ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജിജി ജാസ്മിന്‍ എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


കടലുകളുടെ ക്ലാസ് മുറി

പൊടുന്നനെ നിലയ്ക്കുമെന്ന്
തോന്നിയ ഒരു പുഴ
ഒളിക്കാന്‍ ആകാശം തിരഞ്ഞു.

പല കാലങ്ങള്‍ക്കും അപ്പുറത്തെ 
ഒരു വാതിലിലേക്കാണ് ചെന്നെത്തിയത്.

അത് കടലുകളുടെ 
ക്ലാസ്മുറിയായിരുന്നു.
ഓരോ കടലും 
ഉത്തരം കറുപ്പിക്കാനുള്ള
തിരകളുടെ മൂര്‍ച്ച 
പരിശോധിച്ചു കൊണ്ടിരുന്നു.

വിബ്ജിയോര്‍ നിറത്തിലെ 
സാരി ചുറ്റിയ
ടീച്ചര്‍ കടന്നുവന്നു.
ഫയലില്‍ നിന്നും
അറ്റന്‍ഡന്‍സ് രജിസ്റ്റര്‍
പുറത്തെടുത്തു.

കാലഭേദങ്ങളുടെ 
ചോദ്യപ്പട്ടിക മുറിക്കാന്‍ 
ഒരു മിന്നലിനെ 
മേശപ്പുറത്ത് എടുത്ത് വച്ചു.
മിന്നലിനൊപ്പം വന്ന ഇടി
കൃത്യമായി ബെല്ലടിച്ചു.

പരീക്ഷാര്‍ത്ഥികള്‍ തങ്ങളുടെ
കോളങ്ങളില്‍ ഒപ്പു രേഖപ്പെടുത്തി.
ടീച്ചര്‍ ഒപ്പുവെച്ച കടലുകളുടെ
നീളവും വലിപ്പവും
ഒത്തുനോക്കി ഉറപ്പുവരുത്തി.

പ്രവേശന പത്രിക
കൊണ്ടുവരാതിരുന്ന 
പിന്‍ ബെഞ്ചിലെ പുഴയെ 
ടീച്ചര്‍ ചുവന്ന പേനയെടുത്ത്
ക്യാന്‍സല്‍ഡ് എന്ന് 
നീട്ടി വരച്ചു.

കാലം തെറ്റിയ പുഴ 
തന്റെ കടല്‍ 
ഏതെന്നറിയാതെ 
പുറത്തേക്കിറങ്ങി.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...