ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അംബി ബാല എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


അടച്ചുറപ്പില്ലാത്ത മനുഷ്യര്‍ 

നിലാവിനോട് ചേര്‍ന്നിരിക്കുക 
നിലവിളി കൊരുത്തിട്ട
രാത്രിയുടെ കൈവെള്ളയില്‍ മയങ്ങുക.

പെയ്യുന്ന മഴയിലൂടെ 
മണ്ണിലൊളിക്കുക 
കരയുടെ പിടിവിട്ട് 
സമുദ്രത്തിലെത്തുവോളം 
മൗനത്തിന്റെ പട്ടയില്‍
അള്ളിപ്പിടിക്കുക 

കാട്ടിലേക്ക് മടങ്ങുക 
മനുഷ്യര്‍ തീണ്ടി മരിച്ച 
മനസ്സിന്റെ ഇരുകരയിലുമവര്‍
വിത്തുകള്‍ വിതറും 
മഴപെയ്ത് ആ വിത്തുകള്‍ 
മുളപൊട്ടുവോളം 
ഉറങ്ങാത്ത
കാട് നിന്നിലടയിരിക്കും

ഒരുവട്ടമൊരു കുന്ന് കയറുക 
ഉപേക്ഷിച്ച ദേഹത്തെ
ചുമന്ന് നടക്കുക.
മനസ്സിലേക്ക് മനുഷ്യര്‍ 
നോക്കുമെന്ന 
തോന്നല്‍ നടവഴിയാക്കുക.
മനുഷ്യരാണ് ചുറ്റും,
വെറും മനുഷ്യര്‍ 
മനസ്സില്ലാത്ത, 
അടുപ്പമില്ലാത്ത
അടച്ചുറപ്പില്ലാത്ത ശരീരങ്ങള്‍ 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...