ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സജ്ന മുസ്തഫ വെള്ളറക്കാട് എഴുതിയ മൂന്ന് കവിതകള്‍. Asianet News Chilla Literary Space. Malayalam Poems Sajna Musthafa Vellarakkad
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

പ്രണയസങ്കീര്‍ത്തനങ്ങള്‍
ചില്ലുകൂട്ടിലെ ദൈവരൂപം പോലെ
ഒരാള്‍ എന്റെ
പകല്‍ക്കിനാവുകളിലേക്ക്
ഇടയ്ക്കിടെ
വന്നുപോയിക്കൊണ്ടിരുന്നു.
അപ്പോഴൊക്കെ
അള്‍ത്താരയിലെ
മെഴുകുതിരി പോലെ
ഞാന്‍ ഉരുകി.
ഒരു മഴക്കാലം
എന്റെ കവിളിലൂടെ
െയ്തു തോര്‍ന്നു.
എന്റെ പ്രേമമേ,
എന്ന് ഹൃദയം വിങ്ങി.
അയാളില്ലായ്മയുടെ ശൂന്യതയില്‍
എന്റെ ചിന്തകള്‍
വിഷാദത്തിന്റെ താഴ്വരയില്‍
മേഞ്ഞുനടക്കുന്ന
ആട്ടിന്‍പറ്റങ്ങളായി.
ഏകാന്തതയുടെ
പാനപാത്രത്തില്‍
ഞാന്‍ അവന്റെ ഓര്‍മ്മകള്‍
നുണഞ്ഞുകൊണ്ടിരുന്നു.
പ്രണയസങ്കീര്‍ത്തനങ്ങള്‍
എന്റെ ജപമാലയില്‍
എണ്ണമറ്റ മുത്തുകളായി.
മുറിവുകള്‍ കവിതകളായി.
ഒരേ സമയം എനിക്കയാള്‍
ജീവന്റെ മധുരവും ചവര്‍പ്പുമായി
ഗ്രീഷ്മവും ഹേമന്തവുമായി
ഹൃദയമൊരു
കാലിത്തൊഴുത്തായി.
ദിവ്യപ്രേമത്തിന്റെ തിരുപ്പിറവിക്കായി
നോമ്പുനോറ്റു
കാത്തിരിക്കുന്നൊരുവളായി
ഞാന്‍ പരുവപ്പെട്ടു.
ഇടയ്ക്കിടെ മനസ്സ്.
മൗനത്തിന്റെ മുള്‍ക്കിരീടം ചൂടി
സ്‌നേഹനിരാസത്തിന്റെ
കുരിശു ചുമന്ന്
കാല്‍വരി കയറി.
പ്രേമമേ,
കവിതയുടെ വെള്ളിത്താലത്തില്‍
നിനക്കെന്റെ ആത്മബലി.
എന്റെ രക്തം നിനക്ക് വീഞ്ഞ്
എന്റെ മാംസം നിന്റെ ഓസ്തി
നിന്റെ വിശുദ്ധലേപനങ്ങളാല്‍
എന്റെ ഹൃദയത്തെ സ്‌നാനപ്പെടുത്തുക
നിന്റെ പ്രേമത്താല്‍
എന്നെ വിശുദ്ധയാക്കുക.
ആത്മാവിന്റെ ആനന്ദമേ
പ്രേമമേ. ..നിനക്കു സ്വസ്തി.

എന്റെ കവിത
എന്റെ കവിതക്ക്
കുടംപുളിയിട്ടു വച്ച
നെയ്മീന്‍ കറിയുടെ സ്വാദാണെന്ന്
നല്ലപാതിയുടെ പ്രശംസ.
എന്റെ കവിത
നീതികേടിന്റെ വഴിയില്‍
വിപ്ലവത്തിന്റെ ശബ്ദമാകണമെന്ന്
സൗഹൃദത്തിന്റെ ആശംസ.
എന്റെ കവിത
ഒരിക്കലും മോചനം
കൊതിക്കാത്തൊരു
ഉന്മാദത്തിന്റെ തടവറയാണെന്ന്
കാതില്‍ കാമുകന്റെ കിന്നാരം.
എന്റെ കവിതകള്‍
പട്ടുപോയൊരു വിത്തിന്റെ ഉള്ളിലെ
തണല്‍ എന്ന സ്വപ്നം മാത്രമാണെന്ന്
വിമര്‍ശകരുടെ സ്‌നേഹശാസന.
എന്റെ കവിതകള്‍
കൂട്ടിലടച്ച പട്ടിയുടെ
കുര പോലെയാണെന്ന്
വായനക്കാരുടെ മുറുമുറുപ്പ്.
ശരിയാണ്,
എന്റെ കവിത
കരയുന്നവന്റെ കണ്ണീരൊപ്പുന്നില്ല
വിശക്കുന്നവന് അന്നമാകുന്നില്ല
നെറികെട്ടവന്ന് വഴികാട്ടുന്നില്ല .
എന്റെ കവിത
തൊണ്ടക്കുഴിയില്‍ നിന്ന്
പുറത്തുവരാനാകാത്തൊരു
വിങ്ങലിന്റെ നിസ്സഹായത.
വിഷാദത്തിന്റെ ചതുപ്പില്‍
പുതഞ്ഞു പോകുമ്പോള്‍ ഞാന്‍
പിടിച്ചു നില്‍ക്കുന്നൊരു
പുല്‍ക്കൊടിത്തുമ്പ്.
എന്റെ കവിതക്ക്
ചവറ്റുകുട്ടയില്‍
ചുരുട്ടി എറിയപ്പെട്ടൊരു
കടലാസുകഷ്ണത്തിന്റെ
ഹൃദയമാണ്.

മറവി
ചില നേരത്തെങ്കിലും
മറവി എന്നു പറയുന്നത്
അതിമനോഹരമായ
ഒരു കള്ളമാണ്.
അത്രമേല്‍
പ്രിയമാര്‍ന്നൊരു
മുറിവിന്റെ
നോവും നീറ്റലുമാണ്.
ആറ്റിക്കുറുക്കിയെടുത്തൊരു
സ്‌നേഹത്തിന്റെ മുത്തിനെ
ഓര്‍മ്മകളുടെ കടലാഴങ്ങളില്‍
മോഹത്തിന്റെ ചിപ്പിക്കുള്ളില്‍
ആരും കാണാതെ
ഒളിച്ചു വെക്കലാണ്.
നിരാശയുടെ മണല്‍ക്കാട്ടില്‍
നഷ്ടപ്പെട്ട പ്രതീക്ഷയുടെ
കാല്‍പ്പാടുകള്‍ തിരയലാണ്.
എന്നോ മരിച്ചു മണ്ണടിഞ്ഞ
ഒരു സ്വപ്നത്തിന്റെ
ഹൃദയത്തില്‍
ഇനിയും നിലക്കാത്ത
പ്രണയത്തിന്റെ ഒരു
നേര്‍ത്ത സ്പന്ദനമാണ്.
ഇനി ഒരിക്കലും
വരില്ലെന്നറിയാമെങ്കിലും
ഒരു വസന്തത്തിനായ്
തായ്വേര് നഷ്ടപ്പെട്ടൊരു
മരത്തിന്റെ കാത്തിരിപ്പാണ്.
ചില നേരത്തെങ്കിലും
മറവി എന്നു പറയുന്നത്
ഒരൊറ്റ ഒരാളുടെ ഓര്‍മ്മയില്‍
നമ്മെ സ്വയം മറന്നു വെക്കലാണ്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


