Asianet News MalayalamAsianet News Malayalam

പ്രണയിക്കുന്ന പെണ്ണിനോളം ധീരതയാര്‍ക്കുണ്ട്?

വാക്കുല്‍സവം. എന്‍ ഗോപാലകൃഷ്ണന്‍, പി എം നാരായണന്‍ എന്നിവര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത, ഒറിയാ കവി രമാ കാന്ത് രഥ് എഴുതിയ 'ശ്രീരാധ'യുടെ വായന.   റിനി രവീന്ദ്രന്‍ എഴുതുന്നു 

Reading Sriradha poem by rema kanth rath Rini raveendran
Author
Thiruvananthapuram, First Published Sep 3, 2020, 4:23 PM IST

പ്രണയത്തിന് വേണ്ടി ഒറ്റനിമിഷമെങ്കിലും യാചിക്കാത്ത ആരുണ്ട്? അതിനുമുന്നില്‍ എല്ലാവരും നാണം കെട്ടവരാകും, പോവരുതെന്നും വീണ്ടും വീണ്ടും എന്നെ സ്‌നേഹിക്കൂ എന്നും നാണമില്ലാതെ എത്രവേണമെങ്കിലും നിലവിളിക്കും. രാധ ചോദിക്കുന്നുണ്ട്, താന്‍ ചോദിക്കുന്നത് അധികമായിപ്പോയോ എന്ന്? എങ്കില്‍ ഒറ്റ നിമിഷം പോലും ബാക്കിവയ്ക്കാതെ തന്നെ കൊണ്ടുപോയ്‌ക്കൊള്ളൂ എന്ന് അവള്‍ സമ്മതം മൂളുന്നുണ്ട്. 'പക്ഷേ, കൊണ്ടുപോകുമ്പോള്‍ തല കുനിക്കരുത്, കണ്ണില്‍ത്തന്നെ നോക്കണം. അവിടെ അനേകം നരകങ്ങളെ നിര്‍ഭീതയായി പിന്നിട്ട് അവസാന നരകവും കടന്ന് കദംബവൃക്ഷത്തിന്റെ ചുവട്ടില്‍ നിന്നെയും പ്രതീക്ഷിച്ചുനില്‍ക്കുന്ന എന്നെ നിനക്ക് കാണാം' എന്നാണവള്‍ പറയുന്നത്.

 

Reading Sriradha poem by rema kanth rath Rini raveendran

 

പ്രണയം ചിലപ്പോള്‍ കേവലയുക്തിക്കും അപ്പുറമാണ്. ഏതെങ്കിലും നിര്‍വചനത്തിന്റെ ഉള്ളിലൊതുങ്ങാതെ കാല്‍പനികതയുടെ ഊടുവഴികളിലൂടെ അത് അപഥസഞ്ചാരങ്ങള്‍ നടത്തും. അതിനിടയില്‍ എവിടെവച്ചും ഒരാളെ അക്രമിച്ചു കീഴ്‌പ്പെടുത്താന്‍ പ്രണയത്തിന് ശേഷിയുണ്ട്. എന്തിനാണ് അപ്പോള്‍ അനുവാദമില്ലാതിരുന്നിട്ടും നിങ്ങളുടെ കണ്ണുകള്‍ നിറഞ്ഞുപോകുന്നത്? നെഞ്ചിനകത്തൊരു വേദനപ്പക്ഷി ശ്വാസം കിട്ടാതെ ചിറകടിക്കുന്നത്? പച്ചയായ പ്രണയം ഉന്മാദത്തിന്റെ അത്യുന്നതങ്ങള്‍ക്കും തീവ്രമായ വിരഹവേദനയുടെ കൊടുംവേനലിനും ഇടയിലെ ഇത്തിരിയകലമാണ്. പക്ഷേ, ഈ രണ്ട് നേരങ്ങളിലും മനുഷ്യന് ബോധം നശിക്കുന്നു, അന്നേരം  അവരില്‍ ഭയമില്ലാതെയാവുന്നു. അപ്പോള്‍ പ്രണയികള്‍ സത്യം പുലമ്പുന്നു, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നോ, ഞാന്‍ നിന്നെ സ്‌നേഹിച്ചിരുന്നുവെന്നോ.

