അമര്‍ത്തിപ്പിടിച്ച മണല്‍ത്തരി കൈപ്പിടിയില്‍നിന്നും ചോര്‍ന്നു പോവും പോലെ, ഒന്നിച്ചു ജീവിക്കാനുള്ള അവസരം തീര്‍ന്നു പോവുന്നു എന്ന തിരിച്ചറിവ് ആയിരിക്കാം. സമയം ധാരാളം ഉള്ളപ്പോള്‍ സ്‌നേഹത്തിന്റെ കാര്യത്തില്‍ നാം പിശുക്ക് കാണിക്കുന്നു. വൈരാഗ്യത്തിന്റെ കാര്യത്തില്‍ ധൂര്‍ത്തും കാണിക്കുന്നു. എന്നാല്‍ 'സമയം 'ഒരാള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സമയം അതെത്ര എന്ന് ഏതാണ്ട് തിരിച്ചറിയുന്ന നിമിഷം, അതിത്രയെ ഉണ്ടായിരുന്നുള്ളൂ എന്ന് തിരിച്ചറിയുന്ന നിമിഷം നമുക്കയാളോട് സ്‌നേഹം മാത്രം തോന്നുന്നു. ഉളള സമയത്തെ കുറിച്ച്, ആകപ്പാടെ ശേഷിക്കുന്ന സമയത്തെ കുറിച്ചുള്ള അറിവില്ലായ്മ ആയിരിക്കാം ജീവിതത്തെ ഇത്രമേല്‍ സങ്കീര്‍ണം ആക്കുന്നത്. 

 

 

'വിളയാടിയ കുട്ടി തള്ളയെ 
തളരുമ്പോള്‍ തിരയുന്നു ദൈവമേ 
പലവൃത്തികളാല്‍ വലഞ്ഞു നിന്‍ 
നിലനോക്കുന്നിതു രാവില്‍ ഞാനുമേ!'

കുമാരനാശാന്റെ' നിശാപ്രാര്‍ത്ഥന' എന്ന കവിതയിലെ വരികളാണ്. അതിരുകളിട്ടു വ്യാഖ്യാനിക്കുമ്പോള്‍ അര്‍ത്ഥശുഷ്‌കമായി പോയേക്കാവുന്ന രണ്ട് അഭയസ്ഥാനങ്ങള്‍ ആണ് കവിതയില്‍ കൊടുത്തിട്ടുള്ളത്. 'സ്‌നേഹം 'എന്ന ഏറ്റവും അര്‍ഥവ്യാപ്തിയുള്ള പേരിട്ടു ആ രണ്ട് അഭയസ്ഥാനങ്ങളെയും ഒന്നിച്ചു വിളിക്കാം. 

പ്രിയ ഏ. എസിന്റെ 'പോക്കുവെയിലും പോയ ശേഷം' എന്ന കഥയും ഈ കവിതയും തമ്മിലെന്ത്! 

'പോക്കുവെയിലും പോയ ശേഷം' വായിച്ച നേരം,  അതായത്, പകലിന്റെ ചരമക്കുറിപ്പ് പൂര്‍ത്തിയാവാന്‍ വാക്കുകളുടെ ദൂരം മാത്രം ശേഷിക്കെ, ഒരു പിടി മനുഷ്യ ജന്മങ്ങളുടെ സങ്കടവും പേറി ഏതോ കുന്നിഞ്ചെരിവില്‍ ഒന്നസ്തമിക്കാന്‍ മനസ്സുഴറിപ്പോയി. ഒട്ടുമേ സമയമില്ലാത്ത പകലിന്റെ വ്യവഹാരങ്ങള്‍ക്കപ്പുറം,  ദിനാന്ത്യത്തിലും ജീവിതാന്ത്യത്തിലും തളരുമ്പോള്‍ തപ്പിപ്പിടിക്കുന്ന സ്‌നേഹങ്ങളെ, തേടിയെത്തുന്ന സ്‌നേഹങ്ങളെ, ഉരച്ചു മിനുക്കിയെടുക്കുന്ന, ഓലക്കീറുകൊണ്ടെന്നാലും കെട്ടിപ്പൊക്കുന്ന സ്‌നേഹങ്ങളെ ഓര്‍ത്തുപോയി. 

ഏതേതോ കര്‍മങ്ങളില്‍, മാര്‍ഗങ്ങളില്‍ ഒരു പകല്‍ മുഴുവന്‍ വ്യാപരിച്ചു കഴിയുമ്പോള്‍, അവസാനത്തെ വെയില്‍ക്കീറിനെയും പിന്‍വലിച്ചു ദിനസാക്ഷി മടങ്ങുമ്പോള്‍, പരിക്ഷീണരായി ചെന്നടിയാനുള്ള തീരം,  നമുക്കോരോരുത്തര്‍ക്കും ഓരോന്നായിരിക്കും. ദിനാന്ത്യത്തിലാവണമെന്നില്ല, ജീവിതാന്ത്യത്തിലായിരിക്കാം ഒരു പക്ഷേ നാമിവിടെ ചെന്നടിയുന്നത് എന്ന് മാത്രം. 

