ജീവിതത്തില്‍ നിന്നും പങ്കാളി അനായാസമായി ഒഴിഞ്ഞു മാറുമ്പോള്‍ മൃണ്മയിയുടെ ലോകം അവളെ തന്നെ വിഴുങ്ങും മട്ടില്‍ വിരസമാവുന്നു. 'ആര്‍ക്കുവേണം ചോദിച്ചു കിട്ടുന്ന ചില കൂട്ടത്തില്‍ ചേര്‍ക്കലുകള്‍' എന്ന മട്ടില്‍ തന്നോട് തന്നെയുള്ള ബഹുമാനം ഒരു യാചനയ്‌ക്കോ പിന്‍വിളിക്കോ അവളെ അനുവദിക്കുന്നില്ല. ആ അന്തരീക്ഷം മറികടക്കാനാണ് ഒരു യാത്രയും സിനിമയും അഭയങ്ങളായി അവള്‍ കണ്ടെത്തുന്നത്.

 

 

ജീവിതത്തിനു തുടര്‍ച്ചകള്‍ ആഗ്രഹിക്കാനുള്ള ഒരു മാര്‍ഗം ജീവിതത്തെ പുതുക്കുക എന്നതാണ്. അവളവളുടെ കെട്ടിക്കുരുങ്ങലുകളില്‍ നിന്നും ഒഴുകി നീങ്ങാന്‍ കഴിയുന്നവര്‍ക്ക് മുന്നില്‍ ലോകം എന്നും പുതുമയുള്ളത് തന്നെയാണ്. സ്വന്തം ലോകം മങ്ങി നിറം കെടുമ്പോഴെങ്കിലും ആ ഒഴുക്കിനെ കുറിച്ച് മനുഷ്യര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ ജീവിതത്തിന്റെ നിറക്കൂട്ടുകള്‍ നമ്മുടെ തന്നെ കണ്ണുപെടാതെ എവിടെയോ മറഞ്ഞു കിടക്കുകയാണ്. ഒരു പക്ഷേ നമ്മുടെ കൈ പിടിച്ചു മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുമ്പോളാണ് അവ നമ്മള്‍ കണ്ടെത്തുകയെന്ന് വരാം.ആരോ അതിരിട്ട വാര്‍പ്പുകളില്‍  നിന്നും മുക്തരായി നമ്മുടെ തന്നെ നമ്മളായി മാറാന്‍ നമുക്ക് കൂട്ടുവരുന്ന അപരസാന്നിധ്യങ്ങള്‍ ജീവിതത്തെ മറ്റൊന്നാക്കുന്നു. ആഴങ്ങളില്‍ നിന്നും ആകാശങ്ങളിലേക്കുള്ള ആത്മാവിന്റെ ഉയിര്‍പ്പിനു അവ കൂട്ടാകുന്നു. 
ഇത്തരത്തില്‍ പരസ്പരം അഭയമാവുന്ന രണ്ടു ജീവിതങ്ങളുടെ കഥയാണ് പ്രിയ എ എസിന്റെ പുതിയ കഥ 'മൃണ്മയം.'

 

 

ചില ഇഷ്ടങ്ങളുടെ തീരങ്ങളില്‍ ജീവിതത്തിലെ നഷ്ടങ്ങളില്‍ നിന്നും താല്‍ക്കാലികമായെങ്കിലും മുക്തരായി അവര്‍ ഇളവേല്‍ക്കുന്നു. ചെറിയ വലിയ കാര്യങ്ങളിലൂടെ ജീവിതത്തില്‍ അര്‍ഥങ്ങള്‍ നിറയ്ക്കാന്‍ പരസ്പരം സഹായിക്കുന്നു. ഒരു മനുഷ്യജീവി ഒറ്റയ്ക്കാവുമ്പോള്‍ എത്രമേല്‍ നിസ്സാരനാകുന്നു എന്നത് പോലെ തന്നെ ഒരൊറ്റ ആത്മാവെങ്കിലും തന്റെ ഭാഷയില്‍ സംവദിക്കുന്നു എന്നറിയുമ്പോള്‍ അത്രമേല്‍ കരുത്താര്‍ജ്ജിക്കുന്നു. 'ആരുമില്ലാത്തവര്‍  വച്ചു നീട്ടുന്ന നാരങ്ങാ മിട്ടായികളില്‍ തന്നെ  ജീവിതത്തിന്റെ മാധുര്യമിരിക്കുന്നത്' എന്ന് അഷിത പറഞ്ഞത് പോലെ വഴി വക്കുകളില്‍ സ്‌നേഹം വച്ചു നീട്ടുന്ന ഒരാള്‍ എല്ലാവരുടെയും പ്രതീക്ഷ ആണ്. അത്തരത്തില്‍ യാത്രാമധ്യേ ലഭിക്കുന്ന ഇത്തിരി മധുരമാണ് 'മൃണ്മയി' എന്ന കഥാപാത്രത്തിന് ഈ കഥയിലെ ടീച്ചര്‍. 