കാലങ്ങളായി പറഞ്ഞുപറഞ്ഞ് പുതുമ നഷ്ടപ്പെട്ടതാണ് കൃഷ്ണന്റെ രാധയുടെയും പ്രണയകഥ. അനേകം സ്ത്രീകളുണ്ടായിരുന്ന കൃഷ്ണനും, കൃഷ്ണനെന്ന് മാത്രം ഭജിച്ചിരുന്ന രാധയും. മാധവിക്കുട്ടിയോട് ദേഷ്യം തോന്നിയിട്ടുണ്ട്. 'എന്തിനാണ് സ്ത്രീയേ നിങ്ങള്‍ കൃഷ്ണന്‍, കൃഷ്ണന്‍ എന്നിങ്ങനെ ഉരുവിടുന്നതെന്ന്, ജപിക്കുന്നതെ'ന്ന് പലവട്ടം ചോദിച്ചിട്ടുണ്ട്. പക്ഷേ, പില്‍ക്കാലത്തെപ്പോഴോ സ്‌നേഹിക്കുന്ന പുരുഷനെ ഉള്ളില്‍ പോറ്റുന്ന ഒരു സ്ത്രീയെന്ന് അവരെ കരുണയോടെ സ്‌നേഹിച്ചിട്ടുണ്ട്.  

കെ ആര്‍ മീര, മീരാ സാധുവില്‍ എഴുതിച്ചേര്‍ത്ത സ്വയം വേദനിപ്പിച്ച്, അതില്‍ ഉന്മാദം കണ്ടെത്തുന്ന മീരയെ നോക്കൂ. 'എന്തിനാണ് എഴുത്തുകാരീ, പ്രണയം നഷ്‌പ്പെട്ട സ്ത്രീ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് പകരം 'വൃന്ദാവനി'ലെ രംഗാജി ക്ഷേത്രത്തിലേക്ക് അഴുക്കു പുരണ്ട സാരിയുടുത്ത്, തലയും മുണ്ഡനം ചെയ്ത് കയറിപ്പോയതിനെക്കുറിച്ച് എഴുതിയത്' എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, അതും പ്രണയമാണ് എന്ന് പിന്നീട് ഉള്‍വിളിയുണ്ടായി.

 

Reading Sriradha poem by rema kanth rath Rini raveendran

ശ്രീരാധ മലയാളം, ഒറിയ, ഇംഗ്ലീഷ് പതിപ്പുകള്‍
 

രമാ കാന്ത രഥിന്റെ രാധ, അഥവാ ശ്രീരാധ

ഇനി പറയുന്നത് മറ്റൊരു രാധയെക്കുറിച്ചാണ്. ഒറിയ കവി രമാ കാന്ത രഥിന്റെ രാധ. അദ്ദേഹത്തിന്റെ പ്രശസ്തമായ തുടര്‍കവിതാ സമാഹാരമായ ശ്രീരാധയിലെ ആഖ്യാതാവ്-ശ്രീരാധ. ഇവിടെയവള്‍ പച്ചയായ മനുഷ്യസ്ത്രീയാണ്. അവളുടെ കൃഷ്ണന്‍ ഈശ്വരനല്ല, പകരം അവളെപ്പോലെ പച്ചയായ മറ്റൊരു ജീവന്‍. വിറ്റ പാലിന്റെയും തൈരിന്റെയും കണക്കുകളടക്കം ഓരോ ദിവസത്തെയും കുഞ്ഞ് കാര്യങ്ങള്‍ വരെ പറയാനാവുന്ന കൂട്ടുകാരന്‍. അവള്‍ക്ക് അവനോടുള്ള പ്രണയമാണ്, ശ്രീരാധ. അവളുടെ ആത്മഗതങ്ങളാണ്, ഉള്ളിലടക്കിയ നിലവിളികളാണ്, പ്രണയത്തിന്റെ പിച്ചുംപേയുമാണ്  'ശ്രീരാധ' എന്ന കവിതകളിലുടനീളം. പൂര്‍ണമായും മരിച്ചുജീവിക്കുന്നൊരു സ്ത്രീ, തന്നെത്തന്നെ മറന്നുപോയവള്‍. കണ്ണന്റെ ഒറ്റ പ്രണയത്താല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവള്‍. ഓരോ രാത്രിയും ഇരുട്ടിനെ മറയാക്കി അവന്‍ വരും. അവള്‍ക്ക് വേണ്ടി മാത്രം. ആ രാത്രിക്ക് വേണ്ടിയാണ് അവളിന്ന് ജീവിക്കുന്നത്.

ഇവിടെ രാധയുടെ പ്രണയത്തില്‍ 'ഒന്നാവണം' എന്ന മോഹങ്ങളില്ല. അവള്‍ വിവാഹിതയാണ്. ഒരു പക്ഷേ, അവള്‍ കൃഷ്ണനെ കണ്ടുമുട്ടുന്നതിനും മുമ്പേ മറ്റൊരാളുടെ ഭാര്യയാണ്. കുടുംബിനിയാണ്. സമൂഹത്തിന്റെ പാകതകളുടെ ചട്ടക്കൂടിനുള്ളില്‍ ജീവിച്ചുപോരുന്നവളാണ്. സ്വന്തമാക്കണമെന്ന മോഹമില്ലാത്ത പ്രേമം, സാഫല്യം എന്ന സാദ്ധ്യതയാല്‍ മലിനമാവാത്തത്. എപ്പോള്‍ വേണമെങ്കിലും തീര്‍ന്നുപോകുമെന്ന വ്യഗ്രത കൂടിക്കലര്‍ന്ന ഒന്നുചേരലല്ലാതെ മറ്റെന്താണത്?

