ഏത് പുസ്തകത്തിലും ഏത് സിനിമയിലും കാണുന്ന രുചികളുണ്ടാവാം. അതുപക്ഷെ, നമ്മോട് ചേര്‍ന്ന് നില്‍ക്കാറ് നമുക്ക് പ്രിയപ്പെട്ട രുചികളുമായി ചേര്‍ന്നിട്ടാണ്. മുത്തശ്ശിയുടെ മണമുള്ള രുചികള്‍, അമ്മമണമുള്ള രുചികള്‍, അച്ഛനുണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ രുചികള്‍... ഇത് അത്തരത്തിലൊരു രുചിയോര്‍മ്മയാണ്. രുചിയെ കുറിച്ച് ഓരോന്ന് വായിക്കുമ്പോഴും കൂടെപ്പോരുന്ന മുത്തശ്ശി രുചിയുടെ ഓര്‍മ്മ... 

"വ്യക്തിത്വത്തിന്റെ നീണ്ട ആഘോഷവും അഹന്തയും പിന്‍വാങ്ങുമ്പോള്‍ പതുക്കെപ്പതുക്കെ നാം നമ്മെ പേടിപ്പിക്കുന്ന ഏകാന്തതയുടെ തുരുത്തുകളില്‍ കണ്ടെത്താന്‍ തുടങ്ങുന്നു."

"ദൃശ്യങ്ങളും ശബ്ദങ്ങളും ഗന്ധങ്ങളും നമ്മുടെ മുമ്പിലൂടെ കടന്നു പോകും; നമ്മോടു ചോദിക്കാതെ, രുചിയാവട്ടെ നമുക്ക് സ്വയം ക്ഷണിക്കണം, ആനയിക്കണം, സ്വീകരിക്കണം. അല്ലെങ്കില്‍ അത് ഇല്ല."

"രുചി പോലെതന്നെയാണ് ഇന്ദ്രിയസ്പര്‍ശവും നാം സ്വയം സ്വീകരിച്ചാലേ സ്പര്‍ശം സാധ്യമാകുന്നുള്ളൂ. പക്ഷേ, ഞാന്‍ പറയട്ടെ, ക്ഷണിക്കുകയും ആനയിക്കുകയും സ്വീകരിക്കുകയും വേണ്ടി വരുന്നതിനെത്തന്നെയാണ് നമുക്ക് വ്യാപരിക്കുവാനും സാധിക്കുക."

- രുചി/ ആനന്ദ്

ഗന്ധങ്ങളെക്കുറിച്ചുള്ള ഒരു കവിതാസമാഹാരം കുറേനാള്‍ കൂടെ നടന്നിരുന്നു. വിഷ്ണുപ്രസാദിന്റെ 'നട്ടുച്ചകളുടെ  പാട്ട് അഥവാ മീൻ പൊരിക്കുന്ന മണം' എന്നൊരു കവിത വിശപ്പിന്റേതായുണ്ട്. വിശപ്പിലേക്കുള്ള അതിന്റെ വഴി രുചിയുടെയും ഗന്ധത്തിന്റേതുമാണ്.  വി ബി ഷൈജുവിന്റേത് കുമിൾ കറിയാണ്. കുമിൾ കറിക്കുമുണ്ട് വളരെ വ്യത്യസ്തവും പരിചിതവുമായ ഗന്ധവും അതിലേറെ രുചിയും. എം ആർ വിഷ്ണുപ്രസാദിന്റെ കവിതയാവട്ടെ ആണിറച്ചിയാണ്. രുചിയും ഗന്ധവും സൂചിപ്പിക്കുന്ന കവിതകൾ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങി. ഗന്ധത്തിൽ നിന്നും രുചി മാത്രമായി സൂക്ഷിച്ചുവച്ചവയിൽ കൂടുതൽ. എവിടെയോ നഷ്ടമായ ആ ശേഖരത്തെ ഓർത്തെടുത്തു ആനന്ദിന്റെ രുചിയേയും ഗന്ധത്തെയും ഓർമ്മിപ്പിക്കുന്ന കഥകൾ. 

