ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രീതി രാകേഷ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


പുനര്‍ജ്ജനി

എന്റെ മരണങ്ങളത്രയും
നിസ്സഹായതയില്‍ നിന്നുയിര്‍കൊണ്ടതായിരുന്നു,
എന്റെ നെടുവീര്‍പ്പുകള്‍ക്ക് മൗനത്തിന്റെ കനമായിരുന്നു. 

എന്റെ മരണം അവരെയും തകര്‍ത്തു
നിസ്സഹായതയില്‍ തൂങ്ങി ഞാന്‍ മരിച്ചപ്പോള്‍
അവര്‍ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു.

ഭയം കുന്നുകൂട്ടി,
അതിഭീമമായ മൗനം തീര്‍ത്ത്
ഞാനതില്‍ അമര്‍ന്നിരുന്നു.
ആ മൗനത്തില്‍ ഞാനൊരു കോടതിയായി.
ന്യായാധിപ ഞാന്‍.
വാദിയും സാക്ഷിയും തെളിവും ഞാന്‍


ചോദിയ്ക്കാന്‍ എനിക്കൊന്നുമുണ്ടായിരുന്നില്ല,
പറയാന്‍ അവര്‍ക്കും.
പക്ഷേ, എനിയ്ക്ക് പറയാനുണ്ടായിരുന്നു,
അന്യായങ്ങളുടെ രക്തം ചീന്തിയ കഥകള്‍.

ഉള്ളിലേയ്ക്ക് കുഴിഞ്ഞിരുന്നു,
അവരുടെ കണ്ണുകള്‍.
കാതുകള്‍ പൊട്ടി രക്തം ഒലിച്ചു.
വിസ്താരക്കൂടുകള്‍ക്ക് ചുറ്റും
കഴുകന്മാര്‍ കാവലിരുന്നു,
അവ കൂര്‍ത്ത ചുണ്ടുകളാല്‍
അവരുടെ കണ്ണിലേക്ക് നോക്കി.

എന്റെ കോടതിയില്‍
വിസ്തരിക്കപ്പെട്ടവര്‍ നിരവധി.
കൊല്ലപ്പെട്ട ഉറുമ്പുകളുടെ ഘാതകര്‍.
കണ്ണില്‍ പച്ചമുളകുതേച്ച കാലികള്‍.
വഴിയോരങ്ങളില്‍ വലിച്ചെറിയപ്പെട്ട അച്ഛനമ്മമാര്‍,
ആര്‍ക്കും വേണ്ടാത്ത തെരുവുകുഞ്ഞുങ്ങള്‍
വിണ്ടുകീറിയ പാടം പോലെ,
പിളര്‍ന്ന പാദങ്ങളുള്ള കര്‍ഷകര്‍.

ഞാനെന്നെ കൊന്നിട്ടുണ്ട്, പലവട്ടം.
പ്രതികരിക്കാനാവാതെയായിരുന്നു
ആ മരണങ്ങളത്രയും.
അതിരില്ലാത്ത മൗനവും എന്നെ കൊന്നു.

അപമാനത്തിലും ദുഃഖത്തിലും ഞാന്‍ മുങ്ങി മരിച്ചപ്പോള്‍
അവര്‍ മരിച്ചത് ഞാന്‍ മരിച്ചെന്ന സന്തോഷത്തിലായിരുന്നു.

മരിക്കും മുമ്പേ മനസ്സാലെ
എന്റെ കൈകള്‍ അവര്‍ക്കു നേരെ പൊങ്ങി
ന്യായത്തിനായുള്ള മുറവിളിയില്‍
എന്റെ ശബ്ദമറ്റു.
അന്യായങ്ങള്‍ കണ്ടുകണ്ട്
വരണ്ടു നാവും തൊണ്ടയും.
ഉറവ വറ്റിയ കണ്ണുകളാണിന്നെന്റേത്,
എന്റെ മനസ്സിനു സമം.

ഇനിയെനിക്കൊന്ന് പുനര്‍ജ്ജനിക്കണം
പറ്റുമെങ്കില്‍
ഒരു പച്ച മനുഷ്യനായ് പിറക്കണം.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...