എനിക്കറിയാം രാവൊടുങ്ങുമ്പോള്‍ മടങ്ങിപ്പോകണം
വീണ്ടുമെന്റെ വീട്ടിലേക്ക് 
വീണ്ടുമെന്റെ മൃത്യുവിലേക്ക്

-എന്നാണ് ഓരോ പകലുകളുടെയും വരവിനെ രാധ ഓര്‍ക്കുന്നത്. ആദ്യമായി കൃഷ്ണന്‍ സ്പര്‍ശിച്ചപ്പോള്‍ 'തന്റെ  എല്ലാ ശൂന്യസ്ഥലികളും മുഖരിതമായി' എന്നാണവള്‍ പറയുന്നത്. അതുവരെ ശൂന്യമായിക്കിടന്ന ഒരിടത്തേക്കാണ് പ്രണയത്തിന്റെ നിലാവെളിച്ചമായി അവന്‍ ചെന്നുചേരുന്നത്, അവളടിമുടി അതില്‍ കുളിച്ചുപോകുന്നത്. കൃഷ്ണനെ സ്പര്‍ശിക്കാമോ എന്നത് രാധയുടെ ആശങ്കയാണ് (മാംസ നിബദ്ധമായ രാഗമാണല്ലോ കൂടുതല്‍ പാപം). എന്നാല്‍, രാധ ആ 'പാപം' ചെയ്യാന്‍ തന്നെ ഒടുവില്‍ തീരുമാനിക്കുന്നു. നാളെ മരിച്ചുതീരേണ്ട, ഇന്നലെവരെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത, മൃതദേഹമെന്ന പോലെയാണ് ശരീരമെന്ന് അവള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ ചിന്തകള്‍ക്കും തിരിച്ചറിവുകള്‍ക്കും ഒടുവില്‍ പ്രണയം ജയിക്കുകയും കൊടുങ്കാറ്റുപോലെ അവള്‍ കൃഷ്ണനിലേക്ക് ആഞ്ഞണയുകയുമാണ്.

 

Reading Sriradha poem by rema kanth rath Rini raveendran

 

കരയുന്നവനാണ്, ഏകാകിയാണ് കൃഷ്ണന്‍

രാധയുടെ കൃഷ്ണന്‍ കരയുന്നവനാണ്, ഏകാകിയാണ്. 'നീ ഏകാകിയാകുന്നു ഈശ്വരനെപ്പോലെ' എന്നാണ് ശ്രീരാധയില്‍ പറയുന്നത്. ഈശ്വരനെന്നല്ല, ഈശ്വരനെപ്പോലെ എന്ന്. ആ ഏകാന്തതയിലേക്കാണ് ഒരു യുഗം പോലെയുള്ള പകലിനുശേഷം രാധ ഓടിയണയുന്നത്, ആരുമറിയാതെ ഒളിച്ചൊളിച്ച്... എല്ലാ വസ്ത്രങ്ങളും എല്ലാ ആഭരണങ്ങളും അഴിച്ചുമാറ്റി രാധ കൃഷ്ണന് സമര്‍പ്പിക്കുന്നത് തന്റെ  സ്വത്വമാണ്. ഓരോവട്ടം കൃഷ്ണനവളെ തൊടുമ്പോഴും 'ഋതുമതിയാകുന്നതിന്റെ ഉത്സവലഹരിയില്‍ മുഖരിതമാകുന്നത് തന്റെ മൃത്യു' തന്നെയാണെന്നാണ് രാധ പറയുന്നത്.

നീ ഈശ്വരനായിരുന്നെങ്കില്‍
കരയുമായിരുന്നുവോ?
അലറിവിളിക്കുമായിരുന്നുവോ?
അതിനാല്‍ എന്റെ പ്രിയപ്പെട്ട അനീശ്വരാ,
നീയല്ലാത്ത എന്തോ ആണ് നീയെന്ന്
ലോകരെല്ലാം വിശ്വസിച്ചാല്‍പ്പോലും
എനിക്കറിയാം,
ക്രോധവും ശോകവും നിറഞ്ഞൊരു ജീവിതം തന്നെയാണു
നീയും നയിക്കുന്നത്
മെല്ലെമെല്ലെ വയസ്സായി എന്നെപ്പോലെ
എന്നെന്നേക്കുമായി പോകുന്നവരെ

