Malayalam Poem: പിള്ളതീനിപേച്ചി, കെ.ആര്‍.രാഹുല്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ.ആര്‍.രാഹുല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പിള്ളതീനിപേച്ചി
കരളില്‍
ഒരുപിടി
കനല്‍ കോരിയിട്ട് ,
തൊടിയില്‍
മറഞ്ഞിരുന്ന പൂച്ച
അതിദയനീയമായി
വീണ്ടും കരഞ്ഞു.
'അയ്യോ'
എന്ന നിലവിളിയാണ്
ഓരോ പൂച്ചക്കരച്ചിലുമെന്ന്
നിദ്രാവിഹീന രാത്രികള്‍ പറഞ്ഞുതന്നിട്ടുണ്ട്.
പെറ്റപൂച്ചയുടെ
കുഞ്ഞിനെ
കാണാതാകുമ്പോഴാണ്
അങ്ങനെ കരയുകയെന്ന്
മുത്തി പറയാറുള്ളതോര്‍ത്തു.
കാല്‍വെള്ളയില്‍
കാരമുള്ളുകൊള്ളുമ്പോള്‍
ഉള്ളതുപോലൊരു കടച്ചില്‍
അത് കേള്‍ക്കുമ്പോള്‍
ഉള്ളില്‍ നിറയും.
'മുതുക്കിയുടെ വാക്കുകേട്ട്
ഭ്രാന്ത് പിടിക്കേണ്ട ചെക്കാ
വയറ്റ് നൊമ്പരം കൊണ്ടാണ്
പൂച്ച കരയുകയെന്ന്'
തിരുത്തി തന്നതവളാണ്!
ഇന്ന് ബസ് ചുരം
ഇറങ്ങുമ്പോള്‍
അവളെ ഓര്‍ത്തു.
കാറ്റില്‍ അവളെ വാസനിച്ചു.
മൂടല്‍മഞ്ഞില്‍
ആ മുഖം വരച്ചു.
വളഞ്ഞുപുളഞ്ഞ
വഴികളിലൂടെ
മലമുകളിലേക്കും
താഴേക്കും
ഓടുന്ന ബസ്
തൊട്ടിലാട്ടുന്ന അമ്മയെ
ഓര്‍മിപ്പിച്ചു.
ഉള്ളിലുള്ള
42 മക്കളേയും
സുഖമായി ഉറക്കുന്ന അമ്മ.
വികൃതികളായ ചിലര്‍ മാത്രം
ഉറങ്ങാതെ ബഹളം കൂട്ടും.
വഴക്കു കൂടും.
കലമ്പും.
ഛര്‍ദ്ദിക്കും.
മക്കള്‍ ഉള്ളില്‍
സുഖമായുറങ്ങുമ്പോഴും
ചുരമിറങ്ങുന്ന ബസ്
മക്കളെ നഷ്ടപ്പെട്ട
പൂച്ചയെപ്പോലെ
കരയാറുണ്ട്!
വികൃതമായി
ദയനീയമായി..
എഞ്ചിന്റെ മുരള്‍ച്ചയെന്ന്
അതിനെ
പരിവര്‍ത്തനപ്പെടുത്തുന്നവര്‍
വിഡ്ഢികള്‍.
'കരയുന്നവര്‍ ഭാഗ്യവാന്മാര്‍'
അവര്‍ക്ക് ഉറപ്പായും
ചിരിക്കാനും കഴിയും.
ദയനീയമായി കരയുന്ന പൂച്ച
പെറ്റ മക്കളെ തിന്നുന്ന
'പിള്ളതീനിപ്പേച്ചി'യാണെന്നും
മുത്തി പറഞ്ഞിട്ടുണ്ട്.
നൊന്തുപെറ്റ മക്കളെ
കടിച്ചു കുടഞ്ഞ്
കടവായിലെ ചോര
നാവുകൊണ്ട് നക്കുന്ന ജന്തു!
എല്ലാ മനുഷ്യരുടെ
മുഖത്തിനും
ഒരു പൂച്ചയുടെ
ഛായ ഉണ്ടെന്നും
അവളാണ് പറഞ്ഞത്.
അവള്‍ക്ക് സ്വന്തമായി
17 പൂച്ചകള്‍ ഉണ്ടായിരുന്നു.
ചുരമിറങ്ങുന്ന ബസിന്
ബ്രേക്ക് നഷ്ടപ്പെട്ടാല്‍
എങ്ങനെയിരിക്കുമെന്ന്
ഇടയ്ക്ക് ചിന്തിക്കും.
അതിവേഗം
താഴേക്ക് കുതിക്കുമ്പോള്‍
മേഘങ്ങള്‍ ഷട്ടറില്‍
കുടുങ്ങിക്കിടക്കും.
കാറ്റ് കെട്ടിപ്പുണര്‍ന്നു
കടന്നുപോകും.
ഉള്ളംകൈവെള്ളയില്‍
മലയുടെ കുളിര്
പറ്റിപ്പിടിച്ചിരിക്കും
കണ്ണുകളില്‍ അപ്പോഴും
നനുത്ത സ്വപ്നങ്ങള്‍
തീര്‍ന്നു കാണില്ല.
കൊരവള്ളിയില്‍
അമ്മയുടെ പല്ലുകള്‍
താഴുന്നതുവരെ
അതൊരു
ഉമ്മയാണെന്നായിരിക്കുമല്ലോ
പൂച്ചക്കുട്ടികള്‍ കരുതുക.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...