ജീവിതത്തില്‍ നിന്നും പങ്കാളി അനായാസമായി ഒഴിഞ്ഞു മാറുമ്പോള്‍ മൃണ്മയിയുടെ ലോകം അവളെ തന്നെ വിഴുങ്ങും മട്ടില്‍ വിരസമാവുന്നു. 'ആര്‍ക്കുവേണം ചോദിച്ചു കിട്ടുന്ന ചില കൂട്ടത്തില്‍ ചേര്‍ക്കലുകള്‍' എന്ന മട്ടില്‍ തന്നോട് തന്നെയുള്ള ബഹുമാനം ഒരു യാചനയ്‌ക്കോ പിന്‍വിളിക്കോ അവളെ അനുവദിക്കുന്നില്ല. ആ അന്തരീക്ഷം മറികടക്കാനാണ് ഒരു യാത്രയും സിനിമയും അഭയങ്ങളായി അവള്‍ കണ്ടെത്തുന്നത്. ആ യാത്രയിലാണ്  ചോദിക്കാതെ തന്നെ പലതുമായി തന്റെ ജീവിതത്തില്‍ നിറയാന്‍ പാകത്തിന് ടീച്ചര്‍ കടന്നുവരുന്നത്. വസ്ത്രങ്ങളില്‍ ചെരിഞ്ഞ വീടുകളുടെ ചിത്രമുള്ള കുര്‍ത്തി ധരിച്ച അവള്‍ക്കുമുന്നില്‍, പറന്നു പോവുന്ന തുമ്പികളുടെ ചിത്രമുള്ള സാരി ധരിച്ചാണ് ടീച്ചര്‍ കാണപ്പെടുന്നത്. വീട് എന്ന കനത്ത ഭാരത്തെ വെടിഞ്ഞു ആകാശത്തിന്റെ അനായാസതകളിലേക്കുള്ള ഒരു ക്ഷണം തന്നെ ആയി തീരുന്നു ആ കണ്ടുമുട്ടലും. 

അവളെ ഒരുക്കാനും പുതുക്കാനും ആ യാത്രയില്‍ ഉടനീളം ടീച്ചര്‍ കൂട്ടായി ഉണ്ടാവുന്നു. തന്റെ ഭര്‍ത്താവിനായി ഷര്‍ട്ട് തിരയുന്ന അവളെ അവള്‍ക്ക് സ്വന്തമായി വേണ്ട ചെരുപ്പിന്റെ അനിവാര്യതയെ കുറിച്ച് ഓര്‍മിപ്പിക്കുന്നു. 'തങ്ങള്‍ക്ക് യോജിച്ച ചെരിപ്പുകള്‍ പൊട്ടുന്നതിനു മുന്‍പേ മാറ്റി വാങ്ങുക' എന്നത് കാലുകള്‍ക്ക് മാത്രമല്ല കാലത്തിനും യോജിച്ച പ്രസ്താവനയാണ്. എല്ലാം അവസാനിച്ചു തീരാന്‍ കാത്തുനില്‍ക്കാതെ ഇടയ്ക്ക് വച്ചു പുതുവഴി തന്നെ തേടേണ്ടി വരും. സ്വന്തം വഴികളിലൂടെ നടക്കാന്‍ കെല്‍പുണ്ടാവുക എന്നത് തന്നെയാണ് ജീവിച്ചിരിക്കാന്‍ ഉളള ഏക മാര്‍ഗവും. 