-പ്രിയപ്പെട്ട അനീശ്വരാ എന്നാണ് രാധ പറയുന്നത്. ദൈവമല്ലാത്തവന്‍. ക്രോധവും ശോകവും നിറഞ്ഞൊരു ജീവിതം ജീവിക്കുന്നവന്‍. അവനെയാണ് അവള്‍ പ്രണയിക്കുന്നത്. വിവാഹിതയായ ഒരു സ്ത്രീയുടെ പ്രണയത്തെ 'അവിഹിതം' എന്നതിനുമപ്പുറം ഒരു സമൂഹം എന്ത് വിളിക്കാനാണ്?  അങ്ങനെയെങ്കില്‍ രാധയുടെ പ്രണയവും അങ്ങനെത്തന്നെയാണ്. അറിഞ്ഞുകൊണ്ടുതന്നെ താനെല്ലാവരെയും വഞ്ചിക്കുന്നുവെന്നാണ് ശ്രീരാധ പറയുന്നത്. ഓരോ വട്ടവും അവനെക്കാണാന്‍ വീടിന്റെ പടിയിറങ്ങുമ്പോഴും 'താന്‍ പാപം ചെയ്യുകയാണെന്ന് തനിക്കറിയാം. പക്ഷേ, പശ്ചാത്താപം ഒട്ടുമില്ലിപ്പോള്‍' എന്നവള്‍ പ്രണയത്താല്‍ ധീരയാവുന്നു.

എന്തുകൊണ്ട് ഇങ്ങനെ പ്രണയത്തില്‍പ്പെട്ടുപോവുന്നു? അതിന് രാധയ്ക്ക് കൃത്യമായ മറുപടിയുണ്ട്. 'അനേകം രാത്രികള്‍ക്കുശേഷം കടന്നുവരുന്ന ഒരു രാത്രിയില്‍ ഇന്നത്തെ പോലെ നക്ഷത്രങ്ങളുണ്ടാകും. പക്ഷേ, അന്ന് താന്‍ മരിച്ചുപോവും. അതുകൊണ്ടാണ് ഇന്ന് സ്‌നേഹിക്കുന്നത്' എന്നാണ് അവള്‍ പറയുന്നത്. അതുപോലെ കൃഷ്ണന്‍ എന്നെങ്കിലുമൊരിക്കല്‍ തന്റെ ജീവിതത്തില്‍ നിന്നും മാഞ്ഞുപോകുമെന്നും അവള്‍ക്കറിയാം. അതിനാല്‍ത്തന്നെയാണ് അവനെ കാണുമ്പോള്‍ മഴപോലെ പെയ്തു തീര്‍ക്കാന്‍ അവള്‍, കാര്‍മേഘം പോലെ ആശകളെല്ലാം നിറച്ചുവച്ചിരിക്കുന്നത്. ഓരോ ചുണ്ടുചേര്‍ക്കലിനെയും 'ആത്മഹത്യപോലെ ആത്യന്തികമായ ചുംബനങ്ങളെ'ന്നാണ് അവള്‍ വിശേഷിപ്പിക്കുന്നത്.

ഭ്രാന്തുപിടിച്ച, മായാലോകത്തിലെന്നപോലുള്ള ഈ പ്രണയത്തിനിടയിലും രാധ പക്വമതിയാവാന്‍ ശ്രമിക്കുന്നുണ്ട്. അവള്‍ക്കുറപ്പാണ് അവനൊരിക്കലും അവളുടേത് മാത്രമല്ലെന്ന്. അവന്റെ സാമീപ്യമില്ലാത്ത നേരങ്ങളിലെല്ലാം അവള്‍ വളരെ സാധാരണക്കാരിയാവുന്നുണ്ട്.

കോപവും കണ്ണീരും നിറഞ്ഞ ആ നിമിഷങ്ങളില്‍
എന്റെ ദേഹത്തില്‍ തൊട്ട്
ഞാന്‍ നിന്റെ ചൂടറിയുന്നു.
എന്നിലാശ വളരുന്നു
എന്നിലാശ തളരുന്നു.
അസൂയയാല്‍ ഞാന്‍ ജ്വലിക്കുന്നു.
എങ്കിലും ഇച്ഛയുടെ പക്ഷപാതത്താല്‍
വെറുമൊരു നിമിഷത്തിനകം
നിന്റെ നിര്‍ദയത ഞാന്‍ ക്ഷമിക്കുന്നു