കഥയിലെ അലമേലുവും രാമുവും തെറ്റായ നേരം പരസ്പരം ചെന്നടിഞ്ഞവരായിരുന്നു. അഥവാ അവര്‍ ഒന്നിച്ചായിരുന്ന നേരത്തിനു അവരെ ആവശ്യം ഇല്ലായിരുന്നു. നന്ദയുടെയും ശ്യാമിന്റെയും ജീവിതം ഇതിന്റെ മറ്റൊരു പതിപ്പായിരുന്നു. മറ്റുള്ളവര്‍ക്ക് മുന്നില്‍ കാണിച്ചു മാര്‍ക്ക് വാങ്ങിക്കാന്‍ പറ്റിയ ഒന്നാണ്  ജീവിതം എന്ന മട്ടിലാണ് ശ്യാം ജീവിക്കാന്‍ ശ്രമിച്ചത്. അഷിതയുടെ 'ശിവേന സഹനര്‍ത്തനം' എന്ന കഥയില്‍ അനുരാധ എന്ന കഥാപാത്രം പറയുന്നത് ശ്യാമിന്റെ ജീവിച്ചു ഫലിപ്പിക്കാനുള്ള തത്രപ്പാട് കാണുമ്പോള്‍ ഓര്‍മ വന്നേക്കാം. അതിങ്ങനെ ആണ്: 'സന്തോഷം ഉണ്ടെന്ന് തോന്നിച്ചാല്‍ മതി, സന്തോഷം ഉണ്ടായിരിക്കണം എന്നില്ല' എന്ന്.  

പൊള്ളിയടര്‍ന്ന കുമിളപോലെ ജീവിതം തീരുന്നു എന്ന് തോന്നിയ നിമിഷമാണ് നന്ദക്ക് ശ്യാമിനെ, ശ്യാമിനൊപ്പമുള്ള ജീവിതത്തെ തിരിച്ചു വേണമെന്ന് തോന്നുന്നത്. അഴിയാക്കുരുക്കുകള്‍ ആണെന്ന് അതുവരെ കരുതിയിരുന്നവ ഉള്ളിത്തൊലി പോലേ പറന്നു പോവുന്നവ ആണെന്ന് തിരിച്ചറിയുന്നത്. എന്ത് കൊണ്ടായിരിക്കും ഇത്? 

 

പ്രിയ എ എസ്

 

അമര്‍ത്തിപ്പിടിച്ച മണല്‍ത്തരി കൈപ്പിടിയില്‍നിന്നും ചോര്‍ന്നു പോവും പോലെ, ഒന്നിച്ചു ജീവിക്കാനുള്ള അവസരം തീര്‍ന്നു പോവുന്നു എന്ന തിരിച്ചറിവ് ആയിരിക്കാം. സമയം ധാരാളം ഉള്ളപ്പോള്‍ സ്‌നേഹത്തിന്റെ കാര്യത്തില്‍ നാം പിശുക്ക് കാണിക്കുന്നു. വൈരാഗ്യത്തിന്റെ കാര്യത്തില്‍ ധൂര്‍ത്തും കാണിക്കുന്നു. എന്നാല്‍ 'സമയം 'ഒരാള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സമയം അതെത്ര എന്ന് ഏതാണ്ട് തിരിച്ചറിയുന്ന നിമിഷം, അതിത്രയെ ഉണ്ടായിരുന്നുള്ളൂ എന്ന് തിരിച്ചറിയുന്ന നിമിഷം നമുക്കയാളോട് സ്‌നേഹം മാത്രം തോന്നുന്നു. ഉളള സമയത്തെ കുറിച്ച്, ആകപ്പാടെ ശേഷിക്കുന്ന സമയത്തെ കുറിച്ചുള്ള അറിവില്ലായ്മ ആയിരിക്കാം ജീവിതത്തെ ഇത്രമേല്‍ സങ്കീര്‍ണം ആക്കുന്നത്. 

സമയത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കഥയില്‍ ആവര്‍ത്തിച്ച് കടന്നു വരുന്നുമുണ്ട്. 

'നേരമിത്രയായില്ലേ കുഞ്ഞേ 'എന്ന അലമേലുവിന്റെ അമ്മയുടെ ചോദ്യം ഇത്തരത്തില്‍ ഒന്നാണ്. പിണങ്ങിപ്പിരിഞ്ഞ ഒരിടത്തേക്ക് ഉളള തിരിച്ചു പോക്കിനെ കുറിച്ചാണെങ്കില്‍ക്കൂടി ഈ ചോദ്യം രണ്ടു തരത്തില്‍ വായിക്കാം. ഇനിയിപ്പോള്‍ ഇങ്ങനൊരു പോക്കിന്റെ പ്രസക്തി എന്ത് എന്നൊരര്‍ഥത്തിലും ഈ പിണക്കത്തിന്റെ പ്രസക്തി എന്ത് എന്ന അര്‍ത്ഥത്തിലും. രണ്ടാമത്തെ അര്‍ഥം തന്നെയാണ് കഥയില്‍ കടന്നു വരുന്നത് എന്നതില്‍ സംശയം ഇല്ല. 

