുള്ള അനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നത്.  ഭാവനയുടെ അര്‍ഥപൂര്‍ണമായ തലങ്ങളില്‍ കൂടെ സഞ്ചരിച്ച് കൊണ്ട്  അത്തരം ഇടങ്ങളുടെ  വ്യവഹാരങ്ങള്‍ പല തരം സമവാക്യങ്ങള്‍ രചിക്കുകയാണ്.

കഥ  എഴുതുന്നതും വായിക്കുന്നതും കേള്‍ക്കുന്നതും കഥപറച്ചിലിലുള്ള  സിദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ്. കഥയെഴുത്തിന്റെ രൂപശില്‍പ്പകല പറച്ചിലിന്റെ ഒഴുക്കിലും താളത്തിലും നിബദ്ധമാണ്. എങ്കിലും അപരിചിതത്വം  നിറഞ്ഞ (സാങ്കല്‍പ്പിക) ലോകത്തെയും     ഭ്രമാത്മകതയുടെ അധ്യായങ്ങളെയും  സന്നിവേശിപ്പിക്കാന്‍ വേണ്ടി    ആഖ്യാനം  പുതുതായി സൃഷ്ടിക്കുന്ന ഇടങ്ങളെ പ്രയോജനപ്പെടുത്തുകയാണ് ഈ കഥയിലൂടെ എഴുത്തുകാരന്‍ ചെയ്യുന്നതെന്ന് വ്യക്തമാണ്