ആനന്ദിന്റെ രുചി എന്ന കഥയിൽ രുചി എന്ന നായികയുടെ, അവള്‍ തന്നെ മറന്ന പേര് വിളിക്കുന്ന ഒരപരിചിതന്‍ അവള്‍ക്കൊപ്പം, അവള്‍ രുചിയായിരുന്ന കാലത്ത് കൂടെയുണ്ടായിരുന്നതാണ്. അവള്‍ കവിത എഴുതാന്‍ മറന്നു പോയിരിക്കുന്നു. അയാളാവട്ടെ ലൗകിക ജീവിയോ ആ ജീവിതം വിട്ടവനോ എന്നറിയാത്ത വസ്ത്രധാരണത്തിലും. അവള്‍ക്ക് വേണ്ടി അയാള്‍ എഴുതി വച്ചു എന്നവള്‍ കരുതുന്ന വാക്കുകളിലൂടെ അവര്‍ക്കിടയില്‍ നാലോ അഞ്ചോ ദിവസങ്ങള്‍. മൂന്നു ദശാബ്ദങ്ങള്‍ക്ക് ശേഷം അവരുടെ കണ്ടുമുട്ടല്‍. പേരുകളില്ലാത്ത അവര്‍ക്കിടയില്‍ രണ്ടുപേരുടെ പാകത്തിനുള്ള രുചി മാത്രമാണ്. ഇടയില്‍ ഒരു സാല്‍മരത്തിന്‍റെ ചുവട്ടില്‍ ജന്മം കൊണ്ട് ഒരു ബോധിമരച്ചുവട്ടില്‍ ബുദ്ധനായി, വീണ്ടും ബോധി മരച്ചുവട്ടില്‍ നിന്ന് സാല്‍മരച്ചുവട്ടിലേക്ക് നടന്നു ഭൂമിയില്‍ ഒടുങ്ങിയ തഥാഗതനായ ശാക്യമുനിയുടെ കഥയാണ് അവളോട്‌ പറയുന്നത്. നാടിനു വേണ്ടി പൊരുതാന്‍ മടിച്ചു ബഹിഷ്കൃതനായ ആളാണ്‌ അയാള്‍. ശാക്യമുനിയെപ്പോലെ. ഒടുവില്‍ അയാളുടെ മടങ്ങിപ്പോക്കില്‍ അവള്‍, അയാള്‍ എഴുതി അവസാനിപ്പിച്ച ഇടത്തു നിന്ന് കവിത എഴുതാന്‍ ആരംഭിക്കുകയാണ്. അമ്രപാലിക എന്ന ബഹിഷ്കൃതയും ഗണികയുമാക്കപ്പെട്ട നാഗരികയാണ് രുചി എന്ന് പറയാം.

ആനന്ദിന്റെ രുചിയിൽ നിന്നും ജീവിതത്തിന്റെ രുചിയിലേക്കുള്ള ക്രാഷ്  ലാൻഡിങ്ങിൽ ഏറെ ക്രഷ് ഉണ്ടാക്കിയ രുചികളുടെ ഉടമ എന്റെ അച്ഛമ്മയാണ്. ഒരു നിശ്ശബ്ദ ജീവിയായിരുന്നു വല്യമ്മ അഥവാ അച്ഛമ്മ. അമ്മ എന്നു തന്നെയാണ് കൊച്ചു മക്കളും വിളിച്ചിരുന്നത്. ഉള്ളിലെ ഫ്രസ്ട്രേഷൻസ് കൊണ്ട് ശ്വാസം തിക്കുന്നതും മുഖനിറം മാറുന്നതും കണ്ടിട്ടുണ്ട്. അവർ ആ സാഹചര്യങ്ങൾക്ക് ചേർന്ന വാക്കുകളെ ഉള്ളിലേക്ക് ഒച്ചപ്പെടുത്തിയിട്ടുണ്ടാകണം. ഞാൻ അവരെ ഓർക്കുന്നത് രുചികളിലൂടെയാണ്, സ്ഥായിയായ നിശ്ശബ്ദതയിലൂടെയും.

മുത്തശ്ശനാവട്ടെ അവർ മരിച്ച ശേഷമാണ് പിന്നിലുണ്ടായിരുന്ന ആ നിശ്ശബ്ദതയുടെ ആഴത്തെ തിരിച്ചറിഞ്ഞ് അവരെ ഓർത്തെടുക്കാനായത് എന്ന് തോന്നുന്നു. അല്ലെങ്കിൽ തന്റെ ജീവിതത്തിന്റെ എൺപതുകളുടെ ഒടുക്കത്തിൽ, അവർ മരിച്ച് ഏറെക്കഴിയും മുമ്പേ ആത്മഹത്യ ചെയ്യില്ലായിരുന്നല്ലോ. നിശ്ശബ്ദതയും കണ്ണുകളുടെ ചലനവും ശ്വാസമെടുക്കലുമൊക്കെയായിരുന്നു അവർക്കിടയിലെ കമ്മ്യൂണിക്കേഷനിൽ ഏറെയും.

മുത്തശ്ശിയെന്ന ഓർമ്മയെ രുചികൾ പങ്കിട്ടെടുക്കുന്നത് പറയാം. ഒരിക്കൽ ഇതേക്കുറിച്ചു കേട്ട ഒരു ചങ്ങാതി ഈ രുചിയോർമ്മകൾ നീ മോഷ്ടിച്ചതല്ലേ എന്നായി. കാരണം, അവളുടെ മുത്തശ്ശിയുടെ രുചിക്കൂട്ടുകൾ പലതും, ഭൂരിഭാഗവും എന്റേതുമായി ചേർന്ന് നിൽക്കുന്നതായിരുന്നു. ഭക്ഷണം ജീവിക്കാൻ വേണ്ടിയുള്ളത് മാത്രവും വൈവിധ്യങ്ങൾ കുറഞ്ഞതുമായിരുന്ന ഒരു കാലത്തിന്റെ ഓർമ്മയാണ്. കർക്കടകം വറുതിയുടേത് മാത്രവും മറ്റു മാസങ്ങൾ ഏറെ വ്യത്യസ്തമാകാതിരിക്കുകയും ചെയ്തിരുന്ന വീടുകളുടെ സ്വയം പര്യാപ്‍തയുടെ കാലമായിരുന്നു അത്.

