ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജിജി ജാസ്മിന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

നിന്നെ പ്രണയിക്കാന്‍ തോന്നുമ്പോഴൊക്കെ

നിന്നെ പ്രണയിക്കാന്‍
തോന്നുമ്പോഴൊക്കെ ഞാന്‍,
അയലത്തെ വീട്ടിലെ
അമ്മിണിയേട്ടത്തിയുടെ
കെട്ടുപൊട്ടിച്ചോടുന്ന
പൂവാലിപ്പശുവാകും.
കണ്ട പറമ്പിലൊക്കെ
കയറിമറിയും.
വെണ്ടയും പാവലും
ഒടിച്ചിടും.
ഉണക്കാനിട്ടിരിക്കുന്ന കൊപ്രയും
മുളകും തട്ടിക്കളയും.

പൊട്ടക്കിണറ്റിനടുത്തെത്തുമ്പോള്‍
വക്കുപിടിച്ചു മാറി നടക്കും.
കുട്ടിയും കോലും കളിക്കുന്ന
കുട്ടികളെ കണ്ടില്ലെന്ന് വയ്ക്കും.
ഏറു കൊണ്ടാലും കയ്യാല ചാടിക്കടക്കും.
കഴുത്തിലെ കയറിന്റെ ബാക്കി
മുട്ടിയും ഉരഞ്ഞും ഇഴഞ്ഞ്
കൂടെയെത്തും.
കയ്യും കാലും കഴച്ച് വീട്ടിലെത്തുമ്പോള്‍
പ്രണയം,
പെട്ടെന്നു വന്ന പനി പോലെയങ്ങ്
തിരികെപ്പോകും.

നിന്നെ പ്രണയിക്കാന്‍
തോന്നുമ്പോഴൊക്കെ ഞാന്‍,
വെയില്‍ വീണൊരു വഴിയാകും.
ഇലകള്‍ക്കിടയില്‍
തലനീട്ടുന്നൊരു പൂവാകും.
ഇതളുകളില്‍ നിന്റെ പേര്
നിരന്തരം കൊത്തിവയ്ക്കയാല്‍
എന്റെ പേര് ഞാന്‍
മറന്നേ പോകും.
എന്നിട്ടും വെയിലൊളിയില്‍
ഞാനൊന്ന് വാടുമ്പോള്‍
പ്രണയം,
പെട്ടെന്ന് വന്ന സൂര്യനൊപ്പം
പറയാതെയങ്ങ് പോകും.

നിന്നെ പ്രണയിക്കാന്‍
തോന്നുമ്പോഴൊക്കെ,
കാറ്റുലഞ്ഞ് ഞാനൊരു
പൂമരമാകും.
ഇലകളെയും പൂക്കളെയും
കൊഴിച്ചിട്ട്
കിളികളെ പറത്തിവിട്ട്
ഉലഞ്ഞുലഞ്ഞങ്ങനെ പെയ്യും.
ചില്ലകള്‍ ശൂന്യമാകുമ്പോള്‍
പ്രണയം കാറ്റിനൊപ്പം
വെറുതേയങ്ങ് പോകും.

പ്രണയത്തിന്റെ താപമാപിനിയില്‍
മെര്‍ക്കുറിയെന്നും
നൂറ് ഡിഗ്രിയ്ക്കു മുകളിലായിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...