കവി സച്ചിദാനന്ദന്റ എഴുപത്തഞ്ചാം പിറന്നാളിന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സ്‌നേഹാദരം

 

Read more: 'പ്രണയബുദ്ധൻ' സച്ചിദാനന്ദൻ എഴുതിയ അഞ്ച് കവിതകൾ വായിക്കാം
.........................................

 

കണ്ടും കേട്ടുമറിഞ്ഞ ഭക്തമീരയുടെ മറുപുറമാണ് സച്ചിദാനന്ദന്റെ 'മീര പാടുന്നു' എന്ന കവിത (1992). ലൗകികസുഖങ്ങളില്‍നിന്ന് പറന്ന്, കൃഷ്ണഭക്തിയുടെ കൂട്ടിനുള്ളില്‍ ഒളിച്ചിരുന്ന മിത്തുകളിലെ മീരയെ പുതുകാലത്തിന്റെ സ്ത്രീവാദ രാഷ്ട്രീയ പരിസരങ്ങളിലേക്ക് ചേര്‍ത്തുവെച്ച് വായിക്കുകയാണ് കവി. 

തീര്‍ച്ചയായും ഇവിടെയും മീരയ്ക്കു ചുറ്റും ആത്മീയമായ പരിസരമുണ്ട്. ഭക്തിയുടെ മഞ്ഞുമറയും. എന്നാലത്, നമുക്ക് പരിചയമുള്ള ദൈവകേന്ദ്രിതമായ ആത്മീയതയല്ല. ജീവിതത്തോടുള്ള നിരന്തരപോരാട്ടങ്ങളുടെ നേരത്ത് പെണ്ണിന് മാത്രം ചെന്നുപറ്റാന്‍ കഴിയുന്ന ആത്മീയതയാണത്. സ്‌ത്രൈണ ആത്മീയത. ശരീരത്തിന്റെ രാഷ്ട്രീയമെന്ന് ഇക്കാലത്ത് നാം വിളിക്കുന്ന ധാരയോടാണ് അതിന് കൂറ്. 

അതാണ് സച്ചിദാനന്ദന്റെ മീര ഇങ്ങനെ പറയുന്നത്:

''അഴിക്കട്ടെ കസവിനാല്‍ കനം തൂങ്ങും ഉടുപ്പുകള്‍
അവയ്ക്കുള്ളില്‍ ശ്വാസം മുട്ടി പിടയുന്നു ഞാന്‍...''

അതിനുശേഷം,

''മഴയില്‍ ഞാന്‍ കുളിക്കട്ടെ, തരിക്കട്ടെ വസന്തമെന്‍
ഇലയില്‍, ചില്ലയിലെന്റെ ഉടലിന്‍ വേരില്‍''

എന്നും മീര പറയുന്നു.

പാട്രിയാര്‍ക്കിയും, ആണത്തം മേല്‍മീശയിലേറി കൊണ്ടുനടക്കുന്ന അധികാരത്തിന്റെ കുലചിഹ്നങ്ങളും ഭേദിച്ചുള്ള പെണ്ണിന്റെ ഇറങ്ങി നടത്തമാണത്. ഒരേ സമയം അത് അധികാരത്തിനുനേര്‍ക്കുള്ള കലാപവും പെണ്‍മയുടെപ്രകൃതിയിലേക്കുള്ള വിലയനവുമാണ്. ഭക്തി ഇവിടെ സ്‌ത്രൈണ ആത്മീയതയിലേക്ക് നടക്കാനുള്ള കാട്ടുപാത മാത്രമാണ്. ദൈവത്തിന്റെ ആടയാഭരണങ്ങളഴിച്ചു വെച്ച കൃഷ്ണന്‍ ഇവിടെ പ്രകൃതിയും.

അതാണ് മീര ഇങ്ങനെ പറയുന്നത്:

'വിളിക്കയായ് എന്നെ ഇന്നും മല കടലാക്കും നീലക്കുറിഞ്ഞികള്‍
നീല നീലക്കിളികള്‍ പൂക്കള്‍...'

'വിളിക്കുന്നു ഘനശ്യാമ വിപിനം ഹാ നീലവാനം...'

'വിളിക്കുന്നു സമുദ്രത്തിന്‍ അനന്ത നീലം
വിളിക്കുന്നു സമുദ്രത്തിന്‍ അനന്ത നീലം...'

കാടും മലയുമാകാശവും കടലും ചേരുന്ന പ്രകൃതിയുടെ ഗംഭീരമായ ആവാസ വ്യവസ്ഥയിലേക്കാണ്, പെണ്‍മയ്ക്കു തൊടാനാവുന്ന ആന്തരിക പ്രകൃതിയുടെ വാനങ്ങളിലേക്കാണ് അവള്‍ പറക്കാനായുന്നത്. അതിനാണ് അവള്‍ രാജനോട് ചിറകു തേടുന്നത്. ഭക്തിയിലേക്കോ ദൈവത്തിലേക്കോ ഉള്ള യാത്രയായി എളുപ്പത്തില്‍ വ്യാഖ്യാനിക്കുന്ന വിമോചന സ്വപ്നങ്ങളെയാണ് കവി ഇവിടെ വര്‍ത്തമാനകാലത്തോട് കൂട്ടി വായിച്ച് മാറ്റിവരയ്ക്കുന്നത്.