- ഒന്നോ രണ്ടോ പാണ്ടി മുളക് അടുപ്പിൽ ചൂടാക്കിയതും ചെറുള്ളിയും ചോറൂറ്റ് പലകയിൽ വച്ച് ചതച്ച്, അതിനെ കടുക് വറുത്ത എണ്ണയിലേക്ക് ഇട്ട് വയട്ടിയതിലേക്ക് പുളി പിഴിഞ്ഞ് ഒഴിച്ചെടുക്കുന്ന പുളിങ്കറിയ്ക്ക് ഒരു പ്രത്യേക മണവും രുചിയുമാണ് . 

പലവട്ടം  ശ്രമിച്ചിട്ടും തിരിച്ചെടുക്കാനാവാത്ത  രുചികളിൽ ഒന്നാണ് അത്.

-പിന്നീട് വെടിക്കുരു എന്ന് തഴയപ്പെട്ട് പോയിരുന്ന ചക്കക്കുരുവിനെ  ഓർക്കാം. ചക്കക്കുരു, മുത്തശ്ശിയുടെ പരീക്ഷണശ്ശാലയിൽ തേങ്ങയും ഉള്ളിയും ചേർന്ന തോരനായിരുന്നു. വിദേശികളെ വെല്ലുന്ന ശുഭ്രനിറത്തിൽ. ചിലപ്പോഴാ ചക്കക്കുരു പൊട്ടറ്റോ ചിപ്പ്സിനെ വെല്ലുന്ന മെഴുക്കു വരട്ടിയായി. ഉപ്പും മഞ്ഞളും മാത്രം ചേർന്ന ആ ഭക്ഷണം മാത്രം മതിയായി ചോറിനു കൂട്ടായി മാറിയിരുന്നു.

- ചക്കക്കൂഞ്ഞ് തോരനായി, ചിലപ്പോൾ തേങ്ങ വറത്തരച്ചതിനോട് കൂട്ടു പിടിച്ച് തീയലായി.
- ചേമ്പ് അതിന്റെ ഇലയും തണ്ടും മുത്തശ്ശിയ്ക്ക് കൊടുത്തപ്പോൾ തോരനും കറിയുമായി.
- കപ്പ മഴക്കാലത്ത് ചുട്ടെടുത്തു, വെള്ളയരിഞ്ഞ് ഉണങ്ങിയത് ചിലപ്പോൾ പുട്ടായി.
- തൊടിയിലെ ഇലകളെല്ലാം തോരനായി. മുരിങ്ങയില പപ്പടത്തിനൊപ്പം ചേർന്ന മഞ്ഞച്ച രുചിയിലെ കേമനായി.
- ഉണങ്ങിയ കൊഞ്ച് അതിന് പറ്റിയതും പറ്റാത്തതുമായ എന്തെല്ലാം വേഷങ്ങളാണ് ആടിയത്.
- മുറ്റത്ത് ഉണ്ടായിരുന്ന രണ്ടോ മൂന്നോ കാപ്പിച്ചെടികളുടെ കടുക്കൻ ഊർന്നു വീണതിൽ ഉലുവ ചേർന്ന് പൊടിഞ്ഞതിൽ നെയ്യ് വീണ ചൂടുവെള്ളത്തെ ജയിക്കാൻ കാപ്പുച്ചീനയ്ക്കോ കോഫിലാറ്റേയ്ക്കോ കഴിയുന്നില്ല എന്നിടത്താണ് മുത്തശ്ശിക്കട്ടൻ കാപ്പിയുടെ ഓർമ്മാശ്വമേധം.

ഓർമ്മ മറ്റൊരു രുചിയാണ്. മറ്റൊരു ലോകവും. ആനന്ദ് പറഞ്ഞ നമ്മൾ ക്ഷണിച്ച് ആനയിക്കുന്ന രുചി പോലെ തന്നെയാണ് ചില ഓർമ്മകളും. രുചിക്കുന്ന ആളിന് മാത്രം വേറിട്ട ഒന്നായി അനുഭവിക്കാനാവുന്ന ഓർമ്മയുടെ ലോകം.  അനുഭവിക്കുന്ന ആളിലും അനുഭവത്തിനുമിടയിൽ മറ്റാരുമില്ലാത്ത സ്വകാര്യതയുടെ ഒരു ലോകം ഓർമ്മയിലും രുചിയിലുമല്ലാതെ മറ്റെന്തിലാണ് സാധ്യമാകുക?