'ഒരു രസവുമില്ലാത്ത ഒരു ജീവിതവും കൊണ്ട് എങ്ങനെയാണ് ജീവിച്ചു പോവുക? ജീവിക്കാതിരിക്കാന്‍ പറ്റുകയുമില്ലല്ലോ' എന്ന ടീച്ചറുടെ ആകുലതകള്‍ക്കുള്ള ഉത്തരമായി തന്റെ ജീവിതത്തെ പരിവര്‍ത്തിപ്പിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. തന്റെ ഒറ്റപ്പെടലുകളെ മണ്‍വളകളുടെ കിലുക്കത്തിലൂടെ പോലും മറികടക്കാന്‍ ശ്രമിക്കുന്ന അവര്‍ മൃണ്മയിയോട് ചോദിക്കുന്നത് 'ഒറ്റയ്ക്കല്ല എന്ന് തോന്നാന്‍ വേണ്ടിയല്ലേ നമ്മളൊക്കെ ഈ നെട്ടോട്ടമോടുന്നത്' എന്നാണ്. 'സ്വന്തം ജീവിതത്തെ ഒരു ശില്പിയുടെ ചാതുര്യത്തോടെ കൊത്തിയെടുക്കുക തന്നെയാണ് അവര്‍ ചെയ്യുന്നത്. തന്റെ ഇല്ലായ്മകളില്‍ തനിക്കാവുന്ന ഉണ്മകളെ നിറയ്ക്കുന്നു. മറ്റൊരാളിലേക്ക് കൂടി അത് പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്നു. 

കഥയുടെ അവസാന ഭാഗത്തു അവരുടെ യാത്രാലക്ഷ്യമായ സിനിമ തുടങ്ങാന്‍ പാകത്തില്‍ 'എല്ലാം വൃത്തിയായി കഴിഞ്ഞു' എന്ന നിശ്ശബ്ദ പ്രസ്താവനയോടെ സ്‌ക്രീനിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കുന്നുണ്ട്. മൃണ്മയിയുടെ ജീവിതത്തിന്റെ തിരശ്ശീലയില്‍ വരാന്‍ പോകുന്ന പുതിയ ദൃശ്യങ്ങളിലേക്കുള്ള സൂചനകള്‍ കൂടിയാണ് ആ നിശ്ശബ്ദ പ്രസ്താവന. നമുക്ക് വേണ്ടി കൂടി ജീവിക്കുമ്പോള്‍ തന്നെയാണ് നമ്മുടെ ജീവിതം കൂടുതല്‍ ധന്യമാവുന്നത് എന്ന തിരിച്ചറിവിന്റെ വെളിച്ചം ആ ദൃശ്യങ്ങളില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. 

രണ്ടു സ്ത്രീകള്‍ അവരവര്‍ക്ക് വേണ്ടി ജീവിച്ചു തുടങ്ങുന്നതിന്റെ സൗന്ദര്യത്തെ ആവിഷ്‌കരിക്കുന്ന ഈ കഥ ജീവിക്കാന്‍ മറന്നു പോവുന്ന ഒരുപാട് സ്ത്രീകളെ കൂടി ഓര്‍മിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍ നഷ്ടങ്ങളും വ്യസനങ്ങളും മാത്രം എഴുതിച്ചേര്‍ക്കേണ്ടി വരുന്നവര്‍.  അവരവര്‍ക്കു വേണ്ടി മാറ്റിവയ്ക്കുന്ന സമയം നല്‍കാവുന്ന ഇത്തിരി മധുരങ്ങളിലേക്ക്   അവരെ കൂടി വഴി നടത്തുന്നതാണ് ഈ കഥ. 

സമകാലിക കഥകളില്‍ ജീവിതത്തെ ജീവിതവ്യമാക്കാന്‍ പ്രേരിപ്പിക്കുന്ന സൃഷ്ടി.