- എന്നാണവള്‍ പറയുന്നത്. ഏതെങ്കിലും നിയമത്തിനുള്ളിലല്ലാത്ത പ്രേമം ചുമക്കുന്നവള്‍ മറ്റാരേക്കാളും ക്ഷമാശീലയാകേണ്ടിവരും. അവിടെ 'അവളുടേത്' എന്ന് പറയാന്‍ മാത്രമായി ഒന്നുമില്ല. പകരം ഒന്നായിത്തീരുന്ന ഒറ്റനിമിഷത്തിനുവേണ്ടിയാണ് അവള്‍ ബാക്കിയുള്ള മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും തള്ളിനീക്കുന്നത്. അവന്റെ നിര്‍ദയത ക്ഷമിക്കാന്‍ മാത്രം പാകത അവള്‍ക്കുണ്ട്. ഈ നിമിഷങ്ങള്‍ തീര്‍ന്നുപോകുമെന്നറിഞ്ഞുകൊണ്ടുതന്നെ, പൂക്കളെല്ലാം വാടിക്കരിഞ്ഞുപോകുമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ പ്രേമത്തിലേക്കെടുത്ത് ചാടിയവളാണല്ലോ ഈ ശ്രീരാധ. അപ്പോള്‍പ്പിന്നെ ധീരയാവാതെ, ക്ഷമയില്ലാതെങ്ങനെ?

പ്രണയത്തിന് വേണ്ടി ഒറ്റനിമിഷമെങ്കിലും യാചിക്കാത്ത ആരുണ്ട്? അതിനുമുന്നില്‍ എല്ലാവരും നാണം കെട്ടവരാകും, പോവരുതെന്നും വീണ്ടും വീണ്ടും എന്നെ സ്‌നേഹിക്കൂ എന്നും നാണമില്ലാതെ എത്രവേണമെങ്കിലും നിലവിളിക്കും. രാധ ചോദിക്കുന്നുണ്ട്, താന്‍ ചോദിക്കുന്നത് അധികമായിപ്പോയോ എന്ന്? എങ്കില്‍ ഒറ്റ നിമിഷം പോലും ബാക്കിവയ്ക്കാതെ തന്നെ കൊണ്ടുപോയ്‌ക്കൊള്ളൂ എന്ന് അവള്‍ സമ്മതം മൂളുന്നുണ്ട്. 'പക്ഷേ, കൊണ്ടുപോകുമ്പോള്‍ തല കുനിക്കരുത്, കണ്ണില്‍ത്തന്നെ നോക്കണം. അവിടെ അനേകം നരകങ്ങളെ നിര്‍ഭീതയായി പിന്നിട്ട് അവസാന നരകവും കടന്ന് കദംബവൃക്ഷത്തിന്റെ ചുവട്ടില്‍ നിന്നെയും പ്രതീക്ഷിച്ചുനില്‍ക്കുന്ന എന്നെ നിനക്ക് കാണാം' എന്നാണവള്‍ പറയുന്നത്.

 

Reading Sriradha poem by rema kanth rath Rini raveendran

രമാ കാന്ത് രഥ് 
 

പ്രണയമെന്ന 'അപവാദം'

അവളെക്കുറിച്ച് ചുറ്റുമുള്ളവര്‍ അപവാദം പറയുമെന്നവള്‍ക്ക് അറിവുണ്ട്. വിഷം നിറച്ച വാക്കുകള്‍ കൊണ്ട് അവളെ അവര്‍ അക്രമിക്കുമെന്നും. പക്ഷേ, അവള്‍ക്ക് ഭയമൊന്നുമില്ല. ഇത്രയും കാലം ആ അപവാദങ്ങള്‍ പേടിച്ചാണ് കഴിഞ്ഞത്. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമൊത്താണ് ജീവിച്ചത്. അതുകൊണ്ടുതന്നെ അതൊന്നും ഒരു ജീവിതമായി അവള്‍ക്ക് തോന്നിയിട്ടേയില്ല. ഇപ്പോഴാണവള്‍ അവള്‍ക്കുവേണ്ടി ജീവിക്കുന്നത്. പ്രണയിക്കാന്‍ അല്ലെങ്കിലും വെറുതെ ജീവിക്കാന്‍ വേണ്ടതിനേക്കാള്‍ ധൈര്യം വേണം. ഓരോ തവണയും സ്‌നേഹത്തിലേക്ക് എടുത്തുചാടാന്‍ പറ്റുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും ധീരമായ പ്രവൃത്തി അതു തന്നെയാണ്.

ഭര്‍ത്താവും അവളെ ചോദ്യം ചെയ്യുന്നുണ്ട്, 'ഇന്നലെ രാത്രി നീ എവിടെയായിരുന്നു' എന്ന ചോദ്യത്തിനൊപ്പം അവളുടെ തലമുടിയില്‍ പിടിച്ചുവലിക്കുകയും തല ഭിത്തിയിലടിക്കുകയും ചെയ്യുന്നുണ്ട്. ആ യാതനകളെല്ലാം അവള്‍ സഹിച്ചു. അവളുടെ 'കാമുകന്റെ/ജാരന്റെ' പാടുകളവശേഷിച്ചിട്ടുണ്ടോ എന്നറിയാനായി അയാള്‍ പട്ടാപ്പകല്‍ അവളുടെ ദേഹം പരിശോധിക്കുമ്പോള്‍ അവള്‍ക്ക് ചിരിക്കാനാണ് തോന്നുന്നത്. അവന്റെ അടയാളങ്ങള്‍ പുറത്തലല, അകത്താണ്. അതെന്നേ അവള്‍ ഉള്ളില്‍ പേറിത്തുടങ്ങിയിട്ടുണ്ട്. അവളുടെ ചിരിക്കുന്ന കണ്ണുകള്‍, ജീവന്‍ വെച്ച ശരീരം അതൊക്കെ അവന്റെ അടയാളങ്ങളല്ലാതെ പിന്നെന്താണ്? വ്യഭിചാരിണിയെന്നും കുലത്തെ കളങ്കപ്പെടുത്തിയവളെന്നും ആളുകള്‍ പറഞ്ഞു തുടങ്ങിയപ്പോഴാണ് ശരിക്കും അവള്‍ രാധികയായിത്തീര്‍ന്നതത്രെ.

പ്രേമിച്ചുകൊണ്ടേയിരിക്കാന്‍ കൊതിക്കുന്ന ഒരു പുരുഷന്‍, ഒരുപാടുപേരോട് പ്രണയം തോന്നുന്ന ഒരുവന്‍, അവന്‍ പറയുന്ന കള്ളങ്ങള്‍ തിരിച്ചറിയാന്‍ പക്വമതിയായ ഒരു പ്രണയിനിക്ക് കഴിയും. 'ജീവനുള്ള കാലം വരെ ഞാന്‍ നിന്നെയല്ലാതെ മറ്റാരെയും പ്രണയിക്കില്ല' എന്ന് കൃഷ്ണന്‍ പറയുമ്പോള്‍ അത് പച്ചക്കള്ളമാണെന്ന് രാധയ്ക്കറിയാം. എന്നിട്ടും അവളവനെ കേട്ടുകൊണ്ടിരുന്നു. കാരണം, എല്ലാ പ്രണയത്തിനും ബഹളങ്ങള്‍ക്കുമപ്പുറം ഒരു ദിവസം വന്നെത്തുമെന്നും, അന്നവന് തനിച്ച് നടന്നുനീങ്ങേണ്ടി വരുമെന്നും അവള്‍ക്കറിയാം. പിന്നീട്, അവന്‍ യാത്രയായശേഷം അവളുടെ രാത്രികള്‍ അത്രമേല്‍ ദൈര്‍ഘ്യമുള്ളതായിത്തീരുകയാണ്. പ്രണയം കൊണ്ട് തുടിച്ചിരുന്ന അകവും പുറവും പാറപോലെ ആയിരിക്കുകയാണ്. വയസ്സാകുന്തോറും അവള്‍ക്ക് മരണത്തെ കുറിച്ച് ബോധ്യവുമുണ്ട്. അപ്പോഴൊക്കെയും അവനെ കാണാതെ പോകുന്ന ദിവസങ്ങളുടെ ചൂട് അവളെ പൊള്ളിക്കുന്നുണ്ട്. അവന്‍ ഇനിയൊരിക്കലും മടങ്ങിവരില്ലായിരിക്കും എന്ന സത്യത്തിലേക്കാണ് അവളുടെ ഓരോ ദിവസവും കണ്‍തുറക്കുന്നത് തന്നെ. എന്നിട്ടും അവള്‍ പറയുന്നത് 'നീയിനി മടങ്ങി വരാതിരുന്നുവെങ്കില്‍' എന്നും.

ഇനിയൊരിക്കലും ഒരാള്‍ക്കും തരാനാവാത്തവണ്ണം സ്‌നേഹം തന്നിട്ട്, പെട്ടെന്നൊരു ദിവസം നമ്മുടെ ജീവിതത്തില്‍നിന്നും ഇറങ്ങിപ്പോകുന്ന മനുഷ്യരേക്കാള്‍ നമ്മുടെ വേദനകള്‍ മറ്റെന്തുണ്ട്. അവര്‍ പിന്നെയും വന്നാലെന്ത് ചെയ്യുമെന്ന അനിശ്ചിതത്വം തരുന്ന ചോദ്യത്തോളം വേദന വേറെന്ത്? വീണ്ടും വരാനും പോവാനും വേദനിക്കാനും മുറിപ്പെടാനും എല്ലാം എത്രകണ്ടാണ് മനസും ശരീരവും പാകപ്പെടേണ്ടി വരിക. അതുകൊണ്ട് 'തിരികെ വരേണ്ടതില്ല, നീയെന്നെ സ്‌നേഹിക്കുന്നുവെന്ന് എനിക്കറിയാം അതുമതിയെനിക്ക്' എന്ന് രാധ പറയുന്നുണ്ട്.

പറയാന്‍ അവള്‍ക്കൊന്നുമില്ല, ലോകത്തിന്റെ കണ്ണില്‍ കൃഷ്ണന്റെ ആരുമല്ല രാധ. ഒന്നുകൊണ്ടും അവര്‍ പരസ്പരം ബന്ധിക്കപ്പെട്ടിട്ടില്ല.

ഒടുവില്‍, അവന്‍ മരിച്ചുവെന്ന വാര്‍ത്ത അവളുടെ അടുത്തെത്തുമ്പോള്‍ അവള്‍ പറയുന്നത് തനിക്ക് സന്തോഷമായി എന്നാണ്. ഓര്‍ത്തുനോക്കൂ, ജീവിക്കുന്നത് അവനു വേണ്ടിയാണ്. ജീവനുള്ള അവനു വേണ്ടി. എന്നിട്ടാണ് അവന്റെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ അവള്‍ സന്തോഷിക്കുന്നത്. 

നിന്റെ വിധവകളുടെ കൂട്ടത്തില്‍ ഞാനില്ല
ഘോഷയാത്രയില്‍ നിന്റെ മൃതദേഹത്തിന്റെ പിന്നാലെ
നടക്കുന്നവരുടെ കൂട്ടത്തിലും.
നിന്റെ ദേഹം എന്റെ വൃന്ദാവനത്തില്‍നിന്നും
ഏറെയേറെ അകലെയായിരുന്നുവല്ലോ

എന്നാണ് രാധ ചോദിക്കുന്നത്. ഇപ്പോള്‍, അവന്‍ അവള്‍ക്ക് സ്വന്തമാണ്. മരിച്ചുപോയതോടെ അവന്‍ ആരുടെയും ഭര്‍ത്താവല്ല, പിതാവല്ല, പുത്രനുമല്ല അവന്‍ അവളുടേതാണ്. 'ചിതയില്‍ നിന്റെ ശരീരം എരിഞ്ഞടങ്ങുന്നതോടെ അവര്‍ക്കെല്ലാം നിന്നെ നഷ്ടമാകും അപ്പോള്‍ നീയെന്‍േറതാകുമെന്ന ആനന്ദം എനിക്കടക്കാനാവുന്നില്ല' എന്ന് പ്രണയത്താലുന്മത്തമായവുകയാണ് രാധ.

 

Reading Sriradha poem by rema kanth rath Rini raveendran

പി എം നാരായണന്‍, എന്‍ ഗോപാലകൃഷ്ണന്‍
 

പ്രണയം, ശരീരം, പാപം

പ്രണയം പാപമാവുന്നതിന് ചെറിയ അതിര്‍വരമ്പേ സമൂഹം കല്‍പ്പിച്ചു നല്‍കിയിട്ടുള്ളൂ. വിവാഹിതയുടെ പ്രണയം പാപമാണ്, ആണും ആണും പെണ്ണും പെണ്ണും പ്രേമിക്കുന്നത് പാപമായിക്കാണുന്നവരുണ്ട്, വയസിന് മൂത്ത സ്ത്രീയെ പ്രേമിക്കുന്നതിനെ പാപമെന്ന് വിളിക്കുന്നവരുണ്ട്. അങ്ങനെ ഒരുപാട് പാപങ്ങള്‍. അതില്‍ ശരീരം കൂടിയുണ്ടെങ്കില്‍ അത് കൂടിയ അളവില്‍ പാപമാണ്. അങ്ങനെ, എത്രയെത്ര സ്‌നേഹങ്ങളാണ് ഓരോ നിമിഷവും 'പാപ'ത്തിന്റെ ഭയത്തില്‍ത്തട്ടി ആത്മഹത്യ ചെയ്യുന്നത്. ആഞ്ഞുപുല്‍കാന്‍, കൈകളൊന്നു ചേര്‍ത്തുപിടിക്കാന്‍, എന്തിന് വെറുതെയൊന്ന് കണ്ണുകളില്‍ നോക്കിയിരിക്കാനെങ്കിലും അനുവദിക്കൂവെന്ന അനേകം സ്‌നേഹങ്ങള്‍, പ്രേമങ്ങള്‍.

നാളെ ഞാന്‍ മരിച്ചുപോയാല്‍, നോക്കൂ എനിക്ക് നിന്നോട് പ്രണയമായിരുന്നുവെന്ന് ആരും നിന്നോട് പറയുകയില്ല, നാളെ ഞാന്‍ മരിച്ചുപോയാല്‍ തരാന്‍ കൊതിച്ച ഒരു ചുംബനത്തിന് മോക്ഷം കിട്ടാതെ ഇവിടെ അലഞ്ഞുനടക്കേണ്ടി വരും. നാളെ ഞാന്‍ മരിച്ചുപോയാല്‍, നിന്നെയൊന്ന് പുണരണമെന്നാശിച്ച കൈകള്‍ക്ക് ശൂന്യമായി മടങ്ങേണ്ടി വരും. എല്ലാത്തിനുമപ്പുറം, നിന്നെയിത്ര തീവ്രമായി പ്രേമിച്ചുപോയ ഒരാളിവിടെയുണ്ടെന്ന് നീയൊരിക്കലും അറിയാതെ തന്നെ പോകും. അതേ, ഹ്രസ്വമായ ജീവിതത്തിലെ അതിനേക്കാള്‍ ഹ്രസ്വമായ കാലമാണ് പ്രണയകാലം. അത് തിരിച്ചറിയുന്നവളാണ് രാധ.

 

Reading Sriradha poem by rema kanth rath Rini raveendran

Painting: Sanjay Tandekar

 

രാധയുടെ ആത്മത്യാഗം

നിദ്രാവിഹീനങ്ങളായ എല്ലാ രാത്രികളും അവനെ കുറിച്ചുള്ള ഓര്‍മ്മകളാണ്. അവളവളെത്തന്നെ ഉരുക്കിയെടുത്താണ് അവനോടുള്ള പ്രണയത്തിന് അവള്‍ ജീവന്‍ കൊടുത്തത്. പൈങ്കിളിയെന്ന് എളുപ്പത്തില്‍ എഴുതിത്തള്ളാവുന്ന ഓരോ പ്രണയങ്ങളും സ്വന്തം ഹൃദയം കീറിമുറിച്ച്, രക്തം വാര്‍ത്ത്, മറ്റൊരു പ്രാണനെ കൈവെള്ളയില്‍ പിടിക്കുന്നുണ്ട്. ഇരുട്ടില്‍, 'പ്രിയപ്പെട്ടവളേ' എന്ന് വിളിച്ച്  അവന്‍ വരികയോ / വരാതിരിക്കുകയോ ചെയ്യാം. ആ സാദ്ധ്യതകള്‍ മാത്രമായിരുന്നു അവളുടെ ജീവിതം. അവന്‍ പോയശേഷം ആ രാത്രികള്‍ മരിച്ചുപോയൊരാളുടെ മുഖംപോലെ നിര്‍വികാരത പേറിയിരിക്കാം. ഓര്‍മകളില്‍ അവള്‍ പൊട്ടിത്തകര്‍ന്നിരിക്കാം. ഇനിയെന്ത് പ്രതീക്ഷിക്കാനാണ് എന്ന് ഒരായിരം വട്ടം അവള്‍ രാത്രിയോട് അന്വേഷിച്ചിരിക്കാം.

'പ്രണയശേഷം, ആരും പഴയതുപോലാവുന്നില്ല' എന്ന കാതറിന്‍ എം വാലെന്റിന്റെ കവിത ഓര്‍ക്കുന്നു. 

അതേ, പ്രണയത്തില്‍നിന്നു പുറത്താവുന്ന ഒരാള്‍ ഒരിക്കലും പഴയതുപോലാവുന്നില്ല. ചില പ്രണയങ്ങള്‍ ആത്മത്യാഗം കൂടിയാണ്. പ്രവചിക്കപ്പെട്ട വിരഹത്തിന്റെ ചൂടില്‍ നിന്നാണ് അവര്‍  പ്രണയിച്ചു തുടങ്ങുന്നത്. രാധയ്ക്കും വേണമെങ്കില്‍ പ്രണയിക്കാതിരിക്കാമായിരുന്നു, എല്ലാ വികാരങ്ങളെയും ഒളിപ്പിച്ചു നിര്‍ത്താമായിരുന്നു. പക്ഷേ പ്രണയം വന്നു വിളിച്ചപ്പോള്‍ ഉള്‍ക്കരുത്തിന്റെ ചൂട്ടും തെളിച്ച് രാത്രിയിലിറങ്ങിച്ചെന്നവളാണ് രാധ. ഒറ്റ തവണയെങ്കിലും ഒരു മറയുമില്ലാതെ പുഴ പോലെ ഒഴുകാന്‍ തന്റെ എല്ലാ വികാരങ്ങളെയും അവള്‍ മന:പൂര്‍വം അനുവദിച്ചു കൊടുത്തത് തന്നെയാണ്. 

കൃഷ്ണനുപോലും ആ രാധയുടെ കരുത്തുണ്ടെന്നു തോന്നുന്നില്ല. അല്ലെങ്കിലും പ്രണയമുള്ള പെണ്ണിനോളം ധീരതയാര്‍ക്കുണ്ട്? ആ ചോദ്യം കൂടിയാണ് ശ്രീരാധ. ആ രാധ ആരുമാവാം, ഏതൊരുവളുമാവാം.  

Follow Us:
Download App:
  • android
  • ios