എന്നാല്‍, ഒരൊറ്റയടി കൊണ്ട് ലോകം മാറുന്ന 'ധപ്പട്' നായികമാരുടെ കാലത്ത്, 'മീരയുടെ പാട്ട്' കേള്‍ക്കുമ്പോള്‍, ഉള്ളില്‍ തറയ്ക്കുന്നത്, വിമോചന സ്വപ്നങ്ങളില്‍ പോലും അന്തര്‍ലീനമായിരിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ നിസ്സഹായത കൂടിയാണ്.

''തിരിച്ചു തന്നാലുമങ്ങ് മുറിച്ചൊരെന്‍ ചിറകുകള്‍
പറക്കട്ടെ ഇവള്‍ സ്വച്ഛം ഉദയവാനില്‍''

എന്ന് മീര പാടുമ്പോള്‍, മുന്നില്‍ പിടയ്ക്കുന്നത് ചോര വാര്‍ക്കുന്ന ചിറകുകളാണ്. മുറിച്ചെടുക്കപ്പെട്ട ചിറകുകളാണ്. എങ്ങനെയാണ് മുറിഞ്ഞ ചിറകുകള്‍ വാനിലുയരുക എന്ന, നിത്യജീവിതത്തിന്റെ പദപ്രശ്നമാണ്. കേവലയുക്തിയാണ്. എങ്കിലും, അതിനെയെല്ലാം മറികടക്കുന്ന സ്വപ്നത്തിന്റെ സാദ്ധ്യതകള്‍ 'മീരയുടെ പാട്ട്' ചുറ്റും പ്രസരിപ്പിക്കുന്നു. എല്ലാ പറക്കലുകളെയും അസാധുവാക്കുന്ന യാഥാര്‍ത്ഥ്യത്തെ, സ്വപ്നത്തിന്റെ ആകാശങ്ങളിലേക്ക് പറിച്ചുനട്ട് അത് മറികടക്കുന്നു.  അങ്ങനെ,  നമ്മുടെ പെണ്‍യാഥാര്‍ത്ഥ്യങ്ങളെ സ്വപ്നഭരിതമായ ഭാഷയാല്‍ അതിജീവിക്കുന്നു. വിമോചന സ്വപ്നങ്ങളെല്ലാം അന്നന്നേരം അലസിപ്പോവുമ്പോഴും ബാക്കിയുണ്ട്, സ്വപ്നത്തിന്റെ, കവിതയുടെ ചിറകുകള്‍ എന്ന് അത് പ്രഖ്യാപിക്കുന്നു. 
 
ഇതോടൊപ്പം തന്നെ കാണാവുന്നതാണ്, ഈ കവിത ചെന്നു തൊടുന്ന രാഷ്ട്രീയ ഇടങ്ങള്‍. ആത്മീയതയെ വലതുപക്ഷ രാഷ്ട്രീയവുമായി ചേര്‍ത്തുവായിക്കുന്ന സമകാലീന ഇന്ത്യനവസ്ഥയില്‍ ഈ മാറ്റിയെഴുത്ത് നിര്‍ണായകമാണ്. പാട്രിയാര്‍ക്കിയെ തെഴുപ്പിക്കുന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതവുമായി മീരയെ ചേര്‍ത്തുവായിക്കുന്ന നാട്ടുനടപ്പുകളാണ് കവിത ഇവിടെ മാറ്റിയെഴുതുന്നത്. ആത്മീയതയുടെ പ്രതിലോകങ്ങളിലേക്കാണ് ഭക്തമീരയെ ചേര്‍ത്തുവെയ്ക്കുന്നത്.
മീരയെ മാത്രമല്ല, ഈ വിധം സച്ചിദാനന്ദന്‍ മാറ്റിയെഴുതിയത്. തുക്കാറാമിനെ, കബീറിനെ, അക്കയെ, ആണ്ടാളിനെ, ബസവണ്ണയെയെ ഒക്കെ ഈ വിധം സമകാലത്തിന്റെ സമസ്യകളിലേക്ക് രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയോടെ അദ്ദേഹം മാറ്റിവെയ്ക്കുന്നു. പാരമ്പര്യത്തെയും മതാതീത ആത്മീയതയെയുമെല്ലാം മതരാഷ്ട്രീയത്തിന്റെ ലാഭാധിഷ്ഠിത ചില്ലുകൂടുകളിലേക്ക് പ്രതിഷ്ഠിക്കുന്ന കാലത്ത്, തീര്‍ച്ചയായും അതൊരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്.

മീര പാടുന്നു\ സച്ചിദാനന്ദന്‍ 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona