ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ഷര്‍മിള സി നായര്‍ എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sharmila C Nair 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

റ്റേക്കോഫ്

വിമാനം 'റ്റേക്കോഫ്' ചെയ്യുന്നു.


പതിവുപോലെ
നിന്റെ നമ്പറിലേക്ക് ആ സന്ദേശം അയയ്ക്കുകയായിരുന്നു ഞാന്‍.

അന്നേരമാണ്
നമ്മുടെ ഗ്രൂപ്പില്‍
മറ്റൊരു സന്ദേശം വന്നത്

'നീ ഞങ്ങളെ വിട്ടുപോയി.'

ഒരു നിമിഷം!

ദയവ് ചെയ്ത് നിര്‍ത്തൂ
ഞാനിറങ്ങട്ടെയെന്നൊരൊച്ച
തൊണ്ടയില്‍ തടഞ്ഞെനിയ്ക്ക്
ശ്വാസം മുട്ടി.

ഗ്രൂപ്പില്‍ ആരൊക്കെയോ
എന്തൊക്കെയോ എഴുതുന്നു.

വിമാനം പറന്നുയരുന്നു

നിനക്കെന്താണ് പറ്റിയത്?

ആരോട് ചോദിക്കാന്‍?

ഒന്നുമിനി അറിയാനാവില്ല.

മിനിട്ടുകള്‍ക്ക്
മണിക്കൂറിന്റെ ദൈര്‍ഘ്യം

എപ്പോഴാണ്
എവിടെയാണ്
എങ്ങനെയാണ്

നൂറ് ചോദ്യങ്ങള്‍ നാവിന്‍ തുമ്പില്‍.

നിനക്കും എനിക്കും
ഏറെ പ്രിയപ്പെട്ട
നീലമേഘങ്ങളെ വകഞ്ഞുമാറ്റി
വിമാനം പായുന്നു.

തെല്ലാശ്വാസത്തിനായി
ചിന്തകള്‍ മാറ്റാന്‍ ഞാന്‍ ശ്രമിച്ചു.

പക്ഷേ
കറങ്ങി തിരിഞ്ഞ്
ചിന്തകള്‍ വീണ്ടും നിന്നിലെത്തുന്നു.

നമ്മുടെ കൂട്ടുകാരൊക്കെ
ഇപ്പോള്‍ നിന്നെ കാണാനുള്ള
തിരക്കിലാവും, അല്ലേ?

അവരൊക്കെ എന്നെ തിരയും.

എന്റെ പ്രതികരണമറിയാന്‍
ചിലര്‍ കാത്തിരിക്കും

വിളിച്ചിട്ട് കിട്ടുന്നില്ലല്ലോന്ന്
അവര്‍ വ്യാകുലപ്പെടും.

നിനക്കറിയാമല്ലോ
ഞാനാകാശത്തായിരിക്കുമെന്ന്.

അടുത്ത വിമാനത്തില്‍
തിരികെ വരാന്‍ ഉള്ളം വെമ്പും.

വന്നാലോ..?

നീ എന്റെ ആരാണെന്ന ചോദ്യം
പല കോണില്‍ നിന്നുമുണ്ടാവും.

അല്ലെങ്കില്‍ തന്നെ
നിന്നെ കാണാനാവുമെന്ന്
എന്താണുറപ്പ്

എനിക്കായി കാക്കാന്‍
ഞാന്‍ നിന്റെ ആരാണ്..!

ഇപ്പോള്‍
നമ്മുടെ കൂട്ടുകാരില്‍
ചിലര്‍ നിനക്കായി പൂക്കടകള്‍
തേടുകയായിരിക്കും.

മറ്റു ചിലര്‍ നിര്‍ത്താതെ
എന്നെ വിളിക്കുന്നുണ്ടാവും.

ഇവളെവിടെപ്പോയീന്ന്
അരിശപ്പെടുന്നവരെ കാണുമ്പോള്‍
നിന്റെ ചുണ്ടിന്‍ കോണിലൊരു
ചിരി വിടരും.

രണ്ടു മേഘചീന്തുകളായി
നമുക്ക് വാനിലലയണമെന്ന്
നീ പറയാറുള്ളത് ഓര്‍ക്കുമ്പോള്‍
എന്റെ കണ്ണുകള്‍ നിറയും.

നീയന്നേരം,
നീലമേഘങ്ങള്‍ക്കിടയിലൂടെ
ഇടം കണ്ണാലെന്നെ
ഒളിഞ്ഞു നോക്കും.

പക്ഷേ,
എനിക്കത് കാണാനാവില്ലല്ലോ!

നിനക്കൊപ്പം എത്രയും വേഗം
ഒരു മേഘചീന്തായലയാന്‍
ഞാന്‍ കൊതിക്കും.

നീയില്ലാത്ത ഈ ലോകത്ത്
ഇനി എന്ത് ചെയ്യാനെന്ന്
എന്നിലെ പ്രണയിനി തേങ്ങും.

എന്നാല്‍
എല്ലായ്‌പ്പോഴുമെന്നപോലെ
നാലുകൈകള്‍ എന്നെ
പിന്നിലേക്ക് വലിക്കും.

അമ്മ വേഷത്തിനു മുന്നില്‍
എന്നിലെ പ്രണയിനി
വീണ്ടും വീണ്ടും തോല്‍ക്കും.

(തോല്‍ക്കാനായി മാത്രം അണിയുന്ന വേഷങ്ങളോര്‍ത്തല്ലേ അവനെപ്പോലെ നിങ്ങളും ഇപ്പോള്‍ ചിരിക്കുന്നത്. )

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...