ഊതിപ്പെരുപ്പിച്ച പ്രശ്‌നങ്ങളുടെ നിസ്സാരത നന്ദയില്‍ നിന്നും ശ്യാമില്‍ നിന്നും അലമേലുവിന്റെയും രാമുവിന്റെയും ഭൂതകാലത്തെയും പൊട്ടിത്തീര്‍ന്ന കുമിളപോലെ പെട്ടന്ന് ശൂന്യമാക്കുന്നുണ്ട്. ആ ശൂന്യതയ്ക്ക് പക്ഷേ മറ്റൊരു പരിഹരിക്കാന്‍ കഴിയാത്ത കാരണം കൂടിയുണ്ട്, വല്യമ്മയെ കാണാന്‍ ആഗ്രഹിച്ച, തന്റെ അച്ഛനോടൊപ്പം, തന്നോടൊപ്പം കൂട്ടാന്‍ ആഗ്രഹിച്ച ശ്യാം ശേഷിക്കുന്നില്ല എന്നത്. 

'രാമു എങ്ങനെയാണ് ഒരു കുഞ്ഞ് വിരല്‍ ചുവപ്പിലൂടെ തന്നെ തൊടുക എന്നറിയാനുള്ള കൗതുകമായിരുന്നു ശ്യാമിനെ കുറിച്ച് ആദ്യനാളുകളില്‍ അലമേലുവിന് എങ്കില്‍ ശ്യാമിന് അലമേലു അതിനുമപ്പുറം തന്നെ ആയിരുന്നു. തനിക്ക് പ്രിയപ്പെട്ട ഒരു മനുഷ്യന്റെ 'മരുന്നെ'ന്ന മട്ടില്‍ തന്നെ ആണ് അയാള്‍ സ്വയം കുറിച്ച അന്ത്യത്തിന്റെ ഏതാനും നാളുകള്‍ക്കു മുന്നേ അവരെ അന്വേഷിച്ചത്. 

ഒരു പക്ഷേ അത്രയൊന്നും ചിന്തിക്കാതെ ഉപയോഗിച്ച പ്രയോഗമാണെങ്കില്‍ പോലും മരുന്നായി മാറുന്ന മനുഷ്യര്‍ സ്‌നേഹത്തിന്റെ മാത്രം സൃഷ്ടിയാണ്. മറ്റൊന്നിലൂടെയും അത് സാധ്യമാവുന്നില്ല. തന്റെ ജീവിതത്തിലും സ്‌നേഹത്തിലും താന്‍  ഒരു പരാജിതന്റെ വേഷം അണിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാവാം ശ്യാം അങ്ങനെ സംസാരിച്ചതും. അയാള്‍ക്ക് പോലും തിരിച്ചറിയാനാവാത്ത തരത്തില്‍ അയാളുടെ അന്ത്യം അയാള്‍ മനസ്സില്‍ കുറിച്ചിട്ടു കഴിഞ്ഞിട്ടുമുണ്ടാകാം. സങ്കടത്തില്‍ തന്റെ പ്രിയപ്പെട്ട അച്ഛന്‍ ഒറ്റക്കാകാതിരിക്കാന്‍ മുന്‍കൂട്ടി എടുത്ത കരുതല്‍ ആയിരിക്കുമോ ആര്‍ക്കറിയാം? അയാള്‍ തന്നെ പറഞ്ഞത് പോലേ 'കളിപ്പാട്ടങ്ങളെയെന്നപോലെ ആരോ നമ്മെ നിയന്ത്രിക്കുന്നതാവാം '.

രാമു പറയുന്ന രണ്ടു വാക്കുകളില്‍ അലമേലുവിന്റെ മനസ്സ് ഉടക്കുന്നുണ്ട്. ' കൈവിട്ടു പോവലും' 'തിരിച്ചറിയലും. 'ആദ്യത്തേതില്‍ നിന്നും രണ്ടാമത്തേതില്‍ എത്തി നില്‍ക്കുകയാണ് അവരുടെ ജീവിതവും. രണ്ടിലൊരാള്‍ നഷ്ടമാവും മുന്‍പ് രണ്ടാം ഘട്ടം താണ്ടി എത്തി എന്നത് അവരുടെ ജീവിതം സനാഥമാക്കിയേക്കാം.

തിരിച്ചറിയലില്‍ നിന്നും വീണ്ടെടുക്കല്‍ എന്ന മൂന്നാമത്തെ വാക്കിന് കൂടി ഇവിടെ സാധ്യത കാണാവുന്നതാണ്. കാരണം അരികില്‍ എവിടെയോ സാന്നിധ്യമറിയിച്ചു നിലയുറപ്പിച്ചിട്ടുള്ള ആ കളി മാന്‍ തന്നെ... അതിപ്പഴും പച്ചയാണ്. നിയന്ത്രണം ആരുടെ കൈയിലായിരുന്നാലും അത് ജീവിതം തന്നെയാണ്.